നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നാരകം പൂക്കുന്ന മജ്റ

Image may contain: 1 person, beard, tree, outdoor, nature and closeup

-----------------------
പറയൂ സുമന്ത് എന്താ വിശേഷം?
ഫോണിലൂടെയുള്ള അയാളുടെ ചോദ്യം കേട്ട് ഞാനമ്പരന്നു.
അത്. താങ്കളല്ലേ എന്നെ ഇങ്ങോട്ട് വിളിച്ചത് ?
നീണ്ടൊരു ചിരിയായിരുന്നു ഉത്തരം.
നീയിപ്പോൾ എന്നെക്കുറിച്ചാലോചിച്ചില്ലേ?
എന്നോട് സംസാരിക്കണമെന്ന് തോന്നുന്നില്ലേ നിനക്ക്‌ ?
എന്റെ സാമിപ്യം ആഗ്രഹിക്കുന്നില്ലേ ? പറയൂ സുമന്ത് !
അയാളോടെന്ത്‌ പറയണമെന്നറിയാതെ ഞാൻ കുഴങ്ങി.
സത്യത്തിൽ അയാളെക്കുറിച്ച് ഇപ്പൊ ആലോചിച്ചു എന്നത് ശരിയാണ്.
അയാൾ വന്നുപോയത് മുതൽ താൻ അസ്വസ്ഥനാണ് എന്നതും.
പക്ഷെ അയാളതറിഞ്ഞതെങ്ങനെ !
നോക്കൂ സുമന്ത്, നീ മാത്രമല്ല ലോകത്തിൽ ഞാനാഗ്രഹിക്കുന്ന ആര് എന്നെക്കുറിച്ചാലോചിച്ചാലും എത്ര ദൂരെയിരുന്നും അതെനിക്കറിയാനാകും.
അതു പറയുമ്പോൾ അയാളുടെ ശബ്ദത്തിന് ഒരു പ്രത്യേക ഗൗരവവും ആജ്ഞാശക്തിയുമുണ്ടായിരുന്നു .
എനിക്കറിയാം നീയെന്റെ സാമിപ്യം ആഗ്രഹിക്കുന്നുവെന്ന്.
കഴിഞ്ഞ രാത്രി നാം കൂടിയ സ്ഥലമില്ലേ.
നിന്റെ മജ്‌റയുടെ ഏറ്റവും പിറകുഭാഗം?
ചെറുനാരകങ്ങൾ വിളഞ്ഞു നിൽക്കുന്ന കുളിരുള്ളയിടം!
ഞാൻ വരാം.
നിലാവുദിച്ച് മഞ്ഞു വീഴാൻ തുടങ്ങുമ്പോൾ,
ചെറുനാരകങ്ങളുടെ ഉണർവ്വുഗന്ധം പരക്കുമ്പോൾ. ഞാനെത്തും എന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ കാണാൻ.
കാത്തിരിക്കുക. ഈത്തപ്പഴമിട്ടു വാറ്റിയ നിന്റെ വിശേഷപ്പെട്ട വീര്യവുമായി.
കനലിൽ വേവിച്ച റൊട്ടിയും കുരുമുളക് ചേർത്ത എരിവുള്ള കോഴിയിറച്ചിയും വേണ്ടുവോളം കരുതുക..
ഒരശരീരി പോലെ തോന്നി അയാളുടെ സംസാരം നീണ്ട ഒരു ചിരിക്കു ശേഷം ഫോൺ കട്ടായി. മനസ്സ് എന്തെന്നില്ലാതെ ആഹ്ളാദിക്കുന്നു.
സത്യത്തിൽ ആരാണിയാൾ. വെറും ഒരു രാത്രിയുടെ പരിചയം മാത്രമുള്ള ഇയാൾക്കെങ്ങിനെ എന്റെ മനസ്സു വായിക്കാൻ കഴിയുന്നു? ഹൃദയമെന്തിന് അയാളെ കാണാൻ വെമ്പൽ കൊള്ളുന്നു !
കഴിഞ്ഞ വെള്ളിയാഴ്ച്ച. കഫീലിന്റെ കൂടെ പട്ടണത്തിൽ ആവശ്യസാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ വഴിയിൽ നിന്ന് ലിഫ്റ്റ് ചോദിച്ചു കയറിയതാണ്.
അതിലൂടെ നേരെ മനസ്സിലേക്കും.
മലയാളിയാണെന്ന് മനസ്സിലാക്കിയ ഉടൻ തന്നെ "മാഫി ഗിർഗിർ" എന്ന് കഫീൽ മുന്നറിയിപ്പ് തന്നതിനാൽ അധികം മിണ്ടിയില്ല.
എന്നാലും പരസ്പരം ഫോൺ നമ്പർ കൈമാറി പേര് ചോദിച്ചപ്പോൾ പറയാതെ ചിരിച്ചൊഴിഞ്ഞു. സ്ഥലമെത്തിയപ്പോൾ നന്ദി പറഞ്ഞിറങ്ങിപ്പോയ ആളെ പിന്നീട് കണ്ടത് ഇന്നലെ രാത്രി മജ്‌റയിൽ വച്ചാണ്.
അയാളെങ്ങിനെ ആ പാതിരാത്രിയിൽ വാഹനമില്ലാതെ മരുഭൂമിക്ക് നടുവിലുള്ള തന്റെ സമീപം എത്തി എന്നുള്ളതും വല്ലാത്തോത്ഭുതമായി അവശേഷിക്കുന്നു.
പതിവ്‌ പോലെ വൈകുന്നേരം ആടുകളെയും കോഴികളെയും കൂടുകളിലാക്കി മേലും തുടച്ച് ഓരോന്നാലോചിച്ചിരിക്കുകയായിരുന്നു കഫീലറിയാതെ മജ്‌റക്കുള്ളിൽ വച്ചു വാറ്റിയ ലഹരിയുമുണ്ടായിരുന്നു കൂട്ടിന്. പെട്ടെന്നാണ് തൊട്ടുപുറകിൽ നിന്ന് ഒരു പൊട്ടിച്ചിരിയോട് കൂടി അയാൾ വന്നത്.
പേടിച്ചു പോയെങ്കിലും അതു പ്രകടിപ്പിക്കാൻ അവസരം തരാതെ അയാൾ സംസാരം തുടങ്ങിയിരുന്നു.
എങ്ങനെ ഇവിടെ എത്തി എന്ന് ചോദിച്ചപ്പോൾ ചിരിയായിരുന്നു ഉത്തരം.
അങ്ങനെ വാറ്റിന്റെ ലഹരിയും പുകവലിയും കഥ പറച്ചിലുമായി ആ രാത്രി കൊഴുത്തു.
കൊടും ചൂടിനിടെ ചെറുതായൊരു മഴച്ചാറ്റൽ..
പ്രകൃതിയും കുളിരണിഞ്ഞിരിക്കുന്നു...
കാലങ്ങളായി വരണ്ടു നിന്ന മനസ്സിലെ മൺപുറ്റുകൾ ആ മഴവെള്ളത്തിൽ കുതിർന്നുടഞ്ഞു.
കുടിയും വലിയും സംസാരവും പുലരും വരെ നീണ്ടു. ഒടുവിൽ എപ്പോഴോ ഉറങ്ങിപ്പോയി.
ഉച്ചയായെന്നു തോന്നുന്നു. ഉണർന്നു നോക്കുമ്പോൾ ഗോതമ്പുമാവുകുഴച്ചു റൊട്ടിയുണ്ടാക്കുകയാണയാൾ.
എവിടാ ജോലി? വഴുതിന കൊണ്ടുണ്ടാക്കിയ സബ്ജിയും കൂട്ടി റൊട്ടി കഴിക്കുമ്പോൾ ചോദിച്ചു.
ജോലി ഇല്ലെങ്കിൽ കഫീലിനോട് ചോദിച്ച് ഇവിടെ എന്തെങ്കിലും തരപ്പെടുത്തട്ടേ?
ഒരു കൂട്ടാവുമല്ലോ എന്നു കരുതിയാണ് ചോദിച്ചത്. വര്ഷങ്ങളായിരിക്കുന്നു ഒരാളോട് മനസ്സു തുറന്ന് മിണ്ടിയും പറഞ്ഞും ഇരുന്നിട്ട്.
അതിനും പൊട്ടിച്ചിരിയാരുന്നു മറുപടി.
എനിക്ക് ജോലിയുണ്ടല്ലോ സുമന്ത്.
എവിടെ?
ഇവിടെയൊക്കെ തന്നെ. ഒക്കെ ഞാൻ പിന്നീട് പറയാം ഇപ്പൊ ഞാൻ പോകട്ടെ.
ഭക്ഷണം കഴിച്ച ഉടനെ തന്നെ അയാളിറങ്ങി. പൊരിവെയിൽ കൂസാതെ നടക്കുന്ന അയാളെ മരുഭൂമിയുടെ അങ്ങേത്തലക്കുള്ള റോഡിലെത്തുംവരെ നോക്കി നിന്നു.
ഇയാൾക്ക് ഭ്രാന്താണോ ! എന്തോ ആയിക്കോട്ടെ എത്രയോ കാലം കൂടി ഒരാളോട് സംസാരിച്ചിരിക്കാൻ പറ്റി അതും മലയാളത്തിൽ.
എത്ര വർഷായിട്ടുണ്ടാകും താനിവിടെ എത്തിയിട്ട് ?
ഓർത്തുനോക്കാൻ ശ്രമിച്ചു നോക്കി. ഇല്ല കഴിയുന്നില്ല ഒന്നും ഓർമയിൽ വരുന്നില്ല മനസ്സു മുഴുവൻ ശൂന്യമാണ്. എങ്ങനെയോ ആ രാത്രി തള്ളി നീക്കി.
വല്ലാത്ത ഏകാന്തത. വർഷമിത്രയായിട്ടും ഇങ്ങനെയൊരു മാനസികവ്യഥ അനുഭവിച്ചിട്ടില്ല
അയാൾ വന്നു പോയതുമുതൽ എന്തോ നഷ്ടബോധം അനുഭവപ്പെടുന്നു.അതിനിടയിലാണ് അയാൾ വീണ്ടും വിളിച്ചത്
കഫീൽ ഇനി അടുത്തയാഴ്ചയേ വരൂ.
ആ ധൈര്യത്തോടെ മണ്ണിനടിയിൽ പുളിക്കാനായി കുഴിച്ചിട്ട കോടയെടുത്ത് അടുപ്പിൽ വച്ചു. അവിടമാകെ നാരകപ്പൂക്കളുടെയും വാറ്റുചാരായതിന്റെയും ഇടകലർന്ന ഒരു മാസ്മരിക ഗന്ധം പരന്നു.
ചാരായം കുപ്പിയിൽ പകർന്ന് കോഴിയിറച്ചിയിൽ കുരുമുളക് പുരട്ടിവെക്കാൻ തുടങ്ങുമ്പോഴേക്കും ദൂരെ നിന്നും ഉച്ചത്തിൽ പാട്ടു കേൾക്കാൻ തുടങ്ങി....
ബഹാരോം ഫുല് ബർസാഓ മേരാ മെഹ്ബൂബ് അയാ ഹൈ.. അതെ അയാൾ തന്നെ..
ഹൃദയം അനുസരണയില്ലാത്ത മിടിക്കുന്നു എന്തെന്നില്ലാത്ത ആനന്ദം..
പറയൂ സുമന്ത് എന്നോട് പറയൂ,
നിന്റെ സന്തോഷങ്ങളും സന്താപങ്ങളും പറയൂ കേൾക്കട്ടെ.
കേറി വന്ന ഉടനെ കുപ്പിയിൽ ഇരുന്ന ചാരായം ഗ്ലാസ്സിലേക്ക് പകർന്നുകൊണ്ട് അയാൾ പറഞ്ഞു..
അപ്പോഴേക്കും നിലാവുദിക്കുകയും നാരകത്തിന്റെ ഉണർവുഗന്ധം അവിടമാകെ പരക്കുകയും ചെയ്തിരുന്നു.
നിനക്കറിയേണ്ടേ മനസ്സറിയുന്ന വിദ്യ ?
ഞാൻ പഠിപ്പിച്ചു തരാം.
കറുവയില മണക്കുന്ന ലഹരി നുകർന്ന് കൊണ്ട് അയാൾ പറഞ്ഞു
കൗതുകമുണ്ടെങ്കിലും അത് പഠിക്കണമെന്നൊന്നും തോന്നിയിട്ടില്ല.
ഞാൻ ആഹ്‌ളാദവാനാണ്.
നിങ്ങളെ കണ്ടതിൽ.
കാലങ്ങൾക്കിപ്പുറം ഒരു മനുഷ്യന്റെ കൂടെയിരുന്ന് ഈ രാത്രി ആസ്വദിക്കുന്നതിൽ..
അതിലുപരി ഒരു മനുഷ്യനാണെന്ന് സ്വയം ഉറപ്പിക്കാൻ കഴിഞ്ഞതിൽ.
ഞാൻ ആഹ്ളാദത്തോടെ പറഞ്ഞു.
സുമന്ത്, നാം കരുതുന്നു ഓരോരുത്തരും അവരവർ മാത്രമാണെന്ന്.
നാരകത്തിന്റെ പച്ചയിലകൾ പറിച്ചു കയ്യിലിട്ട് ഞരടിയ ശേഷം അതിന്റെ ഗന്ധം വലിച്ചെടുത്തു കൊണ്ട് അയാൾ തുടർന്നു.
എന്നാൽ സത്യം അതല്ല.
നാമെല്ലാം ഒരു വലിയ സംവിധാനത്തിന്റെ ഓരോരോ സൂക്ഷ്മഭാഗങ്ങൾ മാത്രമാണ് .
അവരവർക്ക് നിയോഗിക്കപ്പെട്ട ജോലികൾ യാന്ത്രികമായി ചെയ്യുന്ന ചെറുഭാഗങ്ങൾ.
എപ്പോഴാണോ നാം അതിനു യോഗ്യമല്ലാതായി തീരുന്നത് അല്ലെങ്കിൽ നമ്മളെക്കൊണ്ടുള്ള ആവശ്യം അവസാനിക്കുന്നത് അപ്പോൾ തന്നെ നമ്മൾ നീക്കം ചെയ്യപ്പെടുകയോ പകരം സംവിധാനം അവിടെ രൂപപ്പെട്ടിരിക്കുകയോ ചെയ്യും.
പ്രപഞ്ചത്തിലെ സകല സ്പന്ദനങ്ങളും ഒരു പൊതുലക്ഷ്യത്തിനു വേണ്ടി ഏകീകൃതമായാണ് നടക്കുന്നത്.
അത് കൊണ്ട് തന്നെ അതിനുള്ള ആശയവിനിമയമാര്ഗങ്ങളും ഒരു പൊതുരീതിയിലായിരിക്കും. മനനവും മായവുമില്ലാതെ നീ അതിലേക്ക് അലിഞ്ഞു നോക്കുക.
നിനക്കെല്ലാവരുടെയും ഹൃദയങ്ങൾ കാണാം ചിന്തകൾ വായിക്കാം സംസാരിക്കാതെ വിവരങ്ങൾ കൈമാറാം.പക്ഷെ നിരന്തര പ്രയത്നം വേണം അതിന്.
പ്രകൃതി അതിന്റെ ആധാരസ്പന്ദനങ്ങൾക്ക് യാതൊരു ഉലച്ചൽ തട്ടാനും അനുവദിക്കാത്ത വിധം നമ്മെ അകറ്റി നിർത്തിയിരിക്കുന്നു .അത് കൊണ്ടാണ് ഓരോ ജീവജാലങ്ങളിലും അത്തരം ഒരു ചിന്ത ഉയരാത്ത വിധം പലവിധ പ്രാരാഭ്ദങ്ങൾ കൊണ്ട് അവരവരാൽ തന്നെ തളക്കപ്പെട്ടിരിക്കുന്നത്.
വളരെ സാവകാശം അതിനെ പിന്തുടരൂ പതുക്കെ പതുക്കെ ആ ധാരയുമായി താദാത്മ്യപ്പെട്ടുകൊണ്ടേയിരിക്കൂ....
ഒരുനാൾ നിനക്കറിയാനാകും നീ സഞ്ചരിക്കുന്നത് ഒറ്റയ്ക്കല്ല എന്നും എന്റേത് എന്നത് എത്ര മാത്രം അര്ഥശൂന്യമാണ്‌ എന്നതും.
നേരം പുലരാറായിരിക്കുന്നു
അയാൾ നാരകത്തോട്ടത്തിലേക്കിറങ്ങി നടക്കാൻ തുടങ്ങി..
രണ്ടു വലിയ കുപ്പികളിലുണ്ടായിരുന്ന ചാരായവും തീർന്നിരിക്കുന്നു.
ശാന്തത.. എന്തെന്നില്ലാത്ത നിശബ്ദത...
..
പുറത്തു വണ്ടിയുടെ ശബ്ദം. കഫീൽ എന്താണ് ഇത്ര രാവിലെ !
അയാളെ ഇവിടെ കണ്ടാൽ കുഴങ്ങിയത് തന്നെ.
എവിടെ? കാണുന്നില്ലല്ലോ..
വേഗം കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും മൂടി വച്ചു.
ഭാഗ്യം നേരെ ആട്ടിൻ തൊഴുത്തിലേക്കാണ്.. രണ്ടു മുട്ടനാടുകളെയും പിടിച്ചു വണ്ടിയിലിട്ട് കഫീൽ പോയി.
വീട്ടിൽ എന്തെങ്കിലും വിരുന്നോ വിശേഷമോ ഉണ്ടായിരിക്കും.
ഇയാളെ കാണുന്നില്ലല്ലോ പോയോ !
ഇപ്പോൾ മനസ്സിന് പ്രത്യേക സുഖമാണ് യാതൊരു ചിന്തയും അലട്ടാത്ത അവസ്ഥ ..
സ്വയമലിയുന്നതു പോലെ. ഇല്ലാതാകുന്ന പോലെ.
എന്നും രാവിലെ ജോലിയെല്ലാം തീർത്തു നാരകച്ചോട്ടിലിരിക്കാൻ തുടങ്ങി. ചിന്തകളെ അവയുടെ വഴിക്കു വിട്ടുകൊണ്ട്.
അവിടം അയാളുടെ ഗന്ധമാണ് .
നാരകത്തിന്റെ ഉണർവുഗന്ധം !
ഇന്നും അയാളെ കണ്ടില്ല . കാണണമെന്ന അതിയായ ആഗ്രഹം കുറഞ്ഞു വരുന്നു. ഏകാന്തത എന്ന അവസ്ഥ മാറിയിരിക്കുന്നു ഞാനെപ്പോഴും സന്തോഷവാനാണ് . എനിക്കാഗ്രഹങ്ങളില്ല.. ആവശ്യങ്ങളില്ല .. പ്രകൃതിയുടെ സ്പന്ദനങ്ങൾ ഞാൻ കേൾക്കാൻ തുടങ്ങിയിരിക്കുന്നു..
പുറത്തിങ്ങനെ വെറുതെ ഇരിക്കുമ്പോഴാണ് കഫീൽ വന്നത്.
ആട്ടിൻ കൂട്ടിലേക്ക് പോയ അയാൾ അട്ടഹസിച്ചു കൊണ്ടാണ് പുറത്തു വന്നത്.
"നീ മാത്രം തിന്നാൽ മതിയോ കഴുതേ?
അവറ്റകളും നിന്നെപ്പോലെ ജീവികൾ തന്നെയല്ലേ ആടുകൾ രണ്ടെണ്ണം വെള്ളം കിട്ടാതെ ചത്ത് കിടക്കുന്നു . എത്ര ദിവസായി നീ അവയെ പുറത്തിറക്കിയിട്ട്? കോഴികൾ മുഴുവൻ അന്ത്യശ്വാസം വലിക്കുന്നു"..
അതുംപറഞ്ഞയാൾ വിറച്ചു തുള്ളി വെള്ളം നിറച്ച പാത്രവുമായി പോയി. തിരിച്ചു വന്നത് അരയിൽ നിന്നും അഴിച്ച തുകൽ ബെൽറ്റുമായായിരുന്നു.
അത് നിരവധി തവണ പുറത്തു പതിച്ചു മിന്നൽ പിണർ പോലെ.
"ഇതിനാണോ ഞാൻ നിന്നെ ഇത് വരെ തീറ്റിപ്പോറ്റിയത് ബുദ്ധിയില്ലാത്ത കഴുതേ
വേഗം ചെന്ന് അവറ്റയെ കുഴിച്ചുമൂട്". ഉറഞ്ഞു തുള്ളിക്കൊണ്ട് അയാൾ വണ്ടിയുമെടുത്ത് പോയി.
അടികൊണ്ടു പുറം പൊളിഞ്ഞിട്ടും യാതൊരു വേദനയും തോന്നിയില്ല
ബാക്കിയുള്ളവയ്ക്ക് വെള്ളവും ഭക്ഷണവും കൊടുത്തു ചത്തവയെ കുഴിച്ചിട്ടു.
മേലും തുടച്ചു വിശ്രമിക്കുമ്പോഴാണ് അയാളുടെ സാമിപ്യം അറിയാൻ തുടങ്ങിയത്..
ആഹ്ലാദത്തിന്റെ നിമിഷങ്ങൾ ...
തനിക്കും ഹൃദയത്തിന്റെ ഭാഷ മനസ്സിലാകാൻ തുടങ്ങിയിരിക്കുന്നു.
വാറ്റിയതിൽ ബാക്കിയുണ്ടായിരുന്നതുമെടുത്തുവച്ച് കാത്തിരുന്നു..
നിലാവ്... നാരകപ്പൂക്കളുടെ ഗന്ധം ..
അയാൾ വരാറായിരുന്നു അല്ല വന്നിരിക്കുന്നു .
സുമന്ത്.. ഞാൻ പറഞ്ഞത് നീ ഓർക്കുന്നുണ്ടോ?
ഒരു കവിൾ നിറയെ പുകയെടുത്ത് പുറത്തേക്ക് വിട്ടു കൊണ്ട് അയാൾ തുടർന്നു.
പ്രകൃതിയുടെ സ്പന്ദനം അതിലോലമാണ് അതിനു സംഭവിക്കുന്ന ഒരു ചെറിയ ഉലച്ചിൽ പോലും പ്രപഞ്ചപ്രതിഭാസങ്ങളെ മുഴുവൻ ബാധിക്കും അത് കൊണ്ട് തന്നെ അതിലേക്ക് ആരു കടക്കാൻ ശ്രമിച്ചാലും പ്രകൃതി തന്നെ അവരെ വഴി തെറ്റിക്കും അതിനുദാഹരണമാണ് നിന്റെയീ പുറത്തേറ്റ ബെൽറ്റിന്റെ പാട്.
എങ്കിലും നീ വിജയിക്കും എനിക്കുറപ്പുണ്ട് കുപ്പിയിലെ അവസാനതുള്ളിയും നാക്കിലേക്കൊഴിച്ചുകൊണ്ട് പാതിയടഞ്ഞ കണ്ണുമായി അയാൾ പറഞ്ഞു.
തടസ്സങ്ങൾ നീക്കണം നമ്മൾ നീക്കും.
പുലരും മുൻപേ അയാൾ പോയി.
പിറ്റേന്ന് കഫീൽ വരുമ്പോൾ കൂടെയൊരാൾ കൂടിയുണ്ടായിരുന്നു ഒരു സുഡാനി..
ഇനി പണികളിലൊക്കെ ഇവൻ സഹായിക്കും. പുറത്തു വേദനയുണ്ടെങ്കിൽ ഇത് പുരട്ടിക്കൊളൂ ഒരു ഓയിന്മെന്റ് വലിച്ചെറിഞ്ഞ് അയാൾ വണ്ടിയുമെടുത്തു പോയി.
സന്ധ്യയായി
ആകെയൊരു പരവേശം. പുതുതായി വന്ന സുഡാനി നല്ല സ്നേഹമുള്ളവൻ തന്നെ.
പക്ഷെ മനസ്സിന് സ്വീകരിക്കാൻ പറ്റുന്നില്ല.
പുറത്തേക്കിറങ്ങി നാരകച്ചോട്ടിലെത്തിയപ്പോൾ ഉള്ളിൽ നിന്ന് ഹൃദയഭാഷയിൽ അയാൾ പറഞ്ഞു.
ഇനിയെനിക്ക് വരാനാവില്ല സുമന്ത്‌. അവനുള്ളിടത്തോളം നിന്റെ ലഹരിയെനിക്ക് നുകരാനാവില്ല.
ഇതുമൊരു തടസ്സം തന്നെ.
നിത്യതയിലേക്കുള്ള നിന്റെ യാത്രയ്ക്കിടയിൽ വഴി മുടക്കുന്ന പാഴ്ത്തടികൾ .
നാളെ പുലർച്ചെ ഞാൻ വരും
മഞ്ഞിന്റെ കുളിരിൽ സർവം മറന്ന് ഉറങ്ങിക്കിടക്കുമ്പോൾ-
അവൻ പോലുമറിയാതെ ഞാൻ വന്ന് അവനെ നിന്റെ വഴിയിൽ നിന്ന് അടർത്തി മാറ്റും.
ഉറങ്ങാൻ കിടന്നെങ്കിലും ഉറക്കം വന്നില്ല. പുലരാൻ വേണ്ടി കാത്തിരുന്നു.
മഞ്ഞു കണങ്ങൾ നാരകപ്പൂക്കളുടെ ഗന്ധം പതിന്മടങ്ങാക്കി അന്തരീക്ഷത്തിൽ പടർത്തി.
അപ്പോഴേക്കും പിറകിലെ വാതിലിലൂടെ അയാളെത്തികഴിഞ്ഞിരുന്നു.
കയ്യിൽ വലിയൊരു വിറകിൻ കഷണവുമായി സുഡാനി കിടക്കുന്ന ഭാഗത്തേക്ക് പോയി.
പിറകിലൂടെ മെല്ലെ അനുഗമിച്ചു.
അവന്റെ തല നോക്കി അയാൾ ആഞ്ഞടിക്കാനോങ്ങുമ്പോഴേക്കും പുറത്തൊരു വണ്ടിയുടെ ശബ്ദം കേട്ടതിനാൽ അവൻ ഞെട്ടി ഉണർന്നു.
ചെറിയൊരു മൽപ്പിടുത്തം. അയാൾ സുഡാനിയുടെ ഉരുക്കു മുഷ്ടിയിലായിക്കഴിഞ്ഞിരുന്നു.
-------------------------------------------------------------------
റിയാദിലെ പ്രശസ്തമായ ഹോസ്പിറ്റൽ..
പൊതു പ്രവർത്തകനായ നിസ്സാം എടക്കേക്കാട് മലയാളി തന്നെയായ ഡോക്ടർ അലി ഇബ്രാഹിമുമായി അദ്ദേഹത്തിന്റെ മുറിയിൽ ചർച്ചയിലാണ്.
നിസാം ഇതൊരു കോംപ്ലിക്കേറ്റഡ് കേസാണ്. ഡോക്ടർ അലി സംസാരിച്ചു തുടങ്ങി.
ഞാനീ പറഞ്ഞ രോഗിക്ക് ഒന്നും ഓർമയില്ല.നാട്ടിൽ നിന്ന് വന്നിട്ടിപ്പോ പതിനഞ്ചു വർഷത്തോളം ആയിക്കാണും. എന്തോ ക്രൈമിന് മുതിർന്നപ്പോൾ കഫീലും സഹായിയും കൂടിയാണ് ഇവിടെ കൊണ്ടുവന്ന് അഡ്മിറ്റാക്കിയത്.
അസുഖമാണല്ലോ എന്നോർത്തു ദയ തോന്നിയതിനാൽ അയാൾ കേസിനു പോയില്ല. പാസ്പോര്ട് പോലീസിൽ ഏൽപ്പിച്ചിട്ടുണ്ട്.
എങ്ങനെയെങ്കിലും ഇയാളുടെ സ്വന്തക്കാരെ കണ്ടു പിടിച്ചു നാട്ടിലേക്കയച്ചാൽ നന്നായിരുന്നു.
സർ.. അതിപ്പോ അയാൾക്ക് ഒന്നും ഓര്മയില്ലെങ്കിൽ ..
ഏതായാലും നമുക്ക് ശ്രമിച്ചു നോക്കാം..
പിറ്റേ ദിവസം മീഡിയകളിൽ ഇങ്ങനെയൊരു വാർത്തയുണ്ടായിരുന്നു.
സുമന്ത് ചന്ദ്രശേഖരൻ
പാസ്പോര്ട്ട് നമ്പർ xxxx
തൃശൂർ ജില്ല
ഓർമശക്തി നഷ്ടപ്പെട്ട് റിയാദ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇദ്ദേഹത്തെകുറിച്ചോ അവരുടെ ബന്ധുക്കളെക്കുറിച്ചോ അറിയുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
അതിനിടയിൽ, രാത്രി കൊടുക്കാനുള്ള മരുന്നുമായെത്തിയ നഴ്‌സ് ജെസ്സി, വാർഡിൽ പരന്ന നാരകത്തിന്റെ ഗന്ധം എവിടുന്നു വരുന്നു എന്ന് അന്വേഷിക്കുകയായിരുന്നു.
-അവസാനിച്ചു-
വിജു കണ്ണപുരം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot