നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബുക്ക് മാര്‍ക്ക്

Image may contain: 1 person, outdoor

“അച്ചാ,അവന്‍ മരിക്കുമ്പോള്‍ പത്തു വയസ്സുണ്ടായിരുന്നു.നല്ല തടിച്ച ശരീരപ്രകൃതം.അസുഖം കാരണം അവനു സ്കൂളിലൊന്നും പോകാന്‍ വയ്യായിരുന്നു.ജീവിച്ചിരുപ്പുണ്ടാരുന്നേല്‍ അച്ചനെ പോലിരുന്നെനെ..”എന്നെ വാത്സല്യത്തോടെ നോക്കി സിസിലി ജേക്കബ് എന്ന വൃദ്ധ പറഞ്ഞു.
“എന്തായിരുന്നു അവന്റെ പേര് ?”
ഞാന്‍ ചോദിച്ചു.
“ഡെന്നീസ്.” അവര്‍ പറഞ്ഞു.അവര്‍ക്ക് എഴുപതു വയസ്സ് അടുത്ത് പ്രായം വരും.വെളുത്തു ചുളിവുകള്‍ വീണ മുഖം.മുടി മുഴുവന്‍ നരച്ചിരിക്കുന്നു.
“അവന്‍ മരിക്കുന്നതിനു ഒരു വര്‍ഷം മുന്‍പാണ് എന്റെ മുടി വെളുക്കാന്‍ തുടങ്ങിയത്.ആധി കൊണ്ടാണ് മുടി നരയ്ക്കുന്നതെന്ന് എന്റെ ആദ്യത്തെ ഭര്‍ത്താവ് ജേക്കബ് , പറയുമായിരുന്നു.”
മുടിയില്‍ തടവി ഒരു ചിരിയോടെ അവര്‍ പറഞ്ഞു.
“ഡെന്നീസിന്റെ പപ്പാ അല്ലെ “?ഞാന്‍ ചോദിച്ചു.
“അതെ .” സിസിലി പറഞ്ഞു.അവരുടെ മുഖത്ത് കൂടുതല്‍ വരകള്‍ വീണു.ജേക്കബിനെ ഓര്‍ക്കാന്‍ ശ്രമിക്കുകയാവും.
“സ്കൂളില്‍ പോകാന്‍ പറ്റിയില്ലേലും അവന്‍ ധാരാളം ബുക്ക് വായിക്കുമാരുന്നു.അവനു അധികം ആയുസ്സ് ഉണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ ആദ്യം തന്നെ ഞങ്ങളോട് പറഞ്ഞിരുന്നു.അഞ്ചു വയസ്സ് കടക്കില്ല എന്നാണു ഞങ്ങളോട് പറഞ്ഞിരുന്നുത്.ഹൃദയവാല്‍വുകളുടെ ബലം നഷ്ടപെടുന്ന അപൂര്‍വ അസുഖമായിരുന്നു അവന്റെത്‌.”ചിലമ്പിച്ച സ്വരത്തില്‍ വൃദ്ധ പറഞ്ഞുകൊണ്ടിരുന്നു.
ഞാന്‍ അവര്‍ പറയുന്നത് കേട്ട്കൊണ്ടിരുന്നു.ഞാന്‍ കൊച്ചച്ചനായി സേവനം ചെയ്യുന്ന പള്ളിയുടെ കീഴിലെ ആശുപത്രിയാണിത്.മാസത്തിലൊരിക്കല്‍ ഈ ആശുപത്രിയിലെ മരണാസന്നരായ രോഗികള്‍ക്ക് കൌണ്‍സിലിംഗ് നല്‍കാറുണ്ട്..പക്ഷേ അത് മിക്കപ്പോഴും അവര്‍ പറയുന്നത് കേള്‍ക്കുക എന്നതു മാത്രമായി മാറും.ചിലപ്പോള്‍ ഞാന്‍ വിചാരിക്കും രോഗികള്‍ എന്നെയാണോ കൌണ്‍സില്‍ ചെയ്യുന്നതെന്ന്.എന്നോടിപ്പോള്‍ സംസാരിച്ചുകൊണ്ടിരുന്ന സിസിലിയും അത്തരം ഒരു രോഗിയാണ്.ആദ്യ വിവാഹത്തിലെ കുട്ടി എട്ടു വയസ്സ് ഉള്ളപ്പോള്‍ മരിച്ചു പോയി.അതിനുശേഷം അവര്‍ വിവാഹ ബന്ധം വേര്‍പിരിഞ്ഞു.രണ്ടാം കല്യാണത്തില്‍ അവര്‍ക്ക് കുട്ടികള്‍ ഉണ്ടായില്ല.അവരുടെ രണ്ടു ഭര്‍ത്താക്കന്‍മാരും മരിച്ചപോയി.ഒരു ഓള്‍ഡ്‌ ഏജ് ഹോമിലായിരുനു അവര്‍ കുറെനാളുകളായി കഴിഞ്ഞുകൊണ്ടിരുന്നത്.കരളിനു അസുഖം കൂടിയാണ് അവരെ ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇത് രണ്ടാം തവണയാണ് അവരെ ഞാന്‍ കൌണ്‍സില്‍ ചെയ്യുന്നത്.എന്ത് കൊണ്ടാണ് ആദ്യഭര്‍ത്താവുമായ് ബന്ധം പിരിഞ്ഞത് എന്ന് അവര്‍ പറഞ്ഞില്ല.കടുത്ത ഓര്‍മ്മക്കുറവ് ഉള്ളത് കൊണ്ട് സിസിലിയുടെ ഭൂതകാലം മലകള്‍ക്കിടയിലെ മൂടല്‍മഞ്ഞുവീണ ഒരു വൈകുന്നേരം പോലെയാണ്.
“അവന്‍ വായിക്കുന്ന പുസ്തകങ്ങള്‍ക്ക് ബുക്ക് മാര്‍ക്ക് ഉപയോഗിക്കുമായിരുന്നു.മാസികയുടെയും മറ്റും കട്ടിയുള്ള കട്ടിയുള്ള കവര്‍പേജ് കത്രിക കൊണ്ട് നീളത്തില്‍ വെട്ടിയായിരുന്നു അവന്‍ ബുക്ക് മാര്‍ക്ക് ഉണ്ടാക്കികൊണ്ടിരുന്നത്.എന്നിട്ട് അതില്‍ പുസ്തകം വായിച്ച തീയതിയും മറ്റും കുറച്ചു വയ്ക്കും.ചിലപ്പോള്‍ ആ പുസ്തകത്തെക്കുറിച്ചും ചെറിയ അക്ഷരത്തില്‍ എഴുതും.അവനു ബുക്ക് മാര്‍ക്ക് ഉണ്ടാക്കാനും പുസ്തകതാളുകള്‍ക്കിടയില്‍ വയ്ക്കാനും വലിയ ഇഷ്ടമായിരുന്നു.”
സിസിലി പറഞ്ഞു.
“ദൈവത്തിനു പ്രിയപ്പെട്ടവരെ അവിടുന്ന് നേരത്തെ വിളിക്കും.” പറഞ്ഞു പഴകിയ ഒരു ആശ്വസിപ്പിക്കല്‍ വാചകം ഞാന്‍ പറഞ്ഞു.അവര്‍ അത് കേട്ടില്ലെന്നു തോന്നി.അല്ലെങ്കില്‍തന്നെ അതേ വാചകം ഈ ജീവിതത്തിനിടയില്‍ അവര്‍ എത്ര പ്രാവശ്യം കേട്ടുകാണും.
“കേട്ടോ അച്ചാ,ഞാന്‍ കഴിഞ്ഞ ദിവസം ഒരു സ്വപ്നം കണ്ടു.”അല്‍പ്പനേരം നിശബ്ദയായിരുന്നിട്ട് സിസിലി ജേക്കബ് തുടര്‍ന്നു.
“സ്വപ്നം എന്ന് പറയാന്‍ പറ്റില്ല.ഈ പ്രായത്തില്‍ എല്ലാം ഒരു സ്വപ്നം പോലെയാണല്ലോ.രാത്രി ഒരു മൂന്നു മണിയായപ്പോള്‍ എന്റെ അരികില്‍ ഒരാള്‍ കിടക്കുന്നത് പോലെ തോന്നി.ഒരു കൊച്ചു കുട്ടിയുടെ ഭാരം ,ഒരു വശം ചേര്‍ന്ന് കിടക്കുന്ന എന്റെ പുറകില്‍ അനുഭവപ്പെട്ടു..സത്യമായിട്ടും എന്റെ മനസ്സില്‍ അപ്പോള്‍ ഡെന്നീസ് ഉണ്ടായിരുന്നില്ല.ഞാന്‍ അതിനെ ഉറക്കത്തില്‍ തള്ളിമാറ്റാന്‍ ശ്രമിച്ചു.നടന്നില്ല.ഒടുവില്‍ എന്റെ സര്‍വശക്തിയും എടുത്തു ഉറക്കെ നിലവിളിച്ചുകൊണ്ട് ഞാന്‍ നേരെ കിടന്നു.ആ ഭാരം എവിടെയോ പോയി മറഞ്ഞു.അപ്പോള്‍ ഞാന്‍ കണ്ണ് തുറന്നു.”
“എന്നിട്ട് ?’”
“നിലത്തു ഒരു പക്ഷിതൂവല്‍ കിടക്കുന്നത് കണ്ടു.ഒരു കറുത്ത പക്ഷിതൂവല്‍.ഞാനതു വ്യക്തമായി കണ്ടതാണ്. അത് നോക്കി കട്ടിലില്‍ ഞാന്‍ കുറെനേരം കിടന്നു. എനിക്ക് അത് എഴുന്നേറ്റ് എടുക്കണം എന്ന് തോന്നി.പക്ഷേ ഞാനത് ചെയ്തില്ല.കാരണം തൊട്ടാല്‍ ‍ അത് മാഞ്ഞുപോകുമെന്ന് ഞാന്‍ വല്ലാതെ ഭയന്നു.”
“എന്നിട്ട്? “ഞാന്‍ ചോദിച്ചു.
“എന്നിട്ടെന്താകാനാ..ഞാനതും നോക്കികിടന്നങ്ങു ഉറങ്ങിപോയി അച്ചോ .രാവിലെ എഴുന്നേറ്റപ്പോള്‍ തൂവലുമില്ല ഒന്നുമില്ല.”വൃദ്ധ കിലുകിലെ ചിരിച്ചു.
ഞാനും ചിരിച്ചു.അതൊരു കത്തുന്ന പകലായിരുന്നു.പുറത്തു ആശുപത്രി വക തോട്ടത്തില്‍ വാഴകൂട്ടങ്ങള്‍ വെയിലത്ത്‌ കരിഞ്ഞു വാടി നില്‍ക്കുന്നത് ഞാന്‍ കണ്ടു.
പിന്നീട് എനിക്ക് സിസിലി ജേക്കബുമായി സംസാരിക്കുവാന്‍ ഇട വന്നില്ല.ഒരു മാസം കഴിഞ്ഞപ്പോള്‍ അവര്‍ മരിച്ചു പോയി.
ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞു എനിക്ക് പഴയ സ്ഥലത്തെ പള്ളി വക സ്കൂളിന്റെ മാനേജരായി പോസ്റ്റിംഗ് ലഭിച്ചു.ഒരിക്കല്‍ കടുത്ത പനിയും ശരീരക്ഷീണവും മൂലം ആ പഴയ ആശുപത്രിയില്‍ അഡ്മിറ്റായി.
നീല നിറമുള്ള ബെഡ് കവറുകള്‍.ഭിത്തിയില്‍ ക്രൂശിത രൂപവും ബൈബിളും.കാറ്റില്‍ ഇളകുന്ന വെള്ള ജനാലവിരികള്‍ക്കിടയിലൂടെ വെയിലില്‍ വാടി നില്‍ക്കുന്ന അതേ വാഴകൂട്ടങ്ങള്‍.
ഈ മുറി അതിപരിചിതമായി എനിക്ക് തോന്നി.എങ്കിലും അതിന്റെ കാരണം എനിക്ക് മനസ്സിലായില്ല.എനിക്കും പ്രായമാകുകയാണ്.മൂടല്‍ മഞ്ഞു വീണ ഒരു വൈകുന്നേരത്തിലേക്ക് ഞാനും നടന്നടുക്കുകയാണ്.
എങ്കിലും ആ മുറിയില്‍ വച്ച് ഹൃദയത്തെ തൊടുന്ന എന്തോ സംഭാഷണം ഞാന്‍ കേട്ടതായി എനിക്ക് ഓര്‍മ്മവന്നു.‍ അത് ഓര്‍മ്മിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെ ഞാന്‍ ഉറങ്ങിപോയി.എത്ര നേരം ഉറങ്ങിയെന്നു അറിയില്ല.
ഉറക്കത്തില്‍ ആരോ അടുത്തു കിടക്കുന്നത് പോലെ എനിക്ക് തോന്നി.വല്ലാത്ത ഒരു ഭാരം ചുമലില്‍ അനുഭവപ്പെടുന്നു.ഉറക്കെ നിലവിളിക്കാനാഞ്ഞെങ്കിലും ശബ്ദം പുറത്തു വന്നില്ല.ചിലപ്പോള്‍ ഞാന്‍ മരിക്കാന്‍ തുടങ്ങുകയായിരിക്കും.ഈശോ മറിയം യൗസേപ്പെ ...ഞാന്‍ ഉറക്കെ വിളിക്കാന്‍ ശ്രമിച്ചു കൊണ്ട് സര്‍വശക്തിയുമെടുത്തു നേരെ കിടന്നു.ആ ഭാരം എങ്ങോ പോയി മറഞ്ഞു.
മുറിയില്‍ നേര്‍ത്ത മഞ്ഞവെളിച്ചമുണ്ട്.കട്ടിലില്‍ കിടന്നുകൊണ്ട് ഞാന്‍ നിലത്തേക്ക് നോക്കി.
നിലത്തു ഒരു കറുത്ത പക്ഷിതൂവല്‍ കിടക്കുന്നത് കണ്ടു.തൊട്ടാല്‍ അത് മാഞ്ഞു പോകുമെന്ന് പണ്ട് ആരോ പറഞ്ഞതുപോലെ എനിക്ക് ഓര്‍മ്മവന്നു.ആരാണ് ?
കുറച്ചു നേരം ഞാന്‍ ആ പക്ഷിതൂവല്‍ നോക്കികിടന്നു.വെളുത്ത തറയിലെ ടൈലുകളുടെ സമചതുരങ്ങള്‍ക്കിടയില്‍ എവിടെനിന്നോ പൊട്ടിമുളച്ചു വന്നത് പോലെ,ഒരു മഷികുപ്പി പൊട്ടി വീണ പാട് പോലെ ആ പക്ഷിതൂവല്‍ കിടന്നു.ഞാന്‍ അതിനെ നോക്കുന്നതു പോലെ അത് എന്നെയും നോക്കി കിടന്നു.
ഞാന്‍ മെല്ലെ എഴുന്നേറ്റു.കണ്ണ് തിരുമ്മി ഞാനത് വീണ്ടും നോക്കി.ആ പക്ഷിതൂവലിന് എന്തോ വ്യതാസം വന്നത് പോലെ എനിക്ക് തോന്നി.
ഞാന്‍ മെല്ലെ ചെന്ന് അതെടുത്തു.
അതൊരു കറുത്ത കടലാസ് കഷണമായിരുന്നു.ഒരു ബുക്ക്മാര്‍ക്ക്.
മങ്ങിയ കണ്ണ് കൊണ്ട് കട്ടിലില്‍ കിടന്നു നോക്കിയാല്‍ ഒരു പക്ഷിതൂവല്‍ പോലെ തോന്നും.
ഒരു പക്ഷേ ആ ബൈബിളില്‍ ഇരുന്നതാവാം.കാറ്റില്‍ പറന്നു നിലത്തു വീണതാവാം.
ഞാനത് ഭദ്രമായി ബൈബിളിന്റെ താളുകള്‍ക്കിടയില്‍ ഭദ്രമായി വച്ചു.അപ്പോള്‍ വല്ലാത്ത ആനന്ദം എനിക്ക് തോന്നി.പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.
കൊച്ചുകുട്ടികള്‍ക്ക് തോന്നുന്ന സന്തോഷം.ആരോ ഉള്ളിലിരുന്നു പറയുന്നത് പോലെ തോന്നി.
(അവസാനിച്ചു)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot