Showing posts with label ShafasIbrahim. Show all posts
Showing posts with label ShafasIbrahim. Show all posts

കിനാവും കണ്ണീരും


കിനാവും കണ്ണീരും
***************
രണ്ട്‌ നിഡോ,രണ്ട്‌ ടാങ്ക്‌ എത്രയായി ഇക്കാ...?
ഹാരിസ്‌ ബക്കാലയിലെ ഇക്കയോട്‌ മൊബൈലിൽ സെൽഫി എടുക്കുന്നതിനിടയിൽ ചോദിച്ചു.
110 റിയാൽ,എന്താ ഇജ്ജ്‌ നാട്ടിൽ പോന്നുണ്ടൊ?
ഉണ്ട്‌ ഇക്കാ,അടുത്ത ആഴ്ച പോണം...
അത്‌ പറയുമ്പോൾ അവന്റെ മുഖം തുടുത്തിരുന്നു...
ഷറഫിയയിലെ ആ കടയിൽ നിന്നിറങ്ങുമ്പോൾ അവന്റെ മനസ്സിൽ നാട്ടിലെ മണിയറയിൽ തന്നെ കാത്തിരിക്കുന്ന രഹന മാത്രമായിരുന്നു.റൂമിലേക്ക്‌ നടക്കുമ്പോൾ വഴിയിൽ പരിചയക്കാരെ ഒരു പാട്‌ കണ്ടു,അവരോടെല്ലാം നാട്ടിൽ പോകുന്നതിനെ പറ്റി ഹാരിസ്‌ വാചാലനായി.
സൗദിയിൽ വന്നിട്ട്‌ നാലഞ്ച്‌ തവണ നാട്ടിൽ പോയിട്ടുണ്ട്‌,പക്ഷെ ഈ പോക്കിനു ഒരു പ്രത്യേകത ഉണ്ട്‌.കാരണം കല്യാണം കഴിഞ്ഞിട്ട്‌ ആദ്യത്തെ പോക്കാണു...ശരിക്കും ആഹ്ലാദത്തിമിർപ്പിലാണു ഹാരിസ്‌. .‌പെണ്ണു കാണലും കല്യാണവും ഒരു ഫ്ലാഷ്‌ ബാക്‌ പോലെ അവന്റെ മനസ്സിൽ ഇന്നലെ കഴിഞ്ഞത്‌ പോലെ തെളിഞ്ഞു വന്നു.
വല്യ ശമ്പളമുള്ള ജോലിയൊന്നുമില്ലായിരുന്നു ഹാരിസിനു,അത്‌ കൊണ്ട്‌ തന്നെ ലീവും കുറവായിരുന്നു.കഴിഞ്ഞ കൊല്ലം ലീവിനു വന്നപ്പോൾ ഉമ്മയുടെ നിർബന്ധം കാരണമാണു ഇരുപത്തഞ്ചാം വയസ്സിൽ അവൻ രഹനയെ പെണ്ണു കാണാൻ പോയത്‌.ഇരുപത്‌ വയസ്സുകാരി രഹനയെ ഒറ്റ നോട്ടത്തിൽ അവനിഷ്ടമായി,അവൾക്ക്‌ ഹാരിസിനേയും.എന്നാൽ കല്യാണം ഇപ്പോ വേണ്ട,അടുത്ത കൊല്ലം മതി എന്ന ഹാരിസിന്റെ വാശി ആരും ചെവിക്കൊണ്ടില്ല.പ്രായമായവർ പറയുന്നത്‌ അനുസരിക്കുകയല്ലേ വഴിയുള്ളു..
അത്യാവശ്യം നല്ലപോലെ കല്യാണം കഴിഞ്ഞു.കല്യാണത്തിന്റെ സന്തോഷത്തിനിടയിലും ഹാരിസിന്റെ ഹൃദയം വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു.ഒമ്പത്‌ ദിവസം കഴിഞ്ഞാൽ ഈ സന്തോഷമെല്ലാം തീരുമല്ലോ?
നേരാം വണ്ണം ഒന്നു സ്നേഹിക്കാൻ പോലും പറ്റിയിട്ടില്ല രണ്ട്‌ പേർക്കും,സൽക്കാരങ്ങളും യാത്രകളുമായി ആ ഒമ്പത്‌ ദിവസങ്ങൾ പെട്ടെന്ന് തന്നെ തീർന്നു.ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ വീട്ടുകാരുടെയെല്ലാം മുഖം വാടാൻ തുടങ്ങി.
പോകാനുള്ള ടിക്കറ്റും വാങ്ങി വന്നപ്പോൾ ഉപ്പ ചോദിച്ചു...
മോനെ നിനക്ക്‌ മറ്റന്നാൾ തന്നെ പോണൊ,ലീവ്‌ നീട്ടിത്തരാൻ പറഞ്ഞൂടെ കഫീലിനോട്‌?
'ലീവ്‌ നീട്ടിക്കിട്ടില്ല' എന്ന് പത്തിരുപത്‌ വർഷം പ്രവാസിയായി ജോലി ചെയ്ത ഉപ്പാക്കറിയാഞ്ഞിട്ടല്ല,എല്ലാരുടെയും വിഷമം കാണുമ്പോൾ വെറുതെ ചോദിച്ചതാണെന്ന് അവനു മനസ്സിലായി.അവനൊന്നും മിണ്ടീല്ല.
പോകുന്നതിനു തലേന്നാൾ ആരും ഉറങ്ങീല്ല,മണിയറയിൽ നവ വധൂ വരന്മാരുടെ കണ്ണീർപൂക്ക്കൾ നിലത്ത്‌ വീണു ചിതറി.അവൾ അവനു വാക്കു കൊടുത്തു...
ഇല്ല ഇക്കാ ഞാൻ കരയില്ല,പൊന്ന് പോയിട്ട്‌ വേഗം വാ,ഞാൻ കാത്തിരിക്കും.ഇക്കയും കരയരുത്‌,ധൈര്യമായിട്ടിരിക്കണം,ഞാനില്ലെ കൂടെ, പിന്നെന്താ ...
യാത്ര പറഞ്ഞിറങ്ങുമ്പോൾ അവൻ അവൾക്ക്‌ കൊടുത്ത വാക്കു പാലിച്ചു,അവൻ കരഞ്ഞില്ല,എല്ലാർക്കും സലാം പറഞ്ഞു കൈ കൊടുത്ത്‌ വീടിന്റെ പടിയിറങ്ങുമ്പോൾ അവൻ ഒന്നൂടെ തിരിഞ്ഞു നോക്കി.ജനാലയുടെ കർട്ടനിടയിൽ കൂടെ വിതുമ്പിക്കരയുന്ന രഹനയുടെ മുഖം അവൻ കണ്ടു.സഹിക്കാൻ കഴിഞ്ഞില്ല,കാറിൽ കയറിയതും അവൻ പൊട്ടിക്കരഞ്ഞു.കൂടെ വന്ന കൂട്ടുകാരായ സമീറും നൗഫലും ആശ്വസിപ്പിക്കാൻ വേണ്ടിയാകണം,ഒരു പാട്‌ കളിയാക്കി...
പത്ത്‌ മാസം!പത്ത്‌ വർഷങ്ങൾ പോലെയാണു അവനു തോന്നിയത്‌,ഉറക്കമില്ലാത്ത എത്ര രാത്രികൾ,കണ്ണീരിൽ കുതിർന്ന തലയിണകൾ..എല്ലാത്തിനും വിട..ഞാൻ നാട്ടിൽ പോകുന്നു,അൽഹംദുലില്ലാഹ്‌...
പോകാനുള്ള ദിവസമായി,ലഗ്ഗേജ്‌ കെട്ടുന്നതിനിടയിൽ മണികണഠൻ ചോദിച്ചു.
ഇതെന്താ ഒരേ പോലെ രണ്ട്‌ പെട്ടി?
ഒന്ന് എന്റെ വീട്ടിലേക്കും ഒന്ന് അവൾടെ വീട്ടിലേക്കും?അവൻ പുഞ്ചിരിച്ചു കൊണ്ട്‌ മറുപടി പറഞ്ഞു.
ആഹാ...ഇങ്ങളുടെ നാട്ടിൽ ഇങ്ങനെയാണൊ?നമ്മുടെ നാട്ടിലൊന്നും ഇങ്ങനെയില്ല കേട്ടൊ?കയർ വലിച്ചു മുറുക്കി മണികണ്ഠൻ ചിരിച്ചു.
വില കൂടിയ ഒരു സ്പ്രേയും പൗഡറും ഫേസ് ക്രീമും അവൻ ഹാന്റ്ബാഗിലാക്കി,ഇത്‌ അവൾക്ക്‌ മാത്രമുള്ളതാണു,ആരും കാണണ്ട...
റൂമിലെ എല്ലാവരോടും യാത്ര പറഞ്ഞു പുറത്തിറങ്ങിയപ്പോൾ സലീമിന്റെ വക ഒരു കമന്റ്‌...
പോയി തകർത്തിട്ടു വാ പുയ്യാപ്പ്ലെ എന്ന്...
എല്ലാവരും പൊട്ടിച്ചിരിച്ചു...
ഹാരിസ്‌ മനസ്സിലും...
ജിദ്ധ എയർപ്പോർട്ടിൽ നിന്നും എയർ ഇൻഡ്യയുടെ വിമാനം കൃത്യ സമയത്ത്‌ തന്നെ പുറപ്പെട്ടു.അടുത്ത സീറ്റിലിരിക്കുന്ന പുള്ളി എന്തൊക്കെയോ പറയുന്നുണ്ട്‌,അവൻ എല്ലാത്തിനും തലയാട്ടി...പാവത്തിന്റെ മനസ്സ്‌ ഇവിടൊന്നുമല്ലല്ലോ.....
വിമാനം കോഴിക്കോട്‌ ‌എയർപ്പോർട്ടിൽ ഇറങ്ങി ‌ ക്ലിയറൻസും മറ്റ്‌ ഫോർമ്മാലിറ്റീസും കഴിഞ്ഞു
പുറത്തിറങ്ങി,അതാ ഉപ്പയും എളാപ്പയും മൂത്താപ്പാന്റെ മകൻ സുഹൈലും.എല്ലവരെം കെട്ടിപ്പിടിച്ചു വിഷേഷങ്ങൾ തിരക്കി.
കാറിൽ കയറിയപ്പോഴാണു എല്ലാരുടെം മുഖത്ത്‌ എന്തോ ഒരു വിഷമം പോലെ,ആർക്കും ഒരു ഉഷാറില്ല,ഇവർക്കിതെന്ത്‌ പറ്റി?ഹെയ്‌,തനിക്ക്‌ തോന്നിയതായിരിക്കും,അങ്ങനൊന്നുമുണ്ടാവില്ല?ഇനി ഒന്നര മണിക്കൂർ കഴിഞ്ഞാൽ വീടെത്തും,റോഡിനു ഇരു വശത്തും കണ്ട്‌ പാടങ്ങളും പച്ചപ്പുമൊന്നും അവനെ അത്രക്ക്‌ ആകർഷിച്ചില്ല.
രഹന മെലിഞ്ഞിട്ടുണ്ടാകുമോ?അതൊ തടിച്ചൊ?പാവം ഒരു പരിചയവുമില്ലാത്ത എന്റെ വീട്ടിൽ അവൾ പത്ത്‌ മാസം നിന്നില്ലെ?സമ്മതിക്കണം അവളെ...അവൻ മനസ്സിൽ പറഞ്ഞു.
ഈ ഒരു മാസം ശരിക്കും അടിച്ചു പൊളിക്കണം,ഒരു പാട്‌ സ്ഥലങ്ങളിൽ പോണം,സ്നേഹം കൊണ്ട്‌ അവളെ വീർപ്പുമുട്ടിക്കണം... ഇൻഷാ അല്ലാഹ്‌..
വീട്ടിലേക്കുള്ള വഴി എത്താറായി,അവൻ പോക്കറ്റിലുണ്ടായിരുന്ന ചീർപ്പ്‌ എടുത്ത്‌ മുടി നേരെയാക്കാൻ തുടങ്ങി.ഹൃദയം പെരുമ്പറ കൊട്ടുന്നു.
വീട്ടിൽ ഒരു പാട്‌ ആൾക്കാരുണ്ട്‌,അവൻ ചിരിച്ചു കൊണ്ട്‌ കാറിൽ നിന്നിറങ്ങി.
ഉമ്മ ഓടി വന്നു കെട്ടിപ്പിടിച്ചു കരഞ്ഞു!ഉമ്മ ഇതെന്തിനാ കരയുന്നെ?അവനു ഒന്നും മനസ്സിലായില്ല.
ആരും ഒന്നും മിണ്ടിയില്ല,എല്ലാവരുടെ മുഖത്തും വല്ലാത്ത വിഷമം!
അവൻ രഹനയെ തിരഞ്ഞു.ഇല്ല,അവളെ കാണാനില്ല,അവളുടെ നാണം കലർന്ന മുഖം ഹാരിസ്‌ അവിടെയെല്ലാം തിരഞ്ഞു.
ഉമ്മാ... രഹന എവിടെപ്പോയി?ആരും ഒന്നും മിണ്ടാതായപ്പോൾ അവൻ ഉച്ചത്തിൽ ചോദിച്ചു.
അതും കൂടി കേട്ടപ്പോൾ അവിടെ കൂടി നിന്നവരെല്ലാം പൊട്ടിക്കരയാൻ തുടങ്ങി...
ഉമ്മാ ..രഹന എവിടെ?പറ ഉമ്മാ...അവൻ ഉമ്മയോട്‌ കയർത്തു.
അവൻ അകത്തേക്ക്‌ കയറി,എല്ലാ മുറിയിലും അവൻ അവളെ തിരഞ്ഞു...ഇല്ല,അവൾ ഈ വീട്ടിലില്ല...ആകെ ഭ്രാന്ത്‌ പിടിക്കുന്ന അവസ്ഥ!
ആരും ഒന്നും മിണ്ടുന്നുമില്ല...അവൾക്കെന്തോ സംഭവിച്ചിട്ടുണ്ട്‌,അവൻ ഉറപ്പിച്ചു.അവനും കരയാൻ തുടങ്ങി...
'ആരെങ്കിലും എന്തെങ്കിലും പറ'...ഹാരിസ്‌ അലറി...
അടുത്ത വീട്ടിലെ കൃഷ്‌ണേട്ടൻ ഹാരിസിനെ കെട്ടിപ്പിടിച്ചു സോഫയിലിരുത്തി..
ഹാരിസേ...ചെറിയ ഒരു പ്രശ്നമുണ്ട്‌...എങ്ങനെ പറയണം എന്നെനിക്കറീല്ല,എല്ലാം നീ ക്ഷമയോടെ കേൾക്കണം,രഹനയെ ഇന്നലെ രാത്രി കിച്ചണിൽ വെച്ച്‌ ഒരു പാമ്പ്‌ കടിച്ചു.ഹോസ്പിറ്റലിൽ കൊണ്ട്‌ പോയി,പക്ഷെ......അപ്പോഴെക്കും......
ഭൂമി കീഴ്‌ മേൽ മറയുന്നത്‌ പോലെ തോന്നി ഹാരിസിനു...കണ്ണിൽ ഇരുട്ട്‌ കയറുന്നു,അവൻ അലറിക്കൊണ്ട്‌ നിലത്ത്‌ വീണു....
താൻ കൊണ്ട്‌ വന്ന പെട്ടി ആരൊക്കെയോ താങ്ങിപ്പിടിച്ചു കൊണ്ട്‌ വരുന്നത്‌ അവൻ കണ്ടു..അല്ല,അവനു തെറ്റി...അവൻ കൊണ്ട്‌ വന്ന പെട്ടിയായിരുന്നില്ല അത്‌...
തന്റെ ജീവന്റെ ജീവനായ രഹനയെ കൊണ്ട്‌ പോകാനുളള മയ്യത്ത്‌ മകട്ടിലായിരുന്നു അത്‌...

Shafas

എട്ടിന്റെ പണി


എട്ടിന്റെ പണി
*************
ഞങ്ങൾ ബാഗ്ലൂരിൽ പഠിക്കുന്ന കാലം,അതായത്‌ ജീവിതത്തിലെ മറക്കാനാകാത്ത ഒരു പാട്‌ അനുഭവങ്ങൾ സമ്മാനിച്ച നാലു വർഷങ്ങൾ...
നാലു വർഷത്തെ കോഴ്സിൽ രണ്ട്‌ വർഷം എങ്ങനെയൊക്കെയോ തീർന്നു.മൂന്നാം വർഷത്തിലേക്ക്‌ കടന്നു,പുതിയ കുട്ടികൾ കോളേജിൽ വരാൻ തുടങ്ങി.ഞങ്ങളാണു സൂപ്പർ സീനിയർ,അത്‌ കൊണ്ട്‌ തന്നെ ജൂനിയെർസ്സിനെല്ലാം ഞങ്ങളെ ഭയങ്കര പേടിയായിരുന്നു(എന്നാണു ഞങ്ങളുടെ മനസ്സിലിരിപ്പ്‌)...
അത്യാവശ്യം റാഗ്ഗിംഗ്‌ ഒക്കെ നടത്തി കോളേജിൽ ഷൈൻ ചെയ്തു നടക്കുവാരുന്നു ഞങ്ങൾ.എല്ലാവർക്കും ക്ലാസ്സിലെ പെൺകുട്ടികളെ ലൈൻ അടിക്കുന്നതിനേക്കാൾ താൽപര്യം ജൂനിയേർസ്സിനെ ലൈൻ അടിക്കാനായിരുന്നു.
ഞാൻ പണ്ടെ ഡീസന്റായോണ്ട്‌ എല്ലാ പെൺകുട്ടികളെയും ഒരു 'സഹോദരി 'എന്ന നിലയിൽ മാത്രമെ ഞാൻ കണ്ടിരുന്നുള്ളു.അല്ലാതെ എനിക്ക്‌ പെണ്ണു കിട്ടാഞ്ഞിട്ടല്ല കേട്ടൊ...
ഞങ്ങൾ ആറു പേർ ആണു റൂമിൽ,എല്ലാവരും മലയാളികൾ തന്നെ,ആരുടെം പേർ ഞാൻ ഇവിടെ പറയാൻ ആഗ്രഹിക്കുന്നില്ല,കാരണം വേറൊന്നുമല്ല,അവന്മാർ ആരെങ്കിലും ഇത്‌ വായിച്ചാൽ പതിനാറിന്റെ പണി എനിക്ക്‌ കിട്ടും..അത്‌ കൊണ്ടാ..
ഞങ്ങൾക്ക്‌ താഴെ ജൂനിയർസ്സായിട്ട്‌‌ രണ്ട്‌ ബാച്ച്‌ ഉണ്ട്‌,ആ ബാച്ചുകളിലെ പെൺ കുട്ടികളിൽ ആരെയും കണ്ണിൽ പിടിക്കാത്തത്‌ കൊണ്ടാകും നമ്മുടെ കഥാനായകൻ പുതിയ ബാച്ച്‌ വന്നപ്പൊ കാര്യമായിട്ട്‌ വായ്നോക്കാൻ തുടങ്ങി.സോറി...കഥാനായകൻ ആരാന്നു പറഞ്ഞില്ല ല്ലെ?
കഥാനായകൻ എന്റെ ബന്ധുവാണു,സ്കൂളിലിലും ഒരുമിച്ചാണു പഠിച്ചത്‌,ഭയങ്കര കൊമേഡിയൻ കൂടിയാണു കക്ഷി.അവനെ നമുക്ക്‌ തൽകാലം 'ടിയാൻ 'എന്നു വിളിക്കാം,ക്ലാസ്സിലെ മേഡംസിനൊക്കെ ഭയങ്കര ഇഷ്ടം,നാട്ടുകാരുടെ കണ്ണിലുണ്ണി എന്നൊക്കെ പറയാറില്ലെ,അത്‌ പോലെ ഒരു സാധനം.ഒടുക്കത്തെ ഗ്ലാമറും,പക്ഷെ രണ്ട്‌ കൊല്ലമായിട്ട്‌ ലൈനൊന്നും സെറ്റായിട്ടില്ല പാവത്തിനു...
അങ്ങനെയിരിക്കുമ്പോഴാണു ടിയാൻ അവളെ കണ്ടത്‌,അവളെ നമുക്ക്‌ തൽകാലം 'ടിയാത്തി 'എന്നു വിളിക്കാം.കാണാൻ നല്ല സുന്ദരി,നിഷ്കളങ്കമായ മുഖം,ഉയരവും കറക്റ്റ്‌.ഇതൊക്കെ ടിയാൻ തന്നെ പറഞ്ഞതാണു കേട്ടൊ.റൂമിലും ക്ലാസ്സിലും ടിയാൻ ടിയാത്തിയെ പറ്റി മാത്രമായി സംസാരം.അന്വേഷിച്ചപ്പോഴാണു മനസ്സിലായത്‌ ടിയാത്തിയുടെ സ്വന്തം ചേട്ടൻ ഞങ്ങളുടെ തൊട്ടടുത്ത കോളേജിൽ പഠിക്കുന്നുണ്ടെന്ന കാര്യം.പക്ഷെ ടിയാൻ അതൊന്നും മൈൻഡ്‌ ചെയ്തില്ല,ഹൃദയത്തിൽ അലിഞ്ഞു പോയിരിക്കുന്നത്രെ അവളുടെ മുഖം...
ടിയാൻ ടിയാത്തിയെ ലൈൻ അടിക്കാൻ ശ്രമിക്കുന്ന കാര്യം കോളേജ്‌‌ മൊത്തം അറിഞ്ഞു ,ടിയാത്തിയൊഴികെ...കാരണം വേറൊന്നുമല്ല,അവനു അവളുടെ മുന്നിൽ പോയി നിൽക്കാനുള്ള ധൈര്യം പോലുമില്ല,പിന്നെ എങ്ങനെയാണു അവളോട്‌ അവന്റെ ഇഷ്ടം തുറന്നു പറയുന്നത്‌?അല്ലാതെ അവളുടെ ചേട്ടനെ പേടിച്ചിട്ടൊന്നുമല്ല കേട്ടൊ..
അങ്ങനെയിരിക്കുമ്പോഴാണു റൂമിലെ നമ്മുടെ ഒരു സുഹ്രുത്ത്‌ പുതിയ ഒരു സിം കാർഡ്‌ എടുക്കുന്നത്‌.അവനു ചെറിയ ഒരു പൂതി,നമ്മുടെ നിരാശാ കാമുകനു ഒരു പണി കൊടുക്കണം,ബാക്കിയുള്ള റൂം മേറ്റ്സിനോട്‌ കാര്യം പറഞ്ഞു.ടിയാന്റെ പണി എല്ലാർക്കും കിട്ടിയിട്ടുള്ളത്‌ കൊണ്ട്‌ എല്ലാരും ഫുൾ സപ്പോർട്ട്‌...അങ്ങനെ സുഹ്രുത്തിന്റ പുതിയ സിമ്മിൽ നിന്ന് ടിയാനു 'ഹായ്'‌ എന്നും പറഞ്ഞു ഒരു മെസ്സേജ്‌ അയച്ചു.അക്കാലത്ത്‌ വാറ്റ്സപ്പും മൊബൈലിലെ ഇത്തരം ചതികളെപ്പറ്റി ഒന്നും ഞങ്ങളെപ്പോലെ തന്നെ ടിയാനും ബോധവാനായിരുന്നില്ല എന്നും കൂടി കൂട്ടി വായിക്കണം...
അറിയാത്ത നമ്പറിൽ നിന്നും ഒരു മെസ്സേജ്‌ വന്നപ്പോൾ അക്കാലത്തെ ഏതൊരു ബാച്ചിലറെയും പോലെ അവന്റെ ഉള്ളിലും ചെറിയ ഒരു ലഡ്ഡു പൊട്ടി.അവനും മറുപടി അയച്ചു..ഹായ്‌...അവന്റെ ഹൃദയം എന്തിനോ വേണ്ടി പെരുമ്പറ കൊട്ടുന്നത്‌ തൊട്ടടുത്ത ബെഡ്ഡിൽ നിന്ന് അവനു മെസ്സേജ്‌ അയക്കുന്ന‌ ഞങ്ങൾക്ക്‌ മനസ്സിലായി...ടിയാന്റെയും ഞങ്ങളുടെയും മെസ്സേജ്‌ സംഭാഷണം ചുരുക്കിയ രൂപത്തിൽ താഴെ കൊടുക്കുന്നു..(മംഗ്ലീഷാണു കേട്ടൊ)
ടിയാൻ-ഹായ്‌
ഞങ്ങൾ-ആരാന്നു മനസ്സിലായൊ?
ടിയാൻ -ഇല്ല
ഞങ്ങൾ-ആലോചിച്ച്‌ നോക്ക്‌..
ടിയാൻ-ഇല്ല,മനസ്സിലായില്ല
ഞങ്ങൾ-ഓർമ്മയില്ലെ?
ടിയാൻ-ഇല്ല,ആരാന്നു പറ!(അപ്പോൾ ടിയാന്റെ മനസ്സിൽ പ്ലസ്റ്റുവിനു തേച്ചിട്ട്‌ പോയ വേറൊരു ടിയാത്തിയെയാണു മനസ്സിൽ വന്നത്‌..പാവം)
ഞങ്ങൾ-ടിയാൻ ചേട്ടൻ അല്ലെ?
ടിയാൻ-അതെ,നീ ആരാ?അത്‌ പറ
ഞങ്ങൾ-ചേട്ടന്റെ കോളേജിൽ ആണു ഞാൻ പഠിക്കുന്നത്‌..
ടിയാൻ-ഒക്കെ,ആരാന്നു പറ..
(ടിയാൻ ബെഡ്ഡിൽ നിന്നെഴുന്നേറ്റ്‌ കണ്ണാടിയുടെ മുന്നിൽ പോയി മുഖം നോക്കുന്നു)
ഞങ്ങൾ-ചേട്ടൻ എന്തെടുക്കുവാ?
ടിയാൻ-ഞാൻ റൂമിലാ,ഉറങ്ങാൻ കിടക്കുന്നു,ഇയാൾ ആരാ?അത്‌ പറ..
ഞങ്ങൾ-ചേട്ടനു ടിയാത്തി എന്ന ഒരു പെൺകുട്ടിയെ അറിയാമൊ?
കുറച്ച്‌ നേരത്തേക്ക്‌ ഒരു അനക്കവുമില്ല..
അവൻ മെല്ലെ ഞങ്ങളുടെ അടുത്തെത്തി,ചെറിയ ചമ്മലും,നാണവും,പേടിയും കലർന്ന ഭാവത്തിൽ ഞങ്ങളോട്‌ കാര്യം അവതരിപ്പിച്ചു.
പൊട്ടിച്ചിരിക്കാനാണു ഞങ്ങൾക്ക്‌ തോന്നിയത്‌,പക്ഷെ ഞങ്ങൾ കൊടുത്ത പണി ഏറ്റിട്ടുണ്ടെന്ന് മനസ്സിലായതോടെ കുറച്ച്‌ കൂടി അവനെ മൂപ്പിക്കാം എന്ന പ്ലാനിൽ അവനു എല്ലാ വിധ പിന്തുണയും കൊടുത്തു ഞങ്ങൾ..
ടാ,നീ എന്തിനാ പേടിക്കുന്നെ,ഇത്‌ അവൾ തന്നെയാ,നീ അവൾടെ ചേട്ടനെ പേടിച്ചിട്ടാണെൽ അതൊന്നും നീ മൈൻഡ്‌ ചെയ്യണ്ട,അതെല്ലാം നമുക്ക്‌ ശരിയാക്കാം..സ്ഥലത്തെ പ്രധാന കാമുകന്റെതാണീ വാക്കുകൾ.അതും കൂടി കേട്ടപ്പോൾ ടിയാൻ എഴുന്നേറ്റു.അവനു ചെറുതായി ധൈര്യം വന്ന പോലെ...വീണ്ടും മൊബൈൽ എടുത്തു കുത്താൻ തുടങ്ങി...
ടിയാൻ-ടിയാത്തി ആണൊ?
ഞങ്ങൾ-അതെ....
ടിയാൻ ഞങ്ങളുടെ അടുത്തെത്തി ആ മെസ്സേജ്‌ കാണിച്ചു,അവൻ ഇത്രയധികം സന്തോഷിച്ചു കാണുന്നത്‌ ആദ്യമായിട്ടയിരുന്നു..ഞങ്ങൾ ആത്‌മാർത്ഥതയൊടെ അവനെ അഭിനന്ദനങ്ങൾ അറിയിച്ചു...പുഞ്ചിരിച്ചു കൊണ്ട്‌ അവൻ ലൈറ്റ്‌ ഓഫാക്കി പുതപ്പിനടിയിലേക്ക്‌ ചുരുണ്ടു..വീണ്ടും മെസ്സേജ്‌...
ടിയാൻ-ടിയാത്തീ,എങ്ങനെ എന്റെ നമ്പർ കിട്ടി?
കുറച്ച്‌ നേരത്തേക്ക്‌ ഞങ്ങൾ മെസ്സേജ്‌ അയച്ചില്ല,അവന്റെ റിയാക്ഷൻ എന്താണെന്നറിയണമല്ലൊ?പത്ത്‌ മിനിട്ടിനു ശേഷം ടിയാൻ വീണ്ടും...
ടിയാൻ-ഹലോ,എന്താ മിണ്ടാത്തെ?ഉറങ്ങ്യൊ?
ഞങ്ങൾ-ഇല്ല,ഉറങ്ങീല്ല,ചേട്ടൻ വിളിക്കുവാരുന്നു,എന്റെ ചേട്ടനെ അറിയാമൊ?
ടിയാൻ-അറിയാം..
ഞങ്ങൾ-ചേട്ടനറിഞ്ഞാൽ എന്നെ കൊല്ലും..എന്റെ നമ്പർ വേറെ ആർക്കും കൊടുത്തിട്ടില്ല,ഞാൻ മെസ്സേജ്‌ അയക്കുന്നത്‌ വേറാരൊടും പറയരുത്‌ കേട്ടൊ..എനിക്ക്‌ പേടിയാ..
ടിയാൻ-ഇല്ല,ഞാനാരോടും പറയില്ല..പേടിക്കണ്ട.
ഞങ്ങൾ-എന്നാ ഞാൻ ഉറങ്ങട്ടെ,രാവിലെ പള്ളീൽ പോണം..
ടിയാൻ-നാളെ പുറത്തിറങ്ങുന്നുണ്ടൊ?
ഞങ്ങൾ-എന്തെ?
ടിയാൻ-ഒന്നു കാണാൻ പറ്റുമോ??
ഞങ്ങൾ ആകെ അങ്കലാപ്പിലായി,എന്തു പറയും ഇവനോട്‌,ഇവൻ കട്ട സീരിയസ്‌ ആണല്ലൊ?അങ്ങനെ എല്ലാരും ഇരുന്ന് ചർച്ച്‌ ചെയ്തു ഒരു തീരുമാനമെടുത്തു,എന്തായാലും ഇത്ര വരെ എത്തി,കൊടുക്കാം നല്ല പണി എന്ന്...!
വീണ്ടും ടിയാൻ..
ടിയാൻ-ഹലോ,എന്താ മിണ്ടാത്തെ?ഉറങ്ങ്യൊ?
ഞങ്ങൾ-ഇല്ല,പറ...
ടിയാൻ-നാളെ റെയിൽവെ സ്ടേഷനിൽ വെച്ച്‌ കാണാൻ പറ്റുമോ?അഞ്ച്‌ മിനിട്ട്‌ മതി..പ്ലീസ്‌..
ഞങ്ങൾ-ഒക്കെ,പക്ഷെ രാവിലെ അഞ്ചു മണിക്ക്‌ വരണം,സമയം വൈകിയാൽ ചേട്ടൻ വരും,പിന്നെ ആകെ പ്രോബ്ലെം ആകും..
ടിയാൻ-ഒക്കെ,അഞ്ചു മണിക്ക്‌ ഞാൻ അവിടുണ്ടാകും..
ഞങ്ങൾ-അപ്പൊ ചേട്ടാ ഞാനുറങ്ങട്ടെ..ചേട്ടാ വേറൊരു കാര്യം,ഞാൻ മെസ്സേജ്‌ അയക്കാതെ ഇതിലോട്ട്‌ മെസ്സേജ്‌ അയക്കുകയൊ വിളിക്കുകയോ ചെയ്യരുത്‌ പ്ലീസ്‌...
ടിയാൻ-ഒക്കെ...ഗുഡ്‌ നൈറ്റ്‌......
ടിയാൻ സമയം നോക്കി...അർദ്ധരാത്രി 12 മണി.കക്ഷി എഴുന്നേറ്റ്‌ അലമാര തപ്പുന്നു,പുതിയ ഷർട്ട്‌ ഉണ്ടോന്ന് നോക്കുകയാ പാവം,ഒരു നീലക്കളർ ഷർട്ട്‌ എടുത്തു നോക്കുന്നു,കണ്ണാടിയുടെ മുന്നിൽ പോയി മുഖത്തെ ചെറിയ പാടുകളിൽ തലോടുന്നു..മുടി നേരെയാക്കുന്നു..അങ്ങനെ പലതും...
ടാ,നിനക്കുറക്കമൊന്നുമില്ലെ,ഞാൻ അവനോട്‌ ചോദിച്ചു.
പകൽ ഉറങ്ങിയത്‌ കൊണ്ട്‌ ഇപ്പൊ ഉറക്കം വരുന്നില്ല എന്ന് അവൻ മറുപടി തന്നു.
പക്ഷെ പാവത്തിന്റെ ഉള്ളിൽ നാളെ അവന്റെ സ്വപ്ന സുന്ദരിയെ കാണാൻ പോകുന്നതിന്റെ ത്രില്ല് മാത്രമായിരുന്നു...
അവൻ ബെഡ്ഡിലേക്ക്‌ വീണു,മൊബൈൽ വീണ്ടും എടുത്തു നോക്കുന്നു,തിരിഞ്ഞും മലർന്നും കിടക്കുന്നു.എല്ലാത്തിനും സാക്ഷിയായി ഞങ്ങളും...
സമയം മൂന്ന് മണി ,ബാത്‌ റൂമിന്റെ അടുത്തുള്ള ലൈറ്റ്‌ മാത്രം തെളിഞ്ഞു കിടക്കുന്നു,എന്താ സംഭവം?ഞാൻ അവന്റെ ബെഡ്ഡിലേക്ക്‌ നോക്കി,ഇല്ല,അവനവിടില്ല..
ഞാൻ ബാക്കിയുള്ളവരെ വളരെ പതുക്കെ വിളിച്ചുണർത്തി.കുറച്ച്‌ കഴിഞ്ഞപ്പോൾ നമ്മുടെ കഥാനായകൻ ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങി.ഞങ്ങൾ ഞെട്ടിപ്പോയി അവന്റെ മുഖം കണ്ടപ്പോൾ!മുഖം മുഴുവൻ ഫേസ്‌ വാഷ്‌ ചെയ്തിരിക്കുവാണു പാവം,അതും ഈ നട്ടപ്പുലർച്ചക്ക്‌.ഞങ്ങൾ നൈസായിട്ട്‌ ഉറക്കം നടിച്ചു കിടന്നു.
കുറച്ച്‌ കഴിഞ്ഞപ്പോൾ ടിയാൻ വീണ്ടും ബാത്‌ റൂമിൽ കയറുന്നു,ഇറങ്ങുന്നു,രാത്രി എടുത്തു വെച്ച ഷർട്ട്‌ ഇസ്തിരി ഇടുന്നു...വീണ്ടും കണ്ണാടി നോക്കുന്നു..അവന്റെ ഈ കലാപരിപാടികൾ കണ്ട്‌ ഞങ്ങൾക്കും ഉറക്കം വന്നില്ല...
ഞങ്ങൾക്കും ടെൻഷനായി,ടിയാൻ നല്ല പ്രതീക്ഷയിലാണു,ഇത്‌ അവനു പണി കൊടുത്തതാണെന്ന് എങ്ങനെ പറയും?മൊത്തം കൺഫ്യൂഷൻ..
അതിന്റിടക്ക്‌ ടിയാൻ കിച്ചണിൽ കയറുന്നു.എന്തോ വായിലിട്ട്‌ ചവക്കുന്നുണ്ട്‌.
സമയം നാലര ആയി,വളരെ പതുക്കെ നമ്മുടെ നായകൻ നല്ല സുന്ദരക്കുട്ടപ്പനായി കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചീകുന്നു.ഇത്ര വൃത്തിക്ക്‌ അവനെ ആദ്യായിട്ട്‌ കാണുകയായിരുന്നു ഞങ്ങളെല്ലാവരും..ആരും ഒന്നും മിണ്ടീല്ല,എല്ലാവരും ഉറക്കം നടിച്ച്‌ കിടന്നു.
സമയം നാലു നാൽപ്പത്തഞ്ച്‌,ടിയാൻ വളരെ പതുക്കെ ആരും കേൾക്കുന്നില്ല എന്ന മട്ടിൽ വാതിൽ തുറന്ന് പുറത്തേക്ക്‌ പോകുന്നു..ഞങ്ങൾ എല്ലാരും എഴുന്നേറ്റ്‌ ആ ദയനീയ കാഴ്ച നോക്കി നിന്നു ..പാവം..എല്ലാരും ഉള്ളിൽ പറഞ്ഞു.ഇനി എന്തു ചെയ്യും.
എന്തായാലും ഇത്ര ആയി,ഇനി അവൻ പോയി വരട്ടെ...
അന്ന് ഞായറാഴ്ചയാണു,അന്നാണു ഹോസ്റ്റലിലെ പെൺകുട്ടികൾ പുറത്തിറങ്ങുന്ന ദിവസം,കോളെജിലെ സകലമാന കോഴികൾക്കും വായ് നോക്കാനും ലൈനടിക്കാനും കിട്ടുന്ന അവസരം..
അത്‌ കൊണ്ടാണു എല്ലാം വിശ്വസിച്ച്‌ പാവം ടിയാൻ രാവിലെ തന്നെ കുളിച്ചൊരുങ്ങി പുറപ്പെട്ടത്‌..
ഞങ്ങൾ കാത്തിരുന്നു...
സമയം എട്ടു മണിയായി,അതാ വരുന്നു നമ്മുടെ ടിയാൻ.ആകെ വിയർത്ത്‌,മുഷിഞ്ഞ്‌,വിഷമത്തോടെ അവൻ റൂമിലെത്തി..
ടാ,കുളിച്ചൊരുങ്ങി നീ ഇതെവിടെ പോയതാ രാവിലെത്തന്നെ?റൂമിലെ കാരണവരായ ചങ്ക്‌ ബ്രൊ ചോദിച്ചു..
ഞാൻ ചായ കുടിക്കാൻ പോയതാ..
ചായ കുടിക്കാനൊ?നീയൊ?
ഷേവ്‌ ചെയ്യാനുള്ള ഒരുറുപ്പികക്കുള്ള ബ്ലേഡ്‌ പോലും മൂന്ന് മാസം ഉപയോഗിക്കുന്ന നീ ചായ കുടിക്കാൻ പുറത്ത്‌ പോയെന്നൊ?ഒന്ന് പോടോ?
അവൻ ഒന്നും മിണ്ടീല്ല,ബെഡ്ഡിൽ പോയി കിടന്നു,മൊബൈൽ എടുത്തു നോക്കുന്നു,നെടുവീർപ്പിടുന്നു...മുഖത്ത്‌ നല്ല വിഷമം..
ഇനി ഇത്‌ അവസാനിപ്പിക്കാം,ഞങ്ങൾ തീരുമാനിച്ചു..ഞങ്ങൾ അവന്റെ അടുത്ത്‌ ചെന്ന് കാര്യം എങ്ങനെയൊക്കെയൊ പറഞ്ഞൊപ്പിച്ചു..പാവം വിശ്വസിക്കുന്നില്ല,പിന്നെ മൊബൈൽ കാണിച്ചു കൊടുത്തപ്പോഴാണു പാവം വിശ്വസിച്ചത്‌...
ക്ഷമിക്കണം..ബാക്കി നടന്ന കാര്യം ഇവിടെ പറയാൻ പറ്റില്ല..
എന്തായാലും ഏകദേശം ഒരാഴ്ചയോളം കക്ഷി ഞങ്ങളോട്‌ മിണ്ടീല്ല.
അപ്പോഴും എനിക്ക്ക്‌ ഒരു സംശയം ബാക്കിയായി,ഞാൻ അവനോട്‌ തുറന്നു ചോദിച്ചു...
ടാ..നീ അന്ന് പുലർച്ചെ എന്ത്‌ സാധനമാണു കിച്ചണിൽ പോയി വായിലിട്ട്‌ ചവച്ചത്‌?
ടിയാൻ-അത്‌ ഏലക്കായ ആയിരുന്നെടാ..വായ്‌ നാറ്റം ഉണ്ടാകാതിരിക്കാൻ...
ശുഭം

Shafas

ഗർഭം

ഗർഭം
*****
പ്രഗ്നൻസി കിറ്റ്‌ ഉണ്ടൊ ചേട്ടാ?
ഫാർമസിയിലെ പുള്ളിക്കാരൻ തികച്ചും ഉദാസീനനായി തലയാട്ടി,അല്ലെങ്കിലും മലയാളികളുടെ ട്രേഡ്മാർക്ക്‌ ആണല്ലൊ തലയാട്ടൽ!പൈസ എത്രയാന്നൊന്നും ചോദിച്ചില്ല,അയാൾ പറഞ്ഞ തുക കൊടുത്തു നീലക്കവർ ബാഗിലാക്കി ആരും കണ്ടില്ലാന്നു ഉറപ്പു വരുത്തി അരുൺ അവന്റെ വണ്ടി സ്റ്റാർട്‌ ചെയ്തു.
കല്യാണം കഴിഞ്ഞിട്ട്‌ രണ്ട്‌ മാസമായിട്ടില്ല,കല്യാണത്തിനെടുത്ത പുതിയ ഷർട്ട്‌ പോലും ഇട്ടിട്ടില്ല,അപ്പോഴേക്കും ഭാര്യ ഗർഭിണി ആണെന്നറിഞ്ഞാൽ...എന്റെ കൃഷ്ണാ നീ തന്നെ തുണ..അവൻ മനസ്സിൽ പ്രാർത്ഥിച്ചു.ഓഫീസിൽ നിന്ന് രണ്ട്‌ മണിക്കൂർ പെർമ്മിഷൻ വാങ്ങി ഇറങ്ങിയതാണു,അമ്മയും അച്ചനും വല്യച്ചന്റെ പുതിയ വീടു കാണാൻ പോയത്‌ രാവിലെയാണു,ഈ സമയത്തല്ലാതെ ഈ കിറ്റൊന്ന് ടെസ്റ്റ്‌ ചെയ്യാൻ പറ്റില്ല...
നേരെ വന്ന പാണ്ടി ലോറിക്ക്‌ എങ്ങനെയോ സൈഡ്‌ കൊടുത്ത്‌ ബൈക്ക്‌ കുതിക്കുകയാണു..അടിപൊളി,ദാ റെയിൽ വെ ഗേറ്റ്‌ അടഞ്ഞു കിടക്കുന്നു,ഇനി പത്ത്‌ മിനിട്ട്‌ കഴിയണം ഇവിടുന്നൊന്ന് ഒഴിവാകാൻ..അവനു ദേഷ്യം വന്നു.ഹെൽമെറ്റ്‌ ഊരി ബൈക്കിന്റെ ഹാന്റിലിൽ വെച്ച്‌ അവൻ ചുറ്റും നോക്കി,മുന്നിൽ ഒരു മൂന്നംഗ കുടുംബം ബൈക്കിൽ.ഭാര്യയും ഭർത്താവും ഒരു കൊച്ചു പെണ്ണും.അവരുടെ സ്ഥാനത്ത്‌ അവൻ സ്വയം സങ്കൽപ്പിച്ചു,ചെറിയ ഒരു പുഞ്ചിരി മനസ്സിലുണ്ട്‌,പക്ഷെ അതിനേക്കാളേറെ ടെൻഷനും..ഈശ്വരാ കാക്കണെ...
ഗേറ്റ്‌ തുറന്നു,ഹെൽമെറ്റ്‌ വെക്കാൻ അവൻ മറന്നു,ചിന്ത മുഴുവൻ ബാഗിലുള്ള കിറ്റിലാണു.ബൈക്‌ ചീറിപ്പാഞ്ഞു വീടിന്റെ പോർച്ചിൽ എത്തി.ഉമ്മറത്ത്‌ കാത്തിരിക്കുന്ന പ്രിയയെയും കൂട്ടി അവൻ കതകടച്ചു.
ഏട്ടാ എന്താ വിയർത്തിരിക്കുന്നത്‌?പ്രിയ അരുണിന്റെ കൈ പിടിച്ചു ചോദിച്ചു..
അതൊക്കെ പിന്നെ പറയാം,നീ വേഗം വാ..
അരുൺ അവളുടെ കൈ പിടിച്ചു ബെഡ്രൂമിലേക്ക്‌ കയറി വാതിലടച്ചു.
ഈ ഏട്ടനിതെന്ത്‌ പറ്റി?പ്രിയക്ക്‌ ഒന്നും മനസ്സിലായില്ല.അവൻ ബാഗ്‌ തുറന്ന് ആ നീലക്കവർ കീറി..വെള്ള നിറത്തിലുള്ള ചെറിയ ഒരു ഉപകരണം, അതിൽ ഒരു ഭാഗത്ത് സ്ക്രീൻ പോലെ ഒരു സഥലം,അവിടെയാണു മൂത്രത്തുള്ളികൾ ഒഴിക്കേണ്ടത്‌.ഇതൊക്കെ ഓഫീസിലെ അഫ്സൽ പറഞ്ഞു തന്നതാണു..
അവൻ കിറ്റ്‌ പ്രിയക്ക്‌ നേരെ നീട്ടി..പോയി ബാത്രൂമിൽ പോയി ഈ ഭാഗത്ത്‌ മൂത്രത്തുള്ളികൾ ഒഴിച്ചു വാ,നീ ഗർഭിണി ആണൊ അല്ലയൊ എന്ന് നമുക്ക്‌ ഇപ്പൊ അറിയാം..അരുൺ പ്രിയയോട്‌ വളരെ വെപ്രാളപ്പെട്ട്‌ പറഞ്ഞു നിർത്തി.
ഓ..ഇതാണൊ കാര്യം,ഏട്ടൻ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നെ,ഗർഭിണി ആയാലെന്താ ആയില്ലെങ്കിലെന്താ?ഇത്ര പെട്ടെന്ന് ഇതൊന്നും വാങ്ങണ്ടായിരുന്നു..പ്രിയ വല്യ താൽപര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
നീ വേഗം ചെല്ല,അമ്മയും അച്ചനും ഇപ്പൊ വരും,അതിനു മുന്നെ നമുക്ക്‌ ഇത്‌ ടെസ്റ്റ്‌ ചെയ്യണം..വേഗമാകട്ടെ...അരുൺ പിറുപിറുത്തു.പ്രിയ മനസ്സില്ലാ മനസ്സോടെ ബാത്രൂമിൽ കയറി..അരുണിന്റെ നെഞ്ചിടിപ്പ്‌ കൂടി,ഇപ്പോഴറിയാം താനൊരു അച്ചനാകാൻ പോവുകയാണൊ അല്ലയോ എന്ന്!
അപ്പോഴാണു ആ കവറിലെ ഒരു പേപ്പർ അവന്റെ കണ്ണിൽ തടഞ്ഞത്‌,അവൻ അത്‌ വായിച്ചു നോക്കി.....
പ്രിയേ വാതിൽ തുറക്ക്‌...അവൻ ബാത്രൂമിന്റെ വാതിലിൽ ആഞ്ഞു മുട്ടി..ഡീ നീ എപ്പോഴാ ലാസ്റ്റ്‌ വെള്ളം കുടിച്ചത്‌‌?അത്‌ പറ,എന്നിറ്റ്‌ ടെസ്റ്റ്‌ ചെയ്യാം..അരുൺ ഉറക്കെ വിളിച്ചു പറഞ്ഞു.അതെന്താ അരുണേട്ടാ അങ്ങനെ ചോദിച്ചത്‌?പ്രിയ വാതിൽ തുറക്കാതെ ചോദിച്ചു.മിനിമം എട്ട്‌ മണിക്കൂറെങ്കിലും വെള്ളം കുടിക്കാതെ വേണം ഇത്‌ ടെസ്റ്റ്‌ ചെയ്യാൻ പോലും,ഇതിലെഴുതീട്ടുണ്ട്‌..അരുൺ വീണ്ടും വിളിച്ചു പറഞ്ഞു...
നീട്ടിപ്പിടിച്ച കിറ്റുമായി പ്രിയ പുറത്തിറങ്ങി.മുഖത്ത്‌ ദേഷ്യമുണ്ട്‌,ഞാനിപ്പോഴാ ഭക്ഷണം കഴിച്ചത്‌,അപ്പോ വെളളവും കുടിച്ചു,അവൾ കിറ്റ്‌ ബെഡ്ഡിലെക്ക്‌ വലിച്ചെറിഞ്ഞ്‌ പിറുപിറുത്തു..!
എന്റെ ദൈവമേ,ഇനി എട്ട്‌ മണിക്കൂർ കൂടി കാത്തിരിക്കണം...നിനക്ക്‌ കുറച്ച്‌ കഴിഞ്ഞിട്ട്‌ ഭക്ഷണം കഴിച്ചാൽ പോരായിരുന്നോ?ഒരു നേരം ഭക്ഷണം കഴിച്ചില്ലെൽ ആകാശം ഇടിഞ്ഞു വീഴത്തൊന്നുമില്ലല്ലൊ?ഇങ്ങനെ പറയണം എന്നു കരുതിയതാണു..പക്ഷെ അവളുടെ മുഖം കണ്ടപ്പോ പറയാൻ തോന്നീല്ല..
രാത്രി നേരത്തെ ഭക്ഷണം കഴിച്ച്‌ രണ്ട്‌ പേരും കിടന്നു.അരുണിനു ഉറക്കം വരുന്നേയില്ല,മനസ്സ്‌ മുഴുവൻ പ്രഗ്നൻസി കിറ്റിലാണു..ഇനി ഒരു തുള്ളീ വെള്ളം പോലും കുടിക്കരുതെന്ന് ഒന്നു കൂടി പ്രിയയെ ഓർമ്മപ്പെടുത്തി അവൻ പുതപ്പ്‌ വലിച്ചിട്ട്‌ ഉറങ്ങാൻ ശ്രമിച്ചു...
നേരം പര പരാ വെളുത്തിരിക്കുന്നു,അരുൺ ഞെട്ടി എഴുന്നേറ്റു,മൊബൈൽ എടുത്തു സമയം നോക്കി..6.30..ഈശ്വരാ ഇവളിതെവിടെ പോയി?ബാത്രൂമിൽ നോക്കി,ഇല്ല..അവിടെയില്ല..ഇനി കിറ്റിന്റെ കാര്യം അവൾ മറന്നോ?അങ്ങനെയാണെൽ അവളെ ഇന്ന് ശരിയാക്കും..പിറുപിറുത്ത്‌ കൊണ്ട്‌ അരുൺ സ്റ്റെപ്പിറങ്ങി..കിച്ചെണിലേക്കാണു നേരെ പോയത്‌..അവൾ കിച്ചണിലുണ്ട്‌..അവൻ ശബ്ദമുണ്ടാക്കാതെ അവളെ വിളിച്ചു..ഡീ..ച്ശൂ..കേട്ടത്‌ അമ്മയായിരുന്നു..
എന്താടാ..ചായ വേണൊ?അമ്മ ഒരു കള്ളച്ചിരിയോടെ ചോദിച്ചു..അപ്പോഴാണു പ്രിയ അരുണിനെ കാണുന്നത്‌..മുഖത്ത്‌ ഇതു വരെ കാണാത്ത ഒരു നാണം..ഇവർക്കിതെന്ത്‌ പറ്റി?ഒന്നും മനസ്സിലാകുന്നില്ല..അവളാണെങ്കിൽ ഒന്നും മിണ്ടുന്നുമില്ല..
ഇതാ ചായ....അമ്മ ഗ്ലാസ്സ്‌ നീട്ടി..അപ്പോഴും അവൾ തന്നെ നോക്കുന്നുപോലുമില്ല..
ദേഷ്യം വന്നു ...ചായ മോന്തിക്കുടിച്ച്‌ കൊണ്ട്‌ അവൻ ഉമ്മറത്തേക്ക്‌ നടന്നു..
അച്ചൻ പത്രം വായിക്കുന്നു,സ്പോർട്സ്‌ പേജ്‌ എനിക്ക്‌ നീട്ട്‌ അച്ചൻ വീണ്ടും വായന തുടർന്നു...അവന്റെ ചിന്ത അപ്പോഴും കിറ്റിലായിരുന്നു..ഇനി അവളെങ്ങാനും വെള്ളം കുടിച്ചൊ?ടെസ്റ്റ്‌ ചെയ്യാൻ മറന്നോ?ഇനി ഇപ്പോ എന്തു ചെയ്യും?
'അവർ മൂന്നാലു പേരുണ്ടാകും..നീ ടൗണിൽ പോയി കുറച്ച്‌ സാധനം വാങ്ങി വാ'..പത്രത്തിൽ നിന്ന് മുഖമെടുക്കാതെ അച്ചൻ പറഞ്ഞു..
ആരു വരുന്ന കാര്യമാണു അച്ചനിപ്പറയുന്നത്‌?ഒന്നും മനസ്സിലായില്ല..അരുൺ ചോദിച്ചു..
പ്രിയയുടെ അച്ചനും അമ്മയും അമ്മാവനും വരുന്നുണ്ട്‌,അവർ അവിടുന്ന് പുറപ്പെട്ടിട്ടുണ്ട്‌..വീണ്ടും അച്ചൻ..കഴിഞ്ഞ ആഴച വന്നു പോയതല്ലെ ഉള്ളു..ഇതെന്താ ഇന്നിപ്പോ വീണ്ടും?അരുൺ ഒന്നും മിണ്ടാതെ തലയാട്ടി...
ആ ..എന്തെങ്കിലുമാകട്ടെ...അരുൺ പത്രം അവിടെയിട്ട്‌ കിച്ചണിലേക്ക്‌ നടന്നു...
അമ്മേ,ഇവിടെ എന്തെങ്കിലും വാങ്ങാനുണ്ടൊ?
പ്രിയ കേൾക്കെ അവൻ അമ്മയോട്‌ ചോദിച്ചു..
ഉണ്ട്‌,അവർ ഉച്ച ഭക്ഷണത്തിനു എന്തായാലും ഇവിടുണ്ടാകും,അത്‌ കൊണ്ട്‌ എല്ലാം വാങ്ങണം..അമ്മ മറുപടി പറഞ്ഞു...
അപ്പോഴു പ്രിയ അവന്റെ നേരെ നോക്കുന്നില്ല,ഇവൾക്കിതെന്തു പറ്റി??
പിന്നേ..അരുണേ...ടാ..കുറച്ച്‌ പച്ചമാങ്ങ കൂടി വാങ്ങിക്കൊ പ്രിയക്ക്‌ ...അമ്മ ഒരു കള്ളച്ചിരിയോടെ പിന്നിൽ നിന്നും വിളിച്ചു...
ങെ...പച്ചമാങ്ങയോ?പ്രിയക്കൊ?ഇതെന്തിനാ ഇപ്പൊ ഇവൾക്ക്‌ പച്ചമാങ്ങ!!?
അത്രക്ക്‌ ചിന്തിക്കേണ്ടി വന്നില്ല.മനസ്സിൽ ഒരായിരം പൂത്തിരി ഒന്നിച്ചു കത്തി...അതെ പ്രിയ ഗർഭിണിയാണു....നാണമാണൊ,അതൊ ചമ്മലാണൊ,എന്താന്നറിയില്ല,ഒന്നും പുറത്ത്‌ കാണിക്കാതെ അവൻ സ്റ്റെപ്പ്‌ കയറി റൂമിലെത്തി.അവൻ പ്രഗ്നൻസി കിറ്റ്‌ തിരയാൻ തുടങ്ങി,അവിടെങ്ങും കാണാനില്ല..ബാത്രൂമിൽ വാഷ്‌ ബേസിന്റെ അടുത്ത്‌ ദാ കിടക്കുന്നു ഒരു ദിവസം മുഴുവൻ തന്നെ മുൾമുനയിൽ നിർത്തിയ കിറ്റ്‌...അവൻ എടുത്ത്‌ നോക്കി..ഉണ്ട്‌..നല്ല പോലെ കാണാൻ പറ്റുന്ന രണ്ട്‌ ചുവന്ന വര....
ശുഭം

Shafas

ഫേസ്ബുക്ക്‌.


ഫേസ്ബുക്ക്‌.
************
എം ഡി യുടെ ചീത്തവിളി കേട്ട്‌ മടുത്തു!!ഉള്ള ജോലി വലിച്ചെറിഞ്ഞ്‌ വീട്ടിൽ പോയാലോന്ന് ആലോചിച്ചിരിക്കുംബൊഴാണു നിനച്ചിരിക്കാതെ മൊബൈൽ ശബ്ദിച്ചത്‌.നോക്കാൻ തോന്നിയില്ല,കാരണം സാധാരണ മെസ്സേജ്‌ അയക്കാറുള്ള ടെലികോം കൻപനിക്കാരായിരിക്കും,അവിടെ കിടക്കട്ടെ..
വാഷ്‌ റൂമിൽ പോയി ഒന്നു ഫ്രഷ്‌ ആകാം എന്നു കരുതി മൊബൈൽ ചാർജ്ജിൽ കുത്തി ഇടാൻ നോക്കിയപ്പോഴാണു ഞാൻ അതു ശ്രദ്ധിച്ചത്‌,മെസ്സേജ്‌ അല്ല വന്നത്‌,ഫേസ്ബുക്കിൽ നോട്ടിഫിക്കേഷൻ ആണു,മാസത്തിൽ വല്ലപ്പൊഴും തുറന്നു നോക്കുന്ന ഒന്നായിരുന്നു ഈ നൂറ്റാണ്ടിലെ അതിശയം എന്നു വിശേഷിപ്പിക്ക്കാവുന്ന ഫേസ്ബുക്‌‌,കാരണം നാൽപതൊ അമ്പതൊ കൂട്ടുകാർ,അത്രെ ഉള്ളു അതിൽ,നാട്ടുകാരായ കുറച്ചു പേരും കൂടെ ജോലി ചെയ്യുന്ന കുറച്ചു പേരും..അത്രെ ഉള്ളു...കൂടെ പഠിച്ചവരെല്ലാം വിദേശത്തും മറ്റുമായി നല്ല സെറ്റപ്പിലാണു,അത്‌ കൊണ്ട്‌ തന്നെ എന്റെ കോമ്പ്ല്ക്സും ഈഗോയും കാരണം അവരെ ആരെയും ഞാൻ ഇതിലേക്ക്‌ ക്ഷണിച്ചിട്ടില്ല...
പതിവില്ലാതെ ഫേസ്ബുക്ക്‌ എനിക്ക്‌ വേണ്ടി ശബ്ദിച്ചപ്പോൾ ഞാൻ തുറന്നു നോക്കി,അതെ ഫ്രണ്ട്‌ റിക്വസ്റ്റ്‌ ആണു,എന്നെ സ്വീകരിക്കൂ എന്ന് കേണുകൊണ്ട്‌ വെളുത്ത്‌ സുന്ദരിയായ ഒരു യുവതിയുടെ മുഖചിത്രം.. 'കാതറിൻ മഖണ്ഡത്തൊ' അതായിരുന്നു ആ സുന്ദരിയുടെ പേരു,ഫോട്ടൊ കൊള്ളാം,പൊതുവെ പെൺ വിരോധി ആണെങ്കിലും ആ മാനസിക അവസ്ഥയിൽ അവളുടെ റിക്വസ്റ്റ്‌ മനസ്സിനു വല്ലാത്തൊരു ഉന്മേഷം തോന്നി.എന്റെ ലിസ്റ്റിൽ പെണ്ണായിട്ട്‌ ആകെയുള്ളത്‌ ഡിഗ്രിക്ക്‌ ഇംഗ്ലിഷ്‌ പഠിപ്പിച്ച അന്നമ്മ റ്റീച്ചർ മാത്രെ ഉള്ളു ,അത്‌ കൊണ്ട്‌ തന്നെ ഈ സുന്ദരിയുടെ പ്രൊഫൈൽ മൊത്തത്തിൽ അരിച്ചുപെറുക്കാൻ തുടങ്ങി!!
കാൽപ്പന്തുകളിയുടെ നാടായ ബ്രസ്സീലിൽ നിന്നാണു കക്ഷി,കണ്ടിട്ട്‌ കല്യാണം കഴിഞ്ഞിട്ടില്ലാന്നു തോന്നുന്നു,ഫേസ്ബുക്കിൽ അത്ര പരിചയമില്ലാത്തതിനാൽ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയാരാൻ തുടങ്ങി.
എം ഡിയും ചെയ്തു തീർക്കേണ്ട ജോലിയൊന്നുമില്ല മനസ്സിൽ,ക്യാറ്റി(ക്ഷമിക്കണം,അവളെ അങ്ങനെ വിളിക്കാനാണു എനിക്കിഷ്ടം).അവൾക്കെങ്ങനെ എന്റെ പ്രൊഫൈൽ കിട്ടി?അവൾ എന്തിനു എന്നെ തിരഞ്ഞു വന്നു?അവൾ എന്നിൽ നിന്നെന്തായിരിക്കും പ്രതീക്ഷിക്കുന്നത്‌?അങ്ങനെ ഒരു പാട്‌ ചോദ്യങ്ങൾ മനസ്സിനെ അലട്ടാൻ തുടങ്ങി,കാരണം ആദ്യമായിട്ടാണു ഒരു പെണ്ണു റിക്വസ്റ്റ്‌ അയക്കുന്നത്‌,അതും ഒരു സുന്ദരി,മനസ്സിനു വല്ലാത്തിരു കുളിർമ്മ...
എം ഡി കൊടുത്തു വിട്ട ഫയലുകൾ മുന്നിൽ കിടക്കുന്നു,തിരിഞ്ഞു നോക്കിയില്ല ഞാൻ,പിന്നല്ല,ഒരു ദിവസമെങ്കിലും എനിക്കും സന്തോഷിക്കണം,അവിടെ കിടക്കട്ടെ.ഞാൻ വീണ്ടും ക്യാറ്റിയിലേക്ക്‌ തിരിഞ്ഞു,അവളുടെ അപേക്ഷ സ്വീകരിക്കണൊ വേണ്ടയൊ എന്ന വളരെ ചെറിയ കൺഫ്യൂഷൻ മാത്രമായിരുന്നു മൻസ്സിൽ!അധികം ചിന്തിക്കാൻ നിന്നില്ല,പണ്ട്‌ ഹൈസ്കൂളിൽ തേച്ചിട്ട്‌ പോയ കളിക്കൂട്ടുകാരിയുടെ മുഖം മനസ്സിലോർത്ത്‌ ക്യാറ്റിയുടെ അപേക്ഷ ഞാൻ സ്വീകരിച്ചു.
എല്ലാരും തിരക്കിട്ട ജോലിയിലാണു,എന്റെ കണ്ണുകൾ മൊബൈലിൽ തന്നെ,അവൾ എന്നെ ശ്രദ്ധിക്കുന്നുണ്ടൊ,ഞാൻ അവൾടെ ഫ്രണ്ടായത്‌ അവൾ അറിഞ്ഞൊ,അങ്ങനെ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി അവൾടെ ഫോട്ടൊയും നോക്കി ഒരേ ഇരിപ്പാണു ഞാൻ!ചിന്തകൾ കാട്‌ കയറുന്നു!!തുറിച്ച കണ്ണുകളുമായി എം ഡി എന്റെ ക്യാബിന്റെ മുന്നിൽ കൂടെ നടന്നു പോയത്‌ ഒരു മിന്നായം പോലെ ഞാൻ കണ്ടു,ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല.
സെക്യൂരിറ്റി അച്ചായൻ വന്നു ചുമച്ചപ്പോഴാണു സമയം നോക്കിയത്‌,ആറു മണിയായിരിക്കുന്നു,എല്ലാരും പോയി,ഓഫിസ്‌ വൃത്തിയാക്കാൻ വന്ന കബീറിക്കയും ഞാനും മാത്രമെ അവിടെയുള്ളൂ,ഒരു വിധത്തിൽ എഴുന്നേറ്റ്‌ ബാഗും ചാർജെറും എടുത്ത്‌ ഞാൻ ഓഫിസ്‌ വിട്ടിറങ്ങി,എങ്ങനെലും റൂമിലെത്തണം,ക്യാറ്റിക്ക്‌ മെസ്സേജ്‌ അയക്കണം,പറ്റിയാൽ ഒന്നു വിളിക്കണം,സാധാരണ പത്ത്‌ മിനിറ്റ്‌ നടന്നാൽ റൂമിലെത്തുന്ന ഞാൻ അന്ന് ഓട്ടൊയിൽ കയറി.റൂമിലെത്തി ബാഗ് വലിച്ചെറിഞ്ഞ്‌ ഞാൻ കട്ടിലിൽ കയറി കിടന്നു,മൊബൈൽ ചാർജ്ജിൽ കുത്തിയിട്ടു,ഇനി ചാർജ്ജില്ലാഞ്ഞിട്ട്‌ ക്യാറ്റിയെ നഷ്ടപ്പ്പെടെണ്ടല്ലൊ?ഫേസ്ബുക്ക്‌ തുറന്നു,ഇല്ല ഒരനക്കവും ഇല്ല,നാട്ടിലെ ഏതൊക്കെയൊ കൂട്ടുകാർ ആരുടെയൊ പിറന്നാൾ ആഘോഷിക്കുന്നതിന്റെ കുറച്ച്‌ ചിത്രങ്ങൾ മാത്രം,ദേഷ്യവും സങ്ക്ടവും ഒരുമിച്ച്‌ വന്നു,അവൾ എന്തെ എനിക്ക്ക്‌ മെസ്സേജ്‌ അയക്കാത്തത്‌??
സാധാരണ ജോലി കഴിഞ്ഞു വന്നാൽ ഒരു ഉറക്കം പതിവുളളതാണു,ഇന്നെന്തൊ ഉറക്കവും വരുന്നില്ല,കണ്ണു മൊബൈലിൽ തന്നെ,അവൾ വരും,മെസ്സേജ്‌ അയക്ജും ഞാനുറപ്പിച്ചു,ഞാൻ അവളെ തേടിപ്പോയതല്ലല്ലൊ?ഒരു മണിക്കൂർ കഴിഞ്ഞു.വന്നു,മൊബൈലിൽ മെസ്സേജ്‌ വന്നു,അത്‌ അവൾ ആയിരിക്കണെ എന്ന പ്രാർത്ഥനയോടെ ഞാൻ ഫേസ്ബുക്‌ തുറന്നു,അതെ അതവളായിരുന്നു,"ഹായ്‌",എന്ന സന്ദേശവും ചിരിക്കുന്ന ഒരു സ്മയിലിയും,സുനാമിത്തിര അടിച്ച മരുഭൂമി പോലെയായി എന്റെ മനസ്സ്‌,എന്തു ചെയ്യണം എന്നറീല്ല,ആകെ ഒരു കോരിത്തരിപ്പ്‌!!!മൂന്ന് നാലു തവണ ആ മെസ്സേജ്‌ ആവർത്തിച്ചു വായിച്ചു,തിരിച്ചും അതെ പോലെ മറുപടി കൊടുത്തു..ക്രോണിക്‌ ബാച്ചിലറായി ജീവിതം അവസാനിക്കണം എന്നു തീരുമാനിച്ച എന്റെ മനസ്സിൽ പ്രണയത്തിന്റെ നാംൻപുകൾ മൊട്ടിടാൻ തുടങ്ങി.അതെ അവൾക്ക്‌ എന്നോട്‌ പ്രണയമായിരിക്കും,വല്യ സൗന്ദര്യമില്ലെലും എന്റെ പ്രൊഫൈലും മറ്റും കണ്ട്‌ അവൾ വീണതായിരിക്കും,ഞാനുറപ്പിച്ചു.
തൊണ്ട വരളുന്നത്‌ പോലെ,ശരീരമാസകലം ഒരു കുളിരു പോലെ.ഞാനൊർത്തു,സ്കൂളിൽ പഠിക്കുന്ന കാലത്ത്‌ കൂട്ടുകാർ പ്രണയത്തെപ്പറ്റി പറഞ്ഞത്‌ എത്ര സത്യം?ഫേസ്ബുക്കുണ്ടാക്കിയ ആ മനുഷ്യനോട്‌ ഞാൻ ആദ്യമായി നന്ദി പറഞ്ഞു,
കാരണം എന്റെ ജീവിതം ഇവിടെ മാറുകയാണു,ജീവിതത്തിനു ഒരു അർത്ഥമുണ്ടായിരിക്കുകയാണു!!
കുറച്ച്‌ നേരം കഴിഞ്ഞു,ക്യാറ്റി വല്യ ഒരു മെസ്സേജ്‌ അയച്ചു,അത്‌ വായിച്ച്‌ തീർക്കാൻ ഞാൻ കുറച്ച്‌ പാട്‌ പെട്ടു,അതിൽ എഴുതിയിരിക്കുന്നതിന്റെ ഒരു ചുരുക്കിയ വിവരണം ഞാൻ താഴെ കൊടുക്കുന്നു..
"എന്റെ പ്രിയ കൂട്ടുകാരനു,തികച്ചും അനാഥയായ എന്നെ താങ്കൾ ദത്ത്‌ എടുക്കുമോ??ദത്തെടുത്താൽ മരിച്ചു പോയ കോടീശ്വരനായ അച്ചന്റെ സ്വത്തുക്കളിൽ നിന്നും ഒരു വിഹിതം താങ്കൾക്കും ലഭിക്കുന്നതായിരിക്കും,ആയതിനാൽ എന്നെ ദത്തെടുക്കുന്നതിന്റെ ഭാഗമായി മൂന്ന് ലക്ഷം രൂപ താഴെ പറയുന്ന അക്കൗണ്ടിലെക്ക്‌ അയക്കാൻ താൽപര്യപ്പെടുന്നു.ക്യാഷ്‌ അയച്ചു കഴിഞ്ഞാൽ എന്റെ കുറെ ഫോട്ടൊകൾ താങ്കൾക്ക്‌ ഞാൻ മെയിൽ അയച്ചു തരുന്നതായിരിക്കും...സ്നേഹത്തോടെ..."
എന്റെ കണ്ണിൽ ഇരുട്ട്‌ കയറാൻ തുടങ്ങി,ഇതാണൊ പ്രണയം,മാങ്ങാത്തൊലി,അവൾ എന്നെ ചതിക്കുകയായിരുന്നു,കൊടുമുടി വരെ കയറിയ ഞാൻ ഒറ്റച്ചവിട്ടിനു താഴെ എത്തി,കരച്ചിൽ അടക്കാൻ കഴിയുന്നില്ല.ഞാൻ എന്റെ ആത്മാർത്ഥ പ്രണയം അവളെ എഴുതി അറിയിച്ചു,അതിനൊന്നും ഒരു മറുപടിയുമില്ല,തകർന്നു പോയി ഞാൻ!!ഞാൻ കാത്തിരുന്നു,ഉറങ്ങാതെ...
രാവിലെ ആയപ്പോൾ എനിക്കെല്ലാം മനസ്സിലായി,അതെ,ഇന്നലെ സംഭവിച്ചതെല്ലാം വെറും സ്വപ്നം മാത്രമായിരുന്നു!!!
ശുഭം

Shafas

വെർപ്പിക്കൽ തുടരുന്നു....

വെർപ്പിക്കൽ തുടരുന്നു....
ഇതും കുട്ടിക്കാലത്ത്‌ നടന്ന ഒരു സംഭവമാണു......
ഞങ്ങൾ മൂന്ന് ആണ്മക്കളാണു വീട്ടിൽ,എല്ലാവർക്കും രണ്ട്‌ വയസ്സിന്റെ വെത്യാസം മാത്രം,അഭിമാനത്തോടെ പറയട്ടെ ഞാനാണു മൂത്ത സന്തതി!
ഞങ്ങൾ സ്‌കൂളിൽ പഠിക്കുന്ന കാലം,ബാപ്പാക്ക്‌ ഒരു കാര്യത്തിൽ മാത്രം വല്യ നിർബന്ധമുണ്ടായിരുന്നു,എന്തെന്നു വെച്ചാൽ രാത്രി ഏഴ്‌ മണി മുതൽ പത്ത്‌ മണി വരെ ഞങ്ങൾ മൂന്ന് മക്കളും വീടിന്റെ മുൻഭാഗത്തിരുന്ന് പഠിച്ചു കൊണ്ടേയിരിക്കണം,അഥവാ പഠിച്ചു കഴിഞ്ഞ്‌ വെറുതെ ഇരിക്കുവാണെൽ അടുക്കളയിൽ ഉമ്മയെ സഹായിക്കണം,അതിൽ യാതൊരു വിധ വിട്ടുവീഴ്ച്ചക്കും ബാപ്പ തയ്യാറായിരുന്നില്ല.ക്ലാസ്സിൽ ടീച്ചർ പഠിപ്പിക്കുന്ന സമയത്ത്‌‌ തന്നെ എല്ലാം പഠിച്ചു തീർക്കുന്നത്‌ കൊണ്ട്‌ ഞാൻ മിക്കവാറും അടുക്കളയിലായിരിക്കും.എന്റെ ഏറ്റവും ഇളയവനായ ഷിജാസ്‌(അവനാണു ഈ സംഭവത്തിലെ നായകൻ),മിക്കവാറും പുസ്തകം തുറന്നു വെച്ച്‌ അതിൽ തന്നെ കിടന്നുറങ്ങും(എനിക്ക്‌ പിന്നെ ആ പ്രശ്നമില്ല)!!
രാത്രി ബാപ്പ ടൗണിൽ നിന്നും വരുന്നത്‌ ഞങ്ങളുടെ വീടിന്റെ ഒരു അമ്പത്‌ മീറ്റർ അകലെ നിന്നും ഞങ്ങൾക്ക്‌ മനസ്സിലാകും,കാരണം ഏതെങ്കിലും നാട്ടുകാരോട്‌ വർത്താനം പറഞ്ഞോണ്ടായിരിക്കും ബാപ്പന്റെ വരവ്‌,ആ ശബ്ദം ഞങ്ങൾക്ക്‌ പെട്ടെന്ന് മനസ്സിലാകും.അത്‌ കൊണ്ട്‌ ബാപ്പാന്റെ ശബ്ദം കേൾക്കുമ്പോൾ തന്നെ എല്ലാരും സടകുടഞ്ഞെഴുന്നേറ്റ് പഠിത്തത്തിലൊ അല്ലെങ്കിൽ പണികളിലൊ ഏർപ്പെടും,ഇതാണു പതിവ്‌.
അങ്ങനെയിരിക്കെ ഒരു രാത്രി,സമയം ഏകദേശം എട്ട്‌ എട്ടര മണിയായിക്കാണും,ഞാൻ പതിവു പോലെ അടുക്കളയിൽ ഉമ്മയെ സഹായിക്കുന്നു,അനിയന്മാരായ ഷിഹാസും ഷിജാസും പതിവു പോലെ പുസ്തകം തുറന്ന് വെച്ച്‌ ഉറക്കവും കളികളുമായി അർമ്മാദിക്കുന്നു. അന്ന് ബാപ്പ വന്നപ്പൊ ഒച്ചയൊന്നുമില്ല,ബാപ്പ വീടിന്റെ മുറ്റത്തെത്തിയപ്പോഴാണു കളിച്ചോണ്ടിരിക്കുന്ന ഷിഹാസിനു കാര്യം മനസ്സിലായത്‌,തിരക്കിനിടക്ക്‌ അവൻ ഷിജാസിനെ വിളിക്കാനും മറന്നു!!ബാപ്പ വാതിൽ തുറന്ന് അകത്തു കടന്നപ്പോഴാണു ഉറങ്ങുകയായിരുന്ന നമ്മുടെ കഥാനായകൻ ഷിജാസ്‌ ബാപ്പ വന്ന കാര്യം മനസ്സിലായത്‌.പകുതി ഉറക്കത്തിൽ അവൻ വെപ്പ്രാളപ്പെട്ട്‌ അടുക്കളയിലേക്ക്‌ ഓടി,അടുക്കളയിൽ ഉമ്മയെ സഹായിക്കുകയാണു ലക്ഷ്യം..
ഓടിച്ചെന്ന് സ്റ്റോർ റൂമിലൂണ്ടായിരുന്ന ഒരു തേങ്ങാമുറി എടുത്ത്‌ വാഷ്‌ ബേസിലെ പൈപ്പ്‌ തുറന്ന് തേങ്ങാമുറി വിം പൗഡർ ഇട്ട്‌ "കഴുകലോട്‌ കഴുകൽ!!!"അടുക്കളയിലുണ്ടായിരുന്ന ഞാനും ബാപ്പയും ഉമ്മയും അന്തം വിട്ടു,ഇവനിതെന്ത്‌ പറ്റി?ഉമ്മ അവനെ തട്ടി വിളിച്ചു,അവൻ അതൊന്നും കേൽക്കുന്നില്ല,മനസ്സ്‌ മുഴുവൻ തേങ്ങ ഉരച്ചു കഴുകുന്നതിലാണു.ഒരു പത്ത്‌ മിനിറ്റ്‌ അതേ നിൽപ്പ്‌,ഞങ്ങൾക്ക്‌ കാര്യം മനസ്സിലായി,ബാപ്പ വരുംബോൾ അടുക്കളയിൽ അവൻ ഉമ്മയെ സഹായിക്കുകായാണെന്ന് വരുത്തിത്തീർക്കാനായിരുന്നു അവന്റ്ര ശ്രമം,പക്ഷെ ഉറക്കം വിട്ടു മാറാത്ത അവന്റെ കയ്യിൽ കിട്ടിയത്‌ തേങ്ങ ആയിപ്പോയെന്ന് മാത്രം....
ഞങ്ങൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി,അത്‌ കണ്ടപ്പോഴാണു അവനു ബോധം വന്നത്‌,പിന്നെ ഒരു ഓട്ടമായിരുന്നു അവൻ ബാത്‌ റൂമിലെക്ക്‌..ഞങ്ങളുടെ മുഖത്ത്‌ നോക്കാൻ ചമ്മലായിട്ടായിരിക്കണം ഞങ്ങൾ ഉറങ്ങിയതിനു ശേഷമാണു അവൻ പുറത്തിറങ്ങിയത്‌.....!!
അനിയാ എന്നോട്‌ ക്ഷമിക്കൂ....

Shafas

പെണ്ണു കാണൽ ചടങ്ങ്‌


പെണ്ണു കാണൽ ചടങ്ങ്‌
********************
ഈയടുത്തു വായിച്ച ഒരു പെണ്ണുകാണൽ കഥയാണു ഈ എഴുത്തിന്റെ പ്രചോദനം.
ഞാൻ നാട്ടിൽ ജോലി ചെയ്യുന്ന സമയം,അതായത്‌ ഏകദേശം ഏഴു വർഷങ്ങൾക്ക്‌ മുന്നെ,നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു കിടന്നുറങ്ങുകയായിരുന്ന എന്റെ മൊബൈലിലെക്‌ പരിചയമില്ലാത്ത ഒരു നംബറിൽ നിന്നും ഒരു വിളി വന്നു. ഉറക്കച്ചടവോടെ ഫോണെടുത്തു,നാട്ടിലെ ഒരു പ്രമാണിയാണു കക്ഷി,പുള്ളിയുടെ പരിചയത്തിൽ ഒരു പെണ്ണു ഉണ്ട്‌ പോലും, നല്ല കുട്ടി,സുന്ദരി,നല്ല സ്വഭാവം,നല്ല തറവാട്‌...
ഉറക്കത്തിലായോണ്ട്‌ ഞാൻ എല്ലാത്തിനും യെസ്‌'മൂളി.വൈകുന്നേരമായപ്പോൾ വീട്ടിൽ നിന്നും വിളി വന്നു,രണ്ട്‌ ദിവസത്തിനുള്ളിൽ വീട്ടിലെത്തണം,പെണ്ണു കാണാൻ പോകണം!!
പിറ്റേന്ന് തന്നെ കൂട്ടുകാരന്റെ പുത്തൻ ഷർട്ടും അടിച്ചുമാറ്റി ഞാൻ വീട്ടിലേക്‌ തിരിച്ചു,വീട്ടിലെത്തിയപ്പൊതന്നെ പെണ്ണിനെ പറ്റി ഉമ്മ വാ തോരാതെ സംസാരിക്കാൻ തുടങ്ങി,അവർ ഫോട്ടൊ കണ്ടു പോലും.ഞാൻ അതൊന്നും മൈന്റ്‌ ചെയ്യാത്ത രീതിയിൽ ഇരുന്നു(ഉള്ളിൽ ആ ഫോട്ടൊ കാണാനുള്ള അത്യാഗ്രഹം മാത്രം).രാത്രിയായപ്പോൾ ബാപ്പ വന്നു,ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ബാപ്പയും ഉമ്മയും പിറ്റേന്ന് പെണ്ണു കാണാൻ പോകുന്നതിനെ പറ്റി സംസാരിച്ചു,ഞാൻ വല്യ താൽപര്യമില്ലാത്ത മട്ടിൽ തലയാട്ടി.
ഉറങ്ങാൻ വേണ്ടി കിടന്നപ്പോൾ ഉമ്മ അടുത്തു വന്നു,കയ്യിൽ ഒരു ഫോട്ടൊയുമായി,അതെ,അതവളുടെ ഫോട്ടൊ ആയിരുന്നു!!കണ്ടു,കൺകുളിർക്കെ കണ്ടു,ഒറ്റ നോട്ടത്തിൽ എനിക്കിഷ്ടായി,ഞാനുറപ്പിച്ചു,ഇത്‌ തന്നെ എന്റെ പെണ്ണു.ഉമ്മ കാണാതെ ഫോട്ടൊ ഞാൻ മൊബൈലിൽ പകർത്തി(തെറ്റാണു ചെയ്തത്‌,ക്ഷമിക്കണം).ഉമ്മ പോയി ,ഞാൻ മൊബൈലിൽ അവളെയും നോക്കി ഇരിക്കാൻ തുടങ്ങി,അവസാനം വാൾപേപ്പർ ആക്കിയിട്ടെ ഞാൻ ഉറങ്ങിയുള്ളു...
വൈകുന്നേരം നാലു മണിക്കാണു ഞങ്ങളോട്‌ അവിടെ എത്താൻ പറഞ്ഞത്‌,കൂട്ടുകാരനും ബന്ധുവുമായ'കുഞ്ഞു'വിനെയും കാത്തു മേക്കപ്പ്‌ ഒക്കെ ചെയ്ത്‌ അടിച്ചു മാറ്റിയ ഷർട്ടുമിട്ട്‌ സുന്ദരക്കുട്ടപ്പനായി മൂന്ന് മണിക്ക്‌ തന്നെ ഞാൻ റെഡിയായി നിൽക്കാൻ തുടങ്ങി.അവൻ വന്നു,എന്നേക്കാളും സുന്ദരനായി,എനിക്ക്‌ ദേഷ്യം വന്നു!!പക്ഷെ ഞാൻ പുറമെ കാണിച്ചില്ല,മോശമല്ലെ?കാരണം അവന്റെ കാറിലാണു എനിക്ക്‌ പെണ്ണു കാണാൻ പോകേണ്ടത്‌,അത്‌ കൊണ്ട്‌ ഞാൻ ഒന്നും പറഞ്ഞില്ല.
വീട്ടിൽ നിന്നും പതിനഞ്ച്‌ കിലോമീറ്റർ പോകണം അവളുടെ വീട്ടിലെത്താൻ,നേരത്തെ പറഞ്ഞ നാട്ടിലെ പ്രമാണി വഴിയിൽ ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു.അങ്ങനെ പുള്ളിയെയും കൂട്ടി ആ ഹൃദ്യമായ നിമിഷത്തിലേക്ക്‌ കുഞ്ഞുവിന്റെ കാർ പാഞ്ഞു.മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടുന്നതോടൊപ്പം,എന്തൊ ഒരു ടെൻഷൻ,എന്താന്നറിയില്ല!!!
അവൾടെ വീട്ടിൽ മൂന്ന് നാലു ആളുകൾ ചേർന്ന് ഞങ്ങളെ സ്വ്വീകരിച്ചു,അവർക്ക്‌ ചെറുക്കൻ ആരാണെന്ന ചെറിയ ഒരു കൺഫ്യൂഷൻ ഉണ്ടൊയെന്ന് തോന്നി,പക്ഷെ നമ്മുടെ പുള്ളിക്കാരൻ വളരെ സമയോചിതമായി ഇടപെട്ട്‌ അത്‌ തീർത്തു കൊടുത്തു.എല്ലാവരെം പരിചയപ്പെട്ടു,ജ്യൂസ്‌ വന്നു,കുടിച്ചു,എല്ലാവരും എന്തൊക്കെയൊ സംസാരിക്കുന്നു,ഞാൻ ഒന്നും കേൾക്കുന്നില്ല, എന്റെ മനസ്സ്‌ ആ വീടിന്റെ അകത്തളങ്ങളിവിടെയൊ ആണു!കാത്തിരിപ്പുകൾക്ക്‌ വിരാമമിട്ട്‌ 'ഭാവി 'അമ്മായി അപ്പൻ പെണ്ണിനെ കാണാൻ അകത്തേക്ക്‌ വിളിച്ചു,ലഡ്ഡു പൊട്ടിപ്പൊട്ടിത്തെറിക്കാൻ തുടങ്ങി.വെളുത്ത പെയിന്റ്‌ അടിച്ച ആ മുറിയിൽ വെളുത്ത ചുരിദാറിട്ട്‌ വെളുത്ത നിറമുള്ള ആ പൂച്ചക്കണ്ണി വളരെ നാണത്തോടെ തലയും കുനിച്ചു നിൽപ്പുണ്ടായിരുന്നു.എന്തൊക്കെയൊ സംസാരിച്ചു,ഒന്നും ഓർമ്മയില്ല,തികച്ചും വെള്ള മയം!പക്ഷെ ഒന്നു ഞാനുറപ്പിച്ചു എന്റെ പെണ്ണു ഇത്‌ തന്നെ,അതു മാത്രം എനിക്ക്‌ ഓർമ്മയുണ്ട്‌.
യാത്ര പറഞ്ഞ്‌ കാറിൽ കയറുംബൊൾ എന്നെ ആ വീട്ടിലേക്കെത്തിച്ച ആ മഹാനായ വ്യക്തി എന്നോട്‌ ചോദിച്ചു,എങ്ങനാ,നിനക്കിഷ്ടപ്പെട്ടോന്ന്?എന്റെ ഉത്തരം കേട്ട്‌ പുള്ളിയും കുഞ്ഞുവും ഒന്നിച്ചു ഞെട്ടി,ഞാൻ പറഞ്ഞു അവൾ ഇപ്പൊ എന്റെ കൂടെ വരുമെങ്കിൽ ഇപ്പൊതന്നെ ഞാൻ കൂട്ടിപ്പൊയേനെ എന്നു!!!അത്രക്ക്‌ ഇഷ്ടായി എനിക്ക്‌.അപ്പൊ പുള്ളി ഒരു നഗ്ന സത്യം പറഞ്ഞു,നിനക്ക്‌ മാത്രം ഇഷ്ടപ്പെട്ടാൽ പോരല്ലൊ,അവർക്കും ഇഷ്ടപ്പെടെണ്ടെ??തകർന്നുപോയി ഞാൻ,ഞാൻ അതിനെപറ്റി ചിന്തിച്ചില്ല!!ഇനി എങ്ങാനും അവർക്ക്‌ ഇഷറ്റപ്പെടാതിരിക്കുമൊ??ആലോചിച്ചിട്ട്‌‌ ഒരു എത്തും പിടിയും കിട്ടുന്നില്ല,പൊട്ടിയ ലഡ്ഡുവെല്ലാം താഴെ വീണു ചിതറാൻ തുടങ്ങി.
രാത്രിയായപ്പോൾ വീട്ടിലെത്തി,ഉമ്മയും ബാപ്പയും വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുവാരുന്നു,വല്യ താൽപര്യമില്ലാത്ത മട്ടിൽ ഞാൻ പറഞ്ഞു പെണ്ണു കുഴപ്പമില്ല,ഒ കെ ആണെന്ന്.അവർക്ക്‌ സന്തോഷായി,ഇനി പെണ്ണിന്റെ മറുപടി കിട്ടണം,വീണ്ടും കാത്തിരിപ്പിന്റെ നിമിഷങ്ങൾ,ബാപ്പയുടെ ഫോണിൽ ഓരൊ വിളി വരുംബൊഴും ഞാൻ ഒന്നുമറിയാത്ത പോലെ ശ്രദ്ധിക്കാൻ തുടങ്ങി,അവർ വിളിച്ചില്ല!!മൊത്തം കിളി പോയി.....
ഭക്ഷണം കഴിക്കാനിരുന്നപ്പൊ എല്ലാർക്കും ഒരു മ്ലാനത,ഉമ്മാക്കും എനിക്കും ഭക്ഷണം തൊണ്ടയിൽ നിന്നും ഇറങ്ങുന്നില്ല,ബാപ്പ ഒന്നുമറിയാത്ത പോലെ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് വരുത്തുന്നുണ്ടായിരുന്നു.അവർക്ക്‌ വേണ്ടെങ്കിൽ പോട്ടെ,നമുക്ക്‌ വേറെ നോക്കാം,പിന്നല്ലാ... എന്നൊക്കെ ഉമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു,എന്നെ ആശ്വസിപ്പിക്കാൻ!!പാവം എന്റെ ഉമ്മ.അങ്ങനെ കിടക്കാൻ നേരം ബാപ്പാന്റെ ഫോണിൽ ഒരു കോൾ,ഞാൻ ഓടിച്ചെന്നു നോക്കി,അടുത്ത ഒരു ബന്ധുവാണു,ഹൃദയം പഠ പട മിടിക്കാൻ തുടങ്ങി,പത്താം ക്ലാസ്സിലെ റിസൽറ്റ്‌ നോക്കാൻ പോയപ്പൊ ഇത്ര ടെൻഷൻ ഉണ്ടായിട്ടില്ല.ഉമ്മ ഓടിച്ചെന്ന് ഫോൺ എടുത്തു,ഉമ്മാന്റെ മുഖം വാടുന്നത്‌ നിറകണ്ണുകളോടെ ഞാൻ കണ്ടു,പണി പാളി,ഞാനുറപ്പിച്ചു!!ഫോൺ ഉമ്മ ബാപ്പാക്ക്‌ കൊടുത്തു,എനിക്ക്‌ പിടിച്ചു നിൽക്കാൻ പറ്റിയില്ല,ഞാൻ എന്റെ റൂമിൽ കയറി വാതിലടച്ചു,തൊപ്പി പോയ പോലീസുകാരനെപ്പോലെ!!!
ഒരു പത്ത്‌ മിനിട്ട്‌ കഴിഞ്ഞു കാണും,വാതിലിൽ ആരോ മുട്ടുന്നു,ഞാൻ ഒന്നുമറിയാത്ത പോലെ വാതിൽ തുറന്നു,ബാപ്പയാണു,അവർക്ക്‌ എന്നെ ഇഷ്ടപ്പെട്ടില്ല,നമുക്ക്‌ വേറെ നോക്കാം,സാരല്ല...പിന്നെ പറഞ്ഞതൊന്നും എനിക്കോർമ്മയില്ല.ഞാൻ മെല്ലെ തലയാട്ടിക്കൊണ്ടിരുന്നു.പെട്ടെന്ന് അവരുടെ മുഖഭാവങ്ങൾ മാറുന്നത്‌ ഞാൻ കണ്ടു,പൊട്ടിച്ചിരിയോടെ അവർ പറഞ്ഞു അവർക്ക്‌ നിന്നെ ഇഷ്ടപ്പെട്ടെന്നും നാളെ ഉമ്മാനോടും ബാക്കി ബന്ധുക്കളോടും അവൾടെ വീട്ടിൽ ചെല്ലാനും.....എസ്‌ എസ്‌ എൽ സിക്ക്‌ ഫസ്‌റ്റ്‌ ക്ലാസ്സ്‌ പോലും കിട്ടാത്ത എനിക്ക്‌ ഒന്നാം റാങ്ക്‌ കിട്ടിയ അവസ്ഥ!!!വിളിച്ച ബന്ധു അവരെ ആദ്യം പറ്റിച്ചതാണത്രെ,പെണ്ണിന്റെ ഒരു ബന്ധു മരണപ്പെട്ടത്‌ കൊണ്ടാണു അവർക്ക്‌ ഞങ്ങളെ മറുപടി അറിയിക്കാൻ കഴിയാഞ്ഞത്‌ എന്ന സത്യം കൂടി കേട്ടപ്പോൾ എനിക്ക്‌ സമാധാനമായി.ഉമ്മാക്കും ഉപ്പാക്കും സന്തോഷം കൊണ്ട്‌ ഇരിക്കാൻ പറ്റുന്നില്ല.എന്റെ കാര്യം പിന്നെ പറയേണ്ടല്ലൊ??അങ്ങനെ സംഭവബഹുലമായ ആ ദിവസത്തെ കുളിരുള്ള ഓർമ്മകളും അയവിറക്കി മൊബൈലിലെ വാൾപേപ്പറും നോക്കി ഞാനുറങ്ങി......
ഇപ്പൊ ഏഴു വർഷത്തോളമായി എന്റെ ഇമ്മാതിരി ചളിയും കേട്ട്‌ ഒരു പരിഭവവും പറയാതെ രണ്ട്‌ മക്കളെയും നോക്കി "അവൾ "എന്റെ കൂടെ ജീവിക്കുന്നു.......
ശുഭം

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo