നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പരേതന്റെ വീണ്ടുവിചാരങ്ങൾ ... (?)

Image may contain: 1 person, smiling, closeup

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു എന്റെ അന്ത്യം .എന്നെ അടുത്തറിയാവുന്നവർ ആരുമറിയാത്ത ഒരു മരണം .ജീവിതമെന്ന നശ്വരമായ നീർക്കുമിളയ്ക്കുള്ളിലായിരുന്നു ഇത്രയും കാലം എന്റെ പരാക്രമങ്ങൾ എന്ന് തിരിച്ചറിഞ്ഞത് ഇന്നലെയായിരുന്നു .. അതെ ...ഇന്നലെ വൈകീട്ട് 7 മണിയോടെ ....! ഇന്നലെ വരെ നിങ്ങൾ കണ്ട അല്ലെങ്കിൽ നിങ്ങൾക്ക് പരിചിതനായ ഞാൻ ഇനിയില്ല ... ചില്ലു വാതിലിൽ പതിഞ്ഞ ഈർപ്പ കണങ്ങൾക്കപ്പുറം സുവ്യക്തമായ ഒരു ലോകമുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു. ...
ഇന്നു മുതൽ ഞാൻ തീർത്തും ഞാൻ മാത്രമാണ് ....!
കണ്ണുകൾ പതുക്കെ തുറന്നു,
പുറത്ത് മുഴുവനും ഇരുട്ട്. വളരെ വിരളമായേ പുലരിയെ ഇത്രയുംകാലം ദർശിച്ചിട്ടുള്ളൂ. ഉരുകിയൊലിക്കാൻ
വെമ്പി നിൽക്കുന്ന ഹിമകണങ്ങൾ അവസാന ശ്വാസത്തിൽ വൈരമാവുന്ന കാവ്യ സങ്കൽപ്പങ്ങളെ ഞാനിനി മറക്കാതിരിക്കാം .
തൊടിയിലേക്കിറങ്ങുന്ന അച്ഛനോ അടുക്കളയിലെ തിരക്കിൽ അലിഞ്ഞു ചേർന്ന അമ്മയോ എന്നെ കണ്ടിട്ടില്ല. ഉണ്ടെങ്കിൽ അവർ നിശ്ചയമായും അമ്പരന്നേനെ ...!
സൂര്യൻ ഉച്ചിയിലെത്തുമ്പോഴാണ് അമ്മ എന്നെ ഉണർത്താനുള്ള ആയുധങ്ങളുമായി
അരമന പുൽകാറുള്ളത് ... തൊടിയിൽ നിന്നും ക്ഷീണിതനായി വരുന്ന അച്ഛന്റെ രൂക്ഷനോട്ടം പൊൻകണിയാക്കി ധൃതിയിൽ ഒരു കൈയ്യിൽ ഫോണും മറുകൈയ്യിൽ സമയചക്രവുമായി മല്ലിടുന്ന എന്നെ എനിക്കറിയാം .... ആ ഞാനല്ല ഇന്നത്തെ ഈ ഞാൻ .
ഇന്നത്തെ ദിവസം ജീവിതത്തിലെ വളരെ നിർണ്ണായകമാണ്... സ്വാതി എന്നെ വിളിക്കുന്നുണ്ടാവും .. അവൾക്കറിയില്ലല്ലോ ഇന്നലെ 7 മണിക്ക് എന്റെ ഓൺലൈൻ ബന്ധങ്ങൾ ചതഞ്ഞരഞ്ഞ് പോയി എന്നുള്ളത് ..
ഇന്നലെ അവളുടെ കോളായിരുന്നു അവസാനം വന്നത് ... ഇന്ന് കാലത്ത് 10 മണിക്ക് രജിസ്ട്രാർ ഓഫീസിൽ അവളെത്തും ... അതെ .....ഇന്ന് ഞങ്ങളുടെ വിവാഹമാണ് ...!
അവൾ വീട്ടിൽ നിന്നിറങ്ങുന്നതിനു മുന്നേ അവളുടെ വീട്ടിലെത്തണം..... അവരെന്നെ എങ്ങിനെ സ്വീകരിക്കും ഏതു രീതിയിൽ പ്രതികരിക്കും എന്നറിയില്ല. അന്ധകാരത്തിന്റെ കരിമ്പടം വകഞ്ഞു മാറ്റി പ്രകൃതിയുണർന്നിരിക്കുന്നു .
കളകളാരവങ്ങളും പ്രഭാത കീർത്തനങ്ങളും മുഖരിതമായ അന്തരീക്ഷത്തെ ഞാൻ പുതുമയോടെ നോക്കി നിന്നു ...
ഇനി വൈകിക്കൂടാ ...
പെട്ടന്ന് റെഡിയായി പുറത്ത് കടന്നു . അച്ഛനുമമ്മയും അവരുടേതായ തിരക്കിലാണ് ,അല്ലെങ്കിലും ഈ അസമയത്ത് അവർ എന്നെ പ്രതീക്ഷിക്കില്ലല്ലോ
വെറുതെയാണെങ്കിലും പോർച്ചിലേക്ക് പാളി നോക്കി , ഇല്ല .... അവനില്ല. ഇന്നലെ എനിക്കു വേണ്ടി സ്വയം ഒടുങ്ങിയിരിക്കുന്നു. പതുക്കെ നടക്കുക തന്നെ ... എവിടെയൊക്കയോ കണ്ടു മറന്ന ദൃശ്യങ്ങൾ വേഗത കുറഞ്ഞ പല പല ഫ്രെയിമുകളായി മിഴിയിൽ പതിച്ചു. ... സിമന്റിന് വില കൂടിയതിലുള്ള പ്രതിഷേധ പോസ്റ്ററുകൾ ധാരാളം കാണുന്നു ... എന്താണാവോ കാരണം, സിമന്റിന്റെയോ എന്തിന് അരിയുടേയോ പോലും ഇന്നത്തെ വില എനിക്കറിയില്ലല്ലോ ...!
പരിചിതമുഖങ്ങൾ സംശയത്തോടെ നോക്കുന്നു .. വളരെ കാലത്തിനുശേഷം വ്യത്യസ്തമായ
യാത്രാനുഭവം എന്നിൽ നവോൻമേഷം പകർന്നു .
അവളുടെ വീടിന്റെ പടികൾ സധൈര്യം കയറിയ ഞാൻ എന്റെ സാന്നിദ്ധ്യമറിയിച്ചു ... വാതിൽ തുറന്ന അവളുടെ അച്ഛന്റെ മുഖം രോഷം കൊണ്ട് വലിഞ്ഞു മുറുകി .. പുറകെ വന്ന അമ്മയും സ്വാതിയും എന്നെക്കണ്ട് ഞെട്ടിയോ ..?
"എനിക്ക് പറയാനുള്ളത് കേൾക്കാൻ ദയവു ചെയ്ത് സാവകാശം തരണം ."
"നീയൊന്നും പറയണ്ട ... ഇപ്പം ഇറങ്ങിക്കോണം ... അല്ലെങ്കിൽ ... "
സ്വാതിയുടെ മുഖത്ത്
എന്തിനാ വന്നേ ... ഞാൻ അങ്ങോട്ടേയ്ക്ക് വരില്ലായിരുന്നോ എന്ന ഭാവം എനിക്ക് വായിക്കാം ...
"ശരിയാണ് .. നിങ്ങളോട് ഞാൻ തെറ്റ് ചെയ്തിരിക്കുന്നു ... പക്ഷെ ആ ഞാൻ ഇന്നലെ 7 മണിക്ക് മരിച്ചു. "
മൂവരുടേയും മുഖത്തെ അമ്പരപ്പ് അപ്രതീക്ഷിതമല്ല. ...
"ഇനി നിങ്ങളുടെ മകളുടെ ജീവിതത്തിൽ പ്രതിബന്ധങ്ങൾ തീർക്കാൻ ഞാൻ വരില്ല .. സ്വാതി എന്നോടു ക്ഷമിക്കണം ."
അത്രയും പറഞ്ഞ് തിരിഞ്ഞു നോക്കാതെ മടങ്ങുമ്പോൾ മനസ്സിൽ പറഞ്ഞറിയിക്കാനാവാത്ത ഒരാനന്ദം നിറയാൻ തുടങ്ങി.
തിരിച്ച് വരുമ്പോൾ ടൗണിലുള്ള ഇന്റർനെറ്റ് കഫേയിൽ എഫ് ബി ലോഗിൻ ചെയ്യാനായി കയറി. നൂറ്റാണ്ടിലെ ഭാഗ്യവാനായ ചെറുപ്പക്കാരൻ വൈറലായി ഓടുന്നു .ബൈക്ക് ആക്സിഡന്റിൽ അത്ഭുതകരമായി രക്ഷപ്പെട്ട സിസിടിവി ദൃശ്യത്തിൽ അവന്റെ മുഖം പക്ഷെ വ്യക്തമല്ല. എനിക്കെന്തോ ഒരു നിർവ്വികാരതയാണ് അനുഭവപെട്ടത് .. അക്കൗണ്ടിലുള്ള മുഴുവൻ രാഷ്ട്രീയ വർഗ്ഗവർണ്ണ പോസ്റ്റുകളും ഡിലീറ്റ് ചെയ്തു .
"ഇന്നലെകളെ ..,നിങ്ങൾക്ക് പ്രണാമം ... ഇന്നിന്റെ ഞാൻ ...." എന്ന് പുതിയ സ്റ്റാറ്റസ് ഇട്ടു ..
ആക്സസറീസ് കടയിൽ കയറി കഴിഞ്ഞ ദിവസം ബുക്കുചെയ്ത ബ്ലൂടൂത്ത്
ഹാൻഡ് ഫ്രീ ഹെൽമ്മറ്റിനുള്ള അഡ്വാൻസ് തുക തിരികെ വാങ്ങി, തൊട്ടടുത്തുള്ള ചെരുപ്പു കടയിൽ കയറി അച്ഛന് ഒരു ജോഡി ചെരിപ്പു വാങ്ങി .. അത് വാങ്ങുമ്പോൾ എന്തോ എന്റെ മിഴികൾ ഈറനണിഞ്ഞുവോ ...?
അവസാനിച്ചു.
✍️ ശ്രീധർ .ആർ .എൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot