Slider

മഞ്ഞിൽ കുതിർന്ന നാരങ്ങ മിട്ടായികൾ

1
Image may contain: 2 people, including Riju Kamachi, people smiling, selfie and closeup
രചന:- Riju Kamachi

ക്രിസ്മസ് വെക്കേഷൻ കഴിഞ്ഞ് സ്കൂളിൽ പോവാൻ ഉണ്ണിക്കുട്ടന് ഭയങ്കര മടിയാണ്.അല്ലെങ്കിലും ജനുവരിയിലെ തണുപ്പത്ത് ഉറങ്ങിയെണീക്കാൻ ആർക്കാ മടിയില്ലാത്തത്.ഈ സ്‌കൂളും ഒന്നാം ക്ലാസ്സും എല്ലാം കണ്ടുപിടിച്ചവരെ കൊല്ലാൻ തോന്നും.രാവിലെ 'അമ്മ ഒരുവിധം കുത്തിയുർണത്തിയാൽ കണ്ണും തിരുമ്മി മുറ്റത്തേക്കിറങ്ങും.തെക്കുവശത്തെ കനകാംബര ചെടിയുടെ ചുവട്ടിൽ പോയി വിസ്തരിച്ചു മൂത്രം ഒഴിക്കുമ്പോൾ 'അമ്മ പുറകെ വടിയുംകൊണ്ട് വരുന്നത് കാണാം...
"നിനക്ക് കുറച്ചു ദൂരെ പോയി ഒഴിച്ചാലെന്താടാ... ആ ചെടിമുഴുവൻ നശിപ്പിക്കും.ഒരു കൂന ചാണകം തെളിച്ചാലും അവിടത്തെ നാറ്റം മാറില്ല.."
അമ്മയുടെ വടിക്ക് പിടികൊടുക്കാതെ നേരെ അടുക്കളപ്പുറത്തേക്ക് ഓടും.മൂലയിലെ തകരപ്പാട്ടയിൽ നിന്ന് ഒരു നുള്ള് ഉമിക്കരിയും വാരി ഇടത് കൈവെള്ളയിലിട്ടുകൊണ്ട് വീണ്ടും ഉമ്മറപ്പടിയിൽ വന്ന് കുത്തിയിരിക്കും..
നേരിയ പുകപോലെ പെയ്യുന്ന മഞ്ഞിൽ മുറ്റത്തെ മാവിൻ ചോട്ടിൽ മഞ്ഞു തുള്ളികൾ ഓരോന്നായി ഇറ്റു വീഴുന്ന ശബ്ദവും കാഴ്‌ചയും ആസ്വദിച്ചുകൊണ്ട് മടിപിടിച്ചി രിക്കുമ്പോൾ 'അടുക്കളയിൽ നിന്ന് 'അമ്മ വീണ്ടും..
"ഡാ വേഗം പല്ലുതേച്ച് വന്നില്ലെങ്കിൽ നിന്നെ ഞാൻ അപ്പ സ്വാമിക്ക് പിടിച്ചുകൊടുക്കും പറഞ്ഞേക്കാം"
അപ്പോൾ ഉണ്ണിക്കുട്ടന്റെ നോട്ടം പതുക്കെ തെക്കു ഭാഗത്തെ വൈക്കോൽകൂനയിലേക്ക് നീളും.വൈക്കോൽ കൂനയുടെ മുകളിൽ നിന്നും പുക ഉയരുന്നുണ്ട്.
മഞ്ഞുകാലത്ത് വൈക്കോൽ കൂനകളുടെ മുകളിൽ പുകപോലെ കാണുന്നത് സാധാരണമാണ് എങ്കിലും കുസൃതിയായ ഉണ്ണിക്കുട്ടനെ അനുസരിപ്പിക്കാൻ 'അമ്മ അതൊരു സൂത്രമാക്കി മാറ്റിയിരുന്നു.വൈക്കോൽകൂനയ്ക്കകത്തിരുന്ന് അപ്പസാമി ബീഡി വലിക്കുന്നതിന്റെ പുകയാണ് അതെന്നാണ് 'അമ്മ അവനോട് പറയാറുള്ളത്.
ഈ അപ്പസാമി ആരാന്നല്ലേ..ഉണ്ണിക്കുട്ടന്റെ നാട്ടിലെ വീടുകളിൽ ശനിയാഴ്ചതോറും ഭിക്ഷയെടുക്കാൻ വരാറുള്ള സ്വാമിയാണ്.കൈയിൽ ഒരു മുളവടിയും നീണ്ട വെള്ളത്താടിയും തോളിൽ ഭാണ്ഡക്കെട്ടും,കോർത്തുടുത്ത കാവി മുണ്ടും,തലമുടി മറക്കുന്ന തലപ്പാവും ഭസ്മക്കുറിയും,നെഞ്ചിൽ നിറയെ പരന്നു കിടക്കുന്ന രുദ്രാക്ഷമാലകളുമാണ് അപ്പസാമിയെ ഓർക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മനസ്സിൽ തെളിഞ്ഞുവരുന്ന രൂപം.ആരോടും ഒരക്ഷരം മിണ്ടാനോ ഉപദ്രവിക്കാനോ മെനക്കെടാത്ത ആ രൂപത്തെ അവന് പേടിയായിരുന്നു.
അപ്പസാമിയുടെ നിഴൽ കണ്ടാൽ അവൻ ഓടി അകത്തുകയറി ഒളിക്കും.'അമ്മ ഒരുപിടി അരിയോ നേല്ലോ ഭിക്ഷപ്പാത്രത്തിലേക്ക് ഇട്ടുകൊടുക്കുമ്പോൾ ഒന്നും മിണ്ടാതെ അത് തന്റെ തുണിസഞ്ചിയിലേക്കിട്ട് പകർന്ന് നീങ്ങുന്ന അപ്പസാമിയെ ഉണ്ണിക്കുട്ടൻ ജനാലവഴി പേടിയോടെ നോക്കുമായിരുന്നു.
'കിഴക്കേ അതിർത്തിയിലെ ചാഞ്ഞു നിക്കുന്ന ചെമ്പകത്തിന്റെ ചോട്ടിൽ തന്റെ ഭാണ്ഡക്കെട്ടെല്ലാം ഇറക്കിവച്ചു നിന്ന് ഒരു ബീഡി വലിച്ച ശേഷം എങ്ങോട്ടായിരിക്കും അപ്പസാമി പോവാറുള്ളത്.?..പിന്നീട് എപ്പഴായിരിക്കും ഈ വൈക്കോൽ കൂനയ്ക്കകത്ത് കയറിയിരിക്കാറുള്ളത്..?
ഇതെല്ലാം ഉണ്ണിക്കുട്ടന്റെ മനസ്സിലെ ഉത്തരമില്ലാത്ത ചോദ്യങ്ങളായിരുന്നു.
ഒരുദിവസം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഉണ്ണിക്കുട്ടൻ പെട്ടെന്നൊരു കാൽപെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടുമുന്നിൽ അപ്പസ്വാമി നിൽക്കുന്നു.പെട്ടെന്നുള്ള കാഴ്‌ചയിൽ പേടിച്ചു സ്തംഭിച്ചു നിൽക്കാനേ ഉണ്ണിക്കുട്ടനും കഴിഞ്ഞുള്ളൂ.അപ്പസ്വാമി കുനിഞ്ഞു നിന്ന് ഉണ്ണിക്കുട്ടന്റെ മുടിയിൽ സൗമ്യമായി തലോടി.അതിനുശേഷം തന്റെ സഞ്ചിയിൽ നിന്നും ഒരു പിടി നാരങ്ങ മിട്ടായി ഉണ്ണിക്കുട്ടന്റെ കൈയിൽ വെച്ചുകൊടുത്തു.
അന്നാദ്യമായി ഉണ്ണിക്കുട്ടന് അപ്പസാമിയുടെ മുഖത്തേക്ക് നോക്കാൻ ധൈര്യമുണ്ടായി.തൂവെള്ള താടി മീശകൾക്കിടയിൽ മറഞ്ഞിരിക്കുന്ന ചുണ്ടുകളിലെ വാത്സല്യം നിറഞ്ഞ പുഞ്ചിരി ഉണ്ണിക്കുട്ടൻ കൗതുകത്തോടെ നോക്കി നിന്നു.
അന്നുമുതൽ എല്ലാ ആഴ്ചകളിലും ഉണ്ണിക്കുട്ടൻ അപ്പസാമിയുടെ വരവിനായി കാത്തിരിക്കുന്നത് പതിവായി.ഒരു വാക്കുപോലും തമ്മിൽ സംസാരിക്കാറില്ലെങ്കിലും ആ തുണിസഞ്ചിയിലെ നാരങ്ങമിട്ടായിയും അപ്പസാമിയുടെ സ്നേഹപ്പുഞ്ചിരിയും അവന് ഏറെ പ്രിയപ്പെട്ടതായി മാറി.
മഞ്ഞും മഴയും വേനലും വൈക്കോൽക്കൂനയും മാറിവരുമ്പോഴും അവരുടെ സൗഹൃദം കൂടുതൽ മനോഹരമായിക്കൊണ്ടിരുന്നു.അങ്ങനെയിരിക്കെ കുറച്ചു നാൾ അപ്പസാമിയുടെ വരവില്ലാതായപ്പോൾ ഉണ്ണിക്കുട്ടൻ വൈക്കോൽക്കൂനയ്ക്കരികിൽ ചെന്ന് ഉറക്കെ വിളിച്ചുനോക്കി.
"അപ്പസാമീ.... അപ്പസാമീ.."
"അപ്പസാമി നാട്ടിൽ പോയതാ മോനെ....വരും..." അമ്മ ആശ്വസിപ്പിച്ചു.
"എവിടാ അമ്മേ അപ്പസാമിയുടെ നാട്?...."
" അപ്പസാമിയുടെ നാട് ഒരുപാട് ദൂരെയാ..."
തിരിച്ചുവരാനാവത്ത ദൂരത്തേക്ക് അപ്പ സാമി പോയെന്ന സത്യം അറിയിച്ച് ആ കുഞ്ഞുമനസ് വേദനിപ്പിക്കാൻ അമ്മയും ആഗ്രഹിച്ചില്ല.എന്നെങ്കിലും അപ്പസാമി തിരിച്ചുവരും എന്ന പ്രതീക്ഷയോടെ ഉണ്ണിക്കുട്ടനും വളർന്നു.
ഉണ്ണിക്കുട്ടൻ ഇപ്പോൾ വളർന്ന് ഡോക്ടർ ഉണ്ണികൃഷ്ണൻ ആയെങ്കിലും മഞ്ഞുവീണ് വിറങ്ങലിച്ചു നിൽക്കുന്ന വൈക്കോൽ കൂനയുടെ മുകളിൽ നിന്ന് പുകയുയരുന്നത് കാണുമ്പോൾ ഇന്നും അതിനകത്ത് അപ്പസാമി ഉണ്ടെങ്കിൽ എന്ന് അറിയാതെ കൊതിച്ചുപോവും..,അല്ല..അങ്ങിനെ വിശ്വസിക്കാനാണ് അവനിഷ്ടം....മഞ്ഞിന്റെ കുളിരുള്ള പുഞ്ചിരിയും കൈനിറയെ നാരങ്ങ മിട്ടായികളുമായി അപ്പസാമി വന്നെങ്കിൽ...

By: Riju Kamachi
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo