Slider

മാറാക്കാഴ്ചകൾ

0

"പണ്ടൊക്കെ പാടത്തു പണിയെടുക്കുന്ന നേരത്താവും പേറ്റു നോവ് തുടങ്ങാ, ചിലപ്പോൾ നെല്ല് പുഴുങ്ങുമ്പോ, ചിലപ്പോൾ പറമ്പിൽ തേങ്ങയിട്ടത് മുറ്റത്തു പെറുക്കിക്കൊണ്ടിടുമ്പോൾ, അങ്ങനെയങ്ങനെ.
പെണ്ണുങ്ങൾ നേരെ പേറ്റു മുറിയില് പോയി പായേല് കിടക്കും. വയറ്റാട്ടിയെ വിവരമറിയിച്ച് അവരും അപ്പോഴേക്കുമെത്തിക്കാണും. കണ്ണടച്ചു തുറക്കുമ്പോഴേക്കും പ്രസവം കഴിയും."
ദേവകിയമ്മ ഉമ്മറത്തെ തിണ്ണയിൽ കാലും നീട്ടിയിരുന്നു ആരോടെന്നില്ലാതെ ഉറക്കെ പറഞ്ഞു കൊണ്ടിരുന്നു.
"ഇന്നിപ്പോ എല്ലാ പെണ്ണുങ്ങൾക്കും ഗർഭായാൽ ന്തോ മഹാരോഗം വന്ന പോലെയാ. ഡോക്ടർമാരുടെ വക ഒരു റെസ്‌റ്റ് പറച്ചിലും. ശരീരമനങ്ങി പണിയെടുത്താലേ സുഖപ്രസവം ണ്ടാവൂ. ഇവറ്റോളൊക്കെ ന്തു പഠിപ്പാണാവോ പഠിച്ചിരിക്കുന്നെ!!"
വടക്കേപ്പുറത്തു അമ്മിക്കല്ലിൽ മുളകരയ്ക്കുകയായിരുന്നു സീത. നിറവയർ അമ്മിത്തിണ്ണയിൽ തട്ടുന്നത് കൊണ്ട് വളരെ പ്രയാസപ്പെട്ടാണ് അവളരയ്ക്കുന്നത്.
കയ്യിലും കാലിലും മുഖത്തുമെല്ലാം നീര് വന്നു വീർത്തിരിക്കുന്നു. മുളക് അരയ്ക്കുന്നതിന്റെ താളത്തിൽ വയറിനുള്ളിൽ കുഞ്ഞ് തിരിഞ്ഞും മറിഞ്ഞും കളിക്കുന്നത് പോലെ അവൾക്കു തോന്നി. ഒരു മാസം കൂടിയേ ഉള്ളു ഇനി പ്രസവത്തിന്.
"സീതേ, ദേ മുറ്റത്തെ നെല്ല് മുഴോനും കോഴി തിന്നുന്നുണ്ട്." ദേവകിയമ്മ ഉറക്കെ വിളിച്ചു പറഞ്ഞു.
ഫോൺ അടിക്കുന്നത് കേട്ട് അവർ തെക്കേ മുറിയിലേക്ക് ചെന്നു.
കുറച്ച് കഴിഞ്ഞ് അവർ സങ്കടപ്പെട്ടുകൊണ്ട് അടുക്കളയിലേക്കെത്തി.
"സീതേ, നാലാൾക്കുള്ള ചോറും കൂട്ടാനും അധികം ഉണ്ടാക്കിക്കോളു.
ദിവ്യയാണ് വിളിച്ചേ. അവൾക്കും കുട്ടിക്കും പനിയാണത്രേ. പാവം ന്റെ മോൾ. ഒറ്റയ്ക്ക് എല്ലാം കൂടി, ന്തു ചെയ്യാനാ. ആ തള്ള ആണേൽ ഒരു കൈ സഹായം പോലും ചെയ്യില്ല.
ചോറും കൂട്ടാനും കാലായാൽ ഞാൻ രാമനോട് അങ്ങോട്ട്‌ കൊണ്ട് കൊടുക്കാൻ പറയാം."
ദേവകിയമ്മ ഉമ്മറത്തേക്ക് നടന്നു.
എന്തു കൊണ്ടോ, സീതയ്ക്ക് പെട്ടെന്ന് ചിരി വന്നു.അവൾ ഉറക്കെ ചിരിച്ചു. ചിരിയ്ക്കുന്നതിനിടയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.
അമ്മയുടെ ചിരികേട്ട് ഗർഭപാത്രത്തിന്നുള്ളിലെ കുഞ്ഞ് ഒന്നനങ്ങി. ഒരു നിമിഷം അത് എന്തോ ഓർത്തിട്ടെന്നോണം മുന്നോട്ട് വളഞ്ഞു കൊണ്ട് അടിയിലേക്ക് ഏന്തി വലിഞ്ഞു നോക്കി.
"ഹാവൂ സമാധാനമായി". 'അവൻ' പതിയെ കണ്ണുകളടച്ച്‌ ഉറങ്ങാൻ കിടന്നു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo