നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രൂപം മാറുന്ന പൂക്കൾ


Image may contain: one or more people and text

~~~~~~~~~~~~~
" നീയൊരുങ്ങിക്കഴിഞ്ഞോ നീലുവേ...? "
വേലിച്ചെടികൾക്ക് മുകളിൽ വീശിയിരുന്ന ഉമ്മറത്തെ ലൈറ്റിന്റെ വെളിച്ചത്തിന് അപ്പുറത്ത് നിന്ന് ആ ചോദ്യം അകത്തേക്ക് കേട്ടപ്പോൾ
" ദേ വരുന്നു നാണിയമ്മേ " എന്ന് നീലാംബരി മറുപടി കൊടുത്തു. അതിനുശേഷം ഒന്നുകൂടി കണ്ണാടിയിൽ മുഖം നോക്കി പൊട്ടിന്റെ സ്ഥാനം ഉറപ്പിച്ചു, ഇരു വശങ്ങളിലേക്കും ചെരിഞ്ഞു നോക്കിയപ്പോഴേക്കും
" ഊം... ഈയിടെയായി നിനക്ക് അണിഞ്ഞൊരുങ്ങൽ ഇത്തിരി കൂടുന്നുണ്ട്. എല്ലാം ഞാനറിയുന്നുണ്ട്. ഒന്നോർത്തോ, കെട്ടിയോൻ മരിച്ച ഒരു പെണ്ണാണ് നീ. വെറുതെ ആളോളെ കൊണ്ട് ഓരോന്ന് പറയിപ്പിക്കണ്ട. " വാതിൽക്കൽ നിന്ന് നാണിയമ്മയുടെ സ്വരം കേട്ടു. നീലാംബരി മറുപടി കൊടുത്തില്ല.
" ഒന്ന് വേഗം ഇറങ്ങ് പെണ്ണേ. താലപ്പൊലി തുടങ്ങിയിട്ടുണ്ടാകും. പിള്ളേരെന്തിയെ ? "
" അവർ നേരത്തെ തന്നെ അങ്ങോട്ട് പോയി. വാ നമുക്കിറങ്ങാം. "
" എന്താ നിനക്കിപ്പോ ആ മേനോത്തെ ചെക്കനുമായി ഒരു കണ്ണിറുക്കി കളി. നോക്കിയേ തൊട്ടുകൂടായ്മയും തീണ്ടായ്മയുമെ മാറിയിട്ടുള്ളൂ. പെണ്ണിന്റെ ഗതി അന്നും ഇന്നും ഒന്ന് തന്നെയാണ്. അന്ന് ബലം പ്രയോഗിച്ചായിരുന്നെങ്കിൽ ഇന്ന് കണ്ണും കലാശവും കാണിച്ചാണെന്നു മാത്രം. കാര്യം കഴിഞ്ഞാൽ അവനൊക്കെ കയ്യൊഴിയും. അന്നേരം ഇരുന്ന് മോങ്ങാൻ ഇടവരരുത്. പറഞ്ഞെന്ന് മാത്രം "
വാതിൽ പൂട്ടി ഒരുമിച്ചു മുറ്റത്തേക്കിറങ്ങുമ്പോഴാണ് നാണിയമ്മയുടെ അടുത്ത ചോദ്യോപദേശം. നീലാംബരി അതും കേൾക്കാത്ത ഭാവത്തിൽ അവഗണിച്ചു. തുടർന്ന് ഉത്സവപ്പറമ്പിലേക്ക് ഒരുമിച്ചാണ് നടന്നതെങ്കിലും കുട പിടിച്ചത് നിശ്ശബ്ദതയായിരുന്നു.
നീലാംബരി ഓർക്കുകയായിരുന്നു. ഭർത്താവ് മരിച്ചു കഴിഞ്ഞാൽ പിന്നീട് സ്ത്രീകൾ ജയിലിലാണ്. തുറന്ന ജയിലിൽ. വിലക്കുകളുടെ അദൃശ്യമായ കണ്ണാടി മതിലുകളാണ് അവൾക്ക് ചുറ്റും. നേരെമറിച്ച് ഭാര്യ മരിച്ച പുരുഷനാണെങ്കിൽ അതോടെ അവൻ സ്വതന്ത്രനാക്കപ്പെടുന്നു. എല്ലാവർക്കും അവനോട് സഹതാപം മാത്രമാണ്. ദാമ്പത്യ ജീവിതത്തിൽ സ്ത്രീ എത്രമാത്രം നിർണ്ണായകമാണ് എന്നതിന്റെ ഉത്തമോദാഹരണം. ഭർത്താവ് മരിച്ചിട്ട് ഏഴുകൊല്ലം കഴിഞ്ഞിരിക്കുന്നു. ഇതുവരെ മറ്റൊരു മോഹം തോന്നിയിട്ടില്ല. പക്ഷേ പ്രകാശ്... , തന്നെ ശ്രദ്ധിക്കുന്നു എന്ന തോന്നലാണ് തിരിച്ചു അവനെയും ശ്രദ്ധിക്കുവാൻ പ്രേരിപ്പിച്ചത്. വെറുമൊരു കൗതുകം. പക്ഷേ ആ നോട്ടത്തിന് മുമ്പിൽ പതറി പോകുന്നു. വീണ്ടും വീണ്ടും കാണണമെന്ന ആഗ്രഹം കൂടിക്കൂടി വരുന്നു. ഉള്ളറകളിൽ നിലക്കാതെ പെയ്യുന്ന മഞ്ഞുതുള്ളികളുടെ മഴ. പ്രണയമെന്ന് അതിനെ പേരിട്ട് വിളിക്കാമോ ? അറിയില്ല. പക്ഷേ... , അദൃശ്യമായ എന്തോ ഒരു കാന്തികശക്തി അവനിലേക്ക് തന്നെ ആകർഷിക്കുന്നു എന്നത് സത്യമാണ്. കട്ടിമീശയുടെ താഴെ നിരയൊത്ത പല്ലുകൾ തെളിയിക്കുന്ന പുഞ്ചിരി, ആരെയാണ് അത് ആകർഷിക്കാത്തത്. ഇത്രയധികം പെണ്ണുങ്ങൾ ഇവിടുണ്ടായിട്ടും തന്നെ ശ്രദ്ധിക്കുവാൻ തോന്നുന്നു എന്നത് തന്നെ തന്റെ ഭാഗ്യമാണ്. അവിടെയാണ് നാണിയമ്മയെ പോലുള്ള അസൂയാലുക്കൾ മുടക്കും ഉപദേശവുമായി വരുന്നത്. ഭർത്താവ് മരിച്ച സ്ത്രീയാണെങ്കിൽ പ്രണയവും മോഹവികാരങ്ങളും അന്യമാണ് എന്നതാണോ അവളുടെ വിധി. ഇല്ല, അതിന് നിന്നുകൊടുക്കാൻ താൻ തയ്യാറല്ല. പ്രകാശിനെ ഒറ്റയ്ക്ക് ഒന്ന് കാണണം. തന്നെയും കുട്ടികളെയും ഏറ്റെടുക്കാൻ തയ്യാറാണെങ്കിൽ ഈ നാടും വിലക്കുകളും കാറ്റിൽ പറത്തി എവിടേയ്ക്കെങ്കിലും ഇറങ്ങിപ്പോകണം. ചിന്തിച്ചു നടന്നു അമ്പലപ്പറമ്പ് എത്തിയതറിഞ്ഞില്ല. തേടിയത് ശ്രീകോവിൽ അല്ല ദേവനെയായിരുന്നു. ഒടുവിൽ കണ്ടു കൂട്ടുകാരുടെ കൂടെ തന്നെ സാകൂതം നോക്കി നിൽക്കുന്ന പ്രകാശ്. എവിടുന്നോ വന്നു ചേർന്ന ലജ്ജ ചെറുപുഞ്ചിരിയോടെ മുഖം കുനിയിച്ചു കളഞ്ഞു. ദേഷ്യത്തോടെ പിറുപിറുക്കുന്ന നാണിയമ്മയെ തീർത്തും അവഗണിച്ചു മുന്നേറിയ കടക്കൺ മിഴികളിലെ നോട്ടത്തിലെവിടെയോ തന്റെ കുട്ടികൾക്ക് ഐസ്ക്രീമും ബലൂണുകളും വാങ്ങിച്ചു കൊടുക്കുന്ന പ്രകാശിനെ കണ്ടപ്പോൾ അവരെ ഉൾക്കൊള്ളാനാകുമോ എന്ന മനസ്സിലെ സംശയത്തിന് ഉത്തരം കിട്ടുകയായിരുന്നു. പ്രകാശിന്റെ കണ്ണുകളുടെ ആംഗ്യക്ഷണപ്രകാരം മറ്റാരുടെയും കണ്ണുകളിൽ പെടാതെ അവന്റെ അടുത്തെത്തിയപ്പോൾ മറ്റെവിടെയോ നോക്കി അവൻ പറഞ്ഞ വാക്കുകൾ ' നാളെ ഉച്ചയ്ക്ക് ഞാൻ വീട്ടിലേക്ക് വരുന്നുണ്ട്. എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് ' എന്നതായിരുന്നു. ചിരിച്ചുകൊണ്ട് തലയാട്ടിയപ്പോൾ മനസ്സ് തുടി കൊട്ടിയത് താൻ ആഗ്രഹിക്കുന്നത് പോലെ തന്നെയാണല്ലോ പ്രകാശും ചിന്തിക്കുന്നത് എന്നോർത്തായിരുന്നു.
കുട്ടികൾ സ്കൂളിൽ പോയികഴിഞ്ഞതിനു ശേഷം നാലുകൂട്ടം കറിയും പായസവുമടക്കം ഒരു ചെറുസദ്യ തന്നെയാണ് നീലാംബരി തയ്യാറാക്കിയത്. വിയർപ്പാറി കുളി കഴിഞ്ഞു സെറ്റ് സാരിയും ബ്ലൗസുമണിഞ്ഞു മുടിയിലെ ഈറൻ തുവർത്തിക്കൊണ്ടിരുന്നപ്പോൾ കണ്ടു വയലിലൂടെ വിള നോക്കാനെന്ന പോലെ നടന്നു വരുന്ന പ്രകാശിനെ. നീലാംബരിയുടെ അതിർത്തി വരെയുള്ള വിശാലമായ പാടശേഖരത്തിന്റെ ഉടമ കൂടിയാണ് പ്രകാശ്. അങ്ങോട്ടുമിങ്ങോട്ടും നോക്കി പരിസരത്ത് ആരുമില്ലെന്ന് ഉറപ്പ് വരുത്തി പ്രകാശ് നീലാംബരിയുടെ വീട്ടിലേക്ക് തിരിഞ്ഞു. കയ്യിലിരുന്ന വടി കൊണ്ട് അലക്ഷ്യമായി വീശി നടന്ന പ്രകാശിന്റെ ആ വീശലിൽ നീലാംബരിയുടെ പൂന്തോട്ടത്തിൽ അന്ന് വിരിഞ്ഞ പൂവ് ഞെട്ടറ്റു താഴേക്ക് വീണു.
വീട്ടിലേക്ക് കയറി വന്ന പ്രകാശ് ആദ്യം ചെയ്തത് നീലാംബരിയെ ഉടുമ്പടക്കം കെട്ടിപ്പിടിക്കുകയായിരുന്നു. ആ പുണരലിൽ ചോദിക്കാനുണ്ടായിരുന്ന ചോദ്യങ്ങൾ നീലാംബരി മറന്നുപോയി. ഉച്ചവെയിലിന്റെ ചൂട് അകറ്റുവാൻ മേൽക്കൂര ഉണ്ടായിരുന്നിട്ടും വയലിൽ നിന്ന് കാറ്റ് വീശിയിട്ടും നീലാംബരിയും പ്രകാശും അകമുറിയിൽ വിയർപ്പിൽ കുളിച്ചു. മച്ചിൽ കറങ്ങുന്ന ഫാനിന്റെ കാറ്റിനൊപ്പം വിയർപ്പും കിതപ്പും കുറഞ്ഞു തുടങ്ങിയ സമയത്താണ് പ്രകാശിന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുകയായിരുന്ന നീലാംബരി ആ ചോദ്യം ചോദിച്ചത്
" എന്നെയും കുട്ടികളെയും എപ്പോഴാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുക ? "
പ്രകാശ് നീലാംബരിയെ സൂക്ഷിച്ചു നോക്കി. മെല്ലെ അവളെ നെഞ്ചിൽ നിന്ന് അടർത്തിമാറ്റി എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
" കൊണ്ടുപോകാം, സമയമാകട്ടെ " നീലാംബരി പുഞ്ചിരിച്ചത് നാണിയമ്മയുടെ വാക്കുകൾ നുണയായല്ലോ എന്നോർത്തായിരുന്നു. ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോകുന്ന പ്രകാശിനെ നോക്കി ഇളംതിണ്ണയിൽ നിൽക്കുമ്പോൾ നീലാംബരിയുടെ കണ്ണിൽ ഈ ലോകം വെട്ടിപ്പിടിച്ച നിർവൃതിയായിരുന്നു. പിന്നീടും പലവട്ടം നീലാംബരിയുടെ വീടിന്റെ അകമുറിയിലെ കട്ടിൽ ഞരങ്ങി. അപ്പോഴൊക്കെയും സമയമാകട്ടെ എന്നതായിരുന്നു പ്രകാശിന്റെ മറുപടി. ഒടുവിൽ ആ സമയം വന്നുചേർന്നു.
പതിവുപോലെ പ്രകാശിനെയും കാത്തിരിക്കുന്ന സമയത്താണ് പ്രകാശിന്റെ കൂട്ടുകാരിലൊരാൾ വീട്ടിലേക്ക് വരുന്നത് നീലാംബരി കണ്ടത്. കണ്ണുകളിൽ സംശയവുമായി എതിരേറ്റ നീലാംബരിയെ നോക്കി അവൻ പറഞ്ഞത്. ' പ്രകാശിന് ഇന്ന് വരുവാൻ സാധിക്കില്ല. അത്യാവശ്യമായി ഒരിടം വരെ പോയിരിക്കുകയാണ്. എന്നോട് ഇവിടെ വന്നൊന്നു വിവരം പറയുവാൻ പറഞ്ഞു. അതാ വന്നത്. ' എന്നായിരുന്നു. സംശയം മാറി ആശ്വാസം തോന്നിയ അതേ സമയത്താണ് കുടിക്കാൻ കുറച്ചു വെള്ളം അവൻ ചോദിച്ചത്. സംശയലേശമെന്യേ അടുക്കളയിൽ നിന്ന് വെള്ളമെടുത്ത് തിരിഞ്ഞ നീലാംബരി ഞെട്ടിയത് തൊട്ടു പുറകിൽ അവനെ കണ്ടപ്പോഴാണ്.
" പ്രകാശിന്റെ കണ്ണിൽ നിന്നെ പെടുത്തിയത് ഞാനാണ്. അവന്റെ വലയിൽ ഏത് പെണ്ണും പെട്ടെന്ന് വീഴുമെന്ന് എനിക്കറിയാമായിരുന്നു. ഇന്നാട്ടിലെ ഒരുപാട് പെണ്കുട്ടികൾ അവന്റെ ചൂടറിഞ്ഞിട്ടുണ്ട്. അവന്റെ മാത്രമല്ല, ഞങ്ങളുടെയും. അവന് മടുത്തു കഴിഞ്ഞാൽ പിന്നെ അവർ ഞങ്ങൾക്കുള്ളതാണ്. ഇനി മുതൽ നീയും. അവന് നിന്നെ മടുത്തു. " അവളെ അടിമുടി നോക്കിക്കൊണ്ടാണ് അവൻ പറഞ്ഞത്. അവന്റെ വാക്കുകൾ കേട്ട് നീലാംബരി ശക്തമായി നടുങ്ങി. സ്തബ്ധയായി നിന്ന് പോയി.
" ഇറങ്ങെടാ എന്റെ വീട്ടിൽ നിന്ന് " സ്ഥലകാലബോധം വീണ്ടെടുത്ത് തന്റടുത്തേക്ക് വരുന്ന അവനെ തടഞ്ഞു കൊണ്ട് ഒരു ഭദ്രകാളിയെ പോലെ നീലാംബരി അലറി.
" ഡീ പെണ്ണേ വല്ലാതെ ശീലാവതി ചമഞ്ഞു ബഹളം വെച്ച് ആളെ കൂട്ടണ്ട. ഇല വന്ന് മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും കേട് ഇലയ്ക്ക് തന്നെയാണ്. ആളുകൾ കൂടിയാൽ ചീത്തപ്പേര് നിനക്ക് തന്നെയാ. എനിക്കൊന്നുമില്ല മറക്കണ്ട. സഹകരിച്ചാൽ ഒരു കുഞ്ഞു പോലും അറിയില്ല. അല്ലെങ്കിൽ നാളെ മുതൽ നിന്റെ പേര് ചീത്തയാകും പിന്നെ ഇവിടെ ആളുകൾ ക്യൂ നിൽക്കും. "
അത് പറഞ്ഞു മുന്നോട്ട് നീങ്ങിയ അവന്റെ കാലുകളുടെ സംഗമ സ്ഥലത്ത് മുട്ടുകാൽ മടക്കി ഒരിടിയായിരുന്നു നീലാംബരി. പൊടുന്നനെയുള്ള ആ പ്രയോഗത്തിൽ ഒരമർത്തിയ നിലവിളിയോടെ അവൻ താഴെക്കിരുന്നു പോയി. ആ സമയം മതിയായിരുന്നു നീലാംബരിയ്ക്ക് അതേ ഇരിപ്പിൽ തന്നെ അവനെ കൂട്ടിക്കെട്ടി മേശപ്പുറത്തിരുന്ന കത്തിയെടുത്ത് അവന്റെ കഴുത്തിന് കീഴെ വെയ്ക്കുവാൻ.
" ഫ പട്ടീ, നീയെന്താണ് കരുതിയത് ? ഒന്ന് ഭീഷണിപ്പെടുത്തിയാൽ മടിക്കുത്ത് അഴിക്കുന്നവളാണ് പെണ്ണെന്നോ ? കരയുന്ന മുഖം മാത്രമേ പെണ്ണിനുള്ളൂ എന്നോ ? എങ്കിൽ നീ ഇതുവരെ ഒരു പെണ്ണിനെ കണ്ടിട്ടില്ല. "
പെട്ടെന്നുള്ള അവളുടെ ഈ പ്രവൃത്തിയിലും ചീത്തവിളിയിലും അവൻ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോയി. ആ ഭാവമാറ്റം നോക്കിക്കൊണ്ട് തന്നെ നീലാംബരി തുടർന്നു.
" എല്ലാ ഭാവങ്ങളും അളവിൽ കൂടുതലുള്ള സൃഷ്ടിയാണ് പെണ്ണ്. എനിക്ക് വേണമെങ്കിൽ അവനെ നിഷ്പ്രയാസം മറന്ന് നിന്നെ കൊണ്ടുനടക്കാനാകും, നിന്നെ മടുക്കുമ്പോൾ വേറൊരുവനെ, പക്ഷേ അവിടെ ഞാൻ സുഖത്തിന് വേണ്ടി അലയുന്ന തരം താണ വേശ്യയുടെ പോലെയാകുന്നു. കെട്ടിയോൻ ജീവിച്ചിരിക്കെ അന്യ പുരുഷനെ തേടുന്ന സ്ത്രീകളെ നീ കണ്ടിട്ടുണ്ടാകും. ഒരേസമയം ഒരുപാട് പേരെ ഒരേപോലെ കൊണ്ടുനടക്കുന്ന പെണ്ണുങ്ങളെയും കണ്ടിട്ടുണ്ടാകും. അതൊന്നും സ്നേഹമല്ല വെറും കാമം മാത്രമാണ്. ഒരു പെണ്ണിന് ഒരേസമയം ഒരാളെ മാത്രമേ സ്നേഹിക്കാനാകൂ. അല്ലാതുള്ള സ്നേഹമെല്ലാം സ്വന്തം സുഖത്തിന് വേണ്ടി മാത്രം ഭ്രാന്ത് പിടിച്ചു അലയുന്നവരുടെ കാമം മാത്രമാണ്. "
നീലാംബരിയുടെ വാക്കുകൾ കേൾക്കുമ്പോഴും എലിക്കെണിയിൽ പെട്ട എലിയുടെ ഭാവമായിരുന്നു അവന്റെ മുഖത്ത്. അഴിച്ചുവിട് എന്ന ഭാവത്തിൽ അവൻ ആംഗ്യം കാണിച്ചു.
" അഴിച്ചുവിട്ടാൽ പിന്നീട് സുഹൃത്തുക്കളുമായി ഒന്നിച്ചു വന്നു എന്നെ കീഴ്‌പ്പെടുത്താം എന്നാകും നിന്റെ ചിന്ത. എന്നാൽ നീ ഒന്നറിഞ്ഞോ, ഒരു പെണ്ണ് വിചാരിച്ചാൽ ഒരാണിനെ ഈ നാട്ടിൽ പട്ടിയുടെ വില പോലുമില്ലാതാക്കി മാറ്റാൻ സാധിക്കും. ബലം പ്രയോഗിച്ച് നീയൊക്കെ എന്നിൽ നിന്നും എന്താണ് നേടാൻ പോകുന്നത് ? എന്റെ മാനമോ ? അങ്ങിനൊന്ന് ഇല്ലെന്ന് ഞാൻ ചിന്തിച്ചാൽ പിന്നെ നാറുന്നത് നീയൊക്കെയാവും. "
തന്റെ ഉള്ളിലിരുപ്പ് അവൾ മനസ്സിലാക്കി എന്നറിഞ്ഞിട്ടോ എന്തോ അവൻ തല താഴ്ത്തി നിശബ്ദം ഇരുന്നു. ആ കീഴടങ്ങൽ കണ്ടപ്പോൾ നീലാംബരി ഒന്നയഞ്ഞത് പോലെ തോന്നി. തുടർന്നുള്ള അവളുടെ വാക്കുകളിൽ അത് പ്രകടമായിരുന്നു.
" പ്രകാശിൽ ഞാൻ മയങ്ങിയെന്നത് സത്യമാണ്. കേവലം മാംസദാഹം ആയിരുന്നില്ല അത്. ഒപ്പം ചേർന്നു നിൽക്കുന്ന ഒരു തുണ, തളരുമ്പോൾ ഒരു താങ്ങ്. ഏത് പെണ്ണും ആഗ്രഹിക്കുന്നതാണത്. പെണ്ണിൽ മാംസം മാത്രം കാണുന്ന നിനക്കൊന്നും അത് മനസ്സിലാകില്ല. വിശക്കുമ്പോൾ ഇര തേടുക വിശപ്പടക്കുക വീണ്ടും വിശക്കുമ്പോൾ ഇര തേടുക എന്നതാണല്ലോ നിന്റെയൊക്കെ ചിന്താഗതി. വിശപ്പ് നിയന്ത്രിക്കാനാകുക എന്നൊരു പോംവഴിയുണ്ട്. അതിന് മനസ്സ് കൊണ്ട് ഭക്ഷണം കഴിക്കണം. എന്നെങ്കിലും അത് മനസ്സിലാക്കി. അതിന് കഴിയുന്നത് വരെ നീയും നിന്റെ കൂട്ടുകാരും ഇങ്ങിനെ അലഞ്ഞു കൊണ്ടിരിക്കും." അവൻ ഒന്നും മിണ്ടിയില്ല. അതാവാം നീലാംബരി തന്നെ തുടർന്നത്.
" നിന്നെ ഞാൻ അഴിച്ചു വിടുന്നു. നിന്റെ ഊഴം കഴിഞ്ഞു എന്റെയടുത്തേക്ക് വരാനായി മുണ്ടും മുറുക്കിക്കുത്തിയിരിക്കുന്ന നിന്റെ കൂട്ടുകാരോട് പറയുക, വരുന്നോർക്കു മുഴുവൻ പായ വിരിക്കാൻ കാത്ത് നിൽക്കുന്ന വെറുമൊരു തേവിടിശ്ശിയല്ല നീലാംബരി എന്ന്. വന്നാൽ തിരിച്ചു പോകുന്നത് അരിഞ്ഞു വീഴ്ത്തപ്പെട്ട പൗരുഷം കൊണ്ടാകും എന്നതും. പിന്നെ നിന്റെ പ്രകാശിനോട് പറയുക ഇതിലും ഭേദം തെരുവിലൂടെ തെണ്ടി നടക്കുന്ന ഒരു പിച്ചക്കാരൻ ആണെന്നത്. അവൻ വരെ ഇരന്നിട്ടാണ് എന്തേലും വാങ്ങുക. "
അഴിച്ചു വിടപ്പെട്ട അവൻ കുനിഞ്ഞ തലയോടെ ഇറങ്ങിപ്പോകുന്നത് നോക്കി നിൽക്കുമ്പോൾ നീലാംബരിയുടെ മനസ്സിൽ മുഴങ്ങിയത് നാണിയമ്മയുടെ വാക്കുകളായിരുന്നു.
"" നോക്കിയേ തൊട്ടുകൂടായ്മയും തീണ്ടായ്മയുമെ മാറിയിട്ടുള്ളൂ. പെണ്ണിന്റെ ഗതി അന്നും ഇന്നും ഒന്ന് തന്നെയാണ്. അന്ന് ബലം പ്രയോഗിച്ചായിരുന്നെങ്കിൽ ഇന്ന് കണ്ണും കലാശവും കാണിച്ചാണെന്നു മാത്രം. കാര്യം കഴിഞ്ഞാൽ അവനൊക്കെ കയ്യൊഴിയും. അന്നേരം ഇരുന്ന് മോങ്ങാൻ ഇടവരരുത്. ""
നീലാംബരിയിൽ നിന്നും അറിയാതെ ഒരു നെടുവീർപ്പുയർന്നു താഴ്ന്നു. അപ്പോൾ വീട്ടു മുറ്റത്തെ പൂന്തോട്ടത്തിൽ തല്ലിക്കൊഴിക്കപ്പെട്ട പൂവിന്റെ വിത്തുകൾ മുളയ്ക്കുവാൻ തുടങ്ങിയിരുന്നു. തല്ലിക്കൊഴിക്കപ്പെട്ട പൂക്കൾക്കും പുതു മുകുളങ്ങൾ വിരിയും എന്ന സത്യത്തിന് അടിവരയിട്ട് ആ കുരുന്നു ചെടികൾ സൂര്യനെ നോക്കി വിടർന്നു നിന്നു.
ജയ്സൻ ജോർജ്ജ്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot