
വല്ല്യമ്മേ..... വല്ല്യമ്മേ.....
ഒറോതയുടെ അയൽവാസിയായ മോളി, അവിടെയുള്ള കല്ലിൽ ചവിട്ടി, മതിലിനു മുകളിലേയ്ക്ക് എത്തിപ്പിടിച്ച് തല കാണിച്ച് ഒറോതയെ നീട്ടി വിളിച്ചു.
അപ്പോൾ ഒറോത മുറ്റമടിച്ച് കൂട്ടിയിട്ട ചപ്പുചവറുകൾ തെങ്ങിന്റെ കടയ്ക്കലേയ്ക്ക് നീക്കിയിട്ട്, തീപ്പെട്ടിയുരച്ച് കടലാസിൽ തീ പിടിപ്പിച്ച് ചവറ് കത്തിക്കാൻ തുടങ്ങുകയായിരുന്നു.
എന്നതാ ടീ ... മോളീ.... രാവിലെത്തന്നെ.
അല്ല വല്ല്യമ്മേ.... വല്യമ്മ ഒന്നും അറിഞ്ഞില്ലേ....
നീ എന്നതാ കാര്യം എന്ന് വേഗം തെളിച്ചു പറ മോളീ.... അതിയാൻ ഇങ്ങോട്ടു വരുന്നതിനു മുമ്പ് ഞാനീ ചപ്പുചവറുകൾക്കൊന്നു തീ കൊടുക്കട്ടെ.
അതേയ് നമ്മുടെ ഇടവകയിലെ കാഞ്ഞിരത്തിങ്കളിലെ വർഗ്ഗീസില്ലേ....
ങ്ഹാ.... മനസ്സിലായി .. ആ മീൻകാരനല്ലേ....
അതേന്നേ.... അയാൾ ഇന്നലെ രാത്രി അറ്റാക്ക് വന്ന് മരിച്ചു പോയി.
അയ്യോ.... കഷ്ടായിപ്പോയല്ലോ... ശ്ശൊ .. എത്ര വയസ്സുണ്ടായിരുന്നാവോ..., ഒറോത ആലോചിക്കുന്നതിനിടയിൽ, മോളി പറഞ്ഞു,
അയാൾക്ക് 50 വയസ്സ് ആയിരുന്നു എന്നാ അറിഞ്ഞത്.
ങ്ഹാ... അമ്പതു വയസ്സോ?... ആ പറഞ്ഞിട്ടു കാര്യമില്ല. പ്രായമായില്ലേ..... എന്തു ചെയ്യാൻ ...? മരിക്കാൻ ഓരോരോ കാരണങ്ങൾ. ഒടേതമ്പുരാൻ വിചാരിക്കുന്ന സമയത്തല്ലേ ഇതൊക്കെ നടക്കുന്നത്. ആട്ടെ ശവടക്ക് എപ്പഴാടീ...?
എഴുപത്തിയെട്ടു വയസ്സുള്ള ഒറോതയുടെ ഈ മറുപടി കേട്ട് മിഴിച്ചു നിന്ന മോളിയെ കണ്ട് , ഒറോത ചോദ്യം വീണ്ടും ആവർത്തിച്ചു.
എപ്പഴാടീ..ശവടക്ക് എന്ന്?
ഞെട്ടലിൽ നിന്ന് മോചിതയായ മോളി ഉടൻ തന്നെ മറുപടി പറഞ്ഞു,
ഇന്ന് ഉച്ചക്കഴിഞ്ഞ് 3 മണിക്ക്...
ങ്ഹാ ... ഒരു കാര്യം ചെയ്യ്. നീ പോകുമ്പോൾ എന്നേം കൂടി വിളിക്ക്. ഞാനും വരാം.
ആയിക്കോട്ടെ വല്യമ്മേ... പോകുന്ന നേരത്ത് വിളിക്കാം. എന്നാ ഞാൻ പോകട്ടെ , കഞ്ഞി അടുപ്പത്ത് കിടന്ന് തിളയ്ക്കുന്നുണ്ട്. വാർക്കാറായി എന്നാണ് തോന്നുന്നത്.
ങ്ഹാ ശരി... എന്ന് പറഞ്ഞ്, ഒറോത, കെട്ടിയോൻ ടോയ്ലെറ്റിൽ നിന്ന് ഇറങ്ങാറായോ എന്നറിയാൻ... വേഗം വീടിനകത്തേയ്ക്ക് കയറിപ്പോയി. ബാത്റൂമിന്റെ മുന്നിലേയ്ക്ക് ശബ്ദമുണ്ടാക്കാതെ വന്ന് വാതിലിനു മേൽ ചെവിയോർത്തു വച്ചു.
അവിടെ നിന്നും അനക്കം കേൾക്കാത്തതു കൊണ്ട്, കെട്ടിയോൻ ഇറങ്ങാറായിട്ടില്ല എന്ന നിഗമനത്തിൽ എത്തിയ, ഒറോത വേഗം വന്ന് ചവറിനു തീ കൊടുത്തു. ഉണങ്ങിയ ചവർ പെട്ടെന്ന് കത്തിത്തീർന്നപ്പോൾ, തൊട്ടടുത്ത് വെള്ളം നിറച്ചു വച്ചിരുന്ന ബക്കറ്റിൽ നിന്ന് കപ്പ് എടുത്ത് വെള്ളം കോരിയെടുത്ത് തീ പൂർണ്ണമായും കെടുത്തി.
ഒറോതയുടെ പ്രിയ ഭർത്താവ് ലോപ്പസിനു, ചപ്പുചവറുകൾക്കൊന്നും തീ കൊടുക്കുന്നത് ഇഷ്ടമുള്ള കാര്യമല്ല. ലോപ്പസും കത്തിയ്ക്കാറില്ല. പ്രായമൊക്കെയായില്ലേ , വല്ല അപകടവും സംഭവിച്ചാലോ എന്നാണ് പേടി.
എന്നതാണെങ്കിലും എഴുപത്തിയെട്ടു വയസ്സുള്ള ഒറോതയും, എൺപതു വയസ്സുള്ള ലോപ്പസും ഇപ്പോഴും നല്ല ചുറുചുറുക്കോടെയാണ് കഴിയുന്നത്.
തീ കെടുത്തി ബക്കറ്റ് എടുത്ത് വീട്ടിലേയ്ക്ക് കയറി വന്ന ഒറോതാ ,
ടോയ്ലെറ്റിൽ നിന്നും ഇറങ്ങി വന്ന കെട്ടിയോനെ കണ്ടപ്പോൾ പറഞ്ഞു,
ടോയ്ലെറ്റിൽ നിന്നും ഇറങ്ങി വന്ന കെട്ടിയോനെ കണ്ടപ്പോൾ പറഞ്ഞു,
അതേയ്... പള്ളീടടുത്ത് താമസിക്കുന്ന മീൻകാരനില്ലേ... വർഗ്ഗീസ്.., അങ്ങോര് ഇന്നലെ രാത്രി അറ്റാക്ക് വന്ന് മരിച്ചെന്ന്.
യ്യോ.... ആണോ..... ആരു പറഞ്ഞു ?
ആ ... അപ്പറുത്തെ മോളി പറഞ്ഞതാണ്. ഇന്ന് മൂന്നിനാ...ശവടക്ക്. മോളി പോകുന്ന കൂട്ടത്തിൽ ഞാനും പോകുന്നുണ്ട്.
ങ്ഹാ... ശരി.., എന്നു പറഞ്ഞു ലോപ്പസ്ച്ചായൻ തലയിൽ തേയ്ക്കുവാനായി , അല്പം വെളിച്ചെണ്ണ എടുക്കുവാൻ വേണ്ടി അടുക്കളയിലേയ്ക്ക് പോയി.
ഒരു രണ്ടരയോടു കൂടി വർഗ്ഗീസിന്റെ ശവമടക്കലിനു പങ്കെടുക്കാൻ, ഒറോത വല്യമ്മയും, മോളിയും കൂടി പോയി.
അവിടെ വീട്ടിലും, പള്ളിയിലും ചെന്നു ചടങ്ങുകളിലെല്ലാം പങ്കെടുത്തു തിരിച്ചു പോന്നു.
അവിടെ വീട്ടിലും, പള്ളിയിലും ചെന്നു ചടങ്ങുകളിലെല്ലാം പങ്കെടുത്തു തിരിച്ചു പോന്നു.
ഒരു മാസം അങ്ങനെ കടന്നു പോയി. പതിവുപോലെ , വീടിനു പിന്നിൽ ,അടുക്കള ഭാഗത്തായി, കൊരണ്ടിയിട്ടിരുന്ന്, ചാള മീൻ നന്നാക്കിക്കൊണ്ടിരിക്കുകയായിരുന്നു ഒറോത വല്യമ്മ. ഇടയ്ക്ക് 'ഛീ... നാശം പിടിച്ച കൊതുക് ' എന്നു പറഞ്ഞ്, കൊതുകിനെ ചീത്ത വിളിക്കാനും മറന്നില്ല.
അതിനിടയിൽ , വാഴയുടെ ചുവട്ടിൽ എവിടെന്നോ വന്ന പൂച്ച സ്ഥാനം പിടിച്ചിട്ടുണ്ട്. വാഴയുടെ മുകളിൽ ആണെങ്കിൽ രണ്ടു മൂന്നു കാക്കകളും ജാഗരൂഗരായി ഇരിപ്പുണ്ട്. ഗിരിരാജ ക്കോഴികളാണെങ്കിൽ, മുട്ടയിടുന്നത് തല്ക്കാലത്തേയ്ക്ക് മാറ്റി വച്ച്, മീനിന്റെ കുടലും, മറ്റും കിട്ടുമോ എന്നറിയാൻ അങ്ങോട്ടും, ഇങ്ങോട്ടും നടക്കുന്നു.
ഇതിനിടയിലേയ്ക്കാണ് മോളി വന്നത്.
വല്യമ്മേ.... എന്തെടുക്കുവാ... മീൻ നന്നാക്കുവാണോ?
വല്യമ്മേ.... എന്തെടുക്കുവാ... മീൻ നന്നാക്കുവാണോ?
ങ്ഹാ... മോളിയോ... രാവിലെ മീൻകാരൻ വന്നിട്ടുണ്ടായിരുന്നു. കുറച്ചു ചാള കിട്ടി. അതങ്ങു നന്നാക്കുവായിരുന്നു . എന്നായിപ്പം മീനിനൊക്കെ വില? ഹോ... ഒറോത പറഞ്ഞു നിറുത്തി.
ങ്ഹാ... പിന്നെ വല്യമ്മേ.... ഒരു കാര്യം അറിയിക്കാൻ വന്നതാ... നമ്മുടെ തൊമ്മൻ ചേട്ടൻ മരിച്ചു പോയിട്ടോ...
ങ്ഹേ... നമ്മുടെ വടക്കേലെ തൊമ്മനോ.. വിശ്വാസം വരാതെ ഒറോത , മോളിയോട് ചോദിച്ചു.
ങ്ഹാ... അതു തന്നെ..., എഴുപത്തിയൊമ്പത് വയസ്സായിരുന്നു. മോളി മറുപടി പറഞ്ഞു.
ഹെന്റെ കർത്താവേ.... ഇത്ര ചെറുപ്പത്തിലേ മരിച്ചു പോയോ...? ഒറോത വല്യമ്മ, ഒരു നിമിഷം ആകാശത്തേയ്ക്ക് നോക്കി, വ്യസനത്തോടെ ചോദിച്ചു.
ചോദ്യം, ആകാശത്തിരിക്കുന്ന കർത്താവിനോടാണെങ്കിലും, ശരിക്കും ഞെട്ടിയത് മോളിയായിരുന്നു.
അവൾ ഓർക്കുവായിരുന്നു, '' ഇന്നാളൊരു ദിവസം അമ്പതുകാരൻ മരിച്ചപ്പോൾ, വല്യമ്മ പറഞ്ഞത് പ്രായമായതു കൊണ്ടാണെന്ന്. ഇന്ന് എഴുപത്തിയൊമ്പതുകാരൻ അപ്പൂപ്പൻ മരിച്ചപ്പോൾ പറയുന്നു, ഇത്ര ചെറുപ്പത്തിലേ മരിച്ചു പോയെന്നോ.... എന്ന്. പ്രായത്തെ ക്കുറിച്ചുള്ള വല്യമ്മേടെ ഓരോരോ കാഴ്ചപ്പാടേയ്..... ഈ വല്യമ്മ ഒരു ഒന്നൊന്നര വല്യമ്മ തന്നെ...''
സുമി ആൽഫസ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക