നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്റ്റീവിന്റെ ഡയറിക്കുറിപ്പുകള്‍. - Part 1

----------------------------------------
10 – 5 – 2002 : 11.00 pm
ഇന്ന് രാവിലെ ശരിക്കും വേപഥു പൂണ്ട മനസ്സുമായാണ് ഞാന്‍ പോലീസ് സ്റ്റേഷനിലേക്ക് ചെന്നത്. ഉറങ്ങിയിട്ട് ദിവസങ്ങളായിരുന്നു . കണ്ണടച്ചാല്‍ അയാളുടെ രൂപമാണ് മനസ്സില്‍. കട്ടപിടിച്ച അയാളുടെ വാക്കുകളാണ് ചെവിയില്‍ മുഴങ്ങുന്നത് . ഒന്ന് കണ്ണടച്ചു വരുമ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന എന്റെ തന്നെ രൂപമാണ് കാണുന്നത്. പല പ്രാവശ്യം മനസ്സ് വിലക്കിയിട്ടും പോലീസ് സ്റ്റേഷനിലേക്ക് പോകാൻ തീരുമാനിച്ചത് അതുകൊണ്ട് മാത്രമാണ് . പക്ഷെ ഞാന്‍ പറയുന്നതൊന്നും ആ കറുത്ത് തടിച്ച പോലീസുകാരന് മനസ്സിലാകുന്നില്ലായിരുന്നു . എനിക്ക് ഭ്രാന്താണെന്ന് അയാള്‍ മുന്നേ തീരുമാനിച്ചു ഉറപ്പിച്ചത് പോലെയാണ് പെരുമാറിയത് .
മഴക്കാലത്തിന്റെ തുടക്കമാണ്‌ . കോരി ചൊരിഞ്ഞു പെയ്തൊരു മഴയ്ക്ക് ശേഷമാണു ഞാന്‍ അങ്ങോട്ട്‌ ചെന്നത് . സ്റ്റേഷനിലേക്കുള്ള വഴിയില്‍ നിറയെ മഞ്ഞ നിറമുള്ള ഇലകള്‍ വീണു കിടന്നിരുന്നു .പൊട്ടി പൊളിഞ്ഞു പാതിയും അടര്‍ന്നു പോയ കല്‍ക്കെട്ടുകളില്‍ പലപ്പോഴും എനിക്ക് കാലിടറി . എന്റെ നടപ്പ് കണ്ടിട്ടാകാം ഒന്ന് രണ്ടു പോലീസുകാര്‍ എന്നെ സസൂക്ഷ്മം വീക്ഷിക്കുന്നണ്ടായിരുന്നു . എസ് ഐ യുടെ കാബിനു മുന്നില്‍ നിറം മങ്ങിയ പഴകിയ ഒരു ചുവന്ന പ്ലാസ്റ്റിക് കസേരയില്‍ കാത്തിരിക്കുമ്പോള്‍ മുന്നിലെ ഡോറിനു മുന്നില്‍ തടിയില്‍ കൊത്തിയ ഫലകത്തില്‍ വെള്ള അക്ഷരത്തില്‍ എഴുതിയിരിക്കുന്ന പേരു ഞാന്‍ വായിച്ചു . ജോര്‍ജ് തരകന്‍ . ഒന്ന് രണ്ടു പ്രാവശ്യം ഞങ്ങള്‍ കണ്ടിട്ടുണ്ട് . അപ്പോഴൊക്കെയും ചിരിച്ച മുഖത്തോടെയാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത് . എന്താണെന്ന് ചോദിച്ച പോലീസുകാരോട് മരവിച്ച മനസ്സോടെ എസ്.ഐ നെ കാണാന്‍ എന്ന് മാത്രമേ പറഞ്ഞുള്ളൂ . കാലുകളിലേക്ക് നോക്കി പിന്നെ കുറേ നേരം കുനിഞ്ഞിരുന്നു . കാലുകളില്‍ അവിടവിടെയായി ചെളി പുരണ്ടിട്ടുണ്ട് . മഴക്കാലത്തിന്റെ അടയാളങ്ങള്‍ . മഴക്കാലം എപ്പോഴും കൂട്ടിക്കൊണ്ടു പോകുന്നത് കുട്ടിക്കാലത്തേക്കാണ്. അവിടെ പാടവരമ്പത്ത് മീന്‍ പിടിച്ചു നടന്നൊരു ഞാനുണ്ട് . കൈയ്യില്‍ നിന്നും വഴുതി പോകുന്ന ഓരോ മീനിനോടും വല്ലാത്ത വാശിയായിരുന്നു . കരയില്‍ പിടിച്ചിട്ടു ശ്വാസം കിട്ടാതെ അവ പിടയുന്നത് നോക്കി നിന്നിട്ടുണ്ട് . ചെകിളകളുടെ ചലനം അവസാനിക്കും മുന്‍പേ വലിച്ചെറിഞ്ഞു ഓടി രക്ഷപ്പെടുന്ന ഞാന്‍ . രാത്രികളില്‍ ആ മീനുകള്‍ ഒക്കെയും കൂട്ടമായി സ്വപ്നങ്ങളില്‍ ഭയപ്പെടുത്താന്‍ വരാറുണ്ട് . അന്ന് അമ്മയെ കെട്ടി പിടിച്ചു രക്ഷപെടുമായിരുന്നു . ചിന്തകളങ്ങനെ കാട് കേറാന്‍ തുടങ്ങിയപ്പോഴാണ് എന്നെ അകത്തേയ്ക്ക് വിളിപ്പിച്ചത്.
“പറയൂ ....എന്താണ് മിസ്റ്റർ . എഴുത്തുകാരന്‍ ...?
ചിരിച്ച മുഖത്തോടെയാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത് .വളരെ പെട്ടെന്നുള്ള ആ ചോദ്യത്തിന് മുന്നില്‍ ഞാന്‍ പകച്ചു പോയി എന്നതാണ് സത്യം . വാക്കുകള്‍ മൌനം പാലിച്ചപ്പോള്‍ നിമിഷങ്ങള്‍ വളരെ വേഗം ഞങ്ങളുടെ ഇടയിലൂടെ വഴുതി വീണു കൊണ്ടിരുന്നു .
“ സര്‍ ..... എനിക്കൊരു കാര്യം പറയാനുണ്ട് .... “
വളരെ പതുക്കയാണ് ഞാന്‍ സംസാരിച്ചു തുടങ്ങിയത് .ഞങ്ങളുടെ സംസാരം മറ്റാരും കേള്‍ക്കരുതെന്ന് എനിക്ക് നിരബന്ധമുണ്ടായിരുന്നു .
കൈയ്യിലിരുന്ന പേന അടച്ചു പോക്കറ്റില്‍ വെയ്ക്കുന്നതിനോടൊപ്പം അദ്ദേഹം അല്പം മുന്നോട്ടാഞ്ഞിരുന്നു .
"പറഞ്ഞോളൂ ..മിസ്റ്റർ ........ സ്റ്റീവ് ...എന്താണ് താങ്കള്‍ക്കു പറയാനുള്ളത് .. "
ഒന്ന് കൂടി ചുറ്റിനും നോക്കി . ഡോറിനു അടുത്ത് പോലും ആരുമില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണു ഞാന്‍ സംസാരിച്ചു തുടങ്ങിയത് .
“ നോക്കൂ സര്‍ .... കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനെ കാണാന്‍ വേണ്ടി കുമിളിക്ക് പോയ ഞാന്‍ ഏറെ വൈകിയാണ് തിരിച്ചു എറണാകുളം ബസില്‍ കയറിയത് . സമയം കൃത്യമായി ഓര്‍ക്കുന്നില്ലായെങ്കിലും നല്ല മഞ്ഞുള്ള ഒരു രാത്രിയായിരുന്നു അത് . കുമിളിയില്‍ നിന്നും വണ്ടി എടുക്കുമ്പോള്‍ തന്നെ ഇരുട്ട് നല്ല വണ്ണം പരന്നിരുന്നു . കഴിഞ്ഞ കുറേ രാത്രികളിലെ മദ്യ സേവയും യാത്രയും മൂലം നന്നേ ക്ഷീണിതനായിരുന്നു ഞാന്‍ . ഒന്നുറങ്ങാന്‍ വേണ്ടിയാണ് ആളൊഴിഞ്ഞ ഒരു സീറ്റില്‍ ഷട്ടര്‍ താഴ്ത്തി ചാരി കിടന്നത് . വളരെ വേഗം ഞാന്‍ ഉറക്കം പിടിക്കുകയും ചെയ്തു . വാഗമണ്‍ ഇറക്കം ഇറങ്ങുമ്പോള്‍ എപ്പോഴോ വല്ലാത്ത ശബ്ദത്തോടെ ബസ് ബ്രെക്കിടുന്നത് ഞാന്‍ അറിഞ്ഞു . അപ്പോള്‍ ഏകദേശം പതിനൊന്നു മണി ആയിട്ടുണ്ടാകും എന്നാണു ഞാന്‍ കരുതുന്നത് . തണുപ്പ് നന്നായി കൂടിയിരുന്നു . കൈയ്യില്‍ കരുതിയ മദ്യം രണ്ടിറക്ക്‌ കുടിച്ചു വീണ്ടും മയങ്ങാന്‍ തുടങ്ങുമ്പോഴാണ് ..അയാള്‍ ..എന്റെ അടുത്തു വന്നിരുന്നത് .”
അത് വരെ ഇല്ലാതിരുന്ന ഒരു വിറയല്‍ എന്റെ ശബ്ദത്തില്‍ കലരുന്നത് ഞാന്‍ അറിഞ്ഞു. ശീതീകരിച്ചിട്ടില്ലാത്ത ആ മുറിയില്‍ തണുപ്പ് പടരുന്നത്‌ പോലെ എനിക്ക് തോന്നി . എന്റെ ശരീരത്തിലെ രോമങ്ങള്‍ നന്നായി തണുത്തിട്ടെന്നപോലെ എഴുന്നു നില്‍ക്കുന്നുണ്ടായിരുന്നു .
“ എന്നിട്ട് ........ “
എസ്.ഐ ജോര്‍ജ് അല്പം കൂടി മുന്നോട്ടു ആഞ്ഞിരുന്നു.
"ബസിലെ അരണ്ട വെളിച്ചത്തില്‍ അയാളുടെ മുഖം എനിക്ക് വ്യക്തമായില്ല . അയാള്‍ കമ്പിളി കൊണ്ട് ശരീരം ആകമാനം പൊതിഞ്ഞിരുന്നു . തലയില്‍ കമ്പിളിയുടെ ഒരു കൂമ്പന്‍ തൊപ്പി . നല്ല കട്ടി മീശയും താടിയും . വായില്‍ നിന്നും ഏതോ വിദേശ മദ്യത്തിന്റെ മണം . അയാള്‍ എന്നെ നോക്കി ചിരിച്ചു . അയാളുടെ കണ്ണുകള്‍ ചുവന്ന തീക്കട്ടകള്‍ പോലെ തിളങ്ങി . അയാള്‍ക്ക്‌ എന്നോട് എന്തോ പറയാനുണ്ടെന്ന് എനിക്ക് തോന്നി . ഞാന്‍ അയാളുടെ മുഖത്തേയ്ക്കു തന്നെ നോക്കി .
“നിങ്ങള്‍ക്കെന്നെ ഓര്‍മ്മയുണ്ടോ സ്റ്റീവ് ....."
കണ്ണുകള്‍ ഒന്ന് ചിമ്മുക പോലും ചെയ്യാതെ എന്റെ മുഖത്തേയ്ക്കു , കണ്ണുകളിലേക്കു നോക്കി കൊണ്ടാണ് അയാള്‍ സംസാരിച്ചത് . അങ്ങനെ ഒരാളെ ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുകയായിരുന്നു .
“നീ മറന്നു കാണും .. പക്ഷെ എനിക്ക് നിന്നെ മറക്കാന്‍ കഴിയില്ലല്ലോ ....”
അയാള്‍ തന്റെ കമ്പിളി കുപ്പായത്തിന്റെ അടിയില്‍ ഒളിപ്പിച്ച വെച്ച നീണ്ട ഒരു കഠാര പുറത്തെടുത്തു .
“നീ ദിവസങ്ങള്‍ എണ്ണിക്കോ ... നിന്റെ മരണം എന്റെ കൈകള്‍ കൊണ്ട് തന്നെയാണ് . ഏറ്റവും അപ്രതീക്ഷിതമായൊരു നിമിഷത്തില്‍ ഞാന്‍ വരും . പാറ പോലെ ഉറച്ച നിന്റെ ഹൃദയത്തില്‍ എന്റെയീ കത്തി ആഴത്തില്‍ കുത്തിയിറക്കും . ദേഹമാസകലം ചോരയില്‍ കുളിച്ചു ജീവന് വേണ്ടി നീ പിടയുന്നത് ഞാന്‍ കാണും ..ഇപ്പോള്‍ കൈയ്യില്‍ കരുതിയിരിക്കുന്ന മദ്യവും കുടിച്ചു നിനക്ക് സുഖമായി ഉറങ്ങാം സ്റ്റീവ് . ഇനി ഏറെ നാളുകളില്ല നിന്റെ അവസാന ഉറക്കത്തിനു .....”
ഒരു ഭ്രാന്തനെ പോലെ പല്ലുകള്‍ ഇറുമ്മിഅയാള്‍ ചിരിച്ചു . ബസ് നില്‍ക്കുന്നത് ഞാന്‍ അറിഞ്ഞു. ഈരാറ്റുപേട്ടയ്ക്ക് മുന്‍പുള്ള ഏതോ സ്റ്റോപ്പാണ്. വളരെ വേഗത്തില്‍ കഠാര ഒളിപ്പിച്ചു അയാള്‍ ഇറങ്ങിപോയി . അയാളുടെ ഒരു കാലിനു മുടന്തുള്ളത് പോലെ എനിക്ക് തോന്നി ...
പെട്ടെന്ന് എസ്. ഐ ജോർജിന് ഒരു കോൾ വരുകയും അയാൾ ഒന്നും സംസാരിക്കാതെ ഒന്ന് രണ്ടു തവണ മൂളുക മാത്രം ചെയ്തു.
“കൊള്ളാം നല്ല സ്റ്റോറി സ്റ്റീവ് ...”
തൊപ്പിയെടുത്ത് തലയില്‍ വെച്ച് കൊണ്ട് എസ്.ഐ ജോര്‍ജ് എഴുന്നേറ്റു .
"പക്ഷെ സോറി .സ്റ്റീവ് ..ഞാനിപ്പോള്‍ കഥ കേള്‍ക്കാനുള്ള മൂഡിലല്ല .. അറിയാലോ ..ഇപ്പോള്‍ പള്ളിയും അമ്പലവും സ്കൂളും ഒക്കെ തുറക്കാനും അടക്കാനും പോലീസുകാര്‍ വേണ്ട അവസ്ഥയാണ്‌ . ഞാനല്പം ബിസിയാണ് . തനിക്കു വേണമെങ്കില്‍ ഈ കഥയൊക്കെ റൈറ്ററെ കണ്ടു ഒന്ന് കൂടി പറഞ്ഞു കൊടുക്കാം . തീയതിയും സമയവും അടക്കം കൃത്യമായി. എന്നിട്ട് അഡ്രസ്സും ഫോണ്‍ നമ്പറും കൊടുത്തിട്ട് പൊക്കോളൂ ..സമയം പോലെ ഞങ്ങള്‍ അന്വോഷിക്കാം .....”
“ ഓരോ വട്ടും കൊണ്ട് ഓരോന്ന് ഇറങ്ങികൊള്ളും ..”
പതിയെ ആണെങ്കിലും എനിക്ക് കേള്‍ക്കാവുന്ന ശബ്ദത്തില്‍ അത്രയും പറഞ്ഞു കൊണ്ടയാള്‍ ധൃതിയില്‍ പുറത്തേയ്ക്ക് നടന്നു .
പിന്നീട് അവിടെ നില്‍ക്കാന്‍ തോന്നിയില്ല .വളരെ വേഗത്തില്‍ പുറത്തേയ്ക്ക് നടന്നു . സിമിന്‍റ് തറയില്‍ പറ്റി പിടിച്ചിരിക്കുന്ന ചെളിയില്‍ കുതിര്‍ന്ന ഷൂവിന്റെ അടയാളങ്ങളില്‍ ചവിട്ടാതെ വളരെ സൂക്ഷിച്ചാണ് ഞാന്‍ നടന്നത് . എന്റെ കാല്‍പ്പാടുകള്‍ പോലും അവിടെ ശേഷിക്കരുത് എന്നെനിക്കു ബോധ്യമുണ്ടായിരുന്നു .അവിടെന്നു
നേരെ പോയത് സീ പേള്‍ ബാറിലേക്കാണ് . ബോധം മറയും വരെ കുടിച്ചു . അവിടെ ഉള്ളവര്‍ തന്നെയാണ് ഓട്ടോ പിടിച്ചു റൂമിലേക്ക്‌ വിട്ടത് .ബോധം വന്നപ്പോള്‍ നന്നായി ഇരുട്ടി . ഇരുട്ടിനെ ഇപ്പോള്‍ വല്ലാത്ത പേടിയാണ് . മരണഭയം മനസ്സിനെ കീഴടക്കിയിരിക്കുന്നു . മരണത്തിനു കീഴ്പെട്ടാലും സത്യം എല്ലാവരും അറിയണം . അത് കൊണ്ട് മാത്രമാണ് എല്ലാം ഡയറിയില്‍ പകര്‍ത്താന്‍ തീരുമാനിച്ചത് . പക്ഷെ അതിനും മുന്‍പേ എനിക്കയാളെ കണ്ടെത്തണം ..എന്റെ ആ മരണദൂതനെ ......
സ്റ്റീവ് .
( തുടരും )
എബിൻ മാത്യു കൂത്താട്ടുകുളം.
പ്രസിദ്ധീകരിച്ച എല്ലാ ഭാഗങ്ങളും വായിക്കാൻ - https://goo.gl/F3CGy8

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot