
നാലു വയസ്സുള്ള മോളോട് "കൊഞ്ഞനം കുത്ത് " അറിയോ എന്ന് ചോദിച്ചപ്പോൾ "ഇല്ലന്ന് " മറുപടി. ചെയ്തു കാണിച്ചു കൊടുത്തപ്പോൾ അവൾ ചിരിയോടു ചിരി.
ഉടനെ ഞാൻ അടുക്കളയിൽ കപ്പ ബിരിയാണി ഉണ്ടാക്കുകയായിരുന്ന ആഭ്യന്തര മന്ത്രിയെ വിളിച്ചു വരുത്തി :
"നീ എന്താ മോൾക്ക് ഇത്രയും കാലമായിട്ട് കൊഞ്ഞനം കുത്ത് പഠിപ്പിച്ചു കൊടുക്കാതിരുന്നത് ? എനിക്കിപ്പം രേഖാമൂലം മറുപടി കിട്ടണം. പെൺകുട്ടിയായാൽ അത് പഠിച്ചിരിക്കണം"
പാവാടപ്രായമുള്ള പെൺകുട്ടികൾ കൊഞ്ഞനം കുത്തുന്നത് കാണാൻ നല്ല ഭംഗിയാണ്. ഒരു കൈ കൊണ്ട് കസവ് ഞൊറികൾ കൂട്ടിപ്പിടിച്ച്, കണ്ണുകൾ കുപ്പിഗ്ലാസ്സ് പോലെ കൂർപ്പിച്ച്, ചുണ്ടുകൾ ചിരവകളാക്കി ആൺകുട്ടികളുടെ മുന്നിലേക്ക് ഉറഞ്ഞുതുള്ളുന്ന ഈ മനോഹര നാടൻ കലാരൂപം ബാല്യ-കൗമാര കുസൃതികളുടെ കീറിപ്പോയ കടലാസു താളുകളിൽ ഒരു കൂട്ടം മയിൽപ്പീലികൾക്കൊപ്പം എവിടെയോ ഉണ്ടാവണം.
എന്‍റെ ചിന്തയെ മാന്തി മുറിച്ചു മന്ത്രിയവൾ എന്‍റെ മോന്തക്ക് നേരെ ചീറി :
"നിങ്ങൾ ഈ നാട്ടിൽ തന്നെയാണോ ജീവിക്കുന്നത്?! പെൺകുട്ടികൾ കൊഞ്ഞനം കുത്തും കൊത്തം കല്ലും അല്ല ഇപ്പോൾ പഠിക്കേണ്ടത്. കത്തിക്കുത്തും കരാട്ടെയുമാണ്..ഇന്നോവയിൽ പിടിച്ചു കയറ്റിയാൽ എങ്ങിനെ ചാടി രക്ഷപ്പെടണം എന്നാണ്.....”
ശരിയാണല്ലോ അവൾ പറഞ്ഞത്…ആണുങ്ങള്‍ തന്നെയല്ലേ കാരണം?
ഇലകൾ വീണുറങ്ങുന്ന ഇടവഴികളിലും ഇടവപ്പാതിയിൽ ഈറനണിഞ്ഞു നിൽക്കുന്ന പാടവരമ്പിലും ഇപ്പോൾ ഈ കൊഞ്ഞനം കുത്തിനെ കാണാൻ കിട്ടുന്നില്ല..കണ്ടത് മുഴുവൻ മുതിർന്നവരുടെ മുഖംകുത്തുകളായിരുന്നു.
അത് പറഞ്ഞപ്പോഴാണ് പുതുപ്പെണ്ണിന്റെ നാണം നുണയുന്ന മിഴികൾ ഞാൻ ഓർത്തുപോയത്. നാണത്തിൽ നനഞ്ഞൊലിച്ച പുതുപ്പെണ്ണിനെ കവിതകളിൽ പോലും ഇപ്പോൾ കാണാനില്ല .."Arranged Marriage " എന്ന് പുരോഗമിസ്റ്റുകൾ പേരിട്ടു വിളിക്കുന്ന "ഒറിജിനൽ വിവാഹം" പോലും ഒരു കൊല്ലവും രണ്ടു കൊല്ലവും മുന്നേ ഉറപ്പിക്കുന്ന ഈ കാലത്ത് പെണ്ണിന്റെയും ആണിന്റെയും "നാണം" മിക്കവാറും ആ കാലയളവില്‍ മൊബൈൽ ഫോൺ കൊണ്ടുപോയിക്കാണും. അങ്ങിനെ വിവാഹ ദിവസത്തെ ഒരു "അൺറൊമാന്റിക്" ദിനമാക്കി മാറ്റുന്ന വേളയിൽ പെണ്ണിന്റെ “നാണം” അന്വേഷിച്ചു ചെല്ലുന്നവർക്ക് സെൽഫിക്കിലുക്കങ്ങളുടെ ഇടയിലുള്ള അവളുടെ പൊട്ടിച്ചിരി കണ്ടു മടങ്ങാം.
ഒരു പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്ത എന്‍റെ വിലസൂചിക ഉയര്‍ത്താന്‍ കിട്ടിയ അവസരം വിടാതെ ഞാന്‍ വീണ്ടും ഭാര്യയെ വിളിച്ചു:
"കൊഞ്ഞനം കുത്ത് വേണ്ട..നാണം നിറയുന്ന മാന്മിഴിക്കണ്ണുകളുള്ള ഒരു മണവാട്ടിയെ എങ്കിലും നീ എനിക്ക് കാണിച്ചു തരുമോ? "
”അത് നിങ്ങള്‍ പറയുന്നത് ചിലപ്പോള്‍ ശരിയായിരിക്കും. ..പക്ഷെ അതിനും കാരണക്കാര്‍ നിങ്ങള്‍ പുരുഷന്മാര്‍ തന്നെയാണ്.. വിരിയാന്‍ പോകുന്ന പൂവിനെ മൊട്ടില്‍ തന്നെ നുള്ളിക്കൊല്ലുന്നത് പോലെ നാണിച്ചു തല താഴ്ത്തി നടന്നു പോകുന്നവളെ ഓടിച്ചിട്ട് പിഴിഞ്ഞു കുടിക്കുന്നു നിങ്ങളില്‍ ചിലര്‍. തല താഴ്ത്തി പോകുന്ന ഒരാണിനെ ഒളിച്ചിരുന്നു മാനഭംഗം ചെയ്ത ഏതെങ്കിലുമൊരു പെണ്ണിനെ കാണിച്ചു തരാന്‍ പറ്റുമോ ? “
ഞാന്‍ അവളെ അല്പം ഭീതിയോടെ നോക്കി. മൂന്ന് നേരം അടുക്കളയില്‍ കയറുന്ന ഇവള്‍ക്ക് ഇത്രയും ചിന്താ ശക്തിയോ?
“തീര്‍ന്നില്ല ....” അവള്‍ തുടരുകയാണ്..
“പുഴകളുടെ ചേലചുറ്റുകള്‍ ഉരിഞ്ഞുരിഞ്ഞു അവരെ നാണം കെടുത്തി, അവരുടെ കൊലുസ്സുകള്‍ അഴിച്ചു മാറ്റി. ആര്‍? പുരുഷന്മാര്‍”
“കുന്നുകളെ തോന്നിയതുപോലെ ഭോഗിച്ചു എന്നിട്ടവസാനം അവരെ നഗ്നരാക്കി ഉപേക്ഷിച്ചു. ആര്‍? പുരുഷന്മാര്‍ “
“തീര്‍ന്നില്ല....”
ങേ ?! ഇവള്‍ക്ക് കവിതയും അറിയുമോ? ഞാന്‍ ഇതുവരെ അറിഞ്ഞില്ലല്ലോ. പുഴ പോലെ ഒഴുകാന്‍ പോവുന്ന ഇവളെ അണകെട്ടി നിര്‍ത്തിയേ തീരൂ
”ഒന്ന് നിര്‍ത്തിയേ...ഇപ്പോള്‍ ഞങ്ങള്‍ എന്താ ചെയ്യേണ്ടതെന്ന് പറഞ്ഞാലും “
“നിങ്ങള്‍ പുരുഷന്മാര്‍ ആദ്യം നാണം പഠിക്കണം. ...ലജ്ജ പെണ്ണിനേക്കാള്‍ മുന്നേ ആണിന് വേണം. . പുരുഷന് ലജ്ജ ഉണ്ടായാല്‍ പെണ്ണിന് അത് അലങ്കാരമായി കൂടെവരും...”
അവള്‍ കൊണ്ടുവെച്ച ചൂടുള്ള കപ്പ ബിരിയാണി വായിലേക്കിട്ടു ഞാന്‍ അണ്ണാക്കില്‍ തൊടാത്ത ഒരു ഉത്തരം പറഞ്ഞു :
“ബ്ഹെ...ഹാ..ബ്ഹെ..ഹാ...”
“അപ്പോള്‍ കൊഞ്ഞനം കുത്തും നാണം കുണുങ്ങുന്ന കണ്ണുകളും ?!”
“അത് കാണണമെങ്കിൽ അടുത്ത ചിങ്ങ മാസത്തിൽ നടക്കുന്ന കിങ്ങിണി പൂച്ചയുടെ കല്യാണം വരെ കാത്തുനിൽക്കണം.” അവള്‍ പറഞ്ഞു നിര്‍ത്തി.
(ഹാരിസ്)
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക