നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അന്നുപെയ്തമഴയിൽ - Part 4


----------------------------------
രചന:അഞ്ജന ബിജോയ്

വർഷയും  ആ ഫോട്ടയിലേക്ക് ആ പെൺകുട്ടിയുടെ ഭംഗി നോക്കി  കുറച്ച്നേരം അവിടെ തന്നെ  നിന്നു.പെട്ടെന്നാണ് ആദിത്  തിരിഞ്ഞുനോക്കിയത്.മോപ്പും  പിടിച്ച് തന്റെ ലാപ്ടോപ്പിലേക്ക് തന്നെ നോക്കി നിൽക്കുന്ന വർഷയെ  കണ്ടപ്പോൾ അവന് ദേഷ്യം വന്നു.
അവൻ ലാപ്ടോപ്പ് മടക്കി വെച്ച് ഹെഡ്‍ഫോൺ ഊരി സോഫയിൽ നിന്നും എഴുന്നേറ്റു.
"എന്താ വേണ്ടത്?" അവൻ ഗൗരവത്തോടെ ചോദിച്ചു.
"എനിക്ക് മുറി വൃത്തിയാക്കണം." വർഷ പറഞ്ഞു.
"എങ്കിൽ പിന്നെ അത് ചെയ്തുകൂടെ ?എന്തിനാ അന്യന്റെ പ്രൈവസിയിലേക്ക് എത്തിനോക്കുന്നത്?" ആദിത്  ചൂടായി.
"ഞാൻ ആരുടേയും ഒന്നും എത്തിനോക്കിയില്ല.മുറി വൃത്തിയാക്കാൻ തന്നെയാ ഇങ്ങോട്ട്  വന്നത്.നിങ്ങൾ ചെവിയിലാ കുന്തോം വെച്ചോണ്ട് ഇരുന്നതുകൊണ്ടാ എന്നെ കാണാഞ്ഞതും ഞാൻ വിളിച്ചിട്ട് കേൾക്കാഞ്ഞതും .അപ്പോഴാണ് നിങ്ങളുടെ ഈ കുന്ത്രാണ്ടത്തിൽ  ഒരു കുട്ടിയുടെ പടം കണ്ടത്. ഭംഗിയുള്ളൊരു  ചിത്രം കണ്ടാൽ നമ്മൾ നോക്കില്ലേ? അതുപോലെ ഒന്ന് നോക്കി അത്രയേ ഉള്ളു." വർഷ പറഞ്ഞു.
"ഫസ്റ്റ് ഓഫ് ഓൾ എന്റെ ചെവിയിൽ ഇരുന്നത് കുന്തം അല്ല അത് ഹെഡ്‍ഫോൺ ആണ്.പിന്നെ എന്റെ മടിയിൽ വെച്ചിരുന്നത്  കുന്ത്രാണ്ടം  അല്ല.ഇറ്റ്സ് എ ലാപ്ടോപ്പ്! കുന്തം കുന്ത്രാണ്ടം ! എന്തൊരു ലാംഗ്വേജ് ആണിത് ! " ആദിത്  അവളെ പുച്ഛത്തോടെ നോക്കി പറഞ്ഞു.
"എന്താണെങ്കിലും ..സാറിന് കാര്യം മനസ്സിലായല്ലോ..ഞാൻ ഇനിയെങ്കിലും ഈ മുറി ഒന്ന് വൃത്തിയാക്കിക്കോട്ടെ?" വർഷ ചോദിച്ചു.
"ഇറ്റ്സ് എ ലോസ്റ്റ് കോസ്സ്..."അവളെ നന്നാക്കാൻ നോക്കിയിട്ട്  കാര്യമില്ലെന്ന അർത്ഥത്തിൽ പിറുപിറുത്ത് കൊണ്ട് ആദിത് ലാപ്ടോപ്പും എടുത്ത് അവന്റെ ബെഡിൽ പോയി ഇരുന്നു.
"എന്തെങ്കിലും പറയാനുണ്ടെങ്കിൽ മലയാളത്തിൽ പറയണം.." വർഷ പറഞ്ഞു.ആദിത് ഒന്നും  മിണ്ടാതെ അവന്റെ ലാപ്ടോപ്പിൽ നോക്കി ഇരുന്നു.
വർഷ   ബക്കറ്റ് അടുത്ത് വെച്ച് അവിടൊക്കെ തുടച്ച് വൃത്തിയാക്കാൻ തുടങ്ങി.ആദിത്  ഇടയ്ക്കിടെ അവൾ ചെയ്യുന്നതൊക്കെ നോക്കുന്നുണ്ടായിരുന്നു.
"ഇപ്പൊ ഇതിൽ ചവിട്ടരുത് കേട്ടോ.ഒന്ന് ഉണങ്ങുന്നത് വരെ കട്ടിലിൽ തന്നെ ഇരിക്കണേ" ആദിത്തിനോട്  പറഞ്ഞിട്ട്  വർഷ  അവന്റെ ബാത്റൂമിലേക്ക് ചെന്ന് അവിടെയും കഴുകി വൃത്തിയാക്കി.തിരികെ എത്തിയപ്പോൾ ആദിത്  ലാപ്ടോപ്പും എടുത്ത് സോഫയിൽ ഇരിക്കുന്നു.അവൾ തുടച്ച് വൃത്തിയാക്കി ഇട്ട തറ മുഴുവനും അവന്റെ കാൽപ്പാടുകളും അതിലെ  ചെളിയും ഉണ്ടായിരുന്നു..അവൾ പറഞ്ഞതിന് വാശി തീർക്കാനെന്നപോലെ തറ ഉണങ്ങുന്നതിനു മുൻപേ തന്നെ അവൻ ആ റൂമിൽ മുഴുവൻ നടന്നിട്ടുണ്ടായിരുന്നു.
"സാർ  എന്താ ഈ കാണിച്ചേ?" വർഷയ്ക്ക് നല്ല ദേഷ്യം വന്നു.
"വാട്ട് ?" ആദിത്  ചോദ്യ ഭാവത്തിൽ  അവളെ നോക്കി.
"ഞാൻ പറഞ്ഞതല്ലേ തറ ഉണങ്ങുന്നതിനു മുൻപേ ഇവിടെ നടക്കരുതെന്ന്?എത്ര കഷ്ട്ടപ്പെട്ടാ  ഞാൻ ഇതൊക്കെ തുടച്ച് വൃത്തിയാക്കിയതെന്ന് നിങ്ങൾ കണ്ടതല്ലേ?" വർഷ ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ  അവനോട് പറഞ്ഞു.
"എന്റെ വീട് എന്റെ റൂം എന്റെ ഇഷ്ടം !" ആദിത്ത് കൂസലില്ലാതെ പറഞ്ഞു.
 വർഷ ഒന്നും മിണ്ടാതെ  വീണ്ടും അതൊക്കെ തുടച്ച് വൃത്തിയാക്കാൻ തുടങ്ങി.
"നന്നായി ദേഹം അനങ്ങട്ടെ .അങ്ങനെയെങ്കിലും കുറച്ച് വെയിറ്റ് കുറയുമല്ലോ ." ആദിത് ലാപ്ടോപ്പിൽ  നോക്കി വർഷ  കേൾക്കാനായി പറഞ്ഞു.
"എനിക്ക് വെയിറ്റ് ഉണ്ടെങ്കിൽ സാറിന് നഷ്ടമൊന്നുമില്ലല്ലോ." വർഷ അവനോട് നീരസത്തോടെ പറഞ്ഞു.
"ഇന്നലെ അടികൊണ്ട് ബോധം കെട്ട്  കിടന്നപ്പോ പൊക്കി എടുക്കാൻ ഞാനേ ഉണ്ടായിരുന്നുള്ളു..എന്നാ മുടിഞ്ഞ വെയിറ്റാ എന്റെ രണ്ടുകൈയും  ഒടിഞ്ഞു.!" ആദിത്  അവളെ കളിയാക്കി.
വർഷ അന്തംവിട്ട് അവനെ നോക്കി.ഇന്നലെ ബോധംകെട്ട് വീണപ്പോൾ ആദിത് ആയിരുന്നു  അവളെ എടുത്ത് അവന്റെ മുറിയിൽ കിടത്തിയതെന്ന് വർഷയ്ക്ക് അറിയില്ലായിരുന്നു.പ്രിയേച്ചിയുടെ മുറിയിൽ ബോധം ഇല്ലാതെ കിടന്ന താൻ എങ്ങനെ ആദിത്തിന്റെ മുറിയിലെ കട്ടിലിൽ എത്തി എന്നും അവൾ ഓർത്തില്ല.. വർഷ ശരിക്കും ചൂളിപ്പോയി.അവൾക്കെന്ത്  പറയണമെന്ന് അറിയാൻ വയ്യാതായി.അവൾ അവന്റെ മുഖത്തു നോക്കാതെ അവിടെല്ലാം പെട്ടെന്ന് വൃത്തിയാക്കി ബക്കറ്റും എടുത്ത് താഴേക്കിറങ്ങി.അവളുടെ പോക്കുകണ്ട്  ആദിത് ചിരിച്ചു..
പ്രിയയുടെ മുറിയിലേക്ക് കയറാൻ എന്താണ് മാർഗ്ഗമെന്ന്  ആലോചിച്ചിട്ട്  വർഷയ്ക്ക് ഉത്തരം കിട്ടിയില്ല.സതി ഉറങ്ങുമ്പോഴും കുളിക്കുമ്പോഴും മാത്രമാണ്   താക്കോൽകൂട്ടം അവരുടെ  മുറിയിലെ മേശയിൽ വെക്കുന്നത്.സതിയും വർഷയും  ഒരേ മുറിയിൽ കിടന്നുറങ്ങുന്നത്കൊണ്ട് അവർ മേശപ്പുറത്ത് വെച്ചിരിക്കുന്ന താക്കോൽ രാത്രിയിൽ എടുക്കാൻ എളുപ്പമാണ്.പക്ഷെ സതിയുടെയും  ആദിത്തിന്റെയും കണ്ണുവെട്ടിച്ച് പ്രിയയുടെ മുറിയിൽ എത്തുകയാണ് പ്രയാസം.എത്തിയാലും തന്നെ കണ്ടാൽ പ്രിയ എങ്ങനെ പ്രതികരിക്കും എന്നറിഞ്ഞുകൂടാ.
ഒരിക്കൽ ആദിത്  വെളിയിൽ പോയ സമയം. സതി കുളിക്കാൻ കയറിയ  നേരത്ത്  വർഷ മേശയിൽ വെച്ചിരുന്ന താക്കോൽകൂട്ടം എടുത്ത് പതിയെ സ്റ്റെയർകേസ് കയറി പ്രിയയുടെ മുറിയുടെ വാതിൽക്കലെത്തി.ആദിത്തിന്റെ മുറി അടച്ചിട്ടിരിക്കുകയായിരുന്നു .അവൾ പതിയെ ഓരോ താക്കോലെടുത്ത് പ്രിയയുടെ മുറി തുറക്കാൻ ശ്രമിച്ചു.ഒടുവിൽ ഒരു താക്കോൽ ഇട്ടപ്പോൾ വാതിൽ തുറന്നുകിട്ടി!
അവൾ വാതിൽ പതിയെ തുറന്ന് അകത്ത് കയറി.തപ്പിത്തടഞ്ഞ് ലൈറ്റ് ഇട്ടു.അറ്റാച്ച്ഡ് ബാത്റൂമോട് കൂടി  സാമാന്യം വലിയ ഒരു മുറിയായിരുന്നു അത്.ഒരു കട്ടിലും  മേശയും പിന്നെ ഭിത്തിയോട് ചേർന്ന് തടികൊണ്ടുള്ള വലിയൊരു അലമാരയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു.മുറിയിലെങ്ങും ആരെയും കണ്ടില്ല.
പെട്ടെന്ന്  അലമാരയുടെ പിറകിൽ നിന്നും എന്തോ ശബ്ദം  കേട്ടു .
വർഷ പേടിയോടെ അവിടേക്ക് നടന്ന് ചെന്നു .
അലമാരിക്കും ഭിത്തിക്കുമിടയിൽ ഒരു സ്ത്രീ രൂപം  കൈയിലൊരു  വയലിനും  പിടിച്ച്  അവളെ അടിക്കാനായി  ഓങ്ങി നിൽക്കുന്നു! അത് പ്രിയ ആണെന്ന് വർഷയ്ക്ക് മനസ്സിലായി.
വർഷ അടുത്തെത്തിയതും പ്രിയ   വയലിൻ ആഞ്ഞുവീശി!
പെട്ടെന്ന് ഒഴിഞ്ഞുമാറിയതുകൊണ്ട് വർഷ കഷ്ടിച്ച് രക്ഷപെട്ടു.ഒരലർച്ചയോടെ പ്രിയ വീണ്ടും വയലിൻ എടുത്ത് വർഷയുടെ നേർക്കടുത്തു.
"പ്രിയേച്ചി ഞാൻ പറയുന്നതൊന്ന് കേൾക്ക്.." വർഷ പ്രിയയെ തടയാൻ ശ്രമിക്കുന്നതിനിടയിൽ പറഞ്ഞു.
"പ്രിയേച്ചി ഞാൻ പറയുന്നതൊന്ന് കേട്ടിട്ട് എന്നെ തല്ലുവോ  കൊല്ലുവോ  എന്ത് വേണമെങ്കിലും  ചെയ്തോ.."വർഷ ഒരുവിധം പ്രിയയുടെ  കൈയിൽ  നിന്നും വയലിൻ വലിച്ചെടുത്ത് ദൂരേക്കെറിഞ്ഞു.എന്നിട്ട് അവളുടെ കൈകൾ കൊണ്ട് പ്രിയയുടെ കൈകൾ രണ്ടും കൂട്ടി പിടിച്ചു.പ്രിയ അവളുടെ പിടി വിട്ട് കുതറി  ഓടാൻ ശ്രമിച്ചു.വർഷ അവളെ മുറുക്കെ പിടിച്ചു..
പ്രിയ കണ്ണുകൾ രണ്ടും ഇറുക്കിയടച്ച് അലറിവിളിച്ചു.
"ഒച്ചവെക്കാതെ പ്ളീസ്..ഞാൻ ഉപദ്രവിക്കാൻ വന്നതല്ല.." വർഷ കെഞ്ചി പറഞ്ഞു.പ്രിയ പിന്നെയും അലറിവിളിച്ച്കൊണ്ടിരുന്നു.
"ആ രാത്രി എന്താണ് സംഭവിച്ചതെന്ന് എനിക്കറിയാം..!" വർഷ പ്രിയയുടെ ചെവിയിൽ പതിയെ പറഞ്ഞു.
പ്രിയ പെട്ടെന്ന് നിശബ്ദയായി.വർഷയെ  കണ്ണുമിഴിച്ച്  നോക്കി.

"സത്യം. പ്രിയേച്ചി എന്ത് മാത്രം വേദന സഹിച്ചുവെന്ന് എനിക്കറിയാം എന്ന് പറഞ്ഞാൽ അത് നുണയാവും.കാരണം ഒരാൾക്കും സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റാത്ത ഒരവസ്ഥയിലൂടെ   ആണ് പ്രിയേച്ചി കടന്നുപോയത്.. " പിന്നെയും എന്തൊക്കെയോ സംസാരിച്ച് വർഷ പ്രിയയുടെ മുൻപിലിരുന്ന്  പൊട്ടിക്കരഞ്ഞു..
ആദിത് വന്നപ്പോൾ സാരി വലിച്ചുവാരി ചുറ്റി  സ്റ്റെയർകേസിലേക്ക്  ഓടിക്കയറുന്ന സതിയെ ആണ് കണ്ടത്.
"എന്ത് പറ്റി സതിയാന്റി?"  ആദിത് പരിഭ്രമിച്ചു.
"ഞാൻ കുളിക്കാൻ കേറിയതാ  മോനെ.ഇറങ്ങിയപ്പോ പ്രിയമോളുടെ അലർച്ച കേൾക്കുന്നു.മേശയിൽ വെച്ചിരുന്ന താക്കോലില്ല വർഷയെ  അവളുടെ മുറിയിൽ കാണുന്നുമില്ല. " സതി വെപ്രാളത്തോടെ പറഞ്ഞു. ആദിത്തിന് ദേഷ്യം ഇരച്ചുകയറി! അവൻ സതിയുടെ പിന്നാലെ സ്റ്റെയർകേസ് ഓടി കയറി.പ്രിയയുടെ മുറി തുറന്നിട്ടിരിക്കുന്നു..
അങ്ങോട്ട് നോക്കിയ ആദിത്തും പിറകെ ഓടി വന്ന സതിയും ആ കാഴ്ച കണ്ട് സ്തബ്ധരായി നിന്നുപോയി!
പ്രിയയും വർഷയും  പരസ്പരം കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്നു..!
അവർ ആ കാഴ്ച്ച കണ്ട് കുറച്ചുനേരം നോക്കി നിന്നു.
കുറച്ച്  കഴിഞ്ഞ് വർഷ പ്രിയയെ അവളുടെ ബെഡിൽ കിടത്തിയിട്ട് മുറിയിൽ നിന്നിറങ്ങി.വെളിയിൽ ആദിത്തിനെയും സതിയേയും കണ്ട് അവൾ ഒന്ന് പകച്ചു.മുറി പൂട്ടാതെ താക്കോൽകൂട്ടം സതിയുടെ  കൈയിൽ വെച്ച് കൊടുത്തു.
പിന്നെ ആരെയും  നോക്കാതെ താഴേക്കിറങ്ങിപോയി..
"മോളെന്തിനാ പ്രിയമോൾടെ മുറിയിൽ കയറിയത്?മോളെന്താ പ്രിയമോളോട് പറഞ്ഞത്? " തിരികെ വന്ന് സതി വർഷയോട് ചോദിച്ചു.
"ആ ചേച്ചിയെ എന്തിനാ അമ്മെ ഇങ്ങനെ പൂട്ടിയിട്ടിരിക്കുന്നത്?" വർഷ ചോദിച്ചു,
"മുറി തുറന്നിട്ടാ വെളിയിലേക്കിറങ്ങി ഓടും.വെളിച്ചം കണ്ടാ അലറിവിളിക്കും .ഇരുട്ടത്ത് ഇരിക്കുന്നതാ ഇഷ്ടം.." സതി വിഷമത്തോടെ പറഞ്ഞു .
"എന്നെ അല്ലാതെ മറ്റൊരാളെയും അടുത്തേക്ക് ചെല്ലാൻ  സമ്മതിക്കില്ല..മോനെ പോലും കണ്ടാ ഉപദ്രവിക്കും.കുട്ടിയേയും അന്ന് കണ്ടപ്പോ ഉപദ്രവിച്ചില്ലേ?പക്ഷെ ഇന്ന്..ഇന്നെന്തുപറ്റിയെന്നറിയില്ല ..മോൾക്ക് പ്രിയമോളെ നേരത്തെ അറിയാമോ?രണ്ടുപേരും കെട്ടിപ്പിടിച്ചിരുന്ന് കരയുന്നത് കണ്ടല്ലോ.എന്താ മോൾ പ്രിയമോളോട് പറഞ്ഞത്..?  " സതി വീണ്ടും തിരക്കി.
"ഞാൻ ആ ചേച്ചിയെ ആദ്യമായിട്ടാ കാണുന്നത് അമ്മെ.ഞാൻ ഒന്നും പറഞ്ഞില്ല.ഇന്നും ഉപദ്രവിക്കാൻ വന്നു..പിന്നെ.." വർഷ പറഞ്ഞ് മുഴുമിപ്പിക്കുന്നതിനു മുൻപ് ആദിത് അടുക്കളയിലേക്ക് വന്നു.
"വർഷ എന്റെ റൂമിലേക്ക് ഒന്ന് വരണം."  ആദിത് ഗൗരവത്തോടെ വർഷയോട് പറഞ്ഞിട്ട് തിരികെ അവന്റെ മുറിയിലേക്ക് പോയി.
സതി പേടിച്ച് വർഷയെ   നോക്കി.
വർഷ സതിയെ ഒന്ന് നോക്കിയിട്ട് സ്റ്റെയർകേസ്  കയറി ആദിത്തിന്റെ മുറിയിലേക്ക് ചെന്നു .
വർഷ അകത്തുകേറിയതും ആദിത് വാതിൽ അടച്ച് കുറ്റി ഇട്ടു.വർഷയുടെ അടുത്തേക്ക് ചെന്ന് അവളുടെ ഒരു കൈ പിടിച്ച് പിറകിലേക്ക് തിരിച്ചു!വർഷ വേദനകൊണ്ട് പുളഞ്ഞു.
"സാർ എനിക്ക് വേദനിക്കുന്നു.എന്റെ കൈവിട് " വർഷ കുതറിമാറാൻ  ശ്രമിച്ചു.അവൻ കൈ വിട്ടില്ല.
"സത്യം പറയ് .നീ ആരാ?എന്താ നീ പ്രിയേച്ചിയോട് പറഞ്ഞത്?" ആദിത് പല്ലുകടിച്ചുകൊണ്ട് വർഷയോട് ചോദിച്ചു.
"ഞാൻ എന്ത്  പറയാനാ പ്രിയേച്ചിയോട്.ഒന്നും പറഞ്ഞില്ല.എന്റെ കൈയ്യിന്ന് വിട്  പ്ളീസ് വേദനിക്കുന്നു."വേദനകൊണ്ട്  വർഷയുടെ കണ്ണ് നിറഞ്ഞു.
" എന്നെ പോലും അടുത്തേക്ക് ചെല്ലാൻ സമ്മതിക്കാത്ത പ്രിയേച്ചി ഇന്ന് നിന്നെ കെട്ടിപ്പിടിച്ച് കരയുന്നു.അത് വെറുതെ അല്ല.നീ ആരാ?നീ  എന്താ പ്രിയേച്ചിയോട് പറഞ്ഞതെന്ന് എനിക്കറിയണം." ആദിത്തിന്  അവളെ വിടാൻ ഭാവമില്ലായിരുന്നു.
"നിങ്ങളെത്ര ചോദിച്ചാലും പറഞ്ഞത് തന്നെയേ എനിക്ക് പിന്നെയും പറയാനുള്ളു.ഞാൻ പ്രിയേച്ചിയോടൊന്നും  പറഞ്ഞിട്ടില്ല." വർഷയ്ക്കും ദേഷ്യം വന്നു.
ആദിത് ദേഷ്യത്തോടെ വർഷയുടെ രണ്ടുകൈകളും പിറകിലേക്ക് വളച്ച് പിടിച്ച് അവളെ അവനിലേക്കടുപ്പിച്ചു.അവന്റെ മുഖം അവളുടെ മുഖത്തോടടുത്തു.അവൾ കണ്ണുകൾ ഇറുക്കിയടച്ചു. അവന്റെ ശ്വാസം അവളുടെ മുഖത്തേക്കടിച്ചു .അവളുടെ നെഞ്ചിടിപ്പിന്റെ ശബ്ദം അവന് കേൾക്കാമായിരുന്നു.
"മോനെ വാതിൽ തുറക്ക്..മോനെ.." സതി വാതിലിൽ തുരുതുരെ തട്ടി.
ആദിത് പെട്ടെന്ന് വർഷയുടെ പിടിവിട്ടു.അവൻ  വാതിൽ തുറന്ന് സതിയെ നോക്കാതെ വെളിയിലേക്ക് പോയി.
വർഷ ഒന്നും മിണ്ടാതെ നിന്നു.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..(തുടരും )
രചന:അഞ്ജന ബിജോയ്
പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വായിക്കാൻ :- https://goo.gl/963Fji
By: Anjana Bijoy, USA

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot