Showing posts with label ShajuVijayan. Show all posts
Showing posts with label ShajuVijayan. Show all posts

ലാൽ സലാം ഭഗവാനേ.........കഥ (A Story By Shaju Vijayan)

ലാൽ സലാം ഭഗവാനേ.........കഥ (A Story By Shaju Vijayan)
***********************************************************
"സത്യഭാമേ, ഈയിടെയായി മഹാരാജാവിന്റെ മനസ്സിലെ വ്യാകുലത എന്നെയും വ്യാകുലയാക്കുന്നു. അതിന്റെ ഹേതു അദ്ദേഹത്തോട് ഒന്നു ചോദിച്ചു മനസ്സിലാക്കിയാലും."
സത്യഭാമ, "രുഗ്മിണി ജ്യേഷ്ഠത്തിയോട് പറയാത്ത കാര്യങ്ങൾ എന്നോടും അദ്ദേഹം അരുളാറില്ലല്ലോ!!"
രുഗ്മിണി, "അദ്ദേഹത്തിന്റെ പുകള് ഭാരതമാകെ ആര്യൻമാരെന്നോ, ദസ്യുക്കൾ എന്നോ ഭേദമില്ലതെ പരക്കുമ്പോൾ, അദ്ദേഹം വിഷ്ണുവിന്റെ അവതാരം എന്നും, ആദിപരാശക്തിയായ പാർവതീദേവിയുടെ പുനഃർജന്മെമെന്നും ഒക്കെ പാണന്മമാരും, വണിക്കുകളായ ബഞ്ചാരകളും പാടിപ്പുകഴ്ത്തുമ്പോൾ, എന്തേ നമുക്കു മാത്രം ഒരു മനുഷ്യന്റെ എല്ലാ ബലങ്ങൾക്കും ഒപ്പം ബലഹീനതകളും ഉള്ള ഒരു ഭർത്താവായി മാത്രം തോന്നുന്നത്?"
സത്യഭാമ, "അതുമാത്രമല്ല , അദ്ദേഹം സാക്ഷാൽ പരബ്രഹ്മ്മം തന്നെയാണെന്നല്ലേ, വന്ദ്യവയോധികരായ മുനി ശ്രേഷ്ഠൻമ്മാർ പോലും അരുളുന്നത്. പുകൾപെറ്റ യോഗികൾ പോലും അദ്ദേഹത്തിന്റെ പാദങ്ങളിൽ വീണു നമസ്കരിക്കുമ്പോൾ, മോക്ഷം നേടിയ തൃപ്തിയാൽ മടങ്ങുമ്പോൾ, 'കൃഷ്ണ, കൃഷ്ണ' എന്നു നാമം ഉരുവിട്ട് സായൂജ്യം അടയുമ്പോൾ, എൻ മനസ്സിലും അങ്ങനെയുള്ള ശങ്കകൾ ഫണം വിടർത്തിയിട്ടുണ്ട്."
രുഗ്മിണി, "യശോദാമ്മ പോലും പറയുന്നത്, ഉണ്ണിക്കണ്ണൻ മണ്ണുത്തിന്നുമ്പോൾ, അടിക്കാൻ ചെന്നപ്പോൾ അമ്മയെ വായതുറന്ന് ത്രിലോകവും കാട്ടി എന്നാണല്ലോ? ഒരുപക്ഷേ അമ്മയുടെ ഓമനക്കണ്ണൻ മണ്ണുതിന്നുന്നത് കണ്ട്‌, അമ്മക്കു പറ്റിയ നൈമിഷികമായ ബോധക്ഷയവും ആയിക്കൂടെന്നില്ല!!! ഒരുപക്ഷേ അമ്മയുടെ ഓമനയായ ആ കുസൃതിക്കുട്ടൻ കാട്ടിയ മായാജാലവും ആയിക്കൂടെ?"
സത്യഭാമ, "ഗോപാലനേയും ജ്യേഷ്ഠത്തിയേയും ഒരുമിച്ചു കണ്ട ശ്രീരാമ ഭക്തനായ ഹനുമാനും, ത്രേതായുഗത്തിലെ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമനെയും, പത്‌നി സീതാദേവിയേയും ഒരുമിച്ചു കണ്ടതുപോലെയാണ് തോന്നിയത്. ഇപ്പോൾ പ്രജകളും രാജാവിൽ വിഷ്ണുവിനേയും, ജ്യേഷ്ഠത്തിയിൽ വിഷ്ണു പത്നിയായ ലക്ഷ്മീദേവിയെയും ആണ് കാണുന്നത്."
രുഗ്മിണി, "ഗോപാലപത്നി ജാംബവതിഅനുജത്തിയും പറയുന്നത് കേട്ടു, അവളുടെ അച്ഛൻ ശ്രീരാമ ഭക്തനായ ജാംബവാനും, രാജാവും തമ്മിൽ നടന്ന ദ്വന്ദയുദ്ധത്തിൽ, പ്രായക്കൂടുതൽ കൊണ്ട്‌ ചിരഞ്ജീവി എന്നു വിശ്വസിക്കുന്ന, അവളുടെ അച്ഛൻ തോൽക്കേണ്ടി വന്നപ്പോൾ താൻ ശ്രീരാമനോട് തന്നെയാണ് തോൽക്കുന്നതായി തോന്നിയത്രേ!! പക്ഷെ അവൾക്കും, മനുഷ്യന്റെ എല്ലാ ചാപല്യങ്ങളുമുള്ള ഒരു പതി എന്നല്ലാതെ ഒരു ദിവ്യത്വവും, അമാനുഷികതയും അദ്ദേഹത്തിൽ ദർശിക്കാനായിട്ടില്ല. ഒരുപക്ഷേ, നീയും കണ്ണന്റെ പ്രിയപത്നി അകാൻ നിമിത്തമായായത്‌, ആ ഒരു കൃഷ്ണ- ജാംബവ കൂടിക്കാഴ്ചയും, ആ അമൂല്യ വജ്രമായ സ്യമന്തകം മണിയും അല്ലേ? "
സത്യഭാമ, "അതേ ജ്യേഷ്ഠത്തീ, സൂര്യ ഭക്തനായ എന്റെ അച്ഛൻ സത്രജിത്തിന്, സൂര്യ ഭഗവാൻ കൊടുത്തു എന്നു പറയുന്ന ആ അമൂല്യ വജ്രം, ഒരിക്കൽ ശ്രീ കൃഷ്ണൻ, തന്റെ മാതൃപിതാവും, ദേവകി അമ്മയുടേയും, മാതുലനും ദുഷ്ടനും ആയിരുന്ന കംസന്റേയും പിതാവുമായ ഉഗ്രസേനൻ അപ്പൂപ്പനെ ഏൽപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. അച്ഛൻ അതിന്‌ തയ്യാറാകാതെ സ്യമന്തകം, ചിറ്റപ്പൻ പ്രസേനന് നൽകി. അതും ധരിച്ചുവേട്ടയ്ക്കു പോയ ചിറ്റപ്പനെ ഒരു സിംഹം കൊന്ന്‌ ആ അമൂല്യ രത്നം കൈക്കലാക്കി. സിംഹത്തെ കൊന്ന്, ജാംബവതിയുടെ പിതാവ് ജാംബവാനച്ഛൻ അത്‌ സ്വന്തമാക്കി. പ്രസേനൻ ചിറ്റപ്പൻ തിരികെ വരാതായപ്പോൾ ചിറ്റപ്പനെ കൊന്ന്, സ്യമന്തകം കൈക്കലാക്കിയത് ശ്രീ കൃഷ്ണൻ ആണെന്ന് നാട്ടിൽ ആരോ പറഞ്ഞു പരത്തി. തന്റെ നിരപരാധിത്വം തെളിയിക്കാൻ കാട്ടിലേക്കുപോയ രാജാവ് 28 ദിവസം നീണ്ടുനിന്ന ദ്വന്ദയുധത്തിനൊടുവിൽ ജാംബവാൻ അച്ഛനെ തോൽപ്പിച്ച് സ്യമന്തകം വീണ്ടെടുത്തു. യുദ്ധതിനൊടുവിൽ രാജാവിൽ ശ്രീ രാമനെ ദർശിച്ചു എന്ന് പറഞ്ഞ് തൃപ്തനായ ജാംബവാനച്ഛൻ മകൾ ജാംബവതിയെ ഭാര്യയായി കൊടുത്തു. എന്റെ അച്ഛൻ സത്രജിത്തിനെ സ്യമന്തം തിരിച്ചേല്പിച്ചപ്പോൾ സന്തുഷ്ടനായ അച്ഛൻ എന്നെയും കണ്ണന് ഭാര്യയായി കൊടുത്തു."
രുഗ്മിണി, "രാജാവിന്റെ ജനനത്തോടനുബന്ധിച്ചും പല ആദ്‌ഭുതങ്ങളും സംഭവിച്ചതായി പ്രജകൾ പറയുന്നുണ്ടല്ലോ?
ദേവകിയമ്മയുടേയും, വാസുദേവർ അച്ഛന്റെയും കാരാഗൃഹത്തിൽ പിറന്ന ആറുപൈതങ്ങളേയും കംസൻ മാതുലന്റെ കല്പനപ്രകാരം നിഷ്കരുണം വധിച്ചപ്പോൾ, ഏഴാമത് ഗർഭംധരിച്ച ഭ്രൂണം ദേവകിയമ്മയിൽ നിന്നും ചെറിയമ്മ രോഹിണീദേവിയിലേക്കു മാറിയത് കൊണ്ടാണ് ജ്യേഷ്ഠൻ ബലരാമൻ ജീവിച്ചിരിക്കുന്നത് എന്നല്ലേ കേൾവി? അതുപോലെ രാജാവിന്റെ ജനനം നടക്കുമ്പോൾ കാരാഗൃഹത്തിന്റെ വാതിലുകളും, വസുദേവർഅച്ഛന്റെ കൈകാൽവിലങ്ങുകളും തനിയേ തുറക്കുകയും, അഴിയുകയും ചെയ്തത്കൊണ്ടാണ് ഉണ്ണിക്കണ്ണനെ യശോദാമ്മയുടെ അരികിൽ കിടത്തി, യശോദാമ്മയുടെ അരികിൽ നിന്ന്‌ അവർ പ്രസവിച്ച പെൺകുഞ്ഞിനെ ദേവകിയമ്മയുടെ അരികിൽ കൊണ്ടുചെന്ന്‌ കിടത്തുവാൻ കഴിഞ്ഞത് എന്നും കേൾക്കുന്നു. രാജവാകാൻ വേണ്ടി കംസൻമാതുലൻ, രാജാവായിരുന്ന ഉഗ്രസേനനപ്പൂപ്പനെ കരാഗൃഹത്തിൽ അടച്ചെങ്കിലും അപ്പൂപ്പനോട് കൂറും, മനുഷ്യത്വവും ഉള്ള കരാഗൃഹ ഭൃത്യന്മാർ തന്നെ ഇതൊക്കെ ചെയ്തതും ആകാമല്ലോ. ബലരാമ ജ്യേഷ്ഠന്റെ ജനനത്തിനു ഹേതുവായ ചെറിയമ്മയുടേയും അച്ഛന്റെയും കണ്ടുമുട്ടലും അങ്ങനെ ആയിക്കൂടെന്നില്ലല്ലോ?"
സത്യഭാമ, "അപ്പോൾ യശോദാമ്മയ്ക്കും, നന്ദഗോപരച്ഛനും പിറന്ന ആ പെൺകുഞ്ഞ്, കാളീ ദേവിയുടെ രൂപംപൂണ്ട് മുകളിലേക്ക്‌ പറന്നുപോയതായും പറയുന്നുണ്ടല്ലോ?"
രുഗ്മിണി, "കൊല്ലാൻ കൊടുത്തയച്ച കുഞ്ഞിനെ, ആ പൊന്നോമനയുടെ മുഖത്ത് ദേവീരൂപം ദർശിച്ച് രക്ഷപെടുത്തിയ ഒരു മനുഷ്യത്വവുമുള്ള ഭൃത്യൻ പറഞ്ഞ നന്മയ്ക്കുവേണ്ടിയുള്ള നുണയും ആകാമല്ലോ? നാത്തൂനും അർജുനപത്നിയുമായ സുഭദ്ര ആ കുഞ്ഞായിക്കൂടെ, അനുജത്തീ?"
സത്യഭാമ, "ആകാം. അതുപോലെ അദ്ദേഹം, തന്നെ പൂജിക്കുവാൻ ആരോടും പറയുന്നുമില്ല. രസികനായ അദ്ദേഹം കാട്ടുന്ന ചില മായാജാലങ്ങളും, പലരും അദ്ദേഹത്തിൽ പരമാത്മാവിനേ ദർശിക്കുവാനുള്ള ഒരു ഹേതുവാകാം."
രുഗ്മിണി, "അദ്ദേഹം തന്നെ പൂജിക്കുവാൻ ആരോടും പറയുന്നില്ലെന്നുമാത്രമല്ല, ഹോമങ്ങൾക്കും യാഗങ്ങൾക്കും അദ്ദേഹം എതിരുമാണ്. അതുകൊണ്ടല്ലേ, വൃന്ദാവനടുത്തുള്ള ഗോവർദ്ധനഗിരിയുട താഴെയുള്ള കൃഷിക്കാരായ യാദവരോട്, മഴയുടേയും, ഇടിയുടെയും ദേവനായ ഇന്ദ്രനെ പ്രസാദിപ്പിക്കുവാൻ വേണ്ടിയുള്ള ഹോമങ്ങളും യാഗങ്ങളും അല്ല മറിച്ച്, അദ്ധ്വാനം അല്ലെങ്കിൽ സൽക്കർമ്മങ്ങളാണ് ജീവിതവിജയത്തിന്റ് ആധാരശില എന്ന്‌ ഉദ്ഘോഷിച്ചത്. ഹോമങ്ങളും, യാഗങ്ങളും നിർത്തിക്കഴിഞ്ഞുണ്ടായ പേമാരിയേയും, വെള്ളപ്പൊക്കത്തേയും അവർ ഇന്ദ്രകോപം എന്നുകരുത്തിയപ്പോൾ, രാജാവ് നേരിട്ടുചെന്നല്ലേ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്? വള്ളങ്ങളും, പൊങ്ങുതട്ടികളും ഇറക്കി പ്രജകളേയും, കന്നുകാലികളേയും ഗോവർധനഗിരിയുടെ മുകളിൽ കെട്ടിയ സുരക്ഷിത താവളങ്ങളിൽ എത്തിച്ച്‌ അദ്ദേഹം തന്റെ രാജധർമ്മം നിറവേറ്റിയപ്പോഴും, സന്തുഷ്ടരായ പ്രജകൾ അദ്ദേഹത്തിൽ ദൈവീകത ദർശിച്ച് അതിശയോക്തിയായി പറഞ്ഞതായിരിക്കില്ലേ, അദ്ദേഹം ഗോവർദ്ധനഗിരിയെ ഉയർത്തി കുടയാക്കിയെന്ന്? അതുമല്ലെങ്കിൽ മിന്നലിൽനിന്നു രക്ഷനേടാൻ ബുദ്ധിശാലിയായ രാജാവ്‌ അവിടെ ലോഹ നിർമിതമായ ഏതോ സ്തൂപത്തെ ഉയർത്തിയതായിരിക്കില്ലേ പർവതം ഉയത്തിയതായി അവർക്കുതോന്നിയത്? "
സത്യഭാമ, "അതേ ജ്യേഷ്ഠത്തീ, എനിക്കും അങ്ങനെയാണ് തോന്നുന്നത്. അല്ലെങ്കിൽ, പേമാരിയിൽ ഗോവർദ്ധനത്തെ ഉയർത്തി കുടയാക്കിയാലും, താഴ്ന്ന നിലത്തിലേയ്ക്കുവീഴുന്ന ജലത്താൽ ഉണ്ടാകുന്ന പ്രളയത്തിൽ നിൽക്കുന്നതിനെക്കാളും, യുക്തിയുടെ ഭാഷയിൽ ചിന്തിക്കുമ്പോൾ, പർവ്വതത്തിന്റെ മുകളിൽ കെട്ടിയ കുടിലുകളിൽ താമസിക്കുവാനേ, പ്രായോഗിക വാദിയും, ബുദ്ധിമനുമായ രാജാവ് തീരുമാനം എടുക്കുകയുള്ളുവെന്ന് എനിക്കും തോന്നുന്നു."
രുഗ്മിണി, "ആശ്രിത വത്സലനായ, സ്ത്രീകളെ വന്ദിക്കുന്ന, സ്ത്രീകളെ സ്നേഹിക്കുന്ന ഗോപാലൻ, ഒരു കുഞ്ഞായിരിക്കുമ്പോഴും, ഒരു സ്തീയായ പൂതനയെ വധിക്കുമെന്ന് ഞാൻ കരുതുന്നില്ല. അല്ലെങ്കിൽ കൂടി രാക്ഷസിയെങ്കിലും ഒരു സ്‌തീയായ പൂതനക്കും മാതൃത്വത്തിന്റെ ഏറ്റവും വലിയ ചിഹ്നമായ മുലയൂട്ടൽ, വിഷം പുരട്ടി നടത്തുവാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല."
സത്യഭാമ, "അതേ ജ്യേഷ്ഠത്തീ, അങ്ങനെ ഒരു കർമ്മം ചെയ്യാൻ നിയോഗിച്ച പൂതന, ഉണ്ണിക്കണനേക്കണ്ട്, തന്നിലെ മാതൃത്വം ഉണർന്നപ്പോൾ, ആ പാപം ചെയ്യാനാവാതെ കൊണ്ടുവന്ന വിഷം കുടിച്ചാത്മഹത്യ ചെയ്തതാവാം."
രുഗ്മിണി, "നകരാസുര നിഗ്രഹത്തിന് രാജാവവിനൊപ്പം ഗരുഡ രൂപത്തിൽ കെട്ടിയ രഥത്തിൽ നീ കൂടിയല്ലേ പോയത്. നകരാസുരനെ നിഗ്രഹിച്ച്, അയാൾ അടിമകളാക്കിയിരുന്ന പതിനാറായിരത്തിഒരുനൂറ് സ്ത്രീകൾക്ക് സംരക്ഷണം നൽകിയപ്പോൾ, അദ്ദേഹത്തിന്റെ ദൈവികത്വവും, ആദ്‌ഭുതസിദ്ധികളും പാടി പുകഴ്ത്തുന്ന പ്രജകൾ തന്നെയല്ലേ ആ സ്ത്രീകളെ അദ്ദേഹം വിവാഹം ചെയ്തുവെന്ന അപവാദം പറഞ്ഞുപരത്തിയത്?"
സത്യഭാമ, "നമ്മൾ വിചാരിച്ചാൽ അവരുടെ വായ മൂടിക്കെട്ടാൻ കഴിയുകയില്ലല്ലോ ജ്യേഷ്ഠത്തീ !!"
രുഗ്മിണി, "എന്നും കളിച്ചും, ചിരിച്ചും, മായാജാലങ്ങൾ കാട്ടുന്ന കണ്ണനിൽ, പ്രജകളുടെ ഇടയിൽ മന്ദസ്മിതത്തോടെയും, നിസ്സംഗതയോടേയും കാണുന്ന രാജാവ് ഇയിടെയായി, കൊട്ടാരത്തിനകത്തു നമ്മേ കാണിക്കുന്നില്ലെങ്കിലും, ആ മനസ്സിൽ ഏതോ വ്യാകുലത ഞാൻ കാണുന്നു. മഹാഭാരത യുദ്ധത്തിന് ശേഷമാണ് അദ്ദേഹത്തിൽ ഈ വ്യത്യാസം എന്നു തോന്നുന്നു."
സത്യഭാമ, "അതേ ജ്യേഷ്ഠത്തീ, മഹാഭാരത യുദ്ധത്തിൽ ശരീരം വെടിഞ്ഞ നൂറ്റിയറുപത്തിയാറുകോടി ഇരുപതിനായിരം ജീവനുകൾ, അത് ഭൂമീദേവിയുടെ ഭാരം കുറയ്ക്കാൻ, ശ്രീ കൃഷ്ണൻ തന്റെ അവതാരോദ്ദേശ്യം നിറവേറ്റിയതാണ് എന്ന് മുനിമാരും, മഹായോഗികളും അരുളുമ്പോൾ, ആ മരണങ്ങൾ, അതിന്റെ ഓർമകൾ അദ്ദേഹത്തെ വേട്ടയാടുന്നു എന്നാണ് എനിക്കു തോന്നിയത്."
രുഗ്മിണി, "എനിക്കും തോന്നി. ആ യുദ്ധം ഒഴിവാക്കാൻ, യുദ്ധത്തിന്റെ തിക്തഫലങ്ങൾ ആരെക്കാട്ടിലും അറിയാവുന്ന രാജാവ് കഴിവതും ശ്രമിച്ചതല്ലേ. യുദ്ധം അനിവാര്യം അയപ്പോഴും, അദ്ദേഹം പക്ഷം ചേരാതെ പാണ്ഡവർക്കു തന്റെ സാന്നിദ്ധ്യവും, കൗരവർക്ക് തന്റെ സേനയെയും നൽകി, നേതാക്കന്മാർക്കും, നായകന്മാർക്കും ഈ പ്രപഞ്ചം ഉള്ളിടത്തോളം കാലം മാതൃകയാകുകയായിരുന്നു. തന്റെ ആശ്രിതരെ അദ്ദേഹം ഒരിക്കലും കൈവിട്ടിട്ടുമില്ല. ആശ്രിതരുടെ ദുഃഖം എന്നും അദ്ദേഹത്തിന്റെയും ദുഃഖമാണ്. ആ ദുഃഖങ്ങൾ ഉള്ളിൽ ഒതുക്കി സുസ്മേരവദനനായി ഇടപെടുമ്പോഴും ആ മനസ്സിലെ വേദന ആ നെഞ്ചിൽ തലവെച്ച് ഞാൻ അറിയാറുണ്ട്."
സത്യഭാമ, "അദ്ദേഹത്തിന്റെ വേദന അറിയാൻ സഖിയായ രാധക്കേ ഒരു പക്ഷേ കഴിയുകയുള്ളു. രാജ്യഭാരം ഏറ്റെടുത്തിൽ പിന്നെ അവളുടെ അഭാവവും അദ്ദേഹത്തെ വേദനിപ്പിക്കുന്നുണ്ടാവാം. സംഭോഗവേളകളിലെ, അതിന്റെ ആനന്ദമൂർച്ഛയിൽ, ആത്മാവ് കാമ, ക്രോധ, ലോഭ, മോഹങ്ങളിൽ നിന്നകലുന്ന ആ നിമിഷങ്ങളിൽ, അദ്ദേഹത്തിന്റെ ഹൃദ്യമിടിപ്പുകൾ 'രാധേ, രാധേ' എന്നു മന്ത്രിക്കുന്നത് ഞാൻ കേൾക്കാറുണ്ട്. അദ്ദേഹത്തിന്റെ മനസ്സിലെ ആ മന്ത്രങ്ങൾ, കൃഷ്ണഭക്തർ ഏറ്റു വിളിക്കുന്നു. വാമൊഴിയായും, വരമൊഴിയായും ആ മന്ത്രം, അല്ലെങ്കിൽ ആ മനസ്സിന്റെ വിങ്ങലുകൾ, ഒന്നും ആഗ്രഹിക്കാതെയുള്ള യഥാർഥ പ്രണയത്തിന്റെ തേങ്ങലുകൾ, മണ്ണിൽ മനുഷ്യൻ ഉള്ളത്രയും കാലം, തലമുറകൾ കൈമാറി കൃഷ്ണഭക്തന്മാർ ഏറ്റുവിളിക്കും."
ഗോവർദ്ധന പർവ്വതത്തിന്റെ പരിക്രമയുടെ ഇരുപത്തഞ്ചിൽ ഏതാണ്ട് പത്തു കിലോമീറ്റർ നഗ്നപാദനയി താണ്ടിയ ഞാനും ഏറ്റുവിളിച്ചു " രാധേ, രാധേ."
എന്റെ യുക്തിവാദ ചിന്തകളും, കൃഷ്ണഭക്തിയും മുഴച്ചിരിക്കാത്ത രീതിയിൽ യോജിപ്പിക്കുവാൻ ആ രുഗ്മിണീ-സത്യഭാമ സംഭാഷണത്തിലൂടെ ഒരു പരിശ്രമം, പരിക്രമ സമയത്ത് മേയാൻ വിട്ട മനസ്സ് ചെയ്യുകയായിരുന്നു.
മറ്റൊരു ചോദ്യവും എന്റെ ഉള്ളിൽ രൂപപ്പെട്ടു. അതും ആ സ്‌ത്രീരത്നങ്ങളിലൂടെ കണ്ടെത്താൻ ശ്രമിച്ചപ്പോൾ, ആ മലയുടെ മുകളിൽ, ഒരു മരത്തണലിൽ ഓടക്കുഴലുമായി കാലികളെ മേയിക്കുന്ന കണ്ണനെയും, ദൂരെ അവനെത്തിരയുന്ന രാധയേയും മാത്രമേകാണാനുള്ളു.
ഈ ഹനുമാനും, ജാംബവാനും ഒക്കെ ആരെന്ന് ഞാൻ എന്നോടു തന്നെ ചോദിച്ചു.
ഞാൻ, "ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിൽ പറയുന്ന ഹോമോസാപ്പിയൻസ് എന്ന ഇന്നത്തെ മനുഷ്യന്‌ തൊട്ടു മുൻപുള്ള ഹോമോഹാബിൽസ് എന്ന ആദിമ മനുഷ്യൻ പുരാതന ശിലായുഗം വരെ ജീവിച്ചിരുന്നു എന്നു ശാസ്ത്രം പറയുമ്പോൾ, അവയിൽ ചിലവയൊക്കെ അതുകഴിഞ്ഞും, കാടുകളിലും, ഗുഹകളിലും താമസിച്ചിരുന്നു എന്നുവേണം കരുതാൻ. മനുഷ്യനോട് വളരെ സാദൃശ്യമുള്ള ഹോമോഹാബിൽസിന്റെ ശരീരം ഏറെ രോമാവൃതമാകയാൽ അവയെ വാനരന്മാരായും, കരടികളായും ഒക്കെ അന്നത്തെ കഥകൾ, അല്ലെങ്കിൽ കാവ്യങ്ങൾ എഴുതിയ മുനികളോ, എഴുത്തുകരോ ചിത്രീകരിച്ചിരിക്കാം. കാഴ്ച്ചയിൽ പ്രായം കണക്കാക്കാൻ കഴിയാത്തതുകൊണ്ടാവാം ഇവരിലെ പലരേയും ചിരഞ്ജീവികളായി കരുതപ്പെട്ടത്."
പരിക്രമ ഏതാണ്ട് ഏഴുകിലോമീറ്റർ ബാക്കിയുള്ളപ്പോൾ കണ്ട കടയിൽ നിന്നും ഒരു ഉരുള ഭാങ്കും ഒരു ഗ്ലാസ്സ് പാലും കുടിച്ച്, കുറെ സന്യാസിമാരൊത്ത് ബാക്കി പരിക്രമ നടത്തിയപ്പോൾ, ശിലയുഗത്തിലെ ഹോമോഹാബിൽസ് "രാധേ, രാധേ" എന്നുറക്കെ വിളിച്ച് ചുറ്റും നൃത്തം ചെയ്യുകയായിരുന്നു. ശ്രീകൃഷ്ണൻ മുന്നിൽ വന്ന്‌ 'സഖാവേ' എന്നുവിളിച്ചു. ഒരു നിമിഷം അറ്റൻഷനിൽ നിന്ന് "ലാൽ സലാം ഭഗവാനേ" എന്നു പറയാൻ തുടങ്ങുമ്പോഴേക്കും അങ്ങു ദൂരെ രാധക്കൊപ്പം, ഗോവർദ്ധനഗിരിയുടെ മുകളിൽ അദ്ദേഹം എത്തിയിരുന്നു.
A Story by ..........ഷാജു വിജയൻ.

പ്രേതഭൂമിയിൽ ഒരു രാത്രി........കഥ (A Story By Shaju Vijayan)

പ്രേതഭൂമിയിൽ ഒരു രാത്രി........കഥ (A Story By Shaju Vijayan)
****************************************************************
യുക്തിവാദ ചിന്തകൾ എന്റെ ബോധമനസ്സിൽ വേരുറപ്പിച്ച ശൈശവത്തിന്റെ അവസാന കാലവും ആ വേരുകൾ മണ്ണിൽ വളർന്നു പന്തലിച്ച കൗമാരവും. യുവത്വത്തിന്റെ ആദ്യ വർഷങ്ങളിൽ ആ വേരുകൾ അൽപ്പമൊക്കെ വളർന്നെങ്കിലും, അതിന്റെ തായ് വേരിന് ഉപബോധ മനസ്സാകുന്ന പാറയിൽ ഇറങ്ങിവളരുവാൻ കഴിഞ്ഞില്ല. ആ ചിന്താ വൃക്ഷം പിന്നീട് അൽപ്പമാഞ്ഞു വീശിയ കാറ്റിൽ കട പുഴകി വീണെങ്കിലും ഇളകാത്ത ചില വേരുകൾ പിന്നെയും വീണുകിടന്നുവളരുവാൻ സഹായിച്ചു. എന്നാലും തായ് വേരിന്റെ അഭാവം അതിന്റെ വളർച്ചയെ കാര്യമായി ബാധിച്ചു. യുക്തി വാദത്തിൽ മരണത്തെ ശരീരം മണ്ണിലും, ശ്വാസം അന്തരീക്ഷത്തിലും ലയിക്കുന്ന പ്രക്രിയായി മാത്രം കാണുന്നുവെങ്കിൽ ശരീരത്തിന്റെ പുറത്തുള്ള പ്രഭാവലയത്തെ (aura) കാണാത്തതും, മനസ്സ് എന്ന പ്രതിഭാസത്തെ വെറും നാഡികളും മസ്തിഷ്കവും പഞ്ചേന്ദ്രിയങ്ങളും ചേർന്നു നടത്തുന്ന ആശയ വിനിമയങ്ങൾ മാത്രമായി കാണുന്നതും അതിന്റെ (യുക്തിവാദത്തിന്റെ) അജ്ഞതയുണ്ടാക്കുന്ന സ്വയരക്ഷക്കുള്ള പ്രതിരോധമായി മാത്രം എനിക്കു തോന്നി.
അപാരതയുടെ അതിരുകൾ ഇല്ലായ്ക കാണാൻ കഴിയാതെ ശാസ്ത്രം അതിനെ ഒരു സിഗ്മയിൽ ഒതുക്കിയപ്പോൾ, പഞ്ചേന്ദ്രിയങ്ങൾക്കുപരി ഒരു ആറാം ഇന്ദ്രിയത്തെ, അന്തർജ്ഞാനത്തിലുപരിയായോ, വെളിപാടിനുപരിയായോ, ബോധോദയത്തിനുപരിയായോ, മനുഷ്യ ജ്ഞാനത്തിന്, ഇന്നുവരെയുള്ള മസ്തിഷ്ക്ക വളർച്ച വെച്ച് ശരിയായി നിർവചിക്കുവാൻ കഴിയാത്തിടത്തോളം, യുക്തിവാദത്തിലെ മരണത്തിന്റെ നിർവചനം ഭാഗികമായിരിക്കും. ഇതിൽ ശാസ്ത്രത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ശാസ്ത്രം ഇനിയും ഒരുപാട് പരീക്ഷണങ്ങളും, കണ്ടുപിടിത്തങ്ങളും നടത്തേണ്ടിയിരിക്കുന്നു. ചൈനക്കാരുടെ വളർച്ച മുൻക്കൂട്ടിക്കണ്ട പാശ്ചാത്യർ അല്ലെങ്കിൽ മുതലാളിത്വം വളരെപണ്ടുതന്നെ ചൈനക്കാരെ കറുപ്പെന്ന മയക്കുമരുന്നിന് അടിമകൾ ആക്കിയതുപോലെ ഇന്നത്തെ അബാലവൃദ്ധം വരുന്ന ജനതതിയെ വിവര സാങ്കേതികവിദ്യകളും, വാർത്താവിനിമയ സാങ്കേതികവിദ്യകളും ഒരു കറുപ്പുപോലെ മായികാ ലോകത്തേയ്ക്ക് കൊണ്ടുപോകുമ്പോൾ, എത്രയോ യുവ ബൗദ്ധിക മസ്തിഷ്‌കങ്ങളെ മാനുഷികമായ സർഗ്ഗവാസനകളിൽ നിന്നും കലർപ്പില്ലാത്ത ശാസ്ത്ര പഠനത്തിൽ നിന്നും പിന്തിരിക്കുന്നു എന്ന് ഈ ഓൺലൈൻ യുഗത്തെ വാഴ്ത്തി വാഴ്ത്തി പാടുന്ന നമ്മളിൽ ഓരോരുത്തരും ആത്മപരിശോധന നടത്തുവാനും ഒരൽപ്പം സമയം കണ്ടെത്തേണ്ടി ഇരിക്കുന്നു. ശാസ്ത്രത്തിന് എന്നുവരെ മണ്ണിൽനിന്നും, അതിലെ ധാതുലവണങ്ങളിൽ നിന്നും, ജലത്തിൽ നിന്നും, വായുവിൽ നിന്നും ഒരു ജീവയെ വേണ്ട, ഒരു ജീവനുള്ള കോശത്തേയെങ്കിലും ഉണ്ടാകാൻ കഴിയാത്തിടത്തോളം, അല്ലെങ്കിൽ സസ്യങ്ങളിൽ നടക്കുന്ന പ്രകാശസംശ്ളേഷണം എന്ന പ്രക്രിയയിലൂടെ സൂര്യന്റെ ഊർജത്തെ ആഹാരമായി മാറ്റുവാൻ കഴിഞ്ഞില്ലെങ്കിൽ നാം എല്ലാം അറിഞ്ഞു എന്ന അഹങ്കാരം എന്തിനുവേണ്ടി. ശാസ്ത്രം ആ ഒരു നിലയിൽ എത്താത്തിടത്തോളം ആത്മാവിനേയും, പുനർജന്മത്തേയും ഒക്കെ വെറുതെ തള്ളിക്കളയുവാൻ ഒരു യുക്തിവാദത്തിനും അവകാശമില്ല എന്നു ചിന്തിച്ചുകൊണ്ട് ഇരിക്കുമ്പോൾ ആരോ വന്ന്‌ പുറത്തു തട്ടി.
തിരിഞ്ഞു നോക്കി. ആരെയും കാണുന്നില്ല.കോട്ടക്കൊത്തളങ്ങളിലൂടെ അസ്തമയസൂര്യന്റെ രശ്മിയാൽ ചുവപ്പും, മഞ്ഞയും വാരിത്തേച്ച മേഘങ്ങളെ നോക്കിയിരുന്ന് അവ കറുത്തപുതപ്പ് വാരി പുതച്ചതെപ്പോൾ എന്നറിഞ്ഞില്ല. മഴ പെയ്യാൻ തുടങ്ങി. ചുറ്റും ആരെയും കാണുന്നില്ല. എങ്ങനെ കാണാൻ? ഇരുട്ട് മൂടിയിരിക്കുന്നു. ഞാൻ നനഞ്ഞ് ഇട്ടിരുന്ന ഷർട്ടും ജീൻസുമൊക്കെ വെള്ളത്തിൽ കുതിർന്നു. മിന്നലും കാതടപ്പിക്കുന്ന ഇടിയും. അല്പം ദൂരെ പത്താം നൂറ്റാണ്ടിൽ പണികഴിപ്പിച്ച കൊട്ടാരത്തിന്റെ ഭിത്തിയുടെ മിനുത്ത വെൺകല്ലുകളിൽ നിന്നും പ്രതിഫലിക്കുന്ന മിന്നലും, പ്രതിധ്വനിക്കുന്ന ഇടിനാദവും ഏതോ പ്രേതാലയത്തിൽ അകപ്പെട്ട പ്രതീതി ഉളവാക്കി. കഴിഞ്ഞ ആഴ്ചയാണ് ഞാൻ നിന്നിരുന്ന കോട്ടയിലെ ആ ഭാഗത്തുനിന്നും കൊത്തളത്തിന്റെ മുകളിൽ കയറി കുത്തനെയുള്ള താഴ്ചയിലേക്ക് ചാടി രണ്ടു കമിതാക്കൾ ആത്മഹത്യ ചെയ്തത്. ആരോ എന്നെ പിന്നീലേക്ക് വലിക്കുന്നു. മഴയത്ത് കൊട്ടാരത്തിന്റെ അടുത്തേയ്ക്ക് ഓടാൻ ശ്രമിച്ച എന്നെ വയറിൽ രണ്ടു വശങ്ങളിൽ നിന്നും പുറകോട്ട് പിടിക്കുന്ന ഏതോ ഒരു ശക്തി. പണ്ടെന്നോ എറണാകുളത്ത് കലൂരുള്ള ഹോട്ടൽ ഗോകുലത്തിൽ ഫാമിലി ഒപ്പം തങ്ങിയ സമയത്ത് അവിടെ താഴത്തെ നിലയിലുള്ള സ്റ്റാളിൽ നിന്നു പല പ്രാചീന ആഡംബര വസ്തുക്കളും വാങ്ങിയപ്പോൾ ആ കടക്കാരൻ എനിക്കു സമ്മാനിച്ച ആനവാലുകെട്ടിയ ഒരു പേനാക്കത്തി കാറിന്റെ ഉള്ളിൽ സൂക്ഷിക്കാറുണ്ട്. അന്ന് അദ്ദേഹം പറഞ്ഞത്‌ ഓർമ്മ വന്നു. ഒരു വിൽപ്പന തന്ത്രം എന്ന്‌ എനിക്കു തോന്നിയെങ്കിലും അദ്ദേഹം ഇങ്ങനെ പറഞ്ഞു,
"ഇത് വെറുമൊരു കത്തിയല്ല. എനിക്ക് ഒരു സൂഫി പണ്ഡിതൻ തന്നതാണ്. ഇത്‌ ആത്മരക്ഷയ്ക്ക് വേണ്ടിയുള്ള ഒരായുധമായും, അമാനുഷിക ശക്തികളെ അകറ്റി നിർത്താനും ഉപകരിക്കും."
പേടി കിട്ടാതിരിക്കാൻ ആനവാൽ ഉപകരിക്കും എന്നുകേട്ടിട്ടുണ്ട്. പ്രേതങ്ങൾക്കും പിശാചുക്കൾക്കും അതിനെ പേടിയാണെന്നത് ആദ്യമായി കിട്ടിയ അറിവായിരുന്നു. പലപ്പോഴും ഒറ്റക്കുള്ള സഞ്ചാരവേളയിൽ ആ കത്തി പോക്കറ്റിൽ ഇടാറുണ്ട്. അന്നും കാർ പാർക്കുചെയ്തിട്ട് ആ കത്തി ജീൻസിന്റെ പോക്കറ്റിൽ ഇട്ടിരുന്നു.
രണ്ടും കൽപ്പിച്ചുകൊണ്ട് അതു വെളിയിൽ എടുത്ത് പിത്തള ബട്ടൺ അമർത്തി കത്തി നിവർത്തിക്കൊണ്ട് തിരിഞ്ഞ്, പിടിച്ചവനെ കുത്തുവാൻ നോക്കുമ്പോൾ അവിടെ ആരെയും കാണുന്നില്ല. അപ്പോൾ പ്രേതം തന്നെ എന്നുറപ്പിച്ച് വായുവിൽ കത്തിവീശി. അതാ ആ അദൃശ്യപ്രേതം മുന്നിൽ നിന്നു വലിക്കുന്നു.
വീശിയടിക്കുന്ന കാറ്റിൽ നനഞ്ഞ ഉടുപ്പിൽ കയറിയ വായുവാണ് അതെന്നറിഞ്ഞപ്പോൾ ഒരാശ്വാസത്തിനൊപ്പം ഒപ്പം ഇളിഭ്യനായി ചിരിച്ചുകൊണ്ട് കൊട്ടാരത്തിനു നേരെയോടി. കൊട്ടാരത്തിന്റെ വീതിയുള്ള വരാന്തയിൽ മഴനനയാതെ കുറെ കന്നുകാലികളും,രണ്ടു കറുത്ത പട്ടികളും. കൈയ്യിലിരുന്ന കത്തി മടക്കി പോക്കറ്റിൽ വച്ചു.
ഷർട്ടും ജീൻസും ഊരി വെള്ളം പിഴിഞ്ഞു കളഞ്ഞു. പോക്കറ്റിൽ നിന്നും വെള്ളം കയറാത്ത സ്മാർട്ഫോൺ എടുത്ത് നോക്കി. ഒട്ടും വെള്ളം കയറിയിട്ടില്ല. ബാറ്ററി ചാർജ്ജ് പകുതിയായി. ബാക്കിയുള്ള ചാർജ്ജ് തീരാതിരിക്കുവാൻ ഡാറ്റ ഓഫ് ചെയ്തു വെച്ചു. ഞാൻ നിന്നിരുന്ന ഭാഗത്തിന് മുന്നിലായി ചതുരാകൃതിയിലുള്ള ഒരു വലിയ കുളം. ആ കുളം രാജാവിന് റാണിമാരൊത്ത് നീരാടുവാനും പിന്നെ യുദ്ധത്തിന് പോയ രാജാവും സൈന്യവും കൊല്ലപ്പെട്ടാൽ ശത്രു സൈന്യം കോട്ട പിടിച്ചടക്കുന്നതിനു മുൻപായി ആ കുളം വറ്റിച്ച് വലിയ ആഴിയുണ്ടാക്കി, റാണിയുൾപ്പെടെയുള്ള സ്ത്രീകൾക്ക് സതി അനുഷ്ഠിക്കുവാനും ഉപയോഗിച്ചിരുന്നു. മഴ തീർന്നു. ആ കുളത്തിലെ വെള്ളത്തിൽ നിന്നൊരു അഗ്നി ഗോളം പൊങ്ങിവരുന്നു. അതേ, സതി തുടങ്ങാൻ പോകുന്നുവോ? ദൂരെ നിന്നും വെള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീരൂപം നടന്നോ, അല്ലെങ്കിൽ അന്തരീക്ഷത്തിൽ ഒഴുകിയോ ആ കുളത്തെ ലക്ഷ്യമാക്കി നീങ്ങി വരുന്നു. പുറകെ ഒരു സുരക്ഷാഭടനും. ഞാൻ ഒരു കൽത്തൂണിന്റെ പുറകിലേയ്ക്കു മാറി നിന്നു. അടുത്തടുത്തു വരുന്ന ആ സ്ത്രീ രൂപം ഉടുത്ത വെള്ള വസ്ത്രം തലയിലൂടെ ഇട്ടിരിക്കുന്നു. അവൾ ഒരു രജപുത്ര വിധവ ആയിരിക്കാം. സതി അനുഷ്ഠിച്ച ഏതോ സ്ത്രീയുടെ ആത്മാവ്. വെളുത്തവാവിന്റെ അടുത്ത ദിവസം ആകയാൽ ഏതാണ്ട് വൃത്താകൃതിയിൽ ഉള്ള തിങ്കൾ ഉദിച്ചുയരുന്നു. ഞാൻ കുളത്തിലേക്കുനോക്കി. അത് തീഗോളം അല്ലായിരുന്നു, പക്ഷെ ചുവപ്പുകലർന്ന മഞ്ഞ നിറമുള്ള ചന്ദ്രന്റെ പ്രതിബിംബം ആയിരുന്നു.
ഇനിയിപ്പം ആ വരുന്ന സ്ത്രീരൂപവും, സുരക്ഷാഭടനും പ്രേതാത്മാക്കളോ അതോ പരലോകത്തുനിന്നും ഇറങ്ങി വന്ന അപ്‌സരസും, ഗന്ധർവനുമോ? അതിന് ഗന്ധർവന് പടച്ചട്ട എവിടുന്നു കിട്ടി? ഇങ്ങനെ വിചാരിച്ചുകൊണ്ട്‌ നിന്നപ്പോൾ മനസ്സിലായി അവർ ഞാൻ നിൽക്കുന്നിടത്തേയ്ക്കാണ് വരുന്നതെന്ന്. ഞാൻ പതുങ്ങി പതുങ്ങി കൊട്ടാരവാതിലിൽക്കൂടി അകത്തുകയറി. അവിടേക്കണ്ട പടികളിൽ ഇരുട്ടിൽ തപ്പിതടഞ്ഞ് മുകളിലേക്ക്‌ കയറി. കടവാതിലുകൾ ചിറകടിച്ചു പറന്നു. പുരാതന കോട്ടകളിലും, കൊട്ടാരങ്ങളിൽ നിന്നും വരുന്ന ഗന്ധം മൂക്കിൽ ഇരച്ചുകയറി. അത്‌ പ്രേതങ്ങളുടെ ഗന്ധം തന്നെ.
പടികൾ ചവിട്ടി കയറിയ വലിയൊരു മുറി ചന്ദ്രപ്രഭയാൽ തിളങ്ങുന്നു. ഞാൻ ആ മുറിയുടെ ബാൽക്കണിയിൽ കയറി. ഇവിടെയിരുന്നായിരിക്കാം രാജാക്കന്മാർ കുളത്തിൽ നീരാടുന്ന സുന്ദരിമാരുടെ നഗ്നസൗന്ദര്യം കണ്ടാസ്വദിച്ചിരുന്നത്. ഞാൻ കണ്ട ആ സ്ത്രീ പ്രേതവും, പടച്ചട്ട അണിഞ്ഞ പുരുഷ പ്രേതവും ഒരുമിച്ച്‌ ഞാൻ കയറിയ പടികൾ കയറി വരുന്നു. ഞാൻ ഒരു തൂണിന് പുറകിൽ ഒളിച്ചു.
തെളിഞ്ഞ ആകാശം വീണ്ടും കറുത്തിരുണ്ടു. ഏതോ ഒരു കാർമേഘം ചദ്രനെ വിഴുങ്ങി. വീണ്ടും മിന്നലുകൾ. കണ്ണഞ്ചിപ്പിക്കുന്ന മിന്നലും, കാതടപ്പിക്കുന്ന ഇടി നാദവും. ഇപ്പോൾ പ്രേതങ്ങളും ഞാനും തമ്മിൽ ഏതാണ്ട് പത്തടി ദൂരം മാത്രം. പ്രേതങ്ങളെത്തേടിയുള്ള എന്റെ യാത്രയ്ക്ക് ഫലം കിട്ടിയിരിക്കുന്നു. ഞാൻ ഓർത്തതിലും കഠിനമായിരുന്നു ആ പ്രേത സാമീപ്യം. തൊണ്ട വരളുന്നു. ഒരിത്തിരി വെള്ളം കിട്ടിയെങ്കിൽ. മിന്നലിന്റെ പ്രഭയിൽ ആ സ്ത്രീ പ്രേതത്തിന്റെ രണ്ടു കോമ്പല്ലുകൾ തിളങ്ങി. അവളുടെ ചുണ്ടുകളിൽ ചുവന്ന രക്തം . എന്റെ തലകറങ്ങി. താഴെ വീഴാതിരിക്കാൻ ഞാൻ ആ തൂണിൽ ഇടതുകൈ കൊണ്ട്‌ മുറുകെപ്പിടിച്ചു. വലതുകൈകൊണ്ട് പോക്കറ്റിൽ നിന്നും ആനവാലുകെട്ടിയ ആ പേനാക്കത്തി പുറത്തെടുത്തു. അതിന്റെ ഉടമയായിരുന്ന സൂഫി പണ്ഡിതനേയും, കടമറ്റത്ത് കത്തനാരേയും ധ്യാനിച്ചുകൊണ്ട്‌ അറിയാവുന്ന ചില മന്ത്രങ്ങൾ മനസ്സിൽ ഉരുവിട്ടു. ധൈര്യം വീണ്ടെടുത്തു.
ആൺപ്രേതം ആ പെൺപ്രേത്തിന്റെ ചുണ്ടിൽ നിന്നും രക്തം നക്കിക്കുടിക്കുന്നു. രക്തദാഹികളായ, പ്രതികാരം തീർക്കാൻ കാത്തുകഴിയുന്ന ഇനത്തിൽപ്പെടുന്ന പ്രേതങ്ങൾ. ആനവാൽ കെട്ടിയ ആ പേനക്കത്തിയുടെ ബലംകൊണ്ടുമാത്രമാണ് അവയ്ക്ക്‌ എന്നെ ആക്രമിക്കാൻ കഴിയാത്തത് എന്ന സത്യം ഞാൻ അറിഞ്ഞു. ആ കത്തി ഞാൻ മുറുകെപ്പിടിച്ചു. എന്നാലും ആ അവസരം പാഴാക്കികൂടാ. എന്റെ സ്മാർട്ഫോണിലെ ഇൻഫ്രാറെഡ് ക്യാമറയുപയോഗിച്ച് ഞാൻ ആ പ്രേതരംഗങ്ങൾ പകർത്തി. പക്ഷെ പറഞ്ഞുകേട്ടിട്ടുണ്ട് അത്തരം രംഗങ്ങൾ പകർത്തിയാലും പിന്നെ നോക്കുമ്പോൾ വെറും ഇരുട്ടുമാത്രമേ കാണാൻ കഴിയൂ എന്ന്‌. എന്നാലും ഞാൻ അത്‌ പകർത്തി. ഒരുപക്ഷേ പ്രേതങ്ങളേ ആദ്യം ക്യാമറയിൽപ്പെടുത്തിയ വ്യക്തി എന്ന നിലയിൽ ആയിരിക്കും നാളെ ലോകം എന്നെ അറിയാൻ പോകുന്നത്.
ആനന്ദചിത്തനായ ഞാൻ നോക്കി നിൽക്കെ ആ പ്രേതാത്മാക്കൾ വിവസ്ത്രരായി കാമകേളികൾ തുടങ്ങി. ഞാൻ അത് ക്യാമറയിൽ പകർത്തി. അവരുടെ അടവുമനസ്സിലാക്കി ഞാൻ കത്തി മുറുകെ പിടിച്ചു. എന്നെ പ്രലോഭിപ്പിച്ച് കത്തി കളയിച്ച്, എന്റെ ചോരകുടിക്കാൻ അടവു കാട്ടുന്ന രക്തരക്ഷസ്സുകൾ. ഞാൻ ആ പ്രേതങ്ങളെത്തിരിച്ചറിഞ്ഞു. നാട്ടുകാർ പറയാറുള്ള ആ പ്രേതങ്ങൾ തന്നെ. അതേ, ആ രജപുത്രരാജാവിന്റെ ഇളയ റാണി. കാമപൂർത്തിക്കായി തന്റെ അംഗരക്ഷകനൊപ്പം ലൈംഗികവേഴ്ചയിൽ ഏർപ്പെട്ടിരുന്ന ആ റാണിയുടേയും ഭടന്റേയും ശിരച്ഛേദം ചെയ്യുമ്പോൾ രാജാവോർത്തുകാണുമോ ആ കമിതാക്കൾ നൂറ്റാണ്ടുകൾക്കുശേഷവും ഇങ്ങനെ രക്ത രക്ഷസ്സുകളായി കാമോത്സുകരായി തുടരുമെന്ന്. എന്നാലും ആ പ്രേത രംഗങ്ങൾ ക്യാമറയിൽ പകർത്താൻ കഴിഞ്ഞല്ലോ !! നാളെ നോക്കുമ്പോൾ വെറും ഇരുട്ടാകാതിരുന്നാൽ മതിയായിരുന്നു.
മഴ നനഞ്ഞ് തല തണുത്ത എനിക്ക് തുമ്മൽ വന്നു. ഞാൻ തുമ്മാതെ പിടിച്ചു വെച്ചു. എന്നാലും ഒടുവിൽ തുമ്മിയേപറ്റുവെന്ന സ്ഥിതിയിൽ ഉറക്കെത്തുമ്മി. നഗ്നരായ പ്രേതങ്ങൾ ചാടിയെഴുന്നേറ്റു. ഞാൻ കത്തി നിവർത്തി എതിരിടാൻ തയ്യാറെടുക്കുമ്പോൾ, "പ്രേതം, പ്രേതം................." എന്നുവിളിച്ചലച്ചുകൊണ്ട് വസ്ത്രങ്ങൾ ഉപേക്ഷിച്ചോടുന്ന ആൺ പെൺ പ്രേതങ്ങൾ, രക്തരക്ഷസ്സുകൾ.
അടുത്ത ദിവസം ആ ഇൻഫ്രാറെഡ് ചിത്രങ്ങളിൽ തെളിഞ്ഞ പുരാവസ്തു വകുപ്പിന്റെ സുരക്ഷാ ജീവനക്കാരന്റെയും തെരുവ് വേശ്യയുടെയും നഗ്ന ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുമ്പോൾ പ്രേതങ്ങളുടെ ചിത്രം പകർത്താൻ കഴിയാത്ത നിരാശയും, ജാള്യതയും മാത്രമായിരുന്നു എന്റെ മനസ്സിൽ.
...............A story by ഷാജു വിജയൻ.

വംശനാശം......... (By Shaju Vijayan)


വംശനാശം......... (By Shaju Vijayan)
*************************************
അന്ന് ഹോളിയുടെ തലേദിവസം ആയിരുന്നു.
ഹോളി കത്തിക്കുവാൻ വെച്ച നീണ്ട തടിക്കമ്പുകൾ എരിഞ്ഞുതാഴേക്കിരിക്കുന്നു. ആകാശത്ത് പൂർണ്ണചന്ദ്രൻ ഏതാണ്ട് തലയ്ക്ക് മുകളിൽ എത്തി പ്രകാശം ചൊരിയുന്നു. കുടിച്ച വിസ്‌കിയുടെ മത്തിറങ്ങി. ഫ്ലാറ്റിൽ എത്തി മത്തിന്റെ കുറവ് തീർക്കുവാൻ കുപ്പിയിൽ അവശേഷിച്ചതും കുടിച്ചു തീർത്തു.
കടമ്മനിട്ടയുടെ 'കുറത്തി' വളരെ ഉറക്കെവെച്ചുകേട്ട് ' നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് ' എന്നുറക്കെ, ഉറക്കെ പറഞ്ഞുകൊണ്ട് കിടന്നപ്പോൾ സമയം ഏതാണ്ട് രാത്രി ഒരുമണി. കണ്ണിൽ ഉറക്കം കയറിക്കാണും അപ്പോൾ മൊബൈൽ ഫോൺ ശബ്ദിച്ചു. 'ശല്യം ഫാക്ടറിയിൽ നിന്നാകും' എന്നുവിചാരിച്ചുകൊണ്ട് നോക്കുമ്പോൾ മൊബൈൽ സ്ക്രീനിൽ 'നീത ഹരിഹരൻ' എന്ന് കണ്ണട വെയ്ക്കാത്തതുകൊണ്ട് അവ്യക്തമായി തോന്നി. അവൾ ഈ സമയത്ത് എന്തിന് വിളിക്കണം എന്നുവിചാരിച്ചുകൊണ്ട് ഫോൺ എടുത്തു.
എന്റെ ശബ്ദം കേട്ട് നീത, "നീ ശരിക്കും വലിച്ചു കേറ്റിയിട്ടുണ്ടെന്ന് തോന്നുന്നു. ദീപേം പിള്ളാരും ഭോപ്പാലിൽ പോയോ? നീ വരുന്നോ ഒരു സ്ഥലം വരെ പോകാൻ ? "
അവൾ അന്വേഷണാത്മക പത്രപ്രവർത്തനം എന്നു പറഞ്ഞ് മുംബൈയിലേയും ഗുജറാത്തിലെയും ചില അധോലോകനായകന്മാരുടേയും, ചമ്പൽ കാടുകളിലെ ചില കൊള്ളക്കാരുടെയും അഭിമുഖങ്ങൾ എടുക്കാൻ പോയപ്പോൾ ക്യാമറാമാന്റെ വേഷം കെട്ടിച്ച്, കണ്ണും കെട്ടിച്ചുകൊണ്ട് അവരുടെ ഒക്കെ മടയിൽ എന്നെയും കൊണ്ടു പോയിട്ടുണ്ട്. ഇപ്പോൾ അതേ ടി. വി വാർത്താ ചാനലിൽ അസോസിയേറ്റ് ചീഫ് എഡിറ്റർ ആയതിൽ പിന്നെ അങ്ങനെ അവൾ പോകാറില്ല.
നല്ല ഉറക്കം വരുന്നതിനാൽ ഞാൻ "എന്റെ തല നേരെ നിൽക്കുന്നില്ല. നീ നിന്റെ കെട്ടിയവൻ ആ സാമ്പാർപട്ടരെ കൂട്ടി പോ പെണ്ണേ."
നീത, " എനിക്ക് വലിയ അത്യാവശ്യം ഒന്നും ഇല്ല. നീ അല്ലെ അന്ന് പ്രേതത്തെ പിടിക്കാൻ പോകണം എന്നു പറഞ്ഞത്‌."
ഞാൻ " എന്ത്? ഏതെങ്കിലും പാഴ്‌സി ചത്തോ?"
നീത, " പ്രേതത്തിന്റെ കാര്യം കേട്ടപ്പോൾ അവന്റെ ഉറക്കവും, കള്ളിന്റെ കെട്ടും എല്ലാം ഇറങ്ങി."
ഞാൻ, "നിന്ന്‌ കൊഞ്ചാതെ കാര്യം പറ പെണ്ണേ."
നീത, " ഹരിയേട്ടന്റെ ഹോസ്പിറ്റലിന്റെ ഉടമ രോഷൻ ദാരുവാല ഇന്ന് വൈകിട്ട്‌ മരിച്ചു. ശവ സംസ്കാരം നാളെ മൂന്നു മണിക്ക് മലബാർ ഹില്ലിനടുത്തുള്ള ടവർ ഓഫ് സയലൻസിൽ വെച്ചാണ്. അവിടെവെച്ച് ശവശരീരം കഴുകന്മാർക്ക് തിന്നാൻ കൊടുക്കും. അതിനകത്തേയ്ക്ക് ശവവാഹകരെ അല്ലാതെ ആരെയും കടത്തി വിടുകയില്ല. ഒരു ശവവാഹകൻ ഹരിയേട്ടന്റെ ഹോസ്പിറ്റലിലെ ഒരു അറ്റണ്ടറുടെ ചേട്ടൻ ആണ്. ഹരിയേട്ടൻ അവനെ സെറ്റ് ചെയ്തു. നിന്നെയും ഒരു ശവവാഹകന്റെ വേഷം കെട്ടിച്ച് അകത്തു കൊണ്ടുപോകും.ഞാനും വരാം. അവരുടെ യൂണിഫോറം ആയ വെളുത്ത ഷർട്ടും, പാന്റ്സും, തൊപ്പിയും ഏർപ്പാട് ചെയ്തിട്ടുണ്ട്. നീ വരുമോ എന്ന്‌ ഇപ്പോൾ പറ."
ഞാൻ, "ജീവിച്ചിരുപ്പുണ്ടെങ്കിൽ നാളെ ഉച്ചയ്ക്ക് മുൻപ് ഈയുള്ളവൻ മുംബൈയിൽ ലാൻഡ് ചെയ്തിരിക്കും. പിന്നെ ആ സാമ്പാർ പട്ടർക്ക് ശസ്ത്രക്രിയ അല്ലാതെ ഈ പരിപാടി ഒക്കെ അറിയാമോ?"
നീത " ഹരിയേട്ടൻ ഇപ്പൊഴാണ് ഹോസ്പിറ്റലിൽ നിന്ന്‌ വന്നത്. ഷാജുവിന്റെ പേരിൽ കള്ള് കുടിക്കാൻ ലൈസൻസ് കിട്ടുമെന്നോർത്ത് പുള്ളി വലിയ ത്രില്ലിൽ ആണ്. ആരാണ്ട് കൊടുത്ത ഒരു ബ്ലാക്ക്‌ ലേബലിന്റെ കുപ്പി എടുത്ത് തിരിച്ചും പിരിച്ചും വായിൽ വെള്ളം ഊറ്റുന്നുണ്ടായിരുന്നു. കഴിഞ്ഞ തവണത്തേക്കൂട്ട് അങ്ങേരെ കുടിപ്പിച്ച് ഓവർ ആക്കരുത്."
ഞാൻ, "നിനക്ക് കുടിക്കാം. പിന്നെ ഹരികുടിച്ചാൽ എന്തു പ്രശ്നം? എന്നാൽ നാളെക്കാണാം."
ഫ്ലൈറ്റ് പിടിക്കാൻ ഡൽഹിയിൽ എത്തണം. ഗ്വാളിയറിൽ നിന്ന് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രമേ ഫ്ലൈറ്റ് ഉള്ളു.
ഡൽഹി വരെ ട്രെയിനിൽ റിസർവേഷൻ ഇല്ലാതെ പോകുക പ്രയാസം. ഡ്രൈവറെ വിളിച്ചു. ഭാഗ്യത്തിന് അവൻ ഫോൺ എടുത്തു. അവൻ വരാമന്നേറ്റു. ഏതാണ്ട് രണ്ടു മണിയോടെ കാറിൽ ഡൽഹിക്ക് യാത്ര തിരിച്ചു. കാറിൽ ഇരുന്നുതന്നെ രാവിലെ ഒൻപതരയ്ക്കുള്ള മുംബൈ ഫ്ലൈറ്റ് ബുക്ക്‌ ചെയ്തു. പിന്നെ കാറിന്റെ പിൻസീറ്റിൽ ഇരുന്ന്‌ ഉറങ്ങിയതെപ്പോൾ എന്നറിഞ്ഞില്ല.
ആഗ്ര-നോയിഡ എക്സ്പ്രസ് ഹൈവേയിൽ എത്തി ടോൾ പിരിക്കുന്ന ബൂത്ത് വന്നപ്പോൾ ഡ്രൈവർ എന്നെ വിളിച്ചുണർത്തി ഒരുവശത്തെയ്ക്കുള്ളത് എടുത്താൽ മതിയോ അതോ തിരിച്ചു വരുമ്പോൾ ഉള്ളതും എടുക്കണോ എന്നറിയാൻ വേണ്ടി.
പിന്നെ ഉറക്കം വന്നില്ല. പാഴ്സി എന്ന്‌ നാം വിളിക്കുന്ന ഏതാണ്ട് ഹിന്ദുമതത്തോളമോ അതിൽ കൂടുതലോ പഴക്കമുള്ള സൊറോസ്ട്രർ എന്ന പ്രവാചകന്റെ അനുയായികളും പിന്മുറക്കാരുമായ സോറോസ്ട്രിയൻ മത വിഭാഗത്തെക്കുറിച്ചു കൂടുതൽ അറിയാൻ അടുത്ത ദിവസം കഴിയുമെന്നോർത്തപ്പോൾ പല ചിന്തകളാൽ ഉറങ്ങാൻ കഴിഞ്ഞില്ല. വിവേകത്തിന്റെ ദൈവമായ ആഹുറ മസ്ദയിൽ നിന്നും കിട്ടിയ വെളിപാടുകൾ സൊറോസ്ട്രർ തന്റെ അനുയായികൾക്കും പിന്ഗാമികൾക്കും പകർന്നു നൽകി. മുസ്ലിം ആക്രമണം സഹിക്കാൻ പറ്റാതെ പേർഷ്യയിൽ നിന്നും അല്ലെങ്കിൽ ഇന്നത്തെ ഇറാനിൽ നിന്നും ക്രിസ്തുവിന് പിൻപ്‌ ഏഴാം നൂറ്റാണ്ടിൽ ഇന്ത്യയുടെ പടിഞ്ഞാറെ തീരത്തേയ്ക്കു കുടിയേറിയ ഈ പുരാതന മതസ്ഥർ ഇന്ന് എണ്ണത്തിൽ കുറവാണെങ്കിലും ഇന്ത്യയുടെ സാമ്പത്തിക, സംസ്കാരിക, രാഷ്ട്രീയ, ശാസ്ത്ര മണ്ഡലങ്ങളിൽ ചെയ്ത സംഭാവനകൾ ചെറുതല്ല. ആദ്യകാല സ്വാതന്ത്ര്യ സമരസേനനിയായ ദാദാഭായ് നവറോജി, വ്യവസായ പ്രമുഖൻ ടാറ്റാ, ഭാഭാ അറ്റോമിക്
റീസേർച്ച് സെന്ററിന്റെ സ്ഥാപകനും ആദ്യ ഡയറക്ടറും ആയ ഹോമി ജഹാഗീർ ഭാഭാ, ശ്രീമതി ഇന്ദിരാഗാന്ധിയുടെ ഭർത്താവും രാജീവ്ഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും പിതാവുമായ ഫിറോസ് ഖാൻ അല്ലെങ്കിൽ, ഇന്ദിരയുമായുള്ള വിവാഹത്തിന് എതിരുനിന്ന നെഹ്‌റുവിനെ അനുനയിപ്പിക്കുവാൻ ഗാന്ധിജി തന്റെ മകനായി സ്വീകരിച്ച ഫിറോസ് ഗാന്ധി എന്നിവർ ഈ മതത്തിൽ പെട്ടവരായിരുന്നു. ഇതിൽ അവസാനം പറഞ്ഞയാൾ രാഷ്ട്രീയമായ സംഭാവന ചെയ്തുവെന്നതിൽ ഇപ്പോഴത്തെ സാഹചര്യം വെച്ചു നോക്കുമ്പോൾ എനിക്കിത്തിരി സംശയവും അദ്ദേഹത്തിനു ദാനമായി കിട്ടിയ 'ഗാന്ധി' എന്ന പേര്‌ ഇന്ന് ചിലർ അനാവശ്യമായി ഉപയോഗിക്കുകയല്ലേ എന്നും തോന്നി.
സൊറോസ്ട്രിയൻ മത വിഭാഗക്കാർ സൊറോസ്ട്രർ സ്വർഗത്തിൽ നിന്നും കൊണ്ടുവന്നെന്നു വിശ്വസിക്കുന്ന അഗ്നിയെ അവരുടെ ക്ഷേത്രങ്ങളിൽ തെളിയിച്ചു വെയ്ക്കുന്നു. അവരുടെ പുണ്യഗ്രന്ഥമായ അവസ്തെയ്ക്കും അതിൽ വിവരിക്കുന്ന ആചാരങ്ങൾക്കും ഭാഷയ്ക്കും വേദങ്ങളുമായി ഉള്ള ബന്ധം ഇൻഡോ ആര്യന്മാരുടെ ഉറവിടവും ഇറാൻ ആണ് എന്ന വാദത്തിന് ബലമേകുന്നു. അഞ്ച്‌ ഗാഥകളിലായി എഴുതപ്പെട്ടിരിക്കുന്ന 'യസ്ന' എന്ന മന്ത്രങ്ങൾക്ക് സംസ്‌കൃകത്തിലെ യജ്ഞവുമായി ഉള്ള ബന്ധം അവരുടെ ആചാരമായ ഹോമങ്ങൾ പോലുള്ള ചടങ്ങുകളായ 'യസ്ന' നടത്തുമ്പോൾ ചൊല്ലുന്ന മന്ത്രങ്ങൾ ആണെന്നത് ആര്യന്മാരും ഇവരും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. കൂടാതെ അവസ്തെ എന്ന ഗ്രന്ഥം എഴുതിയിരിക്കുന്ന ഭാഷയായ അതേ പേരുള്ള അവസ്‌തെയ്ക്കും സംസ്കൃതത്തിലെ ചില വാക്കുകളും തമ്മിലുള്ള സാമ്യം എന്നെ അത്ഭുതപ്പെടുത്തി. ഏഴ് എന്നത് സൂചിപ്പിക്കുന്ന സംസ്കൃതത്തിലെ 'സപ്‌ത' ആ ഭാഷയിൽ 'സ' ക്കു പകരം 'ഹ' ആയതിനാൽ 'ഹപ്ത' എന്നും 'സിന്ധു' എന്നത് 'ഹിന്ദു' എന്നുമാണ്.
അതു കൂടാതെ ആര്യന്മാർ ഇന്ത്യയിൽ പ്രവേശിക്കാൻ വളരെ കഷ്ടപ്പെട്ടു. ഇന്ത്യയിലെ ആദ്യകാലം മുതൽ തന്നെ തമാസമാക്കിയിരുന്ന ദ്രാവിഡരേയും സിംഹളരേയും തോല്പിക്കുവാൻ അവർ നന്നേ പണിപ്പെട്ടു. അതുകൂടാതെ സിന്ധു നദിയും, അതിന്റെ അഞ്ചു കൈവഴികളായ ബിയാസ്, രവി, സത്ലജ്, ചെനാബ്, ഝലം എന്നീ അഞ്ചുനദികൾ ഒഴുകുന്ന പഞ്ചനദം (പഞ്ചാബ്) കടക്കാൻ അവരെ കൊണ്ട് വലിയ പ്രയത്നം വേണ്ടിവന്നു. കടന്നാൽ തന്നെ മിട്ടാനി, ഹിറ്റൈറ്റ് എന്നീ വർഗ്ഗങ്ങളിൽപ്പെട്ട ആര്യ ജനതയ്ക്ക് അവരെക്കാൾ പരിഷ്കൃതരായ ഇന്ത്യയിലെ മഹൻജദാരോ, ഹാരപ്പൻ സംസ്കാരത്തിൽ കഴിഞ്ഞിരുന്ന ജനവിഭാഗങ്ങളെ കീഴടക്കുക എളുപ്പമായിരുന്നില്ല. വേദങ്ങളിലെ മന്ത്രങ്ങളിൽ ഭൂരി ഭാഗവും ഈ നദികൾ കടക്കാനും ദസ്യുക്കൾ എന്ന് അവർ വിളിക്കുന്ന ഇന്ത്യൻ ജനതയെ കീഴ്പ്പെടുത്തുവാൻ തങ്ങളുടെ ദേവനായ ഇന്ദ്രനോട് അപേക്ഷിക്കുന്നതുമാണ്.
ഈ വേദ രചന ഏതാണ്ട് ക്രിസ്തുവിന് മുൻപ് 2500 ൽ ഈ ആര്യന്മാർ കുഭാനദീതടത്തിൽ (കാബൂൾ) നിന്നും ആരംഭിച്ച് ഏതാണ്ട് ക്രിസ്തുവിന് മുൻപ് 1500 ൽ സിന്ധുനദീതടം കടന്ന്‌ ഇന്ത്യയിൽ പ്രവേശിച്ച കാലം വരെ എഴുതപ്പെട്ടതാണ് എന്ന്‌ കരുതുന്നു. വേദങ്ങളിൽ ഇന്ദ്രൻ, അഗ്നി,വായു, വരുണൻ തുടങ്ങിയുള്ള ദേവന്മാർക്കാണ് പ്രധാന്യം. ഇന്ദ്രനെ സർവ്വശക്തനായ ഒരു ദേവനയാണ് പ്രതിപാദിക്കുന്നത്. എന്നാൽ ഹിന്ദു പുരാണങ്ങളിലെ ദേവന്മാരുടെ പേരുകൾ, വിഷ്ണു ഒഴിച്ച് ആരെയും സൂചിപ്പിക്കുന്നതെ ഇല്ല. വിഷ്ണുവിനെ പോലും അധികം പ്രാധാന്യമില്ലാത്ത ഇന്ദ്രന്റെ ഒരു സുഹൃത്ത് എന്ന രീതിയിൽ ചിലയിടത്ത് മാത്രം സൂചിപ്പിക്കുന്നു. ഹിന്ദുക്കളുടെ പുണ്യ നദിയായ ഗംഗയെ വേദങ്ങളിൽ ഒടുവിലെവിടയോ ഒരിടത്ത് സൂചിപ്പിക്കുന്നു. ഗംഗയുമായി ബന്ധപ്പെട്ട ലിംഗപൂജയോ, ദേവീ പൂജയോ വേദങ്ങളിൽ എങ്ങും പറഞ്ഞു കാണുന്നില്ല. വേദങ്ങളുടെ രചനാകാലങ്ങളിൽ ആര്യൻമാർ ഗംഗാതടത്തിൽ എത്തിയിരുന്നില്ല എന്ന് ചുരുക്കം. പിന്നീട് ആര്യന്മാർ ദസ്യുക്കളെ തോൽപ്പിച്ച്, സിന്ധൂനദീതട സംസ്‌കാരങ്ങൾ തകർത്ത്, ദസ്യുക്കളുമായി ചേർന്ന്‌ ഒരു ഹിന്ദുമത സംസ്കാരത്തിന് തുടക്കമിട്ടതു മുതൽ തുടങ്ങുന്നു പുരാണങ്ങളുടെ ഉത്പത്തി. ഹിന്ദു പുരാണങ്ങളിലെ ദേവന്മാരിൽ ഇന്ദ്രനുൾപ്പെടെയുള്ള വേദങ്ങളിലെ പ്രധാന ദേവന്മാർക്ക് പ്രാധാന്യം വളരെക്കുറഞ്ഞ അഷ്ടദിക്പാലകരുടെ സ്ഥാനങ്ങൾ മാത്രമേ നല്കിയിട്ടുള്ളൂ. ആര്യൻമാർക്ക് ആനയെക്കുറിച്ചുള്ള അറിവ് ഇല്ലായിരുന്നു എന്നുവേണം കരുതാൻ. വേദങ്ങളിൽ ഇന്ദ്രന്റെ വാഹനം ആനയല്ല മറിച്ച് കുതിരയാണ്. പുരാണങ്ങളിൽ ഇന്ദ്രന്റെ വാഹനം വെളുത്ത ആനയായ ഐരാവതം ആണ്.
അങ്ങനെ നോക്കുമ്പോൾ ഇന്നു കാണുന്ന ഹിന്ദുമതം ക്രിസ്തുവിന് മുൻപ് 1500 ലോ പിന്നെയോ രൂപപ്പെട്ടു എന്നുവേണം കരുതാൻ. സൊറോസ്ട്രർ ക്രിസ്തുവിന് മുൻപ് 2500-2000 കാലയളവിൽ ജീവിച്ചിരുന്നതിനാൽ സൊറോസ്ട്രിയൻ മതത്തിന് ഒരുപക്ഷേ ഹിന്ദു മതത്തിനെക്കാളും പഴമ അവകാശപ്പെടാൻ കഴിയുമെന്ന് എനിക്കുതോന്നി. അതുകൊണ്ടു തന്നെ പ്രാചീനവും, വിചിത്രവുമായ പാഴ്സികളുടെ ശവസംസ്കാരം കാണാൻ എനിക്ക് ജിജ്ഞാസ ഏറി.
ചിന്തകളിൽ നോയിഡ കടന്ന്‌ കാർ ഡൽഹിയിൽ പ്രവേശിച്ചത് അറിഞ്ഞില്ല. അപ്പോൾ അതാ വരുന്നു നീതയുടെ ഫോൺ.
നീത, "നീ എവിടെയെത്തി. എപ്പോൾ ലാൻഡ് ചെയ്യും?"
ഞാൻ, "പതിനൊന്നരയ്ക്ക്."
നീത, "ഞാൻ എയർപ്പോർട്ടിൽ എത്താം. ഇഷ്ടം പോലെ സമയമുണ്ട്. പിന്നെ നിന്റെ ഒപ്പം ഒരു ബിയർ കാച്ചി ഒന്നു പൂസാകണം."
ഞാൻ, "മനുഷ്യൻ നന്നാകാനും തരില്ലേ? നീ വാ, പിന്നെ നോക്കാം."
നീതക്കൊപ്പം സന്താക്രൂസിലെ ഒരു പബ്ബിൽ കയറി. ഏതാണ്ട് അഞ്ചു ബിയർ തീർന്നതറിഞ്ഞില്ല. അവളൊത്ത് ഡാൻസ് ഫ്ളോറിൽ ഒരു പെർഫോർമൻസും കഴിഞ്ഞ് ആഹാരവും കഴിച്ച് പുറത്തുവന്നപ്പോൾ മണി ഒന്നര. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഊതി കള്ളിന്റെ മണം വരുന്നില്ല എന്ന്‌ ഉറപ്പുവരുത്തി, പൊട്ടിച്ചിരിച്ചു. അവൾ ആടുന്നുണ്ടെന്ന് ഞാനും അല്ല ഞാൻ ആടുന്നുണ്ടന്ന് അവളും. കൂടാത്തതിന് ഒരു ബ്ലാക്ക്‌ ലേബൽ അവൾ ബാഗിൽ കരുതിയിരുന്നു. പബ്ബിന് വെളിയിൽ ഇറങ്ങിയപ്പോൾ അവൾ ഓർത്തു പാഴ്‌സി ശവവാഹകരുടെ ഡ്രെസ്സിട്ടില്ലെന്ന്. വീണ്ടും പബ്ബിൽ കയറി ഡ്രസ്സ് മാറി. വെളുത്ത ഡ്രെസ്സും വെളുത്ത തൊപ്പിയും വെച്ച് ഞങ്ങളെ കണ്ട, പബ്ബിൽ ഇരുന്നവരും ജീവനക്കാരും ആകാംക്ഷയോടെ നോക്കി. അപ്പോൾ എനിക്ക്‌ തോന്നി ഒന്നുകൂടി ഡാൻസ് ചെയ്യണമെന്ന്. ആൾക്കാർ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു.ഒന്നുകൂടി ഡാൻസ് ചെയ്തിറങ്ങി. അവൾ ഡ്രൈവറെ കുടെക്കൂട്ടിയത് നല്ലതായി.
അയാൾ നേരെ മലബാർ ഹില്ലിന്റെ പിറകിൽ ഉള്ള പാഴ്‌സികളുടെ ശ്മശാനത്തിലേക്കു കാറോടിച്ചു. അവൾ ഹരിഹരൻ പറഞ്ഞേൽപ്പിച്ച ശവവാഹകന് ഫോൺ ചെയ്തു. മൃതദേഹം എത്തിയിരുന്നില്ല. അയാൾ ടവർ ഓഫ്‌ സയലെൻസിന്റെ പുറത്തേ വാതിൽ തുറന്ന്‌ ഞങ്ങളെ അകത്തു കയറ്റി. മരങ്ങളും ചെടികളും വളർന്നു നിൽക്കുന്നു അതിനു നടുവിലായി വൃത്താകൃതിയിൽ ഉള്ള പ്രധാന ഭാഗം. അത് പുരുഷ ശവസംസ്കാരത്തിനുള്ളതാണ്. അതുപോലെ വേറെ രണ്ടെണ്ണം സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി. ശവം കൊണ്ടുവന്ന്‌ കൈമാറിയ ശേഷം ഞങ്ങളെ അതിനകത്തുകയറ്റാം എന്നു പറഞ്ഞ് അയാൾ ഞങ്ങളെ പുറകിൽ ഉള്ള ഒരു കല്ലുകൊണ്ടുണ്ടാക്കിയ ബെഞ്ചിൽ ഇരുത്തി പുറത്തെ വാതിൽ ഉള്ള വശത്തേയ്ക്ക് പോയി.
നടുക്ക് വൃത്താകൃതിയിൽ ഉള്ള ടവർ ഒഫ് സയലൻസിന്റെ ജയിൽ ഭിത്തി പോലുള്ള പുറം ഭിത്തിയുടെ മുകളിൽ ഏതാണ്ട് ഇരുപതോളം കഴുകന്മാർ വടക്കേഇന്ത്യൻ ഗ്രാമങ്ങളിൽ കൊടും തണുപ്പ് കാലത്തും
രാവിലെ പറമ്പുകളിൽ പ്രാഥമികാവശ്യങ്ങൾക്കായി കമ്പിളിയും പുതച്ച് കൂനിക്കൂടി നിരനിരയായി ഇരിക്കുന്ന ആൾക്കാരെപ്പോലെ ഇരിക്കുന്നു. വേറെ പത്തിരുപതെണ്ണം സ്ത്രീകളുടേയും കുട്ടികളുടേയും ടവറിന്റെ ഭിത്തിയിൽ.
അവയുടെ അമ്ലം കലർന്ന കാഷ്ഠം വീണ മരച്ചില്ലകൾ ഉണങ്ങി നിൽക്കുന്നു. ചീഞ്ഞ മനുഷ്യമാംസത്തിന്റെ ഗന്ധം മൂക്കിൽ തുളച്ചുകയറുന്നു. നീത ബിയറിന്റെ മത്തിൽ വീണടം വിഷ്ണുലോകം എന്നപോലെ സ്റ്റോൺബെഞ്ചിൽ തലചായ്ച്ച് കൂർക്കം വലിക്കുന്നു.
ഞാൻ അവളെ തട്ടി വിളിച്ചുണർത്തി.
ഞാൻ, "നീ ഇങ്ങനെ ശവം പോലെ കിടന്നാൽ കഴുകന്മാർ വന്ന്‌ കൊത്തിപ്പറിക്കും."
നീത, "ഒന്നുറങ്ങാൻ സമ്മതിക്കെടാ. കൊത്തിപ്പറിക്കാതെ നീ നോക്കിയിരുന്നോ. വേണമെങ്കിൽ എന്റെ ബാഗിൽ നിന്ന്‌ ബ്ലാക്‌ലേബൽ എടുത്തു കുടിയ്ക്ക്‌."
അപ്പോഴേക്കും അയാൾ തിരിച്ചെത്തി. അയാൾ, "നിങ്ങൾ ഞാൻ പറയുന്നിടത്തേ ഇരിക്കാവു, ക്യാമറയുടെ പുറകിൽ. ക്യാമറയിൽ വന്നാൽ എന്റെ പണിപോകും."
അയാൾ പറയുന്നത്‌ കേട്ട് ഞങ്ങൾ കൂടെ നടന്നു. വാതിലിൽ എത്തിയപ്പോൾ അയാൾ നിൽക്കാൻ പറഞ്ഞ് വശങ്ങളിലൂടെ നടന്ന് അവിടെയുള്ള ക്യാമറയുടെ മുകളിൽ ഒരു തുണി ഇട്ടുകൊണ്ട് ഞങ്ങളോട് അകത്തു പോകാൻ പറഞ്ഞു. അകത്തു കടന്നതും അയാൾ തുണിമാറ്റി അകത്തുവന്നു. അയാളുടെ സഹായിയായ ശവവാഹകൻ മൃതദേഹത്തിനടുത്ത് നിന്ന്‌ ഞങ്ങൾക്ക് നമസ്കാരം പറഞ്ഞു. ആ ജയിൽ ഭിത്തിപോലെയുള്ള, ഭിത്തിയുടെ അകത്തായി വൃത്താകാരത്തിൽ ഉള്ള വലിയ വീതിയുള്ള ഒരു തിട്ട. അവിടെയാണ് ശവശരീരം വച്ചിരിക്കുന്നത്. ആ തിട്ടകഴിഞ്ഞാൽ വലിയൊരു കിണർ. അതിൽ കുറെയധികം അസ്ഥികൂടങ്ങൾ. കൂനിക്കൂടിയിരുന്ന കഴുകന്മാർ എല്ലാം ഒന്ന്‌ ഉഷാറായി. മറ്റു ടവറുകളിൽ ഇരുന്നവയും എത്തിച്ചേർന്നു.
ശവവാഹകർ ട്രോളിയിൽനിന്നും ശരീരം താഴെകിടത്തി. ശവശരീരത്തിലെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി. അവർ ഇരുവരും ഞങ്ങളുടെ അടുത്തേയ്ക്കുവന്നു. അവർ കൈ കൊട്ടിയതും കഴുകന്മാരും കാക്കകളും ശവശരീരത്തെ ഈച്ചപോലെ പൊതിഞ്ഞു. ഏതാണ്ട് നാൽപതു മിനിറ്റിൽ അസ്ഥികൂടം മാത്രം അവസാനിച്ചു. അവശേഷിച്ച അസ്ഥികൂടം ചില കരണ്ടികൾകൊണ്ട് ശവവാഹകർ നടുവിലെ ചാർക്കോളും ചുണ്ണാമ്പും മെഴുകിയ കിണറിലേക്ക്‌ തള്ളിയിട്ടു.
വാചാലയായിരുന്ന നീത നിശ്ശബ്ദയായി. മൗനം മുറിക്കാൻ വേണ്ടി ഞാൻ പറഞ്ഞു "ഇനി ഞാൻ തിരിച്ചു പോകുകയാണ്. ഹരിയെ അടുത്ത തവണ കാണാം. 10 മണിക്കെ ഫ്ലൈറ്റ് പിടിക്കാം. കുറച്ചു സമയം സാന്താക്രൂസ് ബീച്ചിൽ ഇരുന്ന് അസ്തമയം കാണാം. കാറിൽ കയറിയതും അവൾ രണ്ടു ഗ്ലാസിലായി ബ്ലാക്ക്‌ലേബലും സോഡയും ഐസും ഇടുമ്പോൾ ഞാൻ ചോദിച്ചു, "നീ ഇതും തുടങ്ങിയോ?"
നീത, "പിന്നെ നിന്റെ വട്ടത്തരത്തിനൊക്കെ കൂട്ടുനിൽക്കണമെങ്കിൽ ഇതില്ലാതെ പറ്റുമോ?"
കാറിൽ വിസ്കി കുടിച്ചുകൊണ്ടിരുന്നപ്പോൾ അവൾ ചോദിച്ചു, ഈ പാഴ്‌സികൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന്. കാരണം ഞാൻ അവൾക്കു പറഞ്ഞുകൊടുത്തു. ഭൂമിയും, അഗ്നിയും, വെള്ളവും അവർ പരിപാവനമായി കാണുന്നു. മാലിന്യമായി അവർ കാണുന്ന ശവശരീരം ദഹിപ്പിക്കുകയോ, കുഴിച്ചിടുകയോ ചെയ്‌താൽ അഗ്നിയും, ഭൂമിയും, ജലവും മലിനമാകുമെന്ന് അവർ വിശ്വസിക്കുന്നു. പക്ഷെ എത്രനാൾ ഇങ്ങനെ ചെയ്യാൻ കഴിയും എന്നറിയില്ല. കഴുകന്മാർ വംശനാശ ഭീഷണി നേരിടുകയാണ്. പ്രധാന കാരണം കന്നുകാലികൾക്കു കുത്തിവയ്ക്കുന്ന ചില മരുന്നുകൾ, അവയുടെ ശവശരീരം തിന്നുന്ന കഴുകന്മാരിൽ എത്തുകയും, അവ വൃക്കരോഗം പിടിച്ച് ചാകുകയും ചെയ്യുന്നു. ചില മരുന്നുകൾ സർക്കാർ നിരോധിച്ചു.
സന്താക്രൂസ് ബീച്ചിലൂടെ നീതയുമൊത്ത് നടക്കുമ്പോൾ എന്റെ മനസ്സിലെ ചിന്ത വംശനാശം വരുന്ന കഴുകന്മാരും അതേപോലെ തന്നെ വംശനാശം വന്നേക്കാവുന്ന സൊറോസ്ട്രിയരുടെ ജനസംഖ്യ ലോകത്തിൽ ഏതാണ്ട് രണ്ടുലക്ഷത്തിൽ കൂടുതൽ ഇല്ലെന്നതും ഇന്ത്യയിൽ അവരുടെ ജനസംഖ്യ ഏതാണ്ട് എഴുപതിനായിരത്തിൽ കൂടുതൽ ഇല്ലെന്നതുമായിരുന്നു. മറ്റു മതങ്ങളെപ്പോലെ മതപരിവർത്തനം നടത്താതെ നല്ലകാര്യങ്ങളിൽ ശ്രദ്ധപതിപ്പിച്ചതാവാം ഈ പുരാതന മതസ്ഥർ ചെയ്ത തെറ്റ്.
എയർപോർട്ടിലേക്കു പോകുമ്പോൾ അടുത്ത പെഗ്‌ ഉണ്ടാക്കികൊണ്ട് നീത,
"അടുത്ത വട്ടത്തരത്തിനു പോകുമ്പോൾ വിളിക്കാൻ മറക്കരുത്."
എന്നെ യാത്രയാക്കുമ്പോൾ ഞങ്ങൾ പരസ്പരം ഊതി കള്ളിന്റെ മണം അടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി പൊട്ടിച്ചിരിച്ചു.
A story by ..........................ഷാജു വിജയൻ.

ശനിദേവൻ............കഥ ( A Story by Shaju Vijayan)


Image may contain: 1 person, smiling, selfie and closeup

ഹോമകുണ്ഡത്തിൽ നിന്നുയരുന്ന പുകയാൽ കണ്ണുകൾ നീറുന്നു. അകത്തെ അതിരുകളില്ലാത്ത ആനന്ദത്തിന്റേയും പുകയുടേയും കാരണം അശ്രുക്കൾ ധാര ധാരയായി ഒഴുകി. ഒപ്പം ഏറ്റുപറയുന്ന ഓംകാരനാദവും, മന്ത്രങ്ങളും ബോധമനസ്സിൽ നിന്നും തന്റെ മുഴുവൻ നിയന്ത്രണങ്ങളും സമ്മോഹനത്തിന്റെ പടികൾ കയറി ഉപബോധമനസ്സിലേക്കു മാറുന്നു. ഗുരുസ്ഥാനത്തിരിക്കുന്ന പെരിയപ്പയുടെ കയ്യിൽ മൂന്നിഴകളുള്ള കുശപ്പുല്ലിനാൽ നിർമിതമായ നൂൽ അദ്ദേഹത്തിന്റെ നാലുവിരലുകളുടെ വീതിയുടെ തൊണ്ണൂറ്റിയാറു തവണ നീളം പ്രാപിച്ചു. മന്ത്രങ്ങളും ജപങ്ങളും തുടരവേ ആ നൂലിനെ മൂന്നായി മടക്കി പവിത്രക്കെട്ടുകെട്ടി എന്റെ ഉപനയനം നടത്തുമ്പോൾ വയസ്സ് അഞ്ചുമാത്രം. ഒപ്പം പെരിയപ്പപറഞ്ഞതൊക്കെ അന്ന് മുഴുവൻ മനസ്സിലായില്ല,
പെരിയപ്പ,
" ജന്മം കൊണ്ടും ഇനി കർമ്മം കൊണ്ടും ദ്വിജനായ നിന്റെ രണ്ടാം ജന്മം തുടങ്ങി. നിന്റെ പൂണൂലിലെ ഈ കെട്ട് നിർഗുണവും, അസീമവുമായ പരബ്രഹ്മത്തെ സൂചിപ്പിക്കുന്നു. അതിന്റെ അനന്തമായ സത്യവും, ചിത്തവും, ആനന്ദവും കുട്ടീ നിന്നേ കടാക്ഷിക്കട്ടേ!!!നിന്റെ പൂണൂലിലെ മൂന്ന് മടക്കുകൾ ചിന്തയുടെ ദേവിയായ ഗായത്രി ദേവിയേയും, വാക്കിന്റെ ദേവിയായ സരസ്വതീ ദേവിയേയും, പ്രവൃത്തിയുടെ ദേവിയായ സാവിത്രി ദേവിയേയും സൂചിപ്പിക്കുന്നു. ഈ രണ്ടാം ജന്മത്തിൽ നീ നിന്റെ ചിന്തകളിലും, വാക്കുകളിലും, പ്രവൃത്തികളിലും ശുദ്ധി നിലനിർത്തുക. ഈ പൂണൂലിലെ ഒൻപതിഴകൾ പ്രണവത്തേയും, അഗ്നിയേയും, നാഗത്തെയും, സോമത്തേയും, പിതൃക്കളേയും, പ്രജാപതികളേയും, വസുക്കളേയും, യമനേയും ,ദേവതകളേയും പ്രതിനിധാനം ചെയ്യുന്നു. അവ എന്നും നിന്റെ രക്ഷക്കുണ്ടാകും."
പെരിയപ്പകൂടിയായ എഴുത്തച്ഛനും, മന്ത്രങ്ങൾ ചൊല്ലിയ ബ്രാഹ്മണർക്കും ദക്ഷിണയും വസ്ത്രങ്ങളും നൽകി ബാക്കി ചടങ്ങുകൾക്കും ശേഷം ആളൊഴിഞ്ഞു. അമ്മാവന്മാരും അമ്മായിമാരും, ചിറ്റപ്പന്മാരും, ചിറ്റമ്മമാരും അവരുടെയൊക്കെ മക്കളും, വേറെ ചില അടുത്ത ബന്ധുക്കളും മാത്രം അവശേഷിച്ചു. പൂരം ഒഴിഞ്ഞ പറമ്പുപോലെ വീടും അഗ്രഹാരവും നിലകൊണ്ടു.
പെരിയപ്പ അപ്പയോടായി " ചിങ്ങരാശിയിൽ പൂരനക്ഷത്രത്തിൽ പിറന്ന ഇവൻ പ്രപഞ്ചത്തിന്റെ അധിപതിയായ സൂര്യ ദേവന് സമാനനാണ്. ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം ഇവന് വേദപഠനവും നൽകുക. ഇപ്പോൾ ഇവനെ അമേരിക്കയിലേക്ക് കൊണ്ടുപോകേണ്ട. ഇവിടെ ഏതെങ്കിലും നല്ല സ്‌കൂളിൽ ചേർക്കുക. ഋഗ്വേദവും, യജുർവേദവും, സാമവേദവും ഞാൻ തന്നെ പഠിപ്പിക്കാം. ജ്യോതിശാസ്ത്ര പഠനത്തിനായി ആരെയെങ്കിലും ഏർപ്പാട് ചെയ്യാം. അഥർവവേദം ഇപ്പോൾ പഠിക്കേണ്ട. പിന്നെ എപ്പോഴെങ്കിലും വേണമെന്ന് തോന്നിയാൽ കുട്ടി തന്നെ ഗുരുവിനെ കണ്ടെത്തി പഠിക്കട്ടെ."
പെരിയപ്പയുടെ വാക്കുകളെ എതിർക്കാൻ അപ്പായിക്ക് കഴിയുമായിരുന്നില്ല. രണ്ടു വയസ്സുള്ള അനിയത്തിയേയും കൂട്ടി അപ്പായും അമ്മാവും ടെക്സാസിലേക്ക് പോകുമ്പോൾ എനിക്ക് വിഷമം തോന്നി. എന്നാൽ ആ വിഷമം അധികം നീണ്ടുനിന്നില്ല.
പിന്നീട് രാവിലെ നാലുമണിക്കെഴുനേറ്റ് കുളത്തിലെ കുളിയും വേദപഠനവും സ്കൂളിൽ പോക്കും ഒക്കെ ദിനചര്യയുടെ ഭാഗമായി. ജ്യോതിശാസ്ത്ര പഠനത്തിനായി പെരിയപ്പ ഏർപ്പാട് ചെയ്ത ഒരു വൃദ്ധൻ നമ്പൂതിരി ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും മുടങ്ങാതെ വന്നു. സ്കൂളിൽ പഠിക്കുന്ന യുക്തിസഹമായ കാര്യങ്ങളും വേദങ്ങളിലും, ജ്യോതിഷം കലർന്ന ജ്യോതിശാസ്ത്രത്തിലും ഉള്ള കാര്യങ്ങളിലും പലയിടത്തും കണ്ട അന്തരം എന്റെ ഇളംമനസ്സിനെ വിസ്മയിപ്പിച്ചു. ആധുനിക ശാസ്ത്രം നവഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നു എന്ന്‌ തെളിയിച്ചപ്പോഴും എന്തേ ഈ ഭാരതീയ ജ്യോതിഷം കലർന്ന ജ്യോതിശാസ്ത്രം ഭൂമിയെ ചുറ്റുന്ന നവഗ്രഹങ്ങളായി സുര്യനേയും, ചന്ദ്രനെയും , കുജനേയും (ചൊവ്വ), ബുധനേയും, ശുക്രനെയും, വ്യാഴത്തെയും ,ശനിയേയും പിന്നെ രാഹുവിനെയും കേതുവിനെയും ചിത്രീകരിക്കുന്നത് എന്ന കാര്യം യുക്തിക്ക്‌ നിരക്കാത്തതായി തോന്നി . അതിലുപരി ചന്ദ്രന്റെ ഭ്രമണപഥവും സൂര്യന്റെ ഭ്രമണപഥവും അതിന്റെ തലങ്ങളിൽ ഉള്ള 5 ഡിഗ്രി വ്യത്യാസത്തിൽ ഒന്ന്‌ മറ്റൊന്നിനെ ഖണ്ഡിക്കുന്ന വെറും ബിന്ദുക്കളെ രാഹു, കേതു എന്ന രണ്ടു ഗ്രഹങ്ങളായി കാണുന്നതിനോട് എതിർപ്പു തോന്നി. കൂടാതെ ആ ബിന്ദുക്കളിൽ സൂര്യ ചന്ദ്രന്മാർ ഭൂമിയുമായി ഒരേ രേഖയിൽ വരുമ്പോൾ നടക്കുന്ന ഗ്രഹണളെ രാഹുവും കേതുവും സുര്യനേയും ചന്ദ്രനേയും വിഴുങ്ങുന്നതായി ഇപ്പോഴും നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളോടും എതിർപ്പും വെറുപ്പും തോന്നി. പാലാഴി കടഞ്ഞു കിട്ടിയ അമൃത് മോഹിനി രൂപം പൂണ്ട മഹാവിഷ്ണു തന്ത്രത്തിൽ അസുരന്മാരിൽ നിന്നും തട്ടിയെടുത്ത് ദേവന്മാർക്കു വിളമ്പുമ്പോൾ അസുരസേനാപതിയായ സൈംഹികേയൻ ഒരു വൃദ്ധദേവ ബ്രാഹ്മണ വേഷംപൂണ്ട് ദേവന്മാർക്കിടയിൽ ഇരിക്കുകയും അതു മനസ്സിലാക്കിയ ദ്വാരപാലകരായി നിന്ന സൂര്യ ചന്ദ്രന്മാർ വിഷ്ണുവിനെ വിവരം അറിയിക്കുകയും ചെയ്തു. വിഷ്‌ണു തന്റെ സുദർശനചക്രം കൊണ്ട് ആ ആസുരന്റെ കഴുത്തുമുറിക്കുന്നു. അമൃത് കഴിച്ചതിനാൽ അറ്റുപോയ തലയും ബാക്കി ശരീരവും ജീവൻ നിലനിർത്തുകയും തലഭാഗം രാഹുവും, ശരീര ഭാഗം തലയില്ലാതെ കേതുവും ആയി മാറുകയും ചെയ്തു. തങ്ങളെ മഹാവിഷ്ണുവിന് ഒറ്റിക്കൊടുത്ത സൂര്യ ചന്ദ്രന്മാരെ തക്കം കിട്ടുമ്പോൾ വിഴുങ്ങുന്നതാണ് ഗ്രഹണങ്ങൾ എന്ന കഥയേ ഇപ്പോഴും വിശ്വസിക്കുന്ന പലരും ഉണ്ടെന്നുള്ളത് എന്റെ ഇളം മനസ്സിനെ വിസ്മയിപ്പിച്ചു.
ഏഴാം ക്ലാസ് വരെ സ്കൂളിലെ പഠിത്തത്തിനൊപ്പം പെരിയപ്പയുടെ മരണം വരെ വേദ പഠനം തുടർന്നു. ഏതാണ്ട് ഒരുവർഷം കൂടെ ആ അദ്ധ്യാപകൻ വാർധക്യകാല രോഗങ്ങളാൽ കിടപ്പിലാകുന്നത് വരെ ജ്യോതിശാസ്ത്ര പഠനവും തുടർന്നു. പിന്നെ പൂർണ്ണമായും സ്കൂളിലെ പഠിത്തത്തിൽ ശ്രദ്ധ പതിപ്പിച്ചു. അഥർവവേദം പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അനുയോജ്യനായ ഒരു ഗുരുവിന്റെ അഭാവം കൊണ്ട്‌ അതുനടന്നില്ല.
എസ് എസ് എൽ സി ക്ക് ആദ്യത്തെ പത്തു റാങ്കുകളിൽ സ്ഥാനം പിടിച്ച് കോളേജിൽ എത്തിയപ്പോൾ യുക്തിക്കു നിരക്കുന്ന ചിന്തകളുമായി യോജിക്കുന്ന നയങ്ങൾ ഉള്ള ഒരു ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയുടെ അംഗമാകുകയും പഠിത്തത്തിനൊപ്പം കുറച്ച് രാഷ്ട്രീയപ്രവർത്തനം നടത്തുകയും ചെയ്തു. ഒരിക്കൽ വലിയ അഭിമാനമായി കൊണ്ടുനടന്ന പൂണൂൽ, ചാതുർവർണ്യത്തിന്റെ അടയാളമായി കൊണ്ടുനടക്കുന്നത് യുക്തിക്കുനിരക്കാത്തതു കൊണ്ട്‌ അഴിച്ചുമാറ്റി. മറ്റുള്ള കുട്ടികൾക്കൊപ്പം അവർ കഴിക്കുന്നതെല്ലാം അത് സസ്യ ഭോജനമോ, മാംസഭോജനമോ എന്നു നോക്കാതെ കഴിക്കാൻതുടങ്ങി.
പിന്നെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ചേർന്നപ്പോഴും വിദ്യാർത്ഥി രാഷ്ട്രീയം തുടർന്നു. അങ്ങനെ ഒരുദിവസം ആലുവാ മണപ്പുറത്ത് പോയപ്പോൾ പഴയ വേദപഠനം ഓർമ്മവന്നു. അഥർവവേദപഠനം നടത്തണമെന്ന് ഏതോ ഒരു ഉൾവിളി. തിരക്കിപ്പിടിച്ച് കാലടിയിൽ പെരിയാർ തീരത്തുള്ള ഒരു മനയിൽ വൃദ്ധനായ ഒരു നമ്പൂതിരിയെ ഗുരുവാക്കി അതിരാവിലെയും ഒഴിവു ദിവസങ്ങളിലും അഥർവ്വ വേദപഠനം തുടങ്ങി. അപ്പോഴത്തെ ജീവിതം ഏതാണ്ട് പകലും രാത്രിയും പോലെ പൂണൂലിട്ട സസ്യഭുക്കായ ബ്രാഹ്മണനായും, പൂണൂൽ അഴിച്ചുമാറ്റിയ മാംസഭുക്കുകൂടിയായ വിപ്ലവകാരിയായും മാറി. ജീവിതത്തിലെ ഈ വൈരുദ്ധ്യം നല്ല ഒരു നടനെപ്പോലെ കൈകാര്യം ചെയ്യാൻ പഠിച്ചു. ഇതിൽ യഥാർത്ഥമായ ഞാൻ ഏതെന്നറിയാൻ പലപ്പോഴും പ്രയാസം തോന്നി.
ഈ സവിശേഷ സ്വഭാവം അടുത്തറിഞ്ഞവർ പാശ്‌ചാത്യ രാശി ചക്രത്തിലെ ജമിനിയുടെ (മിഥുനം) മൂർത്തീഭാവം എന്ന്‌ എന്നെ വിധിയെഴുതിയപ്പോൾ അതിന് ചിങ്ങരാശിയിലെ പൂരം നക്ഷത്രത്തിലുള്ള എന്റെ സ്വഭാവം വിലയിരുത്തുവാൻ ഭാരതീയ ജ്യോതിഷം തോൽക്കുന്നതായോ, ആല്ലെങ്കിൽ ഒരുപടി താഴെ നിൽക്കുന്നതായോ എനിക്കു തന്നെ തോന്നി. എന്നിലെ ദ്വിതം പലപ്പോഴും അടുത്ത നിമിഷം ഞാൻ പലതിനോടും എങ്ങനെ പ്രതികരിക്കും എന്ന് എനിക്കുപോലും പറയാൻ പറ്റാത്ത നിമിഷങ്ങൾ തരുമ്പോൾ, ബാക്കിയുള്ളവർ എന്തനുമാനിക്കാൻ? എനിക്ക് കുട്ടിക്കാലത്തുതന്നെ തോന്നിയ ഭാരതീയ ജ്യോതിഷത്തിലെ ഈ കുറവ്, ഭാരതീയ നവഗ്രഹ സങ്കൽപ്പവും ശാസ്ത്രീയമായി ഇതുവരെ തെളിയിക്കാൻ കഴിഞ്ഞ നവഗ്രഹ യാഥാർത്ഥ്യങ്ങളും തമ്മിലുള്ള ചേരായ്ക അല്ലെ എന്ന്‌ പലപ്പോഴും തോന്നി. അതിലുപരിയായി ഒരുമനുഷ്യന്റെ സ്വഭാവങ്ങളേയും അതുവഴി അവന്റെ ഭാവിയിൽ ഉണ്ടായേക്കാവുന്ന ഉയർച്ചയും താഴ്ചയും ഒക്കെ പ്രവചിക്കാൻ വളരെ ദൂരെയുള്ള നക്ഷത്രങ്ങളേക്കാൾ, ചന്ദ്രനും സൂര്യനും ബാക്കി ഗ്രഹങ്ങൾക്കും, അവന്റെ ശരീരത്തിലെ ജലാംശത്തിലോ, മസ്തിഷ്കത്തിലോ ചെലുത്താൻ കഴിയുന്ന ഗുരുത്വാകർഷണ ബലത്തിന്റെ വലിപ്പം എത്രയോ കൂടുതൽ ആകയാൽ നവഗ്രഹങ്ങളെ ശരിക്കറിയാതെയുള്ള ഭാരതീയ ജ്യോതിഷത്തെക്കാൾ കൃത്യത പാശ്ചാത്യ ജ്യോതിഷത്തിനുണ്ട് എന്ന്‌ എനിക്കുതോന്നി. അതിലുപരി ഈ നക്ഷത്രങ്ങളിൽ എത്രയെണ്ണം ഇന്ന്‌ നിലനിൽക്കുന്നു എന്നതും. എരിഞ്ഞു തീർന്ന നക്ഷത്രങ്ങൾ വർഷങ്ങൾക്കു മുൻപ് പുറത്തുവിട്ട പ്രകാശമാകാം ഇന്നും നമ്മൾ കാണുന്ന പല നക്ഷത്രങ്ങളും. അല്ലെങ്കിൽ തന്നെ അനേകായിരം പ്രകാശവർഷങ്ങൾ അകലെയുള്ള ഈ നക്ഷത്രങ്ങൾ എത്ര ഗുരുത്വാകർഷണ ബലം ചെലുത്തുവാൻ?
ജോലി കിട്ടി മധ്യപ്രദേശിലെ ഗ്വാളിയോറിൽ എത്തിയപ്പോൾ, ജോലിയും പിന്നെ വിവാഹവും, അതിലൂടെ ഭർത്താവിന്റെയും, പിതാവിന്റെയും ഒക്കെ ഭാഗങ്ങളും അഭിനയിക്കേണ്ടി വന്നപ്പോൾ പഠിച്ച വേദവും ജ്യോതിശാസ്ത്രവും ഒക്കെ മറന്ന് പ്രായോഗിക ശാസ്ത്രവും, സാങ്കേതിക വിദ്യകളും പുറത്തെടുത്തു.
പിന്നെ ഇത്തിരി തിരക്കൊഴിയുന്നത് ഏതാനും വർഷങ്ങൾക്ക് മുൻപ്. അന്ന് ഒരു ശിവരാത്രി ദിവസം ആയിരുന്നു. അടുത്തുള്ള ശിവക്ഷേത്രത്തിൽ പൂജ ഒക്കെ കഴിച്ച് കുറേ ദൂരെയുള്ള ശനീശ്വരന്റെ പുരാതനമായ അമ്പലത്തിൽ പോകാൻ തീരുമാനിച്ചു. കുട്ടികൾക്ക് ട്യൂഷൻ ഉള്ളതിനാൽ അവർ വന്നില്ല. ഞാനും ഭാര്യയും ഡ്രൈവറും മാത്രം. വളഞ്ഞുപുളഞ്ഞ ടാറിട്ടതും അല്ലാതെയുമുള്ള ഒറ്റയടിപ്പാതയിൽ കാട്ടിലൂടെയുള്ള യാത്ര. മുൾച്ചെടികൾ നിറഞ്ഞ കുറ്റിക്കാടുകൾ. ഇടയ്ക്കിടയ്ക്ക് വെള്ളം വറ്റിയ കാട്ടരുവികൾ. ഇടക്ക് ചില അരുവികളിൽ വെള്ളം ഒഴുകുന്നു. അതിൽ വെള്ളം കുടിക്കുന്ന കൊക്കുകളും, അനേകം മയിലുകളും. മുകളിലേക്ക് കയറുമ്പോൾ നയനമാനോഹരമായ താഴ്വാരദൃശ്യം. ദൂരെ പരന്നു കിടക്കുന്ന സുവർണ്ണ നിറമുള്ള ഗോതമ്പുവയലുകൾ. ഗ്വാളിയോർ - ഡൽഹി റൂട്ടിൽ ഓടുന്ന ഏതോ ഒരു തീവണ്ടി ഗോതമ്പ് വയലുകൾക്കിടയിലൂടെ പോകുന്ന ദൃശ്യം കുട്ടിക്കാലത്ത് ആകാശത്ത് വിമാനം കാണുന്ന വിസ്മയത്തോടെ നോക്കിക്കണ്ടു.
ശനിയാഴ്ച അല്ലാത്തതിനാൽ അധികം തിരക്ക് ഉണ്ടായിരുന്നില്ല. ഒരു പുള്ളിമാൻ ആ ക്ഷേത്ര പരിസരത്ത് കറങ്ങി നടക്കുന്നു. ആ മാൻ വളരെക്കാലം മുൻപേ കാട്ടിൽ നിന്നും കയറിവന്നതാണെന്നും, ഇപ്പോൾ ഭക്തജനങ്ങളുടെ ലാളന ഏറ്റുവാങ്ങി ആ പരിസരത്ത് തന്നെ നടക്കുന്നുവെന്നും അവിടെ എണ്ണയും, പൂവും, എള്ളും മറ്റ്‌ പൂജാസാമഗ്രികളും വിൽക്കാൻ ഇരുന്ന ഒരു വൃദ്ധൻ പറഞ്ഞുതന്നു. അയാളിൽ നിന്നും എണ്ണയും, എള്ളും, പൂവുകളും മറ്റും വാങ്ങി പടികൾ ഇറങ്ങി താഴെയുള്ള ശനിവിഗ്രഹ ദർശനത്തിന് പോകുമ്പോൾ ചുറ്റും വളയങ്ങളോട് കൂടിയ ശനി ഗ്രഹത്തിന്റെ ഗോളരൂപമായിരുന്നു മനസ്സിൽ.
എന്നാൽ ജീവൻ തുടിക്കുന്ന ഒരു മനുഷ്യരൂപം, അല്ലെങ്കിൽ ഉൽക്കാശിലയിൽ തീർത്ത ഒരു വിഗ്രഹം, വലിയ തിളങ്ങുന്ന തലയും, തലയെ വെച്ചുനോക്കുമ്പോൾ ചെറിയ ഉടലും, അറ്റം ചുരുട്ടിവെച്ച മീശയും, വലിയ ചെവികളും, വളരെവലിയ അല്പം പുറത്തേയ്ക്കുന്തിയതെങ്കിലും അഴകൊത്ത കണ്ണുകളും ഉള്ള സാക്ഷാൽ ശനീശ്വരൻ അതാ മുന്നിൽ നിൽക്കുന്നു. രാമായണ കാലത്തേത് എന്നു പറയുന്നുവെങ്കിലും, കേന്ദ്ര പുരാവസ്തു വകുപ്പ്‌ ഏ. ഡി ആറാം നൂറ്റാണ്ടിൽ ഉൽക്കാശിലയിൽ നിന്നും നിർമ്മിച്ചതെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു പൂർണ്ണകായ ശനി വിഗ്രഹം. എണ്ണയിൽ കുളിച്ചുനിൽക്കുന്ന ശനിഭഗവാന്റെ മുഖത്ത് തന്റെ മാതാവും സൂര്യപത്നിയുമായ ഛായാദേവിക്കുവേണ്ടി പിതാവായ സൂര്യനേയും, യമനേയും, ഇന്ദ്ര ചന്ദ്രന്മാരേയും എന്തിനു പറയുന്നു, ത്രിമൂർത്തികളേപ്പോലും വെല്ലുവിളിക്കുന്ന, ധിക്കാരത്തോടെയുള്ള ആ മുഖഭാവം ഏതൊരാൾക്കും തന്റെ അമ്മയ്ക്കുവേണ്ടി മാതൃക ആക്കാൻ പറ്റിയ മറ്റൊരു പുരുഷ കഥാപാത്രമോ, ഭാഗവനോ, ദേവനോ ഭാരതീയ പുരണകഥകളിൽ എങ്ങും ഇല്ലെന്ന ബോധം എന്നിൽ ഉണർത്തി.
അവിടെ വേദങ്ങൾ പഠിച്ച ബ്രാഹ്മണന്റെ രൂപം പുറത്തെടുത്ത ഞാൻ എണ്ണയുടെ കുപ്പി തുറന്ന് എണ്ണയാൽ ശനിവിഗ്രഹത്തിൽ അഭിഷേകം നടത്തുമ്പോൾ അറിയാതെ അഥർവവേദത്തിൽ പഠിച്ച ശനിയെ വിളിക്കാനുള്ള മന്ത്രത്തിന്റെ ആദ്യ വരികൾ മനസ്സിൽ ഉരുവിട്ടു. ഞാൻ നിൽക്കുന്നിടം കുലുങ്ങി. എണ്ണക്കുപ്പി കയ്യിൽനിന്നും തെന്നിത്തെറിച്ച് താഴെവീണുടഞ്ഞു, തൂക്കുവിളക്കുകൾ ഊഞ്ഞാലാടി, അൻപതോളം വരുന്ന ഭാരമുള്ള വലിയമണികൾ ആടിക്കിലുങ്ങി. ആ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അങ്ങകലെ ഉത്തരാഞ്ചലിൽ ആയതിനാൽ ഇവിടെ നാശനഷ്ടങ്ങളൊന്നും വരുത്തിയില്ല.
ക്ഷേത്രത്തിന്ന് പുറത്തു വന്നപ്പോൾ, അകത്തേക്ക് പോയ സമയത്ത് കണ്ട തെളിഞ്ഞ മാനം കറുത്തിരുണ്ടു. തുള്ളിക്കൊരുകുടം എന്നരീതിയിൽ മഴ പെയ്യാൻ തുടങ്ങി. ഒരുതരത്തിൽ കാറിനുള്ളിൽ കയറി. മലകളിൽ നിന്നും വെള്ളം കുത്തിയൊലിക്കുന്നു. ഉണങ്ങിയ അരുവികളിൽക്കൂടി ഇരുമ്പിന്റെ ധാതുക്കളുടെ ആധിക്യം സൂചിപ്പിച്ചുകൊണ്ട് ചുവന്ന വെള്ളം ഒഴുകുന്നു. പലയിടത്തും അരുവികൾ റോഡ് മുറിച്ചൊഴുകുന്നു. നയന മനോഹരമായ പേമാരിയുടെ കാഴ്ചകൾ മഴ കാത്തിരുന്ന വേഴാമ്പൽ പോലെ എന്നെ ആനന്ദചിത്തനാക്കി.
കാട്ടുവഴികളും, ഗോതമ്പു പാടങ്ങളിലൂടെ ഉള്ള റോഡും കടന്ന്‌ പട്ടണത്തോട് അടുത്തുള്ള റോഡിൽ എത്തിയപ്പോൾ ഡ്രൈവർ
"ഓലെ, ഓലെ" എന്നു വിളിച്ച് പറഞ്ഞു. 'ഓല' എന്നു പറഞ്ഞാൽ ആലിപ്പഴം.
വെളിയിലേക്ക് നോക്കിയ ഞങ്ങൾ അതിശയിച്ചുപോയി. അതുവരെ കണ്ടിട്ടുള്ള ആലിപ്പഴം ചെറിയ ചെറിയ മഞ്ഞു കട്ടകൾ അവിടെയും ഇവിടെയുമായി വീണ് കുറഞ്ഞ സമയത്തിൽ അലിഞ്ഞില്ലാതാകുന്നതരം ആയിരുന്നു. അപ്പോൾ കണ്ട ആലിപ്പഴം വലിയ വലിയ മഞ്ഞു കട്ടകൾ ഏതാണ്ട് അരയടി കനത്തിൽ റോഡിലും, വശങ്ങളിലും, വാഹനങ്ങളുടെ മുകളിലും. പല കാറുകളുടെയും മുൻപിൻ ഗ്ലാസ്സുകൾ പൊട്ടി തകർന്നിരുന്നു. ഏതാണ്ട് 15 മിനിട്ട് നേരത്തെ വന്നിരുന്നെങ്കിൽ ഞങ്ങളുടേയും സ്ഥിതി അതുതന്നെ ആയേനെ. റോഡിന്റെ വശങ്ങളിൽ ഉള്ള കൃഷിയിടങ്ങളിലെ ഗോതമ്പും മറ്റു കൃഷികളും ആലിപ്പഴം വീണ് നശിച്ചിരുന്നു.
ഞങ്ങൾ കാർ നിർത്തി ഇറങ്ങി ആലിപ്പഴത്തിനൊപ്പം ഫോട്ടോകൾ എടുത്തു. ശിവരാത്രി കാരണം പ്രകൃതിയിൽ വന്ന മാറ്റം എന്ന്‌ ഭാര്യ അഭിപ്രായപ്പെട്ടപ്പോൾ, അല്ല ശനി ഇറങ്ങിയതാണെന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
വീട്ടിൽ എത്തി. ഡ്രൈവറേയും പറഞ്ഞുവിട്ടു. അപ്പോൾ ശിവരാത്രി ആഘോഷങ്ങളിൽ പങ്കുചേരാൻ പഴയ ചില വടക്കേ ഇന്ത്യൻ സുഹൃത്തുക്കളുടെ ഫോൺ വന്നു. അവിടുത്തെ ശിവരാത്രി ആഘോഷത്തിൽ പലരും 'ഭാംഗ്' എന്നു പറയുന്ന കഞ്ചാവുപോലെയുള്ള ഒരു ചെടിയുടെ ഇല അരച്ചുണ്ടാക്കിയ ലഹരി പദാർത്ഥം പാലിലും, ഉരുളകിഴങ്ങു പുഴുങ്ങിയതിനൊപ്പവും ഒക്കെ ചേർത്തു കഴിക്കുക പതിവാണ്. അവർ എന്നെയും സൽക്കരിച്ചു.
എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. കാറോടിച്ചുവരുമ്പോൾ തലക്കുള്ളിൽ ശനിഭഗവാന്റെ അമ്പലത്തിലെ മണിക്കിലുക്കം കേട്ടു. ഞാൻ അവിടേയ്ക്ക് കാറോടിച്ചു. കാട്ടു പാതകളിൽ എത്തി. ഇരുട്ട്‌ വീണിരുന്നു. കുറേ മുന്നോട്ട് പോയി. പകലത്തെ പേമാരിയിൽ റോഡിന്റെ ഒരുഭാഗം ഇടിഞ്ഞുപോയിരിക്കുന്നു. ഇരുചക്രവാഹനങ്ങൾക്കുമാത്രം കടന്നുപോകാം. വളരെ പ്രയാസപ്പെട്ട് വണ്ടി തിരിച്ചുവിട്ടു. കാട്ടു വഴികളിൽ നിന്നും ഗോതമ്പു വയലിലൂടെ ഉള്ള പാതയിൽ എത്തി.
ഏതോ ഒരു കറുത്ത രൂപത്തെ മുന്നിൽ കണ്ട്‌ പെട്ടന്ന് ബ്രേക്ക് ചവിട്ടി. എൻജിൻ ഓഫ് ആയി. കഥകളിൽ ഒക്കെ വായിക്കുന്നത് പോലെ വീണ്ടും സ്റ്റാർട്ട് ആകുകയില്ല എന്ന് മനസ്സിലാക്കികൊണ്ട് താക്കോൽ തിരിച്ചതും വണ്ടി സ്റ്റാർട്ട് ആയി. വണ്ടി മുന്നോട്ടെടുത്തതും ഒരു പോത്തോ എരുമയോ മൂന്നിൽ.
"ഒന്നു പതുക്കെ ബ്രേക്ക് അടിച്ചുകൂടെ?" എന്ന്‌ ചോദിച്ചുകൊണ്ട് മുൻസീറ്റിൽ ഇരുന്നയാൾ സീറ്റ് ബെൽറ്റ് പിടിച്ചിട്ടു.
അപ്പോൾ ഓർമ്മവന്നു കൂടെ ആരും ഇല്ലായിരുന്നുവെന്ന്. പിന്നെ ആര്? മുൻസീറ്റിൽ അതാ ഇരിക്കുന്നു ശനിദേവൻ. ഇനി എന്തുചെയ്യാൻ ? വിളിച്ചാൽ വിളികേൾക്കുന്ന ദൈവം എന്ന് കേട്ടിട്ടുണ്ട്.ഇതിപ്പോൾ കേൾക്കുക മാത്രമല്ല, വന്ന്‌ സീറ്റ്ബെൽറ്റും ഇട്ട് ഇരിക്കുകയും ചെയ്തു. പറഞ്ഞു വിടാൻ ഉള്ള മന്ത്രം ഓർമ്മ വരുന്നതും ഇല്ല.
ശനി ഭഗവാൻ " നീ എന്തിനാണ് ഈ വാഹനത്തിന്റെ അകത്തുകയറി ഇരിക്കുന്നത്. ഞാൻ എന്റെ വാഹനമായ കാക്കയുടെ പുറത്തിരുന്നാണ് സഞ്ചരിക്കുന്നത്. വരൂ , നിന്റെ വാഹനത്തിന് മുകളിൽ കയറാം."
ഞാൻ വെളിയിലിറങ്ങി. കാർ കാണാനില്ല. കാറിന്റെ സ്ഥാനത്ത് ഒരു വലിയ കാക്ക. മുകളിൽ ശനിദേവനും. എന്നോട് പുറകിൽ കയറാൻ പറഞ്ഞു. ഏതോ മോട്ടോർ സൈക്കിളിന്റെ പുറകിൽ കയറുന്നതുപോലെ ഞാൻ കാക്കയുടെ പുറത്തു കയറി. ശനിദേവനെ ഞാൻ മുറുകെപ്പിടിച്ചു.
കാക്ക പറന്നുയർന്നു. ശനിദേവൻ ഞാനുമായി സൗരയൂഥത്തിലെ മുക്കിലും മൂലയിലും കറങ്ങി. പിന്നെ സൂര്യനു നേരെ പറന്നു. സൂര്യനോടടുത്തപ്പോൾ എന്റെ കണ്ണുകൾ അടച്ചു. കണ്ണിൽ ചൂടടിക്കുന്നു.
വളരെ പ്രയാസപ്പെട്ട് കണ്ണു തുറന്നു. ഉദിച്ചുമുകളിലെത്തിയ സൂര്യന്റെ രശ്മികൾ കണ്ണുതുറക്കാൻ പ്രയാസം ഉണ്ടാക്കി. എഴുന്നേറ്റ് കാറിന് മുകളിൽ തന്നെ ഇരുന്നു. അപ്പോഴും ശനിയുടെ അമ്പലത്തിലെ മണി തലക്കുളിൽ ഇടക്കിടെ മുഴങ്ങുന്നു. മന്ത്രം ഒരിക്കൽക്കൂടി ഉറക്കെ ചൊല്ലി. ശനിഭഗവാൻ വന്നില്ലയെങ്കിലും, ഗോതമ്പു കൊയ്യാൻവന്ന ഗ്രാമീണർ 'സ്വാമിജി , സ്വാമിജി' എന്നുവിളിച്ചുകൊണ്ട് എന്റെ കാലുകൾ തൊട്ട് വന്ദിച്ചു. കാറോടിച്ച് വീട്ടിൽ എത്തി. കതകിൽ മുട്ടി വിളിച്ചു. കതകുതുറന്നതും, മന്ത്രം ജപിച്ചാൽ താൻ വരുമെന്ന് ഒരിക്കൽകൂടി തെളിയിച്ചുകൊണ്ട് അതാ നിൽക്കുന്നു ശനിദേവൻ, ഭാര്യയുടെ രൂപത്തിൽ.
A Story by..............ഷാജു വിജയൻ.

ഒരു സ്വപ്നം പോലെ...........കഥ (A Story by Shaju Vijayan)

ഒരു സ്വപ്നം പോലെ...........കഥ (A Story by Shaju Vijayan)
***************************************************************
കുട്ടികളെപ്പോലെ ഭാര്യയുമായി വഴക്കിട്ട് ജനാല സീറ്റിൽ ഇരുന്നതുതന്നെ, വിമാനം താഴുമ്പോൾ പശ്ചിമഘട്ടവും അറബിക്കടലും ഇണചേരുന്ന കൊങ്കണിന്റെ ആകാശക്കാഴ്ച്ച ഒന്ന്‌ ആസ്വദിക്കാം എന്ന മോഹത്താൽ ആയിരുന്നു. വടക്കേ ഇന്ത്യയിൽ ആൾക്കാർ പറയാറുണ്ട് ചില ദേവാലയങ്ങളിൽ, ദേവതയുടെ വിളി വരുന്നത് വരെ എത്ര ശ്രമിച്ചാലും പോകാൻ പറ്റില്ലെന്ന്. വളരെ ചെറുപ്പത്തിലെ തുടങ്ങിയ ആഗ്രഹമാണ് ഗോവയിൽ പോകുക എന്നത്. ഇന്ത്യയിലെ ഒട്ടുമിക്കവാറൂം സ്ഥലങ്ങളും, പല വിദേശ രാജ്യങ്ങളും സന്ദർശിച്ചുവെങ്കിലും ഗോവ സന്ദർശിക്കാനുള ആ വിളി വന്നത്‌ വാർധക്യത്തിന്റെ ആദ്യ പടിയിൽ കാൽ വെയ്ക്കാൻ തുടങ്ങുന്ന ജോലിയിൽ നിന്ന് വിരമിക്കാൻ ഏതാനും വർഷങ്ങൾ മാത്രം അവശേഷിക്കുന്ന ഈ വേളയിലാണ്.
കുട്ടികൾ ഒക്കെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായി. വലിയ സമ്പാദ്യം ഒന്നും ഇല്ലെങ്കിലും ജീവിക്കാനുള്ളത് കൈയ്യിൽ ഉണ്ട്. ഔദ്യോഗിക ജീവിതത്തിൽ പിടിച്ചടക്കണം എന്നാലോചിച്ച, സ്വപ്നം കണ്ട കൊടുമുടികൾ ഒക്കെ ഏതാണ്ട് കീഴടക്കി. കമ്പനി ഒരുപക്ഷേ കാലാവധി നീട്ടിയും തന്നേക്കാം. പക്ഷെ എനിക്കതിൽ താത്പര്യം ഇല്ല. എഴുത്തിന് കൂടുതൽ സമയം നൽകണം. രണ്ടുപേർക്ക് ജീവിക്കാനുള്ളത് എഴുതിയാലും ഉണ്ടാക്കാൻ പറ്റും. അതുകൊണ്ടു തന്നെ ഒരുമാസത്തെ അവധി എടുത്തു. ഏതാനും ദിവസം ഭാര്യ ഒത്ത് ഗോവയിൽ ചിലവഴിക്കണം. അതു കഴിഞ്ഞ് ഭാര്യ അവളുടെ ആങ്ങളയ്ക്കോപ്പം ഷിമോഗയിലേക്ക്‌ പോകും അവിടെ ബന്ധുവീട്ടിൽ നടക്കുന്ന ഒരു വിവാഹത്തിൽ പങ്കെടുക്കാൻ. പിന്നെ ഞാൻ അടുത്ത പത്തുദിവസം ഗോവയിൽ ഒറ്റക്ക് ചിലവഴിക്കും. പകുതി ആക്കിയ ഗോവൻ പശ്ചാത്തലത്തിൽ എഴുതിയ ആ നോവൽ പൂർത്തിയാക്കണം. പിന്നെ ഷിമോഗയിൽ പോയി, വിവാഹച്ചടങ്ങിൽ പങ്കെടുത്തിട്ട്, അന്ന് അവിടെ എത്തുന്ന കുട്ടികളും, ഭാര്യയുമായി കൊച്ചിയിൽ എത്തി പബ്ലിഷറുമായി സംസാരിച്ച്, പിന്നെ അടൂർ ഉള്ള വീട്ടിലേക്ക്‌ പോയി ബാക്കി ദിവസം വിശ്രമിക്കണം എന്നാണ് പ്ലാൻ.
മേഘങ്ങളിൽ ഇടിക്കുന്ന വിമാനത്തിന്റെ കുലുക്കം താഴെ ഇറക്കാനുള്ള പ്രക്രിയ തുടങ്ങി എന്ന്‌ വിളിച്ചോതി. മേഘങ്ങൾക്കുപുറത്തു കടന്ന വിമാനത്തിന്റെ ജനാലയിലൂടെ, വലഞ്ഞു പുളഞ്ഞൊഴുകുന്ന, വായിച്ചു മാത്രം അറിഞ്ഞ മണ്ഡോവി നദി കാണാം. ബൽഗാമിനടുത്തുള്ള ഭീംഗഡിൽ വച്ച് മുപ്പതരുവികൾ സംഗമിച്ചുണ്ടായ ഈ നദി പ്രമുഖ നദീതട സംസ്‌കാരങ്ങൾക്കൊപ്പം, മാനവ സംസ്കാരങ്ങൾക്കൊപ്പം തന്നെ, താൻ വളർത്തിയ ഒരു ഗോവൻ സംസ്‌കാരത്തിനും ജന്മം നൽകി. മൗര്യ, ഭോജ, ചാലൂക്യ, കദംമ്പ, വിജയനഗര രാജവംശങ്ങൾ
ഈ നദീതടങ്ങളിൽ നടത്തിയ പടയോട്ടങ്ങളും, പിടിച്ചടക്കലുകളും എന്റെ നോവലിന്റെ ഭാഗമായി, അവരൊക്കെ എന്റെ തൂലികയാൽ പുനഃർജനിക്കുമ്പോൾ ഏ ഡി രണ്ടാം നൂറ്റാണ്ടിൽ ഇവിടെയെത്തിയ ഗ്രീക്ക് ചിന്തകൻ ടോളമിയും, പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ എത്തിയ സ്പാനിഷ് ക്രിസ്തീയ പുരോഹിതൻ ഫ്രാൻസിസ് സേവ്യറും തമ്മിൽ നടന്ന, എന്റെ സൃഷ്ടി ആയ ആ വാദപ്രതിവാദം നടത്താൻ ഞാൻ വേദിയൊരിക്കിയത് കർണാടകയിലെ ഭീംഗഡ് ആയിരുന്നു. അവിടെവെച്ച്, ഭൂമിയെ ചുറ്റി സൂര്യനും മറ്റു ഗ്രഹങ്ങളും ചുറ്റുന്നു എന്ന്‌ ലോഹ നിർമ്മിതമായ ഒരു മാതൃക ഉപയോഗിച്ച് സ്വർഗ്ഗരാജ്യത്തിൽ നിന്നും ഇറങ്ങി വന്ന ടോളമിയുടെ ആത്മാവും, തന്റെ വാദങ്ങൾ ഏതാണ്ട് പതിനാല്‌ ശതാബ്ദങ്ങൾ അഖണ്ഡിതമായി തുടർന്നപ്പോൾ പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അതിനെ ഖണ്ഡിച്ചുകൊണ്ട് സൂര്യന് ചുറ്റും ഭൂമിയും മറ്റു ഗ്രഹങ്ങളും ചുറ്റുന്നു എന്ന് വാദിച്ച പോളണ്ടിൽ ജനിച്ച പുരോഹിതനും, ചിന്തകനുമായ നിക്കോളാസ് കോപ്പർണിക്കസിന്റെ ആത്മാവും വാദിക്കുന്നു. കോപ്പർനിക്കസിന് വേണ്ടി വാദിക്കുന്നത് ദ്ദേഹത്തിന്റെ ആത്മാവ് ആവേശിച്ച സാക്ഷാൽ ഫ്രാൻസിസ് സേവ്യർ പുണ്യാളനും. ഇതിനിടയിൽ സുവിശേഷപ്രസംഗത്തിന് പോകാൻ മറന്ന ഫ്രാൻസിസ് സേവ്യർ പ്രേതാവേശത്തിൽ നിന്നും പുറത്തുവന്ന് അനുയായികളെ ആകർഷിക്കാൻ തന്റെ മണിയും എടുത്ത് കിലുക്കിക്കൊണ്ട് മണ്ഡോവി നദിക്കരയിലൂടെ ഓടുന്നു. ക്രുദ്ധനായ ടോളമി തന്റെ കയ്യിലെ ഭൂമി കേന്ദ്രമാക്കി കറങ്ങുന്ന പ്രപഞ്ച മാതൃക വലിച്ചെറിഞ്ഞുകൊണ്ട് കൊപ്പർനിക്കസ്സിന്റെ വാദങ്ങളെ ഖണ്ഡിക്കാൻ ആവാതെ അപ്രത്യക്ഷൻ ആകുന്നു. ചിന്നഭിനമായ ആ മാതൃകയിൽ നിന്നും ഭൂമി വേർപെട്ട് എവിടേയോ ഇടിക്കുന്നത് ഞാൻ അറിഞ്ഞു. ഹാ! എന്തു വിഡ്ഢിത്തമാണ്? വിമനത്തിന്റെ ടയർ റൺവേയിൽ മുട്ടിയതും, മുൻ സീറ്റിൽ ഇരുന്നിരുന്ന കുട്ടിയുടെ കയ്യിൽ നിന്നും അവന്റെ മഞ്ഞനിറമുള്ള സ്മൈലി ബോൾ തെറിച്ച് എന്റെ മൂക്കിൽ വീണതും ഒരുമിച്ചായിരുന്നു. ടോളമിയുടേയും കോപ്പർനിക്കസ്സിന്റെയും വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഞാൻ അപ്പോഴത്തെ എന്റെ അനുഭവങ്ങൾ സഹിതം വാദിച്ചു
"ഇപ്പോൾ ഭൂമി എനിക്കു ചുറ്റും ആണ് കറങ്ങുന്നത്, അതുമല്ല ഭൂമി ഇപ്പോൾ എന്റെ മടിയിൽ ആണ്."
എന്റെ മടിയിൽ നിന്നും മഞ്ഞ ബോൾ എടുത്ത് അതിന്റെ ഉടമയായ കുട്ടിക്ക്‌ കൊടുത്തു. ഭൂമി കറങ്ങിയാലും, സൂര്യൻ കറങ്ങിയാലും തനിക്ക് തന്റെ ബോൾ കിട്ടിയ സന്തോഷത്തിൽ അവൻ കുഞ്ഞുപല്ലുകൾ കാട്ടി എന്നോട് ചിരിച്ചു.
പടികൾ ഇറങ്ങി ഗോവയുടെ മണ്ണിൽ കാലുകൾ കുത്തുമ്പോൾ ഞാൻ തേടിയ ആ സപ്ന ഭൂമിയിൽ, ടോളമി ശൗബ എന്നു പരാമർശിക്കുന്ന, മഹാഭാരതത്തിലെ ഗോമന്തക രാജ്യത്തിൽ, ഗോവകപട്ടണം, ഗോവപുരി എന്നൊക്കെ ചരിത്രത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള മണ്ണിൽ കാലുകൾകുത്താൻ കഴിഞ്ഞതിൽ ദൈവത്തോട് നന്ദി പറഞ്ഞു.
മൂന്നു ദിവസത്തേയ്ക്ക് ബുക്ക് ചെയ്ത വാസ്ക്കോയിലേ ബീച്ച് ഹോട്ടലിന്റെ വണ്ടിയിൽ നേരെ ഹോട്ടലിലേക്ക് പോയി. ആ ഹോട്ടലിൽ കൂടുതലും വിദേശികൾ ആയിരുന്നു. വസ്ത്രധാരണം കൊണ്ട്‌ വിദേശികളെ വെല്ലുന്ന നാടൻ വിദേശികളായി മാറിയ ഞങ്ങൾ വാർധക്യത്തിന്റെ തുടക്കം എങ്കിലും പുതിയതായി വിവാഹിതരായ യുവമിഥുനങ്ങളേപ്പോലെ ബീച്ചിലും, നീന്തൽ കുളത്തിലും ഒക്കെയായി ചിലവഴിച്ചു. പൂർണ്ണമായും നീലനിറത്തിൽ ഉള്ള ആകാശവും കടലിന്റെ നീലിമയും അകലെ ചക്രവാളത്തിൽ സൂര്യകിരണങ്ങൾ ഏറ്റു തിളങ്ങുന്ന ഒരു വെൺമേഘവും എന്റ ഭാവനയേയും തോൽപ്പിക്കുന്ന പ്രകൃതി സൗന്ദര്യം പോലെ നിലകൊണ്ടു. ആ വെൺമേഘം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ഹിമമലപോലെ എനിക്ക് തോന്നി.
കടലിലേയ്ക്ക് ചരിഞ്ഞു നിൽക്കുന്നുന്ന തെങ്ങുകളുടെ കൂട്ടത്തിൽ ഒന്നുരണ്ടെന്നം തീരത്തിന്‌ സമാന്തരമായി വളർന്നു നിൽക്കുന്നു. അതിൽ ഒരെണ്ണം ഏതാണ്ട് കൈ എത്തുന്ന ഉയരത്തിൽ നിൽക്കുകയല്ല, ഒരു തടിപ്പാലം പോലെ കിടക്കുകയാണെന്ന് തോന്നും. അതിൽ കയറി നടക്കുക വളരെ എളുപ്പം ആണെന്ന് തോന്നി. ചെറുപ്പത്തിലെ മരം കയറുന്ന അനുഭവം ഓർത്ത് ഒരാവേശത്തിൽ ആ തടിയിൽ കയറി. ഞാൻ കയറുന്നത് കണ്ട് സ്ത്രീ പുരുഷ സമത്വം അരക്കിട്ടുറപ്പിക്കുവാൻ എന്നപോലെ ഭാര്യയും എന്റെ കൂടെ കയറി. തെങ്ങിൽ തടിയിൽ നിന്ന്‌ താഴത്തേയ്ക്കു നോക്കിയപ്പോൾ പേടി തോന്നി. കാലിൽ ഒരു മരവിപ്പ്. അവിടേയും സ്ത്രീ പുരുഷ സമത്വം കാട്ടി ഭാര്യയും പേടിച്ച് "പിടിച്ചോ, പിടിച്ചോ" എന്ന്‌ നിലവിളിക്കാൻ തുടങ്ങി. കല്യാണത്തിന് മുൻപോ അല്ലെങ്കിൽ കല്യാണം കഴിഞ്ഞ സമയത്തൊ,
പറഞ്ഞില്ലായിരുന്നെങ്കിലും, പിടിക്കേണ്ടാത്തിടത്തും പിടിച്ചേനെ എന്ന്‌ മനസ്സിൽ പറഞ്ഞുകൊണ്ട് തെങ്ങിൻ തടിയിൽ നിന്നും ഇരുന്ന് നിരങ്ങി ഇറങ്ങുവാൻ തുടങ്ങി. ഒരു സെൽഫിയെങ്കിലും എടുക്കുവാൻ മറന്നു.
വൈകുംനേരങ്ങൾ ഹോട്ടലിലെ നീന്തൽ കുളത്തിൽ തന്നെ ചിലവഴിച്ചു. നീന്താൻ അറിയാത്ത ഞാൻ ഇറങ്ങുന്ന ആഴം കുറഞ്ഞ ഭാഗത്ത് നിന്നുകൊണ്ട് നീന്തൽ അഭിനയിച്ചു. കുറച്ചൊക്കെ നീന്താൻ അറിയാവുന്ന ഭാര്യ എന്നെ വെള്ളത്തിൽ ബാലൻസ് ചെയ്യുന്നത് പഠിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും, പട്ടിയുടെ വാൽ കുഴലിൽ ഇട്ട് അങ്ങുവടിപോലെ ആയാലും എന്റെ ശരീരം ഏതു വളഞ്ഞ കുഴലിൽ ഇട്ടാലും വളഞ്ഞ കുഴൽ വടിപോലെ നേരെ ആകുകയേയുള്ളൂ എന്ന്‌ തെളിയിച്ചു. അതിനിടയിൽ ഇരുപതോളം വയസ്സു തോന്നിക്കുന്ന, എന്റെ മകളുടെ പ്രായമോ അതിൽ കുറവോ ഉള്ള ഒരു പെൺകുട്ടി, കണ്ടിട്ട് പഞ്ചാബി എന്ന്‌ തോന്നുന്നു, ഭാര്യയെ നീന്താൻ സഹായിക്കാൻ എത്തി. ഹോട്ടലിന്റെ തന്നെ നീന്തൽ പരിശീലക ആയിരിക്കാം. ഞാൻ കരയിൽ കയറി വെയിലു കൊള്ളാൻ ഇട്ടിരുന്ന ബെഞ്ചിൽ കിടന്നു. അവിടെ കിടന്നാൽ നീന്തൽ അറിയില്ലെന്ന് ആർക്കുംമനസ്സിലാകുകയുമില്ല മറിച്ച് നീന്തി ക്ഷീണിച്ച് കിടക്കുന്ന ഏതോ നീന്തൽ വിദഗ്ദ്ധൻ ആണെന്ന് ഇനി വരുന്നവർ വിശ്വസിക്കുകയും ചെയ്യും. അവിടേക്ക് വന്ന ഒരു പ്രായമുള്ള തടിച്ച മദാമ്മയുടേയും, ചെറുപ്പക്കാരിയും കൃശഗാത്രയുമായ മദാമ്മയുടേയും അർദ്ധനഗ്ന ശരീരങ്ങളുടെ ഘടനയിലെ വ്യത്യാസം നോക്കിയിരുന്ന എന്നോട് നീന്തൽ നിർത്തി ഭാര്യ വിളിച്ചു ചോദിച്ചു,
" ആ മുതുക്കിയെ എങ്കിലും അങ്ങുവിട്ടുകൂടെ? വയസ്സായാലും സ്വഭാവം വിടെരുത്"
അവളുടെ കൂടെയുള്ള ആ പെൺകുട്ടിയും എന്നെ നോക്കി ചിരിച്ചു.
അടുത്ത ദിവസം രാവിലെ തന്നെ അളിയൻ കാറുമായെത്തി. അളിയനൊപ്പം പ്രഭാത ഭക്ഷണം കഴിച്ച്, ഭാര്യയെയും അളിയനേയും യാത്ര ആക്കാൻ ഹോട്ടലിന് മുൻപിലേക്ക് വന്നു. ഭാര്യ അവളുടെ തലയിൽ കൈ വെയ്പ്പിച്ച് ഒറ്റക്കിരുന്നുകുടിക്കുക ഇല്ലെന്ന് എന്നെ കൊണ്ട് സത്യം ചെയ്യിച്ചു. കൂടെ സത്യം ലംഘിച്ചാൽ അവളുടെ
തല പൊട്ടിപോകുമെന്നും ഓർമ്മിപ്പിച്ചു. അങ്ങനെയെങ്കിൽ അവളുടെ തല ഇതുവരെ പൊട്ടിയിട്ടില്ലല്ലോ എന്നോർത്ത് എനിക്ക് ചിരിവന്നു. നീന്തൽ കുളത്തിൽ വെച്ച് കണ്ട ആ പെൺകുട്ടിയും ഭാര്യയെ യാത്ര അയക്കാൻ എത്തിയിരുന്നു.
ഞാൻ റൂമിലേക്ക് വന്നു. എഴുതാൻ തുടങ്ങണം. ഇപ്പോൾ ഒരു മൂഡ് തോന്നുന്നില്ല. ഗോവയിൽ വന്നിട്ട് ഫെനി പോലും രുചിച്ചില്ല. എനിക്ക് ഫെനിയുടെ ബ്രാൻഡുകളെക്കുറിച്ച് അറിയുകയും ഇല്ല. റിസപ്ഷനിൽ വിളിച്ച് ഫെനിയുടെ നല്ല ബ്രാൻഡുകളെക്കുറിച്ചും കൂടെ എന്തൊഴിച്ചു കുടിക്കും എന്നും അന്വേഷിച്ചു.അയാൾ പറഞ്ഞ ബ്രാൻഡിലുള്ള ഒരുകുപ്പി ഫെനി റൂമിലെത്തിക്കാൻ പറഞ്ഞു. റൂം ബോയ് ഫെനിയും ഗ്ലാസ്സും ഒക്കെയുമായി വന്ന്‌ ഒരു ഗ്ലാസ്സിൽ ഒഴിച്ച്‌വെച്ചു പോയി. ഞാൻ ഒരു സിപ്പെടുത്തു കാണും, ആരോ കതകിൽ മുട്ടി. അകത്തേയ്ക്ക് വരാൻ വിളിച്ചുപറഞ്ഞിട്ടും പിന്നെയും മുട്ടുന്നു.
ഞാൻ എഴുനേറ്റു ചെന്ന് കതകുതുറന്നു. വാതിലിൽ സുന്ദരിയായ ഒരു യുവതി. നീന്തൽ കുളത്തിൽ വെച്ച് ഭാര്യയുമായി സംസാരിച്ച അതേ പെൺകുട്ടി. നീന്തൽ പരിശീലകയായ ആ പെൺകുട്ടി. അവൾ നമസ്കാരം പറഞ്ഞു. ഞാൻ ഫെനി വേണമെന്നല്ലാതെ പെണ്ണു വേണമെന്ന് പറഞ്ഞില്ലല്ലോ? ഇനി അയാൾ തെറ്റി ധരിച്ചതാണോ ? അതോ ഇനി ഇവിടുത്തെ രീതിയാണോ കാൾ ഗേൾസിനെ റൂമിലേക്ക് പറഞ്ഞുവീടുന്നത്? എന്നാലും ഒരു മര്യാദ വേണ്ടേ എന്റെ മകളുടെ പ്രായം പോലും ഇല്ലാത്ത ഈ കുട്ടിയെ മുറിയിലേക്ക് ഒന്നു ചോദിക്കുക പോലും ചെയ്യാതെ പറഞ്ഞുവിടാൻ? അതോ ഇന്നലെ നീന്തൽ കുളത്തിൽ വെച്ച് മദാമ്മമാരുടെ നഗ്നത നോക്കിയതിൽ ആ പെൺകുട്ടി തെറ്റിധരിച്ച് വന്നതാണോ? പക്ഷെ അല്ല. ഈ പെൺക്കുട്ടിക്ക് അങ്ങനെ ഒരു സ്ത്രീ അകാൻ പറ്റുകയില്ല. അവളുടെ മുഖത്തെ നിഷ്കളങ്കത വിളിച്ചോതുന്നു അവൾ ഒരു ചീത്തക്കുട്ടി അല്ലെന്ന്.
അങ്ങനെ പലതും ഓർത്തുകൊണ്ട് നിന്ന എന്നോടായി അവൾ,
"ഞാൻ അങ്ങയുടെ ഒരു ആരാധിക ആണ്. ഞാൻ അകത്തോട്ടു വരട്ടെ . കുറച്ചുനേരം സംസാരിച്ചിരിക്കാം."
പല സംശയങ്ങൾ മനസ്സിലൂടെ കടന്നു പോയെങ്കിലും അടുത്തേയ്ക്ക് വന്ന സുന്ദരിയായ ഒരു സത്രീയോട് വേണ്ടാ എന്നു പറയാൻ എന്റെ ഉള്ളിലെ പുരുഷൻ അനുവദിക്കുന്നില്ല. ഒരു മിനിറ്റ് കാത്തുനിൽക്കാൻ പറഞ്ഞ് ഞാൻ അകത്തുവന്ന് വാരിവലിച്ചിട്ടിരുന്ന വസ്ത്രങ്ങൾ എടുത്ത് അലമാരയിൽ ഇട്ട്, ഫെനിയുടെ കുപ്പി ഫ്രിഡ്ജിൽ വെച്ച്, ഗ്ലാസ്സിൽ ഇരുന്ന മദ്യം ഒറ്റ വലിക്ക് അകത്താക്കി, കിടക്ക നേരെയാക്കി അവളോട്‌ അകത്തുവരാൻ പറഞ്ഞു. അവൾ അകത്തുകയറി കടകടച്ചു. എന്തെങ്കിലും ചതി ഉണ്ടെങ്കിൽ നേരിടാൻ മനസ്സിന് നിർദേശം കൊടുത്ത്‌ അവളോട്‌ ഇരിക്കാൻ പറഞ്ഞു.
റൂമിന്റെ പൂന്തോട്ടത്തിനു നേരെയുള്ള വശത്തെ ചില്ലിട്ട ഭിത്തിയുടെ തിരശ്ശീല മാറ്റി അവിടെ കിടന്ന കസേരകളിൽ മുഖാമുഖം ഞങ്ങൾ ഇരുന്നു.
അവൾ "എന്റെ പേര് നീലം ശർമ്മ . ഞാൻ സറിന്റെ ഒരു ആരാധിക ആണ്."
ഏതാണ്ട്‌ സോണിയാ ഗാന്ധി ഹിന്ദിപറയുന്നതുപോലെ അവൾ മലയാളത്തിൽ പറഞ്ഞു.
ഞാൻ "കുട്ടി വടക്കെ ഇന്ത്യൻ അല്ലേ ? എന്റെ എതാനും ആദ്യ കാല രചനകൾ ഇംഗ്ലീഷിൽ ആണെങ്കിലും ഇപ്പോൾ ഞാൻ മലയാളത്തിലെ എഴുതാറുള്ളൂ. പിന്നെ കുട്ടി..........................?"
അവൾ. " ഞാൻ ജനിച്ചതും വളർന്നതും ഡൽഹിയിലാണ്. ഓൾ ഇന്ത്യ മെഡിക്കൽ എൻട്രൻസിൽ നല്ല റാങ്ക് ഉണ്ടായിരുന്നു. കേരളയിൽ എഡ്യൂക്കേഷൻ നിലവാരം നല്ലതായതിനാൽ ഞാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് തിരഞ്ഞെടുത്തു. ഇപ്പോൾ മൂന്നാം വർഷം. എന്റെ റൂംമ്മേറ്റും, ക്ലാസ്സ് മേറ്റുമായ വന്ദന നായർ സറിന്റെ കഥകളുടെ ഒരു ആരാധിക ആണ്. അവൾ അങ്ങയുടെ കഥകൾ വായിച്ചു കേൾപ്പിക്കുമായിരുന്നു. എനിക്കും ആ കഥകളോടും കഥാകാരനോടും ആരാധന തോന്നി. പിന്നെ ആ കഥകൾ വായിക്കുവാൻ ഞാൻ മലയാളം പഠിച്ചു."
ഞാൻ "കുട്ടിയുടെ കുടുംബം?"
അവൾ "ഡെൽഹിയിൽ ആയിരുന്നു. പപ്പ എട്ട് വർഷം മുൻപ് കാൻസർ വന്ന് മരിച്ചു. മമ്മി നാലുവർഷം മുൻപ് അതേ അസുഖം പിടിച്ച് മരിച്ചു.
പപ്പയുടെ ബിസിനസിന്റെ ഉടമ ഇപ്പോൾ ഞാനാണ്. ഡോക്ടർ കൂടിയായ ചിറ്റപ്പൻ ഇപ്പോൾ അതൊക്കെ നോക്കി നടത്തുന്നു."
ഞാൻ "ഇപ്പോൾ ഇവിടെ, ഗോവയിൽ?"
അവൾ "സർ ഇവിടെ വരുന്നതറിഞ്ഞ് കാണാൻ വേണ്ടി വന്നു. ഇനിയും സർ പത്തുദിവസം കൂടി ഇവിടെയില്ലേ? അതുവരെ ഞാൻ ഇവിടെ കാണും. താങ്കൾക്കൊപ്പം."
ഞാൻ ഉറക്കെ പൊട്ടിച്ചിരിച്ചു.
ഞാൻ " ഈ കള്ളം ഒക്കെ പറയാൻ ആരാണ് നിന്നെ എന്റെ അടുത്ത് വിട്ടത്? നീ ആര് ? കോൾഗേൾ ആണോ?"
അവൾ "സർ അങ്ങനെ പറയരുത്. ഞാൻ അത്തരക്കാരി അല്ല. സർ അങ്ങനെ വിചാരിക്കരുത്."
ഞാൻ " പിന്നെ തനിക്ക് എന്നോട് പ്രേമം തോന്നിയോ?"
അവൾ "ഞാൻ എന്റെ പപ്പയെ സറിൽ കാണുന്നു."
അവൾ കരയാൻ തുടങ്ങി. അവൾ കരയുമ്പോൾ എന്റെ മകളുടെ മുഖം എന്റെ മുന്നിൽ തെളിയുന്നു. ഞാൻ അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട്‌ ചോദിച്ചു,
"ഞാൻ ഇവിടെ വരുന്ന കാര്യവും എന്റെ യാത്രയുടെ വിശദമായ വിവരങ്ങളും കുട്ടിക്ക്‌ എവിടെ നിന്ന് കിട്ടി ?"
അവൾ "ഞാൻ സറിന്റെ ഫേസ് ബുക് ഫ്രണ്ട് ആണ്. താങ്കൾക്ക് ചെക്ക് ചെയ്യാം. താങ്കൾ ഏതോ സുഹൃത്തിനിട്ട കമന്റിൽ യാത്രയുടെ വിവരങ്ങൾ ഇട്ടിരുന്നു. എനിക്കും കോളേജിൽ അവധി ആയിരുന്നു. ഡൽഹിക്ക് പോകാൻ ഫ്ലൈറ് ടിക്കറ്റും എടുത്തിരുന്നു. അപ്പോൾ ആണ് സർ വരുന്നത്‌ അറിഞ്ഞത്. പിന്നെ ടിക്കറ്റ് ക്യാൻസൽ ചെയ്ത് സർ വരുന്നതിന് ഒരു ദിവസം മുൻപേ ഞാൻ ഗോവയിൽ എത്തി. മറ്റൊരു ഹോട്ടലിൽ ആയിരുന്നു. താങ്കൾ ഡൽഹി എയർ പോർട്ടിൽ എത്തിയത് മുതൽ ഈ ഹോട്ടലിൽ ചെക്ഇൻ ചെയ്‌തത്‌ വരെ ഫേസ് ബുക്കിൽ നിന്ന് വിവരം കിട്ടുന്നുണ്ടായിരുന്നു. അങ്ങനെ ഞാൻ ഈ ഹോട്ടലിൽ മുറിയെടുത്തു,"
എനിക്കതിശയം തോന്നി. ഞാൻ ചെല്ലുന്നിടത്തൊക്കെ ഏതെങ്കിലും വിചിത്ര സ്വഭാവമുള്ള ആളുകൾ എന്നെ പിന്തുടരുന്നു. ഇവിടെയും ഈ പെൺകുട്ടിയുടെ രൂപത്തിൽ. എന്തായാലും അവളെ കൂടെ കൂട്ടാൻ തന്നെ തീരുമാനിച്ചു. രണ്ടു വ്യവസ്ഥകൾ മാത്രം. അതിൽ ആദ്യത്തേത് ശരിയായി, അവൾക്കും എന്നെപ്പോലെ അര വട്ടുണ്ട്. രണ്ടാമത്തേത് ഞാൻ അവളോട്‌ പറഞ്ഞു.
"ഈ സർ വിളി നിർത്തണം. വേണമെങ്കിൽ പേരോ, അങ്കിൾ എന്നോ, അമ്മാവനെന്നോ, പപ്പ എന്നോ വിളിക്കാം. ഞാൻ ഗോവയിൽ ഉള്ള അത്രയും ദിവസം എന്റെ കൂടെ കൂടിക്കോളു. ഞാൻ കാണിക്കുന്ന ചില വട്ടത്തരം ഒക്കെ സഹിക്കാമെങ്കിൽ."
അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. എന്നെ കെട്ടിപ്പിടിച്ച് എന്റെ കവിളിൽ ചുംബിച്ചു.
ഞാൻ "ഇന്നുച്ചയ്ക്ക് ചെക്ക് ഔട്ട് ചെയ്ത് പനാജിയിലേക്ക് പോകുന്നു. ഒരുങ്ങിക്കോളൂ."
ഏതാണ്ട് വൈകിട്ട്‌ മണ്ഡോവി നദിക്കരയിലെ, നേരത്തെ ബുക്ക് ചെയ്ത ഹോട്ടലിൽ എത്തി. അവൾക്കായി മുറി ഒഴിവില്ല.
ഞാൻ "പേടി ഇല്ലങ്കിൽ എന്നോടൊപ്പം കൂടിക്കോ. അല്ലെങ്കിൽ മറ്റേതെങ്കിലും ഹോട്ടലിൽ നോക്കാം."
അവൾ "ഞാൻ പപ്പയുടെ കൂടെ കഴിഞ്ഞോളാം."
ഞാൻ "അതിന് ഇനി സ്വർഗ്ഗത്തിലാണോ അതോ നരകത്തിലാണോ നിന്റെ പപ്പ?"
അവൾ എന്നെ തൊട്ടുകൊണ്ട് "ഈ പപ്പയുടെ കൂടെ."
ഞാൻ "ഞാൻ രാത്രി കൂർക്കം വലിക്കും. രാത്രി പ്രേതത്തെ പിടിക്കാൻ പോകും. പ്രേതങ്ങൾ എന്നെ തേടി വരും."
അവൾ "അതിന്‌ ഞാൻ പ്രേതം ആണല്ലോ."
ഇനി സത്യത്തിൽ ഇവൾ പ്രേതമാണോ? അകാൻ സാധ്യത ഉണ്ട്.
മുറിയിലെത്തിയ ഞാൻ എന്റെ പുറകിൽ നിന്ന അവളെ ഒന്ന്‌ തിരിഞ്ഞു നോക്കി. ഇനി എപ്പോഴാണോ ഇവൾ എന്റെ കഴുത്തിൽ കടിച്ച് രക്തം ഊറ്റി കുടിക്കുന്നത്.
ഒരു ബന്ധവും ഇല്ലാത്ത ഒരു പെൺകുട്ടിക്കൊപ്പം ഇനി ഏതാണ്ട് പത്തുദിവസം രാപകൽ കഴിയുക. ആ പെൺകുട്ടിക്ക് പേടി ഇല്ലെങ്കിൽ ഞാൻ എന്തിന് പേടിക്കണം. ഇനി ആ കുട്ടി എടുത്തുകൊണ്ട് പോകാനായാലും എന്റെ കുറച്ച് തുണികളു, രണ്ടായിരം രൂപയും, കൈയ്യിൽ കിടക്കുന്ന മോതിരവും, ക്രെഡിറ്റ് കാർഡും, ക്യാമറയും അല്ലാതെ വേറൊന്നുമില്ല.
അവൾക്കൊപ്പം ആടി, പാടി. ചില രാത്രികളിൽ നദീതീരത്തെത്തുന്ന ചില കൂട്ടായ്മകളുടെ കൂടെക്കൂടി പോർച്ചുഗീസ് സംഗീതഗത്തിനും, വാദ്യ മേളങ്ങൾക്കും ഒപ്പം ചേർന്നു ചുവടുകൾ വച്ചു. ആവോളം ഫെനി നുകർന്നു , അവളും ഞനും. ഗോവൻ ശൈലിയിൽ സാരിയുടുത്ത സുന്ദരിമാരുടെ വടിവൊത്ത മേനിയിൽ തഴുകിയും, വിരലുകൾ ഓടിച്ചും നൃത്തം ചെയ്തു. കുടിയും താളമേളങ്ങളും രാവിലെ മൂന്ന്‌ നാലു മണി വരെ തുടർന്നു. പിന്നെ കിടന്നുറങ്ങി. പകൽ എഴുതി.
അന്ന് അമാവാസി ആയിരുന്നു. നദിക്കരയിൽ രാത്രി മുഴുവൻ കിടക്കാൻ തോന്നി.അവളോട് വേണമെങ്കിൽ കൂടെ വരുകയോ അല്ലെങ്കിൽ മുറിയിൽ തങ്ങാനോ പറഞ്ഞു. തലേ ദിവസം പഴയ ഗോവയിലെ പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന ഫ്രാൻസിസ് സേവ്യറുടെ ഭൗതിക ശരീരം കാണാൻ പോയിരുന്നു.
അവളൊത്ത് നദീതീരങ്ങളിലും തെരുവുകളിലും ആത്മാക്കളെ തേടി അലഞ്ഞു. പ്രേതം എന്നു കരുതി പലരുടെയും പുറകെ ഓടി നിരാശരായി. അപ്പോൾ അതാ ഒരു മണിനാദം. അതാ മുന്നിൽ കൂടി മണിയും കിലുക്കി ഒരു പാതിരി പോകുന്നു. അദ്ദേഹത്തിന്റെ നടത്തയ്ക്കു അമാനുഷിക വേഗം. ചിലർ അദ്ദേഹത്തെ പിന്തുടരുന്നു. ളോഹ താഴെ കിടന്ന് ഇഴയുന്നതിനാൽ കാലുകൾ തറയിൽ മുട്ടിയിട്ടുണ്ടോ എന്ന്‌ അറിയാൻ പറ്റുന്നില്ല. ഫ്രാൻസിസ് സേവ്യർ ഗോവയിലെ തെരുവുകളിൽക്കൂടി ഒരു ചെറുമണിയും കിലുക്കി പോകുമ്പോൾ ആളുകൾ അദ്ദേഹത്തെ പിൻതുടർന്ന്, അടുത്ത മുക്കിൽ നിന്നുകൊണ്ട് സുവിശേഷ പ്രസംഗം നടത്തുകയും, തനിക്ക് വശമില്ലെങ്കിലും പഠിച്ചെടുത്ത കൊങ്കിണി ഭാഷയിൽ അനുയായികളുമായി സംവദിക്കുന്നതും പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഗോവയുടെ തെരുവുകളിൽ നിത്യക്കാഴ്ച ആയിരുന്നു.
ഞങ്ങൾ ആ രൂപത്തിന്റെയും, അനുയായികളുടേയും പുറകെ ഓടി. അത് ഫ്രാൻസിസ് സേവ്യറുടെ ആത്മാവായിരിക്കാം എന്ന് ഓടി കിതച്ചുകൊണ്ട് ഞാൻ പറഞ്ഞപ്പോൾ അവൾ എന്റെ കൈയിൽ മുറുകെ പിടിച്ചു. അടുത്ത മുക്കിൽ എത്തിയപ്പോൾ ആ വൃദ്ധനായ പുരോഹിതൻ അവിടെയുള്ള ട്രാഫിക്ക് ഐലെൻഡിൽ കയറി സ്പാനിഷ് കലർന്ന ഇംഗ്ലീഷിൽ സുവിശേഷ പ്രസംഗം തുടങ്ങി. ചുറ്റിലും അഞ്ച് വൃദ്ധന്മാരും നാല് വൃദ്ധകളും ഇരുന്ന്‌ ആ പ്രസംഗം കേൾക്കുന്നു.
ആ കവലയിലെ മെർക്കുറി വിളക്കിന്റെ പ്രഭയിൽ അവരുടെ എല്ലാം മുഖങ്ങൾ ഏതോ പ്രേതാത്മാക്കൾ ആവേശിച്ചതുപോലെ തിളങ്ങി.
അവൾ പേടിച്ചുവിറച്ച് എന്നെ മുറുകെ പിടിച്ച് 'പപ്പാ പോകാം' എന്നുപറഞ്ഞ് വാശി പിടിച്ചു. ഒഴിഞ്ഞു വന്ന ഒരു ഓട്ടോയ്ക്ക്‌ അവൾ കൈ കാണിച്ച് നിർത്തി. ഞങ്ങൾ അതിൽ കയറി. അയാൾ തിരിഞ്ഞു നോക്കി എവിടെയാണ്‌ പോകേണ്ടത് എന്ന്‌ ചോദിച്ചു. ഞാൻ ഹോട്ടലിന്റെ പേരുപറഞ്ഞു. അയാൾ തിരിഞ്ഞു നോക്കിയപ്പോൾ അയാളുടെ പല്ലുകൾ ഇല്ലാത്ത മോണയും, ചുളിവുകൾ വീണ മുഖവും ആ മെർക്കുറി വിളക്കിന്റെ പ്രഭയിൽ തിളങ്ങി. അവൾ എന്നെ മുറുകെ പിടിച്ചു. ഇരുളടഞ്ഞ ഇടവഴികളിലൂടെ അയാൾ ഓട്ടോ പായിച്ചു. ഹോട്ടലിന്റെ മൂന്നിൽ എത്തിയതോടെ അവൾ ആശ്വാസം കൊണ്ട് നെടുവീർപ്പിട്ടു.
റിസപ്ഷനിൽ നിന്ന ഹോട്ടൽ ജീവനക്കാരനോട് ഞാൻ കണ്ട കാഴ്ച്ചകൾ പറഞ്ഞു. അയാൾ ഉറക്കെ ചിരിച്ചു കൊണ്ട്‌ പറഞ്ഞു,
"അത് ഫാദർ ജോൺ എന്ന കത്തോലിക്കാ സഭയിലെ അച്ചൻ ആണ്. 1994 ൽ ഫ്രാൻസിസ് സേവ്യറുടെ ഭൗതികദേഹം പുറത്തെടുത്തപ്പോൾ അവിടെ അദ്ദേഹവും ഉണ്ടായിരുന്നു. ഫ്രാൻസിസ് സേവ്യർ അദ്ദേഹത്തിൽ ആവേശിച്ചതായി സ്വയം വിശ്വസിക്കുന്നു. അന്നുമുതൽ സേവ്യറുടെ പോലെ വസ്ത്രധാരണം ചെയ്ത് ഒരു ചെറിയ മണിയും കിലുക്കിരാത്രികാലങ്ങളിൽ ഗോവയുടെ പല തെരുവുകളിലും കറങ്ങി സുവിശേഷ പ്രസംഗം നടത്തുന്നു. ചുരുക്കം ചിലർ അദ്ദേഹം ഫ്രാൻസിസ് സേവ്യറുടെ പുനഃർജന്മമായി തന്നെ കരുതുന്നു.
തിരികെ പോകാനുള്ള ദിവസം അടുത്തു. അടുത്ത ദിവസം പോകണം. അവളുടെ മുഖത്ത് മ്ലാനത പടർന്നു. ഞാൻ അടുത്ത ദിവസം രാവിലെ എട്ടുമണിക്ക് ടാക്സിയിൽ ഷിമോഗയ്ക്കു പോക്കും. പോകുന്ന വഴി ഭീംഗഡിലും അല്പം വിശ്രമിക്കണം. അവളെ വിമാനത്താവളത്തിൽ വിടണം. അവളെ പിരിയാൻ എനിക്കും വിഷമം തോന്നി.
ഞാൻ നേരത്തെ കിടന്നുറങ്ങി. അവൾ ഉണർന്നിരിക്കുക ആയിരുന്നു. കുറേ കഴിഞ്ഞ് ഞാൻ ഉണർന്നപ്പോൾ അവൾ എന്റെ മകളേപ്പോലെ എന്റെ മാറിൽ തല വെച്ചുറങ്ങുന്നു. എന്റെ ഉടുപ്പ് അവളുടെ കണ്ണുനീർ വീണ് നനഞ്ഞിരിക്കുന്നു. അവളെ ഉണർത്താതെ ഞാൻ വീണ്ടും ഉറങ്ങി. രാവിലെ ആറുമണിക്ക് എഴുന്നേറ്റു. അവളെ കാണുന്നില്ല. അവൾ കിടന്ന സ്ഥലത്ത് ഒരു ചുവന്ന റോസാപ്പൂവും അതിനു താഴെ അവൾ എഴുതിയ ഒരു കത്തും, രണ്ടുപഴയ ഡയറികളും.
അവൾ "പ്രിയപ്പെട്ട പപ്പ. എന്നോട് ക്ഷമിക്കണം. ഞാൻ എന്നെക്കുറിച്ചു പലതും മറച്ചു വെച്ചു. നമ്മൾ പിരിയുന്ന ആ നിമിഷം ഓർക്കാൻ കൂടി കഴിയാത്തതിനാൽ ഞാൻ പോകുന്നു."
ഞാൻ റിസപ്ഷനിൽ വിളിച്ച് അവളെപ്പറ്റി ചോദിച്ചപ്പോൾ രാവിലെ നാലുമണിക്ക് ടാക്സി വിളിച്ച് വിമാനത്താവളത്തിലേക്ക് പോയതായി പറഞ്ഞു.
കത്തിന്റെ ബാക്കി ഞാൻ വായിക്കുവാൻ തുടങ്ങി.
" ഞാൻ അങ്ങയുടെ കീഴിൽ ജോലി ചെയ്ത സുരേന്ദർ ശർമ്മയുടെ മകളാണ്. ഏതോ കൃത്യ വിലോപത്തിന് കമ്പനി പപ്പയെ പുറത്താക്കി. എന്നാലും അങ്ങയെക്കുറിച്ച് പപ്പക്ക് വലിയ മതിപ്പായിരുന്നു. അദ്ദേഹത്തിന്‌ വലിയ കുറ്റബോധവും ഉണ്ടായിരുന്നു. അങ്ങയുടെ കൂടെ ജോലി ചെയ്‌ത കാലത്തെഴുതിയ രണ്ട് ഡയറികൾ ഞാൻ ഇവിടെ വയ്ക്കുന്നു. അദ്ദേഹം മരിക്കുന്നതിന് മുൻപ് ഈ ഡയറികൾ മമ്മിയ്ക്ക് കൈമാറി. മമ്മി മരണ ശയ്യയിൽ വെച്ച് ഈ ഡയറികൾ ലോക്കറിൽ വെച്ചിട്ടുണ്ടെന്നും അവിടെ നിന്ന് എടുത്തുകൊള്ളണമെന്നും പറഞ്ഞു.
പപ്പയുടേയും താങ്കളുടേയും ഒരു പഴയ ഫോട്ടോയും വെച്ചിട്ടുണ്ട്."
അതേ, ഏതാണ്ട് ഇരുപതു വർഷം മുൻപ് ഞാൻ മാനേജർ ആയി ജോലി നോക്കുന്ന കാലം.ഞാൻ നോക്കിയിരുന്ന പല വിഭാഗങ്ങളിൽ ഒരു വിഭാഗത്തിൽ അസിസ്റ്റൻറ് മാനേജർ ആയി സുരേന്ദർ ശർമ്മ വന്നു. ഏതാണ്ട് ഒന്നര വർഷം എന്റെ കൂടെ അയാൾ ജോലി ചെയ്തു. ഒരുപാട് അവധി എടുക്കുകയും, ചെയ്യുന്ന പണിയിൽ പല തെറ്റുകളും ഉണ്ടാകുന്നതിനാൽ ഞാൻ പലപ്പോഴും അയാളെ വഴക്കു പറയുമായിരുന്നു. ഒരിക്കൽ അയാൾ എന്റെ അടുത്ത് വന്ന് കുറേ കരഞ്ഞു. വിവാഹം കഴിഞ്ഞ് ആറു വർഷം ആയെങ്കിലും കുട്ടികൾ ഇല്ലെന്നും ഭാര്യയെ പല ഗൈനക്കോളജിസ്റ്റുകളേയും കാണിച്ചുവെന്നും, ഫലം ഒന്നും കിട്ടുന്നില്ലെന്നും അയാൾ പറഞ്ഞു. ഇപ്പൊൾ ഭാര്യ പലപ്പൊഴും ഭ്രാന്തിയെപ്പോലെ വഴക്കുണ്ടാക്കുന്നുവെന്നും, ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്നും അയാൾ പറഞ്ഞു. ഞാൻ അയാൾക്ക് ഒരു മാതൃകാ പുരുഷൻ ആണെന്നും, എന്റെ ബുദ്ധിശക്തിയിൽ അസൂയ തോന്നാറുണ്ടെന്നും അയാൾ കൂട്ടിച്ചേർത്തു.
പിന്നീടൊരിക്കൽ ഞാൻ അവധിയിൽ ആയിരുന്ന സമയത്ത് അയാൾ ഹെഡ് ഓഫീസിലേക്കയച്ച സുപ്രധാനമായ ഒരു റിപ്പോർട്ടിൽ ഏതോ വലിയ തെറ്റുകണ്ടുപിടിക്കുകയും അയാളെ കമ്പനി പുറത്താക്കുകയും ചെയ്‌തു. പിന്നീട് അയാൾ രണ്ടു പ്രാവശ്യം ഫോണിൽ സംസാരിച്ചിരുന്നു. ഒരു തവണ അയാൾക്ക്‌ ഒരു പെൺകുട്ടി ഉണ്ടായപ്പോൾ. പിന്നെ സ്വന്തമായി ഏതോ വ്യവസായം തുടങ്ങിയെന്നുപറയുവാൻ. അതുകഴിഞ്ഞ് ആരോപറഞ്ഞു ക്യാൻസർ ബാധിച്ച് അയാൾ മരിച്ചുവെന്ന്.
ഞാൻ ആ ഡയറികൾ വായിച്ചു. വളരെ ചെറിയ സംഭവങ്ങൾ പോലും അയാൾ എഴുതി വെച്ചിരിക്കുന്നു. എന്നെ പലയിടത്തും 'ബോസ്സ്' എന്നാണ് എഴുതിയിരിക്കുന്നത്. അവസാന ഭാഗത്ത് ഡെൽഹിയിൽ എവിടെയോ കുട്ടികൾ ഉണ്ടാകാത്തവരെ ചികിത്സിയ്ക്കുന്ന പ്രമുഖമായൊരു ആശുപത്രിയിൽ പോയതായും കുഴപ്പം അയാളുടേതാണെന്നും, കൃത്രിമ ബീജസങ്കലനത്തിലൂടെ ഏതെങ്കിലും പുരുഷ ബീജ ദാതാവിന്റെ ബീജം ഉപയോഗിക്കേണ്ടി വരുമെന്നും, അതു ഭാര്യ ഉൾപ്പെടെ ആരും അറിയരുതെന്ന് തനിക്ക് നിർബന്ധമുണ്ടെന്നും എഴുതിയിരിക്കുന്നത് വായിച്ചപ്പോൾ തന്നെ ബാക്കി വായിക്കേണ്ട ആവശ്യം ഇല്ലെന്ന് മനസ്സിലായി. തന്റെ ഡോക്ടർ ആയ അനുജൻ പുരുഷ ബീജത്തിലെ ഡി .എൻ. എ ഘടനയെക്കുറിച്ചുള്ള ഏതോ ഗവേഷണത്തിന് വേണ്ടിയുള്ള ബീജ,രക്ത സാമ്പിൾ ശേഖരണത്തിനുവേണ്ടി എന്നുപറഞ്ഞ് സുരേന്ദർ എന്റെ ബീജ, രക്ത സാമ്പിളുകൾ ചോദിച്ച് വാങ്ങിയത് ഓർമ്മ വന്നു.
A story by ......................ഷാജു വിജയൻ

സുഹൃത്തേ നിനക്കായി.......കഥ ( A Story by Shaju Vijayan )

സുഹൃത്തേ നിനക്കായി.......കഥ ( A Story by Shaju Vijayan )
****************************************************************
വളരെ ദിവസങ്ങൾക്ക് ശേഷമായിരുന്നു ആ ഫോൺ വിളി. എനിക്ക് പരിചയമില്ലാത്ത നമ്പർ. ഇരുചക്ര വാഹനങ്ങളും, കാറുകളും വർഷത്തിൽ ഒന്നോ രണ്ടോ തവണ മാറുന്നത് നീ ഒരു ശീലം ആക്കിമാറ്റിയതിനാൽ മൊബൈൽ ഫോൺ വന്നതോടെ എല്ലാ ആറുമാസം കൂടുമ്പോഴും സിമ്മും, നമ്പറും മാറുന്നതും നിനക്കൊരു ഹരം ആയിരുന്നു. സംസാരിച്ച ശേഷം ഫോൺ വെച്ച ഞാൻ ഒരു ഉച്ചയുറക്കത്തിന് കിടന്നെങ്കിലും നമ്മൾ പരിചയപ്പെട്ട ആദ്യദിവസം തൊട്ട് എന്റെ സ്‌മൃതി പഥങ്ങളിലൂടെ കടന്നുപോയി.
അന്ന് എനിക്കു തോന്നുന്നു, ഞാനും നീയും ഒൻപതാം ക്ലാസ്സിൽ ആയിരുന്നു എന്ന്. നിന്നെ ഞാൻ കണ്ടിട്ടുണ്ടായിരുന്നു. ഒരു പക്ഷെ സ്കൂളിൽ വെച്ചല്ലായിരുന്നു. വെളിയിൽ എവിടെ വെച്ചൊക്കെയോ നീ എന്നെപ്പോലെയുള്ള കുട്ടികൾക്ക് അപ്രാപ്യം ആയിരുന്ന ബി എസ്സ് എ സൈക്കിളിൽ ആ സമയത്തെങ്ങോ നടന്നിരുന്ന ന്യൂ ഡൽഹി ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം ആയിരുന്ന അപ്പു എന്ന ആനക്കുട്ടിയേ ഓർമ്മിപ്പിച്ചു കൊണ്ട്‌ കടന്നു പോകാറുണ്ടായിരുന്നു. ഒരിക്കൽ ഞാനും അമ്മയും, അമ്മയുടെ സഹപ്രവർത്തകയായ ഒരു അധ്യാപികയും ബസ് കാത്തുനിൽക്കുമ്പോൾ നീ അതിലെ സൈക്കിൾ ചവിട്ടി പോയി. നീ തിരിഞ്ഞ് തിരിഞ്ഞ് അവിടെ നിന്ന എന്റെ അമ്മയയുടെ കൂടെയുള്ള ടീച്ചരോട് പല്ലുകാട്ടി ചിരിച്ചുകൊണ്ട് പോയി. നിന്റെ തടിയും ചുരുണ്ട മുടികളും ചിരിയും ഒക്കെ വശ്യമായിരുന്നിരിക്കാം, പക്ഷെ ഒരു കാരണവുമില്ലാതെ എനിക്ക് നിന്നോട് വെറുപ്പാണ് തോന്നിയത്.
' ഈ കുട്ടി ഏതെന്ന' അമ്മയുടെ ചോദ്യത്തിന് ആ ടീച്ചർ ഇങ്ങനെ മറുപടി പറഞ്ഞു,
"ഇതാണ് അരുൺ. അടൂർ ഗവണ്മെന്റ് യു പി എസ്‌സിൽ ഞാൻ ഇവനെ പഠിപ്പിച്ചിട്ടുണ്ട്. ടീച്ചർ അറിയുമായിരിക്കും പെരിങ്ങനാട് സ്കൂളിലെ സൗദാമിനി ടീച്ചറുടെ മകനാണ്. ഇവന്റെ അച്ഛൻ റെവന്യൂ വകുപ്പിൽ ഡെപ്യൂട്ടി തഹസിൽദാർ ആയ കുഞ്ഞുപിള്ള സാറാണ്. ഒറ്റ മകൻ, അവന്റെ ഏതാഗ്രഹവും സാധിച്ചു കൊടുക്കും, അത്‌ കഴിക്കാനായാലും, മറ്റെന്തെങ്കിലും സാധനം വേണമെന്ന് പറഞ്ഞാലും. പക്ഷെ നല്ല സ്നേഹവും, വിനയവും ഉള്ള കുട്ടിയാണ്. പഠിക്കാനും മിടുക്കനാണ്."
അമ്മ. "സൗദാമിനി ടീച്ചറെ കണ്ടിട്ടുണ്ട്, ചില മീറ്റിംഗുകളിലും ട്രെയിനിങ്ങുകളിൽ വെച്ചും. കണ്ടാൽ ചിരിക്കും എന്നല്ലാതെ അങ്ങനെ പരിചയം ഇല്ല."
അടുത്തക ദിവസം, സ്കൂൾ ടോപ്പറായും, സ്കൂളിലെ പ്രസംഗ മത്സരം, കവിത എഴുത്ത്, കഥയെഴുത്ത് തുടങ്ങിയവയിൽ ഒന്നാം സ്ഥാനക്കാരനായും ഉള്ള എന്റെ സ്ഥാനങ്ങളുടെ തലയെടുപ്പും, അഹന്തയും, ഗമയും ഒക്കെയായി തേങ്ങ അല്ലെങ്കിലും ഓരോ വെള്ളയ്ക്കാ കക്ഷത്തിൽ തിരുകി വെച്ചമാതിരി കൈ രണ്ടു വശങ്ങളിലോട്ടും പൊന്തിച്ച്, പല തുണ്ടുകളിലായി നിന്ന സ്കൂളിന്റെ ഒരു തുണ്ടിൽ നിന്നു താഴേ തട്ടിലേക്ക് ഞാൻ പടികൾ ഇറങ്ങി വരികയായിരുന്നു. അപ്പോൾ അതാ ആ ഏഷ്യാഡപ്പു സൈക്കിളിൽ. നിന്നെ നോക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചെങ്കിലും നീ സൈക്കിൾ തിരിച്ചുകൊണ്ടുവന്ന്‌ വെളുക്കെ ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു
"ഷാജു വാസന്തി ടീച്ചറിന്റെ മോനാ, അല്ലേ?"
നിനക്ക്‌ എന്നെ മത്രമല്ല എന്റെ എല്ലാ വിവരവും അറിയാം എന്നത്‌ എന്നെ ആദ്‌ഭുതപ്പെടുത്തി. എന്നിലെ അഹന്ത നിന്റെ തുറന്ന സ്വഭാവത്തിനും വിനയത്തിനും മുൻപിൽ ജാള്യതയോടെ പത്തി മടക്കി. പിന്നീട് ഞാൻ നിന്നെ സ്കൂളിൽ കണ്ടതായി ഓർമ്മയില്ല. നിന്നെക്കുറിച്ച് ഞാനും മറന്നു.
പിന്നെ നിന്നേ ഞാൻ കാണുന്നത് പത്താം ക്ലാസ് കഴിഞ്ഞ് പ്രീഡിഗ്രിക്ക്‌ ചേരുന്നതിനു മുൻപ്, അതായത് എസ് എസ് എൽ സി പരീക്ഷയുടെ ഫലം വരുന്നതിനു മുൻപ് പന്തളത്തുള്ള ഒരു ട്യൂഷൻ സെന്ററിൽ വെച്ചാണ്‌. ആ ദിവസം നീ ക്ലാസ് തുടങ്ങി ഏതാണ്ട് പതിനഞ്ചു മിനിറ്റ് വൈകി ക്ലാസ്സിലേക്ക് വരുമ്പോൾ ക്ലാസ്സിൽ ആകെ ഒരു ഇളക്കം. പെൺകുട്ടികൾ ഉൾപ്പെടെ 'അരുൺ, അരുൺ' എന്ന്‌ പറഞ്ഞുകൊണ്ട് നിന്നെ തിരിഞ്ഞു നോക്കുമ്പോൾ നിന്നെക്കാളും ഏതാണ്ട് രണ്ടാഴ്ച മുൻപ് അവിടെ ചേർന്ന എന്നെക്കാട്ടിലും കൂടുതൽ നിന്നെ കുട്ടികൾ അറിയും എന്നതുകണ്ട് എനിക്ക് അസൂയ തോന്നി.
നിന്നോട് അസൂയ തോന്നിയതിനാൽ ആവാം പഠിപ്പിച്ചു കൊണ്ടിരുന്ന ചെറുപ്പക്കാരനായ ജീവശാസ്ത്ര അധ്യാപകൻ ഇങ്ങനെ ചോദിച്ചത്.
" അരുൺ പറയൂ. സസ്യങ്ങളും ജന്തുക്കളും തമ്മിൽ , ഉദാഹരണത്തിന് ഒരു ചെമ്പരത്തിയും, ഒരു പട്ടിയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെയാണ്?"
നിന്റെ മറുപടി വളരെപ്പെട്ടെന്നായിരുന്നു "പട്ടി കുരക്കും സാർ, ചെമ്പരത്തി കുരക്കുകയില്ല."
ഇളിഭ്യനായ ആ അധ്യാപകൻ പിന്നെ ജീവിതത്തിൽ ആ ചോദ്യം ആരോടും ചോദിച്ചുകാണില്ല. ചിരികൊണ്ട് ക്ലാസ് മുഴുവൻ ഇളകിമറിഞ്ഞു. ഇടവേളയ്ക്ക് ക്ലാസ് വിട്ട് കുട്ടികൾ പുറത്തുവന്നു. നീ എല്ലാവരുടെയും മദ്ധ്യബിന്ദു പോലെ നിലകൊണ്ടു. ഞാൻ മാത്രം മാറി നിന്നു. നീ എന്റെ അടുത്തേയ്ക്ക് വന്നു. എസ് എസ് എൽ സിയ്ക്ക് റാങ്ക് കിട്ടുമോ എന്ന്‌ എന്നോട് ചോദിച്ചുകൊണ്ട് നീ എന്റെ പഠിത്തത്തിൽ ഉള്ള കഴിവ് എല്ലാവരോടുമായി പങ്കുവെച്ച് അവരെ പരിചയപ്പെടുത്തി. പത്താം ക്ലാസ്സിലെ റിസൾട്ട് വന്നപ്പോൾ എന്റെ ഉയർന്ന മാർക്കിനെ കുറിച്ച് എന്നെക്കാൾ കൂടുതൽ ആഹ്ലാദിച്ചത് നീ ആയിരുന്നു.
കോളേജിൽ പ്രീ ഡിഗ്രിയ്‌ക്ക്‌ ചേർന്നപ്പോൾ നമ്മൾ വേറെ വേറെ ഗ്രൂപ്പുകൾ ആയിരുന്നു. എന്നാലും കിട്ടുന്ന ഇടവേളകളിൽ നാം ഒരുമിച്ചു നടന്നു. ഒരുപക്ഷേ ഞാൻ തന്നെ അറിയാതെ നീയും ഞാനും ഏറ്റവും നല്ല സുഹൃത്തുക്കൾ ആകുകയായിരുന്നു. പല കാര്യങ്ങളിലും എന്റെയും നിന്റെയും ചിന്തകൾക്ക്‌, ഭൂരിഭാഗം അൾക്കാരിൽ നിന്നും ഉള്ള വ്യത്യസ്ഥത ആയിരിക്കാം ഒരുപക്ഷേ നമ്മളെ അടുപ്പിച്ചത്.
നമ്മുക്ക്‌ സയാമീസ് ഇരട്ടകളെന്നും, നിഴലുകൾ എന്നും ബാക്കി കുട്ടികൾ പേരിട്ടു. കുട്ടികൾ ഏതെങ്കിലും കാര്യത്തിന്, അവരുടെ വീട്ടിലേക്കോ, ക്രിസ്‌മസ്‌ ആഘോഷത്തിനോ, അവരുടെ നാട്ടിലെ ഉത്സവങ്ങൾക്കോ നമ്മളിൽ ഒരാളെ മാത്രം വിളിച്ചാൽ നമ്മൾ പോകുകയില്ലായിരുന്നു. അതിനാൽ വിളിക്കുന്നവർ അത് നിയുമായി അടുത്ത ആളായാലും, ഞാനുമായി അടുത്ത ആളായാലും രണ്ടുപേരേയും വിളിക്കുക പതിവാക്കി.
ട്യൂഷൻ സെന്ററിലെ പഠിത്തം നിർത്തി നമ്മൾ പൊതുവായ വിഷയങ്ങൾക്ക് കോളേജിലെ ചില അദ്ധ്യാപകരുടെ വീട്ടിൽ ട്യൂഷന് പോകാൻ തുടങ്ങി. ഗണിതശാസ്ത്രത്തിലേയും, ഊർജ്ജതന്ത്രത്തിലെയും ചോദ്യങ്ങൾ ഞാൻ എടുക്കുന്നതിലും പകുതി സമയം കൊണ്ട് ഉത്തരം കണ്ടുപിടിച്ച്, നീ തമാശ പറഞ്ഞ് ബാക്കിയുള്ളവരെ ചിരിപ്പിക്കുമ്പോൾ പലപ്പോഴും ഞാൻ അസൂയപ്പെട്ടിട്ടുണ്ട്. പക്ഷെ പരീക്ഷ വരുമ്പോൾ ഞാൻ മുഴുവൻ മാർക്കും വാങ്ങുമ്പോൾ നീ കഷ്ടിച്ചുജയിക്കുന്നതിന്റെ കാരണം എനിക്കിന്നും അറിയില്ല. പക്ഷെ എന്റെ വിജയങ്ങൾ ആഘോഷിക്കാൻ നീ എപ്പോഴും മുൻകൈ എടുത്തു.
അങ്ങനെ പ്രത്യേകിച്ച് രാഷ്ട്രീയം ഒന്നും ഇല്ലായിരുന്നു ഞാൻ എന്റെ വീട്ടിലെ വലതുപക്ഷ ചിന്താഗതിയേ തുടർന്നപ്പോൾ, നിന്റെ ഇടതുപക്ഷ ചിന്താഗതികൾ എന്നെ, ഇടത്തുപക്ഷത്തേക്ക് നയിച്ചു. പിന്നെ നമ്മൾ ഒന്നിച്ച് പാർട്ടി യോഗങ്ങൾ, ജാഥകൾ, മുദ്രാവാക്യം വിളി, മതാധിഷ്ഠിത പാർട്ടികളുമായി അടിയും കല്ലേറും, പോസ്റ്റർ ഒട്ടിക്കൽ,പാർട്ടി ഓഫീസിൽ കിടന്നുറങ്ങുക തുടങ്ങിയ കാര്യങ്ങൾ ചെയ്തു തുടങ്ങി. ചില ചെറിയ സീറ്റുകളിൽ ജയിച്ച എന്നെ പാർട്ടിയുടെ തൊഴിലാളി യൂണിയൻ പ്രവർത്തകർ തുറന്ന ജീപ്പിൽ മാലയിട്ട് പട്ടണ പ്രദക്ഷിണം നടത്തി. ആ ജാഥകൾ നീ നയിച്ചു. ഒടുവിൽ പ്രീഡിഗ്രി ഞാൻ ഉയർന്ന മാർക്കോടെ വിജയിച്ചപ്പോൾ നീ കഷ്ടിച്ച് ജയിച്ചു. അപ്പോഴും എന്റെ വിജയം ആഘോഷിക്കാൻ നീ മറന്നില്ല.
അതിനു ശേഷം നമ്മൾ രണ്ടു കോളേജുകളിൽ ആയെങ്കിലും ട്യൂഷൻ വേളകളിൽ ഒന്നിച്ചു. ശനിയാഴ്ചകളും ഞായറാഴ്ചകളും ഒന്നുകിൽ നിന്റെ വീട്ടിലോ, അല്ലെങ്കിൽ എന്റെ വീട്ടിലോ നമ്മൾ ഒത്തുകൂടി. രണ്ടു വീടുകളിലും നമ്മൾ രണ്ടുപേരേയും ആ വീട്ടിലെ തന്നെ ആൾക്കാരയി എല്ലാവരും കണ്ടു.
എന്റെ പ്രകൃതി സ്നേഹം അറിയാവുന്ന നീ പല സ്ഥലങ്ങളിലുമുള്ള മല മുകളും, കാടും, നദീതീരവും ഒക്കെ കണ്ടുപിടിച്ചു. പല സന്ധ്യകളും നാം അവിടൊക്കെ സൂര്യാസ്തമയം കാണാൻ ചിലവഴിച്ചു. എന്റെ ഇഷ്ടങ്ങളും നിന്റെ ഇഷ്ടങ്ങളും ഏതാണ്ട് ഒരുപാലെ ആയിരുന്നു.
ബിരുദം ഞാൻ റാങ്കോടുകൂടി വിജയിച്ചപ്പോൾ നീ പരാജയപ്പെട്ടു. നിന്റെ പരാജയ കാരണം എനിക്കിന്നും മനസ്സിലാകാത്ത ഏതോ ജലഭ്രാന്തായി നിലനിൽക്കുന്നു. നിന്റെ അച്ഛൻ ഒരു ദിവസം നീ അറിയാതെ എന്നെ കണ്ടു. നിന്നെ ഒന്ന് ഉപദേശിക്കണം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. നിന്നെ ഞാൻ എന്ത് ഉപദേശിക്കാൻ.
ഞാൻ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ചേർന്നു. ബിരുദത്തിന്‌ നീ വീണ്ടും എഴുതിയെങ്കിലും വിജയിച്ചില്ല. അങ്ങനെയിരിക്കെ ഞാൻ നിന്റെ വീട്ടിൽ എത്തി. നിന്റെ അച്ഛനാണ് കതകുതുറന്നത്. അകത്ത്, പൂജാ മുറിയിൽ നിന്നും മണിയടി ശബ്ദം വന്നു. ഞാൻ നിന്നെ തിരക്കിയപ്പോൾ നീ പൂജ ചെയ്യുകയാണെന്ന് നിന്റെ അമ്മ പറഞ്ഞു. ഞാൻ ആകെ ആശ്ചര്യത്തോടെ ഇരുന്നു. എന്നെ ഇടതുപക്ഷ ചിന്താഗതിയിലേക്കും യുക്തിവാദത്തിലേയ്ക്കും ഒക്കെ നയിച്ച നീ പൂജ ചെയ്യുകയോ? ദിവസം മുഴുവനും പൂജാമുറിയിൽ നീ കഴിയുന്നുവെന്നും, ഇടക്ക് മാത്രമേ പുറത്തുവരികയുള്ളൂ എന്നും നിന്റെ അച്ഛൻ പറഞ്ഞു. കൂടെ, നിന്നെ ഒന്ന് പറഞ്ഞു മനസ്സിലാക്കുവാനും എന്നോട് അദ്ദേഹം പറഞ്ഞു.
കുറച്ചു സമയം കഴിഞ്ഞ് കൈയ്യിൽ ഒരു ചെറിയ കിണ്ടിയും അതിൽ ഇട്ട തുളസിഇലകൾ കൊണ്ട് വെള്ളം കുടഞ്ഞും നീ വെളിയിലേക്ക് വന്നു. ഞാൻ ഉറക്കെ പൊട്ടിച്ചിരിച്ചു. നീ ആ കിണ്ടിയുമായി വെളിയിലേക്ക് പോയപ്പോൾ നിന്റെ അച്ഛൻ എന്നോടായി,
"ഷാജൂ, ഇവന്റെ ഈ കിണ്ടിയും മണിയും ഒക്കെ എടുത്തെറിയാൻ എനിക്കു തോന്നും. ഈ പ്രായത്തിൽ സന്യാസത്തിനു പോകാനാണോ ഇവനെ വളർത്തിയത്?"
നീ അകത്തേയ്ക്ക് വന്ന്‌ എന്നെ വിളിച്ചുകൊണ്ട് നിന്റെ മുറിയിലേയ്ക്ക് പോയി. ഞാൻ ചിരിച്ചു ചിരിച്ച് തറയിൽ കുത്തിയിരുന്ന് ചിരിച്ചു. നീ
" എന്താടാ കോപ്പേ" എന്നു ചോദിച്ചുകൊണ്ട് എന്റെ പുറത്തിട്ടു രണ്ടു തൊഴി തന്നു. ഞാൻ താഴെകിടന്ന് ഉരുണ്ടുകൊണ്ടു ചിരിച്ചു.
ഞാൻ " എടാ കള്ളസ്വാമീ....."
അരുൺ " നീ വിചാരിച്ചോ ഞാൻ സ്വാമി ആയെന്ന്. അല്ലെങ്കിൽ അച്ഛൻ പരീക്ഷയിൽ തോറ്റ കാര്യം വാതോരാതെ പറഞ്ഞുകൊണ്ടിരിക്കും. അതിന്‌ ഞാൻ എടുത്ത പുതിയ അടവാണ്."
പിന്നീട് നിന്നെ ഞാൻ കാണുന്നത് കൊച്ചി ഐലൻഡിലെ മലബാർ ഹോട്ടലിൽ വെച്ചാണ്.അന്ന്‌ ഒരു ശനിയാഴ്ച ആയിരുന്നു. ഞാൻ ഹോസ്റ്റലിൽ കിടന്നുറങ്ങുമ്പോൾ ആരോ മുട്ടി വിളിച്ച് എനിക്ക് ഒരു ഫോൺ ഉണ്ടെന്നു പറഞ്ഞു. ഫോണിൽ മറ്റേ തലയ്ക്കൽ നീ ആയിരുന്നു. നീ അപ്പോൾ തേവരയിൽ ഉണ്ടെന്നും, ഏതോ മറൈൻ റേഡിയോ കോഴ്‌സിന് ചേർന്നെന്നും പറഞ്ഞപ്പോൾ തന്നെ എനിക്ക് തോന്നി നീ അതും പൂർത്തിയാക്കുക ഇല്ലെന്ന്‌.
ഉടൻ തന്നെ ഒരുങ്ങി മലബാർ ഹോട്ടലിൽ വരുവാനും ഒരു ഇരയെ കിട്ടിയെന്നും പറഞ്ഞപ്പോൾ തന്നെ എനിക്ക് മനസ്സിലായി ഏതോ ശുദ്ധാത്മാവ് നിന്റെ വലയിൽ വീണെന്ന്‌. ഞാൻ മലബാർ ഹോട്ടലിൽ എത്തുമ്പോൾ ഒരു പയ്യനേയും കൂട്ടി നീ ഹോട്ടലിന്റെ ലോഞ്ചിൽ ഇരിപ്പുണ്ടായിരുന്നു.
നീ എന്നെ വിളിച്ച് ഹോട്ടലിന്റെ ഗാർഡനിലേക്കു പോയി. നീ പറഞ്ഞു തുടങ്ങി. "ഒരു
പണച്ചാക്കച്ചായന്റെ ഒരേ ഒരു മകനാണ്. അപ്പന്റെ പൈസയും അടിച്ചുകൊണ്ടു ഒളിച്ചോടി വന്നതാണ്. ജോലി വേണം എന്ന് പറഞ്ഞ് ഞാൻ താമസിക്കുന്ന ലോഡ്ജിൽ വന്നു. കൊച്ചിയിലെ ഒരു പ്രമുഖ സെക്യൂരിറ്റി ഏജൻസിയുടെ ഉടമ ഒരു പെൻഷനായ ബ്രിഗേഡിയറിന്റെ മകൻ, എന്റെ അടുത്ത കൂട്ടുകാരൻ ആണെന്നും, ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ ജോലി വാങ്ങി കൊടുക്കാമെന്നും ഞാൻ ഏറ്റു,"
ഞാൻ "അപ്പോൾ ഞാൻ ആ ബ്രിഗേഡിയരുടെ മോനാ , അല്ലെ? എന്റെ പേര് എന്താ? "
അരുൺ " അതേ, നിന്റെ പേര് പ്രിൻസ്. രാജകുമാരാ............"
ഞാൻ "ഇവന് ജോലി കിട്ടാതാകുമ്പോൾ പിന്നെ എന്തു ചെയ്യും?"
അരുൺ "അവന്റെ അപ്പന്റെ ഫോൺ നമ്പരുണ്ട്.അതിൽ വിളിച്ചു പറയും. അയാൾ വന്ന് അവനേക്കൂട്ടി പോകും."
ആ പയ്യന്റെ ചിലവിൽ ബിയറും ഡിന്നറും കഴിച്ചു പിരിഞ്ഞു. ഇങ്ങനത്തെ നാടകങ്ങൾ നിനക്ക് ഒരു ഹരമായിരുന്നു. പല നാടകങ്ങളിലും നീ എന്നെക്കൊണ്ട്‌ അഭിനയിപ്പിച്ചു. നിനക്കൊപ്പം അഭിനയിക്കാൻ എനിക്കും ഇഷ്ടമായിരുന്നു.
ഞാൻ ജോലി കിട്ടി ഉത്തരേന്ത്യയിൽ വന്നു. നീ കേരളത്തിൽ തന്നെ പല ജോലികളിലായി പല വേഷങ്ങൾ കെട്ടി, കമ്പ്യൂട്ടർ അദ്ധ്യാപകനായി, സെയിൽസ് മാനായി, ഇൻഷുറൻസ് ഏജന്റായി അങ്ങനെ പലതും.
ഏറ്റവും ഒടുവിൽ നമ്മൾ കാണുന്നത് ഞാൻ കുടുംബവുമായി നാട്ടിൽ വന്നപ്പോൾ ആയിരുന്നു. അന്ന്‌ നമ്മളുടെ ഭാര്യമാരും എന്റെ കുട്ടികളും നിന്റെ മകനും ഒത്തുചേർന്നു. അന്ന് നമ്മൾ എത്ര ചിരിച്ചു ? അല്ലെങ്കിൽ ഭാര്യമാരെ എത്ര ചിരിപ്പിച്ചു ? നമ്മൾ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ പറഞ്ഞ്!!!!
അന്നും നിന്റെ സ്വഭാവത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലായിരുന്നു.
നീ ചോദിച്ചു "നിന്റെ കയ്യിൽ ടൈ ഇരിപ്പുണ്ടോ?"
ഞാൻ "ഉണ്ട്."
അന്ന്‌ നീ ഒരു പ്രമുഖ പ്രൈവറ്റ്‌ ബാങ്കിന്റെ ഭവന വായ്പ്പയുടെ, ഇടനിലക്കാരനായി ജോലി നോക്കുകയായിരുന്നു. ഏതോ വലിയ ബിസിനസ്സ് പിടിക്കുവാൻ നീ എന്നേക്കൊണ്ട് ബാങ്കിന്റെ ദക്ഷിണേന്ത്യൻ മേധാവിയായ മലയാളം അറിയാത്ത നിന്റെ സുഹൃത്തായ തെലുങ്കനായി എന്നെക്കൊണ്ട് അഭിനയിപ്പിച്ചു.
അപ്പോൾ എനിക്കോർമ്മവന്നത് ശ്രീ പദ്മരാജന്റെ തൂവാനത്തുമ്പികൾ ആയിരുന്നു. അതിലെ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം യഥാർത്ഥത്തിൽ ശ്രീ പദ്മരാജന്റെ ഒരു അടുത്ത, വിചിത്ര സ്വഭാവങ്ങൾ ഉള്ള സുഹൃത്തായിരുന്നു എന്ന് ഏതോ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ഓർത്തു. എന്നെങ്കിലും ഒരു കഥ എഴുതുമ്പോൾ നീ എനിക്ക് അതുപോലുള്ള ഒരു വിചിത്ര കഥാപാത്രത്തെ തരുമെന്ന് ഞാൻ മനസ്സിൽ കണക്കുകൂട്ടി.
എന്റെ ചിന്തകൾ കാടുകയറി. എഴുനേറ്റ് മൊബൈൽ ഫോൺ കയ്യിലെടുത്തു. വിളി വന്ന നമ്പറിൽ, അതായത് റോബിന്റ നമ്പരിലേക്ക് ഞാൻ വിളിച്ചു.
റോബിൻ "നീ എന്തു തീരുമാനിച്ചു? അപകടം സംഭവിച്ചത് ഹരിപ്പാടിന്‌ അടുത്തുള്ള ദേശീയപാതയിൽ വെച്ചായിരുന്നതിനാൽ ശരീരം ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ ആണ്. പോസ്റ്റുമോർട്ടം കഴിഞ്ഞ് നാളയേ ബോഡി കിട്ടുകയുള്ളു. നീ വരുന്നത്‌ എപ്പോൾ എന്നറിയിച്ചാൽ അതിനനുസരിച്ച് ശവസംസ്‌കാരം നടത്താം."
ഞാൻ " ഇല്ല ഞാൻ വരുന്നില്ല. അവൻ മരിച്ചിട്ടില്ല. ഒരൂപക്ഷെ അവന്റെ ബോഡി കണ്ടാൽ അവൻ മരിച്ചുവെന്ന് എനിക്ക്‌ വിശ്വസിക്കേണ്ടി വരും."
A Story by........ഷാജു വിജയൻ.

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo