Slider

കശ്മീരിൽ മരിച്ചധീരജവാന്മാർക്ക് ആദരാഞ്ജലി

0

ജവാന്മാരുടെ വണ്ടിക്കിടയിലേക്ക് ഉഗ്രസ്ഫോടന വസ്തുക്കളുമായി ഒരു ചാവേർ കാർ ഇടിച്ചുകയറ്റി പൊലിഞ്ഞുപോയപ്പോൾ നഷ്ടപെട്ടത് ഒന്നും അറിയാതെ ലീവ് കഴിഞ്ഞു തിരിച്ചുപോകുന്ന ഒരുപാട് ജവാന്മാരുടെ വിലപ്പെട്ട ജീവനുകൾ ആയിരുന്നു.
നിങ്ങൾക്കറിയോ? എന്റെ ഭർത്താവ് അടക്കം ഒരു പട്ടാളക്കാരൻ ലീവ് കഴിഞ്ഞു തിരിച്ചുപോകുമ്പോൾ ഒരിക്കലും പോയി വരാം എന്നൊരു വാക്ക് പറയില്ല കാരണം അവർക്കറിയാം അവരുടെ പോക്ക്, അവർക്കുപോലും അവരുടെ ജീവന് ഒരു ഗ്യാരന്റി ഇല്ലാത്ത പോക്കാണെന്ന്.
തിരിച്ചുവണ്ടികയറിക്കഴിഞ്ഞാൽ വീടവർ മറക്കും എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് കാരണം വിളിക്കുമ്പോൾ എപ്പോഴും തിരക്കായിരിക്കും,ഇരുപത്തിനാല് മണിക്കൂറും ജോലി ചെയ്തോളാം എന്ന പ്രതിജ്ഞ എടുത്തിട്ടാണവർ ആർമി എന്ന യൂണിഫോം സ്വീകരിക്കുന്നത് .
അവിടെ വയ്യാത്ത 'അമ്മയെയോ അല്ലെങ്കിൽ ജീവിതകാലം മുഴുവൻ സംരക്ഷിക്കാം എന്ന ഉറപ്പിൽ കൂടെ കൂട്ടിയഭാര്യയേയോ ,അല്ലെകിൽ സ്വന്തം ചോരയിൽ പിറന്നകുഞ്ഞിനോടൊ നീതി പുലർത്താൻ അവർക്കു കഴിയാറില്ല കാരണം ജോലി ആണ് അവർക്ക് ജീവൻ,യൂണിഫോം ആണ് അവർക്ക് ഭാര്യ .
നെഞ്ചിൽ ചേർത്ത തോക്കാണ് അവർക്ക് കുട്ടികൾ .
ചിലപ്പോ ഏട്ടനോട് കളിയാക്കി ചോദിക്കും നിങ്ങൾക്ക് ആരോടും സ്നേഹം ഒന്നും ഇല്ലേ എന്തൊരു സ്വഭാവാ ഇതെന്ന് .തിരിച്ചു ചിരിയോടെ ഒരു വർത്താനം ഉണ്ട് ആദ്യം എന്റെ ജോലി, പിന്നെ ആ ജോലി എനിക്ക് കിട്ടാൻ കാരണം ആയ എന്നെ പ്രസവിച്ച എന്റെ 'അമ്മ അതൊക്കെ കഴിഞ്ഞേ നീയൊക്കെ ഉള്ളു ന്ന് .ഒരു ഭാര്യ എന്ന നിലക്ക് അതിൽ സങ്കടം ഒക്കെ തോന്നാം പക്ഷെ അതാണ് സത്യം അത് മാത്രം ആണ് സത്യം .
പിറന്നാൾ ആയാലും എന്ത് ആഘോഷം ആയാലും വിവരംവച്ചിട്ടില്ലാത്ത മോൻ ചോദിക്കും അച്ഛാ ഒന്ന് വീഡിയോ കാൾ വരോ? കാണാനാന്ന് . യ്യോ കണ്ണാ ഞാൻ യൂണിഫോമിൽ ആണ് വീഡിയോ കാൾ ഒന്നും വരാൻ പാടില്ല ജോലിയെ ബാധിക്കും രാത്രി വിളിക്കാംട്ടോ എന്ന് .അവരുടെ രാത്രി എന്ന് പറയുന്നത് ചിലപ്പോ ഒരുമണി രണ്ടുമണി ഒക്കെ ആകും അപ്പോഴേക്കും മോൻ കിടന്നു ഉറങ്ങിയിട്ടുണ്ടാകും.അവന്റെ വാശിയും കരച്ചിലും കാണുമ്പോൾ ഞാൻ വിളിക്കും അപ്പൊ ദേഷ്യപ്പെടും നീ അവനെ പറഞ്ഞു മനസിലാക്ക് ജോലിക്കിടയിൽ ഫോൺ പോലും ഉപയോഗിക്കാൻ പാടില്ല നിനക്കറിയുന്നേ അല്ലെ "ന്ന് .
അതെ ഞാൻ അറിയണം അല്ലെങ്കിൽ അറിഞ്ഞിരിക്കണം ഞാൻ ആണ് അറിയേണ്ടത് പക്ഷെ ഒന്നും മനസിലാകാത്ത കുട്ടികൾക്കു മുന്നിൽ അമ്മ എന്ത് ചെയ്യാൻ സ്വന്തം കണ്ണ് നിറക്കാം എന്നല്ലാതെ.
പോസ്റ്റിങ്ങ് ലേ ലഡാക് വന്നപ്പോൾ കൂടെ ഉണ്ടായിരുന്ന ഞങ്ങളെ സേഫ് ആക്കാൻ ഒരു പരിചയവും,ഭാഷയും അറിയാത്ത നാട്ടിൽ ഫ്ലാറ്റിൽ ഒറ്റയ്ക്ക്കൊണ്ട് നിർത്തി സെറ്റിൽ ആക്കി .അന്ന് ഞാൻ കരഞ്ഞു ഏട്ടാ എനിക്കിവിടെ ഒരു പരിചയവും ഇല്യ എങ്ങനെ ഒറ്റയ്ക്ക് നിൽക്കും ഞാൻ നാട്ടിൽ പോകാം ന്ന്.
അപ്പൊ പറഞ്ഞ ഒരു വാചകം ണ്ട് ,നീ പട്ടാളക്കാരന്റെ ഭാര്യയാണ് ഒറ്റയ്ക്ക് ജീവിച്ചു പഠിക്കണം,എല്ലാം ശീലാവണം,എന്നും എപ്പോഴും കൂടെ ആരും കാണില്ലെന്ന് ഇവിടെ ആണെങ്കിൽ ആർമി സ്കൂൾ നല്ല പഠിപ്പും കിട്ടും നിനക്ക് ഒരു ജോലിയും കിട്ടും എല്ലാം കൊണ്ടും നിങ്ങൾ സേഫ് ആകുംന്ന്.
ഞങ്ങളെ കൂടെ കൂട്ടാതെ ഞങ്ങളെ മാത്രം സേഫ് ആക്കി ഏട്ടൻ ജോലിക്കു പോയതാ എന്ന് പിനീടാണ് മനസിലായത്.
അതാണ്ഓരോ പട്ടാളക്കാരനും അവന്റ രാജ്യത്തോടൊപ്പം അവന്റെ ഫാമിലിയും ഒരുപക്ഷെ അവർ അറിയാതെ തന്നെ സേഫ് ആക്കിയിരിക്കും ദേ ഈ ഞങ്ങളെ പോലെ.
വീട്ടിൽ നിന്നും വയ്യാത്ത 'അമ്മ വിളിക്കും മോളെ അവൻ വിളിച്ചിരുന്നോ ?
ഇങ്ങോട്ടു വിളിച്ചിട്ടു ദിവസങ്ങൾ ആയെന്ന്,അമ്മ വയ്യാതിരിക്കുന്നതോണ്ട് ഞാൻ പറയും "ദേ ഇപ്പോ വിളിച്ചെള്ളു അമ്മെ ഏട്ടന് കുഴപ്പൊന്നൂല്യാ ന്നു .
പക്ഷെ ഇവിടേക്കും ഒരു വിളി വന്നിട്ട് ദിവസങ്ങൾ ആയിരിക്കും .
അപ്പൊ നാട്ടിൽ നിന്നും അമ്മയുടെ ഒരു കുറ്റപ്പെടുത്തൽ ഉണ്ട് ,ഹാ കല്യാണം കഴിഞ്ഞാൽ എല്ലാവർക്കും ഭാര്യയാ വലുത് അമ്മയൊന്നും വേണ്ടെന്ന് .
അമ്മയ്ക്കറിയില്ലല്ലോ ആ മകന്റെ മനസ്സിൽ എന്നേക്കാൾ സ്ഥാനം ആ അമ്മയ്ക്കാണെന്ന് .
ഇന്നലെ മരിച്ച ഓരോ പട്ടാളക്കാർക്കും കാണും ഇതുപോലെ വീട്ടിൽ പ്രായം ആയ 'അമ്മ എന്നെപോലെ ഉള്ള ഒരു ഭാര്യ ,അച്ഛനെ കാണണം
എന്ന് വാശിപിടിക്കുന്ന മക്കൾ എല്ലാം.
ഒരു നനുത്തചിരിയോടെ ലീവ് കഴിഞ്ഞ് നാടും വീടും,പ്രിയപ്പെട്ടവരേം ഉപേക്ഷിച്ചു ഒരു യാത്ര പോലും പറയാതെ പടിയിറങ്ങിയപ്പോൾ അവർ കരുതികാണുമോ?? ഇനി തിരിച്ചുവരുന്നത് ദേശീയപതാകയിൽ പൊതിഞ്ഞ
ഒരു പെട്ടിയിൽ ആകും എന്ന്.
ചിലപ്പോൾ കരുതി തന്നെയാകും അവർ പോകുന്നത്. ഒരുപാട് സ്നേഹം ഉള്ളിൽ ഒളിപ്പിച്ചു,മനസ്സ് കല്ലാക്കി ആയിരിക്കണം പ്രിയപ്പെട്ടവരേ എന്നെങ്കിലും തനിച്ചാക്കേണ്ടി വരുമോ? എന്ന പേടിയോടെ ആയിരിക്കണം അവരുടെ ഓരോ പടിയിറക്കവും.
അതെ ഇന്നലെ പോയവർക്കും കാണും ഇതുപോലെ ഒരുപാട് മോഹങ്ങളും സ്വപ്നങ്ങളും.അതൊക്കെ ഇവിടെ ഉപേക്ഷിച്ചിട്ട് അവർചിന്നഭിന്നമായിപോയി. പട്ടാളക്കാരുടെ ഏറ്റവും വലിയ അഭിമാനം ആയ അവരുടെ ജോലിയുടെ ഭാഗമായി അങ്ങ് സ്വർഗത്തിലേക്ക്.
ഇവിടെ അവരുടെ പ്രിയപ്പെട്ടവർ ജീവൻ കൊടുത്തത് നാടിനു വേണ്ടി ആണെന്ന് പറയുമ്പോഴും അവരുടെ ഉള്ളിൽ നീറുന്നുണ്ട് ,പിടയുന്നുണ്ട്,പൊള്ളുന്നുണ്ട് പൂർണമായി ഒരു ശരീരത്തോടെ ഇറങ്ങിപ്പോയ മകൻ ,സഹോദരൻ ,ഭർത്താവ് ,അച്ഛൻ ഇനി തിരിച്ചു വരുന്നത് അടുക്കി പെറുക്കി കൂട്ടിവച്ച് തുന്നിച്ചേർത്ത ഒരു ത്രിവർണ പതാകയിൽ പൊതിഞ്ഞു പെട്ടിയിൽ ആണെന്ന്.
ഓരോ സ്ഫോടനവും ഞങ്ങൾക്ക് ഓരോ നടുക്കമാണ്,ഭയമാണ് ,ഫോൺ എടുത്തു വിളിച്ചു കിട്ടുന്നവരെ ശരീരം വിറച്ചോണ്ടിരിക്കും .
അപ്പുറത്തുന്ന് നിന്ന് “ഹെലോ ഇവിടെ കുഴപ്പം ഒന്നുല്യാ വച്ചോ തിരക്കാണ് പറയുന്നത് കേൾക്കുന്ന വരെ.
(ഒരിക്കലും ഇതുപോലെ എഴുതണം കരുതിയതല്ല,ഏട്ടന് ഒരിക്കലും ഇഷ്ടല്യാത്ത കാര്യമാണ് അവരുടെ ജോലിയെ പറ്റി പറയുന്നതും എഴുതുന്നതും ആദ്യായിട്ടാ അവരെ പറ്റി എഴുതുന്നെ വഴക്ക് കിട്ടും ഉറപ്പാ പക്ഷെ എഴുതാതിരിക്കാൻ കഴിഞ്ഞില്ല )
എന്നെ പോലെ ഉള്ള സഹോദരിമാരുടെ അച്ഛനമ്മമാരുടെ,മക്കളുടെ,പ്രിയപെട്ടവരുടെ കണ്ണീരിനൊപ്പം ഒരുപാട് ദുഃഖത്തോടെ ഈ ഞാനും .
ജയശ്രീ ശശികുമാർ .
നല്ലെഴുത്ത് 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo