നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വൈദേഹി - Part 13



രാഹുലിന്റെ വിവാഹത്തിൽ പങ്കെടുത്ത് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ ദുബായിലേക്ക് പറന്ന രാജേഷ് നീണ്ട രണ്ടുവർഷം കഴിഞ്ഞപ്പോഴാണ് നാട്ടിലെത്തുന്നത്.
രാഹുൽ ഇലക്ഷന് എം.എൽ.എ ആകുന്നതിനു മുൻപ് ആഴ്ചയിലൊരിക്കൽ അവർ തമ്മിൽ കോൺടാക്ട് ഉണ്ടായിരുന്നു...എം.എൽ.എ ആയതിനു ശേഷവും ഒന്നു രണ്ടുപ്രാവശ്യം രാജേഷ് വിളിച്ചപ്പോൾ രാഹുൽ ഫോൺ എടുത്ത് വളരെ തിരക്കിട്ടു സംസാരിച്ചിരുന്നു.
രാഹുൽ മന്ത്രി ആയതോടു കൂടി അയാളെ വിളിച്ചാൽ പഴ്സണൽ സെക്രട്ടറി ആയിരിക്കും ഫോൺ എടുക്കുക....രാഹുൽ തിരക്കിലാണ് എന്ന മറുപടി മൂന്നു പ്രാവശ്യം ലഭിച്ചതോടു രാജേഷ് രാഹുലിനെ വിളിക്കാതെയായി.
കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ സാംസ്‌കാരിക വിവരങ്ങളെല്ലാം കൃത്യമായി വീക്ഷിച്ചുകൊണ്ടിരുന്ന രാജേഷ് രാഹുലിന്റെ ഉയർച്ചയിൽ തികച്ചും സന്തോഷവാനായിരുന്നു.
രാഹുൽ അശ്വതിയെ വിവാഹം കഴിച്ചതിൽ അയാൾ ഒട്ടും സംതൃപ്തനല്ലായിരുന്നു. പൊതുവെ ശാന്തനും സൽസ്വഭാവിയും ആയ രാഹുലിന് അശ്വതിയെപ്പോലെയുള്ള ഒരു തലതെറിച്ച പെണ്ണ് ഒരിക്കലും ചേരുകയില്ല എന്ന അഭിപ്രായമായിരുന്നു അയാൾക്കുള്ളത്.
രാഹുലിന് ജയന്തിയെ ഇഷ്ടമാണെന്നുള്ള കാര്യം അറിയാവുന്ന ഏക വ്യക്തിയായിരുന്നു രാജേഷ്. ജയന്തി രാഹുലിനെ വിവാഹം കഴിക്കുവാൻ സാധ്യമല്ല എന്നു രാഹുലുനോട് പറഞ്ഞ ദിവസം രാഹുൽ രാജേഷിന്റെ മുന്നിൽ പൊട്ടിക്കരഞ്ഞിരുന്നു. ഇനി ഒരു വിവാഹം തന്റെ ജീവിതത്തിൽ ഉണ്ടാവുകയില്ല എന്നു പറഞ്ഞ രാഹുൽ വിവാഹിതയാകുന്നു എന്നു കേട്ടപ്പോൾ ഏറ്റവുമധികം സന്തോഷിച്ചത് രാജേഷ് ആയിരുന്നു.
എന്നാൽ രാഹുലിന്റെ വിവാഹത്തിനോടനുബന്ധിച്ചുണ്ടായ ന്യൂജെൻ ആഘോഷങ്ങൾ അശ്വതിയിൽ രാജേഷിനു വെറുപ്പുണ്ടാക്കി...
പാവം രാഹുൽ...കുടുംബജീവിതത്തെക്കുറിച്ച് വ്യക്തമായ പോളിസി ഉള്ള അവന്‌ ബോധമില്ലാത്ത ഒരു പെണ്ണിനെയാണെല്ലോ ഭാര്യയായി ലഭിച്ചത്....പണത്തിന്റെ ഹുങ്കും..
സുന്ദരിയാണെന്നുള്ള ഭാവവും...
ആണുങ്ങളുമായുള്ള കൂട്ടുകെട്ടും..പരിഷ്കാരിയാണെന്നുള്ള ഭാവവും...എല്ലാം...രാജേഷിനു പുച്ഛമായിരുന്നു.
"അവൾ അവനെ ചവിട്ടി മെതിക്കും....ആ പാവം ആത്മഹത്യ ചെയ്യുമോ എന്നാണ് എനിക്ക് സംശയം" രാഹുലിന്റെ വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ രാജേഷ് ഭാര്യയോട് പറഞ്ഞു.
"നിങ്ങളുടെ സുഹൃത്ത് രാഹുൽ അത്ര ശുദ്ധനാണെന്ന് എനിക്ക് അഭിപ്രായമില്ല"രാജേഷിന്റെ ഭാര്യ ഹേമ പറഞ്ഞു.
"ശുദ്ധപാവം....ഞങ്ങളൊക്കെ കുടിച്ചു മറിഞ്ഞപ്പോഴും അവൻ ഒരു തുള്ളി മദ്യം അകത്താക്കിയിട്ടില്ല....പുകവലി ഇല്ല...ഒരു പെൺകുട്ടിയെപ്പോലും കമന്റടിക്കുന്നതു കണ്ടിട്ടില്ല....രാവിലെ എഴുന്നേൽക്കുമ്പോൾ അവന്റെ ജീവിതം പ്രാർത്ഥനയിൽ ആണ് തുടങ്ങുന്നത്"രാജേഷ് പറഞ്ഞു.
"അതൊക്ക നല്ല സ്വഭാവത്തിന്റ അളവുകോൽ തന്നെയാണ്....എന്നാൽ അതുകൊണ്ടുമാത്രം ഒരാൾ നല്ലവനാണ് എന്നു പറയുവാൻ സാധിക്കുന്നതെങ്ങിനെ?" ഹേമ ചോദിച്ചു.
"എനിക്കറിയില്ലേ അവനെ...
മൂന്നുവർഷം ഞങ്ങൾ ഒരുമിച്ചു പഠിച്ചതാണ്" രാജേഷ് പറഞ്ഞു.
"രാജേഷ്....താങ്കൾ ഒരു കഥയില്ലാത്ത മനുഷ്യനാണ്....മിന്നുന്നതെല്ലാം പൊന്നാണ് എന്നു കരുതുന്ന ആൾ...
എന്റെ അഭിപ്രായത്തിൽ രാഹുൽ ഡീപ് ആയ മനുഷ്യനാണ്...."
"ഹേമേ....അതെങ്ങിനെ നിനക്ക് പറയുവാൻ സാധിക്കും?"
"അയാൾ ഒരു പെൺകുട്ടിയെ പ്രേമിച്ചിരുന്നു...അവളെ വിട്ടിട്ട് ഒരു പണക്കാരിയെ വിവാഹം കഴിച്ചു....
അത് ഒരു ഉദാഹരണം മാത്രം...
പിന്നെ അയാൾ ഒരിക്കലും ആരുടെയും മുഖത്തു നേരെ നോക്കി സംസാരിക്കുകയില്ല.."
രാജേഷ് ആലോചിച്ചു നോക്കി..
ശരിയാണ് രാഹുൽതന്നോട് സംസാരിക്കുമ്പോൾപ്പോലും തന്റെ മുഖത്തു നോക്കുന്നത് താൻ കണ്ടിട്ടില്ല...അയാൾ അത്ഭുതത്തോടെ ഭാര്യയെ നോക്കി...എങ്കിലും അയാൾ വിട്ടുകൊടുക്കുവാൻ തയ്യാറല്ലായിരുന്നു.
"ഞാൻ പറഞ്ഞില്ലേ....രാഹുൽ പെണ്ണുങ്ങളുടെ മുഖത്തു നോക്കുകയില്ലെന്ന്"
"അയാൾ ആരുടെ മുഖത്തും നോക്കുകയില്ല.. അയാൾ എന്തോ ഒളിക്കുന്നു എന്നതിനുള്ള സൂചനയാണ് അത് ....ചിലപ്പോൾ നാണം കൊണ്ടും ആകാം... എന്നാൽ അശ്വതിയെ നോക്കൂ..
അവൾ ബ്ലാക്ക് ആൻഡ് വൈറ്റ് ആണ്....അവൾക്കുതോന്നുന്നതു ചെയ്യുവാൻ അവൾ ഒരു മടിയും കാണിക്കുന്നില്ല ..എന്റെ അഭിപ്രായത്തിൽ അശ്വതി വ്യക്തമായ പോളിസി ഉള്ള ഒരു പെൺകുട്ടിയാണ്"
രാജേഷ് ഹേമയെ തുറിച്ചു നോക്കി....വെറുതെയല്ല ഇവൾ ദുബൈയിലെ അറിയപ്പെടുന്ന ഒരു ഡോക്ടർ ആയത്...അയാൾ മനസ്സിലോർത്തു.
ദുബായിൽ ചെന്നിട്ടും രാജേഷും ഹേമയും പലപ്രാവശ്യം രാഹുലിന്റെയും അശ്വതിയുടെയും സ്വഭാവ വിശേഷങ്ങളെക്കുറിച്ചു ചർച്ച ചെയ്തിരുന്നു..
എന്നാൽ രാഹുൽ മന്ത്രിയായി എന്നു കേട്ടപ്പോൾ മുതൽ രാജേഷിനു ഹേമയുടെ അഭിപ്രായത്തോട് ഒരു പരിധിവരെ യോജിക്കേണ്ടി വന്നു.
രാജേഷ് നാട്ടിൽ എത്തിയപ്പോൾ തന്നെ രാഹുലിനെ പലതവണ കോൺടാക്ട് ചെയ്യുവാൻ ശ്രമിച്ചെങ്കിലും അയാൾക്ക്‌ നിരാശ്ശയായിരുന്നു ഫലം.
അയാൾ ഒരു ദിവസം രാഹുലിന്റെ വീട്ടിലെത്തി..
അശ്വതിയും മോളും രാഹുലിനെ ഉപേക്ഷിച്ചു പോയി എന്നും....രാഹുൽ ഇപ്പോൾ തിരുവന്തപുരത്തുനിന്നും നാട്ടിലേക്കു വന്നിട്ട് കുറെ നാളുകൾ ആയെന്നും രാജേഷ് മുത്തച്ഛനിൽ നിന്നും അറിഞ്ഞു.
"അവൾ ഇപ്പോൾ അവളുടെ വീട്ടിൽ ആയിരിക്കും താമസം അല്ലേ?" രാജേഷ് ചോദിച്ചു.
"അല്ല....അവൾ സിറ്റിയിൽ തനിച്ചാണ് താമസിക്കുന്നത്.....നേരത്തെ ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനിയിൽ അവൾ ജോലിക്ക്‌ കയറി" മിസ്സിസ് മേനോൻ പറഞ്ഞു.
രാജേഷ് ഒരു നിമിഷം ചിന്തിച്ചിരുന്നു...മിസ്സിസ് മേനോൻ തുടർന്നു.
"എന്റെ മകന്റെ ജീവിതം തകർത്ത അവൾ ഒരുകാലത്തും ഗതി പിടിക്കുമായില്ല"
"അശ്വതി രാഹുലിനെ ഉപേക്ഷിച്ചിട്ട് പോകുവാൻ എന്താണ് കാര്യം? രാജേഷ് ചോദിച്ചു.
"അവൾക്ക് എന്റെ മകൻ പോരാ...." മിസ്സിസ് മേനോൻ പറഞ്ഞു.
"മോളെ....അങ്ങിനെയൊന്നും പറയരുത്...അവൾക്ക് കുറച്ചു വികൃതിത്തരങ്ങൾ ഉണ്ടായിരുന്നു എന്നുള്ളത് നേരാണ്....പക്ഷെ...
അവൾ സ്നേഹമുള്ളവൾ ആയിരുന്നു" മുത്തച്ഛൻ പറഞ്ഞു.
"അതിന് അവൾ അച്ഛനെ സ്നേഹിച്ചിട്ട് എന്റെ മകനെന്താണ് പ്രയോജനം?" മിസ്സിസ് മേനോൻ മുത്തച്ഛനെ രൂക്ഷമായി നോക്കി.
"രാഹുലിനെ ഒന്ന്‌ വിളിക്കുവാൻ എന്താണ് മാർഗ്ഗം?" രാജേഷ് ചോദിച്ചു.
മിസിസ്സ് മേനോൻ രാഹുലിനെ വിളിച്ചു....രണ്ടു നിമിഷം കഴിഞ്ഞപ്പോൾ മിസ്സിസ് മേനോൻ ഫോൺ രാജേഷിന്റെ കയ്യിൽ കൊടുത്തു.
"ഹാലോ...മിനിസ്റ്റർ സ്പീകിംഗ്....ആരാണ്?"
"ഞാൻ....ഞാൻ...രാജേഷ്....കോളേജിൽ ഒരുമിച്ചു പഠിച്ച രാജേഷ്" രാജേഷ് പറഞ്ഞു.
"രാജേഷ് ...ദുബായിൽ...ജോലിയുള്ള രാജേഷ് ആണോ?" രാഹുൽ ചോദിച്ചു.
"അതേ..."രാജേഷ് വല്ലാതായി..
"ഹാലോ രാജേഷ്....എന്തുണ്ട് വിശേഷങ്ങൾ ഭാര്യക്കും കുട്ടികൾക്കും സുഖം തന്നെയല്ലേ?"
"എനിക്ക് കുട്ടികൾ ഇല്ല"രാജേഷ് പറഞ്ഞു.
"സോറി...രാജേഷ്....ഞാൻ സ്വൽപ്പം തിരക്കിലാണ്..."
"ഞാനും തിരക്കിലാണ്" രാജേഷ് പറഞ്ഞു.
"എന്നാൽ ആയിക്കോട്ടെ...ബൈ...." രാഹുൽ ഫോൺ വെച്ചു.
രാഹുൽ അശ്വതിയുടെ കാര്യം പറഞ്ഞു പൊട്ടിക്കരയും എന്നു പ്രതീക്ഷിച്ച രാജേഷിനു അടിതെറ്റിപ്പോയതുപോലെയാണ് തോന്നിയത്...പണവും അധികാരവും മനുഷ്യനിൽ വരുത്തുന്ന മാറ്റങ്ങൾ ഓർത്ത് രാജേഷ് അത്ഭുതപ്പെട്ടു.
"ഈ ദ്രോഹി ആ പാവം പെണ്ണിനെ ഉപേക്ഷിച്ചതായിരിക്കും..."രാജേഷ് പിറുപിറുത്തു.
അന്ന് വീട്ടിലേക്കു തിരിച്ചുപോകുമ്പോൾ ഹേമക്ക് ഒരു നല്ല മോതിരം വാങ്ങിക്കുവാൻ രാജേഷ് മറന്നില്ല.
ഒരു ദിവസം അവിചാരിതമായി രാജേഷ് അശ്വതിയെ കണ്ടുമുട്ടി.
സിറ്റിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ഹേമയുമൊന്നിച്ചു പോയതാണ് രാജേഷ്..പരിശോധന കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ ബൈക്കിൽ നിന്നും തിടുക്കത്തിൽ ഇറങ്ങി ഹോസ്പിറ്റലിലേക്ക് നടന്ന യുവതിയെ അയാൾക്ക്‌ നല്ല പരിചയം തോന്നി...അയാൾ അവളെ നോക്കി ചിരിക്കുവാൻ ശ്രമിച്ചു.
അവൾ അത് ശ്രദ്ധിക്കാതെ കുറച്ചു മുന്നോട്ട് നടന്നു...രാജേഷ് അവളെ തിരിഞ്ഞു നോക്കി..
അവൾ തിരിച്ചു നടന്നു. അവളുടെ തോളത്തു കിടന്ന കനമുള്ള ഒരു ബാഗ് അവളുടെ ചലനത്തെ തടസ്സപ്പെടുത്തുന്നതായി അയാൾക്ക്‌ തോന്നി.
"പ്രായം കുറെ ആയിട്ടും നിങ്ങളുടെ വായിനോട്ടത്തിനു കുറവൊന്നും ഇല്ലല്ലോ?" ഹേമ ചിരിച്ചുകൊണ്ട് ചോദിച്ചു.
"മിസ്റ്റർ രാജേഷ് അല്ലേ?" യുവതി അടുത്തു വന്നു.
രാജേഷിന് ആളെ ശരിക്കും മനസ്സിലായില്ല.. എങ്കിലും അയാൾ പറഞ്ഞു.
"അതേ..."
"ഞാൻ അശ്വതി...."അവൾ പറഞ്ഞു...."അശ്വതി"
അയാൾ പിറുപിറുത്തു.
"രാഹുലിന്റെ ഭാര്യ?" അയാൾ ചോദിച്ചു...
അവൾ ചിരിച്ചുകൊണ്ട് തലയാട്ടി....
"വാട്ട്‌ എ സർപ്രൈസ്.....അശ്വതിയെ ഇപ്പോൾ കണ്ടാൽ മനസ്സിലാകുകയില്ല...
വല്ലാതെ മാറിയിരിക്കുന്നു"രാജേഷ് പറഞ്ഞു.
"എനിക്ക് രാജേഷിനെ മറക്കുവാൻ സാധിക്കുമോ? എന്നെ ചമ്മന്തി അരക്കുവാൻ പഠിപ്പിച്ച ആളല്ലേ?" അശ്വതി ചിരിച്ചു കൊണ്ട് പറഞ്ഞു.
"മോൾ എന്തു പറയുന്നു?" ഹേമ ചോദിച്ചു.
"മോൾക്ക് ഒരു വയസ്സായി....പേര് അമ്മു... ഡേ കെയറിൽ ആക്കിയിട്ടാണ് ഞാൻ ജോലിക്ക് പോകുന്നത്" അശ്വതി പറഞ്ഞു.
"അശ്വതി ആകെ ക്ഷീണിച്ചുപോയി" രാജേഷ് പറഞ്ഞു.
"ജോലി സ്വൽപ്പം കഠിനമാണ്....റിസൈൻ ചെയ്ത ജോലിയാണ്....തിരിച്ചു കിട്ടിയത് തന്നെ ഭാഗ്യം"അശ്വതി പറഞ്ഞു.
"എനിക്ക് അശ്വതിയുടെയും രാഹുലിന്റെയും ജീവിതം ഇങ്ങനെയായതിൽ വലിയ വിഷമമുണ്ട്" രാജേഷ് പറഞ്ഞു.
അശ്വതി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല..അവൾ അവരോട് യാത്ര പറഞ്ഞു ഹോസ്പിറ്റലിനുള്ളിലേക്കു കയറിപ്പോയി.
"ഇവൾക്ക് ഇവളുടെ അച്ഛന്റെ അടുക്കൽ താമസിച്ചുകൂടെ....ഈ ഭാരം വലിക്കേണ്ട കാര്യമെന്താണ്?"ഭാരമുള്ള ബാഗും തൂക്കി നടന്നു നീങ്ങുന്ന അശ്വതിയെ നോക്കി രാജേഷ് പറഞ്ഞു.
"അവൾ പോകില്ല....ആത്മാഭിമാനം ഉള്ള ഒരു സ്ത്രീയും പോകുമെന്ന് എനിക്ക് തോന്നുന്നില്ല"
ഹേമ പറഞ്ഞു....
" ഇതു ദുരഭിമാനം ആണ്....ആത്മാഭിമാനം അല്ല" രാജേഷ് അത് പറഞ്ഞപ്പോൾ ഹേമ മൗനം പാലിച്ചതേയുള്ളൂ.
രണ്ടു മാസങ്ങൾ കഴിഞ്ഞപ്പോൾ രാജേഷ് ദുബായിലേക്ക് തിരിച്ചു പോയി.
നീണ്ട അഞ്ചു വർഷങ്ങൾക്ക് ശേഷമാണ് രാജേഷ് പിന്നീട് നാട്ടിൽ തിരിച്ചെത്തുന്നത്..
രാഹുലും അശ്വതിയും ഒരു പഴങ്കഥയിലെ രണ്ടു കഥാപാത്രങ്ങളായി അയാളുടെ മനസ്സിന്റെ ഏതോ കോണിൽ അയാൾ സൂക്ഷിച്ചിരുന്നു.
കേരളത്തിൽ ഭരണമാറ്റം വന്നതും. രാഹുൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതും അയാൾ അറിഞ്ഞിരുന്നു. അശ്വതിയുടെ വിവരങ്ങളൊന്നും അയാൾക്ക്‌ ലഭിച്ചിരുന്നില്ല.
ചെല്ലപ്പൻ മാഷിനെയും മകളെയും റെവല്യൂഷനറി പാർട്ടി പുറത്തക്കിയെന്നും. രാഹുൽ വേറെ പാർട്ടിയുണ്ടാക്കുവാനുള്ള ശ്രമത്തിലാണെന്നും അയാൾ പത്രത്തിൽ വായിച്ചിരുന്നു.
നാട്ടിൽ തിരിച്ചു വന്നപ്പോൾ അയാളെ ഏറ്റവും അത്ഭുതപ്പെടുത്തിയത് മെമ്പർ മുകുന്ദന്റെ വളർച്ച ആയിരുന്നു.
അയാൾ ഇന്ന് ഒരു വൻവ്യവസായി ആയി വളർന്നിരിക്കുന്നു.!!!
ഒരു ദിവസം സിറ്റിയിൽ നിന്നും തിരിച്ചു വന്ന രാജേഷ് ഹേമയോടു പറഞ്ഞു.
"ഇന്ന് ഒരു അത്ഭുതം സംഭവിച്ചു."
ഹേമ ആകാംഷയോടെ കാതോർത്തു.രാജേഷ് തുടർന്നു.
"ഞാൻ ഇന്ന് നമ്മുടെ രാഹുലിനെ സിറ്റിയിൽ വെച്ചു കണ്ടു." രാജേഷ് പറഞ്ഞു.
"അയാൾ നിങ്ങളെ കണ്ടപ്പോൾ സംസാരിച്ചോ?" ഹേമ താല്പര്യമില്ലാത്ത മട്ടിൽ ചോദിച്ചു.
"സംസാരിച്ചു...ഇപ്പോൾ അവൻ മന്ത്രയോ എം. എൽ .എ യും ഒന്നും അല്ലല്ലോ....മാത്രമല്ല ജിഷ്ണുചന്ദ്രൻ സംസ്ഥാന പ്രസിഡന്റ്‌ ആയതോടെ അവന്‌ റെവല്യൂഷനറി പാർട്ടിയിൽ പോലും സ്ഥാനമില്ലാതായിരിക്കുന്നു" രാജേഷ് പറഞ്ഞു.
"ഇനി എന്തിനാണ് പാർട്ടിയിൽ സ്ഥാനം?..മന്ത്രിയായിരുന്നപ്പോൾ ധാരാളം പണം ഉണ്ടാക്കിയെന്നാണ് പൊതുജന സംസാരം"
ഹേമ പറഞ്ഞു.
"ആട്ടെ.....അശ്വതിയെ അയാൾ സ്വീകരിച്ചോ? അതോ അയാൾ വേറെ വിവാഹം കഴിച്ചോ?"
അവൾ ചോദിച്ചു.
ഇന്ന് അവൻ എന്നോട് എല്ലാം പറഞ്ഞു....അത് കേട്ടപ്പോൾ അവിശ്വസനീയമായിട്ടാണ് എനിക്ക് തോന്നിയത്" രാജേഷ് പറഞ്ഞു.
"ടെൻഷൻ ആക്കാതെ അയാൾക്ക് എന്തു സംഭവിച്ചു എന്ന് പറയൂ" ഹേമ പറഞ്ഞു.
പറയാം....എല്ലാം പറയാം....ആദ്യം ഒരു ചായ കുടിക്കാം....അതിന് ശേഷമാകാം കഥപറച്ചിൽ"
രാജേഷ് പറഞ്ഞു...ഹേമ ചായയുണ്ടാക്കുന്നതിനായി തിരക്കുപിടിച്ച് അടുക്കളയിലേക്കു നടന്നു.
(തുടരും)
---അനിൽ കോനാട്ട് 
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 8.30 pm
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
Read published parts here ( daily updated) : - https://goo.gl/wqBx8m

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot