നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

താമരാക്ഷൻ പിള്ള ഏലിയാസ് താമര മോൾ

Image may contain: 2 people, people smiling

താമരാക്ഷൻ പിള്ള ഫുൾ ഹാപ്പി ആണ്. തൻ്റെ ഫേക്ക് അക്കൗണ്ട് താമര മോൾക്ക് ഇപ്പോൾ ഫോള്ളോവെർസ് പതിനായിരം കടന്നു.
ഇലക്ഷൻ സമയത്ത് ഇൻബോക്സിൽ ഒരു പാർട്ടിക്കാർ പറയാ അവരുടെ ചിഹ്നം അവിടേം ഇവിടേം ഒക്കെ ഒട്ടിക്കുമ്പോ താമര മോളെ ഓർത്തെന്ന്. വേറെ പാർട്ടിക്കാരാണെങ്കിൽ താമരയെ ആരേലും ഉപദ്രവിച്ചാൽ അടിക്കാൻ ആണത്രേ കൈകൾ ന്ന്. എന്നാൽ വേറെ ചിലർ അരിവാളോണ്ട് വെട്ടിയരിയും നിന്റെ അടുത്ത് വരുന്ന കോഴികളെ, ന്റെ താമരേ എന്ന്. അങ്ങനെ കുറേ മാഷന്മാരും, ആങ്ങളമാരും, ചങ്ക്‌സുകളും, പിന്നേ സങ്കടങ്ങളും സന്തോഷങ്ങളും പങ്കു വയ്ക്കുന്ന കുറേ ചേച്ചിമാരും.
ആകെ മൊത്തം താമരക്ക് ഒടുക്കത്തെ ഫാൻസ്‌ ആണ്.
അങ്ങനെ ഇരിക്കുമ്പോൾ താമര ഏലിയാസ് പിള്ള, ഒരു വൈകുന്നേരം വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന ടീവി പരിപാടി കണ്ടു. അതിൽ ചെന്നൈയിൽ പൂനമല്ലി എന്ന ഒരു സ്ഥലത്തെ മയിൽവാഹനം ഹോട്ടലിലെ പതിമൂന്നാം നമ്പർ മുറിയിലെ പ്രേതബാധയെ കുറിച്ചായിരുന്നു അന്ന് കാണിച്ചത്. സ്വതവേ ഇത്തിരി ധൈര്യശാലിയായ പിള്ള അങ്ങോട്ട്‌ വച്ചു പിടിക്കാൻ തീരുമാനിച്ചു.ഒരു രാത്രി അവിടെ താമസിക്കണം. പ്രേതമുണ്ടെങ്കിൽ നേരിട്ട് കാണേം ചെയ്യാലോ.
പിറ്റേന്ന് തന്നെ ബസ്സിൽ കയറി, താമര മേല്പറഞ്ഞ ഹോട്ടലിൽ എത്തി.പതിമൂന്നാം നമ്പർ മുറി ആവശ്യപ്പെട്ടു. റിസപ്ഷനിൽ, നിന്നിരുന്ന പയ്യനെ കണ്ടാൽ ഈ ലോകത്തിൽ ഏറ്റവും ദൈവഭക്തിയുള്ളവനെ പോലെ. ചന്ദനവും കുങ്കുമവും, കരിക്കുറിയും, ഭസ്മവും ഒക്കെ ഉണ്ട് നെറ്റിയിൽ. കയ്യിലാണേൽ ചുവപ്പും മഞ്ഞയും കറുപ്പും വെള്ളയും അങ്ങനെ പലവർണ്ണച്ചരടുകൾ വിത്ത്‌ ഏലസ്. സർ, അന്ത റൂം യെതുക്കു, വേറെ റൂം കൊടുക്കട്ടുമാ.. അവൻ വിനയത്തോടെ അല്പം വിറച്ചു കൊണ്ട് ചോദിച്ചു.
സാർക്ക് ആ റൂം തന്നെ കൊടുടാ ഡേയ്.. പെട്ടന്ന് പിന്നിൽ നിന്നും ആരോ പറഞ്ഞു. സർ മലയാളി ആണല്ലേ.. ഞാൻ തൃശൂരാരനാ. അശോകൻ.ന്റെ സാറേ, കുറേ അന്ധവിശ്വാസികൾ ഓരോന്ന് പറഞ്ഞു പരത്തിയിരിക്ക്യാന്നെ. ആ മുറിയിൽ പ്രേതം ഉണ്ടെന്നൊക്ക. ചുമ്മാ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ റൂമിലെ ബെല്ലടിച്ചാൽ മതി.അശോകൻ ആ നിമിഷം അവിടെ ഹാജരുണ്ടാവും.
ഒന്നാം തിയതി ആയതു കൊണ്ട് അശോകൻ എവടന്നോ ബ്ലാക്കിൽ ഒപ്പിച്ചു കൊടുത്ത ഒരു ചാത്തൻ സാധനം, ഒന്നല്ല രണ്ടല്ല മൂന്നല്ല ഒരു ആറേഴെണ്ണം കഴിച്ചു കൊണ്ട് പിള്ള മുറിയിൽ വാള് വെക്കണോ വേണ്ടയോ എന്നോർത്ത് ഇരിക്കുമ്പോൾ സിനിമയിൽ കാണുന്ന പോലെ പുറത്തു നായ്ക്കളും കുറുക്കന്മാരും ഓളിയിടുന്നു.
ഉണ്ടക്കണ്ണുള്ള മൂങ്ങകൾ ഒരു രണ്ടു മൂന്നെണ്ണം, നിപ്പ പഴി കാരണം സങ്കടം വന്നു കണ്ണു നിറഞ്ഞു തൂങ്ങി കിടക്കുന്ന വവ്വാലുകൾ ഒരു കൂട്ടം, പിന്നെ ഒരു കരിമ്പൂച്ച, ഇതെല്ലാം സ്‌ക്രീനിൽ തെളിയുന്നു. ഭയങ്കരമായ കാറ്റുവീശുന്നു. പിള്ളയുടെ മുറിയുടെ ജനാലകൾ മാത്രം വലിയ ശബ്ദത്തോടെ തുറന്നടയുന്നു. ലൈറ്റ് തനിയെ ഓൺ ആവുന്നു ഓഫ് ആവുന്നു. സമയം കൃത്യം പന്ത്രണ്ടു മണി. ഒരു പാദസരകിലുക്കം.
അതാ മുൻപിൽ നല്ല സുന്ദരി പെണ്ണ്. ഇത്രയും സുന്ദരിയായ പെണ്ണിനെ പിള്ള ജീവിതത്തിൽ കണ്ടിട്ടില്ല. എന്നെ കാത്തിരുന്നു മുഷിഞ്ഞോ സാറെ. മധുരമുള്ള സ്വരം. മറുപടി പറയാൻ വായ തുറന്ന പിള്ള, ഒരു ബക്കറ്റ് നിറച്ചും അല്ലേൽ വേണ്ട ഒരു വലിയ കപ്പ് നിറച്ചുമെന്ന പോലെ ഒരു വാളങ്ങോട്ടു വച്ചു.
ഞാൻ ഫിറ്റാടി പ്രേതമേ.നീ ഒന്നുറക്കെ കരഞ്ഞാൽ പോലും ഞാൻ ഉണരില്ല. ഇത്രയും പറഞ്ഞു കൊണ്ട് താമരാക്ഷൻ പിള്ള എം എൻ നമ്പ്യാർ ആയി മാറുകയായിരുന്നു. പക്ഷെ അവളുടെ അടുത്തെത്തുന്നതിന് മുൻപേ കിടക്കിയിലേക്കു മറിഞ്ഞു പിച്ചും പേയും പറഞ്ഞു കൊണ്ട് പിള്ള ഫ്ലാറ്റ്.
രാവിലെ പ്രേതത്തിനെ സ്വപ്നം കണ്ടതാണോ ശരിക്കും കണ്ടതാണോ എന്നോർത്ത് കൊണ്ട് മുറി വെക്കേറ്റ് ചെയ്യാൻ നേരം അപ്പുറത്തിരുന്ന അശോകന്റെ ഒരു കമന്റ്‌.
സാറെ, മുറിയിൽ നിന്നും പേട്ട കൗസു പോവുന്നത് കണ്ടല്ലോ.ഇവിടെ ആരേം പരിചയമില്ലന്നു പറഞ്ഞിട്ട്, കൊച്ചു കള്ളൻ ഇതെങ്ങനെ ഒപ്പിച്ചു.അശോകൻ ഉറക്കെ ചിരിച്ചു.പിള്ളയ്ക്ക് അപ്പോ കാര്യങ്ങൾ വ്യക്തമായി. പ്രേതങ്ങൾ ഒന്നുമില്ല എന്ന താമര മോളുടെ സ്റ്റാറ്റസിന് 3.5കെ ലൈക്സ്.
അന്ന് വൈകുന്നേരം നമ്മുടെ അശോകൻ ഹോട്ടലിന്റെ പുറത്ത് നിൽക്കുമ്പോൾ കൗസു അതു വഴി മീൻ വാങ്ങി പോവുന്നത് കണ്ടു.ന്നാലും കൗസു, നീ എന്താ ഇന്നലെ വന്നതും പോയതും ഒന്ന് അറിയിക്കാതിരുന്നേ. അതു മോശമായി. അശോകൻ വലിയൊരു വളിച്ച ചിരി പാസാക്കി.
ഞാൻ വന്നാൽ സാറിനെ കാണാതെ പോകുമോ സാറേ. ഒരാഴ്ചയായി പനി പിടിച്ചു കിടപ്പിൽ ആയിരുന്നു.ഇന്നാണ് ഒന്ന് പുറത്തേക്കിറങ്ങിയത്. ഇന്ന് രാത്രി കാണാം കേട്ടോ സാറേ.കൗസു അശോകന്റെ കവിളിൽ തട്ടിയിട്ട്, സ്ലോമോഷനിൽ നടന്നു നീങ്ങി.
അന്ന് രാത്രി കൗസു ഹോട്ടലിൽ ചെന്നപ്പോൾ കേട്ടത് അശോകൻ അവിടന്ന് ജോലി കളഞ്ഞ് എങ്ങോട്ടോ പോയെന്നാണ്‌! പ്രേതം പ്രേതം എന്ന് ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നൂത്രേ.
വാൽകഷ്ണം : പ്രേത കഥ എഴുതാൻ പ്രേതങ്ങളെ ഓർത്തു കിടന്ന എഴുത്തുകാരി എന്തോ ശബ്ദം കേട്ട് പേടിച്ചു വിറക്കുകയും സമയം കൃത്യം പന്ത്രണ്ടാണ് എന്ന് കണ്ടപ്പോൾ കുറച്ചൂടെ പേടി വന്നു ചീച്ചി മുള്ളാൻ മുട്ടിയെന്നും, വെള്ളിയാഴ്ചകളിൽ പതിവുള്ള തൻ്റെ കോട്ടയടിച്ചു അപ്പുറത്ത് കിടന്നു കൂർക്കം വലിക്കുന്ന കണവനെ ബാത്‌റൂമിനു വെളിയിൽ കാവൽ നിൽക്കാൻ തോണ്ടി വിളിച്ചെന്നും, ഉറക്കത്തിൽ കണവൻ പ്രേതം പോലും ചെവി പൊത്തി ഓടുന്ന തരം തെറി വിളിച്ചെന്നുമൊക്കെ ആരെങ്കിലും പറഞ്ഞാൽ അതു അസൂയക്കാർ പറഞ്ഞു പരത്തുന്ന നുണയാണ് സൂർത്തുകളേ, നുണയാണ്.

By AishaJaice

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot