Showing posts with label MirshaFasil. Show all posts
Showing posts with label MirshaFasil. Show all posts

ഞാനും ഞാനുമെന്റെ ഉപ്പേം ആ നാല്പത് പേരും..... !!!!



2016ന്റെ തുടക്കത്തിൽ തുടങ്ങിയ ചർച്ചയാണ് കോളേജിൽ iv പോകുന്നതിനെ പറ്റി...
മണാലിയും ഡൽഹിയും ഹൈദരാബാദും എല്ലാം ചർച്ചയിൽ ഉടനീളം വന്നുവെങ്കിലും പോക്കറ്റിൽ കനം കുറവുള്ള അച്ഛന്മാരായിരുന്നു ഭൂരിപക്ഷം പേർക്കും എന്ന ഒറ്റ കാരണം കൊണ്ട് iv പ്ലാനുകൾ മ്മളെ സ്വന്തം ബാംഗ്ളൂർ പോയി നിന്നു.
അനാവശ്യകാര്യങ്ങൾക്കെല്ലാം കൊണ്ട് പോയി തല വെക്കുന്ന സ്വഭാവം പണ്ട് മുതലേ ഉള്ള കാരണം ഇത് നടത്തിയെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തത്തിൽ ഒരു പങ്ക് ഞാനും സസന്തോഷം കൈപറ്റി.... ചതിച്ചതാ... എന്നെ..
കുട്ടികളുടെ എണ്ണമെടുക്കലും അഭിപ്രായം സ്വരൂപിക്കലും എല്ലാം വല്ല്യ പ്രശ്നങ്ങളില്ലതെ.. എന്നാൽ അത്യാവശ്യം പ്രശ്നങ്ങോളോട് കൂടി തന്നെ നടന്നു...
എന്നാൽ വളരെ നല്ല കുട്ടികളെന്ന പേര് ഞങ്ങളുടെ ബാച്ചിനെ പറ്റി ടീച്ചർമാരുടെ ഇടയിൽ നില നിന്ന കാരണം ഒരൊറ്റ ടീച്ചർമാരും സസന്തോഷം ഉത്തരവാദിത്തം ഏറ്റടുക്കാൻ മുന്നിൽ വന്നില്ല...
വെറുതെയാന്നെ... ചുമ്മാ അസൂയക്കാർ ഓരോന്ന് പറയുന്നതാ.. സ്നേഹത്തിന്റെ വെള്ളരി പ്രാവുകളായി ഞങ്ങൾ പാറി നടന്നപ്പോൾ ക്ലാസ്സ്‌ കട്ടാക്കി തെണ്ടി തിരിഞ്ഞു നടക്കുന്നവരായി ഞങ്ങൾ...
തന്നെ പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കണം എന്ന് യേശു പറഞ്ഞതനുസരിച്ചു ജൂനിയർസ്നെ സ്നേഹിക്കാൻ പോയപ്പോൾ റാഗിങ്ങ് നടത്തുന്ന ക്രൂരന്മാരായ സീനിയർസ് എന്ന പേരും വീണു...
അതൊക്കെ പോട്ടെ.. ടീച്ചർമാർക്കൊരു ശല്യമാവണ്ട എന്ന് കരുതി ലാബിൽ കയറാതെ ഹോസ്റ്റലിൽ ചുരുണ്ടു മൂടി ഉറങ്ങിയപ്പോൾ ആരെയും വില വെക്കാത്തവരുമായി...
ഇത്രയൊക്കെയേ ഞങ്ങൾ ചെയ്‌തുള്ളൂ അതിനാ...അവര്... അതെന്തോ ആവട്ടെ... അങ്ങനെ സ്റ്റാഫ്‌ റൂമിന്റെ വരാന്തകൾ ഞാനും കട്ട ചങ്ക്‌സും കയറിയിറങ്ങി.. രണ്ടു ഗാർഡിയന്മാരുണ്ടെകിൽ ബാംഗ്ലൂർ അല്ല ഉഗാണ്ട വരെ പൊയ്ക്കൊള്ളാൻ പറഞ്ഞു പ്രിൻസിപ്പൽ.. പിന്നല്ല...
പക്ഷെ രണ്ടു ടീച്ചേർസ്.. ആരെറ്റെടുക്കും ഈ റിസ്ക്ക്??
കാമുകിമാരെ കാത്തിരിക്കുന്നു കാമുകന്മാരെ പോലെ.. നോമ്പിന് ബാങ്കുവിളി കാത്തു നിൽക്കുന്ന നോമ്പുകാരനെ പോലെ.. വൈഫൈ നോക്കി നടക്കുന്ന ഫ്രീക്കന്മാരെ പോലെ ഞങ്ങൾ അലഞ്ഞു.. വലഞ്ഞു.. സ്റ്റാഫ്‌ റൂമും ക്ലാസ്സ്‌ മുറികളും ലാബുകളും കയറിയിറങ്ങി.
ഒടുവിൽ കരുണാമയിയെ പോലെ അഞ്ജലിമാം യെസ് മൂളി.. കൂടെ ഒരു കണ്ടിഷനും.. ഒന്നെങ്കിൽ ഒരു ടീച്ചറും കൂടെ.. . അല്ലെങ്കിൽ ഒരു പാരന്റ്...
ഒരു ടീച്ചറും കൂടെയോ??
ഒന്നിനെ തന്നെ എങ്ങനെ ഒപ്പിച്ചതെന്നറിയില്ല. അപ്പോഴാ അടുത്തത്.. അടിപൊളി.. സലിം കുമാറിന്റെ ആ പാട്ടാണ് ആ സാഹചര്യത്തിൽ ഓർമ വന്നത്. നിരാശനായി വിഷണ്ണനായി ഞാൻ നിന്നൂ.. (നോട്ട് ദി പോയിന്റ് ഞങ്ങൾ .. ഞാനും റംഷിയും അശ്വിനും.. )
"അമ്മ വരുമൊന്നു ചോദിക്കട്ടെഡീ.." എന്ന് ക്ലാസിൽ എല്ലാരും പറഞ്ഞു.. ആ പ്രേതീക്ഷയിൽ ഞങ്ങളും മടങ്ങി..
!അമ്മേം വന്നില്ല ഒന്നും വന്നില്ല.."
ആ നിരാശയോടെയാണ് അന്ന് വീട്ടിലേക്കു വിളിച്ചത്.. ഉപ്പയെ കിട്ടിയപ്പോൾ മോളുടെ മനോവിഷമം അറിയിച്ചു.
കേട്ട പാതി കേൾക്കാത്ത പാതി ആ മനുഷ്യൻ പറയാ..
"ഞാൻ വരാടി കൂടെ.. ചുമ്മാ കിട്ടുന്ന ട്രിപ്പല്ലേ വെറുതെ കളയണ്ടല്ലോ... കുറെയായി ബാംഗ്ലൂർ പോണം വിചാരിക്കുന്നു " വിജിരുമ്പിച് പോയി ഞാൻ 😨ഒന്ന് പോ പ്പാ.. ഇങ്ങളെ തമാശ എന്നും പറഞ്ഞു ഞാൻ ഫോൺ വച്ചു..
നേരെ മുന്നിൽ കണ്ടത് ഫസ്‌നയെ ആണ്.. ഡീ ഭയങ്കര തമാശ.. ഉപ്പ വരത്രെ ടൂറിനു.. 😝
അവൾ ഒരു നിമിഷം എന്നെ നോക്കി... ശേഷം ആ മാളെ.. (മോളെ വായിച്ചാൽ മതിട്ടോ.. ഓള് നാദാപുരംകാരിയാ.. ) ഉപ്പാനോട് വരാൻ പറ നല്ല രസായിരിക്കും...
ഒന്ന് പോടീ... 😪എന്ന് ഞാനും..
ഹായ് അമ്മയ്ക്ക് സമാദാനവും.. ഉപ്പയോട് വരാൻ പറ മിച്ചൂസെ... കിലൂസ് ആണ്. ആ കുരിശ് എവിടെ നിന്നു വന്നു.. ആവോ..?? 😁
കൂട്ടണോ.. 🙄മനസ് രണ്ടു വട്ടം ആലോചിച്ചപ്പോ കെട്ടുറപ്പിച്ചു വച്ചിരിക്കുന്ന ചെക്കനോട് ചോദിച്ചു ഒരു തീരുമാനം..
. നോ പറഞ്ഞില്ല മാത്രമല്ല ഒരു വാക്കൻസി കൂടെ ഉണ്ടെങ്കിൽ ഇക്കാന്റെ ഉമ്മയേം കൂടി കൂട്ടിക്കൊള്ളാൻ ഒരുപദേശവും തന്നു. ദുഷ്ടൻ. 😣😣
ഉപ്പ വന്നാൽ ഉഷാറാകും എന്ന് ഉപ്പാനെ അറിയുന്നവരെല്ലാം പറഞ്ഞു.
അങ്ങനെ സംഭവബഹുലമായ ഞങ്ങളുടെ iv യിൽ എന്റെ ഉപ്പയും ഭാഗമായി.. 🙊
ബസിൽ കയറി 2 മിനിറ്റ് മാത്രം നീണ്ടു നിന്ന മൗനത്തിനൊടുവിൽ നല്ല ജിങ്കാല പാട്ട് വന്നു.👯 ഞാനും എന്റെ കട്ട ചങ്ക്‌സും ഒഴിച്ച് ബാക്കിയെല്ലാം എണ്ണയിലിട്ട കടുക് പോലെ തുള്ളൽ തുടങ്ങി... ബസിലതാ പച്ച മഞ്ഞ ചുവപ്പ്.. തുടങ്ങിയ ലൈറ്റുകൾ മിന്നി മറയുന്നു.. ഞാൻ ഇടം കണ്ണിട്ട് ഉപ്പയെ നോക്കി. ഉപ്പ ഒന്ന് ചിരിച്ചു... പിന്നെ ചുറ്റുമുള്ളതൊന്നും ഓര്മയുണ്ടായില്ല.. 💃💃അത് വരെ തുള്ളാത്ത മനമെല്ലാം തുള്ളി.. !!!
അന്ന് രാത്രി ആ ബസിൽ തന്നെയായിരുന്നു.. രാത്രിയിലെപ്പോയോ ഉപ്പാന്റെ ഷോൾഡറിൽ കിടന്നു ഞാനും ഉറങ്ങി. പിറ്റേന്ന് മുതൽ 3 ദിവസം ഇതെന്റെ കോളേജ് ട്രിപ്പ്‌ ആണോ ഉപ്പാന്റെയാണോ എന്നോരായിരം വട്ടം ഞാൻ ഓർത്തു.
,
ഓടി നടന്നു സെല്ഫിയെടുക്കുകയാ മച്ചാൻ. മിർഷാ ഉപ്പ സൂപ്പറാട്ടോ... പൊളിച്ചു പിള്ളേര് കമന്റ്‌ പാസാക്കാൻ തുടങ്ങി. 🙌
ഉപ്പാ ഒന്നിങ്ങു വന്നേ... 😾 ഏതോ സെൽഫിയിൽ തല പൂയ്തി വച്ച ആ മനുഷ്യനെ ഞാൻ പിടിച്ചു കൊണ്ട് വന്നു...
എന്താടീ...👺
വിളിച്ചത് പിടിച്ചില്ല.. ഹും.. അതേയ് ഇതെന്റെ ടൂർ ആണ്.😕
അതിനെന്താ..🤑 ഇത് പറയാനാണോ നീ വിളിച്ചേ.. എന്നും പറഞ്ഞു ആ മൂപര് പോയി..
ഞാനാരായി... ഒന്നും പറയണ്ട.. !!
ടീച്ചറോട് പറഞ്ഞാലോ ഉപ്പാനെ പേടിപ്പിച്ചു നിർത്താൻ.. എന്നോർത്ത് മാമിനെ നോക്കിയപ്പോൾ ആ പുള്ളിക്കാരി അതാ ജീൻസും ടീഷർട്ടുമൊക്കെ ഇട്ടു വേറെ ഒരു സെറ്റിനോടൊപ്പം സെൽഫി എടുക്കുന്നു.. 😔
അടിപൊളി !!!
40 പിള്ളേരും ഒരു ടീച്ചറും എന്നത് 41 പിള്ളേരും എന്റെ ബാപ്പയും എന്നാക്കി ഞാൻ മനസിൽ.. അല്ല പിന്നെ.. വാ പിള്ളേരെ നമുക്ക് സെല്ഫിയെടുക്കാം എന്നും പറഞ്ഞു ഞാനെന്റെ പാട്ടിനു പോന്നു.🙃
പിന്നീടുള്ള മൂന്നു ദിവസവും ഉപ്പ ഞങ്ങളിലൊരാളായി...ഞങ്ങളാവുക ആയിരുന്നു.
സ്നോ സിറ്റിയിൽ മഞ്ഞെറിയാനും സ്‌കേറ്ററിങ് ചെയ്യാനുമെല്ലാം ഉപ്പയുടെ വേഗം എന്നേക്കാൾ കൂടുതലായിരുന്നു. 😎
എല്ലാ ടൂറിലെയും പോലെ അന്താക്ഷരിയിലും ഉപ്പ നിറഞ്ഞു നിന്നു.
പാടല്ലേ പാടല്ലേന്നു ഞാൻ പറഞ്ഞതാ.. കേൾക്കണ്ടേ മനുഷ്യൻ.. ഒരു പുഷ്പം ആണോ പ്രാണസഖി ആണോ ആദ്യം വരിക എന്നത് മാത്രമായിരുന്നു എന്റെ സംശയം. ഊഹം തെറ്റിയില്ല. ഒരു പുഷ്പം മാത്രമെൻ..
ഉപ്പ പാടി തുടങ്ങിയപ്പോൾ പിള്ളേര് എന്നെ നോക്കി എന്ത് പരാജയമാടി നീ എന്ന് ചോദിക്കാൻ തുടങ്ങി. തികച്ചും സ്വാഭാവികം. കാരണം അതിനു മുൻപത്തെ ടൂറിനു ഞാൻ..അല്ല ഞങ്ങൾ "എന്റെ കയ്യിൽ ഒന്നുല്ല.. എന്റെ കൂടെ ആരൂല്ല.. എന്റെ കയ്യിൽ ഒന്നുല്ലെങ്കിലും എനിക്കൊരു കോപ്പുമില്ല.. " എന്ന് പാടിയതിന്റെ ക്ഷീണം അവർക്ക് മാറിയിട്ടില്ലായിരുന്നു. 😜😜.
ഹാ.. എന്നെ പറയിപ്പിക്കാൻ.. 😖 ഹല്ല പിന്നെ🤒.
അതിനിടയിൽ ക്ലാസിലെ കമിതാക്കൾ ആശ്ചര്യത്തോടെ എന്നെ നോക്കി വരുന്നത് കണ്ടു. ഉപ്പ എന്തോ ഒപ്പിച്ചതാണെന്നു ആ വരവിൽ തന്നെ ഞാൻ മനസിലാക്കിയിരുന്നു..അവർ അടുത്തെത്തിയപ്പോൾ പറഞ്ഞു
ഡി നിന്റെ ഉപ്പ ഞങ്ങളെ പൊക്കി.. 🤔
ഓ നന്നായി...😏 എന്ന് ഞാനും.
മിർഷേ ഞങ്ങൾ സീരിയസ് ആയാണോ പ്രേമിക്കുന്നത് എന്ന് ചോദിച്ചു..
"അതെന്നു നിങ്ങൾ പറഞ്ഞു.. അപ്പോൾ ഉപ്പ പറഞ്ഞു കെട്ടാനാണെങ്കി നടക്കട്ടെ. അല്ലെങ്കിൽ ഇപ്പോ തന്നെ വിട്ടു കളാന്നു അല്ലെ.. ഞാൻ അങ്ങോട്ട്‌ ചോദിച്ചു. 😁
അതെ.. നിനക്കെങ്ങനെ അറിയാം🤔
നീ.. ജോല്സ്യനാണോ എന്നവർ ചോദിക്കാൻ വന്നതാ അപ്പോൾ തന്നെ ഞാൻ മുങ്ങി. ഈ മനുഷ്യന് ഈ ഡയലോഗ് എങ്കിലും മാറ്റി പിടിച്ചൂടേ.. പിള്ളേർക്ക് പ്രേമിക്കാൻ ലൈസൻസ് കൊടുത്തിട്ട് എവിടെയോ കറങ്ങി നടക്കാ.. നോക്കുമ്പോൾ അതാ ചിരിച്ചു കളിച്ചു വരുന്നു..
"ഞാൻ ഐസ്ക്രീം തിന്നു വരാ.. അനക്ക് വേണോ
ഹാ ബെസ്റ്റ്.. ഉപ്പ എന്തിനാ ഓര്ക്കു പ്രേമിക്കാൻ ലൈസൻസ് കൊടുത്തേ.. ദേഷ്യത്തോടെ ഞാൻ ചോദിച്ചു..
എന്തോ... എങ്ങനെ.. 😁എന്ന് ഉപ്പയും.. എന്ത് പറയാനാ ഞാൻ.😪. ഇങ്ങള് സൂപ്പറാ ഉപ്പാ എന്നും പറഞ്ഞു ഞാനാ കൈ പിടിച്ചു നടന്നു. 😻😻
ആ മൂന്നു ദിവസവും ഒത്തിരി ഒത്തിരി നല്ല ഓർമ്മകൾ തന്നു.. അതിനിടയിൽ എപ്പോയോ ഇൻഡസ്ട്രിയൽ വിസിറ്റും നടത്തി..
തിരിച്ചുള്ള യാത്രയിൽ ksrtc ബസിൽ ഉപ്പ ഒന്നും മിണ്ടിയില്ല... ഇനി ഞങ്ങടെ കളി കണ്ടു ശബ്ദം അടിച്ചു പോയോ എന്നൊരു നിമിഷം ഞാൻ സംശയിച്ചു. 🤔🤔
" മോളെ... ഇന്നെനിക്കു ഒരു പത്തു വയസ് കുറഞ്ഞിട്ടുണ്ടാകുംലെ... 😎
ഇനി ഈ മനുഷ്യൻ ഞാനറിയാതെ ഡൈ ചെയ്തോ.. ഞാൻ തലയിലേക്ക് നോക്കി. 🤔 ഹേയ് ഇല്ല .
എന്തെ ഇപ്പോൾ അങ്ങനെ??
ശരിക്കും ഞാൻ വന്നില്ലെങ്കിൽ എനിക്ക് മിസ്സായേനെ..
ഓ അതാ കാര്യം.. ന്റെ പിള്ളേരെം ഞങ്ങടെ ട്രിപ്പും ഉപ്പാക്ക് പെര്ത്തങ്ങു ബോധിച്ചു. 😍😍
മുഖത്തൊരു ചിരിയൊക്കെ വരുന്നുണ്ട് .
ഒരു പണി കൊടുതാലോ.. . 
പിന്നേയ് ആ പെണ്പിള്ളേരുടെ കൂടെ ഉള്ള ഫോട്ടോസ് ഞാനെടുത്തു വച്ചിട്ടിട്ടുണ്ട്. ഉമ്മാക്ക് കാണിച്ചു കൊടുത്തോളാം...
"എടി.... നിന്നെയിന്നു ഞാൻ... !!!!!
.
ശുഭം...
mirshafasil

ഒരു ഇവന്റ് അവലോകനം !!!!

(ഇവളിത് എന്തു ഭാവിച്ചാ എന്ന് വിചാരിച്ചു നോക്കണ്ടാട്ടൊ. ഇത് ഇന്നേ എനിക്കെഴുതാൻ കഴിയൂ.. ക്ഷമിക്കണം ഇനിയീ അടുത്ത കാലത്തോന്നും ഈ വഴിക്ക് വരാതെ നോക്കാം )
ഒരു ഇവന്റ് അവലോകനം !!!!
ഇന്നലെ ഇവിടെ ഇശൽ ലൈല എന്ന ഒരു പ്രോഗ്രാം ഉണ്ടായിരുന്നു. കൈരളി ടീവിയുടെ.. ഇക്ക ജോലി ചെയ്യുന്ന സ്ഥാപനം അതിനു സ്പോൺസർ ചെയ്യുന്നുണ്ട്. അത് കൊണ്ടു തന്നെ ടിക്കറ്റ് ഫ്രീ... വെറും ടിക്കറ്റ് അല്ല.. VIP ടിക്കറ്റ്... അത് കൊണ്ടു തന്നെ മറ്റൊന്നും നോക്കാതെ ചാടി തുള്ളി പോയി.
ജീവിതത്തിൽ ആദ്യമായി ആണ് ഇത്ര വലിയ ഷോ ഞാൻ നേരിട്ട് കാണുന്നത്.. അത് കൊണ്ടുതന്നെ സന്തോഷത്തിലുപരി ആകാംഷയായിരുന്നു. മൂന്നിടത്തായി ചെക്കിങ് കഴിഞ്ഞു മുകളിൽ പറഞ്ഞ ആ VIP സീറ്റിൽ... ആഹാ... കൊള്ളാം !! ഞാനും VIP.. എന്താലേ.. ഇക്ക കുറച്ചു പണി തിരക്കിലായിരുന്നു.. (ബലൂൺ വീർപ്പിക്കൽ അയിനാണ്.. 😉)
5 ആൾക്കുള്ള സീറ്റ്‌ പിടിക്കാൻ പറഞ്ഞു.. എന്നെ കൂടെ ജോലി ചെയ്യുന്ന ചേച്ചിയുടെ അടുത്താക്കി.
പക്ഷേ സന്തോഷത്തിനു അധികം ആയുസുണ്ടായില്ല.. പരിപാടി തുടങ്ങുന്നു.. കണ്ണൂർ ഷെരീഫ് പാടുന്നു.
മാപ്പിള പാട്ട്.. കണ്ണൂർ ഷെരീഫ്.. എന്റെ കൈകൾ താളത്തിൽ കൂട്ടിമുട്ടുന്നു.. !!
പക്ഷെ പെട്ടെന്നാണ് ഞാൻ ചുറ്റും ശ്രെദ്ധീചത്.. ഞാനെ മുട്ടുന്നുള്ളു. ഞാൻ മാത്രെ മുട്ടുന്നുള്ളൂ.. ഒന്ന് തല പോലും അനക്കാതെ ചുറ്റിലും കുറെ മനുഷ്യർ.. അവർ പരിപാടി ആസ്വദിക്കുകയാണത്ര.. ഞാൻ ഏതോ അന്യഗ്രഹജീവിയെ പോലെ അവർക്കിടയിൽ !!!!
പടച്ചോനെ ഇങ്ങള് കാത്തോളണേ എന്നും പ്രാർത്ഥിച്ചു ഞാൻ ഒന്ന് ഉറച്ചു ഇരുന്നു.. ഞാൻ ഒന്നും കൂടെ സൂക്ഷിച്ചു നോക്കി.. ഇവരൊക്കെ ശ്വാസം വിടുന്നുണ്ടോ.. ഓഹ് ഭാഗ്യം മരിച്ചിട്ടില്ല.. അങ്ങിങ്ങായി എന്നെ പോലെ കുറച്ചു അന്യഗ്രഹജീവികളും ഉണ്ട്ട്ടോ.. എന്നാലും ഭൂരിപക്ഷം മറ്റേ കൂട്ടരും..
അപ്പോൾ മാത്രമാണ് VIP സീറ്റിലെ ചതി ഞാൻ മനസിലാക്കിയത്.. പുറകിൽ നല്ല അടിപൊളിയായി വിസിലടിക്കുകയും കൈ മുട്ടുകയും ചെയ്യുന്നുണ്ട് നല്ല ഉശിരുള്ള പിള്ളേർ.. എന്നാലും എന്റെ ഒരു യോഗം.. ഇതെനിക്ക് മാത്രമാണോ തോന്നുന്നത്. ഞാനോർത്തു. അപ്പോ അതാ നമ്മളെ രഞ്ജിനി ചേച്ചി.. ആ അതന്നെ രഞ്ജിനി ഹരിദാസ്, പറയാ ഈ ബാക്കിൽ ഉള്ളോർ മാത്രെ കൈ മുട്ടുള്ളൂന്ന്.. സമാധാനായി.. മുപ്പത്തിയും അത് മനസിലാക്കിയല്ലോ.. ശരിക്കും ഇവരൊക്കെ എന്തിനാണാവോ ഈ പരിപാടിക്ക് വന്നിരിക്കുന്നത്?? ഒന്ന് കൈ മുട്ടിയാലും തല ആട്ടിയാലും തകർന്നു പോകുന്ന ഒന്നാണോ ഈ സ്റ്റാറ്റസ് എന്ന് പറയുന്ന കുന്ത്രാണ്ടാം?????

അപ്പൊ അതാ എന്നെ മനസിലാക്കി എന്റെ കഥാനായകൻ മൂപ്പരെ ചെങ്ങായിമാരെയും കൂട്ടി വരുന്നു.. സന്തോഷം !! പിന്നെ അവരുടെ ഡാൻസും കയ്യടിയും കൊണ്ടു അവിടം ധന്യമായി 😃!!! അവരുടെ ആവേശം കണ്ടു ചുറ്റിലുമുള്ളവർ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു... ഇങ്ങനെ മനുഷ്യന്മാർ ചിരിക്കുന്നത് അവർ കണ്ടിട്ടില്ലായിരിക്കും.. ഇവരെയൊക്കെ പിടിച്ചു മാനാഞ്ചിറ സ്ക്വാറിൽ കൊണ്ടിടണം !!! വാർധക്യത്തിലും കലയെ മനസോടു ചേർത്ത് പിടിച്ചു താളം കൊട്ടുന്ന കോഴിക്കോട്ടെ അപ്പൂപ്പന്മാർക്കിടയിൽ !!! കാണട്ടെ ജീവിതം.. ഹല്ല പിന്നെ.. ഹും ..
അങ്ങനെ തരക്കേടില്ലാതെ ഷോ നടന്നു കൊണ്ടിരുന്നു.. പാട്ട്, ഡാൻസ്... ഓരോന്നും..
അപ്പൊ ഇതാ അടുത്ത പ്രശ്നം.. എല്ലാർക്കും വരുന്ന.. ആ അതന്നെ ... ഒന്നിന് പോണം.. ശോ എന്റെ ഒരു കാര്യം !!! ഒരു രക്ഷയുമില്ല..
ഇക്കാ.. ഞാൻ നീട്ടി വിളിച്ചു.. മമ്മുട്ടി വരാൻ പോകുന്ന ത്രില്ലിൽ ഇരിക്യാ മൂപ്പര്.. ദയനീയമായി എന്നെ ഒന്ന് നോക്കി മൂപര് കൂടെ വന്നു. ഞാൻ നടക്കുകയല്ല ഓടുകയായിരുന്നു.. ഓട്ടോ വിളിച്ചു പോകേണ്ട ദൂരത്തിലാണ് ഈ സാധനം.. എങ്ങനൊക്കെയോ ചാടി മറിഞ്ഞു അങ്ങെത്തിയപ്പോൾ ദോണ്ടേ അടുത്ത വില്ലൻ.. sorry, you cant go inside now,. Some celebrities are there '
സെക്യൂരിറ്റിചേട്ടനാണ്.
സത്യം പറയാലോ ഒറ്റ ചവിട്ടു കൊടുത്തിട്ടു ഇതൊക്കെ എല്ലാ മനുഷ്യന്മാർക്കും ഒരു പോലെയാണ് ചേട്ടാന്ന് പറഞ്ഞ് രജനികാന്ത് സ്റ്റൈലിൽ അകത്തു പോകാനാ തോന്നിയത്.. പക്ഷെ നിവർത്തി ഇല്ലല്ലോ ... എന്റെ കണ്ണൊക്കെ നിറഞ്ഞു.. പാവം ന്റെ ഇക്ക എന്തേലും മാർഗ്ഗമുണ്ടോന്ന് കഷ്ടപെട്ട് തിരയുന്നത് കണ്ടു.. ഒടുവിൽ എങ്ങനെയോ കാര്യം സാധിച്ചു തിരിച്ചു വരുമ്പോൾ ഞാനോർത്തു.. ഇവിടെ സമത്വം വേണ്ടത് ആണിനും പെണ്ണിനും അല്ല.. പണക്കാരനും പാവപ്പെട്ടവനും തമ്മിലാണ്.. സമരങ്ങൾ വേണ്ടത് ഫ്രീ വൈഫൈക്കും മാറു തുറക്കാനും അല്ല ഇത് പോലത്തെ അടിയന്തിര ആവശ്യങ്ങൾക്കാണ്... അല്ലെങ്കിലും ഇതൊക്കെ ആരോട് പറയാൻ?????? ആര് കേൾക്കാൻ??
അങ്ങനെ ആ കാര്യത്തിലും തീരുമാനം ഉണ്ടാക്കി സീറ്റിൽ ഇരുന്നപ്പോൾ വര്ഷങ്ങളുടെ നടന വിസ്മയങ്ങളായി മമ്മുക്കയെയും സിദ്ദിക്ക യേയും കണ്ടു.. അതിന്റെ സന്തോഷം തലയ്ക്കു പിടിച്ചിരിക്കുമ്പോൾ അതാ വരുന്നു യുംനകുട്ടി.. നിങ്ങൾ കണ്ടു കാണും.. ഒരു മലപ്പുറംകാരി കൊച്ചു zee tv യിലൊക്കെ പാടി വൈറൽ ആയ.. ആ അതന്നെ... എന്റമ്മോ എന്താ ഒരു എനർജി... അടിപൊളിയായി കൊച്ച് പാടി നിർത്തിയപ്പോൾ നമ്മളെ സ്വന്തം SPB എണീറ്റു നിന്ന് കയ്യടിക്കുന്നു !!" കൂട്ടത്തിൽ എന്റെ കൂടെയുള്ള ചുള്ളൻ ചെക്കന്മാരും എണീറ്റു നിന്നു. ഞാനവരെ ബഹുമാനത്തോടെ നോക്കി..
അപ്പൊ ദാണ്ടെ പിന്നിൽ നിന്നും കമെന്റ് " ഇവന്മാർ ഇതറിഞ്ഞിട്ടൊന്നുമല്ല.. SPB എണീറ്റു നിന്നത് കൊണ്ടാന്നു.. ഇവന്മാരും..
ആ ശൈലി കേട്ടപ്പോൾ ഞാനോർത്തു അങ്ങേരാണ് പുച്ഛം എന്ന വാക്ക് കണ്ടു പിടിച്ചതെന്നു !!!
ഞാൻ ഒന്ന് സൂക്ഷിച്ചു നോക്കി..
അതന്നെ മലയാളിഡാ.... ഇത്രെയും നേരം കുറെ കലാകാരൻമാരും കലാകാരികളും അടിപൊളിയായി പ്രകടനം നടത്തിയിട്ടു മിണ്ടാത്ത ചേട്ടനാണ്.. ആലോചിക്കുമ്പോൾ ഒരു റിലാകസേഷൻ ഉണ്ട്... 😇😇
വിമർശനം.. അത് പിന്നെ അങ്ങനെ ആണല്ലോ.. !! സഹതാപം ആണ് തോന്നിയത്.. നമ്മളിലും ഉണ്ടാകും അങ്ങനെ ചിലർ.. എല്ലാത്തിനും കുറ്റം മാത്രം കണ്ടെത്തുന്നവർ. അതിൽ ആനന്ദം കണ്ടെത്തുന്നവർ. ആ മനുഷ്യൻ അവരിൽ ഒരാൾ മാത്രം . ആ മനുഷ്യനോടു പറയാൻ ഇത്ര മാത്രം...
"അതിനു പാട്ടും സ്വരസ്ഥാനങ്ങളും അറിയണ്ട.. അംഗീകരിക്കാനും ആസ്വദിക്കാനും ഉള്ള മനസ്‌ ഉണ്ടായാലും മതി.. "
ഇത് കൊണ്ടും തീർന്നില്ലട്ടൊ.. അതാ വരുന്നു the real star of yesterday...
"പ്രകാശ് രാജ്.. "
എന്താ ഒരു പ്രസംഗം.. ശരിക്കും രോമാഞ്ചം ഉണ്ടായി.. മൂപര് പുലിയാണ് കേട്ടോ... അദ്ദേഹത്തിന്റെ വാക്കുകളിൽ അവസാനിപ്പിക്കുന്നു..
നമ്മുടെ ഉള്ളിലെ പേടിയാണ് അവരുടെ ശക്തി.. അത് കൊണ്ടു ശബ്ദം ഉയർത്തുക...
തെറ്റിനെ തെറ്റെന്നു പറയാൻ പറ്റട്ടെ എന്നാശംസിച്ചു കൊണ്ടു....
Mirshafasil

നന്ദി... !!!!


നന്ദി... !!!!
മോളെ.. അഡ്മിഷൻ റെഡി ആയിട്ടുണ്ട്. ലിസ്റ്റിൽ നിന്റെ പേരുണ്ട്... ചിരിച്ചു കൊണ്ടു ഉമ്മ അത് പറഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്.. മെഡിസിൻ സീറ്റ്‌ കിട്ടിയ കാര്യമൊന്നുമല്ലട്ടോ.. വെറും എട്ടാം ക്ലാസ്സിലേക്ക് സീറ്റ്‌ കിട്ടിയ കാര്യമാണ്. ഒരു പക്കാ ഗ്രാമത്തിൽ യുപി പഠനം പൂർത്തിയാക്കിയ എനിക്ക് ടൗണിൽ ഒരു പ്രമുഖ സ്കൂളിൽ അഡ്മിഷൻ കിട്ടിയിരിക്കുന്നു.. പോരാത്തതിന് ഒരിക്കൽ ഇക്കാക്കയെ അവിടെ ചേർത്താൻ പോയ ഉമ്മയോട് നിങ്ങളുടെ മോനു മാർക്ക്‌ ഉണ്ട് പക്ഷെ റെക്കമെന്റേഷൻ ഉള്ള കുട്ടികൾ വേറെയുണ്ട് എന്ന് പറഞ്ഞു തിരിച്ചയച്ചിടത്താണ് ഈ ഞാൻ ഒരു റെക്കമെന്റേഷനും ഇല്ലാതെ സീറ്റ്‌ വാങ്ങിയിരിക്കുന്നത്.. മനസ്സിൽ പത്തായിരം ലഡ്ഡു പൊട്ടി.
ഒറ്റയ്ക്ക് ബസിൽ പോണംട്ടോ.. ഉമ്മ അഭിമാനത്തോടെ പറഞ്ഞു... ഒറ്റയ്ക്കോ... 😱😱 മല്ലുസിംഗ് സിനിമയിൽ മീര നന്ദൻ ചോദിച്ച പോലെ ഞാനും അലറി.. വേണ്ട പത്താളെ കൂട്ടിക്കോന്ന് ഉമ്മയും...
വീട്ടിൽ നിന്ന് നടന്നു പോകാൻ മാത്രമുള്ള ദൂരങ്ങളിലെ സ്കൂളുകളിൽ മാത്രം പോയിട്ടുള്ള ഞാൻ ബസിൽ സ്കൂളിൽ പോണം പോലും.. ഒരാൾ ശരിക്കൊന്നു തറപ്പിച്ചു നോക്കിയാൽ കണ്ണ് നിറയ്ക്കുന്ന ഞാൻ ഒറ്റയ്ക്ക് പോണം പോലും... ഉമ്മയാണത്രെ ഉമ്മ.. റാഗിംഗ് ഒക്കെ ഉണ്ടാകുംട്ടൊ അന്റെ കരച്ചിലൊന്നും നടക്കൂല.. ഇക്കാക്കയാണ്. ഈ സാധനമിപ്പോ എവിടുന്നു വന്നു ആവോ...
എന്റെ നെഞ്ച് പടാപടാന്നു മിടിച്ചു. പിന്നീടുള്ള എന്റെ ദിവസങ്ങൾ ആ ദിവസമെത്താതിരിക്കാനുള്ള പ്രാര്ഥനകളാൽ നിറഞ്ഞു. പക്ഷെ പടച്ചോനാ വിളി കേട്ടില്ല.. ആദ്യ ദിവസം പക്ഷെ ഇക്കാക്ക കൊണ്ടു വിട്ടു. തിരിച്ചു വരുമ്പോൾ ഒറ്റയ്ക്ക് ബസിനു വരണം എന്ന മുന്നറിയിപ്പും തന്നു. പുതിയ യൂണിഫോം ധരിച്ചു എപ്പോഴും താഴ്ത്തി മാത്രം പിടിച്ച തലയുമായി ഞാനാ വലിയ കെട്ടിടത്തിൽ കയറി ചെന്നു..
8E ആണ് ഡിവിഷൻ. വീട്ടിനുള്ളിൽ പോലും ഉറക്കെ സംസാരിക്കാതെ വളർന്ന എന്നെ പക്ഷെ അവിടെ നേരിട്ടത് ബഹളം വെച്ചു മാത്രം ശീലമുള്ള കുറെ കുട്ടികളായിരുന്നു. അതിൽ തന്നെ മൂന്നു പെൺകുട്ടികൾ . പെണ്ണോ ആണോ.. ??😇ആൺപിള്ളേരോട് തല്ലു പിടിക്കുന്നു നീ വന്നു നോക്കെടാ അപ്പോൾ കാണാം എന്നൊക്കെ വിളിച്ചു പറയുന്നു ആകെ കച്ചറ ലൈൻ !!
എങ്ങനെയോ അവിടുന്ന് സമയം തള്ളി നീക്കി ഓടി പിടിച്ചു ബസ് കയറി.. ബെക്കോട്ട് നിക്ക്.. ബെക്കോട്ട് നിക്ക് കണ്ടക്ടർ വിളിച്ചു പറഞ്ഞോണ്ടിരുന്നു.. ബസ് നിമിഷങ്ങൾ കൊണ്ടു നിറഞ്ഞു..
ഒരു വിധം പിടിച്ചു നിന്ന എന്റെ പുറത്ത് ആരുടെയോ കൈ വീണു.. തിരക്കല്ലേ അറിയാതെ തട്ടിയതായിരിക്കും. ഞാൻ അവിടെ തന്നെ നിന്നു. ദേ വീണ്ടും. ഞാൻ ചൂളി പോയി.. പേടിച്ചു ഞാൻ മുന്നോട്ടു നിരങ്ങി നിന്നു. ആദ്യത്തെ പുതിയ സ്കൂൾ ദിവസം അങ്ങനെ സംഭവബഹുലമായി.
" ഉമ്മാ കൊറേ തല തെറിച്ച പെൺകുട്ടികൾ ഉണ്ടവിടെ" ആൺകുട്ടികളെ കയ്യൊക്കെ പിടിച്ചു.. ഞാനുമ്മയോട് ബസിലെ സംഭവം ഒഴിച്ച് ബാക്കിയെല്ലാം വിവരിച്ചു. "ന്റെ മോൾ ഓരോടൊന്നും മുണ്ടണ്ടാട്ടോ... ഉമ്മ ഉപദേശിച്ചു.. അല്ലെങ്കിലും അത് ഞാൻ ആദ്യേ വിചാരിച്ചതാണ്. ഇങ്ങനെ ണ്ടാവോ പെൺപിള്ളേർ... അവരെ ഓർത്തു തന്നെ ഞാൻ അന്നുറങ്ങി. പിറ്റേന്ന് ഞാൻ ആ കുട്ടികളെ കണ്ട ഭാവം നടിച്ചില്ല. അവരെ മാത്രമല്ല ആരെയും. സ്വന്തം കാര്യം മാത്രം നോക്കി അങ്ങനെ ദിവസങ്ങൾ പോയി. കണ്ടക്ടർ എത്ര നിര്ബന്ധിച്ചാലും പിന്നോട്ട് പോകാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. ഒരു ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ ആ മൂവർ സംഘത്തിലൊരാൾ എന്റടുത്തു വന്നു. ആഹാ മുട്ട പൊരിച്ചതുണ്ടല്ലോ.. എന്റെ അനുവാദത്തിനു കാത്തു നില്കാതെ അവളദെടുത്തു കഴിച്ചു. പകച്ചു പോയി എന്റെ ബാല്യം. വൃത്തികെട്ടവൾ. എന്റെ സ്വന്തം മുട്ട പൊരിച്ചത് എന്നോട് ചോദിക്കാതെ എടുത്തു തിന്നിരിക്കുന്നു. എനിക്ക് പെരുത്ത് ദേഷ്യം വന്നു. പക്ഷെ കമാന്ന് ഒരക്ഷരം ഏഹേ.. മിണ്ടിയില്ല. പിന്നെ ഞാൻ പോലും അറിയാതെ അവർ 3 പേരും എന്നിലേക്ക്‌ അടുത്ത് കൊണ്ടിരുന്നു... കൂട്ടത്തിലേക്ക് ഒരാൾ കൂടി വന്നു. അങ്ങനെ മൂവർ സംഘം അഞ്ചായി. കളിയും ചിരിയും തമാശയും.. ആര് കമന്റ്‌ അടിച്ചാലും തിരിച്ചു പറയാൻ അവർ എന്നെ നിർബന്ധിച്ചു കൊണ്ടേയിരുന്നു.എന്നാൽ ഞാൻ മാത്രം മറിയില്ല. എന്താടീ എന്ന് ചോദിച്ചോരോടൊക്കെ നീ പോടാ എന്നവർ പറഞ്ഞു.. ഞാൻ അഭിമാനത്തോടെ അവരെ നോക്കിയതല്ലാതെ എന്റേതായി ഒന്നും പറഞ്ഞില്ല... അങ്ങനെ ഞാൻ പേടിച്ച ദിവസം വന്നെത്തി. ഒരിക്കൽ കൂടി ബസിൽ പിന്നിൽ നിൽക്കേണ്ടി വന്നു.. ഭയപ്പെട്ട പോലെ ആരും തൊണ്ടിയില്ല. പക്ഷെ ഇന്നും മുഖമറിയാത്ത അയാൾ എന്തോക്കെയോ പറഞ്ഞു കൊണ്ടിരുന്നു. പുതിയതാടാ.. ഞാൻ കണ്ടിട്ടില്ല.. ഒന്ന് തിരിഞ്ഞെങ്കിൽ... ബാക്ക് ഓക്കേ... അങ്ങനങ്ങനെ ഓരോന്ന്.. എനിക്കിറങ്ങാനുള്ള സ്റ്റോപ്പ്‌ ആണ് അടുത്തത്.. എന്തെങ്കിലും ചെയ്യ്.. മനസ്സ് നിർബന്ധിച്ചു കൊണ്ടിരുന്നു.. .. റ്റിംഗ്..... ബസ് ബ്രേക്ക് ചവിട്ടി ഞാനവന്റെ കാലിലും..
എടാ.. ഓള് ചവിട്ടിയ് ...... അവനത് പറഞ്ഞു തീരുന്നതിനു മുൻപേ ഞാൻ ഓടിയിറങ്ങി... !!! അന്നെന്റെ തല ഉയർന്നു.... അതിനു ശേഷം പലവട്ടം...!!!
കയ്യില് ചുമ്മാ ബസിൽ വച്ചു തൊട്ടോണ്ടിരുന്ന ഒരുത്തന്റെ കയ്യിൽ സേഫ്റ്റി പിന് കൊണ്ടു കുത്തിയപ്പോഴും.. ട്രെയിനിൽ ഫോട്ടോ എടുത്തവന്റെ ഫോൺ ബഹളം വച്ചു നാട്ടുകാരെ കൊണ്ടു തുറന്നു നോക്കിപ്പിച്ചപ്പോഴും തല വീണ്ടും വീണ്ടും ഉയർന്നു...
നന്ദി... തല താഴ്ത്തി പിടിക്കലാണ് അടക്കം എന്ന തെറ്റിദ്ധാരണയിൽ നിന്നും തല ഉയർത്തി പിടിക്കാൻ പഠിപ്പിച്ച എന്റെ കൂട്ടുകാർക്ക് .. എന്താടീ എന്ന് ചോദിച്ചവരോട് ഞാനാടാ എന്ന് പറയാൻ പഠിപ്പിച്ച എന്റെ കൂട്ടുകാർക്ക് ..
നിശ്ശബ്ദതയല്ല പ്രതികരണമാണ് തെറ്റിനെ എതിർക്കേണ്ട രീതി എന്ന് പറഞ്ഞു തന്ന എന്റെ കൂട്ടുകാർക്ക്... നന്ദി.... !!!!!!!!!!!!!!
ശുഭം
mirshafasil

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo