Slider

ഒരു ദീർഘയാത്രയുടെ അന്ത്യം.

0
Image may contain: 1 person, sunglasses
കിഴക്ക് വെള്ളകീറിത്തുടങ്ങിയിയിരുന്നു. വലിയ വളവ് തിരിഞ്ഞ് ബസ്സ് കുത്തനേയുള്ള കയറ്റം കയറാൻ തുടങ്ങി. 
രാത്രിയിൽ പെയ്ത മഞ്ഞിന്റെ ശേഷിപ്പുകൾ, പച്ചിലകളിൽ ഉരുണ്ടുകൂടി കിടന്നിരുന്നു.
ഈ കരിമ്പടം ഇല്ലായിരുന്നുവെങ്കിൽ,തണുത്ത് വിറച്ച ഈ യാത്ര അതിന്റെ അന്ത്യത്തിലെത്തും മുൻപ് തന്നെ അവസാനിപ്പിക്കേണ്ടി വന്നേനേ.  
അസഹ്യമായ തണുപ്പിൽപ്പെട്ട് വിറച്ചപ്പോൾ എനിക്ക് കമ്പളിപുതപ്പ് സമ്മാനിച്ച് വഴിയിലിറങ്ങിപ്പോയ ആ സഹയാത്രികനെ നന്ദിയോടെ ഞാൻ സ്മരിച്ചു.
സൂര്യരശ്മികൾക്ക് കടുപ്പമേറി വന്നു. 
നേർത്ത പുകമഞ്ഞ് പടർന്നുനിന്ന കുന്നിൻചെരുവിൽ ആടുകളും,മാടുകളും മേയുന്നുണ്ട് . 
കന്നുകൾക്ക് പിന്നാലെ പായുന്ന കുട്ടികൾ!!
അവർ ബസ്സിനരികിലേക്ക് ഓടിയെത്തുമ്പോൾ  കീറിയ കൂപ്പായത്തിനുള്ളിൽ വാരിയെല്ലുകൾ താളമിടുന്നു.
എനിക്കെന്തോ വല്ലായ്മ തോന്നി. 
നാണയത്തുട്ടുകൾക്ക് വേണ്ടി നാടോടികൾ ദൂരദേശത്തു നിന്നും കട്ടു കൊണ്ട് വന്ന്, നാട്ടിലെ മാഫിയകൾക്ക് വിറ്റതായിരിക്കാം. അതുമല്ലെങ്കിൽ.ഉദരത്തിലെ പിറപ്പിന്റെ പടച്ചോൻ കൈ മലർത്തിയപ്പോൾ അഭിമാനം കാക്കാൻ തെരുവിലുപേക്ഷിച്ചവരുടെ മക്കളായിരിക്കാം.
ഇവരൊക്കെ വളരുമ്പോൾ എന്തായിത്തീരും? 
ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങൾ,മനസ്സിൽ വീണുരുകി. 
കാഞ്ഞിരക്കോലുമായി കന്നിനെ മേയ്ക്കാൻ നടക്കുന്ന കുട്ടികൾ കാഴ്ച്ചക്കപ്പുറം മറഞ്ഞു. 
തണുപ്പുള്ള കാറ്റ് മുഖത്തേക്ക് വന്നടിക്കാൻ തുടങ്ങി. നല്ല സുഖം. ഞാൻ സീറ്റിലേയ്ക്ക് തല ചായ്ച്ച് കണ്ണുകളടച്ചു.
തൂവെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് ആ പെൺകുട്ടി കാവൽ മാലാഖയുടെ പിന്നിൽ നിന്നും എന്റെ കൺ മുൻപിലേയ്ക്ക് കടന്നു വന്നു.
ചോദ്യങ്ങൾ ചോദിക്കാൻ അവൾ വളർന്നിരിക്കുന്നു. ചോരക്കുഞ്ഞായിരിക്കുമ്പോൾ അഗതിമന്ദിരത്തിലേൽപിച്ച അവൾ വളരേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി. കാലം എന്റെ മനസ്സിൽ അവശേഷിപ്പിച്ചു പോയ മുറിപ്പാടുകളിൽ അവളുടെ ചോദ്യങ്ങൾ  ആഞ്ഞുതറച്ചു .
ബസ്സ് ഏതോ കുഴിയിൽ വീണ് കയറിയപ്പോൾ ഞാൻ മിഴികൾ തുറന്നടച്ചു. 
വല്ലാത്ത സ്വപ്നംതന്നെ .
================================
"മോളുട്ടിയുടെ സ്ക്കൂൾ ഫീസ് കൊടുക്കേണ്ട സമയമായിട്ടോ?'' ഭാര്യയുടെ പതിവ് പല്ലവി കേട്ട് ഞാൻ ഇരുത്തിയൊന്ന് മൂളി.
അയൽവീട്ടിലെ ശാരദച്ചേച്ചിയുടെ മക്കളെ സ്വകാര്യ സ്ക്കൂളിൽ വിട്ട് പഠിപ്പിക്കാൻ തീരുമാനിച്ചപ്പോൾ മുതൽ,  മകൾ പഠിച്ചുകൊണ്ടിരുന്ന സർക്കാർസ്കൂളിന്റെ കുറ്റവും കുറവും ഭാര്യ പറയാൻ തുടങ്ങിയിരുന്നു.
"ഗൾഫ് കാരന്റെ ഭാര്യ ആഗ്രഹിക്കുന്നപ്പോലെ,നാട്ടിലെ ടാക്സിഡ്രൈവറുടെ ഭാര്യ ആഗ്രഹിക്കാൻ പാടുണ്ടോ.? " ഞാൻ പറഞ്ഞു നോക്കി.
ഒരാഴച്ചത്തേയ്ക്ക് മൂക്ക് ചീറ്റലുംപിഴച്ചലുമായി ഭാര്യ ആക്രമണം തുടർന്നു.
"അമ്പതു കൊല്ലത്തെ രാജ്യത്തിന്റെ ചരിത്രമെടുത്ത് പരിശോധിച്ചാൽ, സർക്കാർ സ്കൂളിൽ പഠിച്ചവരാണ് ഭാരതത്തിന്റെ പരമോന്നത പദവികൾ അലങ്കരിച്ചിരിക്കുന്നത്. എന്നിട്ടും ആളുകളെന്തിനാണ് സ്വകാര്യസ്‌കൂളിന്റെ പിന്നാലെ പരക്കം പായുന്നത്? " എവിടെയോ വായിച്ചറിഞ്ഞ കാര്യം, ഞാൻ ഓർത്തെടുത്ത് ഭാര്യയെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു. 
 ഭാര്യയുടെ കടുംപിടുത്തത്തിനു മുൻപിൽ,എന്റെ അറിവ് നിഷ്പ്രഭമായി. അവസാനം ഞാൻ കീഴടങ്ങി. 
 ശാരദച്ചേച്ചിയുടെ മക്കളോടൊ പ്പം സ്വകാര്യസ്‌കൂളിലേക്ക് മകളെ യാത്രയാക്കിത്തുടങ്ങിയതോടെ ഒരാഴ്ച്ചയായി കത്രികപ്പൂട്ടിട്ടു വെച്ചിരുന്ന എന്റെ ദാമ്പത്യം വീണ്ടും യാത്രയാരംഭിച്ചു.
കടം പിന്നെയും പെറ്റുപെരുകി. പലിശക്കാരൻ ശശിയേട്ടൻ എന്റെ തൊടിയിൽ നോട്ടമിട്ട്  നോട്ടുകെട്ടുകൾ തന്നുകൊണ്ടേയിരുന്നു.
  ജീവിതം ഇങ്ങനെയാണ് . 
തുരുമ്പെടുത്തുതുടങ്ങിയ ജീപ്പിന്റെ ഡ്രൈവർ സീറ്റിലിരുന്ന്, ഞാൻ വണ്ടിയെ അട്ടിപ്പായിച്ചുകൊണ്ടേയിരുന്നു . കുടുബത്തിന്റെ ഭാരം വലിക്കാൻ വിധിക്കപ്പെട്ട് കാടുംമേടും കയറിയിറങ്ങിയ ആ പ്രായം ചെന്ന വണ്ടി വഴിയരുകിൽ പല തവണ നിന്നു കിതച്ചു.
മകളുടെ സ്കൂൾ ഫീസിൻ്റെ  കാര്യമാലോചിച്ച് വണ്ടിയിലിരിക്കുമ്പോഴായിരുന്നു ഫോൺ ശബ്ദിച്ചത്. 
മറുതലക്കൽ ചന്ദ്രേട്ടനായിരുന്നു. 
അയാളുടെ മുതലാളിയുടെ ഭാര്യയ്ക്ക് സുഖമില്ല പോലും; ജീപ്പുമായി ഒന്നവിടം വരെ ചെല്ലാൻ ചന്ദ്രേട്ടൻ പറഞ്ഞു.
രണ്ടോ,മൂന്നോ കാറുകളുള്ള വീട്ടിൽ എന്തിനാണ് പുറത്തു നിന്നും വാടകക്ക് ഒരു വണ്ടി? 
വെറുതേ തോന്നിയ  സംശയം ഞാൻ ഇടയ്‌ക്കെപ്പോളോ തല്ലിക്കെടുത്തി.

"രണ്ടു ദിവസമായി തുടങ്ങിയ വയറുവേദനയാണ്, ഇതുവരെയും മാറിയിട്ടില്ല. " 
കാഴ്ചയിൽ യൗവ്വനം  വിട്ടു മാറാത്ത ആ സ്ത്രീ, ജീപ്പിൽ കയറിയപ്പോൾ മുതൽ നിലവിളിക്കാൻ തുടങ്ങി. 
അവരുടെ വയറിന് അല്‌പം വലിപ്പമുള്ളത് പോലേ തോന്നി.
ഒരു സാന്ത്വനവാക്ക് പറയുവാനോ,അവരെ ഒന്ന് ആശ്വസിപ്പിക്കാനോ, കൂടെയുണ്ടായിരുന്ന അവരുടെ ഭർത്താവ് മിനക്കെട്ടില്ല.
അയാൾക്ക് മാത്രം അറിയാവുന്ന ഏതോ ഒരു വികാരത്തിനടിമപ്പെട്ട് പുറത്തേയ്ക്ക് നോക്കി അയാൾ മൂകനായിരുന്നു.
ചന്ദ്രേട്ടൻ ആ സ്ത്രീയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് കണ്ടു.
മുരണ്ടു കൊണ്ടിരുന്ന വണ്ടി പെട്ടെന്ന് നിന്നു. റോഡിനെ പഴിച്ചു കൊണ്ട് ധൃതിയിൽ താക്കോലിൽ പിടിച്ചു തിരിക്കാൻ ഒരുങ്ങിയപ്പോഴായിരുന്നു ഒരു കുഞ്ഞിന്റെ കരച്ചിൽ ഞരക്കത്തിലേയ്ക്ക് വഴിമാറുന്നതു ഞാൻ കേട്ടത്. 
ഞെട്ടി, പിൻസീറ്റിലേക്ക് നോക്കിയ ഞാൻ,അവിടെത്ത് കാഴ്ച്ച കണ്ട് ഞാൻ ഉറക്കെ വിളിച്ചു.
"ചന്ദ്രേട്ടാ"
എന്റെ ഒച്ച കേട്ടതും, ആ ചോരക്കുഞ്ഞിന്റെ കഴുത്തിൽ നിന്നും വെപ്രാളപ്പെട്ട് ആ സ്ത്രീ പിടിവിട്ടു.
ശ്വാസം കിട്ടാതെ പിടഞ്ഞ ആ കുഞ്ഞ്, കഴുത്ത് സ്വതന്ത്രമായപ്പോൾ  ദീർഘശ്വാസം വലിച്ച് പുറത്തേയ്ക്ക് വിട്ടു,
ഒരു സ്വപ്നത്തിലെന്ന പോലെ എല്ലാം കണ്ടു കഴിഞ്ഞപ്പോൾ എന്നിൽ ഒരു സംശയം മാത്രം ബാക്കിയായി. 
എന്തിനുവേണ്ടി ആ സ്ത്രീ താൻപെറ്റ കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചു?
തളർന്നവശയായ ആ സ്ത്രീയും അവരുടെ ഭർത്താവും ചേർന്ന് എൻ്റെ  മുന്നിൽ തൊഴുകൈകളുമായി നിന്നു. അല്പദൂരത്ത് ചന്ദ്രേട്ടനും!!

അവർ എന്റെ മുന്നിലേയ്ക്ക് മോഹനവാഗ്ദാനങ്ങൾ വച്ചു നീട്ടി. സ്ഥിരം ജോലി; അതു വേണ്ടെങ്കിൽ ചോദിക്കുന്ന കാശ് തരും. പ്രത്യുപകാരമായി ഒരു ചെറിയ കാര്യം മാത്രം. വണ്ടിയിൽ പെറ്റതും, ആ ചോരക്കുഞ്ഞിനെ ആരും കാണാതെ വഴിയിലുപേക്ഷിക്കുന്നതും പുറംലോകം അറിയാതെ സൂക്ഷിക്കണം.
അവർക്ക് നിസാരമെന്ന് തോന്നിയ കാര്യങ്ങൾ എനിക്കുൾക്കൊള്ളാൻ കഴിഞ്ഞില്ല.
എന്റെ മോൾക്കൊരു ചെറിയപനി വന്നാൽപ്പോലും ഇടനെഞ്ച് പിടക്കുന്ന ഞാൻ വേറൊരു കുഞ്ഞിനെ  ഉപേക്ഷിക്കാൻ കൂട്ട് നില്ക്കാനോ?
കാശിനല്പം ബുദ്ധിമുട്ടുണ്ടെങ്കിലും ഇക്കണ്ട കാലമത്രയും വ്യക്തിത്വം പണയപ്പെടുത്താതെ ജീവിച്ചു. 
തുടർന്നും ഒരു മനുഷ്യനായി ജീവിക്കുമെന്ന് മനസ്സിലുറപ്പിച്ച് വണ്ടി തൊട്ടടുത്ത പോലിസ്സ്റ്റേഷന്റെ മുമ്പിൽ  നിർത്തി.  
പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനോട്  കാര്യംപറഞ്ഞു.
ജീപ്പിനകത്തേയ്ക്ക് നോക്കിയ അയാൾ തളം കെട്ടിക്കിടക്കുന്ന രക്തം കണ്ട് അന്ധാളിച്ചു നിന്നു. സ്ഥലകാലബോധം വീണ്ടെടുത്തപ്പോൾ, നേരിൽ ബോദ്ധ്യപ്പെട്ട കാര്യം മേലുദ്യോഗസ്ഥനെ ധരിപ്പിക്കാൻ വെപ്രാളപ്പെട്ട് അയാൾ അകത്തേയ്ക്ക് പോയി .
ആ സ്ത്രീ ഉടുത്തിരുന്ന വെള്ളസാരി ചുവന്ന കടും നിറത്തിൽ മുങ്ങിയിരുന്നു. ആർത്തവ രക്തത്തിൽ പോലും വിശുദ്ധി കാണുന്ന ഞാൻ, അന്ന് ആദ്യമായി ഒരു സ്ത്രീയുടെ രക്തത്തിൽ അശുദ്ധിയെ കണ്ടു ഭയപ്പെട്ടു. 
ഭ്രഷ്ട് കല്പിക്കേണ്ട കോടാനുകോടി അണുക്കൾ, സാരിത്തുമ്പിൽ കൂടി നിലത്തേയ്ക്ക് ഊർന്നിറങ്ങി എന്നെ നോക്കിച്ചിരിച്ചു.
ആ പോലീസ്സ്റ്റേഷന്റെ ചുമരുകൾക്കകത്ത് വാദപ്രതിവാദങ്ങൾ നടന്നു. 
അവസാനം എന്നെ അമ്പരിപ്പിച്ചു കൊണ്ട് ആ കുഞ്ഞിന്റെ പിതൃത്വം ചന്ദ്രേട്ടൻ ഏറ്റെടുത്തു.  ആ സ്ത്രീയുടെ വിചിത്രസ്വാഭാവിയായ ഭർത്താവ് അപ്പോഴും ജനലഴികളിലൂടെ വിദൂരതയിലേയ്ക്ക് നോക്കി നിശബ്ദനായി നിന്നു.
സമൂഹത്തിനു മുൻപിൽ മാന്യനെന്ന് വിലസിയിരുന്ന ചന്ദ്രേട്ടൻ!
 അയാളുടെ ഭാര്യയും, മക്കളും ഇതറിഞ്ഞാൽ?!
 അകാരണമായൊരു ഭയം എന്നിൽ വന്നു നിറഞ്ഞു. 
പിതൃത്വം  സ്വീകരിച്ച ചന്ദ്രേട്ടനോ, മുലകൊടുക്കാൻ മടിച്ചു നിന്ന ആ സ്ത്രീയോ കുഞ്ഞിനെ വളർത്താൻ ഒരുക്കമായിരുന്നില്ല.
അവരെ നിർബന്ധിച്ച് ഏൽപ്പിക്കാൻ, മനുഷ്യസ്നേഹിയായ ആ പോലീസുകാരനും ഭയപ്പെട്ടു. പെറ്റുവീണപ്പോൾ  കൊലപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെട്ടവർ,ആ ശ്രമം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു.
സമൂഹത്തിന് മുമ്പിൽ മാന്യരെന്ന്, പെയ്മുഖം കെട്ടിയാടിയവരുടെ പണത്തിൻെറയും, സ്വാധീനത്തിന്റെയും മുമ്പിൽ കേവലം ഒരു പോലീസുക്കാരന് എന്തുചെയ്യാൻ കഴിയും; അഗതിമന്ദിരത്തിൽ ആ കുഞ്ഞിനെ ഏൽപ്പിക്കാമെന്ന വ്യവസ്ഥ അംഗീകരിക്കുകയല്ലാതെ!!!
തണുപ്പ് തീരെ ഇല്ലാത്ത ഒരു പകലിൽ ആ പോലീസുകാരനോടൊപ്പം കുഞ്ഞിനെയുമെടുത്ത് അന്നാദ്യമായി ആ കുന്ന് ഞാൻ കയറി.
 കൈകാലിട്ടടിച്ച് അവൾ രസിച്ചു, കുഞ്ഞിക്കണ്ണുകൾ തുറന്നു പിടിച്ച് കൗതുകത്തോടെ എന്നെ നോക്കി; കൈകൾ കൊണ്ട് എന്തൊക്കയോ ചേഷ്ടകൾ കാണിച്ചു.
അഗതിമന്ദിരത്തിലെ മാലാഖയുടെ കൈകളിൽ അവളെ ഏൽപ്പിക്കുമ്പോൾ;  നെഞ്ച് പൊട്ടുന്ന വേദനയുമായി അവിടം വിടാൻ തീരുമാനിച്ചപ്പോൾ, വീണ്ടും അവിടെക്ക് പോകുമെന്നോ,അവളെ ഒരു നോക്ക് കാണുമെന്നോ ഒരിക്കൽപ്പോലും  ഞാൻ നിനച്ചിരുന്നില്ല.
കാലം എന്നെ തടവുകാരനാക്കി, ഇടയ്ക്കിടെ അവൾക്ക് മുമ്പിൽ പ്രദർശിപ്പിച്ചുകൊണ്ടിരുന്നു.
 എപ്പോളോ ഒരിക്കൽ ചില  ചോദ്യങ്ങൾ കേട്ട് ഞാൻ പകച്ചു.
"അങ്കിളെന്റെ ആരാണ്? എന്റെ അച്ഛനും, അമ്മയും എവിടെ ? അവരെന്തിനാണ് എന്നെ ഉപേക്ഷിച്ചു പോയത്?"
പിന്നീട് പലയാവർത്തി  ആ ചോദ്യങ്ങൾ ഞാൻ കേട്ടു.
തൃപ്തികരമായ ഒരു മറുപടി പറയാനറിയാതെ അവളുടെ മുമ്പിൽ നിസ്സഹായതയോടെ ഞാൻ  നിന്നു.
============================================
തേയിലത്തോട്ടങ്ങൾക്ക് നടുവിൽ ബസ്സ് വന്നു നിന്നു.
കഴിഞ്ഞു പോയ ദിനങ്ങളുടെ ഓർമ്മകളെയും ചുമന്ന് ഞാൻ നടത്തിയ ദീർഘയാത്ര അവിടെ അവസാനിപ്പിച്ചിറങ്ങി.
വഴിവിജനമായിരുന്നു!!
പേരറിയാത്ത പക്ഷികളുടെ പാട്ടുകളാൽ മാത്രം മുറിക്കപ്പെടുന്ന നിശബ്ദത!!!
വളരെ ചെറുതും, അന്തേവാസികൾ കുറവുള്ളതുമായ ആ അഗതിമന്ദിരത്തിന്റെ പടിവാതിൽ കടന്നപ്പോളേ  ഞാൻ കണ്ടു; ഇത്തിൾക്കണ്ണികൾ നിറഞ്ഞ മരത്തിന്റെ ചോട്ടിൽ, ആരുടെയോ ആഗമനം പ്രതീക്ഷിച്ച് അവൾ ഇരിക്കുന്നു.
എന്നെ കണ്ടതും ആ കണ്ണുകൾ  പ്രതീക്ഷയോടെ തിളങ്ങി. 
എന്റെ കൈയിൽ മുറുകെപ്പിടിച്ച് അവൾ എന്നോടൊപ്പം കുറെസമയം നടന്നു.
ഭയപ്പെടുത്തുന്ന ചോദ്യങ്ങളൊന്നും അവൾ ചോദിക്കാതിരുന്നപ്പോൾ, അഗതിമന്ദിരത്തിലെ മാലാഖയോട്  ഞാൻ ചോദിച്ചു.
" എന്തെങ്കിലും പറ്റിയോ ന്റെ കുട്ടിക്ക്?"
കാത്തിരിപ്പ് വിഫലമാണെന്നും, അവളെ തിരക്കിയൊരിക്കലും അവളുടെ അച്ഛനോ,അമ്മയോ വരില്ലെന്നുള്ള സത്യം അന്തേവാസികളിൽ ആരോ ഒരാൾ പറഞ്ഞ് അവൾ അറിഞ്ഞിരിക്കുന്നു .
 കേട്ടു കഴിഞ്ഞപ്പോൾ ആദ്യം നീരസം തോന്നിയെങ്കിലും, ഓർത്തപ്പോൾ അവർ ചെയ്തതാണ് ശരിയെന്ന് തോന്നി. 
എന്തിനു വേണ്ടിയാണ് ആ കാത്തിരിപ്പ്? 
ഒരിക്കലും വരില്ലെന്ന് ഉറപ്പുണ്ടായിട്ടും വരാത്തവർക്ക് വേണ്ടിയുള്ള അവളുടെ കാത്തിരിപ്പിന് അറുതി വരുമല്ലോ. 
സമാധാനം.
അവളോടെപ്പം ചുറ്റി നടന്നും, കഥകൾ പറഞ്ഞും സമയം സന്ധ്യയോടടുത്തപ്പോൾ  അവളെന്റെ കൈത്തണ്ടയിൽ മുറുകെപ്പിടിച്ചു കൊണ്ട് ചോദിച്ചു.
" അങ്കിളിന്റെ വീട്ടിലേയ്ക്ക് എന്നെയും കൂടെ കൊണ്ടു പോകുമോ?"
 ചോദ്യം കേട്ട് എന്റെ കണ്ണുകൾ ഈറനണിഞ്ഞു.
അവളെ മാറോട് ചേർത്ത് പിടിച്ച് ഞാൻ വിതുമ്പി. 
ഞാൻ അറിഞ്ഞ ആ വേദനകളൊന്നും അറിയാതെ സുഖലോലുപരായി കഴിയുന്ന അവളുടെ അച്ഛനേയും അമ്മയേയും കുറിച്ചോർത്തപ്പോൾ എന്നിൽ അമർഷം പുകഞ്ഞു.
 ബീജം വയറ്റിൽ മുളച്ചു തുടങ്ങുന്നതറിഞ്ഞപ്പോൾ തന്നെ അവർക്കത്  അറുത്തുമാറ്റമായിരുന്നു.
സ്നേഹമെന്ന വികാരത്തിന്റെ സ്പർശന സുഖം നിഷേധിച്ച് തെരുവിലോ, അഗതിമന്ദിരത്തിലോ ഉപക്ഷിക്കുന്നതിനെക്കാളും നല്ലത് ഭ്രൂണഹത്യയാണെന്ന് അന്നെനിക്ക് തോന്നി. 
വീണ്ടും അവൾ ചോദ്യമാവർത്തിക്കുന്നതു കേട്ടപ്പോൾ മറുപടി നല്കാൻ അശക്തനായ ഞാൻ വിദൂരതയിലേയ്ക്ക് നോക്കി മിണ്ടാതെ നിന്നു. 
അപ്പോൾ മൈലുകൾക്കപ്പുറത്തു നിന്നും സംശയദൃഷ്ടിയോടെ എനിക്ക് നേരെ വിരൽ ചൂണ്ടുന്ന ഒരു സമൂഹത്തെ ഞാൻ കണ്ടു. അവർക്കിടയിലൂടെ തല കുമ്പിട്ട് നടക്കുന്ന എന്റെ ഭാര്യയേയും മകളേയും കണ്ടപ്പോൾ അവളെ ചേർത്തു പിടിച്ചിരുന്ന കൈകൾ സാവധാനം ഞാൻ അയച്ചു. ആ സുരക്ഷാകവചം നഷ്ടപ്പെട്ടു പോകുന്നതറിഞ്ഞ് അവൾ എന്നിലേയ്ക്ക് കൂടുതൽ ചേർന്ന് നിന്നു.
അവളുടെ കൈകൾ ബലം പ്രയോഗിച്ച് വിടുവിച്ച്, അവിടെ നിന്നും ഇറങ്ങി നടന്നു.
അന്ധത നടിച്ച് എനിക്കു മുമ്പേ നടന്നുപോയ വഴിപോക്കരുടെ കാല്പാടുകൾ പിൻതുടർന്ന് വഴിതെറ്റാതെ ഞാനും ചുരമിറങ്ങിത്തുടങ്ങി.
********************************
മനു എണ്ണപ്പാടം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo