നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വൈദേഹി - Part 8


വിൽസൺ സാറിന്റെ നിര്യാണം എല്ലാവരെയും ദുഃഖത്തിലാഴ്ത്തി...
ചെല്ലപ്പൻമാഷിന്റെ അരുമശിഷ്യരിൽ ഒരാളായിരുന്നു വിൽസൺ എം.എൽ.എ..
അഴിമതിയുടെ കറ പുരളാത്ത ഒരു നേതാവും പാവപ്പെട്ടവരുടെ സാരഥിയുമായിരുന്ന വിൽസൺ സാർ എല്ലാവർക്കും വളരെ പ്രിയപ്പെട്ടവനായിരുന്നു.
വിൽസൺ സാറിന് പകരക്കാരൻ ആരാണെന്നുള്ള ചർച്ച ആശുപത്രിയിൽ വെച്ചേ ആരംഭിച്ചിരുന്നു
ചെല്ലപ്പൻ മാഷിനെ പത്രക്കാർ വളഞ്ഞിരിക്കുകയാണ്....അവർക്ക് മനസ്സിൽ തോന്നിയ പല പേരുകളും അദ്ദേഹത്തത്തെക്കൊണ്ടു പറയിപ്പിക്കുവാൻ അവർ കഠിനമായി പരിശ്രമിച്ചെങ്കിലും ചെല്ലപ്പൻ മാഷ് മൗനം പൂണ്ടതേയുള്ളൂ.
ജില്ലാ പ്രെസിഡന്റ് ജിഷ്ണു ചന്ദ്രന്റെ പേരാണ് പൊതുവെ പറഞ്ഞുകേട്ടത്...
വിൽസൺ സാറിന്റെ മകൻ ആൽഫി, ചെല്ലപ്പൻ മാഷിന്റെ മകൾ ജയന്തി...ഇവരെല്ലാം മീഡിയയുടെ നോട്ടത്തിൽ സാധ്യയുള്ളവർ ആയിത്തീർന്നു.
ചെല്ലപ്പൻ മാഷ് തന്നെ മത്സരിക്കുവാനുള്ള സാധ്യതയും ചില പത്രങ്ങൾ തള്ളികളഞ്ഞില്ല...
ജിഷ്ണുവിന്റെ പേര് ചെല്ലപ്പൻ സാർ പറയുവാനുള്ള സാധ്യത മുന്നിൽക്കണ്ട രാഹുൽ യുവജന വിഭാഗം മീറ്റിംഗ് അടിയന്തിരമായി വിളിച്ചു കൂട്ടി.....
യുവജന വിഭാഗം ജയന്തിയുടെ പേര് നിർദ്ദേശിക്കുവാൻ തീരുമാനമെടുത്തു....
ജിഷ്ണു എം.എൽ.എ അയാൽ തന്റെ കള്ളക്കളികൾ പുറത്തായാലോ എന്ന് രാഹുൽ ഭയപ്പെട്ടിരുന്നു.
രാഹുലും കുട്ടിനേതാക്കന്മാരും ചെല്ലപ്പൻ മാഷിന്റെ വീട്ടിൽ ചെല്ലുമ്പോൾ ജിഷ്ണു ചന്ദ്രൻ നേരത്തെ തന്നെ അവിടെ സ്ഥാനം പിടിച്ചിരുന്നു.
ഒരു ബനിയനും കള്ളിമുണ്ടും ആയിരുന്നു മാഷിന്റെ വേഷം...തന്റെ ചാരുകസ്സേരയിൽ ചാരിയിരുന്ന അദ്ദേഹത്തിന്റെ അടുത്തു തന്നെ ഒരു കസ്സേരയിൽ ജിഷ്ണു ചന്ദ്രൻ അദ്ദേഹത്തോട് സംസാരിച്ചുകൊണ്ടിരിക്കു കയായിരുന്നു.
രാഹുൽ മാഷിന്റെ കാലുകൾ തൊട്ടു വന്ദിച്ചു..കൈയിലിരുന്ന പൊതി മാഷിന്റെ നേരെ നീട്ടി. ജിഷ്ണുവിന്റെ മുഖത്ത് രാഹുലിനോടുള്ള പുച്ഛം വിരിയുന്നത് മാഷ് ശ്രദ്ധിച്ചു.
"എന്താണ് ഈ പൊതിയിൽ..?" മാഷ് ചോദിച്ചു.
"മാഷിന്റെ പേരിൽ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഞാൻ ഇന്നലെ ഒരു വഴിപാട് നേർന്നിരുന്നു....അതിന്റെ പ്രസാദമാണ്" രാഹുൽ പറഞ്ഞു.
"എന്റെ പേരിൽ വഴിപാടോ...എന്തിന്.?" മാഷ് അത്ഭുതം പ്രകടിപ്പിച്ചു.
പൊതി ടീപ്പോയിൽ വെച്ചുകൊണ്ട് രാഹുൽ ചോദിച്ചു
"ഇന്നലെ മാഷിന്റെ ബെർത്ഡേ അല്ലായിരുന്നോ?"
"ബെർത്ഡേയോ... ഞാൻ പോലും അറിയാത്ത കാര്യം താൻ എങ്ങിനെ അറിഞ്ഞു.?" ചിരിച്ചുകൊണ്ട് മാഷ് ചോദിച്ചു.
"കഴിഞ്ഞ ആഴ്ചത്തെ സപ്പ്ളിമെന്റിൽ മാഷിനെക്കുറിച്ച് എഴുതിയത് ഞാൻ വായിച്ചിരുന്നു.
അതിൽ മാഷിന്റെ ഡേറ്റ് ഓഫ് ബർത്ത് കൊടുത്തിരുന്നു." രാഹുൽ വിനയപൂർവ്വം പറഞ്ഞു.
മാഷും ജിഷ്ണു ചന്ദ്രനും പൊട്ടിച്ചിരിച്ചു... ഇത്ര ശുദ്ധനായ ഒരാൾ എങ്ങിനെ കോളേജിൽ നേതാവായെന്ന് ചെല്ലപ്പൻ മാഷ് ആലോചിച്ചു.
"എടൊ....അതൊക്കെ ശരിയാണോയെന്ന് ആർക്കറിയാം? അത് മാത്രമല്ല എനിക്കിതിലൊന്നും വിശ്വാസമില്ല എന്ന് തനിക്ക് അറിയില്ലേ?" ചെല്ലപ്പൻ മാഷ് ചോദിച്ചു.
"സർവ്വ ഐശ്വര്യവും ദീർഘായുസും പ്രാർത്ഥിച്ചുകൊണ്ട് മാഷിന്റെ പേരിൽക്കഴിച്ച വഴിപാടാണ് ഇത്‌.......പ്രസാദം സ്വീകരിക്കണം"
രാഹുൽ നട്ടെല്ല് കുറച്ചുകൂടി താഴ്ത്തി....
"എടൊ ജിഷ്ണു....ഈ യുഗത്തിലും ഇതുപോലെയുള്ള ചെറുപ്പക്കാർ ഉണ്ടാവുമോ?
സർവ്വ ഐശ്വര്യവും ദീർഘായുസ്സും.....നിരീശ്വര വാദിയായ എന്റെ മുന്നിൽ ഈ പ്രസാദം കൊണ്ടുവരുവാൻ തനിക്ക് എങ്ങിനെ ധൈര്യം വന്നു?"ചെല്ലപ്പൻ മാഷിന്റെ മുഖം ഗൗരവം പൂണ്ടു.
രാഹുലിന്റെ മുഖം വാടി....അയാൾ പ്രസാദം കൈയ്യിലെടുത്തു...
"താൻ ഏതായാലും കാര്യമായി കൊണ്ടുവന്നതല്ലേ? അവിടെ വെച്ചേക്കൂ...ഞാൻ പിന്നീട് എടുത്തുകൊള്ളാം.." മാഷ് പറഞ്ഞു.
പിന്നീടുള്ള ചർച്ചയിൽ ജയന്തിയും പങ്കെടുത്തു...
ജിഷ്ണു ജയന്തിയുടെയും രാഹുലിന്റെയും ബോഡി ലാംഗ്വേജ് സൂഷ്മമായി വീക്ഷിച്ചു കൊണ്ടിരുന്നു...അയാൾക്ക്‌ കാര്യമായി ഒന്നും കണ്ടുപിടിക്കുവാൻ സാധിച്ചില്ല...എന്നാൽ അയാളുടെ ബോഡി ലാംഗ്വേജ് രാഷ്ട്രീയ ഭീഷ്മാചാര്യൻ സാക്ഷാൽ ചെല്ലപ്പൻ മാഷ് വീക്ഷിക്കുന്നുണ്ടെന്ന സത്യം ജിഷ്ണു മനസ്സിലാക്കിയില്ല.
"എന്റെ അഭിപ്രായത്തിൽ.. മാഷ് തന്നെ മത്സരിക്കണം....മാഷ് ജയിച്ചാൽ നമുക്ക് ഒരു മന്ത്രിയെ ആണ് ലഭിക്കുവാൻ പോകുന്നത്..
ചിലപ്പോൾ മാഷ് മുഖ്യ മന്ത്രി ആയെന്നും വരാം"
രാഹുൽ പറഞ്ഞു.
"നമുക്ക് മന്ത്രിയും മുഖ്യമന്ത്രിയും ഉണ്ടെടോ...നമുക്ക് വേണ്ടത് നല്ല ഒരു എം.എൽ.എ ആണ്.."ചെല്ലപ്പൻ മാഷ് പറഞ്ഞു.
"വിൽസൺ സാറിന്റെ മകന് ഇലക്ഷനിൽ നിന്നാൽ കൊള്ളാമെന്നുണ്ട്"ജിഷ്ണു പറഞ്ഞു.
"ഇരുപത്തിനാലുമണിക്കൂറും കള്ളുകുടിച്ചു നടക്കുന്ന അയാളെ എങ്ങിനെയാണ് മത്സരിക്കുവാൻ നിർത്തുക.." ജയന്തിയാണ് അത് ചോദിച്ചത്. അവൾ എല്ലാവരെയും കണ്ണുകൊണ്ട് ഉഴിഞ്ഞു...
"ഇത്തവണ ഒരു വനിത നിന്നാൽ എന്താണ് കുഴപ്പം?" ജയന്തി ചോദിച്ചു.
"അത് വേണ്ട..."ജിഷ്ണു ചാടിപ്പറഞ്ഞു..ജയന്തിയുടെ മുഖം വാടി.
"വളരെ നല്ലകാര്യമാണ്....ഞാൻ അത് പറയുവാൻ തുടങ്ങുകയായിരുന്നു" രാഹുൽ വിനയം വിടാതെ തന്നെ പറഞ്ഞു.
ചെല്ലപ്പൻ സാർ എഴുനേറ്റു..
"ഏതായാലും നാളെ നടക്കുന്ന സംസ്ഥാന കമ്മിറ്റിയിൽ തീരുമാനം ഉണ്ടാവും...ഞാനോ എന്റെ മകളോ നിൽക്കുവാൻ തല്ക്കാലം ഉദ്ദേശിക്കുന്നില്ല.ചിലപ്പോൾ ജില്ലാ പ്രസിഡന്റ് സ്ഥാനത്തിനും മാറ്റമുണ്ടായേക്കാം" അയാൾ ജിഷ്ണുവിനെ നോക്കി പറഞ്ഞു.
ആരും ഒന്നും പറഞ്ഞില്ല...സംസ്ഥാന സമിതി ചെല്ലപ്പൻ മാഷ് നിർദേശിക്കുന്ന ആളെ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്ന് എല്ലാവർക്കും അറിയാം.
ജിഷ്ണുവിന്റെ മനസ്സിൽ സംശയങ്ങൾ തലപൊക്കി...
ഇയാൾ തന്നെ പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റുമെന്നല്ലേ പറഞ്ഞത്?
തന്നെ ക്യാൻഡിഡേറ്റ് ആക്കാനാണോ ഇയാളുടെ നീക്കം?
തന്നെ പ്രസിഡണ്ട് സ്ഥാനത്തു നിന്നും നീക്കിയിട്ട് ജയന്തിയെ ആ സ്ഥാനത്ത് അവരോധിക്കുവാനാണോ കിളവന്റെ നീക്കം?
"ജിഷ്ണു എന്താണ് ആലോചിക്കുന്നത് ? മാഷ് ചോദിച്ചു.
അവൻ അയാളെ തുറിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
എല്ലാവരും പോയി എന്നുറപ്പുവരുത്തിയിട്ട് മാഷ് ടീപ്പോയിലിരുന്ന പൊതി തന്റെ കൈയ്യിലെടുത്തു.
ഒരു ചെറുപുഞ്ചിരിയോടെ അയാൾ ആ പൊതിയുമായി വീടിനകത്തേക്ക് കയറിപ്പോയി.
ദേവനും ശാലിനിയും ഞായറാഴ്ച തന്നെ കുറെ പലഹാരങ്ങളുമായി അശ്വതിയെ കാണുവാൻ എത്തിച്ചേർന്നു.
അശ്വതിയെ വളരെ സന്തോഷവതിയായിട്ടാണ് അവർ കണ്ടത്. അവൾ ഒരു കൊച്ചുകുട്ടിയെപ്പോലെ തുള്ളിച്ചാടി.. അവളുടെ ഡ്രെസ്സിലും ഹെയർ സ്റ്റൈലിലും...പെരുമാറ്റത്തിലും കണ്ട മാറ്റം അവരെ വല്ലാതെ അത്ഭുതപ്പെടുത്തി...
പച്ച പരിഷ്കാരിയായിരുന്ന തങ്ങളുടെ മകൾ ഒരു ശാലീന സുന്ദരി ആയിരിക്കുന്നു!!!
"രാഹുലിനെ കണ്ടില്ലല്ലോ?" ചുറ്റും കണ്ണോടിച്ചുകൊണ്ട് ദേവൻ പറഞ്ഞു.അയാളുടെ മുഖത്തെ വിഷാദഭാവം അശ്വതി പ്രേത്യേകം ശ്രദ്ധിച്ചു.
"രാഹുൽ ഇപ്പോൾ ഏത് സമയവും അമ്പലത്തിൽ ആണ്.." അശ്വതി പറഞ്ഞു.
"അതെന്താ ഭജന ഇരിക്കുന്നുണ്ടോ?" ശാലിനി ചോദിച്ചു.
"അച്ഛനാകുന്നതറിഞ്ഞപ്പോൾ മുതൽ അവന്‌ ഭക്തി കൂടിയിരിക്കുന്നു" മുത്തച്ഛൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
അച്ചു സ്വന്തം കൈകൾകൊണ്ടുണ്ടാക്കിയ ബ്രേക്ഫാസ്റ്റ് കഴിച്ചതോടെ ദേവന്റെയും ഭാര്യയുടെയും അത്ഭുതം വർദ്ധിച്ചു.
"എന്തു പറ്റി അച്ചു നിനക്ക്?" ശാലിനി മകളെ തനിച്ചുകിട്ടിയപ്പോൾ ചോദിച്ചു.
"അമ്മയെന്താണ് അങ്ങിനെ ചോദിച്ചത്?"അശ്വതി ചോദിച്ചു.
"ഒരു ചായ പോലും ഉണ്ടാക്കുവാൻ അറിയാത്ത നീ ഇങ്ങിനെ ഇത്ര രുചികരമായി ഭക്ഷണം ഉണ്ടാക്കുന്നു? മാത്രമല്ല..
നിന്റെ രൂപം തന്നെ മാറിയിരിക്കുന്നു !!!"
അശ്വതി ചിരിച്ചു... അവൾ പറഞ്ഞു.
"വിവാഹത്തിന് മുൻപ് ഞാൻ രാഹുലിനെ ഒരുപാടു വിഷമിപ്പിച്ചു.....വിവാഹത്തിന്റെ അന്ന് പാവത്തിനെ ആരോ തട്ടിക്കൊണ്ടു പോവുക പോലും ചെയ്തു....അന്ന് ഞാൻ രാഹുലിന് വാക്ക്‌ കൊടുത്തിരുന്നു ...ഇനി രാഹുലിന്റെ ഇഷ്ടങ്ങൾ അനുസരിച്ച് മാത്രമായിരിക്കും എന്റെ ജീവിതം എന്ന്" അശ്വതി പറഞ്ഞു.
ശാലിനി അച്ചുവിനെ ചേർത്തു പിടിച്ചു അവളുടെ നെറുകയിൽ അമർത്തി ചുംബിച്ചുകൊണ്ട് പറഞ്ഞു.
"നന്നായി മോളെ...നിനക്ക് നല്ലത് മാത്രമേ വരുകയുള്ളൂ"
"ഡാഡിക്കെന്താണ് ഒരു സന്തോഷമില്ലാത്ത പോലെ?"അശ്വതി ചോദിച്ചു.
"നീ പോന്നതിൽ പിന്നെ ഡാഡിയുടെ ബിസ്സിനെസ്സ് സ്വല്പം കുഴപ്പത്തിലാണ്....ഒന്നും ശരിയാകുന്നില്ല എന്നാണ് ഡാഡി പറയുന്നത്" ശാലിനി പറഞ്ഞു.
"എന്റെ മോളായിരുന്നു എന്റെ ഐശ്യര്യം..
നീ പടിയിറങ്ങിയതോടുകൂടി എന്റെ ഐശ്വര്യവും പോയി....പക്ഷെ എന്റെ മോൾ ഹാപ്പിയാണെന് അറിഞ്ഞപ്പോൾ ഞാനും ഹാപ്പി ആയി"ദേവൻ പറഞ്ഞു.
"അങ്ങിനെയൊന്നും പറയരുത് ഡാഡി..
എല്ലാം ശരിയാകും" അശ്വതി ഡാഡിയെ ആശ്വസിപ്പിച്ചു.
"നിന്റെ ന്യുജെൻ കോലാഹലം കണ്ടപ്പോൾ രാഹുൽ നിന്നെ ഉപേക്ഷിക്കുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു" ദേവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
"നിങ്ങളെന്തൊക്കെയാണ് പറയുന്നത്?" ശാലിനി ഭർത്താവിനെ ശാസനയോടെ നോക്കി.
അശ്വതി ചിരിച്ചുകൊണ്ട് നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല.
രാഹുൽ അമ്പലത്തിൽ നിന്നും കൊണ്ടുവന്ന പാൽപ്പായസം കൂടി കഴിച്ചിട്ടാണ് ദേവനും ശാലിനിയും അവിടെനിന്നും യാത്രയായത്.
പിറ്റേദിവസം ജിഷ്ണു രാഹുലിനെ ഫോണിൽ വിളിച്ചു.
"റഹുൽ....ആ കിളവൻ എന്നെ പ്രസിഡണ്ട് സ്ഥാനത്തു നിന്നും മാറ്റുവാനുള്ള പുറപ്പാടാണെന്നു തോന്നുന്നു" ജിഷ്ണു പറഞ്ഞു.
"ചിലപ്പോൾ നിന്നെ ഇലക്ഷന് നിർത്താനായിരിക്കും "രാഹുൽ പറഞ്ഞു.
"അങ്ങിനെയാണെങ്കിൽ കുഴപ്പമില്ല....പക്ഷെ മറിച്ചാണെങ്കിൽ നീ വിഷമിക്കും" ജിഷ്ണുവിന്റെ സ്വരം മാറിയിരുന്നു.
"ഞാനോ? ഞാനെന്തു ചെയ്തു?" അമ്പരപ്പോടെ രാഹുൽ ചോദിച്ചു.
"നീ ജയന്തിയോട് പറഞ്ഞ് മാഷിന്റെ തീരുമാനം മാറ്റണം." ജിഷ്ണു പറഞ്ഞു.
"ഞാൻ...ഞാൻ ...എങ്ങിനെയാണ് ജയന്തിയോട് പറയുന്നത്?"രാഹുൽ ചോദിച്ചു.
"നീ പറഞ്ഞില്ലെങ്കിൽ...അശ്വതി എല്ലാം ഉടനെ തന്നെ അറിയും" ജിഷ്ണുവിന്റെ സ്വരത്തിലെ ഭീക്ഷണി രാഹുൽ തിരിച്ചറിഞ്ഞു.
"ഞാൻ...ഞാൻ ഒന്ന്‌ നോക്കട്ടെ.."രാഹുൽ വിക്കി വിക്കി പറഞ്ഞു.
"എനിക്ക് രണ്ടിലൊരു സ്ഥാനം കിട്ടിയേ തീരൂ..."
ജിഷ്ണു ഫോൺ കട്ട് ചെയ്തു.
അന്ന് വൈകുന്നേരം ദേവൻ അശ്വതിയെ ഫോണിൽ വിളിച്ചു.
"മോളെ അച്ചൂ നീ രാഹുലിന്റെ ജീവിതത്തിൽ കയറിതിന്റെ ഐശ്വര്യം കാണുവാൻ തുടങ്ങി" ദേവൻ സന്തോഷത്തോടെ പറഞ്ഞു.
"എന്താണ് ഡാഡി?" അശ്വതിക്ക് ഒന്നും മനസ്സിലായില്ല.
"അപ്പോൾ നീ വൈകുന്നേരത്തെ ന്യൂസ് കണ്ടില്ലെന്നു തോന്നുന്നു..."ദേവൻ പറഞ്ഞു.
"ഡാഡി കാര്യം പറയൂ..."അവൾ ആകാംഷയോടെ പറഞ്ഞു.
"മോളെ...രാഹുലാണ്‌ നമ്മുടെ അടുത്ത എം.എൽ.എ സ്ഥാനത്തു മത്സരിക്കുന്നത്.."
ദേവൻ സന്തോഷത്തോടെ പറഞ്ഞു.
അവൾക്ക് വലിയ സന്തോഷം ഒന്നും തോന്നിയില്ല...എം.എൽ.എ വലിയ പദവിയാണെന്ന് രാഹുൽ പറഞ്ഞിട്ടുണ്ട്..
നല്ല ജോലിയുള്ള രാഹുൽ എന്തിനാണ് ഇനി വേറെ ജോലിക്ക് പോകുന്നത്? അവൾ ആലോചിച്ചു..
രാഹുൽ ഇനിയും ഓഫീസിൽ നിന്നും എത്തിയിട്ടില്ല...കുറച്ചു കഴിഞ്ഞപ്പോൾ മുത്തച്ഛൻ ഓടിവന്ന് അവളെ ആലിംഗനം ചെയ്തു.
"എല്ലാം എന്റെ മോളുടെ ഭാഗ്യം ആണ്"അയാൾ പറഞ്ഞു.
രാഹുൽ ഓഫീസിൽ നിന്നും വരുമ്പോൾ അയാളുടെ കൂടെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ഒരു കൂട്ടം പ്രവർത്തകർ ഉണ്ടായിരുന്നു.
ഒരു മണിക്കൂറിനുള്ളിൽ വീട് ആളുകളെകൊണ്ട് നിറഞ്ഞു കഴിഞ്ഞിരുന്നു.
തിരക്കു കുറഞ്ഞപ്പോൾ രാഹുലിനെ ജിഷ്ണു വിളിച്ചു.
"എടാ...നീ...നീ ..എന്നെ ചതിച്ചു"ജിഷ്ണു കിതക്കുന്നുണ്ടായിരുന്നു.
"ഞാൻ എന്തു ചെയ്‌തെന്നാണ് നീ പറയുന്നത്? എല്ലാം മാഷിന്റെ തീരുമാനങ്ങളല്ലേ?" രാഹുൽ നിഷ്കളങ്കമായി പറഞ്ഞു.
"എനിക്കിനി ഒന്നും നഷ്ടപ്പെടുവാനില്ല...നീ എം.എൽ.എ യും അവൾ ജില്ലാ പ്രസിഡന്റും..സുഖിക്കാമെന്നു കരുതേണ്ട...
നീ സൂക്ഷിച്ചോ..." ജിഷ്ണു ഫോൺ കട്ട് ചെയ്തു.
(തുടരും)
---അനിൽ കോനാട്ട് 
അടുത്ത ഭാഗം - നാളെ ഇന്ത്യൻ സമയം 7.30 pm
എല്ലാ ഭാഗങ്ങളും  ഒരുമിച്ചുവായിക്കാൻ - : - https://goo.gl/wqBx8m
Read published parts here ( daily updated) : - https://goo.gl/wqBx8m

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot