നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കോമ്പാറ വളവ് (നർമ്മ കഥ)


Image may contain: 1 person
രചന : ഹിച്ച് കോക്ക് വട്ടക്കുഴി
( വാരിക്കുഴിയിലെ കൊലപാതകം ഫെയിം)
********************************************
മുന്നറിയിപ്പ്: ഈ കഥയിൽ ജീവിച്ചിരിക്കുന്നവരോ, ചിരിച്ചിരിക്കുന്നവരോ ആയി ആരെങ്കിലുമുണ്ട് എന്ന് നിങ്ങൾക്ക് തോന്നിയാൽ അത് തികഞ്ഞ തോന്ന്യാസം മാത്രമായിരിക്കും !.
നേരം പുലർന്ന് വരുന്നു... മഞ്ഞുകണങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന പുലർവെട്ടം, റോഡരികിലുള്ള ആ വെയിറ്റിംഗ് ഷെഡ്ഡിന്റെ മുകളിൽ "കോമ്പാറ" എന്നെഴുതിയിരുന്ന അക്ഷരങ്ങളിലെ ഇരുൾ നീക്കിക്കൊണ്ടേയിരുന്നു... വെളുത്ത ചായം പൂശിയിരുന്ന ആ ഷെഡ്ഡിന്റെ സീലിംഗ്, കോൺക്രീറ്റ് അടർന്ന് കമ്പികൾ തെളിഞ്ഞ നിലയിലായിരുന്നു... ഷെഡ്ഡിന്റെ തറയിൽ അല്പ സമയം മുൻപ് അതിലെ കടന്ന് പോയ ജീപ്പിൽ നിന്നും ഇറക്കിയ, വിതരണത്തിനുള്ള അന്നത്തെ പത്രക്കെട്ടുകളും അടുക്കി വെച്ചിരുന്നു... ആ കെട്ടുകൾക്കരികിലായപ്പോൾ തലയിൽ മഫ്ളർ ചുറ്റിയ രണ്ട് പുരുഷന്മാരും അവിടെ ബസ്സ് കാത്ത് നിൽക്കുന്നുണ്ടായിരുന്നു… അതിലൊരാൾ വട്ടക്കണ്ണട വെച്ച, കണ്ണിറുക്കി ചിരിക്കുന്ന ആളായിരുന്നു ... അയാളുടെ കൈയ്യിൽ പണിക്കു പോകുമ്പോൾ കരുതുന്ന "പണിക്കത്തിയും'’ ഉണ്ടായിരുന്നു. സമീപത്ത് നിന്ന ഉയരമുള്ള ഫ്രെഞ്ച് താടി വെച്ച കൃശഗാത്രൻ... മനശാസ്ത്രഞ്ജന്റെ ചേഷ്ടകൾ കാട്ടി "ജയ് പിള്ളയദ്ദേഹം “ എന്ന് ജൽപ്പിച്ച് കൊണ്ട് ഇടക്കിടക്ക് ആ ഭിത്തി തള്ളി നോക്കി ചുവരിന്റെ ഉറപ്പ് പരീക്ഷിച്ചു കൊണ്ടേയിരുന്നു!.
ഷെഡ്ഡിനോട് ചേർന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു എസ്.ടി.ഡി ബൂത്തും, ബൂത്തിന് എതിർവശത്തായി ഒരു ചായക്കടയും മാത്രമാണ് കോമ്പാറ സ്റ്റോപ്പിൽ ഉണ്ടായിരുന്നത്. ചായക്കടയിലെ റേഡിയോയിൽ നിന്നും ഉയർന്ന് കേൾക്കുന്ന തമിഴ് ഗാനങ്ങൾ ആ അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കിയിരുന്നു...
സ്വെറ്ററും, ലുങ്കിയും ധരിച്ച ചായക്കടക്കാരൻ, കടയിലെ സമോവറിരിക്കുന്ന സ്റ്റൗ, പമ്പ് ചെയത് കത്തിക്കാൻ കുറച്ച് നേരമായ് ശ്രമിക്കുന്നു... അല്പസമയത്തെ പ്രയത്നത്തിനു ശേഷം, ആളിപ്പടർന്ന സ്റ്റൗവ്വിലെ തീയിൽ ബീഡി കത്തിച്ച അയാൾ, ടൂത്ത് ബ്രഷിന്റെ നാരുപോലിരിക്കുന്ന തന്റെ മീശയും തടവി, ആ ബീഡിയും വലിച്ച് കൊണ്ട് റോഡിലേക്കിറങ്ങി..എന്നിട്ട് അവിടുള്ള '’ ആണവ റിയാക്ടർ വിഘടന “ സ്ഥലമായ കുറ്റിക്കാട്ടിലേക്ക് നടന്ന് നീങ്ങി.
അപ്പോൾ അവിടേക്ക് ഹോൺ മുഴക്കികൊണ്ട് 5 - 30 ന്റ P. P. K ബസ്സ് വന്നു നിന്നു...റോഡരികിലെ ചെമ്മണ്ണിലേക്കിറങ്ങിയ ബസ്സിന്റെ മുൻ ചക്രം ഉയർത്തിയ പൊടിപടലം, ഒട്ടൊന്ന് ശമിച്ചപ്പോൾ ... ബസ്സിന്റെ തുറന്ന മുൻവാതിലിലൂടെ ഒരു യുവതി പുറത്തേക്കിറങ്ങി വരുന്നത് അവിടെ ദൃശ്യമായി... ചുരുണ്ട തലമുടിയും, ഉണ്ടക്കണ്ണുകളുമുള്ള അവളുടെ മുടി ഇഴയിൽ തങ്ങി നിന്നിരുന്ന ഒരു നീർമാതളത്തിന്റെ പൂവ് അവിടെ അപ്പോൾ വീശിയ തണുത്ത കാറ്റിൽ ഉതിർന്ന് നിലത്ത് വീണു...അവളുടെ ചുമലിൽ ഭാരമുള്ള ഒരു അവിഞ്ഞ ബാഗും, കൈയ്യിൽ ഒരു കലൈഡോസ്കോപ്പും ഉണ്ടായിരുന്നു... അവിഞ്ഞ ആ ബാഗിന്റെ പുറത്തെ എഴുത്തിലെ അക്ഷരങ്ങൾ സാധാരണക്കാർക്ക് വായിച്ചാൽ മനസ്സിലാകാത്ത വിധം ദുർഗ്രാഹ്യമായിരുന്നു...ആ വിജനതയിൽ അവളെ തനിച്ചാക്കി മഫ്ളർ ധാരികളേയും കൊണ്ട് അവൾക്കരികിലൂടെ ആ ബസ്സ് ഇരമ്പി കുതിച്ച് മുന്നോട്ട് നീങ്ങി.
അല്പസമയത്തിന് ശേഷം അവിടെ തിരിച്ചെത്തിയ ചായക്കടക്കാരൻ ഭീകരമായ ആ കാഴ്ച കണ്ട് അലറി വിളിച്ച് പിൻതിരിഞ്ഞോടി…!!
പാതി വായിച്ച് നിർത്തിയ “ ഈ FIR “ മുറിയുടെ മൂലയിലേക്ക് ചുരുട്ടി എറിഞ്ഞ ഇൻസ്പെക്ടർ, അലക്സാണ്ടർ ജോൺ … നെറ്റി തടവിക്കൊണ്ട് തന്നത്താൻ മുറുമുറുത്തു:
“ഓൺലൈൻ അപസർപ്പക ഗ്രൂപ്പുകളിൽ കഥ എഴുതിക്കൊണ്ടിരുന്ന ഇവനെക്കൊണ്ട് FIR എഴുതിപ്പിച്ച എന്നെ വേണം തല്ലാൻ!”
ഇത് കണ്ട് അവിടേക്ക് കടന്ന് വന്ന കോൺസ്റ്റബിൾ ‘മുക്കു ‘ സിനിമാ നടൻ ജഗദീഷിന്റെ മുഖഭാവത്തോടെ ഇൻസ്പെക്ടറോട് ചോദിച്ചു:
" എച്ചുസ് മി സാ...ർ എഴുത്ത് കുറച്ച് കൂടുതൽ നന്നായ് പോയ് അല്ലേ…?“
പല്ല് ഞെരിച്ച് ദേഷ്യം കടിച്ചമർത്തിയ അലക്സാണ്ടർ കസേരയിൽ ഒന്ന് അമർന്നിരുന്ന ശേഷം മുക്കുവിനെ നോക്കി ഇങ്ങനെ പറഞ്ഞു:
“ ഇത്തവണയും നമ്മുടെ കോപ്പിറൈറ്റ് ... ഛെ!!... അഭിമാനം പോയി മിഷ്ടർ... കുറച്ച് മുൻപ് ആ പ്രൈവെറ്റ് ഡിക്ടട്ടീവ് നത്തോലിയാ വിളിച്ചിരുന്നു...
ഇതിന്റെ പിന്നിലും ആ സുദീപ് തന്നെയെന്നാണ് അവൾ പറയുന്നത് … നമ്മളാ ജാതിത്തോട്ടത്തിനരികിൽ വെച്ച് കണ്ട അതേ ...സുദീപ്!! .”
അരുൺ -
(അവസാനിച്ചു)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot