നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തൂവൽപ്പക്ഷികൾ

Image may contain: 1 person, smiling, closeup

"അനീഷ്,ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അവൾ."
മാതു പൊട്ടിത്തെറിച്ചു.
"ഞാനെന്തും സഹിക്കും.പക്ഷെ ചതി അതു നടക്കില്ല"
അവളുടെ കണ്ണിൽ നിന്നും തീ പാറി.
"വല്ലാതെ മദ്യം കഴിക്കുന്നു നീയിപ്പോൾ.പതിവിലധികം സമയം ഫോണിലും.മണിക്കൂറുകളോളം സംസാരിക്കാൻ അത്ര വലിയ സുഹൃത്ത് ആരാണ് നിനക്ക്‌?"
അനീഷിന് ഭ്രാന്തു കയറുന്നത് പോലെ തോന്നി.ആവർത്തനങ്ങൾ..
"നിന്റെ സംശയങ്ങൾക്ക് മറുപടി പറയാൻ എന്നെ കിട്ടില്ല..ആദ്യം മനസു ശുദ്ധമാക്കൂ..കാണുന്ന പെണ്ണുങ്ങളോടൊക്കെ ബന്ധം ഉണ്ടെന്നു പറയുന്ന നിന്റെ ചീപ് മെന്റാലിറ്റി ഉണ്ടല്ലോ അതു മാറ്റിവയ്ക്കുന്ന അന്ന് ഞാൻ പഴയ അനീഷാകാം.."
"ഇന്നോ ,ഇന്നലെയോ അല്ല ഞാൻ നിന്നെ കാണാൻ തുടങ്ങിയത്.വർഷം എട്ടാകുന്നു.ഒരു പ്രണയത്തിന്റെ ബാക്കിപത്രമാണ് നമ്മുടെ ജീവിതം.വിവാഹശേഷം ഇന്നേവരെ ആ സ്നേഹം ,പരിഗണന നീ എനിക്ക് തന്നിട്ടില്ല.നമ്മുടെ രണ്ടു മക്കൾ സ്നേഹം ഉണ്ടാകും നിനക്ക്‌..പക്ഷെ നിന്റെ ജീവിതത്തിൽ ഒന്നാം സ്ഥാനം മറ്റു പലർക്കുമാണ്.നിന്റെ സ്നേഹിതർക്ക്‌.മദ്യത്തിന്,അല്ലെങ്കിൽ മറ്റാർക്കോ..മറ്റൊരു ബന്ധം നിനക്ക്‌ ഉണ്ടെന്ന് ഇതുവരെ ഞാൻ പറഞ്ഞിട്ടില്ല ..പക്ഷെ ഇപ്പോൾ ഞാൻ നിന്നെ അവിശ്വസിക്കുന്നു...അനീഷ്.."
"നീ ആണയിടണം.. നമ്മുടെ മോളേ തൊട്ട്‌.,മറ്റൊരു ബന്ധം നിനക്കില്ലെന്ന്.."
നാലുവയസുള്ള നീതിമോളുടെ കൈപിടിച്ച് മാതു മുന്നോട്ടു നിർത്തി.അടുത്തുതന്നെ ആകാശും ഉണ്ടായിരുന്നു.ആ ഏഴു വയസുകാരന് അമ്പരപ്പായിരുന്നു.
അനീഷ് നീതിമോളുടെ സുന്ദരമുഖത്തെക്കു നോക്കി..
"അച്ഛാ.."അവൾ കൊഞ്ചി.
വാരിയെടുത്തു ഉമ്മകൾ കൊണ്ടുമൂടാൻ അനീഷിന് തോന്നി..വല്ലാത്ത വിഷമവും..
"നീ കുട്ടികളെ വച്ചു കളിക്കരുത്.നിന്റെ ഈഗോ ,സംശയം അതാണ് എല്ലാത്തിനും കാരണം.എന്റെ അമ്മയോട്,സഹോദരന്മാരോട് നിന്റെ മനോഭാവം എന്താ..ആരെയും അംഗീകരിക്കില്ല നീ എനിക്ക് മനസില്ല ആണയിടാൻ.."
അനീഷ് ചാടിത്തുള്ളി..
"എന്നാൽ ഞാനെന്റെ വീട്ടിലേക്കു പോവാണ്..എനിക്കീ നരകത്തിൽ ജീവിക്കാൻ വയ്യ.ഞാനൊരു അനിവാര്യതയെന്നു നിനക്കു തോന്നുന്നുവെങ്കിൽ അന്ന് വന്നെന്നെ വിളിക്കാം..
അവൾ വല്ലാത്ത വാശിയിൽ ആയിരുന്നു..കുട്ടികളെയും കൂട്ടി വീട്ടിലേക്കു പോയി..
******************************************************************
അന്ന് മുഴുവൻ മദ്യത്തിന്റെ ലഹരിയിൽ ആയിരുന്നു അനീഷ്.നീതിമോളുടെ കൊഞ്ചുന്ന മുഖം,ആകാശിന്റെ വിടർന്ന കണ്ണുകൾ,മാതുവിനോടുള്ള ദ്വേഷ്യം..ഒക്കെ ഓർത്തപ്പോൾ അവൻ വാശിയോടെ മദ്യം ഒഴിച്ചുകൊണ്ടേയിരുന്നു..
ഭ്രാന്തിന്റെ വക്കിൽ എത്തിയതുപോലെ.ഫോണെടുത്തു..ആ നമ്പർ വിളിച്ചു...ദീപാലക്ഷ്മി എന്നു സ്‌ക്രീനിൽ പേര് തെളിഞ്ഞപ്പോൾ തീക്കനലിൽ മഞ്ഞുതിരുന്നതുപോലെ.ദീർഘനേരം ബെല്ലടിച്ചിട്ടും എടുക്കുന്നില്ല..അവൻ ഭ്രാന്തനെപോലെയായി..പിന്നെയും,പിന്നെയും ഡയൽ ചെയ്തു.
ഫേസ്ബുക്കിൽ ദീപാലക്ഷ്മി നന്ദനം ..എന്ന ഐ ഡി സേർച്ച് ചെയ്തു.അവളുടെ ചിരിക്കുന്ന പ്രൊഫൈൽ പിക്ചർ സൂം ചെയ്‌തു നോക്കി.ഓടി അവളുടെ അടുത്തെത്തി ,കെട്ടിപ്പിടിച്ച് ഉള്ളിലെ കനത്തഭാരം ആ മൃദുലതയിലൂടെ ഇറക്കിവച്ച്‌,ഒരു അപ്പൂപ്പൻ താടിയെ പോലെ പറന്നു ,പറന്നു എവിടെയൊക്കെയോ പോകാൻ...അവൻ ആഗ്രഹിച്ചു.
മനസു നിയന്ത്രണാതീതമാകുകയാണ്.അവളോട്‌ സംസാരിച്ചേ പറ്റൂ എന്ന അവസ്ഥ. മെസഞ്ചറിൽ അവളുടെ പേരിനു മുൻപിൽ കത്തിക്കിടക്കുന്ന പച്ച ലൈറ്റ്. താൻ വിളിച്ചപ്പോഴും ഫോൺ കൈയിൽ ഉണ്ടായിരുന്നു.അറ്റൻഡ് ചെയ്തില്ല. അപ്പോൾ തന്നെക്കാൾ പ്രാധാന്യമുള്ള ആരുമായോ ചാറ്റുകയായിരുന്നു.അതേ അവനോടായിരിക്കണം.അഭിജിത്തിനോട്...അഭിജിത്തും ഓൺ ലൈനിൽ..
"ഡീ.._______________മോളേ...നീ അവനോടാണോടീ സൊള്ളുന്നത്..?"
പെട്ടെന്ന് അവളുടെ ഫോൺ വന്നു.അനീഷ് എടുത്തു.
"അനിക്കുട്ടാ.."നേർത്ത മന്ത്രണം .
അവന്റെ ദ്വേഷ്യം തീർന്നില്ലായിരുന്നു.തെറിയഭിഷേകം നടത്തി.എല്ലാം കേട്ടുകൊണ്ട് മറുവശത്ത് അവൾ നിശ്ശബ്ദയായിരുന്നു.
"എന്റെ പൊന്നേ.."അവൾ വിളിച്ചു.
"എനിക്ക് എടുക്കാൻ പറ്റിയില്ല നീ വിളിച്ചപ്പോൾ.ചേട്ടൻ അടുത്തുണ്ടായിരുന്നു..നീ ഇങ്ങനെ പിണങ്ങല്ലേ.."
അവളുടെ ശബ്ദത്തിന്റെ മധുരിമയിൽ അവൻ കീഴടങ്ങി.
ദീപാലക്ഷ്മി എന്ന വ്യക്തിയോട് എങ്ങനെ അടുത്ത് എന്നറിയില്ല അനീഷിന്.വീട്ടിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോൾ ഒരു നല്ല കേൾവിക്കാരിയായി മാറി പരിഹാരം പറഞ്ഞു കൊടുക്കുന്നത് അവളാണ്.ആ നല്ല സൗഹൃദത്തെ പ്രേമത്തിന്റെ വക്കിൽ കൊണ്ടെത്തിക്കാൻ മുൻകൈ എടുത്തതും അവളാണ്.
പലപ്പോഴും പരിഹാരങ്ങൾ പറഞ്ഞുകൊടുക്കുമ്പോഴും അനീഷ് പോലും ചിന്തിക്കാത്ത മാതുവിന്റെ ചില പാളിച്ചകൾ ബുദ്ധിപൂർവം അവനിലേക്ക് കുത്തിവക്കും അവൾ.അപ്പോൾ അവൻ അതിനെ കുറിച്ചു ചിന്തിക്കും അതു ശരിയാണല്ലോ എന്നു തോന്നും.
"ഡീ മാതു പിണങ്ങിപ്പോയി പിള്ളാരേം കൊണ്ട്."അവൻ പറഞ്ഞു..
"അയ്യോ..അതിനിപ്പോ എന്താ പറ്റിയേ അനീ?"അവളുടെ ശബ്ദത്തിൽ വ്യസനം നിറഞ്ഞു.
"അവൾക്കു സംശയം എനിക്കാരോടോ ബന്ധം ഉണ്ടെന്ന്"
"മും.."അവൾ മൂളി..
"സൗഹൃദങ്ങളെയോകെ ഇങ്ങനെ മറ്റൊരു കണ്ണിൽ കാണാൻ തുടങ്ങിയാൽ " അവൾ പറഞ്ഞു തുടങ്ങി..
"സൗഹൃദം മാത്രമല്ലല്ലോ നമ്മൾ തമ്മിൽ..ഡീ..എനിക്കിന്ന് തന്നെ നിന്നെ ഒന്നു കാണണം. ഞാൻ എവിടെ വരണം എന്നു പറ"
അവന്റെ ശബ്ദത്തിൽ ഒടുങ്ങാത്ത കൊതിയുണ്ടായിരുന്നു..
"പറ്റില്ല അനീ..ചേട്ടൻ ഉണ്ട്.അറിയാലോ പിണക്കാൻ പറ്റില്ല.നമ്മുടെ ബന്ധം ഇങ്ങനെ സുഗമമായി പോകാണമെങ്കിലഭിനയിച്ചേ പറ്റൂ."
"നീയാണെടീ പെണ്ണ്.അഭിനയത്തിന്റെ കേന്ദ്രം.കുടുംബം ഭദ്രമാക്കി‌ കാമുകനെയും ചൊൽപ്പടിക്കു നിർത്തുന്നവൾ.എന്റെ ജീവിതം..ആർക്കു ചേതം ..അല്ലെ?"
അവൻ പൊട്ടിത്തെറിച്ചു.
"അനിക്കുട്ടാ"അവൾ കൊഞ്ചി.. അവനെക്കാൾ നാലു വയസു മൂത്തതാണ് അവൾ.ചിലപ്പോൾ അവൾ കാമുകിയെ പോലെ കൊഞ്ചും.മറ്റു ചിലപ്പോൾ ചേച്ചിയെപോലെ,അല്ലേൽ അമ്മയെ പോലെ വ്യത്യസ്ത ഭാവങ്ങൾ..അതൊക്കെ തന്നെയായിരുന്നു അവന് ഇഷ്ടവും.
അപ്പോൾ പക്ഷെ എന്തോ ആ അനിക്കുട്ടാ വിളി അവന് അസഹനീയമായി .
"ചേട്ടൻ വരുന്നു ..ഞാൻ പിന്നെ വിളിക്കാം..അവൾ ഫോൺ കട്ടു ചെയ്തു.
ഫോൺ എടുത്തെറിഞ്ഞു അനീഷ്..ഗ്ളാസ്സിൽ നിറച്ച മദ്യം ആവേശത്തോടെ വലിച്ചു കുടിച്ചു.
വയറു കത്തുന്നു..അടുക്കളയിലേക്ക്‌ കയറി.അടച്ചു വച്ചിരിക്കുന്ന ചോറും ,കറികളും.
'നന്തൽ' എന്ന ചെറുമീൻ വറുത്തുകോരി ഒരു ചെറിയ ഡിഷിൽ ഇട്ടു വച്ചിട്ടുണ്ട്.ഒരെണ്ണം എടുത്തു ചവച്ചു .കറുമുറെ പൊരിച്ചു വച്ചിരിക്കുന്നു.
"നിനക്കറിയ്യോ മാതു...എനിക്കേറ്റവും ഇഷ്ടം എന്തെന്ന്?"പ്രണയത്തിന്റെ ദിനങ്ങളിൽ എപ്പോഴോ ചോദിച്ചു..
"ഈ നന്തൽ ഒത്തിരി അരപ്പിട്ടു വറുത്തു കോരിയത് കൂട്ടി എത്ര ചോറ് വേണേലും ഞാനുണ്ണും."
"എന്തോരം പാടാ അനീഷ് അതൊന്നു വെട്ടിയെടുക്കാൻ..നിന്റെ ഇഷ്ടവും കൊണ്ടു ഞാനേറെ പണിപ്പെടുമല്ലോ..."അവൾ പൊട്ടിച്ചിരിച്ചു.
വിവാഹശേഷം എത്ര വഴക്കുണ്ടാക്കിയാലും നന്തൽ കിട്ടുകയാണെങ്കിൽ അവൾ വറുത്തു വക്കും..അവളോട്‌ വഴക്കാണെങ്കിൽ അതു കഴിക്കാതെ നീട്ടിയെറിഞ്ഞിട്ടു പോകും അവൻ..
മാതൂനോട് വല്ലാത്ത ദ്വേഷ്യം ആണെങ്കിലും ,നന്നായി വിശന്നതുകൊണ്ടാകാം ചോറിൽ അതു മൊത്തോം തട്ടിയിട്ട് വാരി വലിച്ചുണ്ടു..വല്ലാത്ത രുചിയായിരുന്നു അതിന്.
ക്ഷീണത്തോടെ കട്ടിലിലേക്ക് ചാഞ്ഞത് മാത്രം ഓർമ്മയുണ്ട്..
പിറ്റേന്ന് ഏറെ താമസിച്ചാണ് എണീറ്റത്.മദ്യത്തിന്റെ കെട്ടു വിട്ടുവെങ്കിലും വല്ലാത്ത ഭാരം തോന്നി ശരീരത്തിനും,മനസിനും.
ഓഫിസിൽ പോകണ്ട എന്നു തന്നെ വിചാരിച്ചു.പത്തു മണിക്ക് ചെന്നില്ലെങ്കിൽ ശാരദ സൂപ്രണ്ട് കനപ്പിച്ചൊരു നോട്ടം നോക്കും..
"ഇന്നലെ രാത്രി ഇത്തിരി ഓവറാരുന്നല്ലേ?" എന്നൊരു ധ്വനി യുണ്ടാകും ആ നോട്ടത്തിൽ.
കട്ടിലിൽ എണീറ്റിരുന്നു. എന്തു ചെയ്യണം എന്ന് അറിയില്ല.മറ്റേത് മാതു ഓരോന്നും പറഞ്ഞു സ്വൈര്യം തരില്ല.ബാങ്കിലാണ് അവൾ. കുട്ടികളെ കുളിപ്പിച്ചു ആഹാരവും കൊടുത്തു നിർത്തും.രാവിലെ അടുത്തുള്ള സെൻട്രൽ സ്‌കൂളിൽ കൊണ്ടുപോകേണ്ട ജോലി അനീഷിനാണ്.9 മണിക്ക് അവൾക്കു പോണം. ആക്ടീവായിലാണ് പോക്കും വരവും. ചോറും ,കറികളും പാത്രത്തിലാക്കി ,കാപ്പിയും എടുത്തു വച്ചിട്ടുണ്ടാകും..
ഇന്ന് എന്തു ചെയ്യണം എന്നറിയാതെ ആയി അനീഷിന്..
ഒന്നു കുളിച്ചെന്നു വരുത്തി. അടുത്ത കടയിൽ പോയി കാപ്പി കുടിച്ച് തിരികെ വീട്ടിലേക്കു വന്നു.,. ശ്മശാന മൂകത.മുമ്പ് അവൾ വീട്ടിൽ പോകുന്നത് തനിക്കു സ്വാതന്ത്ര്യത്തിന്റെ നിമിഷങ്ങളാണ്.കൂട്ടുകാരുമായി കൂടാം.ദീപാലക്ഷ്മിയുമായി ആരെയും ഭയക്കാതെ മണിക്കൂറുകളോളം സംസാരിക്കാം..
അന്ന് വല്ലാത്ത ബോറടി തോന്നി അവന്. അലമാരയിൽ നിന്നും ബോട്ടിൽ എടുത്തിട്ട് തിരിച്ചു വച്ചു...
കാണാത്തതുകൊണ്ടാകണം ദീപ വിളിച്ചു.
"അനീ..നീയിങ്ങു വാ..വല്ലാതെ ബോറടിക്കുന്നു നീയില്ലാതെ.ഓഫിസിൽ എല്ലാരും തിരക്കുന്നു നിന്നെ.."
പതിവ് കൊഞ്ചലുകൾ.
"അനിക്കുട്ടാ നീയങ്ങനെ വിഷമിച്ചാലോ..രണ്ടു ദിവസം കഴിഞ്ഞ്‌‌ അവളിങ്ങു വരും."
അവളുടെ സ്വരത്തിൽ ലേശം സന്തോഷം ഉണ്ടായിരുന്നോ എന്ന് അവനു സംശയം തോന്നി.
പലപ്പോഴും പിണങ്ങി തിരിഞ്ഞും,മറിഞ്ഞും കിടക്കും തങ്ങൾ.ശാരീരിക ബന്ധം പിണക്കത്തിനിടയിൽമാസം രണ്ടോ,മൂന്നോ തവണ മാത്രം ആകും ചിലപ്പോൾ.
ദീപയുമായുള്ള സംഗമം മനസിലിട്ടാണ് ചിലപ്പോൾ സംതൃപ്തി വരുത്തുന്നത്.ഒരു പുരുഷന് അത്യന്താപേക്ഷിതമായതാണ് ഇതെന്ന് മാതു ഓർക്കില്ല.
കിടപ്പറയിൽ ശരീരം നിഷേധിക്കുകയാണ് ദാമ്പത്യത്തിൽ ഒരു പെണ്ണ് ചെയ്യുന്ന മഹാപരാധം എന്നും..
കിടപ്പറയിലെ ശൈഥില്യം ദീപയോട് പറയുമ്പോൾ അവൾ മാതുവിനെ കുറ്റപ്പെടുത്തും.സ്വരത്തിൽ അശ്ലീലത നിറയ്ക്കും.
തങ്ങളെ കിടപ്പറയിൽ രണ്ടാക്കുന്നതിൽ ദീപയ്ക്കു പങ്കുണ്ടോ എന്ന്‌ അവനു പെട്ടെന്ന് സംശയം തോന്നി.ബുദ്ധിപൂർവം തങ്ങളെ അകറ്റിയിരുന്നു അവൾ..
അവളുടെ കിടപ്പറ രഹസ്യങ്ങൾ ഒരു ഉളുപ്പുമില്ലാതെ തന്നോട് പറയും..
അഭിനയ ചക്രവർത്തിനി.ഭർത്താവിനെയും,തന്നെയും,ചിലപ്പോൾ തോന്നും അഭിജിത്തിനെയും ഒക്കെ വ്യത്യസ്ത ചരടിൽ കെട്ടി തനിക്കു ചുറ്റുംവലയം ചെയ്യിക്കുന്നവൾ..കെട്ടിപ്പിടുത്തതിനും,അല്ലറ ചില്ലറ വികാരശമനത്തിനുമൊക്കെ അവസരമുണ്ടാക്കുകയും ചെയ്യും.
"അനീ എന്താ മിണ്ടാത്തെ..?'അവൾ വീണ്ടും വിളിച്ചു..
"വച്ചിട്ടുപോടീ" അവൻ ശബ്ദമുയർത്തി..
വെറുതെ കിടന്നു.സുദീർഘമായ നിദ്ര.
സെറ്റ് സാരിയുടുത്ത്,തല നിറയെ മുല്ലപ്പൂവുമായി മാതു.കൂടെ നീതിമോളും,ആകാശും.അമ്പലത്തിൽ നിന്നും വരികയാണ് എന്നു തോന്നുന്നു..കൈയിൽ പായസം.
"അനീഷ്..ഇന്ന് നമ്മുടെ വിവാഹ വാർഷിക മാണ്..പായസം ദാണ്ടെ.."
പുഞ്ചിരിയോടെ അവൾ പായസം വായിൽ വച്ചു തരുന്നു..നല്ല മധുരം..
"അച്ഛാ"കൊഞ്ചി വിളിക്കുന്ന നീതിമോൾ.
"എന്തൊരുറക്കമാ അച്ഛാ" ആകാശിന്റെ ശബ്ദം..
പായസത്തിന്റെ മാധുര്യത്തോടെ അനീഷ് ഞെട്ടി എണീറ്റു..വെറുതെ കലണ്ടറിൽ നോക്കി..അതിശയം തോന്നി..അന്ന് അവരുടെ എട്ടാം വിവാഹ വാർഷികം ആയിരുന്നു...
ഫോണടിച്ചു..ദീപയാണ്..
"അനീ ഇന്ന് കേക്ക് വേൾഡിൽ വരുമോ...വൈകിട്ട്..കാണാൻ കൊതിയാകുന്നു.."
"നിന്റെ ഭർത്താവ് ഇല്ലെടീ..അയാള് പോയോ?"
അവൻ കടുപ്പിച്ചു..
"ചേട്ടൻ ഇനി മറ്റന്നാളേ വരൂ."
"പോയി വേറെ ആരേലും തിരക്ക്"വായിൽ നിറയെ വന്നത് തെറിയാണ്..പറഞ്ഞില്ല..എന്തു പറഞ്ഞാലും യാതൊരു പരിഭവവും ഇല്ലാതെ കേൾക്കും അവൾ.
മാതുവിനെ ക്കുറിച്ച് പെട്ടെന്നോർത്തു.എന്തൊരു ആത്മാഭിമാനമാണ് അവൾക്ക്‌.ഇത്തിരി താഴ്‌ത്തി സംസാരിച്ചാൽ സഹിക്കില്ല അവൾ. എത്ര ദ്വേഷ്യമുണ്ടെങ്കിലും തന്നെയും ഇകഴ്ത്തി സംസാരിക്കില്ല അവൾ . മറ്റുള്ളവരോടൊക്കെ തന്നെ പറ്റി പറയുമ്പോൾ നൂറു നാക്കാണ്‌ അവൾക്ക്‌..
അവൾക്കു അഭിനയം ഇല്ലായിരുന്നു.എന്തിനു അഭിനയിക്കണം. ? സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് നന്നായിട്ടറിയാവുന്ന ഒരു സ്ത്രീ.. താനല്ലാതെ മറ്റൊരാൾ അവളുടെ ജീവിതത്തിൽ ഇല്ല..
വല്ലാത്ത ബഹുമാനം തോന്നി അപ്പോൾ..
*************************************************************************
മാതു കട്ടിലിൽ കമിഴ്ന്നു കിടക്കുകയാണ്..
"അമ്മേ നമുക്ക് അച്ഛായുടെ അടുത്തുപോകാം.അച്ഛായെ കാണണം.."നീതിമോൾ രാവിലെ തൊട്ടു തുടങ്ങിയതാണ് നിർബന്ധം.ആകാശും സ്‌കൂളിൽ പോയില്ല.
എല്ലാം താളം തെറ്റിയതുപോലെ.ഒരുദിവസം മാറിനിന്നപ്പോഴേക്കും തന്റെ ഒരു ഭാഗം അടർന്നു പോയതുപോലെ അവൾക്കു തോന്നി..
"ഞാൻ അച്ഛനെ വിളിക്കാൻ പോവാണ്‌.."
ആകാശ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..
"അമ്മ അങ്ങോട്ടു പോകുന്നില്ലെങ്കിൽ മൂന്നു ദിവസം അച്ഛന്റെ കൂടെയും,ബാക്കി ദിവസം ഇവിടെയും നിൽക്കാം ഞങ്ങൾ.."
വിവാഹമോചനം നടത്തി എന്ന ധാരണയിലാണ് അവന്റെ സംസാരം.ആ രണ്ടാം ക്ലാസുകാരന് അത്രയും അറിവേ ഉണ്ടായിരുന്നുള്ളൂ.
"മോളേ..നീയങ്ങനെ തൊട്ടതിനും,പിടിച്ചതിനും പിണങ്ങി വരരുത്."ഗോപിനാഥൻ നായർ അവളുടെ തല തലോടി.
"നല്ല ചെറുപ്പക്കാരനാണ് അനീഷ്..അവനെ നിന്റെ വഴിക്ക് കൊണ്ടു വരണം. നിന്റെ അച്ഛനെ അമ്മക്കു വരുതിയിലാക്കാൻ കഴിഞ്ഞുവെങ്കിൽ ലോകത്തെ ഏതു പുരുഷനെയും സ്ത്രീക്ക് അവളോട്‌ ചേർത്ത് നിർത്താൻ കഴിയും.സ്നേഹം കൊണ്ട് ,വിട്ടു വീഴ്ചകൾ കൊണ്ട്"
മാലതിയും അടുത്തുണ്ടായിരുന്നു..
"ഞങ്ങൾ കൊണ്ടാക്കാം നിങ്ങളെ..അവനെ പറഞ്ഞു മനസിലാക്കുകയും ചെയ്യാം"
"വേണ്ടാ.."അവൾ എണീറ്റു..
അച്ഛന്റെ അടുത്തു പോകാനാണ് എന്നറിഞ്ഞപ്പോൾ ആകാശും ,നീതിമോളും പെട്ടെന്നു റെഡിയായി.
കാറിൽ കയറി. ഗോപിനാഥൻ നായർ വണ്ടി സ്‌റ്റാർട്ടാക്കി..
പെട്ടെന്ന് ഗേറ്റിലൂടെ കടന്നു വന്ന ആ ബൈക്കിൽ അനീഷായിരുന്നു..
ഒരു ദിവസം കൊണ്ട് തന്നെ പത്തു വയസു പ്രായം കൂടിയതുപോലെ.ബൈക്ക് നിർത്തി അവൻ കാറിന്നരികിലേക്കു വന്നു.
മാതുവിന്റെ കൈയിൽ പിടിച്ച് യാചകനെ പോലെ അവൻ പറഞ്ഞു..
"നീയും,മക്കളും എന്റെ അനിവാര്യതയാണ്...വരാമോ എന്റെ കൂടെ..."സ്വരം കലമ്പിച്ചിരുന്നു
അവന്റെ നെഞ്ചിലേക്ക് വീണു അവൾ ആർത്തലച്ചു കരഞ്ഞു..
സ്വപ്ന.എസ്.കുഴിതടത്തിൽ ‌

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot