Slider

നന്ദി... !!!!

0

നന്ദി... !!!!
മോളെ.. അഡ്മിഷൻ റെഡി ആയിട്ടുണ്ട്. ലിസ്റ്റിൽ നിന്റെ പേരുണ്ട്... ചിരിച്ചു കൊണ്ടു ഉമ്മ അത് പറഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്.. മെഡിസിൻ സീറ്റ്‌ കിട്ടിയ കാര്യമൊന്നുമല്ലട്ടോ.. വെറും എട്ടാം ക്ലാസ്സിലേക്ക് സീറ്റ്‌ കിട്ടിയ കാര്യമാണ്. ഒരു പക്കാ ഗ്രാമത്തിൽ യുപി പഠനം പൂർത്തിയാക്കിയ എനിക്ക് ടൗണിൽ ഒരു പ്രമുഖ സ്കൂളിൽ അഡ്മിഷൻ കിട്ടിയിരിക്കുന്നു.. പോരാത്തതിന് ഒരിക്കൽ ഇക്കാക്കയെ അവിടെ ചേർത്താൻ പോയ ഉമ്മയോട് നിങ്ങളുടെ മോനു മാർക്ക്‌ ഉണ്ട് പക്ഷെ റെക്കമെന്റേഷൻ ഉള്ള കുട്ടികൾ വേറെയുണ്ട് എന്ന് പറഞ്ഞു തിരിച്ചയച്ചിടത്താണ് ഈ ഞാൻ ഒരു റെക്കമെന്റേഷനും ഇല്ലാതെ സീറ്റ്‌ വാങ്ങിയിരിക്കുന്നത്.. മനസ്സിൽ പത്തായിരം ലഡ്ഡു പൊട്ടി.
ഒറ്റയ്ക്ക് ബസിൽ പോണംട്ടോ.. ഉമ്മ അഭിമാനത്തോടെ പറഞ്ഞു... ഒറ്റയ്ക്കോ... 😱😱 മല്ലുസിംഗ് സിനിമയിൽ മീര നന്ദൻ ചോദിച്ച പോലെ ഞാനും അലറി.. വേണ്ട പത്താളെ കൂട്ടിക്കോന്ന് ഉമ്മയും...
വീട്ടിൽ നിന്ന് നടന്നു പോകാൻ മാത്രമുള്ള ദൂരങ്ങളിലെ സ്കൂളുകളിൽ മാത്രം പോയിട്ടുള്ള ഞാൻ ബസിൽ സ്കൂളിൽ പോണം പോലും.. ഒരാൾ ശരിക്കൊന്നു തറപ്പിച്ചു നോക്കിയാൽ കണ്ണ് നിറയ്ക്കുന്ന ഞാൻ ഒറ്റയ്ക്ക് പോണം പോലും... ഉമ്മയാണത്രെ ഉമ്മ.. റാഗിംഗ് ഒക്കെ ഉണ്ടാകുംട്ടൊ അന്റെ കരച്ചിലൊന്നും നടക്കൂല.. ഇക്കാക്കയാണ്. ഈ സാധനമിപ്പോ എവിടുന്നു വന്നു ആവോ...
എന്റെ നെഞ്ച് പടാപടാന്നു മിടിച്ചു. പിന്നീടുള്ള എന്റെ ദിവസങ്ങൾ ആ ദിവസമെത്താതിരിക്കാനുള്ള പ്രാര്ഥനകളാൽ നിറഞ്ഞു. പക്ഷെ പടച്ചോനാ വിളി കേട്ടില്ല.. ആദ്യ ദിവസം പക്ഷെ ഇക്കാക്ക കൊണ്ടു വിട്ടു. തിരിച്ചു വരുമ്പോൾ ഒറ്റയ്ക്ക് ബസിനു വരണം എന്ന മുന്നറിയിപ്പും തന്നു. പുതിയ യൂണിഫോം ധരിച്ചു എപ്പോഴും താഴ്ത്തി മാത്രം പിടിച്ച തലയുമായി ഞാനാ വലിയ കെട്ടിടത്തിൽ കയറി ചെന്നു..
8E ആണ് ഡിവിഷൻ. വീട്ടിനുള്ളിൽ പോലും ഉറക്കെ സംസാരിക്കാതെ വളർന്ന എന്നെ പക്ഷെ അവിടെ നേരിട്ടത് ബഹളം വെച്ചു മാത്രം ശീലമുള്ള കുറെ കുട്ടികളായിരുന്നു. അതിൽ തന്നെ മൂന്നു പെൺകുട്ടികൾ . പെണ്ണോ ആണോ.. ??😇ആൺപിള്ളേരോട് തല്ലു പിടിക്കുന്നു നീ വന്നു നോക്കെടാ അപ്പോൾ കാണാം എന്നൊക്കെ വിളിച്ചു പറയുന്നു ആകെ കച്ചറ ലൈൻ !!
എങ്ങനെയോ അവിടുന്ന് സമയം തള്ളി നീക്കി ഓടി പിടിച്ചു ബസ് കയറി.. ബെക്കോട്ട് നിക്ക്.. ബെക്കോട്ട് നിക്ക് കണ്ടക്ടർ വിളിച്ചു പറഞ്ഞോണ്ടിരുന്നു.. ബസ് നിമിഷങ്ങൾ കൊണ്ടു നിറഞ്ഞു..
ഒരു വിധം പിടിച്ചു നിന്ന എന്റെ പുറത്ത് ആരുടെയോ കൈ വീണു.. തിരക്കല്ലേ അറിയാതെ തട്ടിയതായിരിക്കും. ഞാൻ അവിടെ തന്നെ നിന്നു. ദേ വീണ്ടും. ഞാൻ ചൂളി പോയി.. പേടിച്ചു ഞാൻ മുന്നോട്ടു നിരങ്ങി നിന്നു. ആദ്യത്തെ പുതിയ സ്കൂൾ ദിവസം അങ്ങനെ സംഭവബഹുലമായി.
" ഉമ്മാ കൊറേ തല തെറിച്ച പെൺകുട്ടികൾ ഉണ്ടവിടെ" ആൺകുട്ടികളെ കയ്യൊക്കെ പിടിച്ചു.. ഞാനുമ്മയോട് ബസിലെ സംഭവം ഒഴിച്ച് ബാക്കിയെല്ലാം വിവരിച്ചു. "ന്റെ മോൾ ഓരോടൊന്നും മുണ്ടണ്ടാട്ടോ... ഉമ്മ ഉപദേശിച്ചു.. അല്ലെങ്കിലും അത് ഞാൻ ആദ്യേ വിചാരിച്ചതാണ്. ഇങ്ങനെ ണ്ടാവോ പെൺപിള്ളേർ... അവരെ ഓർത്തു തന്നെ ഞാൻ അന്നുറങ്ങി. പിറ്റേന്ന് ഞാൻ ആ കുട്ടികളെ കണ്ട ഭാവം നടിച്ചില്ല. അവരെ മാത്രമല്ല ആരെയും. സ്വന്തം കാര്യം മാത്രം നോക്കി അങ്ങനെ ദിവസങ്ങൾ പോയി. കണ്ടക്ടർ എത്ര നിര്ബന്ധിച്ചാലും പിന്നോട്ട് പോകാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. ഒരു ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ ആ മൂവർ സംഘത്തിലൊരാൾ എന്റടുത്തു വന്നു. ആഹാ മുട്ട പൊരിച്ചതുണ്ടല്ലോ.. എന്റെ അനുവാദത്തിനു കാത്തു നില്കാതെ അവളദെടുത്തു കഴിച്ചു. പകച്ചു പോയി എന്റെ ബാല്യം. വൃത്തികെട്ടവൾ. എന്റെ സ്വന്തം മുട്ട പൊരിച്ചത് എന്നോട് ചോദിക്കാതെ എടുത്തു തിന്നിരിക്കുന്നു. എനിക്ക് പെരുത്ത് ദേഷ്യം വന്നു. പക്ഷെ കമാന്ന് ഒരക്ഷരം ഏഹേ.. മിണ്ടിയില്ല. പിന്നെ ഞാൻ പോലും അറിയാതെ അവർ 3 പേരും എന്നിലേക്ക്‌ അടുത്ത് കൊണ്ടിരുന്നു... കൂട്ടത്തിലേക്ക് ഒരാൾ കൂടി വന്നു. അങ്ങനെ മൂവർ സംഘം അഞ്ചായി. കളിയും ചിരിയും തമാശയും.. ആര് കമന്റ്‌ അടിച്ചാലും തിരിച്ചു പറയാൻ അവർ എന്നെ നിർബന്ധിച്ചു കൊണ്ടേയിരുന്നു.എന്നാൽ ഞാൻ മാത്രം മറിയില്ല. എന്താടീ എന്ന് ചോദിച്ചോരോടൊക്കെ നീ പോടാ എന്നവർ പറഞ്ഞു.. ഞാൻ അഭിമാനത്തോടെ അവരെ നോക്കിയതല്ലാതെ എന്റേതായി ഒന്നും പറഞ്ഞില്ല... അങ്ങനെ ഞാൻ പേടിച്ച ദിവസം വന്നെത്തി. ഒരിക്കൽ കൂടി ബസിൽ പിന്നിൽ നിൽക്കേണ്ടി വന്നു.. ഭയപ്പെട്ട പോലെ ആരും തൊണ്ടിയില്ല. പക്ഷെ ഇന്നും മുഖമറിയാത്ത അയാൾ എന്തോക്കെയോ പറഞ്ഞു കൊണ്ടിരുന്നു. പുതിയതാടാ.. ഞാൻ കണ്ടിട്ടില്ല.. ഒന്ന് തിരിഞ്ഞെങ്കിൽ... ബാക്ക് ഓക്കേ... അങ്ങനങ്ങനെ ഓരോന്ന്.. എനിക്കിറങ്ങാനുള്ള സ്റ്റോപ്പ്‌ ആണ് അടുത്തത്.. എന്തെങ്കിലും ചെയ്യ്.. മനസ്സ് നിർബന്ധിച്ചു കൊണ്ടിരുന്നു.. .. റ്റിംഗ്..... ബസ് ബ്രേക്ക് ചവിട്ടി ഞാനവന്റെ കാലിലും..
എടാ.. ഓള് ചവിട്ടിയ് ...... അവനത് പറഞ്ഞു തീരുന്നതിനു മുൻപേ ഞാൻ ഓടിയിറങ്ങി... !!! അന്നെന്റെ തല ഉയർന്നു.... അതിനു ശേഷം പലവട്ടം...!!!
കയ്യില് ചുമ്മാ ബസിൽ വച്ചു തൊട്ടോണ്ടിരുന്ന ഒരുത്തന്റെ കയ്യിൽ സേഫ്റ്റി പിന് കൊണ്ടു കുത്തിയപ്പോഴും.. ട്രെയിനിൽ ഫോട്ടോ എടുത്തവന്റെ ഫോൺ ബഹളം വച്ചു നാട്ടുകാരെ കൊണ്ടു തുറന്നു നോക്കിപ്പിച്ചപ്പോഴും തല വീണ്ടും വീണ്ടും ഉയർന്നു...
നന്ദി... തല താഴ്ത്തി പിടിക്കലാണ് അടക്കം എന്ന തെറ്റിദ്ധാരണയിൽ നിന്നും തല ഉയർത്തി പിടിക്കാൻ പഠിപ്പിച്ച എന്റെ കൂട്ടുകാർക്ക് .. എന്താടീ എന്ന് ചോദിച്ചവരോട് ഞാനാടാ എന്ന് പറയാൻ പഠിപ്പിച്ച എന്റെ കൂട്ടുകാർക്ക് ..
നിശ്ശബ്ദതയല്ല പ്രതികരണമാണ് തെറ്റിനെ എതിർക്കേണ്ട രീതി എന്ന് പറഞ്ഞു തന്ന എന്റെ കൂട്ടുകാർക്ക്... നന്ദി.... !!!!!!!!!!!!!!
ശുഭം
mirshafasil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo