Slider

#നെഞ്ചുരുക്കം

0
അവളെ തന്നെ കെട്ടിയാൽ പിന്നെ ' ഒരിക്കലും നീ ഗുണം പിടിക്കുകയില്ല
അവളെ തന്നെ കെട്ടി വന്നാൽ പിന്നെ ഈ വീടിന്റെ പടി ഞാൻ കയറ്റില്ല
അമ്മ ഒരു ഭാഗത്ത് ഉറഞ്ഞു തുള്ളിക്കൊണ്ട് പറഞ്ഞു..
അതു വരെ തേനൊലിപ്പിച്ചിരുന്ന പെങ്ങളൊരുത്തിയാണേൽ കെട്ടിയോന്റെ വിലയും നിലയും നോക്കി പറഞ്ഞത്
അവളെയും കെട്ടി വന്നാൽ പെങ്ങളായി ഞാനീ വീട്ടിലുണ്ടാവില്ല എന്നാണ്..
ഞാൻ ചെന്നു വിളിച്ചില്ലേൽ ഉത്തരത്തിൽ കെട്ടി ചാവുമെന്നു പറഞ്ഞവളും ഒറ്റക്കാലിൽ നിന്നപ്പോൾ എന്റെ കാലുകൾ നിലത്തുറക്കാത്തതു പോലെയായി..
അച്ഛനിത് കേട്ട പിന്നെ എന്നോട് മിണ്ടാറില്ല..
ഒരു സപ്പോര്‍ട്ടിനായി അനിയന് അന്നും കൊടുത്തു നൂറിന് പകരം അഞ്ഞൂറിന്റെ നോട്ട്
അഞ്ഞൂറിന്റെ ഉദ്ദേശ ലക്ഷ്യം മനസ്സിൽ കണ്ട് അവനും തിരിഞ്ഞു നടന്നു..
എന്തായാലും എന്റെ കല്യാണ കാര്യത്തിലും ഒരു തീരുമാനം ആയി..
അവളെയും കൂട്ടി വീട്ടിലേക്ക് വന്നാൽ പിന്നെ സ്വസ്ഥത എന്നത് കിട്ടില്ല എന്നും മനസ്സിലായി..
ഒരു സപ്പോര്‍ട്ടിന് വേണ്ടി അമ്മാവനോട് കാര്യം അവതരിപ്പിച്ചപ്പോൾ ഒരു ചിരിയിലൂടെ വായിലിരിക്കുന്ന മുറുക്കാനൊന്ന് നീട്ടി തുപ്പി അമ്മാവൻ പറഞ്ഞു
കുടുംബത്തിന്റെ മാനം നീ കലക്കല്ലെടാ എന്ന്
ആ നിമിഷം അമ്മാവന്റെ രണ്ട് മക്കളിൽ ഒരുവളെങ്കിലും ഒളിച്ചോടി പോണേ എന്ന് ഞാൻ പ്രാർത്ഥിച്ചു..
പിന്നെ ഒന്നും ആലോചിച്ചു സമയം കളഞ്ഞില്ല എന്തായാലും അവളെ മരണത്തിന് വിട്ടു കൊടുക്കില്ല എന്ന് ഞാൻ ഉറപ്പിച്ചിരുന്നു..
വീട്ടുകാരെ പിന്നീട് പറഞ്ഞു മനസ്സിലാക്കാം എന്ന് കരുതി..
കൊട്ടും കുരവയും ഇല്ലേലും കെട്ടു നടന്നു
അടുത്തൊരമ്പലത്തിൽ പോയി താലി കെട്ട്
പൂവും പൂക്കാലമില്ലേലും ഒരു പൂമാല അവളുടെ കഴുത്തിലും ചാർത്തി
കൂടെ എന്തിനും വാലായ കൂട്ടുകാർക്കന്ന് പായസമൊന്നുള്ള ചെറിയൊരു ഊണ്..
അവളെയും കൂട്ടി വാടക വീട്ടിലേക്ക് കയറുമ്പോൾ ഒരിക്കലും ഞങ്ങൾ സന്തോഷവാന്മാരായിരുന്നില്ല..
ഞാൻ തന്നെ നിലവിളക്ക് കൊളുത്തി അവളെ സ്വീകരിക്കുമ്പോൾ
അവളെ പുഞ്ചിരിയോടെ വലതു കാൽ വെപ്പിച്ച് അകത്തേക്ക് ആനയിക്കുന്ന അമ്മയുടെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞിരുന്നു..
ആദ്യ രാത്രിയിലവളുടെ മുഖത്തും എന്റെ മുഖത്തും ഒട്ടും സന്തോഷമില്ലായിരുന്നു..
വീട് പോയത് കൊണ്ടല്ല അത്..
നാട് കാണാത്തത് കൊണ്ടല്ലത്
അമ്മയുടെ അനുഗ്രഹം ഇല്ലാതെ അച്ഛന്റെ ആശീര്‍വാദമില്ലാതെ രണ്ട് പേർക്കുമായി എന്തു സന്തോഷം എന്ന് ഓർത്തായിരുന്നത്..
ഏറെ ഓർത്തു മിഴി നിറച്ചവൾ ആ മിഴികൾ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞത് ആരും നഷ്ടപ്പെടില്ല എല്ലാം ശരിയാകും എന്നാണ്..
അവളുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ രണ്ട് ആട്ടും തുപ്പും പ്രതീക്ഷിച്ചവൾക്ക് മുമ്പിൽ പടി കയറി പോകരുതെന്ന വാക്കുകളാണ് അമ്മയും അച്ഛനും ഒരേ സ്വരത്തിൽ ഉരുവിട്ടത് .
കുടുംബ മാനം കളഞ്ഞവളൊന്നും ഈ വീട്ടിൽ വേണ്ട എന്നുള്ള ഏട്ടന്റെ വാക്കുകൾ കൂടി കേട്ടപ്പോൾ അവൾ പൊട്ടിക്കരഞ്ഞിരുന്നു..
തിരിച്ച് പടിയിറങ്ങുമ്പോൾ ഒരായിരം വട്ടം അവൾ മാപ്പ് പറഞ്ഞിരുന്നു..
എന്റെ വീട്ടുകാരും ആ കാര്യത്തിൽ ഒട്ടും മോശമായിരുന്നില്ല .
അച്ഛൻ കുടുംബത്ത് നിന്ന് ഒരു തരി മണ്ണു തരില്ലെന്ന് പറഞ്ഞപ്പോൾ...പണ്ടും അതു മോഹിക്കാത്ത എനിക്കത് കേട്ടപ്പോൾ സങ്കടം തോന്നിയില്ല
നീ ഒരിക്കലും ഗുണം പിടിക്കില്ല ഈ വീട്ടിലേക്കിനി വരേണ്ടതില്ലെന്ന് പറഞ്ഞു വാതിൽ കൊട്ടിയടക്കുമ്പോൾ ഒരു വിങ്ങൽ എന്നിലൂടെ കടന്നു പോയിരുന്നു..
വർഷമൊന്നായി.
അനിയന്റെ കല്യാണം നടന്നു .
വന്നു വിളിച്ചില്ല അവൻ പോലും .
ഞാൻ കുടുംബത്തിന്റെ മാനം കളഞ്ഞവനായത് കൊണ്ട് വിളിക്കേണ്ടെന്നവനും തീരുമാനിച്ചു കാണും..
ഒത്തിരി സങ്കടത്തിനിടയിലും അവൻ നന്നാവട്ടെ എന്നായിരുന്നു ഞാൻ പ്രാർത്ഥിച്ചത്..
പ്രാക്ക് മാത്രം മിച്ചമുള്ള ഞാൻ
ഇന്ന് ശരിയാകും നാളെ ശരിയാവും , വീട്ടുകാരെല്ലാം ഒന്നാവും എന്ന് കരുതിയുള്ള സ്വപ്നങ്ങൾ കണ്ടു.
എന്നേക്കാളേറെ അവളും കണ്ടു..
വീടുവെച്ച് മാറുമ്പോൾ ചെന്നു പറഞ്ഞു
അവളുടെ പ്രസവമടുത്തപ്പോൾ ചെന്നു പറഞ്ഞു..
കൊച്ചൊന്നായി കൊച്ചിന്റെ നൂലു കെട്ടൽ ചെന്നു പറഞ്ഞാലെങ്കിലും വരുമെന്ന് കരുതി ഞങ്ങൾ ഊണൊരുക്കി സ്നേഹമൊരുക്കി കാത്തിരുന്നു.. അവർ വന്നില്ല..
ഞാൻ തനിച്ചായ ഒരു ദിവസം എല്ലാവരും എത്തി..
വിധി കാത്തുവെച്ച ആ ദിവസം..
അന്നവളെ എല്ലാവർക്കും കാണാനായി കോലായിൽ പൊതിഞ്ഞു വെച്ചിട്ടുണ്ടായിരുന്നു..
ആട്ടിയിറക്കാൻ മുമ്പിൽ നിന്ന അവളുടെ ഏട്ടനെന്താ ഇന്ന് കൈകൾ ഉയരാത്തത്..
പടി കയറിപ്പോകരുതെന്ന് പറയാൻ അവളുടെ അച്ഛനെന്താ ഇന്ന് മുതിരാത്തത്..
നശിച്ച് പോകുമെന്ന് പറയാൻ അവളുടെ അമ്മക്ക് ഇന്നെന്താ നാവനങ്ങാത്തത്..
ജീവനുണ്ടെന്നേയുള്ളു എനിക്കന്ന്
അതു കൊണ്ടാണ് വന്നവരോടെല്ലാം ഞാൻ ചിരിച്ചത്..
എല്ലാവരും വരുമ്പോൾ ഞാൻ എങ്ങനെ ചിരിക്കാതിരിക്കും എന്നെക്കാളേറെ എല്ലാവരും ഒന്നാകുന്ന സ്വപ്നം കണ്ടതവളാണ്..
അവളെ മണ്ണിലേക്ക് വെക്കുമ്പോൾ കുടുംബത്തിന്റെ മാനം എന്റെ തലയ്ക്കു മുകളിലിരുന്നു ചിരിക്കുന്നുണ്ടായിരിന്നു..
കുടുംബത്തിന്റെ മാനം കളഞ്ഞ ഈ ഗുണം പിടിക്കാത്തവൻ ഈ കുരുത്തം കെട്ടവൻ അവൾക്ക് മാത്രം ദൈവമായിരുന്നു..
വെട്ടമില്ലാത്ത വീട്ടിൽ ഞാനവളുടെ ഓർമ്മകളെ തൊട്ടു തലോടുമ്പോൾ ഒരു നനുത്ത മഴ പുറത്തു പെയ്യുന്നുണ്ടായിരുന്നു..
എ കെ സി അലി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo