Showing posts with label HarisKoyyode. Show all posts
Showing posts with label HarisKoyyode. Show all posts

എന്തു വിളിക്കണം ഭാര്യയെ? (മിനിക്കഥ)


“അതേയ്, ഞാനൊരു കാര്യം ചോദിച്ചാല്‍ നിങ്ങള്‍ സത്യം പറയുമോ?” കൈ വിരലുകള്‍ എന്‍റെ ചുമലിലുടെ ഓടിച്ചുകൊണ്ട് ഭാര്യ ചിണുങ്ങി

“നീ പറയ്‌ “
അവള്‍ വീണ്ടും ഒന്നുകൂടി ചേര്‍ന്നു നിന്നു. അപ്പോള്‍ ഇത് എന്തോ അവള്‍ക്കവശ്യമുള്ള കാര്യമാണെന്ന് എനിക്ക് പിടികിട്ടി
“അത്......”
“എന്താ രണ്ടായത്തിന്‍റെ ചില്ലറ വേണോ?”
“അതൊന്നുവല്ല, പിന്നെ.....പിന്നെ....നിങ്ങള്‍ക്കിപ്പോ പണ്ടത്തെപ്പോലെ സ്നേഹം ഒന്നുമില്ല” - ചിനുങ്ങലിനു ഇപ്പോ ഒരു താളമൊക്കെ വന്നു.
“അതെന്താടി അങ്ങനെ പെട്ടെന്ന് തോന്നാന്‍?”
“അത്...അത്....നിങ്ങള്‍ ആദ്യമൊക്കെ എന്നെ മുത്തേ എന്നല്ലേ വിളിക്കാറ്......എത്രയായി അങ്ങിനെയൊക്കെ വിളിച്ചിട്ട്”
കല്യാണം കഴിഞ്ഞപാടെ നിങ്ങള്‍ എനിക്ക് എഴുതിത്തന്ന കവിതയില്ലേ “ ചങ്കിലെ ചോരയാണ് നീയെന്‍റെ തോഴീ” എന്ന് തുടങ്ങുന്ന ......”
എനിക്ക് കാര്യത്തിന്‍റെ പോക്ക് വേഗം പിടികിട്ടി.
“സുമീ, നോക്ക്, എനിക്ക് ഒരു സ്നേഹക്കുറവും വന്നിട്ടില്ല. പിന്നെ എന്താ അങ്ങിനെയൊന്നും വിളിക്കാത്തതെന്ന് ചോദിച്ചാല്‍ അതിനു കാരണം ഫേസ്ബുക്കാണ്‌”
“ഫേസ് ബുക്കോ”? അപ്പൊ അവിടെ നിങ്ങള്‍ക്ക് വേറെ ആളുണ്ടല്ലേ വിളിക്കാന്‍? അവള്‍ രൂക്ഷ ഭാവത്തില്‍ എന്നെ നോക്കി.
“നീ ഒന്ന് ഞാന്‍ പറയുന്നത് മുഴുവന്‍ കേള്‍ക്ക്”
ഫേസ് ബുക്ക്‌ പ്രചാരത്തില്‍ വരുന്നതിനു മുമ്പായിരുന്നല്ലോ നമ്മുടെ വിവാഹം. ഈ മന്ത്രപ്പോസ്തകം വന്നത് മുതല്‍ നീ പറഞ്ഞ ഈ വാക്കുകള്‍ക്ക് ഒന്നും പഴയ അര്‍ത്ഥമല്ല. ഒന്നുകുടെ വിശദമാക്കിയാല്‍:
ഫേസ് ബുക്കില്‍ സൌഹൃദം തുടങ്ങി മൂന്നാമത്തെ നാള്‍ മുതല്‍ എല്ലാ ആണിനേയും പെണ്ണിനേയും നമ്മള്‍ വിളിക്കുന്ന പേരാണ് “ചങ്ക്” അതിന്‍റെ അര്‍ഥം മാറി. നിനക്ക് ആ ചങ്കിലെ ചോര മതിയോ?”
“പോര”
“രണ്ടോ മൂന്നോ ആഴ്ച കഴിഞ്ഞാല്‍ ഈ പറഞ്ഞ എല്ലാറ്റിനെയും നാം വിളിക്കുന്ന പേരാണ് “മുത്ത്”. നീ ആ കൂട്ടത്തില്‍ കൂടുന്നോ?”
“വേണ്ട” അവളുടെ ശബ്ദം കനത്തു. എന്‍റെ ചുമലില്‍ നിന്നും കൈകള്‍ പിന്‍വലിച്ചു.
“പിന്നെ ഒന്നോ രണ്ടോ മാസം കഴിയുമ്പോള്‍ തരം പോലെ വിളിക്കുന്ന പേരുകള്‍ ആണ് .....
കണ്ണേ, കരളേ, പൊന്നേ, പൂവേ, തളിരേ, മലരേ......
“ഒന്ന് നിര്‍ത്തുന്നുണ്ടോ ? നിങ്ങള്‍ എന്നെ ഒരു കുന്തവും വിളിക്കേണ്ട” ഏങ്ങലായി അവള്‍.
ഞാന്‍ കണ്ണുകള്‍ ഇറുകെ അടച്ചുകൊണ്ട് പറഞ്ഞു:
“നീ നോക്ക്, മലയാളത്തിലെ ഓമന വാക്കുകളെല്ലാം സോഷ്യല്‍ മീഡിയ വന്നതോടെ മാനഭംഗം ചെയ്യപ്പെട്ടു. ഭാഷയിലെ നമ്മുടെ പ്രിയപ്പെട്ട വാക്കുകളുടെ കണ്ണുനീര്‍ കൊണ്ട് ഈ പുത്തന്‍ പുസ്തക താളുകള്‍ നനഞ്ഞുകുതിര്‍ന്നു. ആ പേജുകള്‍ അധികം താമസിയാതെ, ഒരു കരുണയുമില്ലാതെ നമ്മള്‍ കീറിക്കളയുമെന്ന് ഞാന്‍ ഭയപ്പെടുന്നു... അതുകൊണ്ട്, നിന്നെ വിളിക്കാന്‍ ഞാനൊരു പുതിയ വാക്ക് തേടിക്കൊണ്ടിരിക്കയാണ്. ആരും ഇതുവരെ ഉച്ചരിച്ചിട്ടില്ലാത്ത, ആരാലും ചാരിത്രം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു വാക്ക്.... ആര്‍ക്കും മുറിപ്പെടുത്താന്‍ പറ്റാത്ത പ്രണയത്തിന്‍റെ ഏഴു സാഗരങ്ങളും നീന്തി വന്ന ഒരു വാക്ക്..”
കണ്ണ് തുറന്നപ്പോള്‍ കട്ടിലില്‍ കമിഴ്ന്നു കിടന്നു കരയുന്ന അവളെയാണ് കണ്ടത്.
എന്ത് ചെയ്യാനാ? ഞാന്‍ പറഞ്ഞ സത്യം അവള്‍ മനസ്സിലാക്കണ്ടേ!
----------------------------------------
ഹാരിസ് കോയ്യോട്

ചില്ലിട്ട മൂന്നു ചിത്രങ്ങൾ (കഥ)

Best of Nallezhuth - No15-
മുറ്റത്തെ മാവിൻ കൊമ്പിലെ കിളിക്കൂട് നോക്കിയിരിക്കുമ്പോഴാണ് ജാനകിയമ്മയുടെ ഫോൺ റിംഗ് ചെയ്തത്. ഒരു ചെറു പുഞ്ചിരിയോടെ അവർ ഫോണെടുക്കാനായി അകത്തേക്ക് ഓടി. കേടായ വാഷിംഗ് മെഷീൻ പരിശോധിക്കാൻ വരുന്ന ടെക്‌നിഷ്യൻ വിളിച്ചതായിരുന്നു.
അടുക്കളയും അഞ്ചു മുറികളുമുള്ള ആ വീട്ടിൽ അമ്പത് വയസ്സിലധികം പ്രായം തോന്നിക്കാത്ത ജാനകിയമ്മയെ കൂടാതെ ജീവനോടെയുള്ളത് ഇവരായിരുന്നു : വാലാട്ടാൻ മറന്നുപോയ ഒരു നാടൻ പട്ടി, കാഴ്ച മങ്ങിയ ഒരു വിദേശ പട്ടി, ചാര നിറമുള്ള, ഷണ്ഡനായ ഒരു പൂച്ച, ഒരു ചെറിയ അക്വാറിയം നിറയെ ആസ്തമ ബാധിച്ച മീനുകൾ.. ഇടക്ക് വന്നുപോകുന്ന വേലക്കാരിയെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഫോൺ വിളി കഴിഞ്ഞപ്പോൾ ഉരുകിയൊലിച്ചുപോയിരുന്ന തന്റെ തുടുത്ത മുഖം മൊബൈൽ ഫോൺ സ്ക്രീൻ സ്ക്രോൾ ചെയ്തു ചെയ്തു, മെല്ലെ ജാനകിയമ്മ പൂർവസ്ഥിതിയിലേക്ക് കൊണ്ടു വന്നു. അതായത്, അവർ ആരുടെയോ ഒരു വിളിക്കു വേണ്ടി ദിവസങ്ങളോളം അല്ലെങ്കിൽ ആഴ്ചകളോളമായി കാത്തുനിൽക്കുകയാണെന്നു നമുക്ക് ഉറപ്പിക്കാം. തിരിച്ചു കിളിക്കൂട് നോക്കാൻ വരുമ്പോഴേക്കും തള്ളപ്പക്ഷി മടങ്ങിവന്നിരുന്നു. കൂട്ടിൽ നിന്നും രണ്ടു കുഞ്ഞിളം കൊക്കുകൾ പുറത്തെ വിളറിയ കാഴ്ച്ചകളെ നിഷ്കരുണം വലിച്ചെറിഞ്ഞു അകത്തുള്ള സുഖ സുരക്ഷയിൽ അലിഞ്ഞു ചേർന്നു..
മൊബൈൽ ഫോണിന്റെ പുഞ്ചിരി ജാനകിയമ്മയിലേക്ക് പടർന്നപ്പോൾ കിളിക്കുഞ്ഞുങ്ങൾ കൊക്കുകൾ പുറത്തേക്കിട്ട് അവരെ ഒന്ന് പാളി നോക്കി..
വയലറ്റ് നിറമുള്ള ദാവണിയിൽ മുളയൂഞ്ഞാലാടുന്ന ജാനകിയെന്ന ജാനിയെ കിളിക്കുഞ്ഞുങ്ങൾ എന്തിനാണാവോ ഇപ്പോൾ സ്വപ്നം കാണുന്നത് ?!. രണ്ടായി പകുത്തു കെട്ടിയ ജാനിയുടെ മുടി തോളിലൂടെ മാറിൽ കിടന്നു ആവലാതി പറഞ്ഞു ചിരിക്കുന്നതും കണ്ണുകളിൽ ഏതോ വാൽനക്ഷത്രം കുറുമ്പ് കാട്ടി പിടയുന്നതും എന്തിനവർ ഇപ്പോൾ സ്വപ്നം കണ്ടു ?
പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ ജാനകിയമ്മ അഞ്ചുമുറികളിൽ ഒന്നിലേക്ക് ഓടിക്കയറി. പൂജാമുറി പോലെ തോന്നിക്കുന്ന അവിടെ ചില്ലിട്ടു തൂക്കിയിരുന്ന നാല്പതോളം വയസ്സ് തോന്നിക്കുന്ന ഒരു പുരുഷന്റെയും പത്തു വയസ്സോളം പ്രായമുള്ള ഒരു പെൺകുട്ടിയുടെയും ചിത്രങ്ങൾ ഉണ്ടായിരുന്നു.. ചിത്രങ്ങളിൽ നോക്കി നിന്നപ്പോൾ അവർ ഒരു പാട്ടും മൂളിയിയിരുന്നു:
ചുപ്‌കേ ചുപ്‌കേ രാത് ദിൻ ആൻസു ബഹാന യാദ് ഹേ....
ഹം കോ അബ് തക് ആഷിഖ് കാ വോ സമാന യാദ് ഹേ...
വേറൊരു ദിവസമാണെന്ന് തോന്നുന്നു...(ദിവസങ്ങൾക്ക് ആ മതിൽക്കെട്ടിനുള്ളിൽ എന്നും ഇളം തവിട്ടു നിറമായിരുന്നു - അതുകൊണ്ടു തന്നെ ദിവസത്തിന്റെ പേരിന് ഒരു പ്രസക്തിയും ഇല്ല ). ജാനകിയമ്മയുടെ ഫോൺ റിങ് ചെയ്തു...പ്രതീക്ഷയുടെ ഒരു പാലരുവി കവിളിൽ ഒളിപ്പിച്ചുകൊണ്ടവർ ഫോണിനടുത്തേക്ക് ഓടി..പറമ്പ് കിളക്കാൻ വരുന്ന കരുണൻ ആയിരുന്നു. മൊബൈൽ ഫോൺ സ്ക്രീൻ സ്ക്രോൾ ചെയ്തു ചെയ്തു പുഞ്ചിരിയെ തിരിച്ചെടുക്കാൻ അവർക്ക് ഏതാണ്ട് അഞ്ചു മിനുട്ട് സമയം വേണ്ടിവന്നു..
ഉടനെ അവർ അഞ്ചു മുറികളുള്ള ആ വീട്ടിലെ ഒരു മുറിയിലേക്ക് കയറിപ്പോവുകയും ഒരു പഴയ പെട്ടി വലിച്ചു തുറക്കുകയും ചെയ്തു.. അഞ്ചോ ആറോ വയസ്സുള്ള ഒരാൺകുട്ടിയുടെ ഉടുപ്പ് മടക്കി മാറിൽ ചേർത്തു വെച്ചു...പഴകിപ്പോയ ആ മഞ്ഞ നിറമുള്ള കുപ്പായത്തിൽ നാലു തവണ അവർ ഉമ്മ വെച്ചു. കുപ്പായം നഞ്ഞുപോയത് ഉമിനീർ കൊണ്ടാണോ കണ്ണുനീർ കൊണ്ടാണോ എന്നറിയാൻ കഴിഞ്ഞില്ല. കാരണം അവർ പുഞ്ചിരിച്ചു കൊണ്ടേയിരുന്നു.
അവരെ നിരീക്ഷിച്ചാൽ ഒരു കാര്യം കൂടി മനസ്സിലാവും...വീട്ടിലെ ജീവനുള്ള ഒന്നിനോടും അവർക്ക് വലിയ താല്പര്യം ഉണ്ടായിരുന്നില്ല. അവരുടെ വർത്തമാന കാലം മൊബൈൽ ഫോൺ സ്‌ക്രീനിനുള്ളിൽ മാത്രമാണ്. അവരുടെ രോഗാതുരമായ നുണക്കുഴി പുഞ്ചിരിക്കുന്നതും അപ്പോൾ മാത്രമാണ്. ചില്ലിട്ട ചിത്രങ്ങളിലും പഴയ ഉടുപ്പുകളിലും അവർ ചിരിക്കാറുണ്ട്. അത് ഇളം ചോരയുടെ നിറത്തിലായിരുന്നു എന്ന് മാത്രം.
പതിവുപോലെ ജാനകിയമ്മ തന്റെ ഫോണിനോട് പുഞ്ചിരിക്കുകയും പരിഭവം പറയുകയും ചെയ്യുന്ന ഇളം ചാര നിറമുള്ള മറ്റൊരു ദിവസം..
പെട്ടെന്ന്, അതെ വളരെ പെട്ടെന്ന് അവരുടെ കയ്യിൽ നിന്ന് മൊബൈൽ ഫോൺ ഗ്രാനൈറ്റ് പാവിയ തറയിൽ വീഴുകയും ചിന്നിച്ചിതറി ഉടഞ്ഞുപോകുകയും ചെയ്തു……..
ആ സംഭവത്തിനു ശേഷമുള്ള ഞായറാഴ്ച (ഇപ്പോൾ ദിവസങ്ങൾ മാത്രമല്ല, മിനുട്ടുകൾ പോലും പ്രസക്തമാണ്) ആ വീട്ടിൽ മൂന്ന് പേര് ഉണ്ടായിരുന്നു.. ഇരുപത്തഞ്ചോളം വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ - ജാനകിയമ്മയുടെ മുഖം തന്നെ - പക്ഷെ കവിളിലെ തുടിപ്പിന് കറുത്തുപോയ ചോരയുടെ ഗന്ധമായിരുന്നു. രണ്ടാമത്തെയാൾ (കഷണ്ടിയുള്ള മധ്യവയസ്‌കൻ) വീടും പറമ്പും ശരിക്കും പരിശോധിച്ചു..മൂന്നാമത്തേത് ജാനകിയമ്മയുടെ വേലക്കാരിയായിരുന്നു.
മുറ്റത്തെ മാവിൽ ഒരനക്കം കേൾക്കാം. തള്ളപ്പക്ഷിയാണ്.. കുഞ്ഞുങ്ങൾ ആരും അവിടെ ഇല്ലായിരുന്നു.
ചിരിയും ചില തർക്കങ്ങളും ഉണ്ടായെങ്കിലും എല്ലാം പെട്ടെന്ന് കഴിഞ്ഞു. പിരിയാൻ നേരത്ത് ചെറുപ്പക്കാരൻ ഉച്ചത്തിൽ വേലക്കാരിയോട് പറയുന്നത് തള്ളക്കിളിക്കുപോലും കേൾക്കാമായിരുന്നു..
"വീട്ടിലുള്ള സാധനങ്ങൾ കൊണ്ടുപോകാൻ എനിക്ക് സമയവുമില്ല, ഇടവുമില്ല .. അതുകൊണ്ട് എല്ലാം ഇവർക്ക് വിറ്റു.. നിങ്ങൾ നാളെ മുതൽ വരേണ്ട..നിങ്ങളുടെ കാശ് എത്രയാണ് ?"
അഞ്ചു മുറികളുള്ള ആ വീട്ടിലെ ഒരു മുറിയിലേക്ക് വേലക്കാരി ഉടനെ ഓടിക്കയറി. തിരിച്ചു വന്നത് മൂന്ന് ചില്ലിട്ട ചിത്രങ്ങളുമായായിരുന്നു.
"കാശിനു പകരം ഇത് ഞാൻ കൊണ്ട് പൊയ്ക്കോട്ടേ ?!.. ചിത്രങ്ങളാണ് ഇവ, വെറും ചിത്രങ്ങൾ.. ഇവർക്ക് ആവശ്യമുണ്ടാവില്ല."
മൂന്നാമത്തെ ആ പുതിയ ചില്ലിട്ട ചിത്രത്തിലേക്ക് അമ്മക്കിളി ഒന്ന് പാളി നോക്കി. തുടുത്ത കവിളിൽ അമ്മിഞ്ഞപ്പാലിന്റെ അവശിഷ്ടം കാണാം.
വേലക്കാരിയുടെ ചോദ്യത്തിന് ആരെങ്കിലും മറുപടി പറഞ്ഞുവോ എന്നറിയില്ല.. കാരണം, മാനത്തുനിന്നും മരച്ചില്ലകളിൽ നിന്നും അപ്പോഴേക്കും മഴ വന്നു മണ്ണിനെ മൂടാൻ തുടങ്ങിയിരുന്നു.
(ഹാരിസ്)- Haris Koyyode

സുന്ദരി - Part 2

Image may contain: 1 person, beard
"മാഷേ ...വടി എടുത്തോളൂ..പത്താം ക്‌ളാസ്സിലെ പിള്ളേർ മഹാ പീക്കിരികളാണ്" പ്രിൻസിപ്പൽ എന്നോട് പറഞ്ഞു.
ആദ്യത്തെ ക്‌ളാസിൽ തന്നെ വടിയുമായി വരുന്നൊരു മാഷ് ! ഞാൻ ആ കമാൻഡ് നിരുപാധികം തള്ളി ക്‌ളാസ്സിലേക്ക് കയറി. 20-25 കുട്ടികൾ ഉണ്ട്. അയൽവാസികളും നാട്ടുകാരുമൊക്കെ ആയി അറിയുന്ന കുറച്ചു പേരുടെ മുഖത്ത് ആദ്യം തന്നെ കണ്ണുകളുടക്കി.
“മാഷേ....കബഡി...കബഡി...” ഒരു വിരുതന്‍ പറഞ്ഞു. (അന്ന് ഞാന്‍ കബഡി കളിക്കാന്‍ പോകാറുണ്ടായിരുന്നു)
പിള്ളേരുടെ അടക്കം പറച്ചില്‍...ചിരി...അന്താളിപ്പ്...ഞാന്‍ എന്നെതന്നെയോന്നു നോക്കി...ഹല്ലാ ..ഞാന്‍ തന്നെയല്ലേ ഇവരുടെ മാഷ് !!
എന്തായാലും പിള്ളേരുടെ ഇംഗ്ലീഷ് പരിജ്ഞാനം പരീക്ഷിക്കാൻ ഡിക്റ്റേഷൻ കൊടുത്തു .. കുറച്ചു antonyms (വിപരീതപദം) എഴുതാനും. ഇപ്പോള്‍ പിള്ളേരുടെ ശബ്ദമൊക്കെ അടങ്ങി... പേപ്പർ തിരിച്ചു വാങ്ങിച്ചു നോക്കാൻ തുടങ്ങി... പിള്ളേർ തല താഴ്ത്തി ഇരിക്കുകയാണ്.. ...പകുതിയിലധികം ശരിയായി എഴുതിയവർ ആരും ഇല്ല..സർക്കാർ മലയാളം മീഡിയം സ്‌കൂളിൽ പഠിച്ച എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല..പക്ഷെ ഇവരെയും കൊണ്ട് ഞാൻ എങ്ങിനെയാണ് കപ്പലോടിച്ചു കരക്കെത്തുക എന്ന ബേജാറ് മാത്രം ബാക്കിയായി ..
"Both " എന്ന് പറഞ്ഞപ്പോൾ "Poth" എന്ന് എഴുതിയിരിക്കുന്നു !
Innocent എന്ന വാക്കിന് Mamukkoya എന്ന് വിപരീതപദം എഴുതിയ ഒരു അഗ്രഗണ്യനും എന്‍റെ കുട്ടികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
ഞാൻ ആരെയും വഴക്ക് പറഞ്ഞില്ല... അന്ന് ചില കഥകളും ഇംഗ്ലീഷ് ഭാഷയുടെ ഭംഗിയും മനോഹാരിതയും ചില പൊടിപ്പും തൊങ്ങലും ഒക്കെ വെച്ച് പറഞ്ഞു.. (എന്റെ അല്പ പരിജ്ഞാനം വെച്ച്). പേടി മാറ്റി അവരെ ഇംഗ്ലീഷ് ഭാഷയുടെ ഇഷ്ടക്കാരാക്കി മാറ്റുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് എനിക്ക് ബോധ്യമായി.
ഒന്ന് രണ്ട് ആഴ്ചകൾ കഴിഞ്ഞപ്പോൾ ചില രക്ഷിതാക്കൾ കാണാൻ വരികയും സ്നേഹ ബഹുമാനത്തോടെ നല്ല അഭിപ്രായം പറയുകയും ചെയ്തു. ഞാൻ ആദ്യമായി എന്റെ ജോലിയെ ഇഷ്ടപ്പെടാൻ തുടങ്ങി..എന്റെ ക്‌ളാസിൽ പിള്ളേരുടെ ബഹളമുണ്ടാവുന്നു എന്നതൊഴിച്ചാൽ സാറിനും നല്ല അഭിപ്രായം..ഞാനും കുട്ടികളും കുറച്ചു സമയം തമാശയും ഔട്ട് ഓഫ് സിലബസ് കാര്യങ്ങളും പറയും..
ദൈവാനുഗ്രഹം കൊണ്ട് നന്നായി ക്ലസ്സെടുക്കാൻ പറ്റുകയും നഗരത്തിലുള്ള മറ്റൊരു കോളജിലേക്ക് ക്ഷണം ലഭിക്കുകയും ചെയ്തു. അവിടെ നൈറ്റ് ക്‌ളാസ് ഉണ്ടായിരുന്നു..പത്താം ക്‌ളാസ്. .പത്തിരുപത് പേർ.. കുറെ പേർ കണ്ണൂർ സെൻട്രൽ ജയിലിലെ വാർഡന്മാരാണ്.. റിട്ടയർ ആവാൻ പോകുന്നവർ.. പത്തു പാസായാൽ പ്രമോഷൻ കിട്ടുന്നവർ .ആദ്യം ഒരു അമ്പരപ്പും ആകുലതയുമൊക്കെയായിരുന്നു.. ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോൾ എഴുന്നേൽക്കേണ്ട എന്ന് പറഞ്ഞെങ്കിലും വാർഡന്മാർ അവരുടെ "ഡിസിപ്ലിൻ" മറന്നില്ല..
ഒരു “ഒളിച്ചു കളി” എന്ന രീതിയിൽ തുടങ്ങിയ ഈ “അദ്ധ്യാപഹയം” എന്നെ വല്ലാതെ വരിഞ്ഞുമുറുക്കാൻ തുടങ്ങി...ഇടക്ക് നിർത്തി ഓടാൻ പറ്റുന്ന ഒരു പണിയല്ല ഇതെന്ന് കുട്ടികളുടെ മുഖങ്ങൾ എന്നോട് വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു.. .
എലിപ്പെട്ടിയിൽ കുടുങ്ങിയ എലിയുടെ അവസ്ഥയെക്കുറിച്ചൊരു കവിത എഴുതണമെന്നു വിചാരിച്ചായിരിക്കും എപ്പോഴും കിടന്നുറങ്ങുക.. ഒരു കെട്ടിയിടൽ ഒരിക്കലും ഇഷ്ടമില്ലാത്ത മനസ്സ് അടുത്ത മാർച്ച് മാസമാവാൻ മുന്നേ മാർച്ചു ചെയ്തു നീങ്ങുന്നുണ്ടായിരുന്നു...
ഒരു തിങ്കളാഴ്ച പത്താം ക്ലാസ്സില്‍ കയറിപ്പോള്‍ ഞെട്ടിക്കുന്ന (അന്നത് ഞെട്ടിക്കുന്നത് തന്നെ) ഒരു വാര്‍ത്തയാണ് കുട്ടികള്‍ ആദ്യം പറഞ്ഞത്
“മാഷേ .......ളെ (കുട്ടിയുടെ പേര്) പയ്യാമ്പലം കൊണ്ടുപോയി....”
കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ കൊണ്ടുപോവുക എന്ന് പറഞ്ഞാല്‍ അന്ന് രണ്ടു അര്‍ത്ഥങ്ങളാണ് ഉള്ളത്....ഒന്ന്, മരിച്ചു ദഹിപ്പിക്കാന്‍ കൊണ്ടുപോവുക എന്നതാണ്... ഇവിടെ നടന്നത് രണ്ടാമത്തേതാണ്
ഞാന്‍ അവളെ അന്വേഷിച്ചിറങ്ങി....
(ഞാന്‍ വീണ്ടും വരും ട്ടാ )
ഹാരിസ്

സുന്ദരി - Part 1

Image may contain: 1 person, beard
"മാഷേ....മാഷെന്താ ഓടുന്നെ?!!"
അവർ രാത്രിയിലാണ് വന്നത്. ഉപ്പയെ കാണാൻ ഉദ്ദേശിച്ചാണത്. വന്ന കാര്യം പറഞ്ഞപ്പോൾ ഉപ്പ എന്നോട് പറഞ്ഞു:
"നീ ഏതായാലും ഇപ്പോൾ വെറുതെ നിൽക്കുകയല്ലേ ? ഇവർ പറയുന്നതുപോലെ ചെയ്തൂടെ ?"
വന്നവർ പറഞ്ഞു:
"ജോലി കിട്ടിയാൽ നിങ്ങൾ പൊയ്ക്കോ ...ഇപ്പോൾ കോളജ് തുറക്കുമ്പോൾ ഇംഗ്ലീഷ് വിഷയം എടുക്കാൻ ആളില്ലെന്നു അറിഞ്ഞാൽ ആരും കുട്ടികളെ അയക്കില്ല..രാമൻ മാഷ് പെട്ടെന്ന് ഇങ്ങിനെ പോകുമെന്ന് ഞങ്ങൾ കരുതിയില്ല.”
അടുത്ത പ്രദേശത്തെ അറിയപ്പെടുന്ന ട്യൂട്ടോറിയൽ കോളജിന്റെ നടത്തിപ്പുകാരാണ്. സ്‌കൂൾ ഗോയിങ്, ടെൻത് പാരലൽ, പ്രീ-ഡിഗ്രി (പ്ലസ് ടു) തുടങ്ങിയ ക്‌ളാസ്സുകളിൽ ഇംഗ്ലീഷ് എടുക്കാൻ എന്നെ ക്ഷണിക്കാൻ
വന്നതാണ്. മലയാള സാഹിത്യം നെല്ലിക്ക പോലെ വലതുകൈയ്യിൽ ചുരുട്ടിപ്പിടിച്ചു ആംഗലേയ സാഹിത്യത്തിൻറെ മുന്തിരിച്ചാറിൽ മുങ്ങിത്തപ്പി നടുവൊടിഞ്ഞു നില്കുന്ന എന്റെ സ്വപ്നം വല്ലതുമുണ്ടോ ഈ പാവങ്ങൾ അറിയുന്നു ?! വാരികകളിലും പത്രത്താളുകളിലും വിളമ്പിയ വിരലിലെണ്ണാവുന്ന വിഭവങ്ങൾ വെച്ചു ഒരു പത്രപ്രവർത്തകനെ മനസ്സിലിട്ടു താലോലിക്കുന്ന എന്നോട് ഈ പീറപ്പിള്ളേർക്ക് ക്‌ളാസ് എടുക്കാൻ !!? (വെറും റിപ്പോർട്ടർ വേണ്ട... ഒരു തീപ്പൊരി ജേർണലിസ്റ്റ്)
"ഓൻ വരും... നിങ്ങൾ പൊയ്ക്കോ ". എന്റെ ഇഷ്ടങ്ങൾക്കും സ്വപ്നങ്ങൾക്കും എന്നും കൂട്ടായിരുന്ന ഉപ്പ അങ്ങിനെ അവരോട് പറഞ്ഞപ്പോൾ മറുത്തൊന്നും മൊഴിയാൻ എനിക്കും തോന്നിയില്ല.
അടുത്ത ദിവസം തന്നെ കവലയിലെ തെങ്ങിലും കവുങ്ങിലും കോളജിന്റെ പരസ്യവും വന്നു...മറ്റു മാഷുമാരുടെ കൂടെ എന്റെ പേരും ഉണ്ട്..
ആകെ രണ്ടു ദിവസമേ ഇനി ഉള്ളൂ... ഇത് വരെ ചെയ്യാത്ത ഒരു പണിക്കാണ് പോകുന്നത്.. അനിയത്തി കാലുപിടിച്ചു കേണാലും അവൾക്കൊന്നും പറഞ്ഞു കൊടുക്കാറില്ലായിരുന്നു. സ്‌കൂളിൽ "ഓട്ടോറിക്ഷ" എന്ന് വിളിച്ചിരുന്ന ഹിന്ദി ടീച്ചർ മുതൽ ലിറ്ററേച്ചർ ക്‌ളാസ്സിലെ വേണു സാർ (ഈ സാറിന്റെ ക്ലസ്സിനിടയിൽ നിന്ന് പുറത്തേക്ക് ചാടാൻ ഞങ്ങൾ ബെറ്റ് വെക്കാറുണ്ടായിരുന്നു) വരെയുള്ള മുഖങ്ങൾ ചിരിച്ചുകൊണ്ട് എന്റെ മുന്നിൽ അണി നിരന്നു.
"ആ മുടിയും കോലവുമൊക്കെ ഒന്ന് ശരിയാക്ക് " ഉപ്പയാണ്.
അതേതായാലും ഞാൻ നടത്തിയില്ല .ക്‌ളാസ്സെടുക്കാൻ പോകുന്ന അന്നാണ് കണ്ണാടിയൊക്കെ ശരിക്ക് നോക്കിയത്.. എനിക്ക് തന്നെ ചിരി വന്നു...അധ്യാപകനാണത്രെ അധ്യാപകൻ ! അങ്ങോട്ട് വിളിക്കുമ്പോൾ ഇങ്ങോട്ട് ചാടുന്ന മുടി, ഒരു ചാക്ക് കാൽസ്രായി.. ലുങ്കിത്തുണിപോലുള്ള ഒരു ഷർട്ട്.. അന്നത്തെ ഫ്രീക്കൻ കോലം.
ശ്ശൊ ...ആദ്യത്തെ ദിവസം തന്നെ വൈകി എത്തിയാൽ മോശമല്ലേ ? ബസ് വരാറായി.. ഓടാൻ പണ്ടേ ഇഷ്ടമായതുകൊണ്ട് നട വരമ്പിലൂടെ നടക്കാൻ മറന്നുപോയി
"മാഷെ...എന്താ ഓടുന്നെ ? ...നടന്നാ മതി ...ബസ് കിട്ടും" പറമ്പിനക്കരെ നിന്നും കുഞ്ഞിരാമേട്ടൻ വിളിച്ചു പറഞ്ഞു. ങേ ...മാഷിന് ആദ്യത്തെ പാഠം കിട്ടി... അധ്യാപകന്മാർ അങ്ങിനെ ഓടാനൊന്നും പാടില്ല...ശരിയാണ് ...നാണു മാഷോ, മുഹമ്മദ് മാഷോ സാവിത്രി ടീച്ചറോ ഇതുവരെ ഓടുന്നത് ഞാൻ കണ്ടിട്ടില്ല.. ഭൂമിയെ നോവിക്കാതെ എന്നാൽ മാന്യമായി നടക്കുന്നവർ.. ഗുരുക്കന്മാരുടെ പേര് കളയാൻ പോകുന്ന എനിക്കെന്നോട് തന്നെ പുച്ഛം തോന്നി.
ആദ്യത്തെ ക്‌ളാസ് - ആദ്യ രാത്രിയെക്കുറിച്ചുള്ള കവിതകൾ വെറുതെ മനസ്സിൽ ചൊല്ലിയപ്പോൾ വല്ലാത്ത നാണം വന്നു..
"മാഷെ . .ഇരിക്ക് .. പത്തു മണിക്ക് പത്താം ക്‌ളാസ് പാരലൽ തുടങ്ങാം"
ശബ്ദം കേട്ട് പ്രിൻസിപ്പലിന്റെ മുഖത്തേക്ക് നോക്കിയ ഞാൻ ഞെട്ടി... എന്റെ ഓർമ്മകൾ ഏഴാം ക്‌ളാസ്-ബി യിലേക്ക് മടങ്ങി...കണക്കിന്റെ ക്‌ളാസിൽ എഴുതിയ കവിത കാരണം രണ്ടു ദിവസം എന്നെ സ്‌കൂളിൽ നിന്ന് പുറത്താക്കിയ അന്നത്തെ ഹെഡ് മാഷാണ് ഇവിടുത്തെ പ്രിൻസിപ്പൽ ! ഇതറിഞ്ഞിരുന്നെങ്കിൽ ?!
രണ്ടു പിന്തിരിപ്പൻ ന്യായങ്ങൾ പറഞ്ഞാണ് അന്നെന്നെ പുറത്താക്കിയിരുന്നത് - ഒന്ന് : കണക്കിന്റെ ക്‌ളാസിൽ കവിത എഴുതി അടുത്തിരിക്കുന്നവന് വായിക്കാൻ കൊടുത്തു. രണ്ട്: മലയാള ഭാഷയിൽ "ജല സുന്ദരി" എന്ന പുതിയ ശൃംഗാര പദം കണ്ടു പിടിച്ചു ("ജ" യിൽ തുടങ്ങുന്ന പതിനാറോളം വരികളുള്ള ആ കവിതയിൽ അങ്ങിനെയൊരു വാക്കുണ്ടായിരുന്നു)
"മാഷെ ...ഇംഗ്ലീഷിൽ എല്ലാവരും വളരെ വീക്ക് ആണ്.. ഇനി മാഷുടെ കയ്യിലാണ് എല്ലാം "
ഞാൻ “സുന്ദരി”യെ പറത്തി വിട്ടു സാറിനെ നോക്കി..മാഷിന് എന്നെ മനസ്സിലായില്ലേ ? അതോ ഭാവിക്കുന്നതാണോ ? എന്തായാലും സാറിന്റെ ആ "മാഷ്" വിളി ആദ്യ രാത്രിയിലെ ഇരട്ടി മധുരം പോലെ എന്നെ ആവേശഭരിതനാക്കി
" ശരി സാർ.. ശ്രമിക്കാം .." അദ്ദേഹത്തിന്റെ കഷണ്ടി നോക്കി ഞാൻ പുഞ്ചിരിച്ചു.
(ഹാരിസ്)
മുന്നറിയിപ്പ്: തുടരാന്‍ സാധ്യതയുണ്ട്

കാക്കന്നോത്തെ മൈലാഞ്ചി മരങ്ങൾ

Image may contain: 1 person, beard
ബസിലേക്ക് ഓടിക്കയറിയപ്പോൾ ആദ്യമായി അയാൾ നോക്കിയത് ജനാലച്ചില്ലുകൾക്ക് താഴെ ഏതെങ്കിലും ഇരിപ്പിടം ഒഴിവുണ്ടോ എന്നാണ്..
ഇല്ല..
പിറകിൽ നിന്നും മൂന്നാമത്തെ വരിയിലെ അറ്റത്തുള്ള ആ ഇരിപ്പിടത്തിൽ ഇരിക്കുമ്പോൾ പിഞ്ഞിപ്പോയ അതിന്റെ ചുവപ്പ് നിറം വെറുതെ അയാളോട് കലഹിച്ചു..വാക്കുകൾ കണ്ണിൽ കുരുങ്ങി ഒന്നും മിണ്ടാൻ പറ്റാത്ത അവസ്ഥയിലായിരുന്നു അയാൾ.
പിറകിലെ സീറ്റിൽ കോരേട്ടൻ നിർത്താതെ വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നു. കഴുത്തു ചെരിച്ചു ചിരിച്ചു കാണിക്കാൻ നോക്കുമ്പോഴേക്കും അത് മറ്റാരുടെയോ മുഖമായി മാറിയിരുന്നു..കോരേട്ടൻ മരിച്ചു പോയിക്കാണും. മുന്നിലോട്ട് നോക്കി.. അതാ... ആ തൂണും ചാരി നിൽക്കുന്നത് ഉസ്മാനിക്കയല്ലേ ?!
"ഉസ്മാനിക്കാ...." അയാളുടെ ശബ്‍ദം ഒരു കുതിപ്പിന് ആ നിന്നയാളുടെ കുപ്പായക്കോളറിൽ ഒരു പിടുത്തം പിടിച്ചു. ആരോ ചിലർ ഒന്നയാളെ നോക്കി. മറ്റുള്ളവർ ആ വിളി കേട്ടതുപോലുമില്ല.
തിരിഞ്ഞുനോക്കിയത് ഉസ്മാനിക്ക അല്ലായിരുന്നു ..ഓ.. അല്ലെങ്കിലും അയാൾ ഇവിടെ എങ്ങിനെ ഉണ്ടാവാനാണ്..അഞ്ചാറു കൊല്ലം മുൻപ്....
മുന്നിലെ സീറ്റുകളിൽ ആരൊക്കെയാണ് ഇരിക്കുന്നത് ?! - അബി, വിനോദ്, അമീർ..?! അവർ തന്നെയല്ലേ ?!
പെട്ടെന്നാണ് ബസ് നിന്നതും മുന്നിലെ വാതിലിലൂടെ ഇരുവശത്തും മുടി മെടഞ്ഞിട്ട, ഇളം നീല ചുരിദാറിട്ട ഒരു പെൺകുട്ടി തിരക്കിട്ട് ഇറങ്ങുന്നതും അയാൾ കണ്ടത്–
നീലിമ അല്ലേ അത്?!
ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ അയാൾ അതേ വേഗത്തിൽ വീണ്ടും ഇരുന്നു. ഒഴിയുന്ന സീറ്റിനായി കാല് കഴച്ചു കാത്തു നിൽക്കുന്ന നീണ്ട മുടിയും ദൃഢ പേശികളുമുള്ള കൗമാരക്കാർ നിരാശയോടെ അയാളെ തറപ്പിച്ചൊരു നോട്ടം നോക്കി.
പതിനെട്ടു വർഷം മുൻപുള്ള ചിത്രങ്ങൾ കൊണ്ട് നിറഞ്ഞ ഈ ബസിനെക്കുറിച്ചോർത്തയാൾ വിചിത്രമായ ഒരു ചിരി ചിരിച്ചു.
"കാവ് ...കാക്കന്നോത്ത് കാവ്..ഇറങ്ങാനുണ്ടോ ?" കിളി വിളിച്ചു പറഞ്ഞപ്പോൾ അയാൾ ചാടിയെഴുന്നേറ്റു..ഇറങ്ങിയപ്പോൾ ആദ്യം ചെയ്തത് കുപ്പായത്തിന്റെ അഴിഞ്ഞുപോയ കുടുക്കുകൾ ഇടുകയായിരുന്നു.
അയാൾ ചുറ്റും നോക്കി. കവലയുടെ കോണിൽ ഇലകൾ വാർന്നുപോയൊരു വാകമരം. വാകമരത്തിന്റെ ഒരു കൊമ്പിന്റെ വക്കിൽ എന്നോ തങ്ങിപ്പോയ ഒരു പട്ടത്തിന്റെ പതിഞ്ഞ വിലാപം.. കാക്കന്നോത്ത് കാവിന്റെ മഞ്ഞ ബോർഡിന് ഇപ്പോഴും കറുവൻ ചേട്ടന്റെ സൈക്കിൾ കടയുടെ മണം തന്നെ. കാവിനെ പിറകിലാക്കി നടന്നയാൾ പച്ച പെയിന്റടിച്ച കാക്കന്നോത്ത് ജുമാ മസ്ജിദിന്റെ ഗെയ്റ്റിൽ എത്തുമ്പോൾ സൂര്യൻ പള്ളിക്കുളത്തിൽ ഉടുതുണിയില്ലാതെ വീണുകിടക്കുകയായിരുന്നു.
…ഇടത്തു നിന്നുള്ള മൂന്നാം തട്ട്..പിന്നെ രണ്ടു നെല്ലിമരം ..ഒരു പ്രാർത്ഥന പോലെ ചുണ്ടനക്കി കൊണ്ടയാൾ പള്ളിപ്പറമ്പ് കയറി. ഖബറുകൾക്ക് ചുറ്റും ചിരിച്ചു വളരുന്ന ചൊറിയൻ പുല്ലുകൾ അയാൾക്ക് സ്വാഗതമോതി. അയാൾ പതുക്കെ പറഞ്ഞു:
"അല്ലയോ കുഴിമാടങ്ങളിൽ ഉറങ്ങുന്നവരേ, നിങ്ങളുടെ മേൽ ദൈവത്തിന്റെ സമാധാനം നിറയട്ടെ ! ഞാനും നിങ്ങളിലേക്ക് വരേണ്ടവനല്ലോ..!".
രണ്ടു നെല്ലിമരം...അതിനിടയിലൂടെ പോകുമ്പോൾ കിട്ടുന്ന മൈലാഞ്ചിച്ചെടിയുള്ള ആദ്യ ഖബർ..ഇനിയും മരിച്ചിട്ടില്ലാത്ത മീസാൻ കല്ല്.. ചെരിപ്പഴിച്ചു ഖബറിന്റെ തലഭാഗത്ത് തൊട്ടാവാടി മുള്ളുകളുടെ മടിയിലിരുന്നപ്പോൾ അയാളുടെ കാലിൽ നിന്നും കരളിൽ നിന്നും ചുവന്ന ഓർമ്മത്തുണ്ടുകൾ മെല്ലെ പുറത്തേക്കൊഴുകാൻ തുടങ്ങി………
അയാൾ ഇറങ്ങി നടന്നു. ഇരുട്ടും വെളിച്ചവും ഇണ ചേരുന്ന ഇടവഴിക്ക് അന്നൊരു ദിവസം അവളുടെ മുടിയിൽ നിന്നും ചാറ്റൽ മഴ ചോർത്തിയെടുത്ത മുല്ലപ്പൂക്കളുടെ തണുപ്പായിരുന്നു..
ചീരുവമ്മയുടെ വീട് എവിടെ? അത് കഴിഞ്ഞാണല്ലോ ആയിശുമ്മയുടെ വീട്...ഒന്നും കാണുന്നില്ല. എങ്ങും തവിട്ടു കലർന്ന അപരിചിതത്വം മാത്രം...അയാൾ വേറൊരു വഴിയിലേക്ക് നടന്നു…..
വീണ്ടും അയാൾ വേറൊരു വഴിയിലേക്ക് നടന്നു..കാൽപ്പന്ത് കളിച്ച ഒഴിഞ്ഞ പാടം എവിടെ ? അതിന്റെ അറ്റത്തുള്ള അതിരാണിക്കാട് എവിടെ?
ബസിൽ നിന്നും ഇറങ്ങിയ മനുഷ്യരൊക്കെ എവിടെ?
പ്രളയമോ അഗ്നിപർവ്വതമോ വന്നതിന്റെ ലക്ഷണമൊന്നും ഇവിടെ കാണുന്നില്ല. തന്റെ ഓർമകളുടെ കൊടും പ്രകമ്പനങ്ങളിൽ ഇവിടെയുള്ള മനുഷ്യർ മുങ്ങിച്ചത്തുപോയതാവാം..
മനുഷ്യമണം തേടിയ കാലുകൾ അയാളെ പിന്നെയും പള്ളിപ്പറമ്പിൽ തിരിച്ചെത്തിക്കുമ്പോഴേക്കും മീസാൻ കല്ലുകൾക്ക് മീതെ നക്ഷത്രങ്ങൾ ഉറങ്ങാൻ തുടങ്ങിയിരുന്നു..
മൈലാഞ്ചിയിലകൾക്ക് ഇടയിൽ ഖബറുകൾ ശാന്തമായി ഒഴുകി നടക്കുന്നു .. പാതിരാക്കിളികൾ മരിച്ചുപോയവരുടെ നിശ്വാസങ്ങളാക്കായി കരഞ്ഞു കാതോർത്തിരിക്കുന്നു. കറുത്ത കാറ്റിൽ കയറിവരുന്ന മനുഷ്യരുടെ അസ്ഥിക്കൂടുകളുടെ മണം അയാളെ ത്രസിപ്പിച്ചു. ..പുതിയ കുഴിമാടങ്ങളിലെ എണ്ണപ്പശയുള്ള മണ്ണ് അയാളെ പ്രലോഭിപ്പിച്ചു..
നിറഞ്ഞു പൊന്തുന്ന നിഴലുകളോട് അയാൾ മൃദുവായി പറഞ്ഞു :
"ഒന്ന് മാറൂ.... എന്റെ വഴിയിൽ നിന്നും… ...ഞാനൊന്നുറങ്ങട്ടെ...”
****
"എംബാം ചെയ്യരുതെന്നും നാട്ടിലേക്ക് കൊണ്ടുപോകേണ്ടെന്നും ഒസ്യത്തുണ്ട് "
"അടുത്ത കുടുംബക്കാർ ? "
"ആരുമില്ല ..ഒരു ഡയറിയുണ്ട്.. അതിൽ അയാളുടെ കഥകളും കവിതകളുമുണ്ട് ..വിയർപ്പുണ്ട്..ചോരയുണ്ട്.. സ്വപ്നമുണ്ട്.. അവസാന പേജിൽ ഈ ഒസ്യത്തും”
2001 എന്ന് സ്വർണവർണ്ണത്തിൽ എൻബോസ് ചെയ്ത ഒരു വലിയ A4 സൈസ് ഡയറി അവർ പുറത്തെടുത്തു.....
****
മഞ്ഞ നിറമുള്ള മരുഭൂമിയിൽ, മരങ്ങൾ മുച്ചൂടും മരിച്ചുപോയ ഖബർസ്ഥാനിൽ പട്ടാണികൾ പ്രാർത്ഥനാപൂർവ്വം അയാളെ മണ്ണിട്ട് മൂടുമ്പോൾ കാക്കന്നോത്ത് ജുമാ മസ്ജിദിൽ, മരിച്ചവരുടെ പറമ്പിൽ, ഇടത്തു നിന്നുള്ള മൂന്നാം തട്ടിലെ മൈലാഞ്ചി മരങ്ങൾക്ക് മേലെ മഴ തിമർത്തു പെയ്യുകയായിരുന്നു...
(ഹാരിസ്)

പുറത്തെടുത്ത കഴിവുകൾ

Image may contain: 1 person, beard

ഭാര്യയുടെ കൊട്ടും കൂക്കുവിളിയും കേട്ട് മനം പിരട്ടുന്ന പറങ്ങോടനോട് ഒരു ദിവസം സുഹൃത്ത് പറഞ്ഞു:
"സ്‌കൂളിൽ പഠിക്കുമ്പോഴൊക്കെ നീ എഴുതാറുണ്ടല്ലോ.. ഓൺലൈനിൽ എഴുതൂ... മനസ്സിന് ഒരാശ്വാസം കിട്ടും".
അത് നല്ലതാണെന്നു പറങ്ങോടനും തോന്നി. ഫെയ്‌സ് ബുക്ക് ടെക്കിയല്ലാത്ത പറങ്ങോടന് സുഹൃത്ത് നിർദേശങ്ങൾ കൊടുത്തു കൊണ്ടേയിരുന്നു.
"ലൈക്കിന് വേണ്ടി ഒന്നും എഴുതരുത്.. നിന്റെ കഴിവുകൾ പുറത്തെടുത്ത് വീശാനുള്ള ഒരു അവസരമായി കാണണം"
അങ്ങിനെ പറങ്ങോടൻ "വെഞ്ചാമരത്തിലെ നാലു തവളകൾ" എന്ന കഥ പോസ്റ്റ് ചെയ്തു. നാലഞ്ചാളുകൾ വന്നു മരിച്ച വീട്ടിലെ പോലെ ദുഃഖ ഇമോജികളും വചനങ്ങളും ചൊരിഞ്ഞു ബഹുമാനപൂർവ്വം മടങ്ങി.
ഉടനെ വന്നു സുഹൃത്തിന്റെ സന്ദേശം.
"മനുഷ്യന് മനസ്സിലാവുന്ന വല്ലതും എഴുത് തവളേ..ലക്ഷം അംഗങ്ങളുള്ള ഗ്രൂപ്പിൽ അഞ്ചാളുകളാ വായിച്ചത് "
അവന്റെ ചീത്തവിളി കേട്ടപ്പോൾ മത്തിക്കറിയുടെ പേരിൽ തന്നോട് പിണങ്ങിപ്പോയ ഭാര്യയെ നാരങ്ങാമിട്ടായി കൊടുത്ത് തിരിച്ചു കൊണ്ട് വരുന്ന ഒരു ചങ്കൻ ഭർത്താവിന്റെ കഥ പറങ്ങോടൻ പോസ്റ്റ് ചെയ്തു..ലക്സ് സോപ്പിലെ പതപോലെ ലൈക്സ് നുരഞ്ഞു പൊന്തിവന്നു..
സുഹൃത്തിന്റ സന്ദേശം ഉടനെ വന്നു.
"എന്തോന്നാടാ ഇത്...ചളിപിടിച്ച പൈങ്കിളി.....”
അങ്ങിനെ ടെൻഷൻ മാറ്റാനായി എഴുതാൻ തുടങ്ങിയ പറങ്ങോടന് പുതിയൊരു പിരിമുറുക്കം കൂടി ഫ്രീയായി കിട്ടി - എങ്ങിനെയെഴുതണം ? എന്തെഴുതണം ?
ചങ്ങാതിയുടെ നിർദേശങ്ങൾ പിന്നെയും വന്നു കൊണ്ടേയിരുന്നു.
"നിന്റെ കഥക്ക് ലൈക് അടിച്ച ലേഡീസിന് മുഴുവൻ റിക്വസ്റ്റ് അയക്കരുത് കേട്ടോ ?
"അയ്യോടാ...ആദ്യമേ പറയേണ്ടേ ? എല്ലാ ആണിനും പെണ്ണിനും അയച്ചു." ഫ്രണ്ട് ലിസ്റ്റിനെ പുഷ്ടിപ്പെടുത്താൻ വ്യായാമം ചെയ്യുന്ന പറങ്ങോടൻ പരുങ്ങി.
“അയച്ചത് അയച്ചു...അവരുടെ ഇൻബോക്സിൽ ഒന്നും പോകരുത്”
“അതെന്താടാ ഇൻബോക്സ് ? അവർ ഡ്രസ്സ് മാറുന്ന സ്ഥലമാണോ?”
പറഞ്ഞു തീർന്നില്ല, ഒരു മെസ്സേജ് : രുക്മിണി മാവിൻപുറം
"ചേട്ടാ ...കഥ വായിച്ചു കഴിഞ്ഞപ്പോൾ കണ്ണും മനസ്സും നിറഞ്ഞു..ചേട്ടനെ ഒത്തിരി ഇഷ്ടമാണ് ട്ടാ .."
"ചേട്ടനോ ? എനിക്ക് അടുത്ത കുംഭത്തിൽ മുപ്പത്തഞ്ചു വയസ്സ് തികയുന്നതേ ഉള്ളൂ....പിന്നെ ഞാൻ കല്യാണം കഴിച്ചതാണ് ട്ടാ .അല്ലെങ്കിൽ രുക്കൂനെ കെട്ടിയേനേ ! "
അതോടെ ഉറച്ച ഒരു ലൈക്കും മൂന്ന് പാരഗ്രാഫിൽ കുറയാതെയുള്ള അതി നിഗൂഢമായ ഒരു കമന്റും പറങ്ങുവിനു നഷ്ടമായി.
"സെൻസ്‌ലെസ്സ് ഗയ്‌" വിവരം അറിഞ്ഞ സുഹൃത്ത് ചീത്ത പറഞ്ഞു..
പിന്നെയും ചിലരുടെ കമന്റുകൾ:
"സർ, താങ്കളുടെ എഴുത്ത് വായിച്ചപ്പോൾ എനിക്ക് ഗുന്തേ ഗ്രസ്സിന്റെ ഒരു നോവൽ ഓർമ വന്നു...ഒന്ന് കൂടെ വിശദീകരിക്കാമോ? "
"താങ്കളുടെ ഭാഷ എം.ടി യുടേതുപോലെ ഹൃദയം കൊണ്ടെഴുതിയത്.."
"താങ്കൾ നർമത്തിൽ വി.കെ എന്നിന്റെ.... "
പറങ്ങോടൻ വീണ്ടും വിയർത്തു.. ടെൻഷൻ മാറ്റാൻ എഴുതാൻ തുടങ്ങിയതാണ്...ഇപ്പോൾ താൻ ആരൊക്കെയായി ? കുന്തം ഗ്രാസ്...എം.ടി., വി.കെ.എൻ...തീർന്നില്ല...നാലു മാസം ഉറങ്ങി എഴുന്നേറ്റപ്പോൾ നല്ലവരായ സുഹൃത്തുക്കൾ പതിനാലു സാഹിത്യ കൂട്ടായ്മയിൽ ചേർത്തു. ദിവസവും പത്ത് വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ അഞ്ഞൂറോളം വളകിലുക്കം കേൾപ്പിച്ചു..
അതിനിടയിൽ എന്തെല്ലാം സംഭവങ്ങൾ ....ഗുഡ് നൈറ്റ് മെസ്സേജ് ഇട്ട ശോഭക്ക് റിപ്ലൈ കൊടുക്കാൻ വൈകിയപ്പോൾ അൺഫ്രണ്ട്‌ ചെയ്തത്, പനി പിടിച്ചെന്ന് പോസ്റ്റിട്ട പാർവ്വതി "ആശംസകൾ" കിട്ടാത്തതിൽ പിണങ്ങിപ്പോയത്...എന്നും പ്രണയ കഥ എഴുതുന്ന ഭാസ്ക്കര ചേട്ടന്റെ നർമ്മ കഥക്ക് വായിക്കാതെ "പ്രണയത്തിന്റെ പൊന്നരഞ്ഞാണം" എന്നൊരു കമന്റ് ഇട്ടുപോയതും അതോടെ ആൾ ശത്രുവായതും..
രാത്രിയിൽ ഉറക്കമൊഴിച്ചിരുന്നിട്ടും പറങ്ങോടന് എല്ലാ സുഹൃത്തുക്കളുടെയും പോസ്റ്റിൽ എത്തിപ്പെടാനാവുന്നില്ല..പരിഭവം...പരാതി...പരിഹാസം.. "ശവം" വിളികൾ !
വൈകുന്നേരം കുട്ടേട്ടന്റെ ഹോട്ടലിൽ നിന്നും പുഴുങ്ങിയ മുട്ടയും പശുവിൻ നെയ്യ് ഒഴിച്ച കാപ്പിയും കഴിച്ചിട്ടും പറങ്ങോടൻ ക്ഷീണിച്ചു ക്ഷീണിച്ചു വന്നു.
മടുത്തു! പിറ്റേന്ന്, അതായത് ചൊവ്വാഴ്ച, നട്ടുച്ച നേരം 12 : 30 ന് പറങ്ങോടൻ ഓൺലൈൻ താഴിട്ട്പൂട്ടി ഭാര്യയുടെ കർപ്പൂര ഭാഷണത്തിനായി സാകൂതം കാത്തു നിന്നു.
"വന്നാട്ടെ....വന്നാട്ടെ....എത്ര ചുറ്റിയാലും ചേല അര വിടുമോ? പിന്നെ വേറൊരു കാര്യം .. ഉള്ളിലും പുറത്തും നാലു മാസത്തെ ചളിയും ചേറുമുണ്ട്..നന്നായി തേച്ചു കുളിച്ചിട്ട് വലതുകാൽ വെച്ചു വന്നാൽ മതി...ചൂടുള്ള ചോറും മോര് കറിയും തയ്യാർ ! "
(Haris)

ബെഡ്‌റൂം ഡിസൈനേഴ്സ്** (കൊച്ചു കഥ)


Image may contain: 1 person, beard
"ലൈം-ഗ്രീൻ കളറിൽ തന്നെയാണോ ബെഡ്‌റൂം സെറ്റ് ചെയ്യേണ്ടത് ? ഓഫ് വൈറ്റ് വേണ്ട.. ല്ലേ ?! ഉറപ്പാണോ സർ?! "
ബെഡ് റൂം റീഫർബിഷ് ചെയ്യാൻ വന്ന ഇന്റീരിയർ ഡിസൈനറുടെ ആ ചോദ്യം അയാൾക്ക് ഇഷ്ടമായില്ലെന്ന് വ്യക്തം.
"അതെ, നിങ്ങളോടു ഞാൻ പറഞ്ഞതല്ലേ ?! അവൾക്കതാണിഷ്ടം"
"ശരി സർ...വിന്ഡോ ബ്ലൈൻഡ്‌സിന്റെ ...."
"ഒരു സെക്കന്റ് ...അവളോട് ചോദിക്കട്ടെ "
"ചാരൂ....ചാരൂ ..." പതുക്കെ വിളിച്ചുകൊണ്ടു ചാരിയിട്ടിരുന്ന അടുത്ത മുറിയിലേക്ക് അയാൾ പോയി. ഏതാനും നിമിഷങ്ങൾക്കകം തന്നെ തിരിച്ചു വരികയും ഡിസൈനർക്ക് വേണ്ട നിർദേശങ്ങൾ കൊടുക്കുകയും ചെയ്തു.
"മാഡത്തെ ഇങ്ങോട്ട് വിളിച്ചൂടെ ? " ഡിസൈനർ തെല്ലു സംശയത്തോടെ ചോദിച്ചു...തന്റെ ജോലി എളുപ്പമാക്കുക എന്നതിൽ കവിഞ്ഞു അയാൾക്കത് ഒരാഗ്രഹമായിരുന്നു...ചാരു എന്ന് പേരുള്ളവൾ സുന്ദരി ആയിരിക്കുമെന്നയാളുടെ മനസ്സ് പറഞ്ഞു. മാത്രമല്ല, അവൾക്ക് യോജിച്ചവൻ അല്ല ഇയാൾ, ഉറപ്പ്.
"ചാരു ഓയിൽ പെയിന്റ് ചെയ്യുകയാണ്.അതാണ് വാതിൽ അടച്ചത്..തീരുന്നത് വരെ അവൾ പുറത്തിറങ്ങില്ല.."
ഡിസൈനർക്ക് ഒരു ഉന്മേഷമില്ലായ്മ തോന്നി. പണി നിർത്തി ഉടമയോടു പിറ്റേന്ന് വരാമെന്നു പറഞ്ഞയാൾ പതിവില്ലാതെ നേരെ വീട്ടിലേക്ക് ബൈക്ക് തിരിച്ചു. ഗേറ്റ് ഉള്ളിൽ നിന്നും പൂട്ടിയിരിക്കുകയാണ്. അയാൾ ചുറ്റും നോക്കി.. റോഡിൽ മരത്തിനു ചുവട്ടിൽ ഒരു ബൈക്ക്.. അയാളുടെ മുഖഭാവത്തിൽ ആ വാഹനം അയാൾക്ക് നല്ല പരിചയമുള്ളതുപോലെ തോന്നി.. വീട്ടിലേക്ക് പാളി നോക്കി അയാളൊന്നു ദീർഘമായി നിശ്വസിച്ചു..
പെട്ടെന്നയാൾ പുഞ്ചിരിച്ചുകൊണ്ട് ഫോൺ കയ്യിലെടുത്തു. ഡിസ്‌പ്ലേയിൽ അയാളുടെയും ഭാര്യയുടെയും കല്യാണ ഫോട്ടോയാണുള്ളത്. തിരക്കിട്ട് അയാൾ ആരെയോ വിളിക്കുകയും ബൈക്ക് സ്റ്റാർട്ട് ചെയ്തു പോവുകയും ചെയ്തു.. പത്തു മിനിറ്റിനകം അയാൾ രണ്ടു നിലകളുള്ള ഒരു കെട്ടിടത്തിലെ ഒന്നാമത്തെ നിലയിൽ മൂന്നാം നമ്പർ ഫ്ളാറ്റിലെ ഡോർ ബെല്ലിൽ വിരലുകൾ അമർത്തി. ഒരു യുവതി ചിരിച്ചുകൊണ്ട് വാതിൽ തുറന്നു. അവളുടെ മുഖം കണ്ടാലറിയാം, കാത്തിരിക്കുകയാണെന്ന്……
ഡിസൈനർ പോയപ്പോൾ വീട്ടുടമ "ചാരൂ...ചാരൂ..." എന്ന് സ്വരം വളരെ താഴ്ത്തി വിളിച്ചുകൊണ്ട് ചാരിയിട്ടിരുന്ന ആ മുറിയിലേക്ക് കയറിപ്പോയി.അൽപ സമയത്തിനകം ഉള്ളിൽ നിന്നും അടക്കിപ്പിടിച്ച സംസാരം കേട്ടുതുടങ്ങി
…..
അധികം വൈകാതെ ഡിസൈനർ സ്വന്തം വീട്ടിൽ തിരിച്ചെത്തുകയും ഭാര്യയോടൊപ്പം ചായ കുടിക്കുകയും ചിരിക്കുകയും ചെയ്തു. ഡിസൈനറുടെ വീട്ടിൽ ഉണ്ടായിരുന്ന 'അതിഥി'യും അപ്പോഴേക്ക് അയാളുടെ സ്വന്തം വീട്ടിൽ തിരിച്ചെത്തിയിരുന്നു..അയാളും ഭാര്യയും ടി.വി. യിൽ ഒരു കോമഡി ഷോ കാണാൻ തുടങ്ങി
…..
ചാരുവിന്റെ മുറിയിൽ ഏതാണ്ട് പൂർത്തിയായ ഒരു എണ്ണഛായാ ചിത്രം കാണാം.. വീട്ടുടമ ബ്രഷെടുത്ത് ഒന്നുകൂടെ അതിൽ നോക്കി..പിന്നെ ഭിത്തിയിൽ തൂങ്ങുന്ന ചിത്രത്തിലേക്കും...
ഒരു വ്യത്യാസം മാത്രം –
ചുമരിലെ ചിത്രത്തിലെ യുവതി വീൽ ചെയറിലായിരുന്നു. അയാൾ വരച്ച ചിത്രത്തിൽ അവൾക്ക് ചിറകുകളായിരുന്നു ഉണ്ടായിരുന്നത്.
(ഹാരിസ്)

യക്ഷിയെത്തേടി.

Image may contain: 1 person, beard
പൊടിമീശ വെച്ച നാൾ മുതൽ അയാൾക്ക് ഒരാഗ്രഹമുണ്ടായിരുന്നു - യക്ഷിയെ നേരിൽ കാണണം. ഹൈസ്‌കൂളിൽ "യക്ഷി" എന്ന് വിളിക്കുന്ന പെണ്ണിനെ അടിമുടി നോക്കിയെങ്കിലും ഉള്ളിൽ ഉറഞ്ഞുതുള്ളുന്ന യക്ഷിയുമായി അവൾക്ക് വലിയ ബന്ധം ഒന്നും തോന്നിയില്ല.
രോമകൂപങ്ങളിൽ യുവത്വം നിറഞ്ഞു പൊള്ളിയപ്പോഴേക്കും ഒരുവിധം യക്ഷിക്കഥകൾ മുഴുവൻ അയാൾ വായിച്ചു കഴിഞ്ഞിരുന്നു. "ഐതിഹ്യമാല' അരിച്ചു പെറുക്കി, പുരാതന ഗ്രന്ഥങ്ങൾ പരതി നടന്നു… ഭീകര ദ്രംഷ്ടകളും തീപ്പാറുന്ന കണ്ണുകളും രക്തം ഇറ്റുവീഴുന്ന നാവും ഉള്ളൊരു യക്ഷിയല്ല അയാൾക്ക് വേണ്ടത്.. വെള്ള വസ്ത്രം ചുറ്റി, പനങ്കുല മുടി അഴിച്ചിട്ട്, പാലപ്പൂവിന്റെ മണം പേറുന്ന , നറുനിലാവിന്റെ സൗന്ദര്യമുള്ള ഒരു യക്ഷി !
ഇടവഴിയുടെ അറ്റത്തുള്ള ഏഴിലം പാല നോക്കി ഇടയ്ക്കിടെ അയാൾ നെടുവീർപ്പിടും..ഒരു യക്ഷി ഇവിടെ വന്നു കുടിയിരുന്നെങ്കിൽ ?!
അമ്മ കാല് പിടിച്ചു പെണ്ണ് കെട്ടാൻ പറഞ്ഞപ്പോൾ അയാൾ പറഞ്ഞു:
"ഞാൻ യക്ഷിയെക്കുറിച്ചുള്ള ചിന്തയിലാണ് ...അത് കഴിയട്ടെ"
അങ്ങിനെ ഒരു ദിവസം അയാൾ മാന്തികനായ പാലരശ്ശി തിരുമൂസിനെ കാണാൻ പോയി. യക്ഷിയെ എങ്ങിനെയും കണ്ടേ തീരൂ..
"യക്ഷന്റെ പത്നിയാണ് യക്ഷി.. ദേവസ്ത്രീയാണ്...അങ്ങിനെ എല്ലാവരുടെയും മുന്നിൽ പ്രത്യക്ഷപ്പെടില്ല..ഉഗ്രമായ പ്രക്രിയകൾ, തന്ത്ര-മന്ത്രങ്ങൾ ഒക്കെ വേണം..സിംഹത്തിന്റെ മനോബലവും കാട്ടുപോത്തിന്റെ കായബലവും വേണം.."
നിരാശനായി വീട്ടിലെത്തിയ അയാളോട് പെങ്ങൾ പറഞ്ഞു :
"എനിക്ക് എവിടെയെങ്കിലും ഒരു ജോലി ശരിയാക്കിത്തരൂ .അമ്മയുടെ മരുന്ന് പോലും വാങ്ങിച്ചില്ല"
"യക്ഷിയെ ആ കാണുന്ന ഏഴിലം പാലയിൽ എത്തിക്കണം.അതാണ് പ്രധാനം"
അപ്പോഴാണ് കദീശുമ്മ പറഞ്ഞ ഒരു സിദ്ധന്റെ കാര്യം ഓർമയിൽ വന്നത്. ചുട്ട കോഴിയെ വരെ പറപ്പിക്കുമത്രേ! അന്യമതക്കാരന്റെ അടുത്ത് യക്ഷിയെ അന്വേഷിക്കാൻ പോകുന്നത് ശരിയാണോ? കാര്യം നടക്കുമെങ്കിൽ ഏതു മാർഗവും ലക്ഷ്യമാക്കാമെന്നാണല്ലോ ബഹുമാനപ്പെട്ട ജനപ്രതിനിധികൾ വരെ പറയുന്നത് ...
"അറബി മാന്ത്രികം" എന്നെഴുതിയ ബോർഡും കടന്നു ഉള്ളിലെത്തി സിദ്ധന്റെ മുന്നിൽ തന്റെ ആവശ്യം അയാൾ ഉണർത്തി.
"യക്ഷി...രക്ഷസ്സ് ...ഒക്കെ ജിന്നുകളാണ്..പാമ്പിന്റെ കോലത്തിൽ വരെ ഇവർ വരും..എല്ലാരേയും നമുക്ക് വരുതിയിൽ ആക്കാൻ പറ്റില്ല.. കിട്ടിക്കഴിഞ്ഞാൽ പിന്നെ വിട്ടു പോവുകയും ഇല്ല..ദീർഘമായ സാധന ആവശ്യമാണ്...നമുക്ക് ശരിയാക്കാം..പക്ഷെ കുറച്ചധികം ചിലവുണ്ട്.."
പത്തിരുപതിനായിരം രൂപ എവിടെ നിന്നുണ്ടാക്കും എന്ന ചിന്തയിൽ അയാൾ വീട്ടിലേക്ക് മടങ്ങി...
റോഡിൽ അകെ ബഹളം..ആളുകൾ ഓടുന്നു.
രണ്ടു കുട്ടികൾ അപകടത്തിൽ പെട്ടിരിക്കുന്നു - ആരോ പറയുന്നത് കേട്ടു. അത് ആരെങ്കിലും നോക്കിക്കൊള്ളും..തനിക്ക് അതിലും വലിയ ലക്ഷ്യങ്ങളുണ്ട് . യക്ഷിയെ കാണണം.
അവസാന അത്താണി എന്ന നിലയിലാണ് കുരിശുംപറമ്പിൽ പീറ്ററച്ചന്റെ അടുത്തയാൾ എത്തിയത്..പാട്ടു പാടി രോഗശമനം നടത്തുന്നവൻ, കൊന്തയിൽ പിശാചിനെ കുരുക്കുന്നവൻ എന്നൊക്കെയാണ് അദ്ദേഹത്തിന്റെ ഖ്യാതി.
"യക്ഷി എന്ന് പറയുന്നത് സാത്താന്റെ ശിങ്കിടികളാണ്. തിരുവിതാംകൂറിലുള്ള സകല യക്ഷികളെയും പണ്ട് കത്തനാർ പുകച്ചു പുറത്തു ചാടിച്ചിരുന്നു. പതിനെട്ടു കൊല്ലം കൊണ്ടാണ് ഞാനത് സ്വായത്തമാക്കിയത്. നമുക്ക് നോക്കാം...ഇവിടെ താമസിച്ചു ആദ്യം വേദപാഠങ്ങൾ ഉരുവിടണം. ഘട്ടം ഘട്ടമായേ പിശാചുക്കളെ പുറത്തെടുക്കുന്ന വിദ്യ പഠിക്കാൻ പറ്റൂ.
ലോകത്തിലെ ഏറ്റവും വലിയ ഹതഭാഗ്യൻ താനായിരിക്കണം - തിരിച്ചു വരുമ്പോൾ അയാൾ ചിന്തിച്ചു..ജീവിത ലക്‌ഷ്യം ഇനിയും അകലെയാണ്.
വഴിയിൽ നിന്നുപോയ തന്റെ പിക്കപ്പ് വാൻ തള്ളിക്കൊടുക്കാൻ അപേക്ഷിച്ച ഇതര സംസ്ഥാന തൊഴിലാളിയോട് അയാൾ കയർത്തു..
മലവെള്ളം വന്നു നാശം വിതച്ച കോളനിയിൽ തങ്ങളോടൊപ്പം സഹായത്തിനു വരാൻ പറഞ്ഞ ചെറുപ്പക്കാരെ അയാൾ ഗൗനിച്ചില്ല.
അമ്മ കടം വാങ്ങിക്കുന്ന കടക്കാരന്റെ കണക്കുപുസ്തകം തന്തക്ക് വിളിച്ചപ്പോൾ അയാൾ വെറുതെ ചിരിച്ചൊഴിഞ്ഞു....
താൻ ഒരിക്കൽ ലക്‌ഷ്യം കാണും - യക്ഷിയെ കണ്ടെത്തും.
അന്നയാൾ ഒത്തിരി ഇരുട്ടിയാണ് വീട്ടിലേക്ക് പുറപ്പെട്ടത്. എന്നും ഇരുളും നിഴലും മാത്രമുറങ്ങിയിരുന്ന തന്റെ വീട്ടിൽ പതിവില്ലാത്ത വെളിച്ചവും ആളനക്കവും ദൂരെ നിന്നേ അയാൾ കണ്ടു.
ഇത്രയും കാലം അടക്കിപ്പിടിച്ച സകല വികാരങ്ങളെയും പൊട്ടിച്ചെറിഞ്ഞു വീട് അഗ്നിയുടെ തണുത്തുറഞ്ഞ വിരലുകളിൽ നൂൽബന്ധമില്ലാതെ കിതച്ചു കിടന്നു..
പാലമരത്തിൽ ഒരു ഇടിമുഴക്കം തലകറങ്ങിവീണു.
വീടിന്റെ ഭാഷ അയാൾക്ക് ആരും പഠിപ്പിച്ചു കൊടുത്തിരുന്നില്ല. മൂസതും മൊല്ലാക്കയും അച്ചനും വീടിനെക്കുറിച്ച് ഒന്നും ഉരിയാടിയിരുന്നില്ലല്ലോ.
പിറ്റേന്ന്, ബ്രഹ്മമുഹൂർത്തം തുടങ്ങുന്നതിനു അല്പം മുൻപ് നിലാവ് നിറഞ്ഞൊഴുകുന്ന ഏഴിലം പാലക്കടുത്ത് അയാൾ നിന്നു –
അവിടെ വെളുത്ത വസ്ത്രത്തിൽ നിറഞ്ഞു ചിരിക്കുന്ന യക്ഷി അയാൾക്ക് തെല്ലും അപരിചിതയായിരുന്നില്ല.
(ഹാരിസ്)

പെണ്ണും പൂച്ചയും

Woman in Black and White Coat Holding a White Cat

"പൂച്ചയും പെണ്ണും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?" ഗുരു എന്നോട് ചോദിച്ചു.
കോടതി കയറേണ്ട ചോദ്യമാണല്ലോ ഗുരു ചോദിക്കുന്നത്! പെണ്ണിനെ “വന്യ ജീവിയോട്” ഉപമിച്ച ഗുരു ഭാവനയെ...
"രണ്ടും എനിക്ക് ഇഷ്ടമാണ് ഗുരോ " ഞാൻ സത്യം പറഞ്ഞു.
"ങേ ? അത് ശരിയാവുമോ ശിഷ്യാ ? ഏതു പൂച്ചയേയും ഇഷ്ടപ്പെടാം, ഓമനിക്കാം, തലോടാം, ഉമ്മ വെക്കാം .എന്നാൽ ആരാന്റെ പെണ്ണിനെ ?! "
"പെണ്ണ് എന്ന് പറഞ്ഞത് എന്റെ കെട്ട്യോൾ. പൂച്ച എന്നത് ലോകത്തുള്ള എല്ലാ പൂച്ചകളും". ഞാൻ വാദം വ്യക്തമാക്കി.
"വിഡ്ഡീ... ഇവിടെ വിഷയം അതല്ല... നീ പൂച്ചയുടെ നോട്ടത്തെക്കുറിച്ചു പഠിച്ചിട്ടുണ്ടോ ? മാർജാര വിശാരദ ശാസ്ത്രപ്രകാരം പന്ത്രണ്ടു തരം നോട്ടങ്ങൾ പൂച്ചക്കുണ്ട്. ഇത്രയും തരം നോട്ടങ്ങൾ ഉള്ള വേറൊരു ജീവിയെ ഭൂമുഖത്തുള്ളു- അത് സ്ത്രീയാണ് ...ഈ നോട്ടങ്ങൾ അറിഞ്ഞു പ്രതികരിച്ചില്ലെങ്കിൽ ജീവ നഷ്ടം, മാന നഷ്ടം, ധാതുക്ഷയം തുടങ്ങിയവ സംഭവിക്കാൻ സാധ്യതയുണ്ട്. ഇതാണ് ഇവർ തമ്മിലുള്ള ഒരു സാമ്യം. “
ഗുരുവിന്റെ തലക്ക് ചുറ്റും വെട്ടമുള്ള ഒരു വളയം ഉണ്ടോയെന്ന് ഞാൻ ഓട്ടക്കണ്ണിട്ടു ഒറ്റ നോട്ടം നോക്കി.
“നീ പൂച്ചയെ നിരീക്ഷിക്കാറുണ്ടോ ശിഷ്യാ ? ആദ്യം പൂച്ച നമ്മെ കാണുമ്പോൾ തന്നെ ഓടും...ദൂരെ മാറി നിന്ന് നമ്മുടെ ഓരോ നീക്കവും നിരീക്ഷിക്കും .എന്നാൽ പൂച്ചയുമായി അടുത്ത് കഴിഞ്ഞാൽ പിന്നെ പുറം കാല് കൊണ്ട് തട്ടി മാറ്റിയാൽ വരെ അത് പോകില്ല. കാലിൽ മുഖമുരസി ചിണുങ്ങി ചിണുങ്ങി ചുറ്റിക്കളിക്കും. അതുപോലെയാണ് സ്ത്രീ ..."
പൂച്ച പഴയ പൂച്ച തന്നെയായിരിക്കും. എന്നാൽ ഇങ്ങിനെയുള്ള പെണ്ണൊക്കെ ഇപ്പോഴുമുണ്ടോ? ഇന്ന് രാവിലെ കെട്ട്യോൾ നോക്കിയ ആ നോട്ടം ഈ പന്ത്രണ്ടിൽ ഏതായിരിക്കും? പതിനഞ്ചു കൊല്ലമായിട്ടും അവളുടെ ചില നോട്ടങ്ങൾ ഇതുവരെ എനിക്ക് ഡീകോഡ് ചെയ്യാൻ പറ്റിയിട്ടില്ല.. ഈ ഗുരുവിനെ കിട്ടിയത് പുണ്യം.
"നീ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും ഇതൊക്കെ പഠിച്ചിട്ട് എന്താണെന്ന് അല്ലെ?.. മന്ദ ബുദ്ധീ, അവരുടെ കണ്ണുകളിലാണ് അവരുടെ മനസ്സു മുഴുവൻ ഉള്ളത്..അത് നാം തിരിച്ചറിഞ്ഞാൽ നാം വരച്ച ലക്ഷ്മണ രേഖയിൽ അവർ കുടുങ്ങിക്കിടക്കും."
"ഇനി അടുത്ത സാമ്യം പറയാം... നീ പൂച്ചക്ക് ചോറാണ് നിത്യവും ഭക്ഷണമായി കൊടുക്കുന്നത് എന്ന് കരുതുക.. ഇഷ്ടം മൂത്ത് നാലഞ്ച് ദിവസം നുറുക്കിയ ഇറച്ചിയും പാലും കൊടുത്തു എന്നും വിചാരിക്കുക. പിന്നെ നീ ചോറ് കൊടുത്താൽ ചോറ് തൊട്ടു നോക്കാതെ പൂച്ച പിണങ്ങി, നിലത്തു കിടന്നുരുണ്ട് ഇടം കണ്ണിട്ട് നോക്കി ഒരു സങ്കടക്കരച്ചിൽ കരയും.”
"അതും കെട്ട്യോളും തമ്മിൽ എന്താ ബന്ധം ഗുരോ ?! "
"എടാ ...ശിഷ്യാ...നീ ഒരു ദിവസം ഒരു മൂഡിൽ ഭാര്യയെ പതിവ് വിട്ടു അങ്ങട്ട് നല്ലോണം സ്നേഹിച്ചു എന്ന് കരുതുക --"
"ഫോർ എക്സാമ്പിൾ.." നിഷ്കളങ്കനായ ഞാൻ ഇടക്ക് കയറി ചോദിച്ചു.
"മന്ദബുദ്ധി....ഉദാഹരണത്തിന്, നീ അവളെയും കൂട്ടി നഗരത്തിലെ ഏറ്റവും നല്ല ഒരു ഷോപ്പിംഗ് മാളിലേക്ക് പോകുന്നു - അല്ലെങ്കിൽ പേരു കേട്ട ഒരു ഹോട്ടലിലേക്ക്.. അതുമല്ലെങ്കിൽ ഒരു ബോട്ട് യാത്രക്ക് പോകുന്നു.."
പാന്റിന്റെ പോക്കറ്റിൽ നിന്നും ചാടാൻ പോകുന്ന നരച്ച നോട്ടുകൾ ഞാൻ മുറുക്കെ പിടിച്ചു ചോദിച്ചു :
"ഓപ്ഷൻ ഉണ്ടോ ഗുരോ "
"ഉം... ഒന്ന് - അവൾക്ക് വേണ്ടി ഒരു കഥ പറഞ്ഞു കൊടുക്കുക, രണ്ട്- അടുക്കളയിൽ സഹായിക്കുക, മൂന്ന് - സാധാരണ കൊടുക്കുന്ന നെറ്റിയിലെ ഉമ്മക്ക് പകരം കൺപോളക്ക് മുകളിലോ കണങ്കാലിന് താഴെയോ ഒരു മുത്തം കൊടുക്കുക..നാല് - "
"അത് മതി...പിന്നെ ഇതൊന്നും കിട്ടാതിരുന്നാൽ അവളും പിണങ്ങും ല്ലേ ? ഇതൊക്കെ നമുക്ക് ദിവസം ചെയ്യാൻ പറ്റുമോ ഗുരോ ? "
"അതിനാണല്ലോ അവരെ വരച്ച വരയിൽ നിർത്തിക്കാൻ വേണ്ട ടിപ്സ് ഞാൻ നിനക്ക് തരാൻ പോകുന്നത്"
ഹോ...ഈ ഗുരുവിനെ കിട്ടിയത് കൊണ്ട് എന്റെ ബാക്കിയുള്ള ജീവിതമെങ്കിലും ടെൻസ്-ഫ്രീ ആയിക്കിട്ടും.
പെട്ടെന്നാണ് ഗുരുവിന്റെ ഫോൺ റിങ് ചെയ്തത്..
ഫോൺ എടുത്ത് ഗുരു എഴുന്നേറ്റു - മുഖത്ത് അങ്കലാപ്പ്.. രണ്ട് വാക്കേ ഗുരു പറഞ്ഞുള്ളൂ.
"പെട്ടെന്ന് എത്താം....ദാ...വരുന്നുണ്ട് "
"എന്താ ഗുരോ?" ഞാൻ വേവലാതിയോടെ ചോദിച്ചു
"ഭാര്യ വിളിച്ചതാ..കറിക്കുള്ള സാധനങ്ങൾ വാങ്ങാൻ എന്നെ പറഞ്ഞയച്ചതായിരുന്നു അവൾ ..മറന്നു…ഇന്ന് മുഴു പട്ടിണിയായിപ്പോകും - ബാക്കി പിന്നെ ചർച്ച ചെയ്യാം ശിഷ്യാ.."
അയ്യോ! അമ്മേ! ഇപ്പോഴാ ഓർമ വന്നത് ! കെട്ട്യോൾ എന്നെ ഒരു കോഴി വാങ്ങിക്കാൻ അയച്ചതാ. സമയം ഉച്ചയായി.. കത്തിയുമായി അവൾ കാത്തു നിൽക്കുന്നുണ്ടാവും..
ചർച്ച നാളെ തുടരാം. അതിനു ഗുരു തന്നെ വേണം..ശിഷ്യനായി ഞാൻ അവസാന ശ്വാസം വരെ എന്നും ഒപ്പമുണ്ടാകും. പക്ഷെ...ഭാര്യ പിണങ്ങിയാൽ? ഹോ ..ആധിയാണ് ..വേവലാതിയാണ് (പേടി അല്ല ട്ടാ). പക്ഷെ അത് അവളോടും ഗുരുവിനോടും പറയാൻ പറ്റുമോ?
പിന്നെ ഒരു ഓട്ടമായിരുന്നു. എതിർ ദിശയിൽ നിന്നും പച്ചക്കറിയുമായി ഓടുന്ന ഗുരുവിനെ ഞാൻ നോക്കി - കണ്ണുകളിൽ തന്നെ.. ആ കണ്ണുകളിൽ പന്ത്രണ്ടു തരം പേടിയും കണ്ടു..
(ഹാരിസ്)
Image may contain: 1 person, beard

തെളിവുകൾ

Image may contain: 1 person, beard
ഭാര്യക്ക് വാങ്ങിച്ചുകൊടുത്ത സാനിറ്ററി പാഡിന്റെ പടം ഇന്നലെ ഞാൻ ഫേസ് ബുക്കിലിട്ടത് എത്ര സ്നേഹമയനായ ഒരു ഭർത്താവാണ് ഞാനെന്ന് നിങ്ങൾ അസൂയപ്പെടാൻ തന്നെയാണ്. ഒറ്റപ്പാളി മാത്രമുള്ള ജീവിതം നോക്കി നോക്കി വെള്ളെഴുത്ത് വന്നു ഭവിച്ച അവളുടെ കണ്ണുകളുടെ ചിത്രം എന്തേ അവിടെ ഇടാതിരുന്നത് എന്ന് ചോദിക്കാൻ മാത്രം നിങ്ങൾ വിഡ്ഢികളല്ല എന്നെനിക്കുറപ്പുണ്ട്‌.
കാലത്ത്, കോളജിൽ പോകുമ്പോൾ വസ്ത്രം അറിയാതെ കാറ്റിലൊന്നുലഞ്ഞപ്പോൾ മകളെ ഞാൻ ശാസിച്ചത് ഞാനൊരു ഉത്തരവാദിത്വമുള്ള അച്ഛനായതുകൊണ്ടാണ്. വൈകിട്ട്, ഏതോവളുടെ ചലിക്കുന്ന നിതംബത്തെക്കുറിച്ച്, മാറിടത്തിന്റെ അളവുകളെക്കുറിച്ച്, ഞങ്ങൾ ഒരു കുപ്പിയുടെ കരുത്തിൽ തർക്കിച്ചു ചിരിച്ചത് നിങ്ങൾ കാര്യമാക്കേണ്ട.
വിശപ്പിനെക്കുറിച്ചെഴുതാൻ മാറ്റിവെച്ചൊരു ആറുവരിക്കവിത ഉച്ചക്ക് കഴിച്ച അഞ്ചു പൊറോട്ടയുടെയും അരക്കോഴിയുടെയും ആലസ്യത്തിൽ എന്നിൽ നിന്നും അടർന്നുപോയതിന്റെ ദുഃഖം നിങ്ങളോടു പറഞ്ഞാൽ മനസ്സിലാവില്ല.
രാത്രിയിൽ കൂട്ടുകാർ വന്നാൽ വിയർക്കാൻ പാടില്ലെന്ന് മകൻ താക്കീത് തന്നപ്പോഴാണ് മരിക്കാതെ മടിച്ചു കിടക്കുന്ന അച്ഛന് ഞാനൊരു എ.സി വാങ്ങിയതെന്ന് നാട്ടുകാർ പറയുന്ന നുണ നിങ്ങളെങ്കിലും വിശ്വസിക്കരുത്
കഷ്ടം! ഇനിയും എന്തൊക്കെ തെളിവുകളാണ് നിങ്ങൾക്ക് ഞാൻ തരേണ്ടത് ?
ഞാനൊരു സത്യമാണെന്ന് ഇനിയെങ്കിലും നിങ്ങൾ പറയൂ..
(ഹാരിസ്)@ Nallezhuth😊

പ്രാന്തിപ്പെണ്ണ്

 Image may contain: 1 person, beard
അച്ഛൻ മരിച്ച അന്ന് വൈകുന്നേരമാണ് അവൾ ആദ്യമായി നെല്ലിമരത്തോടു സംസാരിച്ചത്.
"നെല്ലീ..എന്റച്ഛൻ എന്നെ കെട്ടിപ്പിടിച്ചുമ്മ വെക്കുന്നത് നീ ഇടം കണ്ണിട്ട് നോക്കാറില്ലേ?! ...നീ എന്നുമിവിടെ എനിക്ക് കൂട്ടായി ഉണ്ടാവുമെന്ന് പറഞ്ഞാ അച്ഛൻ പോയത് ?.. എന്താ നീ ഒന്നും മിണ്ടാത്തത്? "
നെല്ലിയുടെ ഇളം ചില്ലകൾ കരുവാളിച്ചുപോയ അവളുടെ കവിൾത്തടങ്ങൾ ഒരു കാറ്റിനാൽ തഴുകുകയും കണ്ണുകളിൽ ആർദ്രമായി ഉമ്മ വെക്കുകയും ചെയ്തു... അവളുടെ കണ്ണുകളിൽ ചിരിയുടെ ചുവപ്പ് ഒരു കടലായി പരന്നൊഴുകി.
ആകെയുള്ള ഒന്ന് ആൺകുട്ടി അല്ലാതെയായതിൽ തന്നോട് കണക്ക് തീർക്കുന്ന അമ്മക്കുള്ള അവളുടെ മറുപടി കൂടിയായിരുന്നു അത്.
രാത്രിയിൽ നിറഞ്ഞു കത്തുന്ന വൈദ്യുതി വെളിച്ചത്തിൽ ഇരുട്ടായിപ്പോയ അവളുടെ മുറിയുടെ ജനൽപ്പാളികൾ തുറന്നു വെച്ചാൽ കേൾക്കത്തക്ക ദൂരത്തിലായിരുന്ന ചെമ്പകത്തിനോട് അവൾ സംസാരിച്ചു തുടങ്ങിയത് ഒരു മഴ പെയ്യുന്ന രാത്രിയിലായിരുന്നു.. ഒന്നും ആരോടും മിണ്ടാനില്ലാത്ത ഒരു രാത്രിയിൽ, ഒരു കേൾവിക്കാരും ഉണർന്നിരിക്കാത്ത ഒരു രാത്രിയിൽ, ഒരു കൂട്ടിനായി കൊതിച്ച ഒരു രാത്രിയിൽ അവൾ ചെമ്പകച്ചില്ലകളോട് മധുരമായി സംസാരിച്ചു.
ഒപ്പം കളിച്ച, ഒന്നിച്ചു പഠിച്ച കൂട്ടുകാരി പിണങ്ങിപ്പോയ ഒരു ഞായറാഴ്ച ദിവസമായിരുന്നു അവൾ ആദ്യമായ് പരൽ മീനുകളോട് സംസാരിച്ചത്. പറമ്പിന്റെ മൂലക്കുള്ള കുളപ്പടവിലിരുന്നു കണങ്കാലുകൾ വെള്ളത്തിലേക്ക് ഇറക്കിവെച്ചിരുന്നപ്പോൾ അവൾ കണ്ട സ്വപ്നം മുഴുവൻ തലതല്ലിച്ചിരിച്ചു കൊണ്ട് കൊച്ചു മീനുകൾ കേട്ടു
"ഒറ്റക്ക് സംസാരിക്കുന്ന പെണ്ണ്..പ്രാന്തിപ്പെണ്ണ്."
അവളുടെ അമ്മയുടെ സംസാരം വെള്ളം കോരുന്ന കയറുപോലെ എന്നും ഈ രണ്ടു വാക്കുകളിൽ ഇറങ്ങിയും കയറിയുമിരുന്നു.
അങ്ങിനെ ഒരു ദിവസം അവൻ വന്നു. അവൾ കൺപുരികം ഉയർത്തി ഒരു കൂസലുമില്ലാതെ അവനോട് ചോദിച്ചു :
“മുറ്റത്തുള്ള ഈ നെല്ലിമരത്തിന്റെ, തൊടിയിലെ ചെമ്പകത്തിന്റെ, കുളപ്പടവിൽ കണ്ണും നട്ടിരിക്കുന്ന പരലുകളുടെ, വേലിക്കപ്പുറത്തുള്ള അതിരാണിക്കാടുകളുടെ, അതിനുമതിനും അപ്പുറമുള്ള മഴമേഘങ്ങളുടെ സ്നേഹം നിനക്ക് നല്കാൻ പറ്റുമോ ? “
അവൻ ഒട്ടും തന്നെ ആലോചിക്കാതെ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു:
ചെമ്പകമായി നിന്റെ ചുണ്ടുകളിൽ പുല്ലാംകുഴൽ മീട്ടാം...
നിന്റെ കാൽ വിരൽത്തുമ്പുകളിൽ പരല്മീനായി ഇക്കിളി കൂട്ടാം....
മഴമേഘങ്ങൾ പോലെ നിന്നിൽ എന്നും പെയ്യാം പക്ഷെ.." നിർത്താതെ ആഞ്ഞുവീശിക്കൊണ്ടിരിക്കുന്ന നെല്ലിമരച്ചില്ലകളെ അവൻ ഭയപ്പാടോടെ നോക്കി.
"ഉം...പറ്റില്ല ല്ലേ?!" അവൾ അവന്റെ കണ്ണുകളിൽ നോക്കിക്കൊണ്ടു പറഞ്ഞു: "ഈ നെല്ലിമരം എന്നും എന്റെ മൂർദ്ധാവിൽ മൃദുവായി ഉമ്മ വെക്കും..എന്റെ എല്ലാ വേദനകളെയും കഴുകിക്കളയും.. പറ്റുമോ നിനക്ക് ?"
അവൻ വീണ്ടും നെല്ലിയെ നോക്കി...പിന്നെ അവളുടെ നേരെ തന്റെ വിരലുകൾ നീട്ടി...കൈവിരലുകളിൽ കൈ വിരലുകൾ കോർത്തു അവർ നെല്ലിയുടെ ചുവട്ടിൽ ഇരുന്നപ്പോൾ അതിന്റെ ചില്ലകളിൽ നിന്നും പച്ച നിറമുള്ള കണ്ണീരിലകൾ അവരുടെ മൂർദ്ധാവിലേക്ക് പെയ്തു.
അവൾ അവനോടു ചേർന്നു നിന്നു. ചെമ്പകം അവളുടെ നെഞ്ചിലേക്ക് ഒരു കുടം കൊതിപ്പൂക്കൾ വാരിയിട്ടു..
ദൂരെ ഇളം പച്ച നിറത്തിലുള്ള കുന്നിൽ മുകളിൽ മഹാഗണി മരങ്ങൾക്ക് മീതെ നക്ഷത്രങ്ങൾ പെയ്യാൻ തുടങ്ങിയപ്പോൾ കറാമ്പൂവിന്റെ മണമുള്ള മഞ്ഞ് മടിച്ചു മടിച്ചു പിൻവാങ്ങി..മഞ്ഞിനെ പുണർന്നു വന്ന മഴയുടെ മുടിയിഴകളിൽ നിന്നും കാറ്റ് പിന്നെയും പിന്നെയും കുളിര് കടം ചോദിച്ചു..
പാതിവഴിയിലായിപ്പോയ ഒരു പനന്തത്ത പ്രാണൻ മീട്ടി….
അവൾ ചിരിച്ചു - പിന്നെ അവനും…..
ഇന്ന്, അവൾ ചെമ്പകത്തിന്റെ, അതിരാണിയുടെ, പരൽ മീനുകളുടെ ഭാഷ മറന്നു പോയിരിക്കുന്നു..
ഒരു ഭാഷ മാത്രമേ അവൾക്കോർമയുള്ളൂ...
അതവന്റെ ഭാഷയാണ്....
അവനും ഒരു ഭാഷ മാത്രമേ അറിയൂ - അതവളുടെ ഭാഷയാണ്..
(ഹാരിസ്)

ഭാര്യയെ പ്രണയിക്കാൻ

Image may contain: 1 person, beard

അങ്ങിനെയിരിക്കെ ഒരു ദിവസം പറങ്ങോടൻ ഭാര്യയെ പ്രണയിക്കാൻ തീരുമാനിച്ചു. പതിനഞ്ചു കൊല്ലം മുൻപുള്ള പ്രണയം പോരത്രേ ഇപ്പോൾ ഭാര്യമാരോട്. ഫേസ് ബുക്ക് പ്രണയം തന്നെ പഠിക്കണം. അല്ലെങ്കിൽ പെണ്ണ് ചിലപ്പോൾ പാടവരമ്പ് ചാടിപ്പോകുമത്രേ. ഇതിപ്പോ എങ്ങിനെയാ തുടങ്ങുക?
അനുഭവ സമ്പന്നരിൽ നിന്ന് പാഠങ്ങൾ പഠിക്കുന്നത് ഒരു തെറ്റല്ലല്ലോ. അങ്ങിനെയാണ് ഓൺലൈനിൽ ഒൻപത് കാമുകിമാരെ വരെ ഒരേ സമയം മേച്ചു നടന്നിരുന്ന "പയ്യനായ" സുഹൃത്തിന്റെ ഉപദേശം തേടിയത്.
" പറങ്ങു ചേട്ടാ....സങ്കല്പ ശാസ്ത്രം മുതൽ ശരീര ശാസ്ത്രം വരെ നീണ്ടു പരന്നു കിടക്കുന്ന ഒരു കോഴ്സാണ് അത്..എന്തായാലും ഒന്നാം പാഠം പറയാം." “പയ്യൻ” വാചാലനായി -
ജോലിക്കിടയിൽ ഇടയ്ക്കിടെ ചേച്ചിയുമായി ചാറ്റ് നടത്തുക. കുറച്ചു റൊമാന്റിക് ആയിക്കോട്ടെ. നേരിട്ടുള്ളതിനേക്കാൾ തീവ്രത കൂടും. “
അവൻ പറഞ്ഞാൽ അപ്പച്ചനും അപ്പിയിടും.
അങ്ങിനെ, ജോലിക്കിടയിൽ പറങ്ങോടൻ കെട്ട്യോൾക്ക് സാധാ കൊടുക്കുന്ന വിളികളായ "ശോഭ "യും "എടീ" യും ഇല്ലാതെ ഒരു മെസ്സേജ് അയച്ചു.
"മുത്തേ ... ഹായ് "
"വരുമ്പോൾ ഒരു കോഴി വാങ്ങിക്കണം" - അവളുടെ മറുപടി
" ചക്കരെ ...നിന്റെ മൂക്കിൻ തുമ്പിന് എന്താ ഭംഗി !" അടുത്തത് തൊടുത്തു.
"നാലു ദിവസമായി പച്ചമുളക് തീർന്നിട്ട്...തക്കാളിയും വേണം" അവൾ
"മോളെ ...നിനക്ക് മുല്ലപ്പൂവ് വേണോ? "
"അരിപ്പൊടിയും അനാർക്കലി ബ്രാൻഡ് വെളിച്ചെണ്ണയും" അവൾ.
അരിശം പൂണ്ട പറങ്ങോടന്റെ വിരലുകൾ പിന്നെ നിയന്ത്രണം വിട്ടു
"എടീ....കഴുതേ...നീ ഒരു പെണ്ണാണോ? "
മറുപടിക്ക് കാത്തു നിൽക്കാതെ പറങ്ങോടൻ സ്വന്തത്തോട് പതിനാലു തെറികൾ പറഞ്ഞു നെറ്റ് ഓഫാക്കി.
വീട്ടിലെത്തി കടിച്ചു കീറാൻ നോക്കുന്ന പറങ്ങോടനെ നോക്കി ശാന്തമായി പുഞ്ചിരിച്ചു കൊണ്ട് ശോഭ പറഞ്ഞു:
"മുത്ത്, ചക്കര, മലര്, തേന്, പൂവ്, കായ,കൊടച്ചക്രം ഒക്കെ അങ് FB യിൽ പോയിപ്പറഞ്ഞാൽ മതി. .അതിനൊക്കെ ഇപ്പോൾ മലയാളത്തിൽ വല്ല അർത്ഥവും ഉണ്ടോ മനുഷ്യാ ?! "
അവൾ പറഞ്ഞത് സത്യം. ഭാഷയെ വ്യഭിചരിക്കുന്ന വഷളന്മാർ! കണക്ക് മാഷിനെ പണ്ട് കല്ലെടുത്തെറിഞ്ഞ തന്നെ വിളിക്കുന്നത് ഇവിടെ "മാഷെ " എന്ന്. "ചേച്ചി...ചേച്ചി " എന്ന് വിളിച്ചു അവസാനം "ഇനി ചേച്ചിക്ക് ചേട്ടനെന്തിനാ ... ഞാനില്ലേ.." എന്ന് പറയുന്ന "അനിയനും" ഇവിടെ.
അതുപോട്ടെ…ഇനി ആരോടും ചോദിക്കേണ്ട ..ഗൂഗ്ൾ ചെയ്തു നോക്കാം ...ഹോ... ഭാര്യയെ പ്രണയിക്കാൻ എന്തോരം ടിപ്സുകളാണ് ! അതിൽ എളുപ്പമുള്ള ഒന്ന് പറങ്ങോടൻ തെരെഞ്ഞെടുത്തു.
പറങ്ങോടൻ പമ്മി പമ്മി വീട്ടിൽ കയറി...ഭാര്യ അടുക്കളയിലാണ്.. പറ്റിയ അവസരം.. ഒരു കുതിപ്പിന് അവളെ പിന്നിലൂടെ പോയി കണ്ണ് പൊത്തി കഴുത്തിൽ തുരെ തുരെ ഉമ്മ വെച്ചു..
"ന്റമ്മോ ... " ഭയന്നു വിറച്ച അവൾ തന്നെ മൂടിയ കൈ കടിച്ചു പൊട്ടിച്ചു. കുതറി മാറി നോക്കിയപ്പോൾ വേദന കൊണ്ട് പുളയുന്ന സ്വന്തം ഭർത്താവിനെ കണ്ടു ഞെട്ടി.
"കള്ള് കുടിച്ചാൽ പള്ളയിൽ വെക്കണം കാലമാട..അല്ലേൽ എന്നെയങ് കൊല്ല്."
വിഷണ്ണനായി വേദനയിൽ വിങ്ങി പറങ്ങോടൻ ഒരു പാട്ടു പാടി.. കെട്ട്യോന്റെ പതിവില്ലാത്ത പാട്ടു കേട്ട് ശോഭ ചിരിച്ചുപോയി..അവൾ ചോദിച്ചു :
"ഏട്ടാ .....ശരിക്കും നിങ്ങളുടെ പ്രശ്നം എന്താ ?"
ഇനി സത്യം തുറന്നു പറയുന്നതാണ് നല്ലതെന്നു പറങ്ങോടനും തോന്നി.
"ശോഭേ ...എനിക്ക് നിന്നെ സ്നേഹിക്കണം...ഈ ഫെയ്സ് ബുക്കിൽ പ്രണയിക്കുന്നത് പോലെ പ്രണയിക്കണം.."
"അപ്പോൾ ഇതുവരെ നിങ്ങൾക്ക് എന്നോട് സ്നേഹമുണ്ടായിരുന്നില്ല അല്ലെ? എല്ലാം അഭിനയം ആയിരുന്നു ല്ലേ? അതെ, കുറേയെണ്ണം ഉണ്ടല്ലോ അവിടെ സ്നേഹിക്കാൻ…” ശോഭ മൂക്ക് ചീറ്റി.
പരീക്ഷണങ്ങൾ ഓരോന്നും പരാജയത്തിന്റെ പടുകുഴിയിലേക്ക് പതിക്കുന്ന ആ നിമിഷം പറങ്ങോടൻ പതിനഞ്ചു വർഷം മുൻപുള്ള "പ്രണയം" വീണ്ടു ഓർത്തെടുക്കാൻ ശ്രമിച്ചു :
"ഡീ....എരുമക്കുട്ടീ...നിനക്ക് വായിൽ രുചിയുള്ള വല്ലതും ഉണ്ടാക്കാൻ അറിയുമോടീ..."
"എരുമ നിങ്ങളുടെ അമ്മയാണ് ……”
"എന്താടീ നീ എന്റെ അമ്മയെ പറയുന്നത് ?..നിന്റെ വീട്ടുകാർക്ക് വല്ല വിവരോം ഉണ്ടോ ? "
"എന്റെ വീട്ടുകാരെപ്പറ്റി പറഞ്ഞാൽ ...."
അപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് അവളെ ഒരു ചാടിപ്പിടുത്തം പിടിച്ചു. മുക്ര ഇടുന്ന കാളക്കുട്ടനെപ്പോലെ അവൾ കുതറി ...കോപത്താൽ ചുവന്ന അവളുടെ കവിളുകൾ പ്രണയത്തിന്റെ കുങ്കുമ നിറത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടാൻ പിന്നെ അധിക സമയം വേണ്ടി വന്നില്ല.
"നിങ്ങളെന്താ ആലോചിക്കുന്നത് ? " ശോഭയുടെ ചോദ്യം കേട്ടപ്പോൾ പറങ്ങോടൻ ഞെട്ടിയുണർന്നു. അവൾ മെല്ലെ അയാളുടെ തലയിൽ തടവി.
"കല്യാണം കഴിഞ്ഞ സമയത്തുള്ള ഏട്ടന്റെ പ്രണയം - അത് മതി എനിക്ക് എന്നും...നിങ്ങൾ പ്രണയത്തോടെ വിളിക്കുന്ന "എരുമക്കുട്ടിയും" "പോത്തും" ആണ് നാട്യത്തോടെ വിളിക്കുന്ന "ചക്കര"യെക്കാൾ എനിക്കിഷ്ടം..പിന്നെ എല്ലാ പെണ്ണും ഭർത്താവിന്റെ കൊച്ചു വർത്തമാനങ്ങൾ, സാമീപ്യം ഒക്കെ എന്നും ആഗ്രഹിക്കുന്നവരാണ്.. പക്ഷെ എത്ര നല്ല വിത്തായാലും നിലം നന്നായി ഒരുക്കിയില്ലെങ്കിൽ വിളയില്ല എന്ന് പറഞ്ഞതുപോലെ ആദ്യം അവളെ മാനസികമായി ഒരുക്കി നിർത്തണം..അപ്പോൾ എല്ലാ ടിപ്സും പ്രണയം കൊണ്ട് തുളുമ്പും....”
ശോഭ പറങ്ങോടന്റെ നെഞ്ചിലേക്ക് ചാഞ്ഞു...ഗൂഗിൾ ചെയ്യാതെ തന്നെ അയാൾ അവളെ പ്രണയിക്കാൻ തുടങ്ങി...
പെട്ടെന്ന് “ഓൺലൈൻ പയ്യന്റെ" മെസ്സേജ്.
"പറങ്ങു ചേട്ടാ...രണ്ടാമത്തെ സ്റ്റെപ്പ് വേണ്ടേ ?"
നീ പോ ചെറുക്കാ ..ഇവിടെ പത്തൊമ്പതും കഴിഞ്ഞിരിക്കുകയാ !
(ഹാരിസ്)

കൊഞ്ഞനം കുത്ത്

Image may contain: 1 person, beard
നാലു വയസ്സുള്ള മോളോട് "കൊഞ്ഞനം കുത്ത് " അറിയോ എന്ന് ചോദിച്ചപ്പോൾ "ഇല്ലന്ന് " മറുപടി. ചെയ്തു കാണിച്ചു കൊടുത്തപ്പോൾ അവൾ ചിരിയോടു ചിരി.
ഉടനെ ഞാൻ അടുക്കളയിൽ കപ്പ ബിരിയാണി ഉണ്ടാക്കുകയായിരുന്ന ആഭ്യന്തര മന്ത്രിയെ വിളിച്ചു വരുത്തി :
"നീ എന്താ മോൾക്ക് ഇത്രയും കാലമായിട്ട് കൊഞ്ഞനം കുത്ത് പഠിപ്പിച്ചു കൊടുക്കാതിരുന്നത് ? എനിക്കിപ്പം രേഖാമൂലം മറുപടി കിട്ടണം. പെൺകുട്ടിയായാൽ അത് പഠിച്ചിരിക്കണം"
പാവാടപ്രായമുള്ള പെൺകുട്ടികൾ കൊഞ്ഞനം കുത്തുന്നത് കാണാൻ നല്ല ഭംഗിയാണ്. ഒരു കൈ കൊണ്ട് കസവ് ഞൊറികൾ കൂട്ടിപ്പിടിച്ച്, കണ്ണുകൾ കുപ്പിഗ്ലാസ്സ് പോലെ കൂർപ്പിച്ച്, ചുണ്ടുകൾ ചിരവകളാക്കി ആൺകുട്ടികളുടെ മുന്നിലേക്ക് ഉറഞ്ഞുതുള്ളുന്ന ഈ മനോഹര നാടൻ കലാരൂപം ബാല്യ-കൗമാര കുസൃതികളുടെ കീറിപ്പോയ കടലാസു താളുകളിൽ ഒരു കൂട്ടം മയിൽപ്പീലികൾക്കൊപ്പം എവിടെയോ ഉണ്ടാവണം.
എന്‍റെ ചിന്തയെ മാന്തി മുറിച്ചു മന്ത്രിയവൾ എന്‍റെ മോന്തക്ക് നേരെ ചീറി :
"നിങ്ങൾ ഈ നാട്ടിൽ തന്നെയാണോ ജീവിക്കുന്നത്?! പെൺകുട്ടികൾ കൊഞ്ഞനം കുത്തും കൊത്തം കല്ലും അല്ല ഇപ്പോൾ പഠിക്കേണ്ടത്. കത്തിക്കുത്തും കരാട്ടെയുമാണ്..ഇന്നോവയിൽ പിടിച്ചു കയറ്റിയാൽ എങ്ങിനെ ചാടി രക്ഷപ്പെടണം എന്നാണ്.....”
ശരിയാണല്ലോ അവൾ പറഞ്ഞത്…ആണുങ്ങള്‍ തന്നെയല്ലേ കാരണം?
ഇലകൾ വീണുറങ്ങുന്ന ഇടവഴികളിലും ഇടവപ്പാതിയിൽ ഈറനണിഞ്ഞു നിൽക്കുന്ന പാടവരമ്പിലും ഇപ്പോൾ ഈ കൊഞ്ഞനം കുത്തിനെ കാണാൻ കിട്ടുന്നില്ല..കണ്ടത് മുഴുവൻ മുതിർന്നവരുടെ മുഖംകുത്തുകളായിരുന്നു.
അത് പറഞ്ഞപ്പോഴാണ് പുതുപ്പെണ്ണിന്റെ നാണം നുണയുന്ന മിഴികൾ ഞാൻ ഓർത്തുപോയത്. നാണത്തിൽ നനഞ്ഞൊലിച്ച പുതുപ്പെണ്ണിനെ കവിതകളിൽ പോലും ഇപ്പോൾ കാണാനില്ല .."Arranged Marriage " എന്ന് പുരോഗമിസ്റ്റുകൾ പേരിട്ടു വിളിക്കുന്ന "ഒറിജിനൽ വിവാഹം" പോലും ഒരു കൊല്ലവും രണ്ടു കൊല്ലവും മുന്നേ ഉറപ്പിക്കുന്ന ഈ കാലത്ത് പെണ്ണിന്റെയും ആണിന്റെയും "നാണം" മിക്കവാറും ആ കാലയളവില്‍ മൊബൈൽ ഫോൺ കൊണ്ടുപോയിക്കാണും. അങ്ങിനെ വിവാഹ ദിവസത്തെ ഒരു "അൺറൊമാന്റിക്" ദിനമാക്കി മാറ്റുന്ന വേളയിൽ പെണ്ണിന്റെ “നാണം” അന്വേഷിച്ചു ചെല്ലുന്നവർക്ക് സെൽഫിക്കിലുക്കങ്ങളുടെ ഇടയിലുള്ള അവളുടെ പൊട്ടിച്ചിരി കണ്ടു മടങ്ങാം.
ഒരു പോയിന്റ്‌ നഷ്ടത്തില്‍ ക്ലോസ് ചെയ്ത എന്‍റെ വിലസൂചിക ഉയര്‍ത്താന്‍ കിട്ടിയ അവസരം വിടാതെ ഞാന്‍ വീണ്ടും ഭാര്യയെ വിളിച്ചു:
"കൊഞ്ഞനം കുത്ത് വേണ്ട..നാണം നിറയുന്ന മാന്മിഴിക്കണ്ണുകളുള്ള ഒരു മണവാട്ടിയെ എങ്കിലും നീ എനിക്ക് കാണിച്ചു തരുമോ? "
”അത് നിങ്ങള്‍ പറയുന്നത് ചിലപ്പോള്‍ ശരിയായിരിക്കും. ..പക്ഷെ അതിനും കാരണക്കാര്‍ നിങ്ങള്‍ പുരുഷന്മാര്‍ തന്നെയാണ്.. വിരിയാന്‍ പോകുന്ന പൂവിനെ മൊട്ടില്‍ തന്നെ നുള്ളിക്കൊല്ലുന്നത് പോലെ നാണിച്ചു തല താഴ്ത്തി നടന്നു പോകുന്നവളെ ഓടിച്ചിട്ട്‌ പിഴിഞ്ഞു കുടിക്കുന്നു നിങ്ങളില്‍ ചിലര്‍. തല താഴ്ത്തി പോകുന്ന ഒരാണിനെ ഒളിച്ചിരുന്നു മാനഭംഗം ചെയ്ത ഏതെങ്കിലുമൊരു പെണ്ണിനെ കാണിച്ചു തരാന്‍ പറ്റുമോ ? “
ഞാന്‍ അവളെ അല്പം ഭീതിയോടെ നോക്കി. മൂന്ന് നേരം അടുക്കളയില്‍ കയറുന്ന ഇവള്‍ക്ക് ഇത്രയും ചിന്താ ശക്തിയോ?
“തീര്‍ന്നില്ല ....” അവള്‍ തുടരുകയാണ്..
“പുഴകളുടെ ചേലചുറ്റുകള്‍ ഉരിഞ്ഞുരിഞ്ഞു അവരെ നാണം കെടുത്തി, അവരുടെ കൊലുസ്സുകള്‍ അഴിച്ചു മാറ്റി. ആര്‍? പുരുഷന്മാര്‍”
“കുന്നുകളെ തോന്നിയതുപോലെ ഭോഗിച്ചു എന്നിട്ടവസാനം അവരെ നഗ്നരാക്കി ഉപേക്ഷിച്ചു. ആര്‍? പുരുഷന്മാര്‍ “
“തീര്‍ന്നില്ല....”
ങേ ?! ഇവള്‍ക്ക് കവിതയും അറിയുമോ? ഞാന്‍ ഇതുവരെ അറിഞ്ഞില്ലല്ലോ. പുഴ പോലെ ഒഴുകാന്‍ പോവുന്ന ഇവളെ അണകെട്ടി നിര്‍ത്തിയേ തീരൂ
”ഒന്ന് നിര്‍ത്തിയേ...ഇപ്പോള്‍ ഞങ്ങള്‍ എന്താ ചെയ്യേണ്ടതെന്ന് പറഞ്ഞാലും “
“നിങ്ങള്‍ പുരുഷന്മാര്‍ ആദ്യം നാണം പഠിക്കണം. ...ലജ്ജ പെണ്ണിനേക്കാള്‍ മുന്നേ ആണിന് വേണം. . പുരുഷന് ലജ്ജ ഉണ്ടായാല്‍ പെണ്ണിന് അത് അലങ്കാരമായി കൂടെവരും...”
അവള്‍ കൊണ്ടുവെച്ച ചൂടുള്ള കപ്പ ബിരിയാണി വായിലേക്കിട്ടു ഞാന്‍ അണ്ണാക്കില്‍ തൊടാത്ത ഒരു ഉത്തരം പറഞ്ഞു :
“ബ്ഹെ...ഹാ..ബ്ഹെ..ഹാ...”
“അപ്പോള്‍ കൊഞ്ഞനം കുത്തും നാണം കുണുങ്ങുന്ന കണ്ണുകളും ?!”
“അത് കാണണമെങ്കിൽ അടുത്ത ചിങ്ങ മാസത്തിൽ നടക്കുന്ന കിങ്ങിണി പൂച്ചയുടെ കല്യാണം വരെ കാത്തുനിൽക്കണം.” അവള്‍ പറഞ്ഞു നിര്‍ത്തി.
(ഹാരിസ്)

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo