നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുപ്പിവളകൾ


ആൺകുട്ടികൾ മുടി നീട്ടി വളർത്തിയാലെന്താ ആകാശം ഇടിഞ്ഞ് വീഴോ
പലരും പലതും കാണിക്കുന്നുണ്ടാവും അത് കണ്ട് എന്റെ മോൻ തുള്ളാൻ നിൽക്കണ്ട, പോയിരുന്ന് പഠിക്കാൻ നോക്കടാ ചെക്കാ, അവന്റെയൊരു മുടി
നമ്മൾ പഠിപ്പിക്കുന്ന സ്കൂളിലേക്ക് നമ്മുടെ മോൻ മുടിയും വളർത്തിക്കൊണ്ട് കയറി വന്നാൽ മറ്റ് കുട്ടികളുടെയും ടീച്ചേഴ്സിന്റെയും മുഖത്ത് എങ്ങനെ നോക്കും, അല്ലേലും ഈ മുടി വളർത്തുന്ന ആണുങ്ങളൊക്കെ കഞ്ചാവാണ്
എന്താ ബിജുവേട്ടൻ ഒന്നും മിണ്ടാത്തത്
എന്റെ രമേ നീ ഒരു ടീച്ചറല്ലേ ഇങ്ങനെ ആളുകളെപ്പറ്റി മുൻവിധി പാടുണ്ടോ
ഒരു പ്ലസ്ടു വിദ്യാർത്ഥി മുടി വളർത്തി സ്കൂളിൽ വരേണ്ട കാര്യമില്ല, പക്ഷേ മുടിയുള്ള എല്ലാവരും കഞ്ചാവാണെന്നൊന്നും പറയരുത്
ഓ ഇപ്പോൾ ഞാൻ പറഞ്ഞതാണ് കുറ്റം, ദേ നോക്ക്
രണ്ട് ഫ്രീക്കൻമാർ, അവരുടെ കോലം കണ്ടില്ലേ കുളിക്കേം ഇല്ല നനക്കേം ഇല്ല
രമ റോഡിലേക്ക് ചുണ്ടിക്കാട്ടി പറഞ്ഞു
ഞാൻ ഈയിടയായി ഇവൻമാരെ ഈ റൂട്ടിൽ കാണുന്നു, ഇനി വല്ല കഞ്ചാവും വിൽക്കാൻ പോകുന്നവരാണോ ബിജുവേട്ടാ
എന്റെ പൊന്ന് സദാചാരക്കാരീ,നിന്നെക്കാൾ മുമ്പ് ഈ നാട്ടിലെ ചില പകൽ മാന്യൻമാർ പോലീസിലറിയിച്ച് ഈ പിള്ളേരെ പൊക്കിയതാ, ഇനി നീ ആയിട്ട് ഒന്നും ചെയ്യണ്ട
ഇപ്പ ഞാൻ പറഞ്ഞതെന്തായി
എന്താവാൻ, ഈ റൂട്ടിൽ ഒരു മെഡിക്കൽ കോളേജ് ഉള്ളത് ഭവതിക്ക് അറിയാമോ
എന്താ, അവർക്ക് കഞ്ചാവടിച്ച് കാൻസർ ആയോ
അവർക്കല്ല നിന്റെയൊക്കെ മനസ്സിലാണ് കാൻസർ
ആ കുട്ടികൾ കാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകാനാണ് പോകുന്നത്
നമ്മളെന്തിനാ മറ്റ് കുട്ടികളുടെ കാര്യം നോക്കുന്നത്,ഏട്ടാ നമ്മുടെ മോന് ഈയിടെയായി കുറച്ച് ഫാഷൻ കൂടുതലാ
രമ മുടിയിൽ നിന്ന് വിഷയം മാറ്റി
എന്ത് ഫാഷൻ
അവൻ കഴിഞ്ഞ ദിവസം കണ്ണെഴുതി ക്ലാസ്സിൽ വന്നിരിക്കുന്നു, എനിക്കാകെ നാണക്കേടായി
എന്തിന്, ഇപ്പോൾ ആൺകുട്ടികൾ കണ്ണെഴുതുന്നത് ഒരു ഫാഷനാ, പിന്നെ കണ്ണെഴുതുന്നത് കണ്ണിനും നല്ലതാ
ബിജുവേട്ടൻ അവനെ ഇങ്ങനെ എല്ലാക്കാര്യത്തിലും സപ്പോർട്ട് ചെയ്തോ അവസാനം ദു:ഖിക്കേണ്ടി വരരുത്
നമ്മുടെ മക്കളെ നമ്മൾ സപ്പോർട്ട് ചെയ്തില്ലേൽ വേറെ ആര് സപ്പോർട്ട് ചെയ്യും
.......................................................
പ്രവീൺ ചേട്ടാ, അമ്മ ഇന്ന് സ്കൂളിൽ നിന്ന് വന്നത് നല്ല ദേഷ്യത്തില്ലാ, ചേട്ടൻ ട്യൂഷൻ കഴിഞ്ഞ് വരട്ടേ എന്നൊക്കെ പറയുന്നത് കേട്ടു വല്ല കുഴപ്പവും ഉണ്ടാക്കിയോ
അനിയത്തിയാണ് വീട്ടിലുള്ള ഏക ആശ്രയം, അച്ഛനും അമ്മയും വീട്ടിലും സ്കൂളിലും കണിശക്കാരായ അദ്ധ്യാപകർ മാത്രമാണ്.
ഞാൻ വിറയ്ക്കുന്ന കാലുകളുമായി മുറിയിലേക്ക് കയറി, അമ്മ മുറി പരിശോധനയിലാണ്, എന്റെ ഹൃദയമിടിപ്പ് വേഗത്തിലായി
എന്നെക്കണ്ടതും അമ്മ രൂക്ഷമായി ഒന്ന് നോക്കി
ആർക്ക് കൊടുക്കാനാടാ നീ ഇന്ന് സേതുക്കാന്റെ കടയിൽപ്പോയി കുപ്പിവളയും പൊട്ടും വാങ്ങിയത്, ഞങ്ങളൊക്കെ ഈ നാട്ടിൽ തന്നെ താമസിക്കുന്നവരാടാ, ഇതൊന്നും അറിയില്ലെന്ന് കരുതിയോ എന്ന ചോദ്യത്തോടൊപ്പം അടിയും എന്റെ കരണത്ത് വീണു
സത്യം പറഞ്ഞോ അല്ലേൽ ഇനിയും അടി കിട്ടും
അടുത്ത അടി വീഴും മുമ്പേ അച്ഛൻ ദൈവദൂതനായെത്തി, ഞാൻ തലകുനിച്ചിരുന്നു
ഏട്ടാ അവന്റെയുള്ളിൽ ഏതോ ഒരു പെൺകൊച്ചുണ്ട്, അവന്റെ മുറിയിൽ നിന്ന് എനിക്ക് കുപ്പിവളകളും കണ്മഷിയും നെയിൽ പോളിഷുമെല്ലാം കിട്ടി
നീ അവനെ തല്ലണ്ടായിരുന്നു, ഈ പ്രായത്തിൽ ഒരു കൊച്ചു പ്രണയം തോന്നുന്നത് സ്വാഭാവികം, ഇനി സ്റ്റഡി ലീവ് തുടങ്ങാൻ അധികം ദിവസമൊന്നുമില്ലല്ലോ അപ്പോൾ അവനും എല്ലാവരേയും പോലെ ഈ പ്രണയം മയിൽപ്പീലി പോലെ പുസ്തകത്തിൽ അടച്ച് വക്കും, പിന്നെ ഇതൊക്കെ വയസ്സാം കാലത്ത് ഒരു മഴ കാണുമ്പോൾ ഓർക്കാനുള്ള സുന്ദര നിമിഷങ്ങളാവും
നിങ്ങളുടെ ഒരു സാഹിത്യം, എന്റെ മനസ്സമാധാനം പോയി ഒരു പെൺകൊച്ച് കൂടെ വളർന്ന് വരുന്നുണ്ട്, അവന്റെ ബുക്കിനടിയിൽ നിന്ന് വനിതയുടെ കവർ പേജിലുള്ള സുന്ദരിമാരുടെ ഫോട്ടോ കിട്ടി
അത്രയൊള്ളോ അവന്റെയീ പ്രായത്തിൽ എന്റെ കയ്യി ലുണ്ടായിരുന്ന ബുക്ക് വരെ വേറെ ലെവലായിരുന്നു എന്നിട്ട് ഞാൻ വഴിപിഴച്ച് പോയോ
........................................................
പഠിപ്പിന്റെ ഗുണം കൊണ്ട് എൻട്രൻസ് കിട്ടാത്ത സ്ഥിതിക്ക് നമുക്ക് ഇവനെ ബാംഗ്ലൂരിൽ നഴ്സിങ്ങിന് വിടാം
ഈ പട്ടാള ക്യാമ്പിൽ നിന്ന് ഒരു മോചനം കിട്ടാൻ വേണ്ടി ഞാനും ആഗ്രഹിച്ചെങ്കിലും അനിയത്തിയെ പിരിയുന്ന കാര്യം ഓർത്തപ്പോൾ സങ്കടം തോന്നി, എങ്കിലും ബാംഗ്ലൂർക്ക് ട്രെയിൻ കയറി
ഹോസ്റ്റലിലെ റാഗിങ്ങ് ഭയന്ന് ഞങ്ങൾ എല്ലാ മലയാളികളും കൂടി പുറത്ത് ഒരു വീടെടുത്തു.കോളേജും ഹോസ്റ്റലും വൈകുന്നേരം വീട്ടിലേക്കുള്ള ഫോൺ വിളിയും മാത്രമായി ജീവിതം ഒതുങ്ങി
ഒരു ദിവസം ഒരു മഴയുള്ള സന്ധ്യാസമയത്ത് ഞാൻ ആദ്യമായി അവളെക്കണ്ടു, പരിചയപ്പെട്ടു, പിന്നീട് ആ കാണൽ പതിവാക്കി
..............................................
ബിജുവേട്ടാ പ്രവി, ഇന്ന് വിളിച്ചില്ലല്ലോ
അവന് വല്ല പരീക്ഷയുമാവും
രണ്ട് ദിവസം ആയി അവൻ വിളിച്ചിട്ട് നമുക്ക് കോളേജിലേക്കൊന്ന് വിളിച്ചാലോ
രമ ടീച്ചറേ അവൻ കൂട്ടുകാരുടെയൊപ്പം വല്ല ടൂറും പോയിക്കാണും, നമ്മൾ വഴക്ക് പറഞ്ഞാലോ എന്ന് പേടിച്ച് വിളിക്കാത്തതാവും
എടോ താൻ വിഷമിക്കാതിരിക്ക് അവനെ വിളിച്ചിട്ട് കിട്ടിയില്ലേൽ അവന്റെ കൂട്ടുകാരനെ വിളിക്കാം
ഹലോ രാഹുൽ അല്ലേ ഞാൻ പ്രവീണിന്റെ അച്ഛനാ അവനൊന്ന് ഫോൺ കൊടുക്കുമോ
അവൻ നാട്ടിലേക്ക് പോയിട്ട് രണ്ട് ദിവസമായല്ലോ വീട്ടിൽ എത്തിയില്ലേ
താൻ വിഷമിക്കണ്ട ഞാൻ ഇപ്പോൾ തന്നെ ബാംഗ്ലൂർക്ക് പോവാം
നമുക്ക് പോലീസിൽ പരാതി കൊടുക്കാം കോളേജ് പ്രിൻസിപ്പൽ പറഞ്ഞു
അങ്കിൾ എനിക്കൊരു സംശയമുണ്ട്
പറയൂ രാഹുൽ
ചിലപ്പോൾ അത് വെറും സംശയം മാത്രമാവും, എന്തായാലും നമുക്ക് അവിടെ വരെ ഒന്ന് പോകാം
നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ഇടുങ്ങിയ വഴികളിലൂടെ ബൈക്ക് മുന്നോട്ട് പോയി, എല്ലാ വീടിനും ഒരേ മുഖം, മുറ്റത്ത് കോലം വരച്ചിട്ടുള്ള ഒരു വീടിന്റെ കോളിങ്ങ് ബെൽ അമർത്തി ,ഒറ്റ നോട്ടത്തിൽ വശ്യസുന്ദരി എന്ന് തോന്നിപ്പിക്കുന്ന ഒരു യുവതി വന്ന് വാതിൽ തുറന്നു.സൂക്ഷിച്ച് നോക്കിയപ്പോൾ ആ സൗന്ദര്യത്തിൽ എന്തൊക്കെയോ കൃതൃമത്വം .
പ്രവീൺ ഉണ്ടോ
അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി
പണ്ടൊരിക്കൽ ബീച്ചിൽ വച്ച് പ്രവീണിന്റെയൊപ്പം ഞാൻ ഇവരെ പരിചയപ്പെട്ടിട്ടുണ്ട് , അന്ന് പറഞ്ഞ ഒരു ഊഹം വെച്ചാണ് ഇവിടേക്ക് അങ്കിളിനേയും കൂട്ടി വന്നത്. രാഹുൽ പറഞ്ഞു
പറഞ്ഞ് തീരും മുമ്പേ കുപ്പിവളകളുടെ കിലുക്കം, കൊലുസ്സിന്റെ പൊട്ടിച്ചിരിക്കുന്ന ശബ്ദo മുറിയിലെ നിശബ്ദതയെ കീറി മുറിച്ചു, കാച്ചിയ എണ്ണയുടെ ഗന്ധം മൂക്കിലേക്ക് തുളച്ച് കയറി, അകത്തേക്ക് കയറിപ്പോയ സ്ത്രീയുടെ അനിയത്തി എന്ന് തോന്നിപ്പിക്കും വിധം അപ്സരസ്സിനെപ്പോലെ ഒരു പെൺകുട്ടി മുൻപിൽ വന്നു. രാഹുൽ കണ്ണെടുക്കാതെ വാ തുറന്നിരുന്നു
അച്ഛാ, ഞാൻ പ്രവീണാണ്, എന്നെ അന്വേഷിച്ച് ഇവിടെ വരേണ്ടിയിരുന്നില്ല
മോനേ പ്രവീ, നിനക്കെന്താടാ പറ്റിയത്, ആരാ നിന്നെയിവിടെ എത്തിച്ചത്, എന്തൊരു കോലമാടാ ഇത്, വാ നമുക്ക് വീട്ടിൽ പോകാം
ശബ്ദം പുറത്ത് വരാതെ തരിച്ചിരുന്ന അയാൾ സമനില വീണ്ടെടുത്ത് ഇടറിയ സ്വരത്തിൽ പറഞ്ഞു
ഇല്ലച്ഛാ, ഞാൻ ആഗ്രഹിച്ച ഒരു ജീവിതം ഇതാണ്.എന്റെ ശരീരം മാത്രമായിരുന്നു പുരുഷന്റെത് മനസ്സ് മുഴുവൻ സ്ത്രീയുടേതാണ്. കുപ്പിവളകളും കരിമഷിയും കുങ്കുമവും എല്ലാം ചെറുപ്പം മുതലേ ഞാൻ മനസ്സിലൊളിപ്പിച്ച ആഗ്രഹങ്ങളായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിൽ അമ്മയുടെ സാരിയും അനിയത്തിയുടെ ഉടുപ്പുമെല്ലാം എന്റെ ആഗ്രഹങ്ങൾക്ക് നിറങ്ങളേകി. എനിക്ക് എന്നെ അറിയാൻ ഈ നിൽക്കുന്ന ചാരുലത എന്ന ശരത് വേണ്ടി വന്നു. ഇനി എന്റെ മനസ്സിൽ നിന്ന് ഒളിച്ചോടാൻ വയ്യ, അച്ഛൻ എന്നെ അന്വേഷിച്ചിവിടെ വരരുത്.
മോനേ നിന്റെ ആഗ്രഹം ഇതാണെങ്കിൽ ഇങ്ങനെ ജീവിച്ചോ, അമ്മയോട് ഒരു വാക്ക് വന്ന് പറഞ്ഞിട്ട്....
വേണ്ടച്ഛാ ഇപ്പോൾഅതിനുള്ള ധൈര്യം എനിക്കില്ല, നിങ്ങൾക്ക് ഒരിക്കലും എന്നെ ഇങ്ങനെ സ്വീകരിക്കാനാവില്ല, നിങ്ങൾ സ്വീകരിച്ചാലും സമൂഹം അംഗീകരിക്കില്ല.ഞാൻ വരും അമ്മ ആഗ്രഹിച്ചത് പോലെ ഒരു മിടുക്കനായല്ലെങ്കിലും പഠിച്ച് നല്ലൊരു ജോലി വാങ്ങി മിടുക്കിയായി. ശാരീരികമായും എല്ലാത്തരത്തിലും എന്നിലെ സ്ത്രീയെ പൂർണ്ണതയിലെത്തിക്കാൻ മെഡിക്കൽ സയൻസ് വളർന്നിട്ടുണ്ട്, ഞാൻ വരും പൂർണ്ണയായ ഒരു സ്ത്രീയായി....
മോനേ പ്രവീ അച്ഛനിറങ്ങുവാ
പ്രകൃതീ നിനക്കൊരു ഫോൺ ...
അകത്ത് നിന്ന് ചാരു വിളിച്ചു
അച്ഛന്റെ കണ്ണിലേക്ക് നോക്കാതെ പ്രകൃതി എന്ന പ്രവീൺ അകത്തേക്ക് പോയി.
.....................................
പിന്നീടങ്ങോട്ടുള്ള ജീവിതം സഹനത്തിന്റെയും പരിഹാസത്തിന്റെയും മാത്രമായിരുന്നു. കഷ്ടപ്പെട്ട് പഠിച്ചിറങ്ങിയപ്പോഴാണ് മനസ്സിലായത് എന്നെപ്പോലെ ഒരാൾക്ക് ജോലി എന്നത് ഒരു സ്വപ്നം മാത്രമാണെന്ന്. ജോലിക്ക് കയറിയപ്പോൾ ഞാൻ തിരിച്ചറിഞ്ഞു നാട്ടിലെ മാലാഖയ്ക്ക് മതിപ്പ് കിട്ടണമെങ്കിൽ പരലോകംപൂകണമെന്ന്. പക്ഷെ എന്നിലെ സ്ത്രീയുടെ ഊർജ്ജം എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ എന്നെ സഹായിച്ചു. സിവിൽ സർവ്വീസ് എന്ന മോഹം എന്നെ കൊണ്ടെത്തിച്ചത് ഇൻഡ്യൻ റവന്യൂ സർവ്വീസിലാണ്.
ഞാനിന്ന് എന്റെ ഔദ്യോഗിക വാഹനത്തിൽ നാട്ടിലേക്കുള്ള യാത്രയിലാണ്.ഈ യാത്രയ്ക്ക്
ഒരുപാട് ലക്ഷ്യങ്ങളുണ്ട്. നാളെ എന്റെ കുഞ്ഞനുജത്തിയുടെ വിവാഹമാണ്. അവൾക്കുള്ള സമ്മാനപ്പൊതിയുമായി അഭിമാനത്തോടെ എന്റെ അച്ഛന്റെയും അമ്മയുടെയും മുന്നിൽ നിൽക്കണം, സ്ത്രീക്കും പുരുഷനും മാത്രമല്ല ഈ ലോകത്തിൽ ജീവിക്കാൻ അവകാശമെന്ന് സമൂഹത്തോട് ഉറക്കെ പറയണം, എല്ലാവരും മനുഷ്യരാണ് നെഞ്ചിൽ ചൂടും ചോരയും ഉള്ള മനുഷ്യർ. എന്നിലെ സ്ത്രീയെ തിരിച്ചറിഞ്ഞ എന്റെ പ്രിയതമന്റെ കൈയ്യും പിടിച്ച് ഞാനാ കല്യാണ പന്തലിലേക്ക് നടന്ന് കയറി.......

by Anamika Ami

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot