Slider

ആ ദിവസം.- ഭാഗം - 6

Image may contain: 1 person, smiling, hat

Please check here for all previous parts :
https://www.nallezhuth.com/search/label/SaminiGirish

കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് ജയശ്രീ അടുക്കളയിൽ നിന്നും ധൃതിയിൽ ഉമ്മറത്തേക്ക് വന്നു.
"ആരാ...?"
അപരിചിതനായ ആളെ കണ്ട് അവൾ സംശയത്തോടെ ചോദിച്ചു. അയാൾ അവളെ സൂക്ഷിച്ചു നോക്കി. പിന്നെ മെല്ലെ പുഞ്ചിരിച്ചു.
"രാജൻ ഇല്ലേ..?"
"ഇവിടില്ലല്ലോ പുറത്ത് പോയിരിക്കുകയാ..."
"ഞാൻ കാത്തിരിക്കാം. കണ്ടിട്ടേ പോകുന്നുള്ളൂ."
പുഞ്ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു. ശേഷം അയാൾ ആ പടിക്കെട്ടിൽ തന്നെ ഇരുന്നു. ജയശ്രീക്ക് ആകെ അസ്വസ്ഥത തോന്നി. അല്പം മുഷിഞ്ഞു ചുളുങ്ങിയ വസ്ത്രത്തോടെയുള്ള അയാളെ അവൾക്ക് ഇഷ്ടപ്പെട്ടില്ല. അല്പം ഭയവും തോന്നാതെ ഇരുന്നില്ല. ദേഷ്യത്തോടെ പ്രതികരിക്കാൻ തുടങ്ങിയ അവൾ പെട്ടെന്നാണ് അയാളുടെ കൈയിലെ കവർ ശ്രദ്ധിച്ചത്. അതിൽ വല്ല മാരക ആയുധങ്ങളും കാണുമോ എന്ന ഭയം തോന്നിയതുകൊണ്ട് അവൾ സൗമ്യമായി തന്നെ ചോദിച്ചു.
"ആരാന്ന് മനസ്സിലായില്ല."
"എന്നെ അറിയില്ല."
മുഖത്തേക്ക് നോക്കാതെ അകലെ എവിടെയോ ദൃഷ്ടിപായിച്ചുകൊണ്ട് അയാൾ മറുപടി പറഞ്ഞു. അവൾക്ക് ഭയം അധികരിച്ചു.
"രാജൻ വരാൻ താമസിക്കുമോ..?"
"അറിയില്ല. ചിലപ്പോൾ..."
"ഹ്മ്..."
അയാൾ മറ്റൊന്നും ചോദിച്ചില്ല. എന്ത് ചെയ്യണമെന്നറിയാതെ അവൾ ആശങ്കയിലായി. അകത്തുപോയി രാജേട്ടനെ ഫോൺ ചെയ്യാൻ അവൾ നിശ്ചയിച്ചു. പക്ഷെ അപ്പോഴേക്കും അദ്ദേഹത്തിന്റെ സ്കൂട്ടർ പടികടന്നു വന്നു.
രാജശേഖരനെ കണ്ട മാത്രയിൽ അയാൾ എഴുന്നേറ്റ് നിന്നു. ഒരു വിജയിയെ പോലെ അയാളുടെ മുഖം പ്രകാശിച്ചു. വണ്ടി ഒതുക്കിയിട്ട് രാജൻ മെല്ലെ ഉമ്മറത്തേക്ക് വന്നു. സംശയത്തോടെ അയാൾ ആഗതനെ നോക്കി.
"രാജാ..."
അടുത്ത നിമിഷം രാജന്റെ മുഖം വല്ലാതെയായി. അല്പം ദേഷ്യത്തോടെ അയാൾ മുഖം തിരിച്ചു. അയാളെ ഗൗനിക്കാതെ അകത്തേക്ക് പോകാൻ തുടങ്ങിയ രാജശേഖരനെ അയാൾ ഒരിക്കൽ കൂടി വിളിച്ചു.
"രാജാ.. ഞാൻ.."
"വേണ്ട... വന്നതെന്തിനാണെന്ന് എനിക്ക് നന്നായറിയാം. തിരിച്ച് പൊയ്ക്കോ. അതാ നല്ലത്."
അയാൾ ദുഃഖത്തോടെ നിന്നു. കാര്യമറിയാതെ ജയശ്രീ രണ്ടുപേരെയും മാറി
മാറി നോക്കി.
"അങ്ങനെ പറയരുത്. ഒരുപാട് അലഞ്ഞിട്ടാണ് ഈ വരവ്. അന്വേഷിച്ച് തളർന്നു തുടങ്ങിയതാണ്. അപ്പോഴാണ് നിന്നെ കണ്ടത്. അമ്പലനടയിൽ വച്ച്. ഓടി വരുമ്പോഴേക്കും നീ പോയിക്കഴിഞ്ഞിരുന്നു. പിന്നെയും കുറെ അന്വേഷിക്കേണ്ടി വന്നു ഈ വീട് കണ്ടുപിടിക്കാൻ."
"എന്തിനാ അന്വേഷിച്ചത്? നിന്നെ ഇനി ഇവിടെ ആർക്കും കാണണ്ട. പൊയ്ക്കോ."
"പോകാം. നിന്നെ ബുദ്ധിമുട്ടിക്കാനല്ല വന്നത്. പക്ഷെ അതിനുമുൻപ് എന്റെ മോളെ..."
"വേണ്ട മോഹനാ... നീ വന്നത് പോലെ പൊയ്ക്കോ. അതാ നല്ലത്. ഒന്നും ഓർക്കാതെ ഓരോന്ന് ചെയ്ത് കൂട്ടിയിട്ട് ഇനി മോളെ അന്വേഷിച്ചിട്ട് കാര്യമില്ല."
"എന്റെ മോളെ ഒന്ന് കാണുകയെങ്കിലും ചെയ്യാതെ ഞാൻ പോകില്ല."
"നിന്റെ മോളെ നീ കാണില്ല. അവൾക്ക് ഇങ്ങനൊരു അച്ഛനുണ്ടെന്ന് ഇന്ന് വരെ അവൾക്കറിയില്ല. ഇനിയത് അറിയുകയും വേണ്ട. അവളുടെയും കൂടി ജീവിതം നശിപ്പിക്കാതെ നീ പോകണം. പോയെ തീരൂ.."
കർക്കശമായി അയാൾ പറഞ്ഞു നിർത്തി. ചങ്കു തകരുന്ന വേദനയോടെ മോഹനൻ കരഞ്ഞു. മറുത്തെന്തെങ്കിലും പറയാൻ അയാൾക്ക് നാവ് പൊന്തിയില്ല. കണ്ണുനീർ കവിളിലെ നനച്ച് താഴോട്ടൊഴുകി.
മുഖം തിരിച്ച് പോകാൻ തുടങ്ങിയ രാജന് അയാളുടെ കണ്ണുനീർ ഒരു വേദനയായി. ജയശ്രീയും ഇതിനോടകം ആളെ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അലിവോടെ അവൾ അയാളെ നോക്കി. അയാൾ അപ്പോഴും വിങ്ങിപ്പൊട്ടി കരയുകയായിരുന്നു. ആ കണ്ണുനീർ മനഃസാക്ഷിയുള്ള ആരെയും നോവിക്കുന്നതായിരുന്നു. രാജൻ മെല്ലെ അയാളുടെ അടുത്തെത്തി. പിന്നെ ആ തോളിൽ കൈവച്ചു. ഒരു കൈത്താങ്ങ് കിട്ടിയതുപോലെ അയാൾ രാജനെ കെട്ടിപ്പിടിച്ചു കരഞ്ഞു. രാജനും അയാളോട് ക്ഷമിച്ചു കഴിഞ്ഞിരുന്നു.
പെയ്തൊഴിയും പോലെ മോഹനൻ ഏറെ നേരം കരഞ്ഞുകൊണ്ടേ ഇരുന്നു. ഒരു കരച്ചിലിൽ തീരുന്നതായിരുന്നില്ല ആ സങ്കടങ്ങൾ. വർഷങ്ങളുടെ നോവുകൾ അയാൾക്കുള്ളിൽ കനലുപോലെ എരിഞ്ഞുകൊണ്ടിരുന്നു.
"മോഹനാ... നീ ഇങ്ങനെ കരഞ്ഞിട്ട് എന്താ... എല്ലാം കഴിഞ്ഞില്ലേ...?"
സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ട് അയാൾ തേങ്ങലോടെ പറഞ്ഞു.
"ഉവ്വ്. എല്ലാം എന്റെ കൈവിട്ടു പോയി. ഇനിയൊന്നും എനിക്ക് തിരിച്ച് പിടിക്കാൻ കഴിയില്ല."
"ഹ്മ്..."
"ഇനിയൊരൊറ്റ ചിന്തയെ ഉള്ളു. എന്റെ മോള്... അവളെ ഒന്ന് കാണണം. അത്ര മാത്രം."
"അത്... അതത്ര എളുപ്പമല്ല മോഹനാ... ഞാൻ നേരത്തെ പറഞ്ഞത് വെറുതെയല്ല. പഴയ സംഭവങ്ങളൊന്നും അവൾക്കറിയില്ല. അമ്മ മരിച്ചു പോയെന്നും അച്ഛൻ ഉപേക്ഷിച്ചു പോയെന്നുമാണ് ഞങ്ങൾ അവളെ വിശ്വസിപ്പിച്ചിരിക്കുന്നത്. എല്ലാവർക്കും അത്രയേ അറിയൂ.."
അയാൾ വേദനയോടെ രാജനെ നോക്കി.
"അതല്ലാതെ മറ്റുവഴികളൊന്നും ഞാൻ കണ്ടില്ലടോ... അച്ഛൻ ജയിലിൽ ആണെന്ന് പറയുന്നതിലും ഭേദം അതാണെന്ന് തോന്നി."
തലകുനിച്ചിരിക്കാനല്ലാതെ അയാൾക്ക് ഒന്നും മിണ്ടാനായില്ല.
"നിന്നെ വേദനിപ്പിക്കാൻ പറഞ്ഞതല്ല. അവളുടെ ജീവിതം കൂടി നശിച്ചുപോകാതിരിക്കാൻ അതെ നിവൃത്തിയുണ്ടായുള്ളു. ഇന്ന് വരെ ആ സത്യങ്ങൾ ആർക്കും അറിയില്ല. ഇനിയത് അറിയിച്ചാൽ ഇപ്പോഴുള്ള സ്വസ്ഥത കൂടി തകരും. മോൾടെ ജീവിതം തന്നെ ചിലപ്പോ ഇല്ലാതാകും. അല്ലാതെ തന്നെ വലിയൊരു ദുരന്തമാ അവളുടെ ജീവിതത്തിൽ ഇപ്പോൾ വന്നിരിക്കുന്നത്. പരീക്ഷങ്ങളുടെ നടുക്കാണ് ഇപ്പോളവൾ. ഇനി നീ കൂടി അതിനിടയിൽ..."
ഉള്ളിൽ നിറഞ്ഞ ഭയത്തോടെ, വല്ലാത്ത ആശങ്കയോടെ അയാൾ രാജനെ നോക്കി.
"എന്താ.. ? എന്താ എന്റെ മോൾക്ക്...?"
ഉള്ളിൽ നിറഞ്ഞ ആധിയോടെയായിരുന്നു ആ ചോദ്യം. പിടക്കുന്ന ഹൃദയത്തോടെ അയാൾ രണ്ടുപേരെയും മാറി മാറി നോക്കി. നിരാശയും സഹതാപവും കലർന്ന നോട്ടമാണ് അയാൾക്ക് മറുപടിയായി കിട്ടിയത്. വല്ലാതെ ഭീതിയോടെ അയാൾ അവരെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.
"എന്റെ മോളെവിടെ രാജാ...?"
"അവൾ അവളുടെ ഭർത്താവിന്റെ വീട്ടിലാ... മാളുവിനെ കോളേജിൽ പഠിപ്പിച്ചിരുന്ന സാർ ആയിരുന്നു അവൻ. പഠിപ്പ് കഴിഞ്ഞപ്പോൾ അവൻ വീട്ടുകാരെയും കൂട്ടി ഇവിടെ വന്നു കല്യാണം ആലോചിച്ചു. നല്ല കുടുംബവും ആൾക്കാരും ഒക്കെ ആയതുകൊണ്ട് ഞാൻ പഴയ കാര്യങ്ങൾ ഒന്നും അവരോട് പറഞ്ഞില്ല. കല്യാണം ഭംഗിയായി നടന്നു. അവൾക്ക് അവിടെ സുഖവുമായിരുന്നു. പക്ഷെ ഇപ്പൊ..."
"എന്താ...? എന്താ പ്രശ്നം...?"
"പ്രശ്നം... അവനു ചെറിയൊരു അസുഖം. ചെറുതല്ല അല്പം വലുത് തന്നെയാണ്. ഇപ്പൊ ആശുപത്രിയിലാണ്. അവളുടെ ജീവിതം എന്താവും എന്ന് ഇപ്പൊ ഒരുറപ്പില്ലാത്ത അവസ്ഥയിലാ... അതിനിടയിൽ നിന്നെ അച്ഛനാണെന്നു പറഞ്ഞ് അവർക്ക് മുൻപിൽ നിർത്തിയാൽ ശരിയാവില്ല മോഹനാ..."
രാജന്റെ വാക്കുകൾ അയാൾക്ക് ഹൃദയത്തിൽ തറക്കുന്ന കൂരമ്പുകൾ പോലെയാണ് തോന്നിയത്. തന്റെ ജീവിതം ഇങ്ങനെയൊക്കെയായതിൽ അയാൾക്ക് വല്ലാത്ത വേദന തോന്നി. ഇപ്പോൾ മകളുടെ ജീവിതവും നാശത്തിലേക്ക് അടുക്കുന്നു. ഹൃദയം നുറുങ്ങുന്ന വേദനയോടെ അയാൾ ഇരുന്നു.
(തുടരും)
-ശാമിനി ഗിരീഷ്-

Check this page after one hour---- Part Seven, final part will be online
https://www.nallezhuth.com/search/label/SaminiGirish
both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo