
പത്താം ക്ലാസിലെ മോഡൽ പരീക്ഷ കഴിഞ്ഞ് സ്കൂൾ വരാന്തയിൽ അന്തമില്ലാത്ത ചർച്ചയിൽ മുഴുകിയിരിക്കുമ്പോഴാണ് ചോട്ടാ മിഥുന്റെ വരവ്... മിക്കവാറും മിഥുൻ ,അരുൺ തുടങ്ങിയ ഇത്യാതി ഐറ്റങ്ങൾ ഓരോ ക്ലാസിലും രണ്ടോ മൂന്നോ എണ്ണം ഉണ്ടാവുന്നതിനാൽ എന്തേലും വിശേഷണം കൂട്ടി വിളിക്കാറാണ് പതിവ്. ഹിന്ദി പഠിപ്പിക്കാൻ രണ്ട് വിജയന്മാർ ഉണ്ടായപ്പോൾ വലിപ്പമനുസരിച്ച് യഥാക്രമം ചോട്ടാ വിജയനും ബഡാ വിജയനുമായി അറിയപ്പെട്ടു.. ആ ട്രെൻഡ് അനുസരിച്ചാണ് ഇത്തിരിക്കുഞ്ഞൻ മിഥുൻ ചോട്ടയായത്..
ഏതായാലും ചോട്ടാ മിഥുൻ ഒരു എമണ്ടൻ സംഭവമുമായാണ് വന്നത്.. ഓന്റ കയ്യിൽ സ്വന്തം ഏട്ടന്റെ അടുത്തൂന്ന് അടിച്ച് മാറ്റിയ ഒരു സി.ഡി ഉണ്ട്.. സാധനം നീലയാണ്.. വീട്ടിലിപ്പോൾ ആരുമില്ലെന്നും പോയാൽ സുഖമായി കാണാമെന്നുമൊക്കെ പറഞ്ഞപ്പോൾ കണ്ടവരും കാണാത്തവരുമായ ഞങ്ങൾ മുഖാ മുഖം നോക്കി ഒരു ഇളിഞ്ഞ ചിരി ചിരിച്ചു.
പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു.. സൈക്കിളുകളെടുത്ത് ഒരു റാലിയായി മിഥുന്റെ വീട്ടിലേക്ക്.. എന്തൊരു ആവേശം...
അവന്റെ വീട്ടിലെത്തിയപ്പോഴുണ്ട് അമ്മ, വലിയമ്മ ,കുഞ്ഞമ്മ തുടങ്ങിയ സകലമാന സ്ത്രീ ജനങ്ങളുമുണ്ട്.. അവർ സ്നേഹത്തോടെ തന്ന മൈസൂർ പഴവും നാരങ്ങ വെള്ളവും വെട്ടി വിഴുങ്ങുമ്പോൾ ഞങ്ങൾ ചോട്ടയെ ക്രൂരമായ ഭാവത്തിലൊന്ന് നോക്കി.. ഒന്നും സാരമില്ലന്ന് ആംഗ്യം കാണിച്ച് അവനവന്റെ റൂമിലേക്ക് എല്ലാവരേയും കൂട്ടി.. ഡോർ അടച്ചാൽ പിന്നെ ആരും വരില്ലത്രെ.. എത്ര സുന്ദരമായ കുടുംബം.
അങ്ങനെ സി.ഡി എടുത്ത് പ്ലെയറിലിട്ടതേ ഉള്ളൂ.. വാതിലിലതാ മുട്ട് കേൾക്കുന്നു..സി.ഡി എവിടെ ഒളിപ്പിച്ചെന്നറിയൂല.. വാതിൽ തുറന്നപ്പോ ഉണ്ട് മിഥുന്റെ ഏട്ടൻ വെളുക്കെ ചിരിച്ച് നിൽക്കുന്നു! ദ്രോഹി.. ആ ഫ്ലോ അങ്ങ് പോയിക്കിട്ടി... പക്ഷേ മൂപ്പര് വന്നത് മറ്റൊരു സംഭവുമായാണ്.. ആ ഇടക്ക് റിലീസായ ധൂം സിനിമയുമായി!
ബിരിയാണി തിന്നാനിരുന്നവന് പഴങ്കഞ്ഞി കിട്ടിയ മട്ടിലാണ് ധൂം കാണാനിരുന്നതെങ്കിലും.. തുടക്കത്തിലെ ആ മോഷണവും പാട്ടും കഴിഞ്ഞപ്പോൾ തൊടടുത്തിരുന്ന പി.കെ അനൂപിന്റെ കാലിൽ ഞാനൊന്ന് അമർത്തി തോണ്ടി... സംഗതി ജഗലാണ് ട്ടൊ..
പിന്നീടതാ ഉദയ് ചോപ്ര ബൈക്കിന്റെ ഫ്രണ്ട് വീൽ പൊക്കുന്നു.. ജോൺ എബ്രഹാം ബാക്ക് വീൽ പൊക്കുന്നു.. ഇഷാ ടിയോളും അഭിഷേക് ബച്ചനും ആടുന്നു പാടുന്നു.. ധൂം മച്ചാലെ പാട്ടും അവസാനം ജോണേട്ടന്റെ വീര മരണവും .... എന്റെ രോമങ്ങൾ വരെ പൊങ്ങി വിഭ്രഞ്ജിച്ച് നിന്നു..
എല്ലാം കഴിഞ്ഞ് പുറത്തിറങ്ങി സൈക്കിളെടുക്കുമ്പോൾ എല്ലാവരും ജോൺ എബ്രഹാമായിരുന്നു.. നീണ്ട മുടിയുണ്ടെന്ന് വിചാരിച്ച് തല വരെ തടവി.. ശുഷ്കിച്ച കുറച്ച് കുറ്റി മുടികളാണ് കയ്യിൽ തടഞ്ഞതെങ്കിലും ഞാൻ തളർന്നില്ല.. ആ മ്യൂസിക്കും മനസ്സിലിട്ട് സൈക്കിളെടുത്ത് ഒറ്റ പോക്കായിരുന്നു.
നല്ല പച്ച വിരിച്ച വയലിന് നടുവിലൂടെ നീണ്ട് നിവർന്ന് കിടക്കുന്ന റോഡിലൂടെ അങ്ങനെ പോവുമ്പോൾ ഒരു മോഹം തോന്നി.. ഫ്രണ്ട് വീൽ ഒന്ന് പൊക്കി നോക്കിയാലോ.... അത്ഭുതം ഞാനതാ കൂളായി അത് ചെയ്തിരിക്കുന്നു.. അമ്പടാ ഞാനേ.. പക്ഷേ.. പി.കെ അനൂപും ഇതേ പരിപാടി വിജയകരമായി ചെയ്യുന്നുണ്ട്.. ഇനി ഇപ്പ ജോൺ ആവണേൽ ബാക്ക് വീൽ പൊക്കണം..
അത്രയേ ഓർമ്മയുള്ളൂ.. പിന്നെ മൊത്തത്തിൽ പറക്കുന്ന ഒരു ഫീൽ ആണ് ഉണ്ടായത്.. കുറേ കട്ട പുക നിറഞ്ഞ ലോകത്ത് ഞാൻ കിടിലൻ ഡാൻസ് കളിക്കുന്നു... ബാങ്ക് കൊള്ളയടിക്കുന്നു.. പിന്നെ ഭയങ്കരമായ ഒരു ബൈക്ക് ഓടിച്ച് അന്തമില്ലാത്ത ഒരു കൊക്കയിലേക്ക് ചാടുന്നു..
കണ്ണ് തുറന്നപ്പോൾ ഏതോ ഒരു ആശുപത്രിയിലാണ്.. ഏതായാലും ഇടത് കയ്യിലൊരു പൊട്ടലും താടിയിൽ നാലഞ്ച് കുത്തിക്കെട്ടുമായി ഭാവിയിലെ ജോൺ എബ്രഹാം കുറച്ച് കാലം വിശ്രമിക്കേണ്ടി വന്നു എന്നത് പിന്നീടുള്ള വീര ചരിത്രം...
- യൂനുസ് മുഹമ്മദ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക