Slider

ആരാച്ചാർ.

0


എപ്പോഴോ ഫാനിൻ്റെ മുരൾച്ച നിന്നപ്പോഴാണ് ചെറുതായൊരു ചൂട് പുതപ്പിനുള്ളിലേക്ക് കടന്നത്.
കണ്ണ് തുറന്നപ്പോഴാണ് നിശ്ചലമായ ഫാൻ നന്നായി തെളിഞ്ഞു കണ്ടത്. കിഴക്കുഭാഗത്തു നിന്നെത്തുന്ന വെളിച്ചം മുറിയെ പ്രകാശമാനമാക്കി, ഭിത്തിയിലെ ക്ലോക്കിലേക്ക് സമയം നോക്കാനായി നോട്ടമെറിഞ്ഞെങ്കിലും ഫാനിൽ തൂങ്ങിയാടുന്ന എന്തോ ഒന്ന് സമയമറിയാനുള്ള ശ്രമത്തെ പരാജയപ്പെടുത്തി. നന്നായി ഓർക്കുന്നു രാവിലെയല്ല, ഉച്ചയുറക്കത്തിലായിരുന്നു.
എന്താണ് ഫാനിൽ തൂങ്ങിയാടുന്നത്, അതൊരു മനുഷ്യ രൂപമല്ലേ, അതേ നന്നായി അറിയാം പക്ഷെ ആര്?
എൻ്റെ ഉമ്മാൻ്റെ പേരെന്ന സിനിമയിൽ അവസാന രംഗങ്ങളിൽ നായകനായ ടൊവീനോ ബൈക്കിൽ വരുന്ന ടൊവീനോയെ തിരിച്ചറിയുന്നതു വെറുതെ ഓർത്തു. നല്ല പരിചയമുള്ള ബർമുഡയും ടീ ഷർട്ടും. കൈ വിരലുകൾ കൊണ്ട് കാലിൽ മാന്തിപ്പറിച്ചിട്ടുണ്ടോ എന്നു നോക്കി, ഇല്ല അങ്ങിനത്തെ പാടുകളൊന്നുമില്ല, മുഖത്താണെങ്കിൽ പേശിവലി വിൻ്റെ ലാഞ്ചനകൾ പോലുമില്ല, നാക്കു കടിയുമില്ല, കണ്ണു തുറിയ്ക്കലുമില്ല, തുറന്നിരിക്കുന്ന കണ്ണുകളിൽ ശാന്തത. ആരാച്ചാർ നോവലിലെ കയറൊരുക്കുന്ന രീതികൾ പഠിച്ചിട്ടാണാവോ
കയറിൻ്റെ നീളവും ശരീരത്തിൻ്റെ തൂക്കവും, കുരുക്കിൻ്റെ കൃത്യതയും ആയിരിക്കാം ഒരു പൂ പറിക്കുന്ന ലാഘവത്തോടെ എല്ലാം തീർന്നോ? പരകായപ്രവേശത്തിലൂടെ തൂങ്ങിയാടുന്ന രൂപത്തിൻ്റെ തലച്ചോറിലേക്ക് കടന്നു കാര്യ കാര്യങ്ങൾ ഒന്നവലോകനം ചെയ്യാനുള്ള വൃഥാ ശ്രമം.
എന്തിനായിരുന്നു.
അതിർത്തിയിലെ കാര്യങ്ങൾ
ആണോ കാരണം.
പൈലറ്റ് അഭിനന്ദിൻ്റെ കാര്യം
ഓർത്താണോ?
ആണവയുദ്ധഭീതിയോ? രണ്ടു രാജ്യങ്ങളിലേയും ഇലക്ഷനു മുമ്പു നടക്കാറുള്ള
തീവ്രവാദി ആക്രമണങ്ങൾക്കു പിന്നിൽ
വല്ല അറിയാക്കഥകളുണ്ടോ എന്നറിഞ്ഞതിനാലാണോ?
ആണവ രാജ്യങ്ങളുടെ അമരത്തിരിയ്ക്കുന്നവർ
അങ്കക്കലി മൂത്ത് അധികാര ഭ്രാന്തന്മാരാകുന്ന അന്തരീക്ഷത്തിൽ ആർക്കാണിന്ന് ആണവയുദ്ധ ഭീതിയില്ലാതെ അമർന്നിരിയ്ക്കാനാവുന്നത്,
അതാണോ കാര്യം?
അതോ ഏറ്റവും നല്ല നടനുള്ള
അവാർഡ് ജിജോയ്ക്കായിരിക്കും എന്ന്
തർക്കിച്ച് തളർന്നിട്ടും സ്വഭാവനടൻ്റെ സ്ഥാനം മാത്രമായി പോയതോ?
അതൊന്നുമല്ലെങ്കിൽ ഗൾഫ്മാന്ദ്യമോ?
ചിലരുടെ വരികളിലെ
ആത്മാർത്ഥത വാക്കുകളിൽ
കാണാത്തതോ, വാക്കുകളിലെ ആത്മാർത്ഥത പ്രവൃത്തികളിൽ കാണാനാവാത്തതോ?
കറങ്ങി കറങ്ങി കണ്ണും കണ്ണും നേർരേഖയിൽ സന്ധിച്ച നേരം കണ്ണിൽ നോക്കി ചോദിച്ചു, മനസ്സമാധാനത്തിനു വേണ്ടിയാണ് മരണത്തിനു കാരണമെന്താണ്.
ജീവിയ്ക്കാനും,മരിയ്ക്കാനും സമ്മതിയ്ക്കില്ലല്ലേ? മരിച്ചു കഴിഞ്ഞാലും മനസമാധാനം തരില്ലല്ലേ.
എന്നാൽ പിന്നെന്തിനാ മരിയ്ക്കുന്നത്?
നേർത്ത ശബ്ദത്തോടെ ഫാൻ പിന്നേയും കറങ്ങിത്തുടങ്ങി, തണുത്ത കാറ്റിൽ കണ്ണുകൾ അടഞ്ഞുപ്പോകുന്നു. പീന്നീട് തുറക്കുന്നത് ഉറക്കത്തിലേക്കോ, ഉണർവ്വിലേക്കോ?

By: PS Anilkumar DeviDiya
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo