നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഗരീബ് രഥ് :അഞ്ചാമത്തെ കുഴിമാടത്തിന്റെ കഥ

Image may contain: one or more people

നിങ്ങള്ക്കറിയാമോ പെണ്ണുങ്ങള് എന്ന് പറഞ്ഞാല് എനിക്ക് പേടിയാ.അതുപോലെ തന്നെ അപരിചിതരോട് സംസാരിക്കാനും..കമ്യൂണിക്കെഷന്പ്രോബ്ലം.നാണം.ഭയം.ഓഫീസില് എന്റെ കൂട്ടുകാര് എന്നെ സ്ഥിരം കളിയാക്കാണ്.ഇങ്ങനാണേല് നീ എങ്ങിനെ കെട്ടും.?എങ്ങിനെ പ്രേമിക്കും.? ഞാന് യൂട്യൂബില് കേറി കൊറേ വീഡിയോസ് കണ്ടു.ആശയവിനിമയം മെച്ചപെടാനും ധൈര്യം വരുവാനുമുള്ള വീഡിയോസ്.വലിയ മെച്ചം ഒന്നും ഉണ്ടായില്ല.
ഇതിനിടെ എന്റെ ഫ്രണ്ട്സ് ഒരു ഗോവ ട്രിപ്പ് പ്ലാന് ചെയ്തു.
“നീ വന്നിട്ടെന്താ കാര്യം.നിന്റെ ഈ നാണംകുണുങ്ങിത്തരവും പേടിയും കൊണ്ട് ഗോവ പോലെയുള്ള ചില്ലിംഗ് സ്ഥലത്ത് പോയാ ബോറാകും.”അവന്മാര് പറഞ്ഞു.
“പേടിയൊക്കെ പണ്ട്.ഐ വില് റോക്ക് ദിസ് ടൈം.”ഞാന്വിട്ടുകൊടുത്തില്ല.യൂട്ടൂബിലെ “how to approach girls “എന്ന ഇന്സ്പിരേഷന് വീഡിയോ സീരിസ് കണ്ട ബലത്തില് ഞാന്പറഞ്ഞു.അവന്മാര് എല്ലാവരും കൂടി അത് കേട്ട് പൊട്ടിച്ചിരിച്ചു.
കോട്ടയത്ത്‌ നിന്ന് ഗരീബ് രഥിലാണ് ഞങ്ങള് ഗോവക്ക് ട്രെയിനില് കയറിയത്.ഉച്ചക്ക് പുറപെടുന്ന ട്രെയിന് രാത്രി ഒന്നരയാകുമ്പോള് ഗോവയെത്തും.ഞങ്ങള് പത്തു പേരുണ്ടായിരുന്നു.കോട്ടയം മുതലേ വെള്ളമടി തുടങ്ങിയിരുന്നു.കൂട്ടത്തില് വെള്ളമടിക്കാത്തത് ഞാന് മാത്രമാ കേട്ടോ.അത് കൊണ്ട് ടിക്കറ്റിന്റെയും ഇവന്മാരെ കൂട്ടം തെറ്റാതെ ട്രെയിനില് കേറ്റുന്നതിന്റെയും സീറ്റ് കണ്ടുപിടിക്കുന്നതുമൊക്കെ എന്റെ ജോലിയായി.
വെള്ളമടിക്കുന്നവരുടെയിടയില് വെള്ളമടിക്കാത്ത ഒരു കുഞ്ഞാടിനെ കണ്ടാല് പെട്ടെന്ന് ആളുകള്ക്ക് മനസ്സിലാവൂലോ.നല്ല ഡീസന്റ് ആയി ട്രെയിനില് ഇരിക്കുന്ന എന്നെ കണ്ടു ട്രെയിനിലെ മറ്റു യാത്രക്കാര് (സ്പെഷലി ലേഡീസ്} എന്നെ ബഹുമാനത്തോടെ നോക്കുന്നത് കണ്ടു എന്റെ ഫ്രണ്ട്സിന് കലിപ്പ് കേറി.
“ഈ ട്രിപ്പില് ഞങ്ങള് ചൂണ്ടികാണിക്കുന്ന ഏതെങ്കിലും ഒരു പെണ്ണിനെ അങ്ങോട്ട്‌ കേറി പരിചയപെട്ടാല് നിന്റെ ഗോവയിലെ ഫുള് ചെലവു ഞങ്ങള് ഏറ്റെടുക്കും.”അവന്മാര്പറഞ്ഞു.
“അത് പൊളിച്ചു.ഞാന് വെള്ളമടിക്കാത്തത് കൊണ്ട് ചെലവു കുറയും എന്ന് നീയൊന്നും കരുതണ്ട.നീയൊക്കെ എന്റെ ചെലവു താങ്ങി മുടിയും.” ഞാന് പറഞ്ഞു.
അങ്ങിനെ പറഞ്ഞെങ്കിലും ഞാന് ഉള്ളില്കരയുകയായിരുന്നു.ആ വീഡിയോ സീരിസ് ഞാന് മുഴുവന്കണ്ടു തീര്ന്നിരുന്നില്ല.ട്രെയിനിലാണേല് മൊബൈലിനു റേഞ്ച് വിട്ടുവിട്ടാ.വല്ലാത്തൊരു ചെയ്‌ത്തായി പോയി.
ഇതിനിടയില് എന്റെ ഫ്രണ്ട്സ് ഇരുപത്തിയെട്ട് എന്ന ചീട്ടുകളി തുടങ്ങി.കൂട്ടത്തില് എനിക്ക് മാത്രമാ ചീട്ടുകളി അറിയാത്തത്.എന്തു ചെയ്യാനാ ഞാനിങ്ങനൊരു ഡീസന്റായി പോയി.വെള്ളമടിച്ചു ചീട്ടുകളിക്കുന്നവരുടെ ഇടയില് കളി അറിയാത്ത ,വെള്ളമടിക്കാത്ത ഒരാള് അനുഭവിക്കുന്ന ബോറടിപോലൊരു ബോറടി ലോകത്തില്ല.ബോറടി മാറ്റാന്ഞാന് ബാഗില് കരുതിയ ഒരു മാസിക എടുത്തു.മലയാളത്തിലെ വലിയ ഒരു സാഹിത്യമാസികയാ.കൂട്ടത്തിലെ ബുജിയും ഞാന്തന്നെയാണ് എന്ന് നാട്ടുകാര് അറിയട്ടെ.ഒരു ഗദ്യകവിത വായിച്ചു.വേകാത്ത ഗോതമ്പുണ്ട കടിച്ച പോലെ തോന്നി.പിന്നെ ഒരു ലേഖനം വായിക്കാന് ശ്രമിച്ചു.അതാകുമ്പോള് ജനറല്നോളജും കിട്ടുമല്ലോ.”ആഗോളതാപനവും ആര്ത്തവവും തമ്മിലുള്ള ബന്ധം “ എന്ന ഡോക്ടര് പുഷ്കരന്റെ ശാസ്ത്രലേഖനം വായിച്ചു തുടങ്ങിയ ഞാന് അപ്പോഴേ മാസിക അടച്ചുവച്ചു.ഇതിലും ഭേദം ആദ്യത്തെ ബോറടി തന്നെയാ.
അപ്പോഴാണ്‌ അല്പംമാറി രണ്ടു ബര്ത്തുകള് ഫ്രീയായി കിടക്കുന്നതു കണ്ടത്.ഒരു വൃദ്ധന്മാത്രം ഉറക്കംതൂങ്ങി ജനലിന്റെ അരികില് ഇരിപ്പുണ്ട്.
“ഞാന് കുറച്ചു നേരം അവിടെപോയിരിക്കുവാ.”ഞാന്എഴുന്നേറ്റു .
“അതെന്താ ഇവിടിരുന്നാല്?.” അവന്മാര് വിടുന്നില്ല.
“എനിക്ക് ഗുലാം അലിയുടെയും അനൂപ്‌ ജലോട്ടയുടെയും കുറച്ചു ഗസല്സ് സമാധാനത്തോടെ കേള്ക്കണം.” ഞാന്ഉറക്കെ പറഞ്ഞു.
അവന്മാരുടെ ചീട്ടുകളിയുടെ ബഹളം കാരണം സഹികെട്ടിരുന്ന മറ്റ് യാത്രക്കാര് വീണ്ടും എന്നെ ബഹുമാനത്തോടെ നോക്കി.അത് കണ്ടു നിന്നെ പിന്നെ എടുത്തോളാം എന്നമട്ടില് അവന്മാര് എന്നെ ക്രൂരമായി നോക്കി.ഞാനത് വകവച്ചില്ല.
ഞാന് അപ്പുറത്ത് പോയി വൃദ്ധന് ഇരിക്കുന്നതിന്റെ ഓപ്പസിറ്റുള്ള സീറ്റില് ഇരുന്നു.പിന്നെ മോബൈല് എടുത്തു പ്ലേ ലിസ്റ്റില് നിന്ന് “സൊടക്ക് മേലെ സൊടക്ക് പോടുത്..എന് വെരല് വന്ത്...”എന്ന എന്റെ ഫേവറിറ്റ് നായകന് സൂര്യസാര്തകര്ത്തഭിനയിച്ച “താനാ സെര്ന്ത കൂട്ടം“എന്ന സിനിമയിലെ ഗാനം കേള്ക്കുവാന് തുടങ്ങി.പാട്ടിന്റെ താളത്തിനൊപ്പം ഞാന്തലയാട്ടുന്നത് കണ്ടു വൃദ്ധന് കണ്ണ് വലിച്ചു തുറന്നുനോക്കുന്നത് കണ്ടു.ഞാന് മൈന്ട് ചെയ്തില്ല.കാരണം എന്റെ മനസ്സ് പണ്ടത്തെ സ്കൂളിലേ ഹിസ്റ്ററി ക്ലാസുകളിലെപോലെ അകലങ്ങളിലേക്ക് പറന്നുതുടങ്ങിയിരുന്നു.ട്രെയിനില് സ്കൂളിലെ എന്റെ വണ് വെ ലൈനായിരുന്ന നിമ്മി എല്സാ എബ്രാഹം യാത്ര ചെയ്യുന്നതും ,ഞങ്ങള് യാത്ര ചെയ്യുന്ന ഈ ട്രെയിന് ഭീകരര് കിഡ്നാപ്പ് ചെയ്യുന്നതും ഞാന് അവളെയും മറ്റു യാത്രക്കാരെയും ഭീകരരില്നിന്ന് തുരുത്തി രക്ഷപെടുതുന്നതുമായ ഒരു സ്വപ്നം ഞാന് കാണുകയായിരുന്നു.ഇതിനിടയിലും ‘സോടക്ക് മേലെ സോടക്ക് പോടുത് “ പ്ലേ ചെയ്തു കൊണ്ടിരുന്നു.”നിന്നെ ഞാന്അന്നേ ശ്രദ്ധിച്ചിരുന്നു.അന്ന് സ്ഥിരം ബാക്ക് ബഞ്ചില് അല്ലെ ഇരുന്നിരുന്നത്?”നിമ്മി എന്നോട് പറയുന്നത് ഞാന്കേട്ടു.അത്തരം റൊമാന്സ് രംഗങ്ങളില്” സൊടക്ക് മേലെ സോടക്ക് പോടുത് “ എന്ന ഗാനം തീരെ മാച്ച് ആയിതോന്നിയില്ല.അത് കൊണ്ട് മടിയോടെ കണ്ണ് തുറന്നു “മുന്പേ വാ എന് അന്പേ വാ“എന്ന മറ്റൊരു സൂര്യസാര് സോങ്ങ് പ്ലേ ചെയ്തു.ഞാന് വീണ്ടും കണ്ണടച്ചു. അപ്പോള് ഒരു പേരറിയാത്ത ,അഭൌമമായ ഒരു സുഗന്ധം അനുഭവപ്പെട്ടു.
കായാമ്പൂ വിടരുന്നത് പോലെ.അല്ല.മുല്ലപ്പൂക്കള് മാത്രം വിടര്ന്നുനില്ക്കുന്ന ഒരു വനത്തില് ചെന്ന്പെട്ടത് പോലെ. ഞാന് കണ്ണ്തുറന്നു.
അതൊരു പെണ്കുട്ടിയായിരുന്നു.ഇളം ചുവപ്പ് പൂക്കള് വാരി വിതറിയ കടുംനീല ചുരിദാര്.അതി മൃദുലമായ ചെമ്പരത്തിയിതളുകള് പോലെയുള്ള ചുണ്ടുകള്.അവളുടെ കണ്ണുകള് കാന്തകട്ടകളാണ്.അവളുടെ മുടിയിഴകള് പറക്കാന്വെമ്പുന്ന രാത്രിസ്വപ്‌നങ്ങള് പോലെയാണ്.
ഇപ്പോള് വൃദ്ധനും കണ്ണ് തുറന്നിരിക്കുന്നു.ആ പെണ്കുട്ടിയുടെ മുഖം കണ്ടയുടനെ അയാളുടെ മുഖം കടലാസ് പോലെ വെളുക്കുന്നത്‌ ഞാന് കണ്ടു.
അവള് ജനലിന്റെ അരികിലാണിരിക്കുന്നത്.ഞാന്കൂട്ടുകാരുടെ വെല്ലുവിളി ആലോചിച്ചു.
ഇല്ല .എന്നെക്കൊണ്ട് പറ്റില്ല.എന്റെ നെഞ്ചു പടപടാ മിടിക്കുന്നതല്ലാതെ അത് വാക്കുകളായി പുറത്തു വന്നില്ല.
ഇതിനിടയില് മനസ്സിന്റെ സ്ലേറ്റില്നിന്ന് ഞാന് നിമ്മി എല്സാ എബ്രാഹത്തിനെ ഞാന് നിഷ്കരുണം മായിച്ചു കളഞ്ഞു.അല്ലെങ്കില്ത്തന്നെ പണ്ടൊരു കെമിസ്ട്രി ലാബിലെ പരീക്ഷക്ക്“സോള്ട്ട് ഏതാണ് ?”എന്ന് ചോദിച്ചതിനു “ തിന്നു നോക്കടാ” എന്ന് പറഞ്ഞ പഠിപ്പിസ്റ്റ് പാഴിനെ ഒക്കെ ആര്ക്കു വേണം ?
എന്റെ മനസ്സില് വാരണം ആയിരമാണ്.ട്രെയിനിന്റെ ഇടനാഴിയില് ഗിറ്റാറുമായി നില്ക്കുന്ന സൂര്യ.ട്രെയിനില് വച്ച് താന് കണ്ടുമുട്ടിയ സുന്ദരിക്ക് വേണ്ടി സൂര്യ പാടുന്നു.പോര ആ പാട്ട് സൂര്യസാര് പാടിയാല് പോര.ഞാന് സോഡാ ഗ്ലാസ് വച്ച വിന്റെജ് പ്രതാപ് പോത്തനായി.ഗിറ്റാര് മടിയില് വച്ച് പ്രതാപ് പോത്തന് ശോഭയോട് പറയുന്നു.
“ഐ ടൂ ലവ് മ്യൂസിക്ക് യൂ നോ..”
പിന്നെ മെല്ലെ ഗിറ്റാറില് വിരലുകളോടിച്ചു യേശുദാസിന്റെ മാന്ത്രികസ്വരത്തില് പ്രതാപ് പാടുന്നു.
“എന് ഇനിയ പൊന് നിലാവേ ,പൊന് നിലവില് എന് കിനാവേ...”
ഞാന് കണ്ണുകള് തുറന്നു .ധൈര്യം സംഭരിച്ചു അവളെ നോക്കി.
അവള് പുറത്തേക്ക് നോക്കി എന്തോ ആലോചിച്ചിരിക്കുകയാണ്.അവളുടെ വെളുത്തു ചുവന്ന മുഖത്ത് വല്ലാത്ത ഒരു പ്രകാശം ഞാന് ശ്രദ്ധിച്ചു.പുറത്തു ഒഴുകി മായുന്ന കമുകിന്തോപ്പുകള്.വെയില്വീണു കിടക്കുന്ന മഞ്ഞ നെല്പ്പാടങ്ങള്.
ആരാണവള് ?
ആ വൃദ്ധന് ഇടയ്ക്കിടെ അവളെ പാളിനോക്കുന്നുണ്ട്.പക്ഷെ ആ നോട്ടം ഉറപ്പിക്കാന് അയാള് മടിക്കുന്നത് പോലെ.
ഈ വൃദ്ധന് അവളെ അറിയാമോ ?
പെട്ടെന്ന് അവള് മുഖം ഞങ്ങള്ക്ക് നേരെ തിരിച്ചതും കടന്നല്കുത്തേറ്റതു പോലെ ഞങ്ങള് നോട്ടം മാറ്റി.ഞാന് കണ്ണടച്ചു.
ആ വസന്തത്തിന്റെ സുഖകരമായ ഗന്ധം അകലുന്നത് ഞാന്അറിഞ്ഞു.അവള് എഴുന്നേറ്റു പോവുകയാണ്.ഞാന് അവള്പോകുന്നതും നോക്കിയിരുന്നു.
നടക്കില്ല.കൂട്ടുകാരുടെ മുന്പില് ജയിക്കാന് എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല.ഞാന് വൃദ്ധന്റെ മുഖത്തേക്ക് നോക്കി.അയാളുടെ മുഖത്ത് ആശ്വാസം വന്നത് പോലെ.ഈ പേടി ഞാന് മാറ്റിയെ പറ്റൂ.ഞാന് ഉള്ള ധൈര്യം സംഭരിച്ചു വൃദ്ധനോട് ചോദിച്ചു.
“ആ പെണ്കുട്ടിയെ അറിയാമോ ?”
അയാള് കേട്ടത് വിശ്വസിക്കാത്തത് പോലെ എന്നെ നോക്കി.കുറച്ചു നേരം മിണ്ടാതിരുന്നിട്ടു പറഞ്ഞു.
“പ്രായം ഒക്കെയായില്ലേ.എവിടെയോ കണ്ടത് പോലെ.ഓര്മ്മ കിട്ടുന്നില്ല.”
ഞങ്ങള് പരിചയപ്പെട്ടു.അദ്ദേഹത്തിന്റെ പേര് കാര്ത്തികേയന്എന്നാണ്.വീഡിയോ സീരിസ് കണ്ടതിന്റെ ടെക്നിക്കുകള് ഒന്നും പ്രയോഗിക്കാതെ സംസാരിക്കാന് കഴിയുമെന്ന് എനിക്ക് മനസ്സിലായി .പെണ്കുട്ടിയുടെ കാര്യം മറന്നു ഞങ്ങള് പല വിഷയങ്ങളിലേക്ക് കടന്നു.
അയാള് വര്ഷങ്ങളായി ഇലക്രിക്കല്കോണ്ട്രാക്ടറായിരുന്നു.ടവര് ലൈനുകളും സബ് സ്റ്റേഷനുകളും ഒക്കെ ഏറ്റെടുത്തു ചെയ്യുന്ന ഒരു കോണ്ട്രാക്ടര്.എന്റെ പ്രവര്ത്തന മേഖലയും എഞ്ചിനീയറിംഗായിരുന്നത് കൊണ്ട് അയാളുടെ അനുഭവങ്ങള് കേള്ക്കാന് എനിക്ക് താത്പര്യം തോന്നി.അര മണിക്കൂര് കഴിഞ്ഞാല് അയാള്ക്ക് ഇറങ്ങേണ്ട സ്ഥലമാകും.എനിക്ക് നഷ്ടബോധം തോന്നി.ഇനി എന്ന് കാണുമെന്നു പറയാന് പോലും കഴിയില്ല.
“കാര്ത്തി അങ്കിള് ,ഇത്ര വര്ഷത്തിനിടയില് മറക്കാനാകാത്ത ഏതെങ്കിലും അനുഭവങ്ങള് പറയാന് പറ്റുമോ ?”കഥ കേള്ക്കാന്എനിക്ക് വളരെ ഇഷ്ടമാണ്.അദ്ദേഹം ഇറങ്ങുന്നതിനു മുന്പ് വിലപ്പെട്ട ഏതെങ്കിലും അനുഭവം ചൂണ്ടാന് ഞാന്തീരുമാനിച്ചു.അങ്ങിനെയാണ് അദ്ദേഹം കുറച്ചു പേരെ “മാറ്റി കിടത്തിയ “ കഥ പറഞ്ഞത്.
“ഒരുപാട് വര്ഷങ്ങള്ക്ക് മുന്പാണ്.”കാര്ത്തികേയന് അങ്കിള്പറഞ്ഞുതുടങ്ങി.
“ഞങ്ങള് മലബാറില് ഒരു സ്ഥലത്ത് ടവര് ലൈന്വലിക്കുകയായിരുന്നു.ഒരു പത്തിരുപത് കിലോമീറ്റര് നീളമുള്ള ലൈന്.പാലാ ,കോട്ടയം ക്രിസ്ത്യാനികള് മലബാറിലേക്ക് കുടിയേറി തുടങ്ങിയ കാലമായിരുന്നു.വിജനമായ കൃഷിയിടങ്ങള്ക്കിടയിലൂടെയാ ഈ ലൈന് റൂട്ട്.ഇതിനിടയില്ഞങള്ക്ക് ഒരു പള്ളിയുടെ പുരയിടത്തില് ടവര് ഇടേണ്ടി വന്നു.പുരയിടം എന്ന് വച്ചാല് പള്ളി സെമിത്തേരിയില്.” അദ്ദേഹം ഒന്ന് നിര്ത്തി.വീണ്ടും ആ ദിവസങ്ങളിലേക്ക് അദ്ദേഹം പോവുന്നത് പോലെ.
“അപ്പൊ വിശ്വാസികള് എതിര്ത്തില്ലേ ?” ഞാന് ചോദിച്ചു.
“ഇല്ല..കുറച്ചു ഇടവകക്കാരെ അവിടെ ഉണ്ടായിരുന്നുള്ളു.വെള്ളപൊക്കം വന്നപ്പോള് ആ പ്രദേശത്തു കൃഷിയിടങ്ങള് തകര്ന്നിരുന്നു.കുടിയേറി വന്നവരല്ലേ..അവര്മെച്ചപ്പെട്ട സ്ഥലങ്ങളിലേക്ക് മാറി.വേറെ പുതിയ പള്ളിയും വച്ചു.ഞങ്ങള് പണി തുടങ്ങുന്നതിനു മൂന്ന് കൊല്ലം മുന്പ് ആ പള്ളിയുടെ പ്രവര്ത്തനം പൂര്ണ്ണമായി നിലച്ചിരുന്നു.അത് കൊണ്ട് എതിര്പ്പുകള് ഉണ്ടായിരുന്നില്ല.മാത്രമല്ല നിങ്ങളുടെ തലമുറയിലെ പോലെ മതതീവ്രവാദത്തിനൊന്നും അന്ന് ആര്ക്കും നേരമില്ല.കാട്ടാനയുടെയും കാട്ടുപന്നിയുടെയും കയ്യില് നിന്ന് കൃഷിയിടങ്ങള് കാക്കുക എന്നതായിരുന്നു അവരുടെ അന്നത്തെ വെല്ലുവിളി.” ഒരു ചിരിയോടെ കാര്ത്തികെയന് പറഞ്ഞു.
“സെമിത്തേരിയില് ടവര് ഫൌണ്ടേഷന്എടുക്കുന്നതിനിടെയാണ് ആ പ്രശ്നം ഉണ്ടായത്.ടവര്പണിയണേല് കുറച്ചു കുഴിമാടങ്ങള് പൊളിക്കണം.അധികം കുഴിമാടങ്ങള് തുറക്കേണ്ടി വരില്ല എന്നാണു ഞങ്ങള്കരുതിയത്‌.പക്ഷേ നാലഞ്ചു കുഴിമാടങ്ങള് തുറക്കേണ്ടി വന്നു.വളരെ വര്ഷങ്ങള്ക്ക് മുന്പ് അടക്കു കഴിഞ്ഞത് കൊണ്ട് ജഡാവശിഷ്ടങ്ങള് കാര്യമായി ഉണ്ടായിരുന്നില്ല.പണിക്കാരൊക്കെ നല്ല വാറ്റ് അടിച്ചാ പണിതത്.എല്ലാവര്ക്കും പേടിയായിരുന്നു.കോണ്ട്രാക്ടര് ആയതു കൊണ്ട് ഞാന് തന്നെയാണ് നേത്രത്വം കൊടുത്തത്.പണിയാതെ പറ്റില്ലല്ലോ.നാല് കുഴിമാടത്തിലെ അവശിഷ്ടങ്ങള് ഞങ്ങള്വേറൊരിടത്തു കുഴികള് തുറന്നു മാറ്റി.അതാ മാറ്റി കിടത്തി എന്ന് പറഞ്ഞത്.അഞ്ചാമത്തെ കുഴിമാടം തുറന്നത് ഞാനായിരുന്നു.”
“എന്നിട്ട്?”
“കുറച്ചു വെള്ളമുണ്ടോ ?”അയാള് ചോദിച്ചു.കാര്ത്തികേയന്റെ മുഖം വിയര്ത്തു ഒഴുകുന്നത്‌ കണ്ടു.
ഞാന് ബാഗ് തുറന്നു ഒരു കുപ്പി വെള്ളം അയാളുടെ കയ്യില്കൊടുത്തു.അയാള് അത് മടമടാ കുടിച്ചു.
“അഞ്ചാമത്തെ കുഴിമാടത്തില് ഒരു പെണ്കുട്ടിയുടെ ജഡമായിരുന്നു ഉണ്ടായിരുന്നത്.ഉറങ്ങി കിടക്കുന്ന ഒരു പെണ്കുട്ടി.അവളുടെ ശരീരത്തിന് ഒരു കേടുപാടും ഉണ്ടായിരുന്നില്ല.ചാരനിറമുള്ള മണ്ണില് അവളുടെ ശവപ്പെട്ടിയുടെ അംശങ്ങള് കിടപ്പുണ്ടായിരുന്നു..വസ്ത്രങ്ങള്പൊടിഞ്ഞു തുടങ്ങിയിരുന്നു.നല്ല വെളുത്ത മുഖം.ശിരസ്സിനു ഇരുവശത്തെക്കും നല്ല കറുത്തിരുണ്ട മുടിചുരുളുകള്പരന്നുകിടന്നു. ആ കണ്ണുകള് അടഞ്ഞു തന്നെയിരുന്നു.അതെങ്ങാനും തുറന്നിരുന്നെങ്കില്..അന്ന് ഞാന്ചത്തേനെ .”അയാള് പറഞ്ഞു.
“ആ വെള്ളമിങ്ങു തന്നേ അങ്കിള്.” ഞാന് അയാളുടെ കയ്യില്നിന്ന് വെള്ളം വാങ്ങി കുടിച്ചു.
“എല്ലാവര്ക്കും തൊടാന് പേടിയായിരുന്നു.നേരം ഇരുണ്ടു തുടങ്ങിയിരുന്നു.സൂര്യന് അസ്തമിച്ചാല് പ്രേതങ്ങളുടെ ശക്തി കൂടുമെന്ന് എവിടെയോ വായിച്ചത് ഓര്മ്മ വന്നു.പെട്ടെന്ന് മാറ്റി കിടത്താം അല്ലേല് അതെങ്ങാനും കണ്ണ് തുറന്നാലോ എന്ന് പണിക്കാരാരോ ചോദിച്ചു.എല്ലാവരുടെയും മനസ്സില് ആ സംശയമുണ്ടായിരുന്നു.മോന് വിശ്വസിക്കില്ല.ആ ശവക്കുഴിയില് മാത്രം ജീര്ണ്ണതയുടെ ഗന്ധം ഉണ്ടായിരുന്നില്ല.പകരം മുല്ലപ്പൂക്കളുടെ പോലെ പേരറിയാത്ത ഏതോ ഗന്ധം.ഞങ്ങള് ആറേഴു പേരുണ്ടായിരുന്നെങ്കിലും അമാവാസി രാത്രിയില് ഒറ്റയ്ക്കായപോലെ ഭയന്ന് പോയിരുന്നു.എല്ലാവരുടെയും വെള്ളമടിച്ചതിന്റെ കെട്ടിറങ്ങി.അപ്പോഴാണ്‌ ആ പള്ളിയിലെ പഴയ കപ്യാരായിരുന്ന തോമാച്ചന് ചേട്ടന് അങ്ങോട്ട്‌ വന്നത്.ആ ജഡം കണ്ടു അയാളും ഞെട്ടി.ആ പെണ്കുട്ടിയുടെ പേര് സെലിന്എന്നായിരുന്നു..ആ ഇടവകയിലെ ഏറ്റവും ഒടുവിലത്തെ സംസ്ക്കാരം സെലിന്റെയായിരുന്നുവെന്നും തോമാച്ചന്പറഞ്ഞു.സെലിനു ചെറുപ്പം മുതലേ അസുഖമായിരുന്നു.വീട്ടില്തളര്ന്നു കിടക്കുകയായിരുന്നു ആ പെണ്കുട്ടി.വനാതിര്ത്തിയിലുള്ള ആ പ്രദേശത്ത് ആദിവാസികളുടെ കാട്ടുമരുന്നുകള് ദീര്ഘകാലം ഉപയോഗിച്ചതുകൊണ്ടാവും മരിച്ചിട്ടും ശരീരം ഇങ്ങനെയായത്‌ എന്ന് കപ്യാര് പറഞ്ഞു.”
“എന്നിട്ട് ?”
“ഞങ്ങള് എല്ലാവരും കൂടി സെലിനെ വേറൊരു കുഴിയില്മാറ്റികിടത്തി. പിന്നെ കപ്യാര് ക്രിസ്ത്യാനികളുടെ മരിച്ചവര്ക്ക് വേണ്ടി ചൊല്ലുന്ന ഒരു പ്രാര്ത്ഥന ചൊല്ലി.ഈ വിവരം ആരും അറിയാതിരിക്കാന് ഞാന് കുറച്ചു ചില്ലറയും മദ്യവും അയാള്ക്ക് കൊടുത്തു.പക്ഷേ അതാരും പുറത്തൂ പറഞ്ഞില്ല.അന്ന് കൂടെയുണ്ടായിരുന്നവരും കപ്യാരും എല്ലാം മരിച്ചു.ഇനി ഞാന് മാത്രമേ സെലിനെ കണ്ടവരില്ബാക്കിയുള്ളൂ.പണി പൂര്ത്തിയാക്കി ആ വഴി ഞങ്ങള് ലൈന്വലിച്ചു ചാര്ജ് ചെയ്തു.ഒന്നും സംഭവിച്ചില്ല.” അയാള്നിര്ത്തി.പിന്നെയും തുടര്ന്നു.
“എങ്കിലും ഇടയ്ക്കിടെ ഞാന് സെലിനെ സ്വപ്നം കണ്ടു ഞെട്ടിയുണരും.അവളുടെ അടഞ്ഞ കണ്ണുകള് പെട്ടെന്ന് തുറന്നു എന്നെ നോക്കുന്നത് പോലെ.പല രാത്രികളിലും അത് കണ്ടു എനിക്ക് ഉറക്കം നഷ്ടപ്പെട്ടു.എന്നെ ഉറക്കത്തില്നിന്ന് ഉണര്ത്തിയത് നിങ്ങളാണ് എന്ന് ആ കണ്ണുകള് കുറ്റം പറയുന്നത് പോലെ.”
ട്രെയിനിന്റെ വേഗം കുറഞ്ഞു.ഏതോ സ്റ്റേഷന് ആവുകയാണ്.
“എനിക്കിറങ്ങാന് നേരമാവുകയാണ്.നമ്മുക്ക് പിന്നേം കാണാം മോനെ.” കാര്ത്തികേയന് പറഞ്ഞു.
ഞാന് അയാള്ക്കൊപ്പം വാതില്ക്കലേക്ക് നടന്നു.കാര്ത്തികേയന് മുഖം വീണ്ടും എന്റെ നേര്ക്ക് തിരിച്ചു.എന്നോട് എന്തോ പറയാനുള്ളത് പോലെ അയാളുടെ ചുണ്ട് വിറച്ചു.കാറ്റില് അയാളുടെ നരച്ച മുടിയിഴകള്പാറിപറന്നു.
“മോനോട് ഒരു കാര്യം കൂടി പറയാം.കുറച്ചു മുന്പ് നമ്മുടെ അടുത്ത് വന്നിരുന്ന പെണ്കുട്ടിയെ പരിചയമുണ്ടോയെന്നു ചോദിച്ചില്ലേ ?ഞാന് അവളെ കണ്ടു ഭയന്ന് പോയി.അവള്ക്ക് സെലിന്റെ മുഖമായിരുന്നു.”.
ഞാന് ശരിക്കും ഞെട്ടി.ഒരു അമാവാസ രാത്രിയില്ഒറ്റക്കായത്പോലെ ഭയന്നു എന്ന് കാര്ത്തികേയന് അങ്കിള് മുന്പ് പറഞ്ഞതിന്റെ അര്ത്ഥം എനിക്ക് മനസ്സിലായി.
“അന്ന് അഞ്ചാമത്തെ കുഴിമാടം തുറന്നു അവളുടെ ജഡം കണ്ടപ്പോള് കപ്യാര് അവളെക്കുറിച്ച് പറഞ്ഞതാണ് ഓര്മ്മ വന്നത്. അവള്ക്കു വേണ്ടി പ്രാര്ത്ഥിക്കാനും വീട് വെഞ്ചരിക്കാനും മറ്റും അച്ചന്മാരോടൊപ്പം കപ്യാര് അവളെ കാണാന് ഇടയ്ക്കിടെ പോകുമായിരുന്നു.തളര്ന്നു കിടന്ന ആ പെണ്കുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹം ലോകം മുഴുവന്യാത്ര ചെയ്യണം എന്നതായിരുന്നത്രെ.”
ട്രെയിന് നിന്നു.ആ വൃദ്ധന് ഇറങ്ങി.
“ചിലപ്പോ ഒക്കെ തോന്നലായിരിക്കും.പ്രായം ഇത്രയുമായില്ലേ..മോന് ഞാനീ പറഞ്ഞത് വേറെ ആരോടും പറയണ്ട.അത് മനസ്സില് നിന്ന് കളഞ്ഞേക്കൂ.നമുക്ക് വീണ്ടും കാണാം.”
ഞാന് ഒന്നും പറഞ്ഞില്ല.എന്റെ ശബ്ദം നഷ്ടപ്പെട്ടിരുന്നു.എന്നെ കൈവീശി കാണിച്ചിട്ട് വൃദ്ധന് ആള്തിരക്കില് മറയുന്നത് ഞാന് കണ്ടുനിന്നു.
ട്രെയിന് മെല്ലെ മുന്പോട്ടു നീങ്ങി.ഞാന് വീണ്ടും പഴയ സീറ്റില്പോയിരുന്നു.ഇപ്പോള് ഞാനവിടെ ഒറ്റയ്ക്കാണ്.കാര്ത്തികേയനില്ല.ആ പെണ്കുട്ടിയും.അവളുടെ മുഖം ഓര്മ്മയില് വന്നതും ഞാന് മെല്ലെ എഴുന്നേറ്റു.ഇനി അവിടെ ഒറ്റയ്ക്കിരിക്കാന് ഒരു മടി.മാത്രമല്ല കൂട്ടുകാര് എന്ത് വിചാരിക്കും?
ഞാന് അവരുടെ അരികില് ചെന്നിരുന്നു.
“ആഹാ ബുജി വന്നല്ലോ..”ഒരുത്തന് പറഞ്ഞു.
“എന്താടാ നിന്റെ മുഖം വല്ലാതിരിക്കുന്നെ .വല്ലതും കണ്ട് പേടിച്ചോ.” വേറെ ഒരുത്തന് ചോദിച്ചു.
“ചിലപ്പോ ഏതെങ്കിലും പെണ്ണിനോട് സംസാരിക്കാന് ശ്രമിച്ചു കാണും.”വേറെ ഒരാള്.
“അതീ ജന്മം ഇവനെ കൊണ്ട് സാധിക്കില്ല.”അടുത്തയാള്.
“ഒരു കാര്യം ചെയ്യ്‌ ഒരു അടിപൊളി പെണ്ണ് വരുന്നുണ്ട്.അതിനോട് നീ അങ്ങോട്ട്‌ മിണ്ടിയാല് ഫുള് ട്രീറ്റ് ഗോവ വരെ വെയിറ്റ് ചെയ്യണ്ട.ഇപ്പൊ തുടങ്ങും.ട്രൈ.”ഒരാള്തീരുമാനം പറഞ്ഞു.
അപ്പോള് പരിചിതമായ ആ ഗന്ധം അടുത്തു വരുന്നത് ഞാന്അറിഞ്ഞു.ഒരായിരം വനമുല്ലകള് പൂത്തത് പോലെ.ഞാന്ശിരസ്സുയര്ത്തി.
അത് അവള് തന്നെയാണ്.കുറച്ചു മുന്പ് ഞാന് കണ്ട അതേ പെണ്കുട്ടി.അവളുടെ മുഖം കണ്ടാണ്‌ കാര്ത്തികേയന്റെ മുഖം കടലാസ് പോലെ വിളറി വെളുത്തത്.
സെലിന്.
അഞ്ചാമത്തെ കുഴിമാടം.
കാര്ത്തികേയന് അടുത്തിരുന്നു ചെവിയില് പറയുന്നത് പോലെ തോന്നി.
അവള് ഞങ്ങള് ഇരുന്നതിന്റെ അപ്പുറത്തെ വശത്തുള്ള ബര്ത്തിലിരുന്നു.
ഞാന് അവളുടെ മുഖത്തെക്ക് നോക്കി.ഞങ്ങളുടെ കണ്ണുകള്കൂട്ടി മുട്ടി.
ഇത് സെലിന് തന്നെയായിരിക്കുമോ ?അഞ്ചാമത്തെ കുഴിമാടത്തില് ജീര്ണ്ണിക്കാതെ ഉറങ്ങികിടന്ന,കാര്ത്തികേയന്മാറ്റി കിടത്തിയ സെലിന് ?
എന്റെ കൂട്ടുകാര് എന്നെ നോക്കി അടക്കിചിരിക്കുന്നത് കണ്ടു അവള് എന്നെ ശ്രദ്ധിക്കുന്നു.അവളുടെ മുഖത്തും കൗതുകം കലര്ന്ന ചിരി.
“വീട് ,വീട്..മലബാര് സൈഡില് വല്ലതുമാണോ..” ഞാന് വിക്കി വിക്കി ചോദിച്ചു.എന്റെ അടുത്തിരുന്നവന്മാര്ക്ക് ചിരി അടക്കാന് കഴിയാതെ ഉറക്കെ ചിരിച്ചു.അവളും എന്നെ ഒന്ന് നോക്കിയതിനു ശേഷം മുഖം താഴ്ത്തി ചിരിച്ചു.
“ആയിരുന്നു.പണ്ട്...ഇപ്പൊ അല്ല..”കൂട്ടുകാരുടെ ചിരിക്കിടയിലൂടെ അവളുടെ മറുപടി ഞാന് മാത്രമേ കേട്ടുള്ളൂ.
അവള് എഴുന്നേറ്റു നടന്നു പോകുന്നതു കണ്ടു.
“അവന്റെ ചോദ്യത്തോടെ ആ കൊച്ചു എഴുന്നേറ്റു പോയി..”ആരോ പറയുന്നു.
“എന്തായാലും ഈ മരങ്ങോടനു ഇനി ട്രീറ്റ് ചെയ്യണോലോ..”മറ്റൊരാള്.
അപ്പോഴേക്കും ടി.ടി.ആര് വന്നു.ടിക്കറ്റ് പരിശോധന തുടങ്ങി.
ഞാന് അതൊന്നും ശ്രദ്ധിക്കുന്നില്ലായിരുന്നു.
ഇളകുന്ന ട്രെയിന് ബോഗികള്ക്കിടയിലൂടെ ,ആളുകള്ക്കിടയിലൂടെ അവള് മറയുന്നത് ഞാന്നോക്കിയിരുന്നു.
ടിക്കറ്റ് പരിശോധന കഴിഞ്ഞ് എന്റെ മുന്പിലൂടെ നടന്നുപോയ ടി.ടി.ആറിന്റെ കയ്യിലെ ഫയലില് യാത്രക്കാരുടെ പേരെഴുതിയ കടലാസ് കാറ്റില് പറക്കുന്നു.ഒരു മിന്നല് പോലെ അതില് എഴുതിയിരിക്കുന്ന ഒരു പേര് മാത്രം ഞാന് കണ്ടു.
സെലിന് ഐസക്ക്.
അത്..അങ്ങിനെ സംഭവിക്കുമോ ?അറിയില്ല.ഒക്കെ യാദൃച്ചികമാണ്.അത് മറ്റൊരാളാവും.
എന്റെ കൂടുകാര്ക്കൊപ്പം പൊട്ടിച്ചിരിച്ചുകൊണ്ട് ഗരീബ് രഥ് മുന്പോട്ടു നീങ്ങുകയാണ്.
(അവസാനിച്ചു)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot