Showing posts with label RemyaRathish. Show all posts
Showing posts with label RemyaRathish. Show all posts

പ്രണയത്തിൻ്റെ പനിനീർപുഷ്പങ്ങൾ

Image may contain: 1 person, closeup

By: Ramya Ratheesh
മതിലിനു മുകളിൽക്കൂടെ  രണ്ടുകണ്ണുകൾ കോലായിലേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു.
വട്ടക്കണ്ണടയിൽ  ഗൗരവം നിറച്ച എൻ്റെ മുഖവും പുഞ്ചിരിമരിച്ചു കുറുകിപ്പോയ  ചുണ്ടുകളും കണ്ടതു കൊണ്ടാണോയെന്നറിയില്ല; ആ കണ്ണുകളിൽ അല്പം ഭയം നിഴലിച്ചു നിന്നു.
അമർത്തിമൂളിക്കൊണ്ട്; ഒട്ടും ആർദ്രതയില്ലാതെ, വളഞ്ഞിരുന്ന പുരികക്കൊടികൾ ഉയർത്തി എന്തു വേണമെന്ന് പരുഷമായി ചോദിച്ചു.

അടച്ചിട്ടിരുന്ന ഗേറ്റ് പാതി തുറന്ന്  സ്കൂൾയൂണിഫോമിട്ട ഒരു കൗമാരക്കാരൻ മുറ്റത്തേക്ക് കടന്നു വന്നു.
അല്പം പിന്നിലായി അതേ പ്രായത്തിലൊരു പാവാടക്കാരിയും!
ഗേറ്റിനരികിലായി മതിലിലേക്ക് പടർന്ന പനിനീർച്ചെടിയിൽ നിറഞ്ഞു നിന്നിരുന്ന   വെളുത്ത റോസാപ്പൂക്കളുകളിലേക്കായിരുന്നു അവൻ്റെ നോട്ടം.

മടിച്ചുമടിച്ച് പതിഞ്ഞ ശബ്ദത്തിൽ അവൻ ചോദിച്ചു, “അതിൻ്റെ ഒരു തണ്ട് തരാമോ?”
പെട്ടെന്നുള്ള അവൻ്റെ ചോദ്യം കേട്ടപ്പോൾ  ഒരായിരം ചോദ്യങ്ങൾ മനസ്സിലുയർന്നു.
ഹേ! കുട്ടികളേ നിങ്ങൾക്കെന്തറിയാം ആ വെളുത്തപൂക്കളെപ്പറ്റി?

ഒരുവൾക്ക് പ്രിയമായിരുന്നൊരു കാലത്തിന്റെ അവശേഷിപ്പാണ് അതെന്ന് നിങ്ങൾക്കറിയാമോ?
ആയിരം പ്രണയത്തിന്റെ മൊട്ടുകൾ പിറക്കാനായി പ്രിയനൊരുവൻ സമ്മാനിച്ചതാണെന്ന്  നിങ്ങൾക്കറിയാമോ?
പ്രണയം വലിച്ചെറിഞ്ഞ് അവൻ പോയപ്പോൾ പൂമൊട്ടുകൾക്ക് കാവലിരുന്നു മുരടിച്ചു പോയവളെ നിങ്ങൾക്കറിയാമോ?
നഷ്ടപ്രണയത്തിൻ്റെ വിളറിയ പൂവുകളാണ് അവയെന്ന് നിങ്ങൾക്കറിയാമോ?
പ്രണയത്തിന്റെ ശവക്കല്ലറയ്ക്കു ചാരേ, ഓർമ്മകൾ ഉണങ്ങാതെ ഒരുവൾ നനച്ചു വളർത്തുന്നതാണ് അതെന്ന് നിങ്ങൾക്കറിയാമോ?
ഒന്നുമറിയില്ല നിങ്ങൾക്ക്!! ഒന്നും!

വിടരാറായ പൂമൊട്ടോടു കൂടിയ ഒരു തണ്ട് ശ്രദ്ധയോടെ മുറിച്ചെടുത്ത് അവന് നൽകി. അവന്റെ കയ്യിൽ നിന്ന് അതേറ്റുവാങ്ങിയ അവളുടെ കണ്ണിലെ പ്രണയത്തിന് വർഷങ്ങൾ മുൻപ് പടർന്നൊഴുകിയ ഒരു പ്രണയത്തിൻ്റെ നിറമായിരുന്നു.
പ്രണയത്തിൻ്റെ കല്ലറയിലെ വെളുത്ത പൂങ്കുലകൾക്ക് കാവൽക്കാരിയാകുവാനൊരുങ്ങുന്ന ഒരുവളെക്കൂടി കണ്ട നിർവൃതിയിൽ പുഴുക്കുത്തേറ്റ രണ്ടിലകൾ ശ്രദ്ധയോടെ ഞാൻ അടർത്തിക്കളഞ്ഞു.
ചെടിയുടെ കടയ്ക്കൽ വെള്ളമൊഴിക്കുമ്പോൾ എൻ്റെ  കുറുകിയ ചുണ്ടുകളിൽ ഞാനറിയാതെയെത്തിയ ഒരു ചിരി; അതെവിടെനിന്നാവും വന്നത്!!?

രമ്യ രതീഷ്

ഇലഞ്ഞിത്തൈ

Image may contain: 1 person, selfie and closeup


BY Ramya Ratheesh
അഗാധമായൊരു ഉറക്കത്തിന്റെ അങ്ങേയറ്റത്താണ് ഒരു നനുത്തചുംബനം കൊണ്ടെന്നെ അവൻ ഉണർത്തിയത്.കണ്ണു തുറന്ന് അമ്പരപ്പോടെ അവനെ നോക്കുമ്പോൾ ചുണ്ടിൽ വിരൽചേർത്ത് ശബ്ദമുണ്ടാക്കരുത് എന്ന് ആംഗ്യം കാണിച്ചു.
ആദ്യദർശനത്തിന്റെ കൗതുകം കൊണ്ടാവാം, ഇമചിമ്മാതെ അവനെ നോക്കി ഞാനിരുന്നു പോയി.
കനത്ത താടിരോമങ്ങളിൽ അങ്ങിങ്ങായി മഞ്ഞുകണങ്ങൾ വെളുത്തു പറ്റിപ്പിടിച്ചിരിക്കുന്നു.. ആഴമേറിയ കണ്ണുകൾ,നനുത്ത പുഞ്ചിരി .കൈകൾ ഉയർത്തി ഞാൻ ആ മഞ്ഞുതുള്ളികളിൽ തൊട്ടപ്പോൾ കണ്ണിലേക്ക് നോക്കി ആർദ്രമായ് പുഞ്ചിരിച്ചുകൊണ്ട് “പോകാം” എന്ന് അവൻ പറഞ്ഞു.
ഉറങ്ങിക്കിടക്കുന്ന ഭർത്താവിനെയും മക്കളെയും ഒന്നു കൂടി നോക്കി.. പുതപ്പ് നേരെയാക്കി അവരെ പുതപ്പിച്ചു.പതിയെ മകളുടെ നെറുകയിൽ തലോടി..മകനെ ഉണർത്താതെ കവിളിൽ ചുംബിച്ചു. അച്ഛന്റെ കൈകൾ എടുത്ത് മക്കളുടെ മേൽവച്ചു.
ഒരു കുമ്പിൾ തണുത്ത വെള്ളം മുഖത്ത് ഒഴിച്ചു കണ്ണാടിയിൽ നോക്കുമ്പോൾ പിന്നിലവൻ.കണ്ണാടിയിലൂടെ എന്റെ മുഖത്തേയ്ക്ക് നോക്കി നിൽക്കുന്നു.ചുമലിൽ പിടിച്ചു നെഞ്ചിലേക്ക് ചേർത്തു നിർത്തി ചൂണ്ടുവിരലിൽ കരിമഷിയെടുത്തു എന്റെ കണ്ണുകളിൽ ആഴത്തിലെഴുതി, നെറ്റിയിൽ ചുവപ്പു കൊണ്ട് വലിയ വട്ടപ്പൊട്ടും തൊടുവിച്ചു..കണ്ണുകളിൽ കാന്തം ഒളിപ്പിച്ചവന്റെ ചടുലമായ പ്രവർത്തികളെയും ആജ്ഞകളെയും എതിർക്കാനാവാതെ അവനൊപ്പം ഞാൻ നടന്നു.
ശബ്ദമുണ്ടാക്കാതെ പൂമുഖത്തെ വാതിൽ ചാരുമ്പോൾ അറിയാതെ എന്റെ കൈവിട്ടു. കാറ്റിനോട് കൂട്ടു പിടിച്ചു വലിയ ശബ്ദത്തിൽ അതടഞ്ഞു!
ശാന്തത മാത്രമായിരുന്ന മുഖത്ത് ഒരല്പം ദേഷ്യം.
"ശ്രദ്ധിക്കരുതോ"
എന്നു ശാസിച്ചു.
ഇല്ല; ആരും ഉണർന്നില്ല!
ഇനിയും പുലരി തൊടാത്ത മുറ്റത്തേയ്ക്ക് കൈകൾ കോർത്തു കൊണ്ട് ഞങ്ങളിറങ്ങി.പെട്ടന്ന് ഒരു നിമിഷം ഞാൻ നിന്നപ്പോൾ അവൻ ചോദ്യഭാവത്തിൽ എന്നെയൊന്നു നോക്കിയിട്ട് മെല്ലെ കൈവിട്ടു. മുറ്റത്തിന്റെ തെക്കെയറ്റത്തു പോയി നിലത്തിരുന്നു ഞാൻ വെറുതേ ആ മണ്ണിൽ വിരലുകളോടിച്ചു.
എന്റെ തോളിൽ കൈവച്ചുകൊണ്ടു പിന്നിൽ നിന്നും വീണ്ടും ആർദ്രമായ ശബ്ദം.. “പോകണ്ടേ ?”
അനുസരണയുള്ള ഒരു കുഞ്ഞിനെ പോലെ ഞാൻ കൂടെ നടന്നു.
ഏറെ ദൂരം നടന്ന് ഞങ്ങൾ എത്തിയത് ഒരു താഴ്‌വരയിലാണ്..നിറയെ പച്ചപ്പ്. മെല്ലെ പുലരിയിറങ്ങി വരുന്നു.. കുഞ്ഞുപൂവുകൾ അങ്ങിങ്ങായി വിടർന്നു നിൽക്കുന്നു. ഞാനവന്റെ മുഖത്തേയ്ക്ക് നോക്കി. താടിയിൽ പറ്റിയിരുന്ന മഞ്ഞുകണങ്ങൾ കാണാനില്ല..എന്റെ കഴുത്തിൽ ഒഴുകിക്കിടന്ന മുടി മെല്ലെ മാടിയൊതുക്കി എന്റെ മുഖത്തിന്റെ വശത്തേയ്ക്ക് മുഖം ചേർത്ത് അവന്റെ കണ്ണുകൾ പോയിടത്തേയ്ക്ക് ചൂണ്ടുവിരൽ കൊണ്ട് എന്റെ കണ്ണുകളെ കൂടി ക്ഷണിച്ചു.
പിന്നെ പതിഞ്ഞ ശബ്ദത്തിൽ കാതിനരികിൽ പറഞ്ഞു .
“നമുക്ക് പോകേണ്ട വഴിയാണത്”.
കാൽച്ചുവട്ടിലെ പച്ചപ്പ് പടർന്ന് മഞ്ഞിന്റെ കനത്ത ഉള്ളറകളിലേക്ക് നേർത്തു പോകുന്നു.
ആ പച്ച താണ്ടി ഞങ്ങളും മഞ്ഞിനുള്ളിലേക്ക് നടന്നു...ചെറിയൊരു കുളിർകാറ്റു പോലും താങ്ങാൻ വയ്യാത്ത എനിക്ക് മഞ്ഞിലും കുളിരുന്നതെയില്ല!
അവന്റെ താടിയിലും മീശയിലും വീണ്ടും മഞ്ഞുമണികൾ പ്രത്യക്ഷപ്പെട്ടു... അതുപോലെ എന്റെ മുടിയിലും കണ്പീലിയിലും മൂക്കിൻ തുമ്പിലും മഞ്ഞുതുള്ളികൾ പറ്റിപ്പിടിച്ചു.
അകലെയെന്റെ വീടിന്റെ മുറ്റത്ത് തെക്കേത്തൊടിയിൽ കൂനകൂട്ടിയ മണ്ണിന് മുകളിൽ എന്റെ മകൻ ഒരിലഞ്ഞിത്തൈ നട്ടു. താരാട്ടു പാട്ടുകൾക്കൊപ്പം എന്നോ ഞാൻ അവന്റെ കാതിൽപ്പറഞ്ഞ ആഗ്രഹം!
രമ്യ രതീഷ്

തണൽമരം

Image may contain: Remya Ratheesh, smiling, selfie and closeup
---------------------------------------------------------------------
മുറിവേറ്റ് പിടഞ്ഞു ചിറകുകൾ തളർന്ന
ഒരു ചെറു പക്ഷിയായിരുന്നു ഞാൻ..
ഒരു തൂവൽ പോലും അനക്കാനാവാതെ
ഉറഞ്ഞു നിന്ന നിമിഷങ്ങളിലൊന്നിലാണ്
കനിവിന്റെ പച്ചവിരിച്ച ചില്ലകളുമായി
നീയെന്ന മാടി വിളിച്ചത്..
അടിവേരുകൾ അടർന്ന് അശക്തനായിരുന്നു നീ..
എങ്കിലും നിന്റെ കരുത്താർന്ന ചില്ലകൾ പകർന്ന
ആത്മവിശ്വാസമാണ് ഒരു ചിറകടികൂടി എന്നിൽ
അവശേഷിക്കുന്നുണ്ടെന്നെയോർമിപ്പിച്ചത്..
നിന്റെ വിദൂര സാന്നിധ്യം എന്നിലേക്ക് ഇറ്റിച്ചത്
പ്രതീക്ഷയുടെ പച്ചപ്പ് കുറുക്കിയ ഊർജ്ജമായിരുന്നു..
ഒരു ചെറു കാറ്റിനെ പോലും പുൽ കാനാകാതെ
തളർന്നു നില്ക്കുമ്പോഴും
ശരീരത്തിന് തൂവൽ കനവും തകർന്ന ഹൃദയത്തിനേറിയ
ഭാരവുമായെത്തിയ എന്നെയും.
നെഞ്ചോട് ചേർക്കുവാൻ നീ ചില്ലകൾ വിരിച്ചല്ലോ..
നിന്റെ പച്ചപ്പ് ഇനിയുമെന്നെ മോഹിപ്പിക്കാൻ
മറന്നുപോയാൽ
ഒരുവേള നീയവിടെയില്ലാതെപോയാൽ
എന്റെ പ്രതീക്ഷകളുടെ മറുകര അപൂർണ്ണമാണ്..
നിന്റെ തായ് വേരുകൾ ക്ഷയിച്ചതിന്റെ അടയാളവുമായി
നിന്നിലെ ആദ്യ ഇല മണ്ണിൽ തൊടുമ്പോൾ
ഞാൻ, മണ്ണിന് മുകളിലായി തൂവലുകൾ കൊണ്ടൊരു
നേർത്ത വിരിപ്പുണ്ടാക്കും.. എന്റെ ജീവനുരുക്കിയെടുത്ത
നൂലിഴകൾ കൊണ്ട് നെയ്തെടുത്തത്..
നോവരുതല്ലോ നിനക്ക്..
ഞാൻ തളർന്നപ്പോൾ
ചില്ലകൾ എനിക്ക് നേരെ നീട്ടിയ വൻമരമല്ലേ നീ..എന്റെ
ഹൃദയത്തിലേക്ക് വേരുകൾ ആഴ്ത്തിയ തണൽ മരമല്ലേ നീ..
**********************
രമ്യ രതീഷ്

കല്ലെടുക്കുന്ന കുഞ്ഞുതുമ്പികൾ

Image may contain: 1 person, closeup

*********************************
കഴിഞ്ഞ ദിവസമായിരുന്നു മക്കളുടെ സ്കൂളിലെ പേരന്റ്സ് മീറ്റിങ്. പതിവിനു വിപരീതമായി ഇത്തവണ എല്ലാ വിഷയങ്ങളുടെയും മാർക്ക് ഷീറ്റ് ടീച്ചറിന്റെ കയ്യിൽ നിന്ന് നേരിട്ട് കൈപറ്റുകയായിരുന്നു.എട്ട് വിഷയങ്ങളുടെ പേപ്പർ പിൻ ചെയ്തത് ടീച്ചർ എന്റെ കയ്യിലേക്ക് തരുമ്പോൾ ദേവൂട്ടിക്ക് വല്യ ഭാവവ്യത്യാസം ഒന്നുമില്ല .ഇതൊക്കെയെന്ത് എന്ന പുച്ഛ ഭാവത്തോടെ നിൽക്കുന്നു പെണ്ണ്.
എല്ലാ വിഷയങ്ങളുടെ പേപ്പറുകളും ഞാനൊന്ന് ഓടിച്ചു നോക്കി. വല്ല്യ വല്ല്യ മാർക്കുകൾ ഒന്നുമല്ലെങ്കിലും തരക്കേടില്ലാത്ത മാർക്കുകൾ ഉണ്ട്. ദേവൂട്ടിയുടെ പുറത്തൊന്ന് സ്നേഹത്തോടെ തട്ടി കുഴപ്പമില്ല പക്ഷെ അടുത്ത എക്സാമിന് ഒന്നൂടെ ശ്രദ്ധിക്കണം കേട്ടോ എന്നു പതിവ് ഉപദേശവും കൊടുത്തു പരീക്ഷ പേപ്പർ കേട്ട്യോനെയും കാണിച്ചിട്ട് ക്ലാസ്സിലെ ലാസ്റ് വരിയിലെ ഒരു കസേരയിൽ ഞാൻ പോയിരുന്നു.
ഒരു ടീച്ചറിനെ കാണാൻ മിനിമം അര മണിക്കൂർ എങ്കിലും കാത്തു നിൽക്കണം. ക്ലാസ്സിലെ റോൾ നമ്പർ അനുസരിച്ചു ടീച്ചറിനെ കാണാൻ ടൈം സ്ലോട്ട് ഉള്ളത് കൊണ്ട് എല്ലാ രക്ഷിതാക്കളും ഒന്നിച്ചു വരില്ല.
രക്ഷിതാക്കളും കുട്ടിയുമടങ്ങുന്ന ഒരു മൂന്നു നാല് ഗ്രൂപ്പുണ്ടായിരുന്നു അപ്പോൾ ക്ലാസ്സിൽ.
ലാസ്റ്റ് വരിയിൽ ഇരുന്ന് ഓരോ ഗ്രൂപ്പിനെയും ഞാൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു. മാതാപിതാക്കൾ ഓരോരുത്തരും മത്സരിച്ചു കുട്ടികളുടെ പേപ്പറിലെ തെറ്റുകൾ കണ്ടു പിടിക്കുകയാണ്.
ഞങ്ങളുടെ വലത് ഭാഗത്തിരിക്കുന്ന ഗ്രൂപ്പിലെ കുട്ടിയുടെ മുഖം കണ്ടാൽ ഇപ്പോൾ പൊട്ടാൻ പോകുന്ന ബലൂൺ പോലെയുണ്ടായിരുന്നു. അവന്റെ ഇടത് വശത്ത് അമ്മയിരുന്നു സയൻസിന്റെ പേപ്പറിൽ പോസ്റ്റുമോർട്ടം നടത്തുന്നു. വലത് വശത്ത് അച്ഛൻ കണക്കിന്റെ പേപ്പറിൽ കൂട്ടിക്കിഴിക്കലുകൾ നടത്തുന്നു. അക്ഷരത്തെറ്റുകൾ സഹിതം ചൂണ്ടിക്കാണിച്ചു ഇടത് ചെവിയിൽ അമ്മ കിഴുക്ക് കൊടുക്കുന്നു. അക്കങ്ങളിലെ തെറ്റുകൾക്ക് കിഴുക്ക് വലത് നിന്നും വേറെ കിട്ടുന്നുമുണ്ട്.
പതിയെ തല ചെരിച്ച് ആ കുട്ടിയുടെ സയൻസിന്റെ മാർക്ക് ഞാനൊന്ന് നോക്കി. നാൽപ്പതിൽ മുപ്പത്തിയെട്ടര ! ഇതിനാണോ ആ പാവം കൊച്ചിനെ ഇവർ ഇങ്ങനെയിട്ടു മാന്തിപ്പറിക്കുന്നത് എന്നോർത്തു പോയി.
മറ്റു ഗ്രൂപ്പുകളിലും സംഘർഷാവസ്ഥ തന്നെയാണ്. ഇത് ഇത്രയേറെ പ്രശ്നമുള്ള കാര്യമാണോ എന്നോർത്ത് ഞാനും മോൾടെ പേപ്പറുകൾ മറിച്ചു നോക്കി.
ശിവനേ. മാത്‌സിലെ പല ചോദ്യങ്ങളും രണ്ടോ മൂന്നോ തവണ വായിച്ചപ്പോൾ മാത്രമാണ് ചോദ്യം എന്താണെന്ന് എനിക്ക് പോലും മനസിലായത്. അമ്മാതിരി ചുറ്റി വളച്ച ചോദ്യങ്ങൾ. പിന്നെയാ ഏഴ് വയസ്സുള്ള കുഞ്ഞുങ്ങൾ. ഗുണന പട്ടികയും ഫോട്ടോ സിന്തസിസും ടിബറ്റിയൻ പർവതനിരകളെ കുറിച്ചും ഒക്കെ ഞാൻ ഏത് ക്ലാസ്സിലാണാവോ പഠിച്ചത് എന്നോർത്തു പോയി.
എല്ലാവരുടെയും ഉത്കണ്ഠ കണ്ടപ്പോൾ ഞാൻ കേട്ട്യോനെയും മക്കളെയും ഒന്ന് നോക്കി. ഹാ ബെസ്റ്റ്, അച്ഛനും മക്കളും കൂടി ഇടികൂടി കളിക്കുന്നു. അച്ഛൻ മോൾടെ കവിളിൽ ഇടിക്കുന്നത് പോലെ കാണിക്കുമ്പോൾ മോൻ അച്ഛന്റെ വയറ്റിൽ ചെറുതല്ലാത്ത ഒരു കുത്ത് കൊടുക്കുന്നു. ഞാൻ നോക്കുന്നത് കണ്ടപ്പോൾ ഇവനെന്നെ ശരിക്കും കുത്തീഡീ എന്ന് പരാതി പറയുന്ന കേട്ട്യോൻ.
മോളെ ഞാൻ കൈ കാണിച്ചു അടുത്തേയ്ക്ക് വിളിച്ചു. പേപ്പർ നിവർത്തി വച്ച് അല്പം “ഉത്തരവാദിത്വ”മുള്ള അമ്മയായി. ഇതൊക്കെ ഞാൻ പഠിപ്പിച്ചതല്ലേ എന്തിനാ തെറ്റിച്ചത്? ഇതിന്റെ സ്പെല്ലിംഗ് എന്താ എന്നൊക്കെ ചോദിച്ച് മോളെ ഒന്ന് കുടഞ്ഞു. ചേട്ടൻ എന്റെ കയ്യിന്ന് പേപ്പർ മടക്കിയെടുത്തു. പിന്നേ ഇതൊക്കെ നമ്മളെന്നാ പഠിച്ചത്ന്ന് കൂടി ചോദിച്ചതോടെ എന്റെ “ഉത്തരവാദിത്വത്തിന്റെ” ഗ്യാസ് പോയി ഒരു ചിരിയായി മാറി അത്. അത് കണ്ടപ്പോൾ ദേവൂട്ടിയും കൂടെ കൂടി.
ടീച്ചറിന്റെ മുന്നിലിരിക്കുന്ന കുട്ടിയ്ക്കാണെങ്കിൽ ഇപ്പോൾ പൊട്ടാറായിരിക്കുന്ന മൂന്ന് ബോംബുകളുടെ നടുവിൽ ഇരിക്കുന്ന പൂച്ചക്കുഞ്ഞിന്റെ മുഖം. സ്കൂളിലെയും വീട്ടിലെയും അനുസരക്കേടുകളുടെ പട്ടിക തന്നെയാണ് അവന് മുന്നിൽ! അമ്മയും അച്ഛനും കയ്യിലെയും പോരാഞ്ഞു കാലിലെയും വിരലുകൾ ഒക്കെയെടുത്തു മാർക്കുകൾ കൂട്ടുകയാണ്. അര മാർക്കിന് വേണ്ടി കെഞ്ചുകയാണ്.
അങ്ങനെ പുകിലുകൾക്കൊടുവിൽ ഞങ്ങളുടെ ഊഴമെത്തി. ടീച്ചർ ചിരിയോടെ സീറ്റിലേക്ക് ഞങ്ങളെ ക്ഷണിച്ചു. ഹോട്ട് സീറ്റിൽ ദേവൂട്ടിയും.
"മാർക്കുകൾ ഒക്കെ കണ്ടല്ലോ അല്ലെ?" ടീച്ചറുടെ മുഖത്ത് മുൻപ് കണ്ട ചിരിയില്ല.
മറുപടി പറഞ്ഞത് ചേട്ടനാണ് "മാർക്കുകൾ കണ്ടു. കുഴപ്പമില്ലല്ലോ. മോൾ എങ്ങനെയുണ്ട് ക്ലാസ്സിൽ? മറ്റു കുട്ടികളുമായി കൂട്ടു കൂടാറില്ലേ?അവരോടൊക്കെ നന്നായി സംസാരിക്കുന്നുണ്ടോ? ടീച്ചറിനോട് നന്നായി ഇടപഴകുന്നുണ്ടോ?“
ഉത്തരത്തിനൊപ്പം ഒരമ്പത് ചോദ്യം കൂടി. ടീച്ചറിന് തൃപ്തിയായി. കുട്ടിയുടെ അക്കാദമിക് മികവുകളിൽ ഒരു വേവലാതിയുമില്ലാത്ത ആദ്യ പാരന്റ്സ് ആയിരിക്കുമോ ഞങ്ങൾ.?
ടീച്ചർ ഒരു ദീർഘനിശ്വാസത്തോടെ തുടർന്നു “എന്റെ സബ്ജെക്ട് ഇംഗ്ലീഷ് ആണ്. തീർത്ഥ (അതാണ് മോളുടെ ശരിക്കുള്ള പേര്) ഇംഗ്ലീഷിൽ മിടുക്കിയാണ് പക്ഷേ, ക്ലാസ്സിൽ എപ്പോഴും സംസാരമാണ്. ഒരു മിനിറ്റ് പോലും സംസാരിക്കാതെയിരിക്കില്ല.” മോളെ നോക്കുന്ന ചേട്ടന്റെ കണ്ണുകളിൽ അവളെ അഭിനന്ദിക്കുന്ന ഭാവം.
ഞാൻ ചേട്ടനെയും മോളേയും മാറി മാറി കണ്ണുരുട്ടി കാണിച്ചു. അവരിത്രയും സീരിയസ് ആയിട്ട് പറയുമ്പോൾ കുറച്ചെങ്കിലും ഗൗരവം നമ്മൾ കാണിക്കണ്ടേ എന്നായിരുന്നു ആ കണ്ണുരുട്ടലിൽ പറഞ്ഞത്. പിന്നേ ഏഴു വയസ്സുകാരി ഇത്തിരി സംസാരിച്ചാൽ ആകാശം ഇടിഞ്ഞു പോവോ എന്ന ഭാവമാണ് അച്ഛന്.
പേരന്റസ് മീറ്റിങ് കഴിഞ്ഞിറങ്ങിയപ്പോൾ ഏറ്റവും തെളിഞ്ഞ മുഖത്തോടെ ഇറങ്ങിയത് ദേവൂട്ടി ആയിരിക്കും.തിരികെ പോരുമ്പോൾ കാറിൽ ഇരുന്ന് അച്ഛൻ മോളോട് പറയുന്നത് കേട്ടു. മോൾ ഇഷ്ടം പോലെ സംസാരിച്ചോ പക്ഷെ ടീച്ചർ പഠിപ്പിക്കുമ്പോൾ മാത്രം സംസാരിക്കരുത് എന്ന്.
എന്തിനാണ് മാതാപിതാക്കൾ കുഞ്ഞി തലകൾ ഇങ്ങനെ പുഴുങ്ങാൻ കൂട്ടുനിൽക്കുന്നത് ആവോ. വളർന്നു വരുമ്പോൾ നല്ല വ്യക്തിത്വമുള്ളവരായാൽ പോരെ അവർ. ആത്മവിശ്വാസം ഉണ്ടാക്കിയെടുത്താൽ പോരെ അവരിൽ? അതിനു കുറച്ചു ആത്മവിശ്വാസം നമ്മൾ അല്ലെ പകർന്നു കൊടുക്കേണ്ടത്?
ഇങ്ങനെ ഞാൻ ചിന്തിച്ചിരിക്കുമ്പോൾ വണ്ടിയിലിരുന്നു അച്ഛനും മക്കളും തല്ലു കൂടുകയായിരുന്നു. ഒന്നെനിക്കുറപ്പായി. എന്റെ മകൾക്ക് ആത്മവിശ്വാസത്തിനു ഒരു കുറവും വരില്ല. അത്രകണ്ട് സന്തോഷവതിയാണവൾ
രമ്യ രതീഷ്.

കുരുത്തക്കേട്

Image may contain: 1 person, closeup

°°°°°°°°°°°°°°°°°°
അവധിയ്ക്ക് നാട്ടിലെത്തിയ അന്ന് തുടങ്ങിയതാണ് ബെല്ലും ബ്രേക്കും ഇല്ലാത്ത കുരുത്തക്കേടുമായി മക്കൾ.അത് കണ്ട് സഹികെട്ടപ്പോൾ നിന്റെയൊക്കെ പ്രായത്തിൽ ഞാൻ എന്തൊരു പാവമായിരുന്നു എന്നൊരു ഡയലോഗ് അറിയാതെ എന്റെ നാവീന്ന് വീണു പോയി. അത് കേട്ട് അമ്മ എന്നെ നോക്കിയ ഒരു നോട്ടം, എന്റെ ശിവനെ.
എന്നിട്ട് ശബ്ദം താഴ്ത്തി, കുട്ടികൾ കേൾക്കാതെ പറഞ്ഞു “നീ മിണ്ടരുത്. ഈ കൊച്ചുങ്ങൾ എന്നാ പാവങ്ങളാ. ഒന്നുവല്ലേലും ഈ പെരയ്ക്കകത്ത് ഇരുന്നുള്ള കുരുത്തക്കേട് അല്ലെ ഒള്ളൂ”ന്ന്
എന്നിട്ട് ഞാനൊരു കൊലപാതകി ആയിരുന്നു എന്ന സത്യമടങ്ങുന്ന കഥയുടെ ചുരുൾ അങ്ങഴിച്ചു. അതും എന്നെ കളിയാക്കി കൊല്ലാൻ, എവിടെ എനിക്കിട്ടു പണി തരും എന്ന് ഗവേഷണം നടത്തുന്ന എന്റെ ചങ്ക് കെട്ടിയവന്റെ മുൻപിൽ വെച്ച്. ഞാൻ തീർന്നു.
'അമ്മ പറഞ്ഞ പ്രകാരം.
എനിക്കൊരു രണ്ടര മൂന്ന് വയസ്സായ സമയം. വീട്ടിൽ ധാരാളം കോഴിയും കോഴിക്കുഞ്ഞുങ്ങളും ആടും ഒക്കെയുണ്ട്. അട വച്ചു വിരിയിച്ച കോഴിക്കുഞ്ഞുകളെ പകൽ സമയം ഒറ്റാലിന്റെ കീഴിൽ ഇട്ട് മുറ്റത്ത് അടച്ചു വയ്ക്കും .എന്നിട്ട് അരിയും ഗോതമ്പും വെള്ളവും ഒക്കെ അതിൽ വച്ചു കൊടുക്കും. പരുന്തും, കാക്കയും ഒക്കെ കോഴിക്കുഞ്ഞുങ്ങളെ റാഞ്ചിക്കൊണ്ടു പോകുന്നത് തടയാൻ ആയിരുന്നു അങ്ങനെ ചെയ്യുന്നത്. അമ്മ മുറ്റം തൂക്കുമ്പോഴും, മുറ്റത്ത് തുണി നനയ്ക്കുമ്പോഴും ഒക്കെ അവയെ അൽപ നേരം ഒറ്റാൽ തുറന്ന് വിടും. അപ്പോഴൊക്കെ അമ്മയുടെ ശ്രദ്ധ ഉണ്ടാവുമല്ലോ.
അങ്ങനെ ഒരു ദിവസം അമ്മ തുണി നനയ്ക്കുമ്പോൾ കോഴിക്കുഞ്ഞുങ്ങളെ തുറന്ന് വിട്ടു. തുണി കഴുകിയ ശേഷം കുളിപ്പിക്കാനായി തലയിലും ദേഹത്തും എണ്ണയും തേച്ചു കസർത്ത് കാണിക്കാൻ എന്നെയും മുറ്റത്ത് വിട്ടിട്ടുണ്ട്.. വക്കു കെട്ടാത്ത കിണറിൽ എത്തി നോക്കുക, ഓടി റോഡിൽ പോകുക, കാപ്പി മരത്തിൽ വലിഞ്ഞു കേറുക എന്നിങ്ങനെയുള്ള വികൃതികൾ ഒഴിവാക്കാനായി കോഴിക്കുഞ്ഞുങ്ങളുടെ സംരക്ഷണ ചുമതല അമ്മ എന്നെ ഏൽപ്പിച്ചു. അതാവുമ്പോ കോഴിയുടെ പിന്നാലെ നടക്കുമല്ലോ.വേറെ കുരുത്തക്കേടിലേക്ക് ശ്രദ്ധ പോകില്ലല്ലോ. അമ്മയ്ക്ക് അല്ലേലും പണ്ടേ ഭയങ്കര ബുദ്ധിയാ.
അങ്ങനെ രണ്ട് ബക്കറ്റ് നിറയെ അലക്കിയ തുണികൾ വിരിച്ചിടാനായി അമ്മ മുറ്റത്തിന്റെ മറ്റൊരു വശത്തേയ്ക്ക് പോയി. ഞാനും കോഴിക്കുഞ്ഞുങ്ങളും അമ്മക്കോഴിയും മാത്രമായി. അമ്മക്കോഴിക്ക് ആകട്ടെ എന്നെ വല്യ വിശ്വാസമാണ്. ഞാൻ കുഞ്ഞുങ്ങളെ എടുത്താൽ ഒന്നും യാതൊരു പ്രശ്നവും ഇല്ല. പോരാത്തതിന് അന്നത്തെ കെയർ ടെയ്ക്കർ ഞാനാണല്ലോ. എനിക്കാണെങ്കിൽ അലക്കുകല്ലും സോപ്പും ബക്കറ്റിലെ വെള്ളവും എല്ലാം കണ്ടപ്പോൾ കൈ തരിക്കാൻ തുടങ്ങി. വേറൊന്നിനുമല്ല വെറുതെ അതുങ്ങളെ കുളിപ്പിക്കാൻ..
അതിൽ വളരെ അനുസരണക്കാരായ നാല് കോഴിക്കുഞ്ഞുങ്ങളെ സ്നേഹത്തോടെ ഞാൻ പെറുക്കിയെടുത്തു. നാലുപേരേയും വൃത്തിയായി വെള്ളത്തിൽ മുക്കി അലക്ക് കല്ലിൽ വച്ചു സോപ്പ് തേച്ചു കുളിപ്പിച്ചു!
എന്നിട്ട് നാലു പേരെയും അലക്ക് കല്ലിൽ നിരത്തി വച്ചു. ഉണങ്ങണ്ടേ. അല്ലെങ്കിൽ കോഴിക്കുഞ്ഞുങ്ങൾക്ക് പനിവരില്ലേ? അതുകൊണ്ടാ കേട്ടോ.
അവരെ കുളിപ്പിച്ച് കഴിഞ്ഞ ഒരു ആത്മസംതൃപ്തിയോടെ അവയെ നോക്കി ഇങ്ങനെ നിൽക്കുമ്പോഴാണ് അമ്മ വരുന്നത്. “ദൈവമേ എന്റെ കോഴിക്കുഞ്ഞുങ്ങൾ” എന്ന് നെഞ്ചത്ത് അലച്ചു പറഞ്ഞു കൊണ്ടാണ് അമ്മയുടെ വരവ്. എന്നിട്ട് കല്ലിലേക്ക് നോക്കി താടിയ്ക്ക് കയ്യും വച്ചു ഒരു നിൽപ്പായിരുന്നു അമ്മ.
അമ്മയുടെ മുഖത്തെ ഭാവം കണ്ടപ്പോൾ എന്തോ പന്തികേട് മണത്തു. പക്ഷേ ഞാനീ കുഞ്ഞുങ്ങളെ കുളിപ്പിച്ച് വൃത്തിയാക്കിയതിന് അമ്മയ്ക്കെന്താ ഇത്ര സങ്കടം എന്ന് മനസിലായില്ല..എങ്കിലും ധൈര്യം കൈവിടാതെ ഞാൻ കോഴിക്കുഞ്ഞുങ്ങളെ കുളിപ്പിച്ചു വൃത്തിയാക്കിയ കാര്യം അമ്മയോട് വിവരിച്ചു.
അമ്മയ്ക്കാണെങ്കിൽ ഈ ചത്തുപോയ ചെറു ജീവികളെ കാണുന്നത് ഭയങ്കര പേടി ആയിരുന്നു. വല്ല എലിയോ പല്ലിയോ കോഴിക്കുഞ്ഞോ ഒക്കെ ചത്തു പോയാൽ അച്ഛൻ വരുന്നത് വരെ ആ ഭാഗത്തേയ്ക്ക് പോകാത്ത ആളാണ്. അപ്പോഴാണ് 'അമ്മ വളർത്തുന്ന നാല് കോഴിക്കുഞ്ഞുങ്ങളെ പൊന്നുമോൾ അലക്കി പിഴിഞ്ഞു വച്ചിരിക്കുന്നത്.
“എല്ലാരും ചുന്ദരി ആയില്ലേ മ്മേ” എന്ന് ചോദിച്ചു ചിരിച്ചോണ്ട് നിൽക്കുന്ന എന്നെ അടിച്ചിട്ടൊ വഴക്ക് പറഞ്ഞിട്ടോ യാതൊരു വിശേഷവുമില്ല എന്ന് അമ്മയ്ക്ക് മനസിലായി. ഒരിക്കൽ എന്നെ അടിച്ചതിന് ഒരു രണ്ടു മാസം ഞാൻ അമ്മയെ പേടിപ്പിച്ച കഥയുണ്ട്. അതുകൊണ്ട് കൂടിയാണ്അന്ന് അമ്മ കൂടുതൽ ഒന്നും പ്രവർത്തിക്കാഞ്ഞത് എന്നാണു എനിക്ക് തോന്നുന്നത്.
ഇത്രയും കുരുത്തക്കേട് കാണിച്ച ഇവളുടെ മക്കൾ ഇതുപോലെ മര്യാദക്കാരാകും എന്ന് ഞാൻ സ്വപ്നത്തിൽ കരുതിയില്ല മോനെ എന്ന് പറഞ്ഞു അമ്മ കഥ അവസാനിപ്പിക്കുമ്പോൾ, ചിരിച്ചു ചിരിച്ചു ഒരു വഴിക്കായ കെട്ടിയോൻ എന്നെ നോക്കി മൂക്കിൽ വിരൽ ചേർത്ത് വച്ചു കളിയാക്കി ചിരിയായിരുന്നു.
"ഞാൻ ഉറങ്ങിക്കിടക്കുമ്പോൾ കഴുത്ത് ഞെരിച്ചു കൊല്ലുമോഡീ നീ" എന്ന് രഹസ്യമായി ചോദിച്ചപ്പോൾ ഞാൻ ശരിക്ക് പ്ലിങ്ങി.
രമ്യ രതീഷ്
30/8/2018

സ്‌മൃതി

Image may contain: one or more people and closeup

°°°°°°°°°°°
നാല് വർഷങ്ങൾക്ക് മുൻപ് പുതിയ വീട്ടിലേയ്ക്ക് താമസം മാറിയപ്പോൾ മുറ്റത്ത് ഒരു പ്ലാവും മാവും നട്ടിരുന്നു. തിരുവനന്തപുരത്തു നിന്നും ചിറ്റപ്പൻ വാങ്ങിക്കൊണ്ടുവന്ന ആ തൈമരങ്ങൾ വളരെ പെട്ടന്നാണ് വേര് പിടിച്ചത്. മതിൽ കെട്ടിയെടുത്ത് പടിപ്പുര പണിയുന്നതിന്റെ ഭാഗമായി മാവിൻതൈ പിഴുത് മാറ്റേണ്ടി വന്നു. പക്ഷേ പ്ലാവ് നിറയെ ഇലഭാരവുമായി മുറ്റത്ത് പടർന്നു വളർന്നു. വീട്ടിലെത്തുന്നവർ ആ പ്ലാവിലേയ്ക്ക് ഒന്ന് കണ്ണോടിയ്ക്കാതെ പോകാറില്ലായിരുന്നു.
നാല് വർഷങ്ങൾക്ക് ശേഷം ഈ വർഷം അവൾ കന്നി കായ്ച്ചു.കയ്യെത്തുന്ന ഉയരത്തിൽ തേൻ കുടങ്ങൾ പോലെ മധുരവരിക്ക!
അവധിയ്ക്ക് ഞങ്ങൾ നാട്ടിലെത്തിയ ശേഷമാണ് അവസാനത്തെ രണ്ടു ചക്കകൾ പറിച്ചെടുത്തത്.
ഉയരത്തിലുള്ള പ്ലാവിൻ കൊമ്പിൽ നിന്നും തോട്ടി കൊണ്ടും ഏണിവച്ചും ഒക്കെ ചക്ക പറിച്ചെടുക്കുന്ന പുരുഷകേസരികളുടെ ഇടയിൽ,ഈ കുഞ്ഞി പ്ലാവിൽ നിന്നും എന്റെ തോളൊപ്പം ഉയരത്തിൽ നിന്ന് ചക്ക പറിച്ചു ഞാനും കഴിവ് തെളിയിച്ചു.
പക്ഷേ.. ചക്കകൾ എല്ലാം തീർന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ മുതൽ ഒരുകാരണവും ഇല്ലാതെ അവൾ വാടിത്തുടങ്ങി..ഇലകൾ എല്ലാം പഴുത്ത് പൊഴിഞ്ഞു.. ഇനി നിർത്തിയിട്ട് കാര്യമില്ലല്ലോ എന്നോർത്ത് അച്ഛൻ പ്ലാവ് വെട്ടാൻ ആളെ വിളിച്ചു..
ഇന്ന് രാവിലെ ഞാൻ നോക്കുമ്പോൾ അമ്മയുണ്ട് പ്ലാവിൽ നോക്കി നിൽക്കുന്നു.. കണ്ണ് നിറഞ്ഞിട്ടുമുണ്ട്.
ഞാൻ അടുത്ത് ചെന്ന് കാര്യം തിരക്കി.. അമ്മ അപ്പോൾ വിഷമത്തോടെ പറഞ്ഞു..
“ഞാൻ എന്നും വൈകിട്ട് വിളക്ക് വയ്ക്കുമ്പോൾ ഒരു കിളി ഇതിൽ വന്നിരുന്നു നാമം ചൊല്ലാറുണ്ട്.. അതിനെ ഓർത്തു പോയി” എന്ന്.
മറുപടി ഒന്നും എനിക്ക് പറയാൻ ഇല്ലായിരുന്നു..ഞങ്ങൾ ഇല്ലാത്തപ്പോൾ പ്ലാവിൻ കൊമ്പിൽ വന്നിരിക്കുന്ന കിളി അമ്മയ്ക്ക് അഥിതിയാണ്..അത് ചിലയ്ക്കുന്നത് നാമം ജപിക്കുന്നതായി പോലും സങ്കല്പിച്ചിരിക്കുന്നു 'അമ്മ!
ആ മരവും കിളിയും അമ്മയും തമ്മിലൊക്കെ ഉള്ള ആത്മബന്ധം ..അത് നന്മയുള്ള മനസിലെ ഉണ്ടാവൂ എന്നോർത്തപ്പോൾ എനിക്ക് നഷ്ടബോധമാണ് തോന്നിയത്.നാട്ടിലേക്ക് തിരികെ വന്ന് ഇവിടെ താമസിക്കാൻ ഒരുപാട് കൊതി തോന്നുന്നു..
രമ്യ രതീഷ്

അടിമ

Image may contain: 1 person, closeup
********
നിങ്ങൾ അടിമയെ കണ്ടിട്ടുണ്ടോ??
വ്യക്തിത്വം ഉടയവന്റെ കാൽച്ചുവട്ടിൽ പണയപ്പെടുത്തിയ അന്ന് മുതൽ...
അനുദിനം ഉടയവനോട് വിധേയത്വം
ഏറി വന്നിരുന്നു അടിമയ്ക്ക്..
വീട്ടാൻ കഴിയാത്ത കടങ്ങളാണ്
എന്ന തിരിച്ചറിവുകൾ ഉണ്ടാകുമ്പോഴൊക്കെ
അത്യധികം നിർവികാരതയോടെ ഉടമയുടെ കാൽ കീഴിലേക്ക് ചുരുണ്ടു കൂടുകയായിരുന്നു അടിമ..
ഉടയവന്റെ ചവിട്ടടിയിലെ ഓരോ ഞെരിച്ചമർത്തലുകളിലും തന്റെ ഭക്ഷണത്തിന്റെ കൂലിയെണ്ണി അടിമ...
ഹൃദത്തിലേറ്റ ചട്ടവാർ പ്രഹരങ്ങളിൽ നാണം മറച്ച തുണിക്കഷ്ണത്തിന്റെ കടം വീട്ടി അടിമ..
നാണയത്തുട്ടുകൾ വീണ്ടും വാരിയെറിഞ്ഞുകൊണ്ട് ഉടമ
വീണ്ടും കാലുകൾ ഉയർത്തി അടിമയെ ക്ഷിണിച്ചു തന്റെ ചവിട്ടടിയിലേക്ക്..ഞെരിച്ചമർത്തി ആനന്ദിക്കാൻ..
ആർത്തിയോടെ.. വർദ്ധിച്ച ആത്മനിർവൃതിയേറ്റുകൊണ്ട്‌
വീണ്ടും വീണ്ടും ചവിട്ടിയരയ്ക്കപ്പെട്ടു അടിമ..
ആത്‍മാവിൽ നിന്ന് നിർവൃതിയോടെ നിണമൊഴുകി.. പുഴപോലെ...
രമ്യ രതീഷ്

സ്വപ്നം



അതിരാവിലെ ഒരു ഭ്രാന്തൻകിനാവിൽ ഉണർന്നെണീറ്റ്
ഉന്മദിനിയായി നടക്കണം..
ശരീരം ഉപേക്ഷിച്ചു ഇളം മഞ്ഞിലൂടെ ഒരുപാട് ദൂരേയ്ക്ക്...
ഒറ്റക്കൊലുസ്സിന്റെ ശബ്ദം മാത്രം അടയാളമായി അവശേഷിപ്പിച്ച്..
ഇളം നിറത്തിലുള്ള പൂക്കൾ കൊഴിഞ്ഞു വീണ
വഴിയിലൂടെ...അരൂപിയായി യാത്ര ചെയ്യണം..
എന്നെക്കടന്നു പോകുന്ന പാൽക്കാരന്റെയും പത്രക്കാരന്റെയും
മുന്നിലൂടെ..അവരുടെ
കാഴ്ചയിൽ പതിയാതെ..
ദൂരെയേതോ കോവിലിൽ നിന്നുയരുന്ന സുപ്രഭാതഗീതികളിൽ ലയിച്ച്...നടക്കണം
എന്നിട്ട് മഞ്ഞു വീണുറഞ്ഞ ആ കുളത്തിന്റെ പടവുകളിൽ
വെറുതേയിരിക്കണം..
കണ്ണുകളടച്ചു ഈറൻ കാറ്റിനെ ആഞ്ഞു ശ്വസിക്കണം..
മെല്ലെ ഒറ്റക്കൊലുസ്സിൻ മണികളെ
വെള്ളത്തിലേക്ക് ഇറക്കിവയ്ക്കണം...
കുളിരുകൊണ്ടവർ വിറച്ചു കിലുങ്ങുമ്പോൾ ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കണം...
രമ്യ രതീഷ്
20/5/2018

പെൺകുഞ്ഞിന്റെ അമ്മ


കുറച്ചു നാളുകളായി ചില പേക്കിനാവുകൾ എന്റെ ഉറക്കത്തെ പാതിവഴിയിൽ തടയുന്നു,പകലുകളെ അസ്വസ്ഥമാക്കുന്നു. ഉള്ളിലെ ആകുലതകളാകാം വെറുക്കപ്പെട്ട സ്വപ്നങ്ങളായി എന്നെ വേട്ടയാടുന്നത്. അതേ ഞാനുമൊരു പെണ്കുഞ്ഞിന്റെ അമ്മയാണ്.
ഞങ്ങൾ ഇപ്പോൾ ഗൾഫിലാണ്.ഇവിടുത്തെ നിയമങ്ങൾ അതിശക്തമാണ്. ഇവിടെയെന്റെ കുഞ്ഞു സുരക്ഷിതയായിരിക്കും,ഒന്നുമേ പേടിക്കാനില്ല എന്നൊക്കെയുള്ള എന്റെ ധാരണകൾക്ക് അടിയേറ്റ ഒരു സംഭവം ഇന്നലെയുണ്ടായി.എന്റെയൊരു സുഹൃത്തിനോട് ലിഫ്റ്റിൽ വച്ച് ഒരു ഞരമ്പ് രോഗി അപമര്യാദയായി പെരുമാറുകയുണ്ടായി.എൻറെയാ സ്ത്രീ സുഹൃത്ത് ശക്തമായി തന്നെ പ്രതിഷേധിച്ചു. പക്ഷെ ഈ സംഭവം വിവരിക്കുമ്പോഴും വിറയ്ക്കുന്ന അവളുടെ ശബ്ദമായിരുന്നു ഞങ്ങൾക്ക് കേൾക്കാനായത്. സ്കൂൾ വിട്ട് വരുമ്പോഴും ട്യൂഷൻ കഴിഞ്ഞു വരുമ്പോഴും ലിഫ്റ്റിൽ ഒറ്റയ്ക്ക് വരുന്ന ഞങ്ങളുടെ പെണ്കുഞ്ഞിനെയോർത്തു പേടി തോന്നി തുടങ്ങി ഞങ്ങൾക്ക്.
നാലുമാസം പ്രായമുള്ള പിഞ്ചുമേനിയിൽ പോലും കാമമടക്കുന്ന അധമന്മാർ മാത്രമുള്ള ഈ കാലഘട്ടത്തിൽ വന്നു പിറന്നല്ലോ കുഞ്ഞേ നീ ..
വിധിയെ ഖണ്ഡിക്കാൻ കഴിയുന്ന ഒരു വജ്രായുധവും കയ്യിലില്ലാത്ത സാധാരണ ഒരമ്മ മാത്രമാണ് ഞാൻ.
വിടർന്നു തുടങ്ങണം എന്ന വിചാരം പോലും മുളയ്ക്കാത്ത മനസ്സുമായി പൂമൊട്ടു പോലെ പെണ്കുരുന്നുകൾ.. അതിൽ എന്റെ മകളുമുണ്ട്..
ആറു വയസ്സ് മാത്രം പ്രായമുള്ള മകൾക്ക് ഇന്നത്തെ സമൂഹം ഇങ്ങനെയാണ് എന്നു ഞാൻ എങ്ങനെ പറഞ്ഞു മനസിലാക്കിക്കൊടുക്കും?
ഇത് എന്റെ മാത്രം സമസ്യയല്ല. നെറികേടുകളെ പറ്റി പറഞ്ഞാൽ തിരിയാത്ത പെണ്കുഞ്ഞുങ്ങൾ ഉള്ള എല്ലാ അമ്മമാരുടെയും പ്രശ്നമാണ്.
ഓരോ അനിഷ്ടസംഭവങ്ങൾ വാർത്തകളിൽ നിറയുമ്പോഴും നമ്മളിൽ പലരും വല്ലാതെ രോഷം കൊള്ളാറുണ്ട്. ഞാനടക്കം പലരും സ്വന്തം കുഞ്ഞിനെയോർത്തു വേവലാതിപ്പെടാറുണ്ട്.പീഡിപ്പിച്ചവനെതിരെ കണ്ണ് പൊട്ടുന്ന തെറിയും ഹാഷ് ടാഗും,കത്തുന്ന കവിതയും ഫേസ്ബുക്ക് പോസ്റ്റും ബഹളവും എല്ലാം ഒരാഴ്ത്തേയ്ക്ക്...പിന്നീട് ഓർമ വരണമെങ്കിൽ മറ്റൊരു പെണ്പൂവ് കൂടി ഇതേ വാർത്തയുടെ വഴിയിൽ എത്തണമെന്ന് മാത്രം.
പക്ഷെ,
ഓരോ പെണ്കുഞ്ഞിന്റെയമ്മയുടെ നെഞ്ചിലും അണയാത്ത ഒരു തീയുണ്ട്. സ്കൂളിൽ പോയ കുഞ്ഞു മടങ്ങിയെത്തുന്നത് വരെ,ട്യൂഷൻ കഴിഞ്ഞു സുരക്ഷിതയായി എത്തുന്നത് വരെ, കൂട്ടുകാരോടൊപ്പം കളിക്കാൻ പോയിക്കഴിയുമ്പോൾ
ആളിക്കത്തുന്ന തീ.. എന്ന് കരുതി ചിറകിനടിയിൽ തന്നെ അവളെ ഒളിപ്പിച്ചു വയ്ക്കാനാകുമോ? ഒരു കഴുകന്റെയും ദൃഷ്ടി പതിയാതെ മറച്ചു പിടിക്കാനാകുമോ.. ഇല്ല കാരണം നാളെയുടെ ആകാശം അവളുടെ കൂടെ അവകാശമാണ്.
എന്റെ കുഞ്ഞിനിത് സംഭവിക്കില്ല എന്ന അമിത ആത്മവിശ്വാസം നമുക്ക് മാറ്റിവയ്ക്കാം .ഓരോ അമ്മയും മനസിലാക്കണം നാളെ എന്റെ മകൾക്കോ/മകനോ ഇത്തരത്തിൽ സംഭവിക്കാം. അതിനെ തടുക്കാൻ എന്റെ കുരുന്നിനെ എങ്ങനെ പ്രാപ്തയാക്കണമെന്ന്.
അശ്ലീലം നിറഞ്ഞ ഒരു കഥ പറച്ചിൽ നടത്തി കുഞ്ഞു മനസ്സിനെ വേവലാതിപ്പെടുത്താതെ,അവർക്ക് മനസിലാകുന്ന ലാളിത്യം കലർത്തി സ്നേഹപൂർവ്വം പറഞ്ഞു മനസിലാക്കേണ്ടത് ഓരോ അമ്മയുടെയും ഉത്തരവാദിത്വമാണ്.
നമ്മുടെ ശരീരം ഏറെ വിലയേറിയതാണെന്നും അതിന്മേൽ പൂർണ്ണ അവകാശം നമുക്ക് മാത്രമാണെന്നും അവരെ പറഞ്ഞു മനസിലാക്കുക.അച്ഛനും അമ്മയുമൊഴികെ ഒരാളും അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കാൻ പാടില്ലെന്നും അഥവാ ആരെങ്കിലും അതിന് ശ്രമിച്ചാൽ ഉറക്കെ പ്രതികരിക്കാനും അവരെ പറഞ്ഞു മനസിലാക്കുക.
അരുത് എന്ന വാക്കിന്റെ ശക്തി വളരെ വലുതാണ്. എതിരാളിയുടെ മുഖത്ത് നോക്കി ചുണയോടെ ഉച്ചത്തിൽ പറയുന്ന ‘നോ’ എന്ന വാക്കിന് അയാളുടെ പകുതി ധൈര്യം ചോർത്തിക്കളായനാകും.
ആളനക്കമില്ലാത്ത ഇടങ്ങളിലോ അടച്ചിട്ട മുറികളിലോ ഒരാൾക്കുമൊപ്പം പോകാൻ പാടില്ല എന്ന് നിർബന്ധപൂർവം പറഞ്ഞു ബോധ്യപ്പെടുത്തുക.
ദിവസവും അവർ സ്കൂളിൽ നിന്ന് എത്തുമ്പോൾ അന്ന് നടന്ന സംഭവങ്ങൾ കഥപോലെ പറയുന്ന ഒരു ശീലം ഉണ്ടാക്കിയെടുക്കുക.നല്ല കേഴ്‌വിക്കാരിയായ അമ്മയോട് കുഞ്ഞുങ്ങൾ ഒന്നും ഒളിച്ചു വയ്ക്കില്ല.. തന്നെയുമല്ല ഒരു ദിവസം മുഖം വാടിയാൽ, അമ്മയ്ക്കത് പെട്ടന്ന് തിരിച്ചറിയാനാകും.
അച്ഛനും അമ്മയും അധ്യാപകരും കുട്ടികൾ പറയുന്നത് മാത്രമേ വിശ്വസിക്കൂ എന്നൊരു ധാരണ അവരിൽ വളർത്തുക. എന്തും തുറന്നു പറയാനും ആരെയും ചൂണ്ടിക്കാണിക്കാനും അവർക്ക് ധൈര്യമുണ്ടാകട്ടെ.ആത്മവിശ്വാസമുള്ള ചുണക്കുട്ടികൾ/ചുണക്കുട്ടന്മാർ ആകട്ടെ നമ്മുടെ മക്കൾ.
ഇനി ,
ഒരു പെണ്കുട്ടിയോട് പറഞ്ഞു മനസിലാക്കുന്നത് പോലെ തന്നെ ഉത്തരവാദിത്വമുണ്ട് അമ്മയ്ക്ക് അവരുടെ ആണ്കുട്ടിയെയും ബോധവാനാക്കേണ്ടതിൽ.
അവന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും സ്ത്രീയെ ബഹുമാനിക്കാൻ പഠിപ്പിക്കുക. ഒരു സ്ത്രീയോട് ബഹുമാനം പ്രകടിപ്പിക്കുമ്പോൾ സ്നേഹപൂർവം അഭിനന്ദിക്കുക.. അവന്റെ അമ്മയെയും സഹോദരിയെയും ഓരോ സ്ത്രീയിലും കാണാൻ അവനെ പഠിപ്പിച്ചു കൊടുക്കുക.
ഒരു സമൂഹം മുഴുവൻ നന്നാക്കാൻ കെൽപ്പുള്ള സ്ത്രീയല്ല ഞാൻ.. എനിക്കുള്ളത് അടുത്ത തലമുറയിലേക്ക് വിവേകമുള്ള , മിടുക്കരായ രണ്ട് മക്കളെ നൽകാൻ കഴിയും എന്ന ആത്മവിശ്വാസം മാത്രമാണ്
രമ്യ രതീഷ്
18/05/2018

മനസില്‍ തൊട്ട സൗഹൃദം

ഞാന്‍ ആര്യ.
ഒരുപാട് സൗഹൃദങ്ങൾ ഉണ്ടെങ്കിലും സൗമ്യയെ അടുത്തറിയും വരെ എനിക്ക് ആഴത്തിലുള്ള അധികം സുഹൃത്തുക്കൾ ഉണ്ടായിട്ടില്ല. ഇന്ന് ഞാന്‍ വളരെ അധികം സന്തോഷത്തിലാണ് അവളെയോര്‍ത്ത്‌.
ഇനി അവള്‍ എനിക്ക് പ്രിയപ്പെട്ടവള്‍ ആയതിനെക്കുറിച്ച്...
മംഗലാപുരത്തെ പ്രശസ്തമായ കോളേജില്‍ BAMS ന് ചേരുമ്പോള്‍ നല്ല ഉത്സാഹത്തില്‍ ആയിരുന്നു ഞാന്‍. ആദ്യമായി വീടും വീട്ടുകാരെയും പിരിഞ്ഞുനില്‍ക്കുന്നതില്‍ വിഷമം ഉണ്ടെങ്കിലും, കോളേജും കൂട്ടുകാരും, ഹോസ്റ്റല്‍ ജീവിതവും എല്ലാം എനിക്ക് പുതുമയായിരുന്നു. കോളേജിലെ ആദ്യദിനങ്ങള്‍ വളരെ രസകരമായി മുന്‍പോട്ടുപോയി. ഹോസ്റ്റലില്‍ ഞങ്ങള്‍ നാലുപേര്‍ ആയിരുന്നു റൂം‌മേറ്റ്സ്‌. രേവതി, ക്രിസ്റീന, സൗമ്യ പിന്നെ ഞാനും.
സൗമ്യ, അവൾ ഞങ്ങളില്‍ നിന്നെല്ലാം വളരെ വ്യത്യസ്ഥ ആയിരുന്നു. പെട്ടന്ന് ദേഷ്യം വരുകയും ചിരിച്ചുകൊണ്ട് കരയുകയും ചെയ്യുന്ന ഒരു പ്രകൃതം. നന്നായി പട്ടുപാടുമായിരുന്നു അവള്‍. പഠിക്കാനും മിടുക്കി. കാഴ്ച്ചയില്‍ അല്പം സൗന്ദര്യം കുറവായിരുന്നു എങ്കിലും ഒരുങ്ങിനടക്കാന്‍ അവള്‍ക്കു ഇഷ്ടമായിരുന്നു. ഒരു കടലോളം സങ്കടം അവളുടെ ഉള്ളിലുണ്ടെന്നു ദിവസങ്ങള്‍ക്കകം ഞങ്ങള്‍ക്ക് മനസിലായി.
പ്രണയവിവാഹിതരായ വ്യത്യസ്ഥ മതത്തില്‍ പെട്ട മാതാപിതാക്കള്‍, ദാമ്പത്യത്തില്‍ എത്തിയപ്പോള്‍ അവസാനിച്ച അച്ഛന്‍റെ പ്രണയം. മുഴുക്കുടിയനായ അച്ഛന് അമ്മയെ സംശയമായിരുന്നു. അദ്ദേഹം വീട്ടുകാര്യങ്ങള്‍ ഒന്നും തന്നെ ശ്രദ്ധിക്കതെയായി. എന്തിനേറെ അനുജന്‍റെ പിതൃത്വം പോലും അച്ഛന് സംശയമായി വന്നതോടെ കാര്യങ്ങൾ കൂടുതൽ ഗുരുതരമാവുകായായിരുന്നു.
അമ്മയുടെ വീട്ടുകാരും വിവാഹത്തോടെ അമ്മയെ ഉപേക്ഷിച്ചിരുന്നു. ഇതോടെ മക്കളെ പോറ്റാനായി കൂലിപ്പണിക്ക് പോകേണ്ട അവസ്ഥയായി ആ അമ്മക്ക്. അവിടെയും കൂടെ ജോലിയെടുക്കുന്നവരെ ചേര്‍ത്ത് കഥകള്‍ മെനഞ്ഞു അച്ഛന്‍. അതും കൂടെ ആയതയോടെ സഹായിക്കണം എന്ന് മനസുള്ളവര്‍ കൂടി അത് ചെയ്യാതെയായി.
മദ്യലഹരിയില്‍ അച്ഛൻ, കുട്ടിയായ അനുജനെയും അമ്മയെയും ഉപദ്രവിക്കുന്നത് പതിവായി. ആദ്യമൊക്കെ അയല്‍ക്കാര്‍ ഇടപെടുമായിരുന്നു. പക്ഷേ പതിവായതോടെ അവരും തിരിഞ്ഞുനോക്കതെയായി.എല്ലാവര്‍ക്കും സഹതാപം മാത്രം.
പഠനത്തില്‍ മിടുക്കിയായതിനാല്‍ +2 കഴിഞ്ഞപ്പോള്‍ സൗമ്യക്ക്‌ ഇടവകപ്പള്ളിയിലെ അച്ചന്‍ മംഗലാപുരത്ത് BAMS ന് അഡ്മിഷന്‍ ശരിയാക്കി. ആ അമ്മ അവളെ ഹോസ്റ്റലില്‍ ആക്കാന്‍ വന്നത് ഇന്നും ഓര്‍മയിലുണ്ട്. ഐശ്വര്യം ചോര്‍ന്നുപോകാത്ത മുഖത്ത് ദാരിദ്ര്യത്തിന്‍റെ നിഴലുപോലെ കുഴിഞ്ഞ കണ്ണുകള്‍. ചിരി എന്താണെന്നുപോലും മറന്നുപോയ ഒരു സാധു.
എല്ലാമൊന്നും അവള്‍ ഞങ്ങളോട് പറയാറില്ല. എങ്കിലും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പൊട്ടും പൊടിയുമായി ഇത്രയും രഹസ്യങ്ങള്‍ അവള്‍ ഞങ്ങളോട് പങ്കുവച്ചിരുന്നു. രണ്ടാമത്തെ സെമസ്റ്റെര്‍ പരീക്ഷക്കുമുന്‍പ്‌ 10 ദിവസം അവധി കിട്ടിയതിനാല്‍ ഞങ്ങള്‍ എല്ലാവരും നാട്ടിലേക്കു തിരിച്ചു. കൂടെ സൗമ്യയും.
നാട്ടിലെത്തിയാലും സൗമ്യ ഞങ്ങളെ ആരെയും വിളിക്കുകയോ വിശേഷങ്ങള്‍ പങ്കുവയ്ക്കുയോ ചെയ്യാറ് പതിവില്ലായിരുന്നു.10 ദിവസത്തിനു ശേഷം പരീക്ഷക്കു തയ്യാറായി സൗമ്യ ഒഴികെ എല്ലാവരും ഹോസ്റ്റലില്‍ എത്തി. പരീക്ഷക്കു മുന്‍പെങ്കിലും അവള്‍ എത്തുമെന്ന് ഞങ്ങള്‍ കരുതിയെങ്കിലും, അവള്‍ വന്നില്ല.
എല്ലാ പരീക്ഷയും കഴിഞ്ഞു. അവള്‍ എത്താത്തതില്‍ ഞങ്ങള്‍ക്ക് ചെറിയ ആധി തോന്നിത്തുടങ്ങി. ഞങ്ങള്‍ അവളുടെ അടുത്ത വീട്ടിലേക്ക് വിളിച്ചു. (അത്യാവശ്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം വിളിക്കാന്‍ അവളുടെ അമ്മ തന്ന നമ്പര്‍ ആയിരുന്നു അത്). സൗമ്യക്ക്‌ ഒരു ചെറിയ അപകടം പറ്റിയെന്നും, വലതു കൈ മുറിഞ്ഞു എന്നും മാത്രം അറിയാന്‍ കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അവര്‍ക്കും അറിയില്ലായിരുന്നു.
2 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ രേവതിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. മറുതലക്കല്‍ സൗമ്യ ആയിരുന്നു. "രേവതീ, ഇത് ഞാനാ സൗമ്യ. എടീ ഞാന്‍ ഒന്നുവീണു വലതുകൈക്ക് മുറിവായിരുന്നു. അടുത്ത ആഴ്ച വരും ഞാന്‍." അങ്ങോട്ട്‌ ഉള്ള ചോദ്യങ്ങള്‍ ഒഴിവാക്കി ഇത്രയും പറഞ്ഞു അവള്‍ ഫോണ്‍ കട്ട് ചെയ്തു. എന്തായാലും ഞങ്ങള്‍ക്ക് ആശ്വാസമായി അവളുടെ ശബദം ഒന്ന് കേട്ടപ്പോള്‍.
തൊട്ടടുത്ത ആഴ്ച അവള്‍ അമ്മയോടൊപ്പം എത്തി. കയ്യില്‍ പ്ലാസ്റ്റെര്‍ ഇട്ടിരുന്നു. ഞങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊന്നും അവള്‍ വ്യക്തമായി മറുപടി പറഞ്ഞില്ല. അമ്മ തിരികെ പോകുമ്പോള്‍ അവള്‍ വല്ലാതെ തളര്‍ന്നിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും അവള്‍ വളരെ ദുഖിതയായിരുന്നു. ഞങ്ങളോടും അവള്‍ അകലം പാലിച്ചു. രാത്രികളില്‍ അവള്‍ക്കു തീരെ ഉറക്കം കുറവായിരുന്നു. ഒരുദിവസം രാത്രി എങ്ങലടിച്ചുള്ള കരച്ചില്‍ കേട്ട് ഞങ്ങള്‍ മൂന്നുപേരും ഉണര്‍ന്നു. ഞങ്ങള്‍ എല്ലാവരും കണ്ടതോടെ അവളുടെ തേങ്ങല്‍ ഒരു നിലവിളിയായി. കാര്യം തിരക്കിയ ഞങ്ങളോട് അവള്‍ കരച്ചിലിന്‍റെ ഇടയിൽ കാര്യങ്ങള്‍ പറഞ്ഞു. "ഇനി എനിക്കിത് ഒറ്റയ്ക്ക് താങ്ങാന്‍ പറ്റില്ല. ഞാന്‍ വീണു കൈമുറിഞ്ഞു എന്ന് പറഞ്ഞത് കള്ളമായിരുന്നു. എന്‍റെ അച്ഛന്‍ ഉറങ്ങിക്കിടന്ന അനിയനെ വെട്ടാനായി കഴുത്തിന്‌ നേരെ വാക്കത്തി ഓങ്ങിയപ്പോള്‍ കയറിപ്പിടിച്ച എന്‍റെ കയ്യിലാ വെട്ടുകൊണ്ടത്. മുറിഞ്ഞു തൂങ്ങിയ എന്‍റെ കയ്യിലെക്കൊന്നു നോക്കുക പോലും ചെയ്യാതെ അയാള്‍ ഇറങ്ങിപ്പോയി. 10 ദിവസത്തോളം ഹോസ്പിറ്റലില്‍ കഴിഞ്ഞു. ഞരമ്പുകള്‍ മുറിഞ്ഞത് കൊണ്ട് 2 സര്‍ജറികള്‍ വേണ്ടി വന്നു." ഇത്രയും പറഞ്ഞു വാവിട്ടുകരഞ്ഞ അവളെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലുമാവാത്ത പോലെ ഞെട്ടലില്‍ ആയിരുന്നു ഞങ്ങള്‍ മൂന്നുപേരും.
കൂലിപ്പണിയെടുത്തും കടം വാങ്ങിയും ആ അമ്മ ഉണ്ടാക്കിയ 2 മുറികള്‍ ഉള്ള കൊച്ചുവീടിനു അടച്ചുറപ്പുള്ള ഒരു വാതില്‍ ഇടാന്‍ പോലും അച്ഛന്‍ സമ്മതിക്കില്ലായിരുന്നു. രണ്ടോ മൂന്നോ തവണ വാതിലുകള്‍ ചവിട്ടിപൊളിച്ചായിരുന്നു ആ പ്രതിഷേധം. അടച്ചുറപ്പില്ലാത്ത വീട്ടില്‍ അനിയന്‍റെയും അമ്മയുടെയും സുരക്ഷ ആയിരുന്നു അവളുടെ സ്വസ്ഥത ഇല്ലാതാക്കിയത്. മദ്യപിക്കാത്തപ്പോള്‍ അധികം സംസാരിക്കാത്ത, മദ്യം കൊണ്ട് മൃഗമാകുന്ന അച്ഛന്‍ (മദ്യപിക്കാത്ത സമയം വിരളം) ഒരു വല്യ ഭയമായി അവളില്‍ നിറഞ്ഞു നിന്നിരുന്നു.
പോലീസിൽ പരാതിപ്പെടാന്‍ ഞങ്ങളെല്ലാവരും നിര്‍ബന്ധിച്ചു. പക്ഷെ അവളുടെ അമ്മ സമ്മതിച്ചില്ല. ഒരുകാലത്ത് എല്ലാമായിരുന്ന ആ മനുഷ്യനെ അങ്ങനെ പോലും ഉപദ്രവിക്കാന്‍ ആ അമ്മ ഇഷ്ട്ടപ്പെട്ടില്ല.
വല്യ കുഴപ്പങ്ങള്‍ ഇല്ലാതെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി. സൗമ്യയുടെ കൈ സുഖമായി. പരീക്ഷ എഴുതാന്‍ കഴിയാഞ്ഞതിനാല്‍ അവള്‍ 6 മാസം ഞങ്ങളെക്കാള്‍ പിന്നിലായി. കൈ സുഖം ഇല്ലാതിരുന്ന ദിവസങ്ങളില്‍ നോട്ടുകള്‍ എല്ലാം എഴുതികൊടത്തും, പഠിക്കാന്‍ കൂട്ടിരുന്നും. ഇടം കയ്യില്‍ സ്പൂണ്‍ പിടിച്ചു കഴിക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ വാരികൊടുത്തും, ഞങ്ങള്‍ സഹോദരിമാരയിക്കഴിഞ്ഞിരുന്നു. ഇടക്കൊക്കെ കണ്ണ് നിറഞ്ഞു പോകുന്നത് ഇടംകൈ കൊണ്ട് ഞാന്‍ കാണാതെ തുടച്ചു അവള്‍ ചിരിക്കുമായിരുന്നു. അവള്‍ക്കുവേണ്ടി എന്നാല്‍ കഴിയുന്നതെല്ലാം ചെയ്യണം എന്നും ഞാന്‍ മനസിലുറപ്പിച്ചു.
ഞങ്ങളുടെ കോഴ്സ് കഴിഞ്ഞു ക്യാമ്പസ്‌ സെലെക്ഷന്‍ വഴി ഞങ്ങള്‍ മൂന്നു പേര്‍ക്ക് ബാന്‍ഗ്ലൂര്‍ ജോലിയായി. രേവതിയും, സൗമ്യയും, ഞാനും. സൗമ്യക്ക്‌ ജോലിയായതോടെ അവളുടെ അമ്മക്ക് കുറച്ചൊക്കെ ആശ്വാസമായി. മദ്യപാനം കടുത്തതിനെ തുടര്‍ന്നു അച്ഛന്‍ ഒരു രോഗിയായി മാറിയിരുന്നു.
ഞങ്ങളുടെ കൂടെ ജോലി ചെയ്തിരുന്ന സുദീപ് എന്ന ചെറുപ്പക്കാരന് അവളോട് ഇഷ്ടമായിരുന്നു. പക്ഷെ അവൾ അവനെ അവഗണിച്ചു. പ്രണയം അവൾക്കു പേടിയായിരുന്നു അമ്മ പറയുന്ന ആളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ എന്നവൾ പറയുമായിരുന്നു അമ്മയുടെ അനുഭവം അതാണ് അവളെ പഠിപ്പിച്ചത്.
എൻ്റെ അച്ഛനും അമ്മയും വരുമ്പോഴൊക്കെ എനിക്കെന്ന പോലും ഡ്രസ്സും പലഹാരങ്ങളും അവൾക്കും കൊണ്ട് വരുമായിരുന്നു. എൻ്റെ അച്ഛനോട് "അച്ഛാ " എന്ന വിളിയോടെ സ്നേഹത്തോടെ സംസാരിക്കുമ്പോഴെല്ലാം ഞാൻ അവളിൽ സ്നേഹവും കരുതലും കൊതിക്കുന്ന ഒരു മകളെ കണ്ടു.
ഏകദേശം ഒരു വർഷത്തോളം ആയപ്പോൾ എൻ്റെ വിവാഹം കഴിഞ്ഞു. അതോടെ ബാംഗ്ലൂർലെ ജോലിയും ഞാൻ മതിയാക്കി. രേവതിയും, സൗമ്യയും അവിടെ തന്നെ തുടര്‍ന്നു. സൗമ്യയുടെ 'അമ്മ വിളിക്കുമ്പോൾ ഒക്കെ അവളുടെ വിവാഹ ആലോചനകൾ നടക്കുന്നതായി പറയാറുണ്ടായിരുന്നു. അവൾക്കു ഉടനെ വിവാഹം വേണ്ട എന്നായിരുന്നു. ഒരു ദിവസം വളരെ സന്തോഷത്തിൽ ആണ് സൗമ്യയുടെ 'അമ്മ വിളിച്ചത് .ആലപ്പുഴയിലുള്ള ഒരു പയ്യന്റെ ആലോചന വന്നിട്ടുണ്ട്, നല്ല കുടുംബം ആണ് പയ്യന് വളരെ നല്ല സ്വഭാവം പുകവലിയില്ല മദ്യപാനം ഇല്ല അങ്ങനെ അങ്ങനെ ഒരുപാട് താത്പര്യത്തോടെ ആണാ 'അമ്മ ആ വിവരം എന്നോട് പറഞ്ഞത്.
ഒടുവില്‍ ആ വിവാഹം നിശ്ചയിച്ചു. അവര്‍ ചോദിച്ച സ്ത്രീധനം എങ്ങനെയും തരാം എന്ന് അമ്മ ഏറ്റു. നിശ്ചയത്തിനു ശേഷം 6 മാസംകഴിഞ്ഞാണ് കല്യാണതിയതി തീരുമാനിച്ചത്. അവള്‍ നല്ല സന്തോഷത്തില്‍ ആയിരുന്നു. അജിത്‌ അവളോട്‌ വളരെ സ്നേഹത്തില്‍ ആയിരുന്നു പെരുമാറിയിരുന്നത്. അവളുടെ ഭാവി സുരക്ഷിതം ആകുന്നതോര്‍ത്തു ഞാനും ഒരുപാടു സന്തോഷിച്ചു.
വിവാഹത്തിന് ഒരു മാസം ബാക്കി നില്‍ക്കെ ഒരു ദിവസം രേവതിയുടെ ഒരു കോള്‍ എനിക്ക് വന്നു. സൗമ്യയുടെ അച്ഛന്‍ മരിച്ചു..!
പ്രസവതിയതി അടുത്തിരുന്നതിനാല്‍ യാത്ര ചെയ്യാന്‍ എനിക്കാവുമായിരുന്നില്ല. അവളെ വിളിച്ച എനിക്ക് എന്തുപറയണം എന്നറിയില്ലായിരുന്നു. എന്‍റെ ശബദം കേട്ടപ്പോഴേ അവള്‍ പറഞ്ഞു "പോയെടീ. അച്ഛൻ പോയി. ഇനി ഞങ്ങള്‍ക്ക് സാമാധാനം ഉണ്ടാവുമല്ലോ. എന്റെ വീടിനു ഇനി കതക് ഇടാം. എന്നാലും, ആ സ്ഥാനത്ത്‌ ഇനി ആരും ഇല്ലല്ലോ" എന്ന് പറഞ്ഞു തേങ്ങിക്കരഞ്ഞു.അവള്‍ അനുഭവിച്ച വേദനകളും, നഷ്ട്ടപ്പെട്ടത്‌ നികത്താന്‍ ആവില്ലെന്നും എല്ലാം അതിലുണ്ടായിരുന്നു. ആ കരച്ചിലിനിടയിൽ വാക്കുകള്‍ ഞങ്ങള്‍ക്കിടയില്‍ മുറിഞ്ഞു.
മൂന്ന് മാസത്തിനു ശേഷം പുതിയ മുഹൂര്‍ത്തത്തില്‍ അജിത്തിന്റെയും സൗമ്യയുടെയും വിവാഹം നടന്നു. 2 മാസം പ്രായമായ മോളുമായി ഞങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു. സൗമ്യയുടെ ദുഃഖങ്ങള്‍ ഇവിടെ അവസാനിച്ചു എന്ന് ഞാന്‍ ആശ്വസിച്ചു. എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി ഒരു പുതിയ ജീവിതത്തിലേക്ക് സന്തോഷത്തോടെ പ്രവേശിക്കുന്നത് സന്തോഷത്താൽ ഈറനണിഞ്ഞ മിഴികളോടെ ഞാൻ നോക്കിക്കണ്ടു.
മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞു ഞാന്‍ ഭര്‍ത്താവും കുട്ടിയുമായി ഗള്‍ഫില്‍. സൗമ്യ നാട്ടില്‍. ഫോണ്‍ വിളികളിലൂടെ മാത്രമായി സൗഹൃദം. അതിനിടയിൽ അവള്‍ക്കൊരു മകള്‍ ജനിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ ഉണര്‍ന്നപ്പോള്‍ അവളുടെ ഒരു മെസ്സേജ്. "ആര്യെ, എനിക്ക് അത്യാവശ്യമായി ഒന്ന് സംസാരിക്കണം" പെട്ടന്ന് ഇങ്ങനെയൊരു മെസ്സേജ് കണ്ടപ്പോൾ ഞാൻ ഉടനെ അവളെ വിളിച്ചു. കുറെ നേരം ഞങ്ങൾ സംസാരിച്ചു. തേങ്ങിക്കരഞ്ഞു കൊണ്ട് അവള്‍ പറഞ്ഞു, ഡിവോഴ്സ് ന് ശ്രമിക്കുകയാണെന്ന്!
അമ്മ വിഷമിക്കും എന്ന് കരുതി ഇതുവരെ സഹിച്ച കഥകള്‍ അവള്‍ പറഞ്ഞു അജിത്‌ ഒരു സ്വഭാവദൂഷ്യങ്ങളും ഉള്ള ആള്‍ അല്ലായിരുന്നു. പക്ഷെ അമ്മയും സഹോദരിയും പറയുന്നതിനപ്പുറം അയാള്‍ പോവില്ലായിരുന്നു. എല്ലാം അവള്‍ സഹിച്ചു. മാടിനെപോലെ പണിയെടുത്തു. ബാക്കി കൊടുക്കാനുള്ള സ്ത്രീധനത്തുകയെ ചൊല്ലിയുള്ള കുത്തുവാക്കുകള്‍ ദേഹോപദ്രവം വരെ എത്തി. എല്ലാം സഹിച്ചു. പരാതിപ്പെടാന്‍ അവള്‍ക്കു ആരും ഇല്ലായിരുന്നു. പരാതി കേള്‍ക്കേണ്ടവന്‍ ഒന്നുമറിയാത്ത ഒരു പാവ പോലെ നിസ്സംഗനായി മാറിയിരുന്നു.
കുഞ്ഞു ജനിച്ചതോടെ കുഞ്ഞിന്റെ സൗന്ദര്യം പോരെന്നു പറഞ്ഞു കുത്തുവാക്കുകള്‍. കുഞ്ഞിനു ഒരു ഉടുപ്പ് വാങ്ങാന്‍ പോലും സമ്മതിക്കില്ലായിരുന്നു. ഉപദ്രവങ്ങള്‍ സഹിക്കാന്‍ വയ്യാതെയായി. ഇത്രയുമൊക്കെ ആയപ്പോള്‍ സഹികെട്ടിട്ടാണ് അവള്‍ ഈ തീരുമാനത്തില്‍ എത്തിയത്. എല്ലാം കേട്ടപ്പോള്‍ നെഞ്ച് പൊട്ടി കരയാന്‍ മാത്രമാണ് എനിക്കായത്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ ഇനിയും പരീക്ഷിച്ചു തീര്‍ന്നില്ലേ ഈശ്വരാ എന്നോര്‍ത്ത്.
കാര്യങ്ങൾ അധികം കോമ്പ്ലിക്കേഷനില്ലാതെ കഴിഞ്ഞു. അവർ രണ്ടു പേരും രണ്ടു വഴിക്കായി. ഡിവോഴ്സ്നു ശേഷം നാട്ടിലേക്ക് തിരികെയെത്തി അവളുടെ അമ്മയോടൊപ്പം കുഞ്ഞുമായി അവള്‍ താമസിച്ചു.
അവള്‍ക്കു വേണ്ടി എന്തുചെയ്യാന്‍ പറ്റും എന്ന ചിന്തയിലായിരുന്നു അടുത്ത ദിവസങ്ങളില്‍ എല്ലാം ഞാൻ. രേവതിയെ വിളിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് സുദീപ് ഇപ്പോഴും അവിവാഹിതന്‍ ആണെന്നും സൗമ്യയുടെ കാര്യങ്ങള്‍ എല്ലാം അറിയാമെന്നുമാണ്. രേവതിയുടെ സംസാരത്തില്‍ നിന്നും സൗമ്യയെ കൂടെകൂട്ടാന്‍ സുദീപ് ഇപ്പോഴും ഒരുക്കമാണെന്നും മനസിലായി.
എന്‍റെ മനസില്‍ എന്തൊക്കെയോ പ്രതീക്ഷയുടെ നേരിയ ഓളങ്ങള്‍. സുദീപിനെ നേരിട്ട് വിളിച്ചു സംസാരിച്ചുകഴിഞ്ഞപ്പോള്‍ അതൊരു തിരയായി മാറി..!!അവനിഷ്ടമാണ് ഇപ്പോഴുമവളെ. കുഞ്ഞിന്‍റെ കാര്യം പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞ മറുപടി എന്നെ അത്ഭുതപ്പെടുത്തി "അവളുടെതായതെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. പിന്നെ അവളുടെ വയറ്റില്‍ പിറന്ന കുഞ്ഞിനെ ഞാന്‍ എങ്ങനെ വേറിട്ട്‌ കാണും"
പിന്നീട് ഞാന്‍ ഒന്നും ആലോചിച്ചില്ല സൗമ്യയുടെ അമ്മയെ വിളിച്ചു എല്ലാം പറഞ്ഞു.വേനലില്‍ഒരു മഴ പെയ്ത സന്തോഷം ആയിരുന്നു അമ്മക്ക്. സൗമ്യ ആദ്യം എതിര്‍ത്തെങ്കിലും സുദീപിനോടുണ്ടായിരുന്ന സാഹചര്യം കൊണ്ട് മാത്രം മൂടിവെച്ചിരുന്ന ആ ഇഷ്ടം മനസിന്റെ അടിത്തട്ടില്‍ നിന്നും തനിയെ ഉയിര്‍ത്തെഴുന്നേറ്റു.
പിന്നെടെല്ലാം പെട്ടന്നായിരുന്നു..
ജൂണ്‍മാസത്തിലെ മഴക്കൊപ്പം. അവളെയും മോളെയും ചേര്‍ത്തുപിടിക്കാന്‍ ഒരു താലിതിളക്കവുമായി സുദീപുമുണ്ടായിരുന്നു.
സൗമ്യ, നിന്നെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഒരു വേദനയായിരുന്നു മനസ്സിൽ. ഇന്ന് ഒരുപാട് സന്തോഷത്തോടെയാണ് തിരികെ പോകുന്നത്.
ഇത്രയും കാലം നീ ഒഴുകിയ കണ്ണീരിൽ നിന്റെ എല്ലാ ദുഖങ്ങളും ഒഴുകിപ്പോകട്ടെ. പുതിയ ജീവിതം, പുതിയ ലോകം അവിടെ നിനക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ..
ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ ഇവിടെ ഞാനും.
----------------------------------------
രമ്യ രതീഷ്...

ഞാനുമൊരു മാലാഖ


എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇംഗ്ലീഷ്‌ അധ്യാപകൻ ക്ലാസ്സിൽ ആ ചോദ്യം ചോദിച്ചത്. ഭാവിയിൽ ആരാകാനാണ് ആഗ്രഹം. മലയോര ഗ്രാമീണ മേഖലയിലെ വെറും സാധാരണക്കാരായ മാതാപിതാക്കളുടെ സാധാരണക്കാരായ മക്കൾക്ക് വലിയ വലിയ മോഹങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
ക്ലാസ്സിലെ തൊണ്ണൂറ് ശതമാനം പെണ്കുട്ടികളും നഴ്‌സ് ആകണം എന്ന് ആഗ്രഹം പറഞ്ഞപ്പോൾ ഞാൻ ടീച്ചർ ആകണം എന്നു പറഞ്ഞു. എന്തുകൊണ്ടോ നഴ്‌സ് ആകുക എന്നത് എന്റെ സ്വപ്നങ്ങളിൽ ഒരിക്കൽ പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും ഡിഗ്രിക്ക് ചേരാനായി ആപ്പ്ളിക്കേഷൻ ഫോം വാങ്ങി വന്നപ്പോൾ നഴ്സിങന് ചേർന്നാൽ മതിയെന്ന് അച്ഛൻ നിർദ്ദേശിച്ചു. തീരെ താത്പര്യമില്ലാഞ്ഞിട്ടും അച്ഛന്റെ ആഗ്രഹത്തിന് മുന്നിൽ ഞാൻ മുട്ടുമടക്കി.
ഏറെ ജോലിസാധ്യതയും അത്യാവശ്യം വരുമാനവുമുള്ള ജോലിയാണ് നഴ്സിങ് എന്നതായിരുന്നു അച്ഛന്റെ വാദം. നഴ്സിങ് പഠനകാലം ഞാൻ ഏറെ ആസ്വദിച്ചു എന്നു തന്നെ പറയാം ഹോസ്റ്റലും കൂട്ടുകാരും. ക്ലിനിക്കിലെയും ക്ലാസ്സിലെയും തമാശകളും ഒക്കെയായി ഞാൻ നഴ്‌സാകാൻ പൂർണ്ണമായി ഒരുങ്ങിക്കഴിഞ്ഞിരുന്നു.
രണ്ടാം വർഷം അനാട്ടമി പഠനത്തിന്റെ ഭാഗമായി ആദ്യമായി ഓട്ടോപ്സി കണ്ടതും ഒരാഴ്ചയോളം ഉറക്കം നഷ്ടപ്പെട്ടതും, ഉടുപ്പുകളിൽ എല്ലാം ഫോർമാലിൻ മണക്കുന്നു എന്ന് തോന്നിയിട്ട് ഒരു ദിവസം പല തവണ കുളിച്ചതും, ആദ്യമായി ഇൻജക്ഷൻ എടുത്തപ്പോൾ കൈ വിറച്ചതും, മരണം നേരിൽ കണ്ട് പകച്ചു നിന്നതും, പ്രസവം കണ്ട ദിവസം വാവിട്ട് കരഞ്ഞ് കൊണ്ടു അമ്മയെ വിളിച്ചതും ഒക്കെ ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരുന്നുണ്ട്.
പഠനശേഷം ജോലിക്ക് ചേർന്നപ്പോൾ നൂറ് കൈകൾ കൊണ്ട് ചെയ്യേണ്ട ജോലികൾ വെറും 38 കിലോ ഭാരം മാത്രമുള്ള ഞാൻ പറന്നു നടന്ന് ചെയ്യുന്നത് കണ്ട ഡോക്ടർമാർ അഭിനന്ദിച്ചപ്പോൾ അഭിമാനം തോന്നിയെങ്കിലും, നഴ്സിനൊടുള്ള ഭൂരിഭാഗം പൊതുജനത്തിന്റെയും വികാരം പുച്ഛം തന്നെയെന്ന് തിരിച്ചറിയുകയായിരുന്നു.
എത്രയൊക്കെ ആർദ്രമായി, ആത്മാർത്ഥമായി പെരുമാറിയാലും സ്വന്തം ആളുകൾ പോലും അറപ്പോടെ മാറി നിൽക്കുന്നിടത്തു മുഖത്ത് നിറഞ്ഞ പുഞ്ചിരിയോടെ പരിചരിച്ചാലും നന്ദികേട് മാത്രം പ്രതിഫലം എന്ന് മനസിലാക്കി തുടങ്ങിയ നാളുകൾ.
പിന്നീട് സൗദിയിലും ദുബായിലും ജോലിചെയ്തപ്പോഴും നഴ്സിനൊടുള്ള പൊതു വികാരത്തിൽ ഒരു മാറ്റവും കണ്ടില്ല. ആദർശം പറയുമ്പോൾ അങ്ങേയറ്റം അലിവോടെ സംസാരിക്കുന്നവർ പോലും ഒരൽപ്പം അശ്ലീലം കലർന്ന കണ്ണോടെ അല്ലാതെ ഒരു നഴ്‌സിനെയും കാണുന്നില്ല എന്നത് ദുഖത്തോടെ ഞാൻ മനസ്സിലാക്കുകയായിരുന്നു. സിനിമകളിലും കോമഡി പരിപാടികളിലും ഡോക്ടർക്കൊപ്പം കൊഞ്ചിക്കുഴയുന്ന നഴ്‌സ് എന്ന കഥാപാത്രത്തെ കാണുമ്പോൾ പൊട്ടിച്ചിരിക്കുന്നവർ, കണ്ണടയുമ്പോൾ ഒരുപക്ഷേ അവസാനം കാണുന്ന മുഖവും അതുപോലൊരു നഴ്‌സിന്റെ തന്നെയാവും എന്ന് ഓർക്കാറില്ല.
ഓരോ പിറവിയിലും മരണത്തിലും കൂട്ടിരിക്കുന്നവൾ. അവഗണകളുടെ നിറം ചേർത്ത ചിറകുള്ള മാലാഖമാർ. ഒരു നഴ്‌സിന്റെ ആത്മാർത്ഥത കൊണ്ട് മാത്രം പരസ്പരം മാറാതെ, ഓരോ മതത്തിലും വന്നു പിറക്കുന്ന കുഞ്ഞുങ്ങൾ. ശരിക്കും മാലാഖ തന്നെയാണ് നഴ്സ്.
ഇന്നിപ്പോൾ ജോലി ചെയ്യുന്നില്ലെങ്കിലും ഒരു നഴ്‌സ് ആണ് ഞാൻ എന്ന് പറയുന്നതിൽ അഭിമാനം മാത്രം. ആതുരസേവന രംഗത്തുള്ള മാലാഖമാരായ എന്റെ സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ.
--------------------------------
രമ്യ രതീഷ്
12/05/2018

എന്തിനോ വേണ്ടി തിളച്ച സാമ്പാർ


മൂന്ന് വർഷമായി രാവും പകലും കൂടെയുണ്ടായിരുന്ന സാംസങ് മൊബൈൽ രണ്ട് ദിവസം മുൻപ് രാവിലെ എന്റെ മടിയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത ദുഃഖത്തിലായിരുന്നു ഞാൻ..
പുതിയ മൊബൈൽ കൂട്ടിന് വന്നുവെങ്കിലും അവൻ ഒന്നു മെരുങ്ങിവരുന്നതേയുള്ളൂ.
അപ്പോഴാണ് ഇന്ന് രാവിലെ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും വാട്ട്‌സ്ആപ്പിൽ ഒരു പിക്ചർ മെസ്സേജ് വന്നത്. ലുലു ഹൈപ്പർമാർക്കറ്റിന്റെ പുതുവത്സര നറുക്കെടുപ്പിൽ എന്റെ മൊബൈൽ നമ്പറിന് 2 ലക്ഷം ദിർഹം സമ്മാനമായി ലഭിച്ചിരിക്കുന്നു പോലും!
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാനായി ഒരു മൊബൈൽ നമ്പറും നൽകിയിരുന്നു. സംഭവം ശരിയായിരിക്കും കാരണം കഴിഞ്ഞ ഡിസംബറിൽ നാട്ടിൽ പോയപ്പോൾ ലുലുവിൽ നിന്ന് കുറെ സാധനങ്ങൾ വാങ്ങിയിരുന്നു. അന്ന് ലക്കി ഡ്രോ കൂപ്പണുകൾ പൂരിപ്പിച്ചു പെട്ടിയിൽ ഇട്ടതുമാണ്.
വേഗം തന്നെ മൊബൈലിൽ കാൽകുലേറ്റർ എടുത്തു. പൂജ്യങ്ങളൊന്നും വിട്ടു പോകാതെ എണ്ണി എണ്ണി ടൈപ്പ് ചെയ്ത് 18 കൊണ്ട് ഗുണിച്ചു.(ഇപ്പോഴത്തെ നിരക്കനുസരിച് 1 ദിർഹം എന്നാൽ 18 രൂപയാണ്).
സ്ക്രീനിൽ തെളിഞ്ഞ സംഖ്യ കണ്ടപ്പോൾ വെറുതെ,ഒരു ധൈര്യത്തിന് ഭിത്തിയിൽ ചാരിനിന്ന് വാല്യു എണ്ണി നോക്കി. ഒറ്റ, പത്ത്, നൂറ്, ആയിരം.... അങ്ങനെയങ്ങനെ 36 ലക്ഷം ഇന്ത്യൻ രൂപ!
എത്ര ലഡ്ഡുവാണ് മനസ്സിൽ പൊട്ടിയത് എന്നറിയില്ല. കയ്യൊക്കെ വെപ്രാളം കൊണ്ട് വിയർത്ത് വിറയ്ക്കുന്നുണ്ട്.
കേട്ട്യോൻ ഓഫീസിൽ പോകാൻ ഇറങ്ങിയതെ ഒള്ളൂ.വേഗം ചേട്ടനെ വിളിച്ചു.
“എവിടെയാ?”
“എന്തോന്നെടീ..ഞാനിപ്പോഴല്ലേ വീട്ടിൽ നിന്നിറങ്ങിയത്.പാർക്കിങ്ങിലാ എന്താ കാര്യം?”
“അതേയ്.. അടിച്ചു മോനേ... പോകാൻ വരട്ടെ, ഞാനിപ്പോ ഒരു പിക്ചർ അങ്ങോട്ട് അയച്ചിട്ടുണ്ട് ഒന്ന് നോക്കിയേ”
“ങാ.. നീ കട്ട് ചെയ്യ് നോക്കട്ടെ”
ഫോൺ കട്ട് ചെയ്ത് മെസ്സേജ് നോക്കിയിട്ട് അങ്ങേരുടെ വക പൊട്ടിച്ചിരിയുടെ ഒരു സ്മൈലിയും
“ഫേക്കാടീ പൊട്ടി” എന്നൊരു മെസ്സേജുമുണ്ടായിരുന്നു..
ഞാൻ പെട്ടന്ന് ചേട്ടനെ വിളിച്ച് ഇത് ഫേക്ക് അല്ല നമ്മൾ കൂപ്പണുകൾ പൂരിപ്പിച്ചിരുന്നു എന്നൊക്കെ പറഞ്ഞു.
“നീ അധികം എക്സൈറ്റഡ് ആകണ്ട, എന്തായാലും ഞാനൊന്ന് തിരക്കട്ടെ. നിന്റെ മൊബൈലിൽ നിന്നൊന്നും വിളിക്കരുത്. ഒറ്റ മൊബൈൽ കോളിൽ കുടുംബത്തിന്റെ ചരിത്രം മുഴുവൻ അടിച്ചോണ്ട് പോകുന്ന കാലമാ..ഞാൻ ഓഫീസിൽ ചെന്ന് ലാൻഡ് ലൈനിൽ നിന്ന് വിളിച്ചു നോക്കാം”എന്ന് ചേട്ടൻ സമാധാനിപ്പിച്ചു.
ചേട്ടൻ ഓഫീസിൽ എത്തുന്നത് വരെയുള്ള സമയം കൊണ്ട് മുപ്പത്തിയാറു ലക്ഷം ഞാൻ എന്തൊക്കെ ചെയ്തെന്നോ..
വയർ പൊട്ടുന്ന വരെ ഐസ് ക്രീം വാങ്ങി തിന്നു.. അമ്മമാർക്ക് സാരി വാങ്ങി,കുട്ട്യോൾക്ക് ഉടുപ്പുകൾ വാങ്ങി,കുറച്ചു പൈസ എഫ് ഡി ഇട്ടു . കുറച്ചു പൈസ ചാരിറ്റിക്ക് മാറ്റി വച്ചു. അങ്ങനെ മനപ്പായസം കുറെ വച്ചു കഴിഞ്ഞപ്പോഴാണ് ചേട്ടന്റെ കാൾ.
“എടീ.. അത് കളിപ്പീരാ കേട്ടോ.. ആ നമ്പറിൽ വിളിച്ചപ്പോൾ ഒരു പഠാണിയാണ് ഫോൺ എടുത്തത്. അയാൾക്ക് ഒന്നുമറിയില്ല”
കേട്ട്യോന്റെ ഒറ്റ വാചകം കൊണ്ട് കുറെ നേരമായി ഞാൻ കെട്ടിപ്പൊക്കിയ മുപ്പത്തിയാറു ലക്ഷത്തിന്റെ ചീട്ട് കൊട്ടാരം തകർന്നു തരിപ്പണമായി.
എന്നാലും, വെറുതേയിരുന്ന എന്നെ വിളിച്ച് ഇലയിട്ടിട്ട് ചോറില്ല എന്ന് പറഞ്ഞല്ലോ ദൈവേ!മോശായിപ്പോയി..
രമ്യ രതീഷ്
8/05/2018

ലൈഫ് ഓഫ് ജോസൂട്ടി (അവസാനഭാഗം)


അങ്ങനെ ദിവസങ്ങൾക്കുള്ളിൽ ജോസൂട്ടിയുടെയും മേരിയുടെയും കെട്ട് നടന്നു.
ആദ്യ രാത്രിയിൽ തന്നെ തന്റെ സ്വഭാവഗുണങ്ങൾ മേരിയെ തെര്യപ്പെടുത്താനും ഒരല്പം ധൈര്യത്തിനുമായി കട്ടിലിന്റെ അടിയിൽ ഒളിപ്പിച്ചു വച്ചിരുന്ന വിദേശമദ്യം ജോസൂട്ടി പുറത്തെടുത്തു.
സ്വതവേ ഉണ്ടക്കണ്ണിയായ മേരിക്കൊച്ചിന്റെ കണ്ണുകൾ തുറിച്ചു വന്നു.
"ഇതെന്നതാ ഇച്ചായ?"
അവൾ പരിപൂർണ്ണ നിഷ്കളങ്കതയോടെ ചോദിച്ചു. മൂന്നു പെണ്കുട്ടികൾ മാത്രമുള്ള വീട്ടിലെ, സത്യക്രിസ്ത്യാനിയായ അപ്പന്റെ മോളല്ലേ ഇതൊന്നും കണ്ടിട്ടുണ്ടാവില്ല എന്നൊരു ധാരണയോടെ മേരിയോട് ജോസൂട്ടി വിവരിച്ചു,
"മേരികൊച്ചേ. ഇതാണ് മദ്യം, ക്നാനായിലെ കല്യാണത്തിന് കർത്താവ് പച്ചവെള്ളം വീഞ്ഞാക്കിയില്ല്യോ? അതുപോലൊരു വീഞ്ഞ്. ഞാൻ ഇടയ്ക്കൊക്കെ ഇത് കഴിക്കും. നീ അപ്പച്ചനോടും അമ്മച്ചിയോടുമിത് പറയാൻ പാടില്ല.
മേരി കൊച്ചു ചിന്തിച്ചപ്പോൾ സംഗതി കൊള്ളാം. കർത്താവിനു പോലും പങ്കുള്ള കാര്യമല്ലേ. അപ്പോൾ പിന്നെ ഭർത്താവിനെ ഒറ്റുകൊടുക്കാൻ പാടില്ല.
ജോസൂട്ടി മദ്യം അണ്ണാക്കിലേക്ക് കമഴ്ത്തുന്നത് അത്ഭുതത്തോടെ നോക്കി ഇരുന്നുപോയി മേരിക്കൊച്ച്. കാൽ ഭാഗത്തോളം കാലിയായ മദ്യക്കുപ്പി മേരി വാങ്ങി മണത്തു നോക്കി മൂക്ക് ചുളിച്ചു.
അടുത്ത നിമിഷം കണ്ട കാഴ്ച്ചയിൽ ജോസൂട്ടിയുടെ ഒരു സാധനം നഷ്ടപ്പെട്ടു. ബോധം !
മേരിക്കൊച്ചു ദേ അരക്കുപ്പിയോളം മദ്യം കൂസലില്ലാതെ ഗ്ലക്ക് ഗ്ലക്ക് ന്ന് കുടിച്ചു തീർത്തിരിക്കുന്നു!
ബോധം തിരികെ കിട്ടിയ ജോസൂട്ടി കാണുന്നത് നവവധു, സത്യക്രിസ്ത്യാനിയുടെ മോള്, ആദ്യ രാത്രിയിൽ പല അക്ഷരങ്ങളും അസ്ഥാനത്ത് പ്രയോഗിച്ചു കൊണ്ട് കയ്യടിയോടു കൂടി ഭക്തിഗാനം ആലപിക്കുന്നതാണ്! സ്തോത്രം.
“കർത്താവേ. എല്ലാം കയ്യിന്ന് പോയിന്ന് പോയല്ലോ” എന്ന് പരിഭവിച്ചു കൊണ്ട് ജോസൂട്ടി മേരികൊച്ചിന്റെ വായ പൊത്തി. അങ്ങനെ പ്രഥമ രാത്രി, ജോസൂട്ടിക്ക്, പ്രിയതമ പാമ്പായ രാത്രിയായി.
പിറ്റേന്ന് കാലത്ത് കണ്ണു മിഴിച്ചതും ജോസൂട്ടി കട്ടിലിൽ പരതി നോക്കി കർത്താവേ മേരിക്കൊച്ചില്ല!.. കട്ടിലിനടിയിൽ പരതി നോക്കി ഹാവൂ. മദ്യക്കുപ്പി സുരക്ഷിതം.
ഇവളിതെവിടെപ്പോയി എന്ന വേവലാതിയോടെ ഓടിയെത്തിയ ജോസൂട്ടി കാണുന്നത് ഹാളിൽ ഇരുന്നോണ്ട് നാത്തൂന്റെ ജിമിക്കി കമ്മൽ നോക്കി ഭംഗി പറയുന്ന മേരിയെയാണ്. ജോസൂട്ടിയെ കണ്ടതും തെല്ല് നാണത്തോടെ മേരി കൈമുട്ട് കൊണ്ട് അവന്റെ പള്ളയ്ക് ഒരു കുത്തു കുത്തിക്കൊണ്ടു പറഞ്ഞു
“ഇച്ചായാ,നമ്മൾ ഇന്നലെ വീഞ്ഞ് കഴിച്ച കാര്യം ഞാൻ ആരോടും പറഞ്ഞിട്ടില്ല കേട്ടോ” ഏതോ സിനിമയിലെ ജഗതിയുടെ പ്ലിങ്ങിയ മുഖഛായ ആയിരുന്നു അപ്പോൾ ജോസൂട്ടിയ്ക്ക്..
ജോസൂട്ടി തിരിഞ്ഞു നടക്കുമ്പോൾ അമ്മച്ചി പെങ്ങളോട് പറയുന്നത് കേട്ടു.
“നല്ല ദൈവവിചാരം ഉള്ള കൊച്ചാ കേട്ടോ, ഇന്നലെ രാത്രി ഭക്തി ഗാനം ഒക്കെ പാടുന്നത് കേട്ടു.”
പക്ഷെ ജോസൂട്ടിയ്ക്ക് കാലത്തേ മുതൽ ആകെ ഒരു എരിപിരി വെപ്രാളം ആയിരുന്നു. കൂട്ടുകാർ കല്യാണം കഴിഞ്ഞതിന്റെ ചിലവിനായി ഇപ്പൊ ഇങ്ങെത്തും. ഈ ഭാര്യേന്ന് പറയുന്ന പൊട്ടിക്കാളി സാധനം എന്തൊക്കെ പുലിവാൽ ഉണ്ടാക്കുമോ എന്നൊക്കെ ചിന്തിച്ചിട്ട് ജോസൂട്ടിക്ക് ഇരിപ്പുറച്ചില്ല. അവൻ വെരുകിനെ പോലെ തെക്ക് വടക്ക് നടക്കുമ്പോൾ ആണ് വിനോദിന്റെ വിളി കേട്ടത്.ഭാര്യയുടെ സ്‌പെഷ്യൽ പെർമിഷനോടെ കല്യാണ ചിലവുമായി വിനോദടക്കം ചങ്ക് ചങ്ങാതിമാർ ഇങ്ങെത്തിയതാണ്. ജോസൂട്ടി ഓടി അവരുടെ മുന്നിലേക്ക് എത്തും മുൻപേ മേരി അവിടെ അവതരിച്ചു.
വളരെ ഹൃദയവിശാലയായ മേരിയോട്, ഷാജി, കുപ്പി കാണിച്ചു വിനയത്തോടെ അറിയിച്ചു “പെങ്ങളെ, ഞങ്ങൾ നിങ്ങളുടെ കല്യാണം കഴിഞ്ഞതിന്റെ സന്തോഷത്തിന് ഒന്ന് കൂടാൻ വന്നതാ. ഒരു നാലഞ്ചു ഗ്ലാസ്സും ഇച്ചിരി വെള്ളോം ജോസൂട്ടിയെം കൂടി ഇങ്ങോട്ട് തന്നേരേ”
“അതെയോ. അതേ നിങ്ങളാ ചായ്പ്പിലോട്ട് ഇരുന്നോ അമ്മച്ചിയൊന്നും കാണണ്ട. ഞാൻ ഇച്ചായനെ വിളിക്കാമെ” മേരി അവരെ സ്നേഹത്തോടെ ചായ്പ്പിലേക്ക് ആനയിച്ചു. ഭർത്താവിന്റെ കൂട്ടുകാരെ മദ്യപിക്കാൻ ഇത്ര സ്നേഹത്തോടെ സ്വീകരിക്കുന്ന ഭാര്യയെ കണ്ട് കൂട്ടുകാരുടെ കണ്ണ് നിറഞ്ഞുപോയി. ജോസൂട്ടി എത്ര ഭാഗ്യം ചെയ്തവൻ കർത്താവേ നിനക്ക് സ്തുതി. ഇതൊക്ക കാണുമ്പോഴാ വീട്ടിൽ ഇരിക്കുന്നതിനെയൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് എന്ന് ഒരേ സമയം എല്ലാവരും മനസിൽ കരുതി.
മേരി ജോസൂട്ടിയെ കൂട്ടിക്കൊണ്ടു വന്നു. ജോസൂട്ടിയാകട്ടെ ഏതാണ്ട് പോയ ആരാണ്ടേ പോലെ മുഖവും വച്ചിട്ടാണ് വരവ്. ജോസൂട്ടിയുടെ മ്ലാനത കണ്ട് കൂട്ടുകാർ അന്തിച്ചുപോയി. ഇത്രോം തങ്കപ്പെട്ട കൊച്ചിനെ ഭാര്യയായി കിട്ടീട്ട് ഇവനിതെന്നാ പറ്റി എന്ന്നായിരുന്നു അവർ ചിന്തിച്ചത്.
ചായ്പ്പിൽ, പത്രക്കടലാസ് തറയിൽ വിരിച്ചിട്ട് എല്ലാവരും അതിനുചുറ്റുമിരുന്നു. കഴിഞ്ഞിരുന്നു. മേരി തുള്ളികളിച്ചു ഗ്ലാസ്സും വെള്ളവുമായി എത്തി, കൃത്യമായി അഞ്ചു ഗ്ലാസ്സുകൾ പേപ്പറിൽ നിരത്തി.
“അയ്യോ ,മോളെ നാല് ഗ്ലാസ് മതി ഞങ്ങൾ നാലുപേരല്ലേ ഒള്ളൂ” ഷാജിയാണ് നാലുപേരെയും ചൂണ്ടി പറഞ്ഞത്.
ഇത് കേട്ട മേരി ചാടി വീണു ”അല്ലല്ലോ ചേട്ടാ ‘നമ്മൾ’ അഞ്ചു പേരില്ലേ?”
ഓരോരുത്തർക്ക് നേരെ വിരൽ ചൂണ്ടി അവൾ എണ്ണി “ഒന്ന്... രണ്ട്... മൂന്ന് ..നാല്.. അഞ്ച്..”അഞ്ചെണ്ണിയപ്പോൾ ചൂണ്ടു വിരൽ അവൾ സ്വന്തം നെഞ്ചിൽ തൊട്ടിരുന്നു!
ഇത് കേട്ടപ്പോൾ പാതി പൊട്ടിച്ചു കയ്യിൽ പിടിച്ചിരുന്ന മിച്ചർ പാക്കറ്റ് എങ്ങനെയാണ് അനിലിന്റെ കയ്യിൽ നിന്ന് തെറിച്ചു വീണതെന്നറിയില്ല. ഷാജിയും വിനോദും ചാടിയെഴുന്നേറ്റു കഴിഞ്ഞിരുന്നു. സഹതാപപൂർവ്വം ജോസൂട്ടിയെ അവരൊന്നു നോക്കി. "ഇതെന്നാ ഐറ്റമാ ഡാ ഈ സാധനം" ന്ന് കണ്ണുകൊണ്ട് ഒരു ചോദ്യവും ചോദിച്ചു.
“അതേ. കെട്ടിന്റെ സമയത്ത് അച്ചൻ പറഞ്ഞത് നിങ്ങളാരും കേട്ടില്ലായിരുന്നോ ? നീ ഉടുത്തില്ലെങ്കിലും അവളെ ഉടുപ്പിക്കണം, നീ കഴിച്ചില്ലെങ്കിലും അവളെ കഴിപ്പിക്കണം എന്ന്, അതുപോലെ തന്നാ. നീ കുടിച്ചില്ലേലും ഇച്ചായാ എന്നെ കുടിപ്പിക്കണം”
ഇതുകൂടി കേട്ടപ്പോ ഷാജി ചാടി മുറ്റത്തിറങ്ങി
“ജോസൂട്ടിയെ നല്ല ബെസ്റ്റ് കാന്താരിപ്പെണ്ണ്. നീ പെഗ്ഗ് കഴിച്ചാൽ അവളൊരു ഫുൾ കുടിക്കൂടാ. അനുഭവിച്ചോ ഞങ്ങളെ വിനോദിന്റെ ചായ്പ്പിൽ സ്ഥലമുണ്ടോന്ന് നോക്കട്ടെ”
ജീവിതം ഏകദേശം തീരുമാനമായി എന്നു മനസിലാക്കിയ ജോസൂട്ടി ധൃതിയിൽ പോകുന്ന കൂട്ടുകാരെ നോക്കി ഇടിവെട്ടിയ പോലെ നിന്നു പോയി.
അടുത്ത പണി ഉടനെ തന്നെ ഒപ്പിക്കും ഞാൻ എന്ന് പറയാതെ പറഞ്ഞു മേരിക്കോച്ചും.
ആദ്യഭാഗം വായിക്കാത്തവർക്ക്:
രമ്യ രതീഷ്
03/04/2018

ഒരു പെണ്ണിന്റെ കഥ


ഒരു കഥയാണ്... ഒരു പെണ്ണിന്റെ കഥ.. സ്വയമില്ലാതായവളുടെ കഥ..
അവൾ ഇരുട്ടിനെയും നിശ്ശബ്ദതയെയും ഗാഢമായി പ്രണയിച്ചു തുടങ്ങിയിരിക്കുന്നു.
എപ്പോഴാണെന്നോ..?
തിരിച്ചറിവുണ്ടായത് മുതൽ..!ഭൂമിയിൽ അവളുടേതായി ഒന്നുമില്ല എന്ന് തിരിച്ചറിഞ്ഞതുമുതൽ.. !
സ്വന്തം ശരീരം പോലും മറ്റൊരാളുടെ വിയർപ്പിൽ നിന്ന് ഉണ്ടായ അന്നത്തിന്റെ ശേഷിപ്പ് ആണെന്ന് തിരിച്ചറിഞ്ഞത് മുതൽ.
അവൾ അവളെ കുറിച്ചോർത്തു.. അവളുടെ ഭൂതകാലത്തെക്കുറിച്ചോർത്തു..
അവൾക്ക് പ്രണയമായിരുന്നു, അവനോട്..അതും മറ്റു ചിലരുടെ ഭാഷയിൽ അഹങ്കാരത്തിന്റെ ബാക്കിയായ വികാരമായി..
പക്ഷെ..അന്ധയായിരുന്നു അവൾ, പ്രണയത്താൽ..
അവന്റേത് ഒഴികെ ഒരു ശബ്ദവും അവളുടെ ചെവികൾ സ്വീകരിച്ചിരുന്നില്ല..
അവന് പണമില്ലായിരുന്നു.. സ്നേഹം മാത്രമായിരുന്നു അവന്റെ സമ്പാദ്യം.ഹൃദയം ആയിരുന്നു അവന്റെ സമ്പന്നത..
അവന്റെ സ്നേഹം എന്ന സമ്പന്നതയിൽ അവൾ മതി മറന്നു..
അവനു വേണ്ടി.. ആ സ്നേഹത്തിനു വേണ്ടി എല്ലാം തള്ളിക്കളഞ്ഞു.. ജോലി.. അംഗീകാരങ്ങൾ.. ബന്ധുക്കൾ സുഹൃത്തുക്കൾ എല്ലാം..
കാരണം അവൾ അന്ധയായിരുന്നു.. പ്രണയത്താൽ..
അവരുടെ പ്രണയം ഏറ്റവും മൂര്ചിച്ചു.. ഏറ്റവും സന്തോഷം അനുഭവിക്കുന്ന ജന്മം എന്ന് അഹങ്കാരത്തോടെ ഓർത്തു.പിന്നെയോ അവരുടെ പ്രണയം തളിർത്തു ...രണ്ടു കുരുന്നിലകൾ വന്നു..
അവൾ സന്തോഷിച്ചു.. അവനും.. കാരണം അവർ സമ്പന്നരായിരുന്നു സ്നേഹം കൊണ്ട്..
കാലം കരുതിവെച്ച ചില മാറ്റങ്ങളിൽ പെട്ട് അവന്റെ സമ്പാദ്യം ക്ഷയിച്ചു തുടങ്ങിയിരുന്നു, സ്നേഹമെന്ന സമ്പാദ്യം..
മടിത്തട്ടിൽ പണത്തിന്റെ കനം ഏറിവന്നപ്പോൾ..ഹൃദയം കൊണ്ട് അവൻ ദരിദ്രനായിക്കൊണ്ടിരുന്നു..
പ്രണയം കൊണ്ട് അന്ധയായിരുന്നവളെ പുച്ഛം കൊണ്ട് മൂടിക്കളയാൻ അയാൾക്കായി.
ഇന്നിതാ അവൻ അവളുടെ പ്രണയത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചിരിക്കുന്നു.
എന്റെ വിയർപ്പിലുണ്ടായ അന്നം ഭക്ഷിച്ച കൊഴുപ്പിൽ നിന്നുണ്ടായ അഹങ്കാരമാണ് നിനക്ക് എന്നവൻ ആക്രോശിച്ചപ്പോൾ.. തൊണ്ടയിൽ നിന്നിറങ്ങിയ വറ്റ് അവളുടെ അന്നനാളത്തെ പൊള്ളിച്ചു..
അവളുടെ അന്ധത മാറിയിരിക്കുന്നു.. കണ്ണുകൾ തുറന്നവൾ നോക്കി തിരിച്ചറിവിന്റെ പ്രകാശം.
അവൾ തിരിച്ചറിയുകയാണ് അന്ധതയിൽ ആണ്ടുപോയപ്പോൾ നഷ്ടമായവ..
ചുറ്റും കണ്ണോടിച്ചു ഒന്നുമില്ല സ്വന്തമായി.. ചിണുങ്ങി ചിണുങ്ങി കുരുന്നുകൾ..
അവന്റെ ചോര..
സ്വന്തം ഉടലിനെ പൊതിഞ്ഞ വസ്ത്രം ..അവന്റെ പണം..
ശരീരം ...അവന്റെ വിയർപ്പിൽ ഉണ്ടായ അന്നത്തിൽ നിന്ന്...
ശരീരം പോലും സ്വന്തമായില്ലാത്തവൾക്ക് എന്ത് വ്യക്തിത്വം..
ചിന്തകൾ പോലും തള്യ്ക്കപ്പെട്ടവൾ...
നിലവിളികൾ മൗനങ്ങളായി വിടർന്നു കൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു..
ഭയത്തോടെ അവൾ ഇരുട്ടിലേക്ക് ഒതുങ്ങി.. നിശ്ശബ്ദതയിലേക്ക് ആണ്ടുപോയി..
അവൾ സ്വയം വിളിച്ചു..നിശബ്ദമായി
ഒന്നുമല്ലാത്തവൾ..!
രമ്യ രതീഷ്

ലൈഫ് ഓഫ് ജോസൂട്ടി (ഒന്നാം ഭാഗം)


************************************
ജോസൂട്ടി ഗൾഫിൽ നിന്ന് ഇന്നലെയാണ് ലാൻഡ് ചെയ്തത്. നാട്ടിൽ നിന്ന് സകല കുരുത്തക്കേടിലും മാസ്റ്റർ ഡിഗ്രി എടുത്തപ്പോൾ വകേലൊരു അമ്മാച്ചൻ ദുബായിക്ക് കൊണ്ടുപോയത് കൊണ്ട് മുപ്പത്തഞ്ചാം വയസ്സിലും ജോസൂട്ടി പെണ്ണ് കെട്ടിയില്ലെങ്കിലും നല്ലൊന്നാന്തരം അത്തറിന്റെ മണമുള്ള, റയ്ബൻ ഗ്ലാസ്സുവച്ച പേർഷ്യക്കാരനായി..
പണ്ടൊരിക്കൽ മുറുക്കാൻ പീടികയിലെ വറീത് കൊച്ചേട്ടന്റെ മകൻ ഷിബുമോൻ ബോംബെയ്ക്ക് പോയിട്ട് വന്നപ്പോൾ ജീൻസിട്ടു നടന്നതിന് കുറെ കളിയാക്കിയിരുന്നു ജോസൂട്ടിയും കൂട്ടുകാരും.
അതിനോട് അനുബന്ധിച്ച് ദുബായിക്ക് പോകും മുൻപ് ഒരു ഉഗ്രശപഥമെടുക്കാനും ജോസൂട്ടി മറന്നില്ല. താൻ എത്ര വലിയ ദുബൈക്കാരൻ ആയാലും നാട്ടിലെത്തിയാൽ തനി നാടൻ ആയിരിക്കുമെന്നും മുണ്ട് മാത്രമേ ഉടുക്കൂ എന്നും.
ഗൾഫിൽ നിന്ന് വന്നതിന്റെ പിറ്റേ ദിവസം കവലയിലേക്ക് പോകാൻ തുടങ്ങിയപ്പോഴാണ് ശപഥം ഓർമ വന്നത്. ശപഥം മുണ്ടിന്റെ കാര്യത്തിൽ മാത്രമായിരുന്നത് കൊണ്ട് ജോസൂട്ടി നല്ലൊരു കസവു കരയൻ മുണ്ട് തന്നെ ഉടുത്തു. നെയ് റോസ്റ് നെഞ്ചിൽ ഒട്ടിച്ച പോലൊരു തൂവെള്ള ജുബ്ബയും ഇട്ട് റയ്ബൻ ഗ്ലാസ്സും വയ്ക്കാൻ മറന്നതുമില്ല.
മുറ്റത്തേയ്ക്കിറങ്ങിയതും ഗേറ്റിന്റെ വിടവിലൂടെ ഒരു കഷണ്ടിത്തല ഉള്ളിലേക്ക് നീണ്ടു വരുന്നത് കണ്ടു. നാട്ടിലെ യുവതീയുവാക്കളെ വിവാഹക്കമ്പോളത്തിൽ നിരത്തുന്ന കൊച്ചാപ്പി ചേട്ടനായിരുന്നു ആ മൊട്ടത്തലയുടെ ഉടമ.
ജോസൂട്ടി വന്നതറിഞ്ഞുള്ള എത്തിനോട്ടം ആണ്.
ജോസൂട്ടിയെ കണ്ടതും എലി പുന്നെല്ലു കണ്ടതുപോലെ കൊച്ചാപ്പി ചേട്ടൻ ചിരിച്ചു.
" ജോസൂട്ടിയെ... നീയങ്ങു വെളുത്ത് ചൊമന്ന് സുന്ദരനായല്ലോ..ദേ നല്ല ദൈവഭയമുള്ള,അടക്കോം ഒതുക്കോമുള്ള സുന്ദരികൊച്ചുങ്ങൾ എമ്പിടി ഉണ്ട് കൊച്ചപ്പിച്ചേട്ടന്റെ കസ്റ്റഡിയിൽ.. ഒന്നാലോചിക്കണ്ടേ നമ്മക്ക്.."
കൊച്ചാപ്പി ചേട്ടൻ പറയുനുള്ളത് ഒറ്റശ്വാസത്തിൽ പറഞ്ഞു..
കൊച്ചാപ്പി ചേട്ടന്റെ വരവിന്റെ ഉദ്ദേശം മനസ്സിലായതും ജോസൂട്ടി തന്റെ നയം വ്യക്തമാക്കി,
"അതേ കൊച്ചാപ്പിച്ചേട്ടാ എനിക്കീ അടക്കോം ഒതുകോം ഓക്കെയുള്ള പൂച്ചക്കുട്ടി ടൈപ്പ് പെമ്പിള്ളേരെ വേണ്ടെന്നെ.. നല്ല കുറുമ്പും കുസൃതിയും ഒക്കെയുള്ള ഒരുത്തിയെ മതി.അതായത് എന്റെ കുരുത്തക്കേടിന് കുട പിടിക്കുന്ന ഒരു കാന്താരി പെണ്ണ് .. "
ജോസൂട്ടിയുടെ വ്യത്യസ്തമായ ഡിമാന്റ് കേട്ട കൊച്ചാപ്പി ചേട്ടൻ തുറന്നു വച്ച വായ അടയ്ക്കുവാൻ ഒരു ഈച്ച വായ്ക്കുള്ളിലേക്ക് കയറി പോകേണ്ടി വന്നു.
കവലയിലെ കലുങ്കിൽ ഇരിക്കുന്ന ചങ്ക് ചങ്ങാതിമാരുടെ അടുത്തേയ്ക്ക് പളപള തിളക്കവും അത്തറിന്റെ സുഗന്ധവുമായി ജോസൂട്ടി എത്തി..
കലുങ്കിൽ ഇരുന്ന ഷാജിയും അനിലും ജോസൂട്ടിയെ കണ്ടതും ചെറിയ ബഹുമാനവും ചമ്മലും കൂട്ടിക്കുഴച്ചു കഴിച്ച മാതിരി എഴുന്നേറ്റ് നിന്നു.
ജോസൂട്ടിയാകട്ടെ കുചേലനെ കണ്ട കൃഷ്ണനെ പോലെ ചങ്ങാതിമാരെ ചേർത്തുപിടിച്ചു, കെട്ടിപ്പുണർന്നു.."ഷാജി..അനിലെ... എത്രനാളായെടോ നമ്മളൊന്നു കൂട്ടിയിട്ട്.
"അല്ല.. എവിടെ നമ്മുടെ വിനോദ്?"
സംഘത്തിലെ പ്രധാനി ആയ വിനോദിനെ കാണാത്ത സങ്കടം ജോസൂട്ടി തുറന്ന് ചോദിച്ചു.
ജോസൂട്ടിയുടെ വെളുത്ത ഷർട്ടിന്റെ പോക്കറ്റിൽ തെളിഞ്ഞു നിന്ന മാൽബറോ സിഗരറ്റിലേക്ക് നോക്കിക്കൊണ്ട് ഷാജിയാണ് മറുപടി പറഞ്ഞത്"ഓ... അവനിപ്പം പെണ്ണ് കെട്ടിയതിൽ പിന്നെ നമ്മളെ ഒന്നും മൈൻഡ് ഇല്ലന്നെ.. എപ്പോഴും അവൾടെ സാരിത്തുമ്പിലാ, അല്ലേലും പെണ്ണ് കെട്ടിയാൽ പിന്നെ കണ്ണ് കെട്ടിയ പോലെ എന്നാണല്ലോ.ചുറ്റും ഉള്ളതൊന്നും കാണൂല്ല"
സിഗരറ്റ് പാക്കറ്റ് ഷാജിയുടെ കയ്യിലേക്ക് വച്ചുകൊണ്ട് ജോസൂട്ടി കലുങ്കിലേക്ക് കയറിയിരുന്നു അടുത്ത ഒരു ശപഥത്തിന് തിരി കൊടുത്തു.."നിങ്ങൾ നോക്കിക്കോ ഞാനും ഇത്തവണ പെണ്ണ് കെട്ടും..ഒരു കാന്താരി പെണ്ണിനെ, ഞാൻ ഒരു പെഗ്ഗ് കഴിക്കണം എന്ന് മനസ്സിൽ വിചാരിക്കുമ്പോൾ സോഡാ വേണോ അതോ വെള്ളം വേണോ ഇച്ചായാ എന്ന് ചോദിക്കുന്ന ഒരുത്തിയെ..
കൂട്ടുകൂടി നടക്കാൻ എന്നെ സന്തോഷത്തോടെ യാത്രയാക്കുന്ന ഒരുത്തിയെ..."
ജോസൂട്ടിയുടെ ഭാവി വധുവിനെ കുറിച്ചുള്ള വർണ്ണനകൾ കേട്ട് ചങ്ങാതികൾ കോരിത്തരിച്ചു.. പിന്നെയവർ സ്വന്തം ഭാര്യയുടെ കലിപ്പ് കയറിയ മുഖമോർത്തപ്പോൾ നെടുവീർപ്പിട്ടു..
അങ്ങനെ അന്നേയ്ക്ക് മൂന്നാം നാൾ മൂന്നാൻ കൊച്ചാപ്പി വീടിനു മുന്നിൽ തെളിഞ്ഞു നിൽക്കുന്നതും കണികണ്ടാണ് ജോസൂട്ടി ഉണർന്നത്.
മുട്ടോളമെത്തുന്ന ട്രൗസറുമിട്ടു ജോസൂട്ടി അവതരിച്ചപ്പോഴാണ് കൊച്ചാപ്പി ചേട്ടൻ ആ സന്തോഷവർത്തമാനം പറഞ്ഞത് "ജോസൂട്ടി ഈ നിക്കർ ഒക്കെ ഒന്നു മാറി ഒരു നല്ല തുണിയുടുത്തു വന്നേ... ദേ നല്ലൊരു തല്ലിപ്പൊളി... ശ്ശേ അല്ല തങ്കക്കുടം പെണ്ണിനെ കിട്ടിയിട്ടുണ്ട്.. നമുക്കൊന്നു പോയി കണ്ടേച്ചും വരാം"
കേട്ട പാതി കേൾക്കാത്ത പാതി അത്തറും പൂശി കറുത്ത കണ്ണടയും ചാർത്തി ജോസൂട്ടി റെഡി..
കാറിലേക്ക് കയറാൻ ഐശ്വര്യമുള്ള ഇടത്തുകാൽ ഉയർത്തിയപ്പോഴാണ് താൻ പല്ലു തേച്ചില്ലല്ലോ എന്ന് ജോസൂട്ടി ഓർത്തത്..
നാവ് കൊണ്ട് പല്ലിൽ ഒരു റൌണ്ട് ഓടിയിട്ട് ഒരു ആട് ചവയ്ക്കും പോലെ ജോസൂട്ടി ഒരു ചൂയിങ് ഗം വായിലിട്ട് ചവയ്ക്കാൻ തുടങ്ങി.
ഇടവക പള്ളിയിലെ കപ്യാർ മത്തായിച്ചന്റെ സന്തതികളിൽ നടുക്കഷ്ണമായ പുത്രി മേരിയെ കാണാനാണ് ജോസൂട്ടി പോയത്..മൺകട്ട കെട്ടി കുമ്മായം തേച്ച വീടിന്റെ തിണ്ണയിൽ ജോസൂട്ടിക്കായി പലഹാരങ്ങൾ നിരന്നു. ഭാവി മരുമകന്റെ തിളക്കം കണ്ട് അല്പം ഭവ്യതയോടെയാണ് മത്തായിച്ചന്റെ നിൽപ്പ്..
പെൺകുട്ടിയെ വിളിക്കാം എന്ന മൂന്നാന്റെ അറിയിപ്പിനെ തുടർന്ന് തിണ്ണയിലേക്ക് നായിക മേരി എത്തപ്പെട്ടു.. ചവിട്ടി തുള്ളിയുള്ള മേരിയുടെ നടത്തം കണ്ടപ്പോൾ ജോസൂട്ടി അറിയാതെ അവളുടെ കാൽ പാദത്തിലേക്ക് നോക്കിപ്പോയി, അല്ല ഇനിവല്ല സ്പ്രിങ്ങും വച്ചു പിടിപ്പിച്ചിട്ടുണ്ടോ എന്നൊരു സംശയം കൊണ്ടാണ് കേട്ടോ.
കണ്ട മാത്രയിൽ തന്നെ മേരിക്കൊച്ചിനെ ജോസൂട്ടിക്ക് ബോധിച്ചു.
തനിച്ചു സംസാരിക്കാൻ കിട്ടിയ അവസരത്തിൽ തന്റെ എല്ലാ (ദു)ശീലങ്ങളും, ഭാര്യസങ്കല്പവും മേരിയെ അറിയിച്ചു. അവൾ മുട്ടനാടിനെ പോലെ തല കുണുക്കി എല്ലാം സമ്മതിച്ചു.
(തുടരും..)
രമ്യ രതീഷ്
29/04/2018

പുതുനാമ്പുകൾ

പുതുനാമ്പുകൾ മൊട്ടിടുന്ന ഒറ്റ ചില്ലയിലേക്കൊന്നു ചേക്കേറണം
കാതടപ്പിക്കുന്ന മറ്റു
ശബ്ദങ്ങളെ മുറിച്ചെറിയാൻ കഴിയുന്നത്ര ഉറക്കെ ചിലയ്ക്കണം..
ചുറ്റുമുള്ള ശബ്ദങ്ങൾക്കൊന്നും ചെവി കൊടുക്കാതെ...
ധിക്കാരിയെന്ന വിളി കേൾക്കുമ്പോൾ
ഉള്ളിൽ നിറയുന്നത്
ഗൂഢമായൊരാനന്ദമാവണം...
മൗനം കൊണ്ട് ഒട്ടിച്ചേർന്ന
ചിറകുകൾ പതിയെ
വിടർത്തിയെടുക്കാൻ
ശ്രമിക്കണം..
ആകാശത്തിന് അതിരുകളില്ല എന്നത് സത്യമോ എന്നറിയണം...
കഴിയുമെങ്കിൽ...
എനിക്കെത്താ ദൂരത്ത് തിളങ്ങി നിൽക്കുന്ന
ഒറ്റ നക്ഷത്രത്തിന്റെ
അരികിൽ വരെ പറക്കണം..
അടക്കമില്ലാത്ത മനസ്സിന്റെ
അടിത്തട്ടിൽ ഊറിക്കൂടിയ
വെറും സ്വപ്നങ്ങൾ എന്നറിഞ്ഞു കൊണ്ട്...
ഒരിക്കലുമായിത്തീരാൻ കഴിയാത്ത രൂപം മെനഞ്ഞെടുത്തു
ഞാൻ ഉറങ്ങട്ടെ..
രമ്യ രതീഷ്

:::രക്ഷിതാവ്:::

:::രക്ഷിതാവ്:::
മോൾടെ സ്കൂളിൽ ടീച്ചേഴ്സ് റൂമിൽ ഹിന്ദി ടീച്ചറിനെ കാണാൻ ഊഴം കാത്തു നിൽക്കുമ്പോഴാണ്, സ്കൂൾ യൂണിഫോമിൽ ഒരു കൊച്ചു സുന്ദരി ഞങ്ങൾ രക്ഷിതാക്കളുടെ ഇടയിലൂടെ ഞെങ്ങി ഞെരുങ്ങി മുൻ നിരയിലേക്ക് പോകുന്നു.കഷ്ടിച്ചു പത്ത് പന്ത്രണ്ട് വയസ് പ്രായം വരും.
ഞങ്ങളുടെ മുന്നിലായി രണ്ട് അധ്യാപികമാർ ഇരിപ്പുണ്ടായിരുന്നു. നമ്മുടെ കൊച്ചു സുന്ദരി ആദ്യത്തെ ടീച്ചറുടെ അടുത്തെത്തി വിനയത്തോടെ "അഞ്ജു മാഡം??" എന്ന് ചോദിച്ചു. ടീച്ചർ തന്റെ പേര് ലക്ഷ്മി എന്നാണെന്ന് അറിയിച്ചതിനെ തുടർന്ന് അവൾ ഞങ്ങളുടെ പിന്നിലായി വന്നു നിന്നു. രണ്ടാമത്തെ ടീച്ചറാണ് അവളുടെ അടുത്ത ലക്ഷ്യം എന്ന് ഞങ്ങൾക്ക് മനസിലായി. രണ്ടാമത്തെ അധ്യാപിക എന്റെ മകളുടെ ടീച്ചർ ആയിരുന്നു .എനിക്ക് ടീച്ചറിനെ നേരത്തെ പരിചയമുള്ളത് കൊണ്ട് ടീച്ചറുടെ പേര് അഞ്ജു എന്നല്ല കവിത എന്നാണ് എന്ന് ഞാനാ മോളോട് പറഞ്ഞു.
ഇതിനോടകം അദ്ധ്യാപകരും അവിടെയെത്തിയ രക്ഷിതാക്കളും ആ കുട്ടിയെ ശ്രദ്ദിക്കാൻ തുടങ്ങിയിരുന്നു.
ഇത്രയുമായപ്പോൾ അവൾ അല്പം അക്ഷമയായി മുന്നിലേക്ക് ചെന്ന് ആദ്യം കണ്ട അധ്യാപികയോട് ചോദിച്ചു "അഞ്ജു മാഡം എവിടെയാണുള്ളത് ,എനിക്ക് മാഡത്തിനെ കാണണം"
എല്ലാവരും ഒരു നിമിഷം നിശബ്ദരായി.എല്ലാ കണ്ണുകളും അവളിലേക്കായി.നിരവധി മാതാപിതാക്കൾ തന്നെ കാണാൻ നിൽക്കുന്നതിനാൽ അല്പം നീരസത്തോടെ തന്നെ ആ അദ്ധ്യാപിക അവളോട് പറഞ്ഞു" എന്റെ പേര് ലക്ഷ്മി എന്നാണ്,അഞ്ജു എന്നൊരു ടീച്ചർ ഇവിടെ ഉള്ളതായി എനിക്കറിയില്ല. കുട്ടിക്ക് എന്താണാവശ്യം?"
"ഞാൻ ഗ്രേഡ് 1 ഡി യിലെ ദൃശ്യയുടെ സഹോദരിയാണ്,എനിക്കാ ക്ലാസ്സിലെ ഹിന്ദി ടീച്ചറിനെ കാണണം. ദൃശ്യ അവളുടെ ടീച്ചറിന്റെ പേര് അഞ്ജു എന്ന് പറഞ്ഞിരുന്നു"
അതേ..അവൾ തന്റെ കുഞ്ഞനുജത്തിയുടെ രക്ഷിതാവായി എത്തിയതാണ്!
കൂടി നിന്ന രക്ഷിതാക്കൾ അത്ഭുതത്തോടെ അവളെ നോക്കി. അധ്യാപികയാകട്ടെ തികഞ്ഞ ബഹുമാനത്തോടെ താനാണ് അനുജത്തിയുടെ ടീച്ചർ എന്നറിയിച്ചു കൊണ്ട് മേശയ്ക്ക് എതിർവശത്തുള്ള കസേരയിലേക്ക് കൈചൂണ്ടി.
കസേരയിൽ ഇരുന്ന ആറാം ക്ലാസുകാരിയുടെ മുഖത്ത് തികഞ്ഞ ഗൗരവം. കുഞ്ഞനുജത്തി ഹിന്ദി വിഷയത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ പക്വതയോടെ ടീച്ചറുമായി ചർച്ച ചെയ്തു.
രക്ഷിതാവിന്റെ പേരിനു നേരെ ഒപ്പിട്ട് അവൾ നടന്നപ്പോൾ ആ കുട്ടിയോട് വല്ലാത്ത ബഹുമാനം തോന്നിപ്പോയി.
സ്വന്തം അപകർഷതാ ബോധം മൂലം പല കാര്യങ്ങളിലും മാറി നിൽക്കുന്ന ഒരുപാട് പേരുണ്ട്. ഒരു കാര്യമില്ലെങ്കിലും എന്തിനോ വേണ്ടി ചമ്മൽ, പേടി ഒക്കെയുള്ളവർ.. അവർക്കൊക്കെ എന്തിനും ഏതിനും മറ്റുള്ളവരെ ആശ്രയിക്കാതെ ഒന്നും ചെയ്യാൻ പറ്റില്ല. നിർഭാഗ്യവശാൽ ഞാനും അങ്ങനെയൊരു വ്യക്തിയാണ്.അകാരണമായി ഒരു പേടിയുടെ മറവിൽ നിന്നേ ഞാൻ സംസാരിക്കാറുള്ളൂ.
പക്ഷെ..
ആ കുഞ്ഞു മോൾ എനിക്ക് ഇന്നൊരു പാഠമായി.ചെറു പ്രായത്തിൽ ധൈര്യത്തോടെ,ഉത്തരവാദിദ്വത്തോടെ സംസാരിക്കുന്ന ആ കുട്ടി എല്ലാവർക്കും ഒരു മാതൃകയാണ്.
രമ്യ രതീഷ്
19/11/2017

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo