നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നക്ഷത്രവിളക്ക്

"എടി കുഞ്ഞിനെ നടുക്ക് നിന്ന് മാറ്റിക്കിടത്ത് ഒരു കാര്യം പറയട്ടെ "
"നിങ്ങള് പറയാൻ പോകുന്ന കാര്യം എനിക്ക് കേൾക്കണ്ട .അല്ലേലും അമ്മേം പെങ്ങന്മാരേം കണ്ടു കഴിഞ്ഞാൽ പിന്നെ എന്നെ ഇത് വരെ കണ്ടിട്ടേയില്ലാത്ത ഭാവമാ"
അവൾ തിരിഞ്ഞു കിടന്നു പിറുപിറുത്തു
"എന്റെ ചക്കരയല്ലേ ഞാൻ എന്നാ പറഞ്ഞെന്നാ?"അവൻ കയ്യെത്തിച്ചു ആ തോളിൽ ഒന്ന് തൊട്ടു
"എന്റെ ദേഹത്ത് തൊട്ടേക്കരുത് പറഞ്ഞേക്കാം ..ഞാനിന്നു വെച്ച ചക്കക്കൂട്ടാനുപ്പു കൂടുതലാണെന്നു പറഞ്ഞില്ലേ ?അത് കേൾക്കാനിരുന്ന പോലെ നിങ്ങളുടെ 'അമ്മ ...മുളകും കൂടുതലെന്ന് .." അവൾ ആ കൈ എടുത്തു ഒരേറു വെച്ചു കൊടുത്തു
"അത് പിന്നെ ഇച്ചിരി ഉപ്പു കൂടുതലാരുന്നേടി ..നീ കഴിച്ചില്ലേ?നിനക്ക് തോന്നിയില്ലേ ?"
"അതിനിങ്ങനെ വിളിച്ചു പറയണോ?മുന്നൂറ്റിഅറുപത്തിഅഞ്ചു ദിവസവും നല്ലതു വെച്ച് തന്നാലും ഒരു ദിവസം ഇച്ചിരി കൈയബദ്ധം പറ്റിയാൽ തീർന്നു "
"എടി സോറി ഡി ചക്കരെ ...ഇനി പറയൂല സത്യം "
അവൾ മിണ്ടിയില്ല
"എന്റെ പൊന്നല്ലെ ?പിണങ്ങല്ലേ"
"ഞാനെന്റെ അമ്മേം അനിയത്തിമാരേം കണ്ടിട്ട് നാളെത്രയായിന്നു അറിയുമോ ?എനിക്കും ആഗ്രഹമുണ്ട് ..ആര് കേൾക്കാൻ "
അവളുട ഒച്ച ഇടറി
"അത്...അന്ന് പോയാൽ അന്ന് തന്നെ വരാൻ പറ്റുന്ന ദൂരമല്ലല്ലോടി മോളെ ..അവര് വേണേൽ ഇങ്ങോട്ടു വന്നോട്ടെ എത്ര ദിവസം വേണേൽ ഇവിടെ താമസിക്കാമല്ലോ "
"ഇത്രേം ദൂരത്തിൽ വന്നു നിങ്ങളെന്തിനാ എന്നെ കെട്ടിയേ?'
അവൾ ശുണ്ഠിയോടെ തിരിഞ്ഞു കിടന്നു അയാളോട് ചോദിച്ചു അയാൾ വിരൽ കൊണ്ട് ആ മൂക്കിൽ ഒന്ന് തൊട്ടു
"സത്യത്തിൽ
ഇത്ര ദൂരെ ഒരു പെണ്ണുണ്ടെന്നു ബ്രോക്കർ
ചേട്ടൻ പറഞ്ഞപ്പോൾ ഞാൻ മടിച്ചതാ .ഈ ദൂരം തന്നെ കാരണം .പക്ഷെ നിന്നെ കണ്ടപ്പോൾ ."അവൻ ഒന്ന് നിർത്തി ശ്വാസം എടുത്തു പിന്നെ അവളെ നോക്കി പുഞ്ചിരിച്ചു പിന്നെ തുടർന്നു .... "എടി ഈ ക്രിസ്തുമസിന് നമ്മൾ നക്ഷത്രം തൂക്കൂലേ വീടിന്റെ മുന്നില് ..അപ്പൊ വീടിനു ഒരു പ്രത്യേക ഭംഗിയാ.എത്ര ദൂരേന്നു നടന്നു വരുമ്പോളും ആ ഒറ്റ നക്ഷത്രത്തിന്റെ ശോഭയിൽ വീടങ്ങനെ വെളിച്ചത്തിൽ കുളിച്ചു നിൽക്കും . നിന്നെ കണ്ടപ്പോൾ എന്റെയുള്ളിലും ഒരു നക്ഷത്ര വിളക്ക് തെളിഞ്ഞായിരുന്നു ..എതിരുട്ടിലും സങ്കടത്തിലും നീ തെളിഞ്ഞങ്ങു നിക്കും പോലെ . അമ്മേം പെങ്ങന്മാരും ഒക്കെ വേണ്ടാന്ന് പറഞ്ഞതാ .നിന്നോടുള്ള ഇഷ്ടക്കുറവല്ല .ഇത്ര ദൂരമില്ല ? പക്ഷെ എന്തോ..എനിക്ക് നീ മതി .."
അയാൾ ഒരു നിമിഷം മൗനമായിരുന്നു പിന്നെ പറഞ്ഞു തുടങ്ങി
"ഞാൻ തിരിച്ചു പോരുമ്പോൾ നീ ആ ജനാലയ്ക്കു പിടിച്ചോണ്ട് നോക്കി നിക്കുവാരുന്നു .ഉള്ളിലൊരു വിങ്ങലാരുന്നു അപ്പൊ .എന്തോ ഇട്ടേച്ചു പോകും പോലെ .ആദ്യമായി കാണുന്ന ഒരു പെണ്ണിന് എന്റെ ഉള്ളിലോട്ട് ഇത്രയ്‌ക്കൊക്കെ എങ്ങനെയാ വരാൻ പറ്റിയെന്നോർത്തു എനിക്ക് അതിശയമായിരുന്നു . നിന്നോടെനിക് അത്ര ഇഷ്ടം തോന്നിയിരുന്നു ."
അവൾ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി അയാൾക്കരികിൽ വന്നു ചേർന്ന് കിടന്നു
"എന്റെ ഒറ്റ നക്ഷത്രമാണ് നീ "അയാൾ അവളുടെ നിറുകയിൽ ഉമ്മ വെച്ചു ..നീ വീട്ടിൽ പോകാൻ ആശ പറയുമ്പോൾ സത്യത്തിൽ സമ്മതിക്കണമെന്നു എനിക്ക് ആഗ്രഹമുണ്ട് ..പക്ഷെ കാണാതിരിക്കുമ്പോൾ ഉള്ളിലെ ആ നക്ഷത്രവിളക്ക് അങ്ങ് അണഞ്ഞു പോകും പോലെ "
അയാൾ അവളെ മുറുകെ കെട്ടിപ്പിടിച്ചു
"കള്ളനാ കള്ളൻ "അവൾ പ്രണയത്തോടെ മന്ത്രിച്ചു
"അല്ല പെണ്ണെ സത്യമാണ് ..എന്നാലും നോക്കട്ടെ ഈ ശനിയാഴ്ച നമുക്കു ഒന്നിച്ചു പോകാം .."അവൾ പുഞ്ചിരിച്ചു
"എന്നാലും ഒരു കാര്യം നീ ശ്രദ്ധിക്കണം കേട്ടോ "
"എന്താ ഏട്ടാ ?"
"ഇനി ചക്ക കൂട്ടാൻ വെയ്ക്കുമ്പോ ഉപ്പു ഇത്രേം കൂടല്ലേ "
"പോ അവിടുന്ന് ...."അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് അയാളുടെ നെഞ്ചിൽ അമർത്തി കടിച്ചു
"നോവുന്നു പെണ്ണെ "അയാൾ അവളെ ചേർത്തമർത്തി മെല്ലെ പറഞ്ഞു
പുറത്തു നിലാവുദിച്ചിരുന്നു
ആകാശത്തു അരിമുല്ലപ്പൂക്കൾ വാരി വിതറിയ പോലെ നക്ഷത്രവിളക്കുകൾ പ്രകാശിച്ചു നിന്നു
പക്ഷെ അയാളുടെ നെഞ്ചിലെആ ഒറ്റ നക്ഷത്രത്തിന് അതിനേക്കാൾ തെളിച്ചമുണ്ടായിരുന്നു
അയാളുടെ ജീവന്റെ വെളിച്ചം.

BY Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot