നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വൈദേഹി - Part 15



അദ്ധ്യായം പതിനഞ്ച്
"രാഷ്ട്രീയത്തിലെ കളികൾ ഒന്നും തന്നെ അറിവില്ലാത്ത രാഹുൽ മന്ത്രിയായതോടു കൂടി വകുപ്പിൽ അഴിമതിയും സ്വജനപക്ഷഭേദവും
ഇരട്ടിയായി വർദ്ധിച്ചു...പാർട്ടിയിലെ ചെറുനേതാക്കന്മാർ വരെ വലിയ പണക്കാരായി മാറി.
അശ്വതി പിണങ്ങിപ്പോയതോടു കൂടി രാഹുലിന്റെ കഷ്ടകാലം ആരംഭിച്ചു എന്നു തന്നെ പറയാം.
അയാൾ പലപ്രാവശ്യം അശ്വതിയെ വിളിക്കുവാൻ നോക്കി....എന്നാൽ അവൾ അയാളുടെ നമ്പറുകൾ എല്ലാം ബ്ലോക്ക്‌ ചെയ്യുകയാണ് ചെയ്തത്.
ജയന്തിയെ കഠിനമായി വെറുത്ത രാഹുൽ അവളെ പരമാവധി അകറ്റി നിർത്തുവാൻ ശ്രമിച്ചു
അശ്വതി പഴയ കമ്പനിയിൽ ജോലിക്ക് കയറി..
മുത്തച്ഛൻ നേരിട്ടു പോയി അവളോട് തിരിച്ചുവരുവാൻ ആവശ്യപ്പെട്ടു. പക്ഷെ അവൾ കൂട്ടാക്കിയില്ല...അവളുടെ വീട്ടിലേക്കും അവൾ പോയില്ല...സ്വയം അധ്വാനിച്ചു തല ഉയർത്തിപ്പിടിച്ചു തന്നെ അവൾ ജീവിച്ചു.
രാഹുൽ അഴിമതി കാണിക്കുന്നതിനെ അശ്വതി ശക്തമായി എതിർത്തിരുന്നു. അവൾ പോയതോടെ അയാൾ നൂലില്ലാത്ത ഒരു പട്ടം പോലെയായി.
കണക്കില്ലാത്ത പണം സൂക്ഷിക്കുന്നതിനുള്ള ഒരു ഉപാധി എന്നനിലക്ക് മുകുന്ദൻ ചേട്ടൻ എന്ന മെമ്പറെ രാഹുലിന്റെ ബിനാമി ആകുവാനുള്ള ഉപദേശം നൽകിയതും ജയന്തി തന്നെയായിരുന്നു.
രാഹുൽ മുകുന്ദൻ ചേട്ടന്റെ പേരിൽ വസ്തുക്കൾ വാങ്ങിക്കൂട്ടി....അവിടെയെല്ലാം കെട്ടിട സമുച്ചയങ്ങൾ പണിതു.
പല ബിസ്സിനെസ്സ്കളും മുകുന്ദൻ ചേട്ടൻ തുടങ്ങി..അതിൽ നിന്നും കിട്ടുന്ന ലാഭംകൊണ്ടു വീണ്ടും പുതിയ ബസ്സിനെസ്സുകൾ തുടങ്ങി..
മുകുന്ദൻ കൈവെക്കുന്നതെല്ലാം ലാഭക്കച്ചവടമായി. അങ്ങിനെ മുകുന്ദൻ രാഹുലിന്റെ ഏറ്റവും വിശ്വസ്തനായി.
വീണ്ടും തിരഞ്ഞെടുപ്പ് വന്നു...
അഴിമതിയായിരുന്നു പ്രതിപക്ഷത്തിന്റെ മുഖ്യ ആയുധം....രാഹുൽ പണം വാരിയെറിഞ്ഞു...
തിരഞ്ഞെടുപ്പിൽ റെവല്യൂഷനറി പാർട്ടി എട്ടുനിലയിൽ പൊട്ടി...രാഹുലിന് കെട്ടിവെച്ച പണം പോലും കിട്ടിയില്ല. ഒരു വർഷത്തെ സസ്പെന്ഷന് ശേഷം തിരിച്ചു വന്ന ജിഷ്ണു ചന്ദ്രനും മുൻ മന്ത്രി നകുലനും മാത്രം കഷ്ടിച്ചു രക്ഷപ്പെട്ടു....
അഴിമതി ആരോപണങ്ങളിൽ നിന്നും രക്ഷപെടുവാൻ പാർട്ടി ചെല്ലപ്പൻ മാഷിനെയും മകളെയും പാർട്ടിയിൽ നിന്നും മൂന്നു മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.
ജിഷ്ണു പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ്‌ ആയതോടെ രാഹുൽ ഏതാണ്ട് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടപോലെ തന്നെയായിരുന്നു. അയാൾ പുതിയ പാർട്ടി ഉണ്ടാക്കുവാൻ ഒരു ശ്രമം നടത്തി...എന്നാൽ ആ ശ്രമവും പരാജയപ്പെട്ടു.
മുകുന്ദൻ നടത്തിയ വ്യസായങ്ങളുടെയെല്ലാം ഉടമസ്ഥൻ താനാണെല്ലോ എന്നോർത്തപ്പോൾ രാഹുലിന് കുറച്ചു സമാധാനം അനുഭവപ്പെട്ടു.
എന്നാൽ അവിടെയും അയാൾക്ക്‌ പിഴച്ചു.
കുറെ നാളായിട്ട് മുകുന്ദനിൽ നിന്നും പണം ലഭിക്കാതായപ്പോൾ രാഹുൽ മുകുന്ദന്റെ വീട്ടിൽ എത്തി. മുകുന്ദന്റെ വീട് കണ്ട രാഹുലന്റെ കണ്ണു തള്ളിപ്പോയി ....ഒരു കൊട്ടാരം തന്നെ അയാൾ പണിതിരിക്കുന്നു!!!
മുകുന്ദൻ സന്തോഷത്തോടെ രാഹുലിനെ എതിരേറ്റു....പണത്തിന്റെ കാര്യം പറഞ്ഞപ്പോൾ മുകുന്ദൻ പറഞ്ഞു.
"ബിസിനെസ്സ് എല്ലാം ഇപ്പോൾ നഷ്ടത്തിലാണ്.."
"നഷ്ടത്തിലോ? അതെങ്ങിനെ ശരിയാകും?"
രാഹുൽ ചോദിച്ചു.
"ഭരണം പോയതോടെ ..എല്ലാം കുഴപ്പത്തിലായി..
റിയൽ എസ്റ്റേറ്റ് തകർന്നടിഞ്ഞു....വസ്തുവിനൊന്നും ഇപ്പോൾ മാർക്കറ്റില്ല" വിനയം വിടാതെ തന്നെ മുകുന്ദൻ പറഞ്ഞു.
"എങ്കിൽ താൻ ഒരു കാര്യം ചെയ്യ് ...എല്ലാം എന്റെ പേർക്ക് തിരിച്ചെഴുതി തന്നോളൂ. ഞാൻ ഇനി നേരിട്ട് ബിസ്സിനെസ്സ് നോക്കിക്കൊള്ളാം" രാഹുൽ പറഞ്ഞു.
'അയ്യോ....അതെങ്ങനെയാണ് ശരിയാകുന്നത്?
പാർട്ണർഷിപ് ബിസ്സിനെസ്സ് അല്ലേ നമ്മൾ നടത്തിയത്....അഞ്ചു ഷെയറുകളിൽ ഒന്ന് ചെല്ലപ്പൻ മാഷിന്, ഒരു ഷെയർ ജയന്തി മാഡത്തിന്റെയാണ്....രണ്ടു ഷെയറുകൾ എന്റെ പേരിൽ...."
"ഈ പണം മുഴുവൻ മുടക്കിയ എനിക്ക് ഒരു ഷെയർ മാത്രമേ ഉള്ളോ?" രാഹുൽ ചോദിച്ചു.
"അയ്യോ സാറിനെതിരെ അന്വേഷണം വരുമെന്ന് പേടിയുള്ളതുകൊണ്ട് അത് ജിഷ്ണു സാറിന്റെ പേരിലാണ്' മുകുന്ദൻ പറഞ്ഞു.
ഭൂമിക്കടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് രാഹുൽ അറിഞ്ഞു. ചെല്ലപ്പൻ മാഷിന്റെയും ജയന്തിയുടെയും ശത്രു ആയിരുന്ന ജിഷ്ണു ഇതിനിടയിൽപ്പെട്ടതു മനസ്സിലാക്കുവാൻ രാഹുലിന് സാധിച്ചില്ല.
"ജിഷ്ണു...എങ്ങിനെ?" രാഹുൽ ചോദിച്ചു.
"അയ്യോ സാറിന് അപ്പോൾ ഒന്നും അറിയില്ലേ..ജയന്തി മാഡം വിവാഹം കഴിക്കുവാൻ പോകുന്നത് ജിഷ്ണു സാറിനെ അല്ലയോ..."മുകുന്ദൻ പറഞ്ഞു
രാഹുലിന് ഒന്നും മനസ്സിലായില്ല....
"അപ്പോൾ ജിഷ്ണുവിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതും....തിരിച്ചു ജിഷ്ണു ചെല്ലപ്പൻ മാഷിനെയും ജയന്തിയെയും പുറത്താക്കിയതും വെറും നാടകങ്ങൾ ആയിരുന്നോ?" രാഹുൽ ചോദിച്ചു.
മുകുന്ദൻ ചിരിച്ചു...
"അതിന്റെ പേരല്ലേ സാറെ രാഷ്ട്രീയം...."മുകുന്ദൻ പറഞ്ഞു....രാഹുലിന് എല്ലാം മനസ്സിലായി....എല്ലാവരും ചേർന്നു തന്നെ ചതിക്കുകയായിരുന്നു....
"എങ്കിൽ തന്റെ രണ്ടു ഷെയർ എന്റെ പേരിൽ തരണം...ഇനി എനിക്ക് അധികാരം ഇല്ലല്ലോ?"
രാഹുൽ പറഞ്ഞു.
"സാറെന്താണ് പറയുന്നത്? എന്റെ ഷെയറുകൾ സാറിന് തരണോ? അതെങ്ങനെയാണ് ശരിയാകുന്നത്?" മുകുന്ദൻ അത്ഭുതം ഭാവിച്ചു.
"എന്റെ പണം കൊണ്ടല്ലേ താൻ ഈ ബിസ്സിനെസ്സ് തുടങ്ങിയത്? രാഹുൽ ചോദിച്ചു.
"എന്റെ ഗുരുവായൂരപ്പാ....ഈ സാറ് എന്തൊക്കെയാണ് പറയുന്നത്? എന്റെ മകൾ ലണ്ടനിൽപ്പോയി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് ഞാൻ മേടിച്ച ഷെയറുകൾ എങ്ങിനെ സാറിന്റെ പേരിലാകും?' മുകുന്ദൻ ചോദിച്ചു.
"തന്റെ മകൾ എപ്പോഴാണ്.ലണ്ടനിൽ പോയത്?
രാഹുൽ ചോദിച്ചു.
"അവൾ പോയതിൽ പിന്നെയാണ് ഞാൻ ബിസിനസ്സ് തുടങ്ങിയത് തന്നെ....എനിക്ക് സോഴ്സ് കാണിക്കേണ്ടേ സാറെ" മുകുന്ദൻ അപ്പോഴും വിനയത്തിൽ തന്നെയാണ്...എന്നാൽ ഒരു ഭീകര സർപ്പം തന്റെ മുന്നിൽ പത്തി വിടർത്തി നിൽക്കുന്നതായിട്ടാണ് രാഹുലിന് തോന്നിയത്.
രാഹുലിന്റെ നിയന്ത്രണം വിട്ടു.അയാൾ മുകുന്ദന്റെ കോളറിൽപ്പിടിച്ചു.
"നീ...എന്നെ ചതിക്കുകയായിരുന്നു അല്ലേ?"
അവൻ ചോദിച്ചു.
"കോളറിൽ നിന്നും കൈ എടുക്കുന്നതാണ് നല്ലത് സാറെ....ഇതു അത്താഴപ്പട്ടിണിക്കാരനായ പഴയ മുകുന്ദൻ അല്ല.....ഞാനിപ്പോൾ മുകുന്ദൻ മുതലാളിയാണ്...സാറ് പിറകിലേക്ക് ഒന്ന്‌ നോക്കിയാട്ടെ" മുകുന്ദൻ പറഞ്ഞു.
രാഹുൽ പിറകിലേക്ക് നോക്കി....മൂന്നു തടിമാടൻ മാർ അവിടെ നിൽക്കുന്നുണ്ടായിരുന്നു.
രാഹുൽ മുകുന്ദന്റെ കോളറിൽ നിന്നും തന്റെ കൈ പിൻവലിച്ചു....താൻ ഉണ്ടാക്കിയതെല്ലാം തനിക്ക് നഷ്ടമായിരിക്കുന്നു എന്ന സത്യം അയാൾ മനസ്സിലാക്കി"......രാജേഷ് ഒരു നിമിഷം നിർത്തി....ഹേമ നോക്കിയപ്പോൾ രാജേഷിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു!!! അവൾക്ക് വിഷമം തോന്നി.
"ഹേയ്......രാജേഷ്...ഇത്രയേ ഉള്ളോ താൻ....താൻ ബാക്കി കൂടി പറഞ്ഞിട്ട് വേണം എനിക്ക് അടുക്കളയിൽ കയറുവാൻ" ഹേമ പറഞ്ഞു.
"കുറച്ചു പണം അവന്റെ കൈവശം ഉണ്ടായിരുന്നു.....അത് ഉപയോഗിച്ചു ചെറിയ ബിസിനസ്സുകൾ ചെയ്‌തെങ്കിലും എല്ലാം പരാജയമായിരുന്നു....വീടും സ്ഥലവും പണയം വെച്ചു....പലരോടും പണം പലിശക്ക് വാങ്ങി..
വീട്ടിൽ പണം പലിശക്ക് കൊടുക്കുന്നവർ ഭീഷിണിയുമായി എത്തി....അവരുടെ ശല്യം സഹിക്കാതെ വന്നപ്പോൾ മേനോൻ അവനോട് മോശമായി എന്തോ പറഞ്ഞു. അന്ന് അവൻ ആ വീട്ടിൽ നിന്നും ഇറങ്ങിപോന്നതാണ്."
"ഓ ഗോഡ്....അയാൾ ഇപ്പോൾ എവിടെയാണ് താമസിക്കുന്നത്?" ഹേമ ചോദിച്ചു.
"സിറ്റിയിലുള്ള ഏതോ ഒരു ലോഡ്ജിൽ. എം .എൽ.എ പെൻഷനായി കിട്ടുന്ന തുശ്ചമായ തുക കൊണ്ടാണ് അവൻ ഇപ്പോൾ ജീവിക്കുന്നത്? രാജേഷ് പറഞ്ഞു.
"ആട്ടെ....അയാൾ പിന്നീട് അശ്വതിയെയും മകളെയും കണ്ടോ?" ഹേമ ചോദിച്ചു.
"അയാൾ പലപ്രാവശ്യം അശ്വതിയെ സമീപിക്കുവാൻ നോക്കി.....അവൾ അയാളെ തിരിഞ്ഞു നോക്കിയില്ല" രാജേഷ് പറഞ്ഞു.
"അത് സ്വാഭാവികം മാത്രം....അമ്മുവിനെ അയാൾക്ക്‌ കാണണമെന്ന് ആഗ്രഹം ഉണ്ടാവില്ലേ?"ഹേമ ചോദിച്ചു.
"അമ്മു ഇപ്പോൾ സിറ്റിയിലുള്ള ഒരു സ്കൂളിൽ ഫസ്റ്റ് സ്റ്റാൻഡേർഡിൽ പഠിക്കുകയാണ്...
ചിലപ്പോൾ അയാൾ സ്കൂളിന്റെ പുറത്തു പോയി അവളെ നോക്കി നിൽക്കാറുണ്ട്"രാജേഷ് പറഞ്ഞു.
"അമ്മുവിന് അറിയാമോ?അയാൾ തന്റെ അച്ഛനാണെന്ന് "ഹേമ ചോദിച്ചു.
"അത്....രാഹുലിന് അറിയില്ല....അയാൾ ഇതുവരെ അവളോട് സംസാരിച്ചിട്ടില്ല" രാജേഷ് പറഞ്ഞു.
"രാഹുൽ പറയുന്നത് മുഴുവനും വിശ്വസിക്കുവാൻ പ്രയാസമുണ്ട്....പക്ഷെ തകർന്നു നിൽക്കുന്ന ഒരു സുഹൃത്തിനെ സഹായിക്കുവാനുള്ള ബധ്യതയും നമുക്കുണ്ട്."
ഹേമ പറഞ്ഞു....രാജേഷ് അത്ഭുതത്തോടെ അവളെ നോക്കി.
"നമുക്ക് അശ്വതിയോടൊന്നു സംസാരിച്ചു നോക്കിയാലോ?"രാജേഷ് ചോദിച്ചു.
"സംസാരിക്കുന്നതിൽ തെറ്റില്ല...പക്ഷെ പ്രയോജനം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. നമുക്ക് വേണമെങ്കിൽ അയാളെ സാമ്പത്തികമായി കുറച്ചു സഹായിക്കാം..
പക്ഷെ....അതുകൊണ്ടും വലിയ പ്രയോജനം ഉണ്ട് എന്നു തോന്നുന്നില്ല" ഹേമ പറഞ്ഞു
രാജേഷ് വല്ലാത്ത മാനസിക സംഘർഷം അനുഭവിക്കുന്നുണ്ട് എന്നു ഹേമക്കു തോന്നി.
"താൻ വിഷമിക്കാതിരിക്ക്....നമുക്ക് ഒന്ന്‌ ശ്രമിച്ചു നോക്കാം." ഹേമ പറഞ്ഞു.
പിറ്റേദിവസം തന്നെ രാജേഷും ഹേമയും സിറ്റിയിൽ ചെന്നു....
സിഗ്നലിന്റെ അടുത്തു കുറെ നേരം അവർ നിന്നു.
അവർ ആരെയോ തിരയുന്നത് കണ്ട പഴക്കച്ചവടക്കാരൻ രാജേഷിനോട് ചോദിച്ചു.
"സാർ...നമ്മുടെ മന്ത്രിയെ ആണോ തിരയുന്നത്"
"അതേ..."രാജേഷ് പറഞ്ഞു.
"ഇപ്പോൾ സ്കൂൾ വിടുന്ന സമയമല്ലേ? അവിടെപ്പോയി നിൽക്കും....തലയ്ക്കു നല്ല സുഖമില്ലെന്നു തോന്നുന്നു..."പഴക്കച്ചവടക്കാരൻ പറഞ്ഞു.
"ഇവിടെ തിരിച്ചു വരുമോ?"രാജേഷ് അയാളോട് ചോദിച്ചു.
"വരും....വൈകുന്നേരം കുടിക്കാനുള്ള പണം ഒപ്പിക്കണ്ടേ?" അയാൾ പറഞ്ഞു.
"കൂടിയോ?അയാൾ കുടിക്കുമോ?"രാജേഷ് ചോദിച്ചു.
"കുടിക്കുമോ എന്നോ....അതാണ് അയാളുടെ ഏക ആശ്വാസം....വൈകുന്നേരമായാൽ ഫുൾ തണ്ണിയാണ്..അതിനായി ആരുടെ മുൻപിലും കൈനീട്ടാൻ അയാൾക്ക് ഒരു മടിയും ഇല്ല" അയാൾ പറഞ്ഞു. രാജേഷിന് അയാളുടെ സംസാരം ഒട്ടും ഇഷ്ടപ്പെട്ടില്ല.
കുറച്ചു കഴിഞ്ഞപ്പോൾ രാഹുൽ അവിടെ വന്നു.
അയാൾ രാജേഷിനെക്കണ്ടപ്പോൾ ഓടി വന്നു.
"എടാ....അത്യാവശ്യമായി ഒരു അഞ്ഞൂറ് രൂപ വേണം.മരുന്നു മേടിക്കണം " രാഹുൽ തിടുക്കത്തിൽ പറഞ്ഞു...അയാൾ ഹേമയെ ശ്രദ്ധിച്ചതേയില്ല.....
രാജേഷ് പോക്കറ്റിൽ നിന്നും കുറച്ചു രൂപ എടുത്തു....രാഹുലിന്റെ പോക്കറ്റിൽ അത് വെച്ചുകൊടുത്തു കൊണ്ട് പറഞ്ഞു.
"ഇത്‌ പതിനായിരം രൂപ ഉണ്ട്....തല്ക്കാലം നിന്റെ ആവശ്യങ്ങൾ നടക്കട്ടെ"
അയാൾ ഒരു നന്ദിപോലും പറയാതെ നടന്നു പോയി ..
അവർ നോക്കി നിൽക്കെ അയാൾ അടുത്തുള്ള ബാറിലേക്ക് തിടുക്കത്തിൽ കയറിപ്പോയി.
"ദിസ്‌ ഈസ് ഇനഫ്......രാജേഷ്....ഇനി സാക്ഷാൽ ദൈവം ശ്രമിച്ചാലും രാഹുലിനെ രക്ഷിക്കുവാൻ സാധിക്കുകയില്ല"
ഹേമ പറഞ്ഞു. രാജേഷ് വിഷമത്തോടുകൂടി ഹേമയെ നോക്കി. അവൾ തുടർന്നു.
"രാജേഷ് താൻ വിഷമിച്ചിട്ടു കാര്യമില്ല....ഓരോ ആളുകൾക്ക് ഓരോ വിധി ഉണ്ട്....ഈ വഴിയിൽകിടന്നു മരിക്കാനാണ് ഇയാളുടെ വിധി."

(തുടരും)
---അനിൽ കോനാട്ട് 
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 8.30 pm
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
Read published parts here ( daily updated) : - https://goo.gl/wqBx8m


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot