
നല്ല നിലാവുള്ള ഒരു രാത്രിയായിരുന്നു അത് .പതിവുപോലെ ഞാനെന്റെ ജോലിയും കഴിഞ്ഞു വീടിനു മുന്നിലെ നിരത്തിലേക്ക് ചാടാൻ മതിലിനു മുകളിൽ ഇരിക്കുമ്പോളാണ് അത് നടന്നത് .അതിവേഗതയിൽ പാഞ്ഞു വന്ന ഒരു കാർ മതിലിലിടിച്ചു മറിഞ്ഞു .ഒരു നിമിഷം ഞാൻ സ്തംഭിച്ചു പോയെങ്കിലും അടുത്ത ഞൊടി ഞാൻ മതിലിൽ നിന്ന് ചാടി അങ്ങോട്ടേയ്ക്ക് ഓടി . ഞാനൊരു കള്ളനാണെന്നത് ഞാൻ അന്നേരം മറന്നും പോയി . അപ്പോളേക്കും ശബ്ദം കേട്ട് ആരൊക്കെയോ ഓടിയെത്തിയിരുന്നു രക്ഷാപ്രവർത്തനങ്ങളിൽ ഞാനും പങ്കു ചേർന്നു.അത്രയ്ക്ക് വലിയ പരിക്കുകളൊന്നും അവർക്കുണ്ടായിരുന്നില്ല എങ്കിലും അവരൊക്കെ അബോധാവസ്ഥയിലായി പോയിരുന്നത് കൊണ്ട് അവരെ ആശുപത്രിയിലേക്ക് മാറ്റി .ഇടയ്ക്കെപ്പോളോ എന്നിലെ കള്ളൻ ഉണർന്നു .ഞാൻ ഒരു പേഴ്സും മൊബൈലും ആരും കാണാതെ എടുത്തു ഒളിപ്പിച്ചു വീട്ടിലേക്കു പോരുന്നു .
ആദ്യം ഞാൻ പേഴ്‌സ് ആണ് നോക്കിയത് ,കുറച്ചു നോട്ടുകൾ പിന്നെ ATM കാർഡ്, അയാളുടെ കാർഡ് അങ്ങനെയെന്തൊക്കെയോ ..പിന്നീട് ഞാൻ ആ മൊബൈൽ നോക്കി .അത് ആ സ്ത്രീയുടേതാണെന്നു പെട്ടെന്ന് എനിക്ക് മനസിലായി .ഒരു കൗതകത്തിനു ഞാൻ അതിലെ ഗാലറിയൊക്കെ വെറുതെ നോക്കി .അതിനു ലോക്കൊന്നും ഉണ്ടായിരുന്നില്ല എന്നുള്ളതും അത്ഭുത മായിരുന്നു .യാദൃശ്ചികമായി കണ്ട വീഡിയോ എന്നെ വീണ്ടും വീണ്ടും അത് പരിശോധിക്കാൻ പ്രേരിപ്പിച്ചു .കുറെയധികം വീഡിയോകൾ .എല്ലാത്തിലും അവരുടെമുഖവും പ്രണയം തുളുമ്പുന്ന വാക്കുകളും നിറഞ്ഞിരുന്നു .കാരണമില്ലാതെ എനിക്ക് ആ സ്ത്രീയോട് കാരണമില്ലാതെ ഒരു ദേഷ്യം തോന്നി .
അവർക്കെന്തെങ്കിലും ഒരു ശിക്ഷ കൊടുക്കേണ്ടതല്ലേ എന്ന് ഞാൻ ചിന്തിച്ചു കൊണ്ടേയിരുന്നു . എന്നിലെ കള്ളൻ അതിനൊരു ഉത്തരവും തന്നു ,"ബ്ലാക് മെയിലിംഗ്" അവരിൽ നിന്ന് കുറച്ചു പണം .അതെങ്ങനെ എന്നായി അടുത്ത ചിന്ത , പേഴ്സിൽ നിന്ന് ഞാൻ അവരുടെ അഡ്രസ് തപ്പിയെടുത്തു . പിറ്റേ ദിവസം അങ്ങോട്ടേക്ക് പോകുമ്പോൾ അവർ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി കാണുമോ എന്ന് ഞാൻ സംശയിച്ചു പക്ഷെ കാര്യമായ പരിക്കുകളൊന്നും ഇല്ലായിരുന്നു ..അവരുണ്ടാകും ..
വീടിനു മുന്നിലെവമ്പിച്ച ആൾക്കൂട്ടം കണ്ടപ്പോൾ ഞാൻ ഒന്ന് പകച്ചു . അറച്ചറച്ചു ഞാൻ ആ വീട്ടിലേക്കു കയറിച്ചെന്നു . കണ്ണാടി പേടകത്തിനുള്ളതിൽ അവർ .പെട്ടെന്ന് ഞാൻ ഒന്ന് പിന്നോക്കം വേച്ചു.അവർ മരിച്ചു പോയോ ? അതെങ്ങനെ ?ഒരു പക്ഷെ തല ഇടിച്ചിട്ടുണ്ടാകാം .അവർക്കു ബോധമുണ്ടായിരുന്നില്ല .ഞാൻ ചുറ്റും നോക്കി .ഭർത്താവു നിലത്തു കരഞ്ഞു കലങ്ങിയ കണ്ണുകളോടെ ഇരിപ്പുണ്ടായിരുന്നു .അയാളുടെ നെഞ്ചിൽ ചേർന്നു അവരുടെ കുഞ്ഞും " ഇത്രയ്ക്കു വിഷമിക്കാനൊന്നുമില്ല "എന്ന് ഞാൻ അയാളോട് എങ്ങനെ പറയും ? പിന്നെ ഞാൻ ചിന്തിച്ചു പാവം മനുഷ്യൻ അയാളത് അറിയാതിരിക്കട്ടെ ...ഒരു മരണം കൊണ്ട് അതവസാനിച്ചുവല്ലോ .മരിച്ചു പോയവരോട് എന്തിനു വൈരാഗ്യം ?
ഞാൻ ഹതാശനായി .ആ വഴി അടഞ്ഞു കഴിഞ്ഞു .എന്റെ അടുത്ത ചിന്ത അവരുടെ കാമുകനെ കുറിച്ചായിരുന്നു .ആ വ്യക്തിയും വിവാഹിതനായിരിക്കുമല്ലോ .ഈ ഫോൺ തീർച്ചയായും അയാളുടെ ജീവിതത്തിനും ഭീഷണിയാകും .പക്ഷെ അയാൾ ആരായിരിക്കും ഇനി വല്ല പോലീസ് ഉദ്യോഗസ്ഥനും ആയിരിക്കുമോ ? അങ്ങനെ എങ്കിൽ ഞാൻ ചെന്ന് ചാടുന്നതു അപകടത്തിലേക്കായിരിക്കില്ലേ എന്നൊക്കെയുള്ള ചിന്തകൾ എന്നിൽ നിറഞ്ഞു .ഞാൻ വീണ്ടും ഫോണിലെ വീഡിയോകൾ ഒന്നൊന്നായി കണ്ടു ..ഇടയ്ക്കെപ്പോളോ അവർ ഡോക്ടർ എന്ന് വിളിക്കുന്നുണ്ട് അയാൾ ഒരു ഡോക്ടർ ആണെന്ന് എനിക്ക് തോന്നി .
ഞാനയാളെ വിളിച്ചു .ഞാനാരാണെന്ന് അയാൾക്ക് ശരിക്കു മനസിലായില്ല .പക്ഷെ എന്റെ ശബ്ദത്തിലെ ഒരു ഭീഷണി അയാളെ സ്പർശിച്ചിരിക്കാം .അയാൾ എന്നോട് റീജിയണൽ കാൻസർ സെന്ററിലേക്ക് വരാൻ പറഞ്ഞു .അത് മറ്റൊരു നഗരത്തിലാണ് .ഒരു പകലിന്റെ യാത്രയുണ്ടവിടെക്ക് .ഇവർ ഒരിക്കലും തമ്മിൽ കാണാത്തവരാണെന്നു അവരുടെ സംഭാഷണങ്ങളിൽ നിന്ന് എനിക്ക് തോന്നിയിരുന്നു .
ഞാൻ അവിടെ ചെന്നപ്പോൾ .അയാൾ കിടക്കുകയായിരുന്നു .അത് രോഗികളുടെ മുറി പോലെ ഒരു മുറിയായിരുന്നു.ഡോക്ടർ എന്ന അവസ്ഥയിൽ നിന്ന് രോഗിയുടെ അവസ്ഥയിലേക്ക് എത്ര വേഗം ആണ് മനുഷ്യൻ മാറുന്നത് !
"നിങ്ങൾ എന്തിനാണെന്നേ ഭീഷണിപ്പെടുത്തിയത് ?"
അയാൾ ശാന്തമായി എന്നോട് ചോദിച്ചു .
അയാൾ ശാന്തമായി എന്നോട് ചോദിച്ചു .
ഞാനവളുടെ മൊബൈൽ കൊടുത്തു .അവൾ മരിച്ചു പോയി എന്നറിഞ്ഞാൽ ചിലപ്പോൾ എനിക്ക് പണം കിട്ടാനിടയില്ല എന്നതിനാൽ ഞാൻ അത് മറച്ചു വെച്ചു
"എനിക്ക് കളഞ്ഞു കിട്ടിയതാണിത് .ഇത് നിങ്ങളുടെ വീട്ടിൽ കിട്ടിയാലും അവരുടെ വീട്ടിൽ കിട്ടിയാലും ഒന്നല്ലേ അവസ്ഥ ?'
ഞാൻ അയാളോട് ചോദിച്ചു
ഞാൻ അയാളോട് ചോദിച്ചു
അയാൾ ശാന്തമായി കണ്ണുകളടച്ചു തുറന്നു
"ഞാൻ ഒരു അനാഥനാണ് സുഹൃത്തേ ..എനിക്ക് കുടുംബമില്ല .പക്ഷെ ഇത് അവളുടെ ജീവിതത്തെ ബാധിക്കും .പറയു നിങ്ങൾക്കെത്ര രൂപ വേണം ?"
അയാൾ നീട്ടിയ ചെക് ലീഫ് വാങ്ങുമ്പോൾ എനിക്കൊട്ടും കുറ്റബോധം തോന്നിയില്ല .പക്ഷെ എന്തോ അവർ മരിച്ചു പോയി എന്ന് അയാളോട് പറയാൻ എനിക്ക് കഴിഞ്ഞില്ല .
"നിങ്ങള്ക്ക് പോകാൻ ധൃതി ഉണ്ടോ ?" അയാൾ മെല്ലെ ചോദിച്ചു
ഞാൻ ഒന്ന് പതറി .
"പേടിക്കണ്ട ..ഒരു പത്തു മിനിറ്റ മതി ."
ഞാൻ അയാളെ കേൾക്കാൻ തയാർ ആയി
"അവൾ നിങ്ങൾ കരുതും പോലെ ഒരു ചീത്ത സ്ത്രീ ഒന്നുമല്ല സുഹൃത്തേ അല്ലെങ്കിൽ ചീത്തയുടെയും നല്ലതിന്റെയും നിർവ്വചനങ്ങൾ എന്താണല്ലേ ? മരണത്തിലേക്ക് എനിക്ക് ഇനി കുറച്ചു സമയം മാത്രമേ ഉള്ളു .അത് അവളറിഞ്ഞിരുന്നു ..ആ സ്നേഹം എനിക്ക് കിട്ടിത്തുടങ്ങുമ്പോൾ ഞാൻ മടക്കയാത്രയ്ക്കുള്ള ഒരുക്കത്തിലുമായിരുന്നു .അവളുടെ വാക്കുകളായിരുന്നു എന്റെ ഓക്സിജൻ ..അവളെ ഓർക്കുമ്പോൾ നിങ്ങൾ ദയവു ചെയ്തു വെറുപ്പോടെ ഓർക്കാതിരിക്കുക ..മരണത്തിലേക്ക് പോകുന്ന ഒരാളോട് അല്പം കനിവ് മാത്രമേ അവൾ കാണിച്ചിട്ടുള്ളു .""
അയാൾ കണ്ണടച്ച് ഒരു മയക്കത്തിലേക്ക് വീഴുന്നത് ഞാൻ നോക്കിയിരുന്നു.
അവളും അയാളും ചെയ്തത് ശരിയാണോ തെറ്റാണോ എന്നൊന്നും എനിക്കറിയില്ല .ഞാൻ ആ ചെക് ലീഫ് അയാളുടെ തലയിണക്കടിയിൽ വേച്ചു മുറിയിൽ നിന്നിറങ്ങി
ഞാൻ ആ ചെയ്തത് ഞാൻ ഒരു പരിശുദ്ധൻ ആയതു കൊണ്ടൊന്നുമല്ല മറിച്ചു .മരിക്കാൻ പോകുന്നവനോടും മരിച്ചു കഴിഞ്ഞ ഒരാളോടും എന്തിനാണ് വെറുതെ ഒരു സ്വൈര്യക്കേട് ! മനസമാധാനം അല്ലെ വലുത് ?
By: AmmuSanthosh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക