നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്നുപെയ്തമഴയിൽ - Part 3


പിറ്റേന്ന്  വർഷ വെളുപ്പിനെ എഴുന്നേറ്റ്  കുളിയും ജപവും കഴിഞ്ഞ്  അടുക്കളയിൽ കയറി കാപ്പി ഉണ്ടാക്കി. സതിയെ വിളിച്ചുണർത്തി കാപ്പി കൊടുത്ത്  അവളും കാപ്പി കുടിച്ചു .ആദിത്തിനുള്ള കാപ്പിക്ക് പുറമെ അവൾ ഒരു കപ്പിൽ കൂടി കാപ്പി എടുത്ത് വച്ചിരുന്നു.അത് കണ്ട് സതി ഒന്നമ്പരന്നു.അവർ വർഷയെ  നോക്കി .അവൾ ഒന്നും അറിയാത്ത ഭാവത്തിൽ പ്രാതൽ തയ്യാറാക്കുകയായിരുന്നു.
ആദിത്  സിറ്റൗട്ടിൽ  ഇരുന്ന് പത്രം  വായിക്കുകയായിരുന്നു .സതി അവന് കാപ്പി കൊണ്ടുപോയി കൊടുത്തു.എന്നിട്ട് വർഷ ചുട്ടുവെച്ചിരുന്ന  ദോശയിൽ നിന്നും രണ്ടെണ്ണം എടുത്ത് ഒരു പാത്രത്തിലാക്കി കറിയും ഒഴിച്ച്  കാപ്പിയുമായി സ്റ്റെയർകേസ് കയറി.വർഷ അവർ പോകുന്നത് നോക്കി നിന്നു.
പ്രാതൽ തയ്യാറാക്കി വർഷ  ഉച്ചയ്ക്ക് ഊണിനുള്ള കറിക്ക് അരിയാൻ  തുടങ്ങിയപ്പോഴാണ് ആദിത് അവൻ  കുടിച്ച കാപ്പിക്കപ്പുമായി അടുക്കളയിലേക്ക് വന്നത്.ഷോർട്സും ടി ഷർട്ടുമായിരുന്നു  അവന്റെ വേഷം.
അവൻ വന്നതറിഞ്ഞിട്ടും വർഷ  അവനെ ശ്രദ്ധിക്കാതെ ജോലികൾ തുടർന്നു .
"പുകഴ്ത്തുവാണെന്ന്  വിചാരിക്കരുത്.കാപ്പി കാൽകാശിന്  കൊള്ളില്ലായിരുന്നു."കപ്പ് പാതകത്തിൽ  വച്ചിട്ട്  ആദിത് വർഷയെ  നോക്കി പറഞ്ഞു.
വർഷ ആ കപ്പ് എടുത്ത് നോക്കി.
"കാൽകാശിന്  കൊള്ളില്ല എന്ന് പറഞ്ഞിട്ട് ഇതിനകത്ത്  ഒരു തുള്ളിപോലും ബാക്കി ഇല്ലല്ലോ?" വർഷ ആ കപ്പെടുത്തത്  കമഴ്ത്തി പിടിച്ചു.അത് കാലിയായിരുന്നു.എന്നിട്ട് അവനെ നോക്കി കളിയാക്കി  ചിരിച്ചു.
"അതുപോലെ ഇന്നലെ പറയുന്നത് കേട്ടു  കറി കൊള്ളില്ലായിരുന്നു എന്ന്.സംഗതി ശരിയായിരിക്കും  എന്ന് വെച്ച് ആ പാത്രം  നോക്കിയപ്പോ അതാരോ നക്കിത്തുടച്ചത്പോലിരിക്കുന്നു..വെള്ളമൊഴിച്ച്  കഴുകേണ്ടി വന്നില്ല അത്ര ക്ലീൻ ആയിരുന്നു."വർഷ കുസൃതിയോടെ ആദിത്തിനെ  നോക്കി ചിരിച്ചു.
ദേഷ്യം കൊണ്ട് ആദിത്തിന്റെ മുഖം ചുവന്നു.
അവൻ അവളുടെ അടുത്തേക്ക് ചെന്നു.
"ഓവർസ്മാർട്ട്  ആവരുത് കേട്ടല്ലോ!" അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ച്  അവൻ പറഞ്ഞു.
"നിങ്ങൾ പറഞ്ഞതിന് ബാക്കി പറഞ്ഞതാണ് സാർ.അതെങ്ങനെ ഓവർസ്മാർട്നെസ്സ് ആകും?ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തി കാണിക്കരുത് കേട്ടോ"വർഷ ഒട്ടും കൂസാതെ അവനെ നോക്കി പറഞ്ഞു.അപ്പോഴേക്കും സതി തിരിച്ചെത്തി .അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
ആദിത്   ഒന്നും മിണ്ടാതെ വർഷയെ  നോക്കി വെളിയിലേക്ക് പോയി.
ആരും പറയാതെ തന്നെ വർഷ താൻ ഇതുവരെ നേരിട്ട്  കാണാത്ത ആ നാലാമതൊരാൾക്കും വേണ്ടി ഭക്ഷണം തയാറാക്കി.സതിയാണ് പാത്രവുമായി മുകൾനിലയിലേക്ക്  പൊയ്ക്കൊണ്ടിരുന്നത്.സതി എപ്പോഴൊക്കെ   മുകൾ നിലയിലെ അടച്ചിട്ട മുറിയിൽ  പോയി  തിരിച്ച്  വന്നാലും അപ്പോഴൊക്കെ അവരുടെ മുഖം കരഞ്ഞ് വീർത്തിരിക്കും . ഒരിക്കൽ ആദിത്  വീട്ടിൽ ഇല്ലാതിരുന്ന സമയത്ത്  സതി മുകളിലേക്ക് ഭക്ഷണം കൊണ്ട് പോയതിനു പിന്നാലെ വർഷയും സതി കാണാതെ അങ്ങോട്ടേക്ക്  കയറി ചെന്നു.സതി മുറിയിൽ കയറി വാതിൽ അടച്ചു.വർഷ  മുറിയുടെ വെളിയിൽ കുറച്ച്  നേരം നിന്നു.സതി തിരിച്ച് ഇറങ്ങിയതും വെളിയിൽ നിൽക്കുന്ന വർഷയെ  കണ്ട് അമ്പരന്നു...
"ഞാൻ ഒന്ന് കയറി കണ്ടോട്ടെ അമ്മെ?" വർഷ അവരോട് ചോദിച്ചു.
"അകത്ത് ആരാണെന്ന് വെച്ചാ കുട്ടി ഈ ചോദിക്കുന്നത്?"സതി കണ്ണുകൾ തുടച്ച് ചോദിച്ചു.
"ഇവിടെ നിന്നും ഒരു സ്ത്രീയുടെ അലർച്ച ഞാൻ കേട്ടിരുന്നു.ആദിത്  സാറിന്റെ  അമ്മ മരിച്ചുപോയി എന്ന് സതിയമ്മ പറഞ്ഞായിരുന്നല്ലോ.അപ്പൊ അമ്മ അല്ല.സാർ  കല്യാണം കഴിച്ചിട്ടുമില്ല.അപ്പൊ ഭാര്യ ആകാൻ വഴിയില്ല.പിന്നെ ഉള്ളത് സാറിന്റെ ഒരേ ഒരു പെങ്ങൾ ആണ്.പ്രിയ.അവർ അല്ലെ അകത്ത് ?" വർഷ സതിയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
സതി ഒന്നും മിണ്ടാതെ എന്ത് പറയണം എന്നറിയാതെ നിന്നു.
"മോന് പെങ്ങളുണ്ടെന്നൊക്കെ വർഷയ്ക്കെങ്ങനെ  അറിയാം?"സതി സംശയത്തോടെ വർഷയെ  നോക്കി.
"സാറിന്റെ മുറി അടിച്ചുവാരാൻ  കയറിയപ്പോ ഒരു ഫോട്ടോ കണ്ടിരുന്നു..വെറുതെ ഒരു സംശയം ചോദിച്ചതാണ്.അപ്പോ സത്യമാണല്ലേ?അകത്ത് പ്രിയേച്ചി ആണല്ലേ?" വർഷ ആവേശത്തോടെ ചോദിച്ചു.
"കുട്ടി ഇതൊന്നും മോൻ കേൾക്കെ പറയരുത്.ഞാൻ പറഞ്ഞുതന്നതാണെന്നേ മോൻ വിചാരിക്കു ." സതി അപേക്ഷപോലെ പറഞ്ഞു.
"ഇനി അമ്മ പോകുമ്പോ ഞാനും കൂടി വന്നോട്ടെ ?" വർഷ വീണ്ടും ചോദിച്ചു.
"ഞാൻ അല്ലാതെ ആരും ഈ മുറിയിൽ കയറാറില്ല മോളെ.മറ്റാരെ കണ്ടാലും വയലന്റ്  ആകും.ചിലപ്പോ ഉപദ്രവിക്കും." സതി വിഷമത്തോടെ പറഞ്ഞു.
"ഞാൻ ശ്രദ്ധിച്ചോളാം  അമ്മെ.ഞാൻ ഇപ്പൊ ഒന്ന് കയറി കണ്ടോട്ടെ?" വർഷ വീണ്ടും കെഞ്ചി.
"അകത്തെന്താ സർക്കസ്  നടക്കുന്നുണ്ടോ കയറി കാണാൻ?" മുകളിലേക്ക് വന്ന ആദിത്  വർഷയെ  രൂക്ഷമായി നോക്കി.
വർഷയും സതിയും  ഞെട്ടിത്തിരിഞ്ഞ് ആദിത്തിനെ  നോക്കി.അവൻ  വന്നത് അവർ അറിഞ്ഞിരുന്നില്ല."ഭാരിച്ച കാര്യങ്ങളൊന്നും നീ അന്വേഷിക്കരുത് എന്ന് സതിയാന്റി ആദ്യമേ പറഞ്ഞിരുന്നല്ലോ. അതനുസരിച്ച് നിൽക്കാമെങ്കിൽ മാത്രം നിന്നാൽ മതി ഇല്ലെങ്കിൽ ഇപ്പൊ ഇറങ്ങിക്കോണം! " ആദിത്  കർശനമായി പറഞ്ഞു.
സതി മുറി പൂട്ടി താക്കോലെടുത്ത് താഴേക്കിറങ്ങി.
വർഷ ആദിത്തിനെ  നോക്കി  സതിയുടെ കൂടെ പെട്ടന്ന് താഴേക്കിറങ്ങി.ആദിത്  അവളെ തന്നെ നോക്കി നിന്നു .
പിറ്റേന്ന് സതി മുകളിലേക്ക് പോയ സമയം വർഷയും  കൂടെ ചെന്നു .
"ചേച്ചിക്ക് ഭക്ഷണം ഞാൻ കൊണ്ടുപോയി കൊടുത്തോട്ടെ  അമ്മെ?" വർഷ ചോദിച്ചു.
"കുട്ടി എന്ത് ഭ്രാന്താ ഈ പറയുന്നത്?മോനറിഞ്ഞാൽ നിന്നെ കൊല്ലും!" സതി ഭീതിയോടെ  പറഞ്ഞു.
"മോൻ അറിഞ്ഞാൽ അല്ലെ?അറിയ്യാതെ അമ്മ നോക്കിയാൽ മതി." വർഷ പറഞ്ഞു.
"ഇല്ല കുട്ടി ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്.കുട്ടി താഴേക്ക് പോക്കോളു." സതിയും കർക്കശമായി  തന്നെ  പറഞ്ഞു.
വർഷ പതിയെ താഴേക്ക് പോവാൻ തുടങ്ങി.പിന്നീട് അവൾ മുകൾ നിലയിലെ ആദിത്തിന്റെ  മുറി വൃത്തിയാകാൻ കയറിയ സമയം സതി പ്രിയയുടെ മുറിയിൽ നിന്നും ഇറങ്ങുകയായിരുന്നു.പെട്ടെന്ന് അവർക്ക് തലചുറ്റുന്നത് പോലെ തോന്നി.സതി  പെട്ടെന്ന് വർഷയെ വിളിച്ചു.വർഷ അവരെ താങ്ങിപ്പിടിച്ച് ആദിത്തിന്റെ മുറിയിൽ കൊണ്ടുപോയി കിടത്തി.അവർക്ക് കുടിക്കാൻ വെള്ളം കൊടുത്തു.കുറച്ച് നേരം അവരോടു അവിടെ  കിടന്നുകൊള്ളാൻ പറഞ്ഞിട്ട് വർഷ ജോലി തുടർന്നു .അപ്പോഴാണ് അവൾ അത് ശ്രദ്ധിച്ചത്.സതി പ്രിയയുടെ മുറി പൂട്ടിയിട്ടില്ല .താക്കോൽ കൂട്ടം വാതിലിൽ തന്നെ കിടക്കുന്നു .ഇതുതന്നെ പറ്റിയ അവസരം! അവൾ ഒച്ചയുണ്ടാക്കാതെ പതിയെ അങ്ങോട്ട്  നടന്നു.പാതി തുറന്നുകിടന്നിരുന്ന വാതിലിൽ കൂടി അകത്ത്  കയറി. ആ മുറിയിൽ ഇരുട്ടായിരുന്നു.ലൈറ്റ് സ്വിച്ച് എവിടെയാണെന്ന് കണ്ടുപിടിക്കാൻ അവൾക്ക് കുറച്ചുസമയം വേണ്ടി വന്നു .ലൈറ്റ് ഓൺ ആക്കാൻ കൈ നീട്ടിയതും എന്തോ ഭാരമുള്ള വസ്തു തലയിൽ വന്നിടിച്ചത് മാത്രം അവൾക്കോർമ്മയുണ്ട് .വർഷ  ബോധം  കേട്ട് വീണു!
ഉണർന്നെഴുനേൽക്കുമ്പോൾ അവൾ ആദിത്തിന്റെ മുറിയിൽ കട്ടിലിൽ കിടക്കുകയാണ് . കട്ടിലിൽ അവളുടെ അടുത്ത്  സതി ഇരിക്കുന്നു.അവളെ നോക്കി ആദിത്തും ദേഷ്യത്തോടെ തൊട്ടടുത്ത്  തന്നെ നിൽക്കുന്നു.
അവനെ കണ്ടതും വർഷ പെട്ടെന്ന്  കട്ടിലിൽ നിന്നെഴുനേൽക്കാൻ തുടങ്ങി.പക്ഷെ തലയ്ക്ക് നല്ല ഭാരം !അവൾ തല പൊത്തിപ്പിടിച്ച്  വീണ്ടും കിടന്നു.
"നിന്നെ ഞാനും സതിയാന്റിയും ആ മുറിയിൽ കയറുന്നതിന് വിലക്കിയിട്ടുള്ളതാണ്.എന്ത് ധൈര്യത്തിലാണ്  ഞങ്ങളുടെ വാക്ക് ധിക്കരിച്ച് നീ അവിടെ കയറിയത്?"ആദിത് ദേഷ്യം കൊണ്ട് ഉറഞ്ഞുതുള്ളി.
വർഷ ഒന്നും മിണ്ടാതെ പേടിയോടെ പതിയെ കട്ടിലിൽ നിന്നും എഴുന്നേറ്റു.
"വേദനയുണ്ടെങ്കിൽ കുറച്ചുകൂടി കിടന്നോളു കുട്ടി" സതി പറഞ്ഞു.
"വേണ്ട അമ്മെ.ഞാൻ താഴേക്ക് ചെല്ലട്ടെ." അവൾ അവിടെ നിന്നും രക്ഷപെടാനായി പറഞ്ഞു.
"നിന്നോട് ചോദിച്ചതിന് ഉത്തരം പറഞ്ഞിട്ട് പോയാൽ മതി." ആദിത്  അവളുടെ കൈയിൽ പിടിച്ചു.
"സോറി.മുറി തുറന്ന് കിടക്കുന്നത് കണ്ടപ്പോ ആകാംഷ അടക്കാൻ വയ്യാതെ അറിയാതെ കയറിപ്പോയതാണ് .." വർഷയുടെ കണ്ണുകൾ നിറഞ്ഞുവന്നു.
"വിട്ടേക്ക് മോനെ.വർഷ ഇനി അങ്ങനെ ചെയ്യില്ല ." സതി ആദിത്തിനോട്  പറഞ്ഞു.അവൻ അവളുടെ കൈയിലെ പിടിവിട്ടു.
വർഷ താഴേക്ക് ഇറങ്ങിപ്പോയി.
അവളുടെ മുറിയിൽ  ചെന്നിരുന്ന് അവൾ ബാഗിൽ നിന്നും അവളുടെ ഫോൺ എടുത്തു.അതിൽ ആരുടെയോ ഫോട്ടോ എടുത്ത് കുറച്ച് നേരം  അതിൽ നോക്കി ഇരുന്നു.പതിയെ അവളുടെ  കണ്ണുകൾ നിറഞ്ഞുവന്നു.ആരും കാണാതെ അവൾ അതും നെഞ്ചോട് ചേർത്ത് ശബ്ദമടക്കിപ്പിടിച്ച് കരഞ്ഞുകൊണ്ടേയിരുന്നു..

പിറ്റേന്ന് രാവിലെ  സതി എഴുന്നേറ്റ്  അടുക്കളയിൽ ചെന്നപ്പോൾ വർഷ എഴുന്നേൽക്കുന്നെ  ഉണ്ടായിരുന്നുള്ളു.
"തലയ്ക്ക് വേദന ഇപ്പഴും  ഉണ്ടോ മോളെ?" സതി ചോദിച്ചു.
"ഉണ്ട് അമ്മെ.കുറഞ്ഞുവരുന്നതേ ഉള്ളു.അതാ എഴുന്നേൽക്കാൻ  താമസിച്ചത്.ഞാൻ ഇപ്പൊ കുളിച്ച് വന്നിട്ട് എല്ലാം തയ്യാറാക്കാം."വർഷ  കുളി കഴിഞ്ഞ് അടുക്കളയിലെത്തി.
"ഇന്നലെ പ്രിയേച്ചി ആണോ അമ്മെ എന്നെ അടിച്ചത്?" വർഷ സതിയോട് തിരക്കി.
അവർ ഒന്നും മിണ്ടിയില്ല.
അവർ പ്രാതലും കാപ്പിയുമായി  മുകളിലേക്ക് പോവാൻ തുടങ്ങി.
"കുട്ടി മോന്റെ മുറി ഒന്ന് തൂത്ത് തുടയ്ക്കാമോ ?ഇന്നലെ മോൾ അത് ചെയ്തോണ്ടിരുന്നതിനിടയ്ക്കല്ലേ  എനിക്ക് വയ്യാതായത്..മുകളിൽ നിന്ന് വന്നിട്ട് ഞാൻ ചോറും കൂട്ടാനും  വെച്ചോളാം.മുറി വൃത്തിയായി കിടന്നില്ലെങ്കിൽ മോന് ദേഷ്യമാണ് ." സതി അവളോട് പറഞ്ഞു..
"ഞാൻ ചെയ്യാം അമ്മെ." വർഷ പറഞ്ഞു.
അല്ലെങ്കിലും എന്ത് കാര്യത്തിനാണ്  മോന് ദേഷ്യം വരാത്തത്..കാപ്പി നന്നായില്ലെന്ന്  പറഞ്ഞ് ദേഷ്യം.കഴിക്കാൻ ഉണ്ടാക്കികൊടുക്കുന്നതിനു മുഴുവൻ കുറ്റം.ഇങ്ങോട്ട് ഓരോന്ന് പറഞ്ഞ് മനുഷ്യനെ ദേഷ്യം പിടിപ്പിച്ചിട്ട് അതിന്  മറുപടി എന്തെങ്കിലും പറഞ്ഞാൽ ഓവർസ്മാർട്നെസ്സും.വല്ലാത്ത സാധനം തന്നെ ! വർഷ മനസ്സിൽ പറഞ്ഞു.
അവൾ മോപ്പും ബക്കറ്റും ലോഷനും എടുത്ത് മുകളിലേക്ക് കയറി.
ആദിത് അവന്റെ  റൂമിലെ സോഫയിൽ പുറം തിരിഞ്ഞ് ഇരിക്കുകയായിരുന്നു.ലാപ്ടോപ്പ് എടുത്ത് മടിയിൽ വെച്ചിരിക്കുന്നു.ചെവിയിൽ ഒരു ഹെഡ്‍ഫോണും ഉണ്ട്.വർഷ  വന്നത് അവൻ അറിഞ്ഞിരുന്നില്ല .
"സാർ " വർഷ പതിയെ  വിളിച്ചു.
ആദിത്  കേട്ടില്ല.
"സാർ ഞാൻ ഈ റൂം ഒന്ന് വൃത്തിയാക്കിക്കോട്ടെ?" വർഷ ചോദിച്ചു.
ചെവിയിൽ ഹെഡ്‍ഫോൺ വെച്ചിരുന്നത്കൊണ്ട് ആദിത്  വർഷ പറഞ്ഞതൊന്നും  കേൾക്കുന്നുണ്ടായിരുന്നില്ല.
വർഷ ആദിത്തിന്റെ ലാപ്ടോപ്പ് നോക്കി .അവൻ അതിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ നോക്കി ഇരിക്കുകയായിരുന്നു.ആ ഫോട്ടോ കണ്ട് അവൾ അന്തം വിട്ടു! മുഖത്ത് എവിടെയൊക്കെയോ തന്റെ അതെ ഛായ ! ചുവന്ന റിബ്ബൺ കൊണ്ട് മുടി  രണ്ടു സൈഡിലായി പിന്നിക്കെട്ടി വിടർന്ന കണ്ണുകൾ കരിമഷികൊണ്ട് കറുപ്പിച്ച് ദാവണി ഉടുത്ത് ചിരിച്ചുകൊണ്ട് നിൽക്കുന്ന പതിനേഴ്  പതിനെട്ട്  വയസ്സ് പ്രായം തോന്നിക്കുന്ന നുണക്കുഴിക്കവിളുള്ള  നാട്ടിൻപുറത്തുകാരി ഒരു സുന്ദരിക്കുട്ടി!  വർഷയും  ആ ഫോട്ടോയിലേക്ക് ആ പെൺകുട്ടിയുടെ ഭംഗി നോക്കി  കുറച്ച്നേരം അവിടെ തന്നെ  നിന്നു.

(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot