നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയം പൂക്കുന്നിടം
"എന്റെ പൊന്നിച്ചായ ഇവിടെ നിങ്ങൾ വിചാരിക്കും പോലെ തോന്നുമ്പോ തോന്നുമ്പോ കപ്പയും പുഴുങ്ങി കാന്താരി ചമ്മന്തിയും കൂട്ടി കഴിക്കാനൊന്നും പറ്റുകേലന്നെ. അതല്ലലോ ഇവിടുത്തെ രീതി .രണ്ടു ബണ്ണിന്റെ ഇടയിൽ കുറച്ചു പച്ചിലയും ഇറച്ചി കഷ്ണം വേവിച്ചതുംവെണ്ണയും പുരട്ടി കടിച്ചോണ്ടാ വിനിമോള് ജോലിക്കു പോകുന്നെ .മനോജിനാണെങ്കിൽ രണ്ടു കഷ്ണം റൊട്ടി മതി .ഞാൻ എന്ത് പാടുപെട്ടാണോ ഇവിടെ നിക്കുന്നെ? നമുക്കു നമ്മുടെ എസ്റ്റേറ്റിലെ ചായയും കപ്പയും ഒക്കെയല്ലേ പിടിക്കത്തുള്ളൂ .പിന്നെ ആറുമാസമേ ഇവിടുത്തെ ഗവെർന്മെന്റ് സമ്മതിക്കുവുള്ളു .അടുത്ത ആറുമാസം ഇന്ത്യയിൽ പൊക്കോണമെന്ന ഓർഡർ .ഞാൻ അവിടുത്തെ പുള്ളിയാണല്ലോ .അല്ലേൽ ഇവളെന്നെ ജീവിതകാലം മുഴുവൻ ഇവീടെ നിർത്തിയേനെ "

ഞാൻ ചാരിയിട്ടിരുന്ന വാതിൽ തുറന്നപ്പോൾ സംസാരം പെട്ടെന്ന് നിലച്ചു .അമ്മച്ചി എന്നെ നോക്കി ഒരു കള്ളചിരി പാസ്സാക്കി

"എന്താടി വിനിമോളെ ?"

"അമ്മച്ചിയാരോടാ സംസാരിച്ചേ?" ഞാൻ അടുത്ത് ചെന്നിരുന്നു

"നിന്റ അപ്പനോട് ...ഇന്നത്തെ വിശേഷങ്ങളൊക്കെ പറയുവാരുന്നേടി.രാത്രിൽ കിടക്കാൻ പോകുമ്പോളല്ലിയോ എനിക്കങ്ങേരെ സ്വസ്ഥമായൊന്നു കിട്ടത്തുള്ളൂ "

ഞാൻ അപ്പന്റ ഫോട്ടോയിലേക്കു ഒന്ന് നോക്കി ...അപ്പൻ പുഞ്ചിരിക്കും പോലെ

"അമ്മച്ചി ഗുളിക കഴിച്ചില്ലേ?"

"ഒന്ന് പോടീ പെണ്ണെ .എനിക്കെന്ന അസുഖം ?എന്റെ കെട്ടിയോൻ കർത്താവിന്റെ അടുത്ത് പോയിട്ടിപ്പോ അഞ്ചു വർഷമായി .ഞാൻ ഇത് വരെ കരഞ്ഞു നിലവിളിച്ചു നടന്നിട്ടുണ്ടോ ?അങ്ങേര് പോയെന്നു പറഞ്ഞ് ......ഈ അഞ്ചുവര്ഷത്തിനിടയില് ഞാൻ എന്തെല്ലാം ചെയ്തു തീർത്തു ? മണിമലയിൽ ഹോസ്പിറ്റൽ പണിതു .നിന്റെ അപ്പന്റെ ആശ അല്ലായിരുന്നോ അത് ? അത് കൊണ്ടെന്താ ജോമോനും അവന്റ പെണ്ണും അത് അന്തസ്സായി നോക്കി നടത്തുന്നുണ്ട് നിന്നെ നിനക്കിഷ്ടമുള്ളവനെ കൊണ്ട് കെട്ടിച്ചില്ലേ ?അതും അവൻ നസ്രാണിയല്ലാഞ്ഞിട്ടും കൂടി .ദേ ഇപ്പൊ നീയും അവനും ന്യൂസിലാൻഡിൽ. കെട്ടിയോൻ ബാങ്കിലും നീ ഫുഡ് കോർപ്പറേഷനിലും .നാട്ടിൽ ബാങ്കില്ലാഞ്ഞിട്ടാണോടി ഈ സായിപ്പന്മാരുടെ ബാങ്കിൽ കിടന്നു പണിയെടുക്കുന്നെ .അവൻ വെളുപ്പാൻ കാലത്തു പോയി രണ്ട് മണിക്കു വരുമ്പോ നീ ഓട്ടം തുടങ്ങും .എന്നാ ജീവിതമാടി ഇത് ?എനിക്ക് സംശയം ഈ കൊച്ചവന്റെ തന്നെ ആണൊന്ന..അല്ലെ നീയും അവനും കാണുന്നത് തന്നെ കുറവായ കൊണ്ടാ കേട്ടോ "

"എന്റെ പൊന്നമ്മച്ചിയെ ,,"ഞാൻ അമ്മച്ചിയുടെ വാ പൊത്തി പൊട്ടിച്ചിരിച്ചു .

ഇതാ അമ്മച്ചിയുടെ പ്രകൃതം ..അപ്പൻ പറയും പോലെ ഗുഡ്സ് ട്രെയിൻ പോലെയാ സ്റ്റോപ്പില്ല .

"കൊച്ചിനെ നോക്കാൻ ഞാൻ ഇങ്ങനെ ആറുമാസം അമ്മച്ചിയെ ഇവിടെ നിർത്തുന്നത് ജോമോൻ ചെക്കന് അങ്ങ് സുഖിക്കുന്നില്ല കേട്ടോ ..അവൻ ഇന്നലെ വിളിച്ചപ്പോ സൂചിപ്പിച്ചു "

"ഓ അത് സാരമില്ലാടി ..ഒരു ചേഞ്ച് ഒക്കെ ആരാ ആഗ്രഹിക്കാത്തെ? എനിക്ക് ഇഷ്ടമാ .പിന്നെഎന്റെ ഇച്ചായൻ വിമാനം കേറി ഇവിടെ വരുന്നത് ആലോചിക്കുമ്പോളാ. അങ്ങേർക്കു വിമാനം പേടിയാടി. കാണുമ്പോ വലിയ തണ്ടും തടിയുമൊക്കെ ഉണ്ട് പക്ഷെ എന്നതാ ..ഉള്ളിൽ പാവാ "

"അമ്മച്ചി ..."ഞാൻ ആ മടിയിൽ മുഖമണച്ചു കിടന്നു "അപ്പനിങ്ങനെ വരുന്നു സംസാരിക്കുന്നു എന്നൊക്കെ പറയുമ്പോ പേടിയാ അമ്മച്ചി. അതൊക്കെ അമ്മച്ചിയുടെ തോന്നലാ "

"പോടീ പെണ്ണെ എനിക്ക് ഭ്രാന്താണെന്നല്ലേ നീ പറയാതെ പറയുന്നേ ..കുന്തമാ. നീ ഏതു നൂറ്റാണ്ടിലെ ജീവിക്കുന്നെ ?ഭ്രാന്തുള്ളവർ ഇങ്ങനെയാണോ ?"

"അയ്യോ എന്റെ അമ്മച്ചി അങ്ങനെ അല്ല .."ഞാൻ ചാടി എണീറ്റു."അപ്പനങ്ങു മരിച്ചു പോയില്ലേ അമ്മച്ചി ?ഇങ്ങനെ വരുമോ ? ഇതൊക്കെ ഭാവനയാ"

'ഭാവനയല്ല കാവ്യാമാധവൻ ...ദേ വിനിമോളെ എനിക്ക് നല്ല ദേഷ്യം വരും കേട്ടോ ..നിന്റ അപ്പനൊരു യാത്ര പോയത ..മൂന്നാറിലെ നമ്മുടെ എസ്റ്റേറ്റിലോട്ടു ..."അമ്മച്ചിയുടെ ശബ്ദം ഈറനായി "ഞാൻ അങ്ങനെയേ വിചാരിക്കുവുള്ളു .അതല്ലേ ഞാൻ കരയാത്തെ ...ഞാൻ കരയുന്നതും സങ്കടപ്പെടുന്നതും ഒന്നും അങ്ങേർക്കിഷ്ടമല്ലടി ..ന്റെ ആനിക്കൊച്ചു സന്തോഷമായിട്ടിരിക്കണം ന്നാ പറയുക .നിന്റെ കെട്ടിയോനെ ഒക്കെ എന്തിനു കൊള്ളാം? .പെണ്ണിനെ എങ്ങനെയാ നോക്കേണ്ടതെന്നു അറിയാമോ ?ഓട്ടമല്ലേ കാശ് ഉണ്ടാക്കാനുള്ള ഓട്ടം ?"

ഞാൻ ചിരിച്ചു പോയി

"ഈ അമ്മച്ചി ...ആട്ടെ അമ്മച്ചി പറഞ്ഞെ എങ്ങനെയാ പെണ്ണിനെ നോക്കേണ്ടത് ?

അമ്മച്ചിയുടെ പനിനീര്പൂവിതളിന്റെ നിറമുള്ള കവിളുകൾ ചുവന്നു

"പെണ്ണ് ഒരു പൂമരം കണക്കാണ് .സ്നേഹത്തോടെയുള്ള ഒറ്റ നോട്ടത്തിൽ അവൾ തളിർക്കും ...ഒരു വിളിയൊച്ചയിൽ പൂവിടും ..ഒരു വരിഞ്ഞു മുറുക്കലിൽ കായ്‌ഫലം തരികയും ചെയ്യും ...ശരിക്കും പല ആണുങ്ങൾക്കും പെണ്ണിനെ സ്നേഹിക്കാൻ അറിഞ്ഞൂടാ ..ഭാര്യയുടെ കൺപോളയിൽ ഉമ്മ വെച്ചിട്ടുള്ള എത്ര ഭർത്താക്കന്മാരുണ്ടാകും ?

നിന്റ അപ്പൻ അതിനെ ബട്ടർഫ്ലൈ കിസ് എന്ന പറയുക ...കൺപീലി കൺപീലിയിൽ കൊരുത്തു " ഒരു ഉമ്മ "അമ്മച്ചി ഏതോ ഒരു ഓർമയിൽ നിശബ്ദയായി

"ആഹാ എന്നിട്ടു ഇനിം പറ .."ഞാൻ ചേർന്നിരുന്നു

"എന്നത്തിനു ?നിന്നോട് ഒന്നും പറഞ്ഞിട്ടു ഒരു കാര്യോമില്ല നീ പോയി കിടന്നുറങ്ങു പെണ്ണെ ..പിന്നെ ഇനി എന്നെ ഡോക്ടറെ കൊണ്ട് കാണിക്കാനെന്നു പറഞ്ഞു കൊണ്ട് പോയാല് ഞാൻ ഈ രാജ്യത്തേക്ക് വരില്ല നോക്കിക്കോ "

"അയ്യോ ഇല്ലേ "ഞാൻ തൊഴുതു

"എന്റെ കെട്ടിയോനുണ്ടല്ലോ എന്റെ ഒപ്പമുണ്ട് വിനിമോളെ. അങ്ങേർക്കു ഈ ആനീ കൊച്ചിനെ ഇട്ടേച്ചു പോകാനൊക്കുമോ ?എങ്ങാനും പോയാൽ വേറെ വല്ലോരും അടിച്ചോണ്ടു പോയാലോ ?"അമ്മച്ചി ഉറക്കെ ചിരിച്ചു

"ങേ അപ്പനങ്ങനെ പറഞ്ഞോ ?'

"ആന്നേ, ഇന്നാള് ജോർജിഅച്ചായനെ കൊണ്ട് എന്നെ കല്യാണം കഴിപ്പിച്ചാലോന്ന് നിങ്ങൾ ആങ്ങളേം പെങ്ങളും കൂടി ആലോചിച്ചില്ലേ..അപ്പൊ തൊട്ടു പുള്ളിക്ക് പേടിയാണെന്നേ"

"അത് നല്ലതല്ലരുന്നോ അമ്മച്ചി ..?അമ്മച്ചിക്ക് നാല്പത്തിയെട്ടു വയസ്സല്ലേ ആയുള്ളൂ .അങ്ങേരുടെ ഭാര്യ മരിച്ചും പോയി ,ഒരു കൂട്ടാവുകേലാരുന്നോ?"

"അയ്യടി എന്നെ അയാള് കല്യാണം കഴിക്കുന്നത് രൂപക്കൂട്ടിലിരുത്താനൊന്നുമല്ലല്ലോ ...എന്റെ ദേഹത്തൊക്കെ തൊടുകെലെ?അയ്യേ എനിക്കറയ്ക്കും അത് ..എന്റെ ഇച്ചായൻ സ്നേഹിച്ച മനസ്സും ശരീരവുമൊന്നും ഞാൻ വേറെ ആർക്കും കൊടുക്കുകേല ഈ ജന്മം ..ഞാൻ എന്റെ അച്ചായനുള്ളതാ എന്നും .."

ഞാൻ വിസ്മയത്തോടെ ആ കണ്ണിലെ പ്രണയം നോക്കി ..ആ മുഖം ചുവക്കുന്നത്, കണ്ണിൽ ഒരു കടൽ അലയടിക്കുന്നത് ഒക്കെ.

"നിനക്കൂഹിക്കാൻ പറ്റുകേല വിനിമോളെ ആ മനുഷ്യൻ എനിക്ക് തന്ന സ്നേഹത്തിന്റെ ആഴം .അങ്ങേര് എങ്ങും പോയിട്ടില്ല .നീ എന്റെ കവിളിൽ ഒന്ന് മണപ്പിച്ചേ സിഗററ്റിന്റ മണമില്ലേ?നിന്റെ അപ്പനിപ്പോ തന്നേച്ചും പോയ ഉമ്മയുടെ മണം ആണത് .."

ഞാൻ ആ കവിളിൽ മുഖം ചേർത്ത് ശ്വാസം ഉള്ളിലേക്ക് എടുത്തു

അപ്പൻ വലിക്കുന്ന സിഗരറ്റിന്റെ മണം

അപ്പന്റ മണം

എന്റെ കണ്ണ് നിറഞ്ഞു.

ഞാൻ അമ്മച്ചിയെ നോക്കി

ആ മുഖത്തെ പുഞ്ചിരിയിലേക്ക്

ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ സ്ത്രീയുടെ പുഞ്ചിരിയിലേക്ക്.BY Ammu Santhosh

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot