ഭാഗം 7
Read all parts here : - https://goo.gl/4HGjHi
വൈദ്യമഠത്തിൽ നിന്നും അരവിന്ദ് ജീപ്പിൽ കയറി നേരേ പോയത് കോട്ടേജിലേക്കായിരുന്നു ... ജീപ്പിന്റെ സ്റ്റിയറിംഗ് വീലിൽ മുറുകെപ്പിടിച്ച് കൊണ്ട് അവൻ ഇങ്ങനെ സ്വയം മന്ത്രിച്ചു “ അതെ അതാണ് നല്ല മാർഗ്ഗം ... ആളെ കണ്ടെത്തിയതായി പറഞ്ഞ് ആശ കൊടുക്കുക ...പല കാരണങ്ങൾ പറഞ്ഞ് പരമാവധി ദിവസങ്ങൾ നഷ്ടപ്പെടുത്തുക ... ഒടുവിൽ ... ഒടുവിൽ എല്ലാവരുടെയും കണ്ണുനീർ വീഴ്ത്തി പ്രതികാരം ചെയ്യുക.”
വല്ലാത്ത വന്യതയോടെ അവൻ ആ ജീപ്പ് കോട്ടേജിലേക്കുള്ള കുന്ന് വേഗത്തിൽ ഓടിച്ച് കയറ്റി…
കോട്ടേജിന്റെ മുറ്റത്ത് ജീപ്പ് നിർത്തിയ അരവിന്ദ് തനിക്കരികിലേക്ക് വന്ന അങ്കിതിനേയും എടുത്ത് കൊണ്ട് മീരയുടെ മുറിയിലേക്ക് ചെന്നു ... മണി കാലിൽ പുരട്ടി നൽകിയ വൈദ്യരുടെ പച്ചമരുന്നും തേച്ച് കട്ടിലിൽ വിശ്രമിക്കുകയായിരുന്നു അവർ... തന്റെ മുഖത്തെ ഭാവവ്യത്യാസം ഒളിപ്പിച്ച് ... പ്രസന്ന ഭാവത്തോടെ അവൻ മീരയെ നോക്കി പറഞ്ഞു:
“ മീരാമ്മ ... ഒരു സന്തോഷ വാർത്തയുണ്ട് കേട്ടോ … നമ്മൾ തേടുന്ന ആളെപ്പറ്റി ഒരു വിവരം എനിക്ക് ലഭിച്ചു .“
അത്ഭുതം കൂറുന്ന മിഴികളോടെ അവനെ നോക്കി ഇരുന്ന മീരയോട് അരവിന്ദ് തുടർന്നു …
“ അയാളുടെ യഥാർത്ഥ പേര് ഭാസ്കരൻ പിള്ളയെന്നാണ് ... ഇവിടെ നിന്നും കർണ്ണാടകയിലെ നാഗർ ഹോളയിലേക്കാണ് അയാളും, ഭാര്യയും പോയത് ... ഇപ്പോഴും അവിടെ തന്നെ ഉണ്ടാകാനാണ് സാധ്യത ... പണ്ടെങ്ങോ ഇവിടെ ഒന്ന് വന്നിരുന്നു... ലയത്തിൽ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞതാണ് ... ഞാൻ ഇപ്പോൾ തന്നെ അങ്ങോട്ടേക്ക് തിരിക്കാം... ആളെ കണ്ടെത്തി തിരിച്ച് വരാൻ ഒന്ന് രണ്ട് ദിവസം എടുക്കുമായിരിക്കും... കണ്ടെത്തിയ ശേഷം, മീരാമ്മയുടെ കാലിന് സുഖമാവുമ്പോൾ നമുക്ക് ഒരുമിച്ച് പോയി സംസാരിക്കാം... അതാവും നല്ലത് …
ഇത്രയും പറഞ്ഞ് നിർത്തിയ അരവിന്ദ് അല്പം മടിയോടെ മീരയോട് ചോദിച്ചു…
“മീരാമ്മക്ക് വിരോധമാവില്ലെങ്കിൽ ഞാൻ മടങ്ങി വരും വരെ മണിയേയും, കുഞ്ഞിനേയും ഇവിടെ നിർത്തട്ടെ... ഇത്ര ദിവസം അവരെ ഒറ്റക്കാക്കി പോകാൻ വിഷമം ഉള്ളതുകൊണ്ടാണ് “
“ അതിനെന്താ അരവിന്ദ്….. ഇവർ ഇവിടെയുള്ളത് എനിക്ക് ആശ്വാസവും, സഹായവുമാണ് .”
മീരയുടെ അരികിൽ ചെന്നിരുന്ന അങ്കിതിന്റെ മുടിയിഴകളിൽ തഴുകിക്കൊണ്ട് അവർ പറഞ്ഞു…
“ശരി മീരാമ്മെ എന്നാൽ ഇന്ന് ഉച്ചതിരിഞ്ഞ് തന്നെ ഞാൻ പുറപ്പെടാം”
“അരവിന്ദിന്... യാത്രക്കാവശ്യമായ പണം ആ ഹാൻഡ് ബാഗിൽ ഉണ്ടാവും കേട്ടോ... എത്ര വേണമെങ്കിലും അതിൽ നിന്നും അരവിന്ദിന് എടുക്കാം… “
ഷെൽഫിലിരിക്കുന്ന ബാഗ് ചൂണ്ടിക്കാട്ടി മീര അവനോട് പറഞ്ഞു:
മീരയുടെ ആ വാക്കുകളിൽ ആഹ്ലാദത്തിന്റെയും , പ്രതീക്ഷയുടെയും വെമ്പൽ ഉണ്ടായിരുന്നു.
“ഇപ്പോൾ ആവശ്യമില്ല മീരാമ്മെ... ആവശ്യം വരുമ്പോൾ ഞാൻ വാങ്ങിക്കൊള്ളാം”
ഒന്ന് ചിന്തിച്ച ശേഷം അവൻ പറഞ്ഞു.
കുറച്ച് സമയം കൂടി അവരോടൊപ്പം അവിടെ ചിലവഴിച്ച അരവിന്ദ് ജീപ്പ് എസ്‌റ്റേറ്റ് ബംഗ്ലാവിൽ തിരിച്ച് കൊണ്ടുപോയി ഇട്ടു... എന്നിട്ട് യാത്രക്കുള്ള ഒരുക്കങ്ങളുമായ് കോട്ടേജിൽ മടങ്ങി എത്തി ...
ഉച്ച ഭക്ഷണത്തിന് ശേഷം മീരയോട് യാത്ര പറഞ്ഞ അരവിന്ദ് ചുമലിൽ യാത്രക്കാവശ്യമായ സാധനങ്ങൾ അടങ്ങിയ ഒരു ബാഗുമായി ബസ് സ്റ്റോപ്പിലേക്ക് തിരിച്ചു... കോട്ടേജിന്റെ ഗേറ്റ് വരെ കുഞ്ഞുമായി അവനെ അനുഗമിച്ച മണിയോട് യാത്ര പറഞ്ഞ ശേഷം അരവിന്ദ് ഗേറ്റിനരികിലെ മുറിയിലെത്തി ചാമിയോട് പറഞ്ഞു:
“ചാമി ഞാൻ തിരുമ്പിവരതുക്ക് രണ്ട് മൂന്ന് നാൾ മട്ടും കഴിയും... മണിയും, പാപ്പാവും ഇങ്കെ ഉണ്ടാവും...എല്ലാം ജാഗ്രതയാ പാത്തുക്കോ... '’
“ ആമാ സാർ ...നീങ്ക ഒന്നുമേ കവലപ്പെട വേണ്ട... പോണ വേല മുടിച്ച് ശീഘ്രം തിരുമ്പി വങ്കോ
ഇതും പറഞ്ഞ് മുറിയിൽ നിന്നും വെളിയിലേക്ക് ഇറങ്ങി വന്ന അയാൾ അവന്റെ ബാഗ് എടുക്കാൻ തുടങ്ങി... “
“തേവയില്ലെ ചാമീ... ലഗേജ് ലൈറ്റാ ഇരുക്ക് എന്നാലെ തൂക്ക മുടിയും “ ഇതും പറഞ്ഞ് ...ആ ബാഗും ചുമലിൽ തൂക്കി അരവിന്ദ് ബസ് സ്റ്റോപ്പിലേക്ക് നടന്നു... അവൻ കുന്നിറങ്ങി കണ്ണിൽ നിന്നും മറയും വരെ ചാമിയും, മീരയും,കുഞ്ഞും ആ ഗേറ്റിനരികിൽ അവനേയും നോക്കി നിന്നു.
കോട്ടേജിൽ നിന്നും ബസ് സ്റ്റോപ്പിലേക്ക് നടന്ന അരവിന്ദ് നാഗർ ഹോളയിലുള്ള തന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകാനായ് തീരുമാനിച്ചു...
ടൗണിലെത്തി അങ്ങോട്ടേക്കുള്ള രാത്രി വണ്ടിയിയിൽ കയറിയ അവൻ കാട്ടിക്കുളത്തേക്ക് ടിക്കറ്റ് എടുത്തു... ബസ്സിന്റെ ജാലകത്തോട് ചേർന്ന സീറ്റിലിരുന്ന അരവിന്ദ് ആ യാത്രയിലുടനീളം മനസ്സിൽ ഭാവി പദ്ധതികൾക്ക് വേണ്ടിയുള്ള
കണക്ക് കൂട്ടലുകൾ നടത്തിക്കൊണ്ടിരുന്നു ... തനിക്ക് ജന്മം നല്കിയവനെ കൊന്നവരോടുള്ള പ്രതികാര ചിന്ത അനു നിമിഷം അവനെ പൊള്ളിച്ചു.
പിറ്റേന്ന് പ്രഭാതത്തിൽ കാട്ടിക്കുളം ബസ് സ്റ്റാൻഡിലെത്തിയ അവൻ, തിരുനെല്ലി ക്ഷേത്രത്തിൽ കൂടി പോയ ശേഷം നാഗർഹോളക്ക് തിരിക്കാൻ തീരുമാനിച്ചു...പിള്ളയോടൊപ്പം പലവട്ടം അവൻ ആ ക്ഷേത്രത്തിൽ പോയിട്ടുണ്ടായിരുന്നു... അവന്റെ വളർത്തമ്മ സരസ്വതിയുടെ മരണാനന്തര ചടങ്ങുകളും അവിടെ വച്ചായിരുന്നു നടത്തിയത്... ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും തന്റെ പിതാവിന്റെ ആത്മശാന്തിക്ക് വേണ്ടി അവിടെ പോയി പ്രാർത്ഥിക്കണമെന്ന് അവന് തോന്നി. ഒരു ഹോട്ടലിൽ കയറി ചായ കുടിച്ച ശേഷം, അരവിന്ദ് അവിടെ നിന്നും തിരുനെല്ലിക്കുള്ള ബസ്സിൽ കയറി … ക്ഷേത്രത്തിനടുത്ത് ബസ്സിറങ്ങിയ അവൻ കൽക്കൂട്ടങ്ങൾക്കിടയിലൂടെ പാപനാശത്തേക്ക് നടന്നു. .. നേരം പുലർന്ന് വരുന്നതേ ഉണ്ടായിരുന്നുള്ളൂ ..അവിടെയുള്ള വെള്ളച്ചാട്ടത്തിന്നടിയിലെ പാറക്കുഴിയിൽ മുങ്ങിനിവർന്നപ്പോൾ അവന് തന്റെ ഉൾച്ചൂട് അല്പം ശമിച്ചതായി തോന്നി... ഈറൻ വസ്ത്രങ്ങളോടെ ആ നീർച്ചാലിന് അരികിലായ് കണ്ട ഒരു ഞാവൽ മരത്തിൽ ചാരി ഇരുന്ന് അവൻ തന്നെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി ... ഒരിക്കലും കണ്ടിട്ടില്ലാത്ത, തനിക്ക് ജന്മം തന്നവന്റെ ആത്മശാന്തിക്കായി അവിടെ ഇരുന്ന് അവൻ ഉള്ളുരുകി പ്രാർത്ഥിച്ചു... വൈദ്യരുടെ വാക്കുകളിലൂടെ രൂപം കൊണ്ട ആ സ്നേഹനിധിയുടെ ചിത്രം അവന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു….
ആ ഇരിപ്പിൽ യാത്രാക്ഷീണം കൊണ്ട് മയങ്ങിപ്പോയ അരവിന്ദിന്റെ ചുമലിൽ ഒരു കൈത്തലം സാവധാനം അമർന്നു … ഞെട്ടി കണ്ണ് തുറന്ന് നോക്കിയപ്പോൾ അവന് തന്റെ മുന്നിലായ് തല മുണ്ഡനം ചെയ്ത ഒരു കാഷായ വസ്ത്രധാരിയായ വൃദ്ധനെ കാണാനായി...അയാളെ കണ്ടതും അരവിന്ദിന്റെ ചുണ്ടുകൾ മന്ത്രിച്ചു…. “ മഞ്ജുനാഥ സ്വാമികൾ “!
പിള്ള തന്റെ ഗുരുവായി കണക്കാക്കിയിരുന്ന സന്യാസിവര്യനായിരുന്നു അദ്ദേഹം... പിള്ള മിക്കപ്പോഴും അവിടെ എത്തിയിരുന്നത് അദ്ദേഹത്തെ കാണുന്നതിന് വേണ്ടി ആയിരുന്നു... ഒന്ന് രണ്ട് വട്ടം പിള്ളയോടൊപ്പം അവനും അദ്ദേഹത്തിന്റെ ആശ്രമത്തിൽ പോയിട്ടുണ്ടായിരുന്നു.
അരവിന്ദിന് അഭിമുഖമായ് അവിടുള്ള ഒരു പാറക്കെട്ടിലിരുന്ന സ്വാമി, അവനോട് ഇവിടെ എത്താനുള്ള കാര്യങ്ങൾ തിരക്കി...
മീരയെ കണ്ടതു മുതലുള്ള സംഭവങ്ങൾ ഓരോന്നായി അവൻ സ്വാമിയോട് പറഞ്ഞു … ആ സംഭാഷണത്തിനൊടുവിൽ:
“എനിക്ക് ജന്മം നൽകിയവനെ ചതിച്ച് കൊന്നവരോട് എനിക്ക് പ്രതികാരം ചെയ്യണം സ്വാമി... മകനായ എനിക്ക് അങ്ങനെ അദ്ദേഹത്തോടുള്ള കടമ നിറവേറ്റണം.. ഒരു വട്ടമെങ്കിലും എനിക്ക് ജയിക്കണം.“ എന്ന് വല്ലാത്ത വികാര ക്ഷോഭത്തോടെ അവൻ പറഞ്ഞ് നിർത്തി.
ശാന്തമായി എല്ലാം കേട്ടിരുന്ന ശേഷം സ്വാമി അരവിന്ദിനോട് ചോദിച്ചു: :
“ ഇങ്ങനെ ചെയ്യുന്നത് കൊണ്ട്... നീ നിന്റെ പിതാവിനോടുള്ള കടമ നിറവേറ്റുകയും, അങ്ങനെ നീ വിജയത്തിൽ എത്തുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നുണ്ടോ അരവിന്ദ്…?”
ഇതു പറഞ്ഞ സ്വാമിയുടെ നേർക്ക് അരവിന്ദ് ചോദ്യഭാവത്തിൽ അവന്റ ദൃഷ്ടികൾ ഉയർത്തി..
“ അവനെ നോക്കി ഒന്നു പുഞ്ചിരിച്ച ശേഷം സ്വാമി തുടർന്നു... വെറും കൈയ്യോടെ ഭൂമിയിൽ ജനിക്കുന്ന മനുഷ്യൻ ഇവിടെ നിന്നും മടങ്ങുന്നതും അങ്ങനെ തന്നെയാണ് ... ഇതിനിടയിൽ അവൻ നേടി എടുക്കുന്നതാണ് അവന്റെ സമ്പാദ്യം... ഇതിൽ തന്നെ ക്ഷരമായതും, നിലനിൽക്കുന്നതും ഉണ്ട് … ഇതിൽ ക്ഷരമായതൊന്നും മനസ്സിനെ തൃപ്തിപ്പെടുത്തുകയില്ല... അളവറ്റ സമ്പാദ്യം നേടുന്ന ഒരാൾ അത് കൂടുതൽ അഭിവൃദ്ധിപ്പെടുത്താനും, നിലനിർത്താനും പരിശ്രമിക്കും ... അതിനർത്ഥം അത് അയാളെ തൃപ്തിപ്പെടുത്തുന്നില്ല എന്നത് തന്നെ... തന്നെയുമല്ല അയാളുടെ അവസാനത്തോടെ അത് അയാളുടേത് അല്ലാതെയായി തീരുകയും ചെയ്യും... “
തെല്ലിട നിർത്തിയിട്ട് സാമി തുടർന്നു
“ അവിടെയാണ് നിന്റെ പിതാവും, വളർത്തച്ഛനും വ്യത്യസ്തരായത് ...അവർ ചെയ്ത നന്മകളിലൂടെ അവരിപ്പോഴും കുറെപ്പേരുടെ എങ്കിലും മനസ്സിൽ ജീവിച്ചിരിപ്പുണ്ട് ... വൈദ്യരെപ്പോലെ ഉള്ളവരുടെ മനസ്സിൽ നിന്റെ പിതാവിന് ഇപ്പോഴും സ്ഥാനമുള്ളത് അദ്ദേഹം ചെയ്ത നന്മകൾ കൊണ്ടാണ്... “
“നിനക്കറിയാത്ത ഒരു മുഖം പിള്ളക്കുമുണ്ട്... നിന്നെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും പിള്ള എന്നോട് പറഞ്ഞിരുന്നു... നിന്റെ വളർത്തമ്മ സരസ്വതിയുടെ മരണ ശേഷമാണ് ഞങ്ങൾ തമ്മിൽ കണ്ട് മുട്ടുന്നത് ... അക്കാലത്ത് പിള്ള ഒരു വട്ടം, നിന്റെ അമ്മയായ മീരയുടെ സഹോദരനെ കാണാൻ അയാളുടെ അടുക്കൽ പോയിരുന്നു … നിന്റെ പേരും പറഞ്ഞ് അയാളിൽ നിന്നും നല്ലൊരു തുകയും അന്ന് പിള്ള വാങ്ങി... പക്ഷെ ആ തുകയിൽ ഒന്നും സ്വന്തമായ് ചിലവഴിക്കാതെ അത് മുഴുവൻ പിള്ള, പണ്ട് നിന്റെ പിതാവ് കഴിഞ്ഞിരുന്ന അനാഥാലയത്തിന്റെ നടത്തിപ്പുകാരനായ ഒരു ഫാദറിനെ ഏൽപ്പിക്കുകയാണ് ചെയ്തത്…”
“അങ്ങനെ അവർ ഇരുവരും തങ്ങളുടെ ജീവിതം, അടയാളപ്പെടുത്തിയത് അവർ ചെയ്ത നന്മകളിലൂടെയാണ് ... അവരുടെ സമ്പാദ്യവും അതാണ് … എനിക്ക് തോന്നുന്നത് നീ നന്മ ചെയ്യുമ്പോഴായിരിക്കും, നിന്റെ അച്ഛന്റെയും, വളർത്തച്ഛന്റെയും ആത്മാവുകൾ കൂടുതൽ സന്തോഷിക്കുന്നത് എന്നതാണ് ... പക്ഷെ തീരുമാനം നിന്റെയാണ് ഉചിതമായി വേണ്ടത് ചെയ്യുക... “
സ്വാമിയുടെ വാക്കുകൾ ഒരു ധ്യാനത്തിലെന്ന വണ്ണം അരവിന്ദ് കേട്ടിരിക്കുകയായിരുന്നു.. അവന്റെ ഉള്ളിൽ ഒരു പുതുവെളിച്ചം വന്ന് നിറഞ്ഞതായ് അരവിന്ദിന് തോന്നി ... എന്തോ തീരുമാനിച്ച് ഉറച്ച അവൻ സ്വാമിയോടൊപ്പം അവിടെ നിന്നും എഴുന്നേറ്റു ... എന്നിട്ട് അദ്ദേഹത്തോട് അനുഗ്രഹവും വാങ്ങി യാത്ര പറഞ്ഞ് അവൻ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു…
“ സ്വാമി പറഞ്ഞത് അനുസരിച്ച് എന്റെ അച്ഛനും, വളർത്തച്ഛനും നടന്ന നന്മയുടെ വഴി ഞാനും തിരഞ്ഞെടുക്കുന്നു ... പക്ഷെ പണക്കാരനല്ലെങ്കിലും ഒരു മനുഷ്യനെന്ന നിലയിൽ, എനിക്കും ചെറിയ ചില ആഗ്രഹങ്ങളുണ്ട് ... മീരയെന്ന സ്ത്രീക്ക് വിലക്ക് എടുക്കാൻ കഴിയാത്ത ഒരാളായി വേണം എനിക്ക് ബാക്കി ജീവിതം തീർക്കാൻ... അവരുടെ കൈയ്യിലുള്ള പണം കൊണ്ട് വിലക്ക് വാങ്ങാൻ കഴിയാത്തവനായിരുന്നു അരവിന്ദ് എന്ന് എന്റെ മനസ്സിനെ എങ്കിലും തൃപ്തിപ്പെടുത്തണം... അവർ ഒരിക്കലും അറിയരുത് ഞാനാണ് ഇത് ചെയ്തതെന്ന്…!”
അവൻ മനസ്സിൽ പറഞ്ഞു.
*********************************
അരവിന്ദ് പോയി മൂന്ന് നാല് ദിവസം കഴിഞ്ഞിട്ടും അവനെക്കുറിച്ചുള്ള വിവരങ്ങളൊന്നും അറിയാൻ കഴിയാത്തതിനാൽ മീരയും,മണിയും ആവലാതി പൂണ്ടു... ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോളെല്ലാം സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ് എന്ന മറുപടിയാണ് അവർക്ക് ലഭിച്ചത്.
മണിയുടെ സ്നേഹപൂർവ്വമായ പരിചരണവും, സാമി വൈദ്യരുടെ മരുന്നിന്റെ ഫലവും കൊണ്ട് മീരയുടെ കാലിന്റെ വേദന നന്നെ കുറഞ്ഞിരുന്നു ... വേഗം തന്നെ സുഖം പ്രാപിച്ച അവർക്ക് ഒരു വിധം നടക്കാമെന്ന അവസ്ഥയിലെത്തിയപ്പോൾ വഴിക്കണ്ണുമായി കോട്ടേജിന്റെ വരാന്തയിലെ കസേരയിൽ അരവിന്ദിനേയും കാത്ത് ഇരിപ്പായി... ഇതിനിടയിലും അങ്കിതിന്റെ കളി ചിരികൾ അവൾക്ക് ഏറെ ആശ്വാസം നല്കിയിരുന്നു... ചുരുങ്ങിയ സമയം കൊണ്ട് അവർ ഒരുപാട് അടുത്തു.
അരവിന്ദ് പോയതിന്റെ നാലാം ദിവസം... അങ്കിതിനോടൊപ്പം വരാന്തയിലിരുന്ന മീര കവാടത്തിൽ നിന്നും ഒരു കാർ കുന്ന് കയറി കോട്ടേജിലേക്ക് വരുന്ന കാഴ്ച കണ്ടു... കോട്ടേജിന്റെ മുറ്റത്തേക്കെത്തിയ ആ കാറിൽ നിന്നും വെളിയിലേക്കിറങ്ങി വന്ന അജാനു ബാഹുവായ ആ മനുഷ്യനെ കണ്ട് മീര ആശ്ചര്യം പൂണ്ടു.
(തുടരും)
അരുൺ -
To Be continued -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക