നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുഞ്ഞിമാളു

Image may contain: മുരളിലാസിക മുരളിലാസിക, selfie and closeup

വയലിലേക്ക് മകരക്കുളിരരിച്ചിറങ്ങിയിരുന്നു പടിഞ്ഞാറേ ദിക്കിൽ ചുവപ്പിൽ മുങ്ങി സൂര്യൻ താഴാനൊരുങ്ങി
"അമ്മേ ... തെക്കേക്കളത്തിൽ വിളക്കു വച്ചിട്ടില്ല .
ആറാം ക്ലാസ്സുകാരനായ എന്റെ ചോദ്യം കേട്ട് പൂമുഖത്ത് നിന്നും ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു.
" വച്ചിട്ടുണ്ടാവും നന്ദുട്ടാ ... സന്ധ്യയായതേയുള്ളു ഇരുട്ട് പരന്നാൽ കാണുംട്ടോ .
അമ്മയുടെ വാക്കുകൾ കേട്ടുകൊണ്ട് ഏട്ടനും വന്ന് തെക്കേക്കളത്തിലേക്ക് നോക്കി .
" ഉണ്ട് ട്ടോ നീ ശരിക്ക് നോക്ക് ...
ഏട്ടനെന്റെ തല പിടിച്ച് മുൻപി
ലേക്ക് ഉന്തി തള്ളി നോക്കാൻ പറഞ്ഞു.
" ഒരു മിന്നാമിനുങ്ങു പോലെ കാണണില്ലേ ? ഡാ ശരിക്ക് നോക്ക് ...
" ഉം കണ്ടു ... മിന്നാമിന്നി വെട്ടം പോലെ ..
എന്റെ മുഖത്തൊരു ചിരി വിടർന്നു തെക്കേക്കളം ... ദേവൻ മാഷും ശാരദ ടീച്ചറും ...
വീട്ടിൽ നിന്നും നോക്കിയാൽ വിശാലമായി പരന്നു കിടക്കുന്ന പാടശേഖരത്തിന്റെ തെക്കേ ദിക്കിൽ കാണുന്ന വലിയ വീട് .
ഞാൻ സംഗീതത്തിന്റെ ആദ്യ സ്വരങ്ങൾ പഠിക്കാൻ പോകുന്ന തെക്കേക്കളം മന .ദേവൻ മാഷും ശാരദ ടീച്ചറും വിവാഹം കഴിഞ്ഞ് 20 വർഷം കഴിഞ്ഞിട്ടാണ് അവർക്കൊരു പെൺകുഞ്ഞു ജനിച്ചത് കാർത്തിക എന്നു പേരുള്ള കാർത്തു. അവൾ എന്റെ ക്ലാസ്സിലായിരുന്നു.
മുറ്റത്തെ തുളസിത്തറയ്ക്കഭിമുഖമായി കോലായിയിൽ ഇരുന്നു സന്ധ്യാനാമം ചൊല്ലുന്ന മുത്തശ്ശിയുടെ വിറയാർന്ന ശബ്ദത്തിനിടയിൽ ഒരു കുഞ്ഞു കിളി ശബ്ദം കേട്ടപ്പോൾ ഞാനും ഏട്ടനും കോലായിലേക്ക് ചെന്നു .
കുഞ്ഞിമാളു എട്ടു വയസ്സുകാരി തൊട്ടാവാടി പെണ്ണ് .. ഞങ്ങളുടെ അയൽവാസി ശങ്കരേട്ടന്റെ മോള് ... വാടകക്കാരായിരുന്നു അവർ ശങ്കരേട്ടൻ അന്ന് ഡൽഹിയിലോ മറ്റോ ട്രെയിൻ തുരങ്കത്തിന്റെ പണിയിലാണ് 6 മാസം കൂടുമ്പോഴേ വരു .
ഏട്ടൻ സന്ധ്യാനാമത്തിനിരിക്കുമ്പോൾ ഞാൻ വേഗം അച്ഛന്റെ മുറിയിലെ വലിയ റേഡിയോയിൽ ആകാശവാണിയിലെ ശ്രീ കാവാലം ശ്രീകുമാറിന്റെ ലളിതസംഗീത പാഠം ശ്രവിച്ചിരിക്കും ...
അതു കാണുമ്പോഴേ അമ്മ വന്നു ചെവിയിൽ തൂക്കി മുത്ത്ത്തശ്ശിക്കരികിൽ ഇരുത്തും ... സന്ധ്യയിൽ ഇരുട്ട് കനത്ത് വരുമ്പോൾ പുസ്തക കെട്ടുമായി പൂമഖത്തിരുന്ന് പഠിക്കാൻ കുഞ്ഞിമാളുവും ഉണ്ടാകും ... കുഞ്ഞിമാളു കൂടപ്പിറപ്പല്ലെങ്കില്ലും ... ഞങ്ങൾക്ക് അനിയത്തിക്കുട്ടി തന്നെയായിരുന്നു . അമ്മയ്ക്കും മുത്തശ്ശിക്കും അവളോടല്പം സ്നേഹകൂടുതലായിരുന്നു. പൊതുവേ എന്ത് കാര്യത്തിനും പെട്ടന്ന് സമ്മതിക്കാത്ത പ്രകൃതമായ ഞാനും അവളും തന്നെയായിരുന്നു മിക്ക്യ്പ്പോഴും വഴക്ക് ...
താലൂക്കാപ്പീസിൽ ജോലിയുള്ള അച്ഛൻ നേരത്തേ ആപ്പീസിൽ നിന്നിറങ്ങിയാലും വീട്ടിലെത്താൻ രാത്രിയാകും കാവിനോട് ചേർന്നുള്ള പാട വരമ്പിലൂടെ രണ്ട് കട്ട ബാറ്ററിയുടെ മങ്ങിയ വെളിച്ചം കാണുമ്പോഴെ ഉച്ചത്തിൽ വായിക്കുന്ന ഞങ്ങൾക്ക് അച്ഛന്റെ പോക്കറ്റിലെ നൂലിൽ തിരിയ്ക്കാവുന്ന വട്ടത്തിലുള്ള ഗ്യാസ് മിഠായിയിലാകും മനസ്സ് മുഴുവൻ ...
വീട്ടിലെ അത്താഴവും കഴിച്ച് കുഞ്ഞിമാളുവിനെ അവളുടെ വീട്ടിലേക്കയക്കാൻ അച്ഛന്റെ മിന്നാമിന്നി ടോർച്ചുമായി എനിക്കു തന്നെ നടക്കണമായിരുന്നു മുൻപിൽ .
തിരിച്ച് വീട്ടിലേക്ക് ശരവേഗത്തിലൊരോട്ടം .
പുലർച്ചേ കാവിലെ കാഞ്ഞിരമരക്കൊമ്പത്തിരുന്നു കാക്ക കരയുന്നതിനു മുൻപേ കുഞ്ഞിമാളു ഉണർന്നു വരും .അമ്മയുടെ അടുക്കള പാത്രങ്ങളുടെ കലപിലയിൽ അവളുടെയും കലപില കൂടിക്കലരുമ്പോൾ മഞ്ഞുവീണ് ആവി പറക്കുന്ന കുളത്തിലേക്കോടുന്ന എനിക്ക് തെക്കേക്കളത്തിലെ ശാരദ ടീച്ചറുടെ ഇലയടയിൽ കുതിർന്നു കിടക്കുന്ന അവിലിലും ശർക്കരയിലുമാകും മനസ്സ് ...
ഒറ്റക്കരയുള്ള കുഞ്ഞു മുണ്ടുടുത്ത് കറുകപ്പുല്ലുകളിലെ മഞ്ഞിൻ കണങ്ങളെ തട്ടി തെറിപ്പിച്ചു വെള്ളിയരഞ്ഞാണം പോല കിടക്കുന്ന തോടും തോട്ടുവരമ്പിലൂടെ കൈതപ്പൂവും കുമ്പള പൂവും പറിച്ച് കുഞ്ഞിമാളുവും ഞാനും ഏട്ടനും ഓടുകയാകും ... പാതി വഴിയിൽ കൈയ്യിലേ പാൽ പാത്രവുമായി ഏട്ടൻ ബാപ്പുട്ടി ഇക്കയുടെ ചായപ്പീടികയിലേക്ക് തിരിഞ്ഞോടുമ്പോൾ ഏട്ടൻ എന്നും വിളിച്ചു പറയും കുഞ്ഞിമാളുവിനെ നോക്കണംട്ടോ ..
വെറ്റില ചെല്ലവുമായി ദേവൻ മാഷ് വായനിറയെ മുറുക്കി ക്ലാവു പിടിച്ച കോളാമ്പിയും മുന്നിൽ വച്ച് കാവൽഭടൻമാരെ പോലെ കറുത്ത് തടിച്ച മരത്തൂണുകളുള്ള നീണ്ട കോലായിയിൽ ഇരുപ്പുണ്ടാകും ...
മുൻപിൽ പൊന്നുട്ടനും ... കരീമിക്കയുടെ മുനീറ്ക്കുട്ടിയും ജാനു ചേച്ചിയുടെ കുട്ടാപ്പിയും പല്ലു തേയ്ക്കാതെ വരുന്ന...കുട്ടാപ്പിയ്ക്ക് കാലിന് സുഖമില്ല ജനിച്ചപ്പഴേ അങ്ങനെയായിരുന്നെന്ന് അമ്മ പറഞ്ഞിട്ടാണറിഞ്ഞത് ...
അവന്റെ അച്ഛൻ മഞ്ഞപ്പിത്തം വന്നു മരിക്കുമ്പോൾ അവൻ മുലകുടിമാറിയിട്ടില്ലായിരുന്നുവെന്നും അമ്മയാണ് പറഞ്ഞത് .
അടുക്കളയിലേക്കൊന്നു എത്തിനോക്കി നടുമുറ്റത്തേ മൺത്തറയിൽ തളിർത്തു നിൽക്കുന്ന കൃഷ്ണ തുളസിയിൽ നിന്നും ഒരു തളിരിലയും ഇറുത്ത് ചവച്ചരച്ച് നീരിറക്കിയിട്ടേ ദേവൻ മാഷിന്റെ മുൻപിൽ ഞാനിരിക്കു ..
സംഗീത ക്ലാസിനിടയിൽ കാർത്തുവിനെ വിളിച്ചുണർത്തുന്ന ശാരദ ടീച്ചറുടെ ഒച്ചപ്പാടും ബഹളവും കേൾക്കാം .. നേരത്തെ എഴുന്നേൽക്കാൻ മടിയുള്ള കർത്തുവിന്
പഠിക്കാനും മടിയായിരുന്നു. എന്നാൽ പാട്ട് പഠിക്കാനുമിരിക്കില്ല വികൃതിക്ക് കൈയും കാലും വച്ചൊരു നീർക്കോലി പെണ്ണ് .
തിരിച്ച് പോരാൻ നേരം സ്നേഹത്തോടെ ശാരദ ടീച്ചറുടെ കൈയ്യിൽ നിന്നും കിട്ടുന്ന ഇലയടയും തിന്ന് അടുക്കളയിൽ നിന്ന് കോലായിലേക്ക് വരുമ്പോൾ വാതിൽ പൊളിയിൽ മറഞ്ഞു നിൽക്കുന്ന കാർത്തുവിന്റെ നുള്ള് കൊണ്ട് വേദനയോടെ കണ്ണു നിറച്ചു കോലായിലേക്കിറങ്ങും.
മുറ്റവും കഴിഞ്ഞു പോരുമ്പോഴേക്കും അകത്തു നിന്നും കാർത്തുവിന്റെ അലറിക്കരച്ചിൽ കോൾക്കാം ...
എന്നെ നുള്ളുന്നത് കണ്ട് ശാരദ ടീച്ചർ അവൾക്ക് ചുട്ടയടി തുടയിൽ കൊടുത്തിട്ടാവും ആ കരച്ചിൽ ...
കരച്ചിൽ കേൾക്കുമ്പോൾ നിറഞ്ഞ കണ്ണുകളോടെ ഞാൻ തിരിഞ്ഞു നോക്കുമ്പോഴേക്കും ...അങ്ങിനെ വേണമവൾക്കെന്നും പറഞ്ഞ് കുഞ്ഞിമാളു എന്റെ കൈ പിടിച്ച് വലിച്ച് നടന്നിട്ടുണ്ടാകും ...പോരുമ്പോൾ നിറയെ പൂക്കൾ പറിക്കും തോട്ടുവരമ്പിലെ മുള്ളുള്ള കൈതതുമ്പിലേക്ക് കൈതപ്പൂ പറിക്കാൻ പണിപ്പെട്ട് കൈ എത്തിക്കുമ്പോഴാകും കുഞ്ഞിമാളു അത് പറയുക .
" നന്ദുട്ടനെന്താ കാർത്തുവിനൊരു അടി കൊടുത്താൽ നീ ആങ്കുട്ടിയല്ലേ ...?
അത് കേട്ട് കുഞ്ഞിമാളുവിനെ ഒന്നു തിരിഞ്ഞു നോക്കുമ്പോഴേക്കും പിടി വിട്ട് തോട്ടിലേക്ക് വീണിട്ടുണ്ടാകും .
കയ്യിലും കാലിലും തറഞ്ഞു കയറിയ കൈതമുള്ളുകൾ വേദനയിൽ നിന്റെ തല എന്ന് ദേഷ്യത്തോടെ
പറഞ്ഞു കൊണ്ട് കരയിലേക്ക് കയറുമ്പോൾ അവളുടെ കാലിലെ നൂല് കൊണ്ട് കെട്ടി നിറുത്തിയ വെള്ളിക്കൊലുസിന്റെ കിലുക്കം പോലുള്ള നിറുത്താതെയുള്ള ചിരിയാകും .
നനഞ്ഞൊട്ടി പാടവരമ്പിലൂടെ പോരുമ്പോൾ എതിരെ വരുന്ന പണിക്കാര് പെണ്ണുങ്ങളുടെ കളിയാക്കൽ
" ആഹാ നനഞ്ഞ യേശുദാസും ജാനകിയും ഇതാ പോണു. കറുത്ത നീലിയാണ് എപ്പോഴും കളിയാക്കാറ് ... അവരെ കാണുന്നത് തന്നെ ദേഷ്യമായിരുന്നു അന്നെനിക്ക്
കാളപ്പൂട്ട് കണ്ടത്തിൽ നിന്ന് വാരിയെല്ലുന്തിയ കാളകളെ പൂട്ടുന്ന കടുങ്ങൻ ചേട്ടന്റെ ചേറിന്റെ മണമുള്ള നാടൻപാട്ട് കേൾക്കാം .മണ്ണിന്റെ ആത്മാവിൽ നിന്നും വരുന്ന ആ പാട്ട് കേൾക്കുമ്പോൾ ഒരു വേദനയാണ് മനസ്സിൽ .
വടക്കേല കതിരുകൾ കൊയ്യട്ടെ തമ്പ്രാ ....
തെക്കേലേ വല്ലം നിറക്കട്ടെ തമ്പ്രാ ...
മാനത്ത് കത്തുന്ന സൂര്യൻ മൂർദ്ധാവിലെത്തുമ്പോൾ
ഏങ്കളെ പള്ളേലെരിയുന്നു വിശപ്പ് ...
കടുങ്ങൻ ചേറിൽ കുളിച്ച് നീട്ടി പാടുന്ന നാടൻ പാട്ട് .
എന്നും രാവിലെ തെക്കേക്കളത്തിലേക്കുള്ള ഓട്ടവും പൂ പറിക്കലും ചിത്രശലഭങ്ങളെ പോലെ ഒരു ബാല്യകാലം .
ഇലകൾ കൊഴിയും പോലെ ദിനങ്ങൾ മാസങ്ങൾ
കൊഴിഞ്ഞു പോകവേ ... കുംഭമാസത്തിലെ ഒരു സന്ധ്യയിൽ മുത്തശ്ശി നാഗപ്പത്തി വിളക്ക് കഴുകി വൃത്തിയാക്കുമ്പോൾ കുഞ്ഞിമാളു ചോദിച്ചു .
" എന്തിനാ മുത്തശ്ശി ഇപ്പോ ഈ വിളക്ക് കഴുകണേ ?
" അതോ ആയില്യം നാളടുക്കാറായില്യേ കുഞ്ഞ്യേ... കാവില് പൂജയ്ക്കാ .
" നിക്ക് പേടിയാ കാവിലെ സർപ്പത്തേ ...
ഇത് കേട്ട മുത്തശ്ശി ഒന്നു ചിരിച്ചു .
" പേടിക്കണ്ട ട്ടോ .. സ്നേഹമുള്ളവരാ സർപ്പങ്ങള് ഈ മണ്ണും മനുഷ്യനും മരങ്ങളും സർപ്പങ്ങളും ഒക്കെ ബന്ധുക്കളാ ... സർപ്പങ്ങളില്ലെങ്കി നമ്മുക്കൊന്നും ജീവിക്കാൻ പറ്റില്യാ ന്റെ കുട്ട്യേ ...
ഒന്നും മനസ്സിലാകാതെ കുഞ്ഞിമാളു ഞങ്ങളെ നോക്കി .
അന്ന് സന്ധ്യയായപ്പോഴേക്കും അച്ഛനെത്തി . കൂടെ തെങ്ങുകയറ്റക്കാരൻ വാസുവേട്ടനും പിന്നെ നാണുപ്പിളളയും ..
അമ്മയോട് ഇരുപതോളം പേർക്കുള്ള കട്ടൻ ചായ ഉണ്ടാക്കാൻ പറഞ്ഞപ്പോഴേ എനിക്ക് കാര്യം പിടിക്കിട്ടി ... ഇന്ന് വീട്ടിൽ സാക്ഷരതാ ക്ലാസ്സ് ഉണ്ടാകും .
അല്പനേരം കഴിഞ്ഞപ്പോൾ പാടവരമ്പിലൂടെ നിറയെ ചൂട്ടു വെളിച്ചങ്ങൾ മിന്നി ആളുകൾ വീട്ടിലേക്ക് വന്നുകൊണ്ടിരുന്നു. ആദ്യം വന്നത് നീലി തള്ളയായിരുന്നു. എന്നെ കണ്ടയുടനെ ... യേശുദാസാ അത്താഴം കഴിച്ചോ എന്നൊരു ചോദ്യവും പിന്നെ നേരെ അടുക്കളയിലക്ക് .ഇരുപതോളം വൃദ്ധജനങ്ങൾ ... അവസാനം വന്നത് ദേവൻ മാഷും കാർത്തുവും .. മഞ്ഞ ദാവണിയുടുത്ത് കാർത്തു ഞങ്ങൾ കുട്ടികളടുത്തേക്ക് ഓടി വന്നപ്പോൾ ... അവളുടെ ദാവണിയിൽ പിടിച്ച് കുഞ്ഞിമാളു ചോദിച്ചു ..
" ഇത് പുതിയതാ ?
" ഉം
കാർത്തു ഗമയോടെയൊന്നു മൂളി .
കുഞ്ഞിമാളുവിന്റെ കണ്ണുകൾ കാർത്തുവിന്റെ മഞ്ഞ ദാവണിയിൽ തന്നെ ഇഷ്ടത്തോടെ പതിഞ്ഞു കിടന്നു.
ദേവൻ മാഷും അച്ഛനും സാക്ഷരതാ ക്ലാസ്സെടുക്കുമ്പോളായിരുന്നു കാർത്തു കുഞ്ഞിമാളുവിനെ നുള്ളിയത് .
മഞ്ഞ ദാവണിയിൽ എപ്പോഴും പിടിച്ചു നോക്കിയിട്ടായിരുന്നു ആ നുള്ള് .
നുള്ളിയ കർത്തുവിന്റെ കൈ പിടിച്ച് ഞാനൊരു കടിയും കൊടുത്തു. വാച്ച് പോലെ ചുവന്ന് തിണർത്ത കൈ തണ്ടയുമായി അവൾ പൂമുഖത്ത് അമ്മയുടെ മടിയിൽക്കിടന്ന് കുറേ കരഞ്ഞു.
പോകുമ്പോൾ ചിണുങ്ങി കരയുന്ന കാർത്തുവിനോട് ദേവൻമാഷ് പറഞ്ഞു .
" നീ എന്നും രാവിലെ നന്ദൂനെ വേദനിപ്പിക്കാറില്ലേ ...?
അപ്പോഴേക്കും അമ്മ എന്റെ ചെവി പിടിച്ചു തുരുമ്മി പൊന്നാക്കിയിരുന്നു.
മുറ്റവും കഴിഞ്ഞ്‌ മാഷും കാർത്തുവും ഇരുട്ടു പുതച്ച പാടവരമ്പിലൂടെ ചൂട്ടും മിന്നിപോകുമ്പോൾ അവളുടെ മഞ്ഞ ദാവണി മറയും വരെ നോക്കി നിന്നു മനസ്സിൽ അവളുടെ തേങ്ങിക്കരച്ചിലും .
പിറ്റേന്ന് രാവിലെ തെക്കേക്കളത്തിൽ നിന്ന് സംഗീത ക്ലാസ് കഴിഞ്ഞ് പോരുമ്പോൾ ദേവൻ മാഷും ശാരദ ടീച്ചറും വയറ് നിറയെ പലഹാരവും കഴിപ്പിച്ചാണ് വിട്ടത് .. തോട്ടുവരമ്പത്തെത്തിയപ്പോൾ കൈത പൂക്കളെ കണ്ട് കുഞ്ഞിമാളു ഒന്നു കെഞ്ചി പറഞ്ഞു .
" നന്ദു ട്ടാ നിക്കാ കാണുന്ന പൂ വേണം .
" നേരല്യാ കുഞ്ഞി വേഗം പോകാം പൂ നാളെ പറിക്കാം സ്ക്കൂളി പോണ്ടേ ...ഏട്ടൻ ഒരിങ്ങീട്ട്ണ്ടാവും.
" നിക്കിന്ന് സ്ലൈറ്റ് മായ്ക്കാൻ ഒന്നുല്യാ .
അന്ന് ഞങ്ങൾ കൈത പൂവിന്റെ തടിച്ചതണ്ടുകൊണ്ടായിരുന്നു സ്ലൈറ്റ് മായ്ക്കുവാൻ ഉപയോഗിച്ചിരുന്നത് .
" ഞാൻ പോവ്വാ നീ വാ ...
അമ്മ വഴക്ക് പറയും ട്ടോ .
" ഞാനി പൂ പറിക്കട്ടെ നിക്ക് ...
" വേണ്ട കുഞ്ഞി വെള്ളത്തില് വീഴും ... നീ വാ നാളെ പറിക്കാം ..
എന്റെ വാക്കുകളെ അവഗണിച്ച് കുഞ്ഞിമാളു കൈത പൂവിലേക്ക് കൈയെത്തിച്ചതും അയ്യോ ... എന്ന് ഉറക്കെ കരഞ്ഞു വരമ്പിലേക്ക് മലച്ചു വീണതും ഒരുമിച്ചായിരുന്നു.
പേടിയോടെ ഞാൻ ഓടിച്ചെന്ന് കുഞ്ഞിമാളുവിനെ പിടിചെഴുന്നേൽപ്പിക്കുമ്പോൾ അവൾ വലതു കൈയ്യിന്റ വിരലുകൾ മുറുകെ പിടിച്ചു കരച്ചിലായ് വിരൽ പിടിച്ച് നോക്കുമ്പോൾ വിരലിന്റെ അറ്റത്ത് രണ്ട് ചോരത്തുള്ളികൾ ..കുഞ്ഞിമാളു കുഴഞ്ഞു എന്റെ കൈയ്യിൽ നിന്നും താഴേക്ക് ഊർന്ന് വീഴുമ്പോൾ ഞാൻ കൈതപൂ വിലേക്ക് ഒന്നു നോക്കി ... ഇഴഞ്ഞിറങ്ങി പോകുന്ന മഞ്ഞ നിറമുള്ള പാബ് ... അതിവേഗം അത് കൈതോല ചപ്പിലേക്ക് മറഞ്ഞു.
എന്റെ നെഞ്ചിലൊരു ഇടിമിന്നൽ ... ഭയത്താൽ ഞാൻ ഉറക്കെ കരഞ്ഞു ..
വിഷവൈദ്യന്റെ അടുക്കൽ നിന്നും കുഞ്ഞിയെ പട്ടണത്തിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത് ..
കുഞ്ഞിയുടെ അമ്മ കരഞ്ഞു തളർന്നിരുന്നു. വീടും നാടും ശോകമൂകമായ അന്തരീക്ഷം രണ്ട് നാൾ കഴിഞ്ഞ് കുഞ്ഞിയുടെ അച്ഛൻ വന്നു അപ്പോഴും കുഞ്ഞിക്ക് ബോധം വന്നിട്ടില്ലായിരുന്നു.
ഒരു നാട് മുഴുവനും അവൾക്കു വേണ്ടിയുള്ള പ്രാർത്ഥനയിലായി ... അന്ന് ദീപാരാധനക്ക് കാർത്തുവും വന്നിരുന്നു നിറകണ്ണുകളോടെ കുഞ്ഞിക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ അവളുടെ പുറകിൽ നിന്നും കണ്ണീരോടെ ഞാനും ഏട്ടനും പ്രാർത്ഥനയിൽ മുഴുകി .
മൂന്നാം നാൾ കുഞ്ഞി ഭൂമിയിൽ നിന്ന് ഞങ്ങളിൽ നിന്ന് യാത്രയായ് എന്ന വാർത്ത ഹൃദയം തകരുന്നതായിരുന്നു.
കുഞ്ഞിയുടെ ചെറിയ വാടകവീടിന്റെ മുറ്റത്ത് അബാലവൃദ്ധം ജനങ്ങൾ .കുഞ്ഞിയുടെ മരണം ഉൾക്കൊള്ളാനാവാതെ ഞാനും ഏട്ടനും കരഞ്ഞു തളർന്നിരുന്നു.
കുഞ്ഞിയുടെ വീട്ടുമുറ്റത്തേക്ക് ഒരു വെള്ള വാഹനം വന്നു നിന്നു. മുറ്റത്ത് കൂടി നിന്നവരിൽ നിന്നും ആരോ വിളിച്ചു പറഞ്ഞു ... കാണേണ്ടവർക്കെല്ലാം കാണാം .. ആൾക്കാരുടെ ഇടയിലൂടെ ഞാൻ പതിയെ കുഞ്ഞിയെ കിടത്തിയ കട്ടിലിനടുത്തെത്തി ...
മനസ്സിലൂടെ ഇന്നലകളുടെ ചിത്രങ്ങൾ ഓരോന്നും അതിവേഗം മിന്നി മറഞ്ഞു കൊണ്ടിരുന്നു. കൈത പൂക്കളും തൊട്ടാവാടി പൂക്കളും വെള്ള സിമ്മിയിട്ട് പത്ത് വയസ്സുകാരന്റെ വിരലിൽ തൂങ്ങി പരൽമീൻ കണ്ണുള്ള തൊട്ടാവാടി പെണ്ണ് ...
കൈതോല പായയിൽ വെള്ള പട്ടിൽ ഒരു പരൽമീൻ കിടക്കുന്ന പോലെ .... അവൾ കുഞ്ഞിമാളു ... ചുറ്റുമുള്ള തേങ്ങലുകളൊന്നും എന്റെ കാതിൽ വന്നു പതിച്ചില്ല അവൾ കിടക്കുന്നതിനപ്പുറം ശൂന്യമായി കാണപ്പെട്ടു ... കാഴ്ചയിൽ കുഞ്ഞിമാളു മാത്രം .മുഖത്ത് മറച്ച വെള്ളത്തുണി ആരോ മാറ്റിയപ്പോൾ ചുവന്നു തുടിച്ചിരുന്ന അവളുടെ കുഞ്ഞു കവിളും കൺപോളകളും ചുണ്ടുകളും നീല നിറമാർന്നു കിടന്നു .
കണ്ണീരിനാൽ ആ കാഴ്ച അവ്യക്തമായ് പോകുന്നു.
വെളുത്ത നീളമുള്ള ആ വാഹനം മുന്നോട്ട് പോയി കൊണ്ടിരുന്നു കുഞ്ഞിമാളുവിനെയും കൊണ്ട് ... ദൂരേ അവളുടെ ജൻമദേശത്തേക്ക് ... വന്നവരെല്ലാം പാടവരമ്പിലൂടെ നാലു വഴിക്കും പിരിഞ്ഞു പോയി .. ഓരോ ആളും കണ്ണിൽ നിന്നും മറയും വരെ നോക്കി നിന്നു .
ദേവൻ മാഷും കാർത്തുവും ശാരദ ടീച്ചറും മടങ്ങുമ്പോൾ സന്ധ്യയോടടുക്കുകയായിരുന്നു നേരം പോക്കുവെയിലേറ്റു പരന്നു കിടക്കുന്ന പാടശേഖരത്തിന്റെ നടുവിലൂടെയുള്ള ഇരുവശവും കൈതകൾ നിറഞ്ഞ തോട്ടുവരമ്പിലൂടെ അച്ഛന്റെ കൈ പിടിച്ച് കാർത്തുവും നടന്നകലുന്നത് കോലായിലെ പഴകിയ തൂണും ചാരി നോക്കി നിന്നു.... ഇടയ്ക്ക് അവളൊന്നു തിരിഞ്ഞു നോക്കി ... പിന്നെ ദൂരേ ഒരു പൊട്ടു പോലെ കാഴ്ചയിൽ നിന്നും മറഞ്ഞു.
വന്യമായൊരു നിശ്ശബ്ദയിൽ വീടും അകത്തളവും ചുറ്റുപാടും മുങ്ങിക്കിടന്നു
ശോകമൂകമായ ഒരു പകലിന്റെ അവശേഷിപ്പുകളുമായി പടിഞ്ഞാറേ ചക്രവാളത്തിൽ വെന്തുരുകിയൊലിക്കുന്ന സൂര്യൻ അവ്യക്തമായ രണ്ട് മലയിടുക്കിലേക്കിറങ്ങി കൊണ്ടിരുന്നു. തുരുത്തുകൾ തേടി കലപിലയോടെ മടങ്ങുന്ന മുറിവാലൻ കിളികൾ ... കാവിന് മുകളിൽ മാത്രം ആകാശവും മേഘങ്ങളും നീലവർണ്ണങ്ങളിൽ തന്നെ കാണപ്പെട്ടു കുഞ്ഞിമാളുവിന്റെ കൺപോളകളിലും കവിളിലും ചുണ്ടിലും നിഴലിച്ച അതേ നീലവർണ്ണം ... കൈത പൂ മണമുള്ള ഒരു തണുത്ത കാറ്റ് എന്റെ മുടിയിഴകളെ തഴുകി മെല്ലെ കടന്നു പോയി ...
കോലായിയിൽ കത്തുന്ന നിലവിളക്കിനു ചുറ്റും ആരുമില്ലാത്തത് കൊണ്ടാവാം ദീപങ്ങൾ കെട്ടും കെടാതെയും പൊലിഞ്ഞു കൊണ്ടേയിരുന്നു.
ഉമ്മറക്കോലായിലെ കഴുക്കോലിൽ വാർദ്ധക്യം പിടിച്ച കാതിലം ചെറുകാറ്റിൽ മെല്ലെ ആടിക്കൊണ്ടിരുന്നു.
പൂജാമുറിയിൽ കത്തുന്ന തിരിനാളത്തിന്റെ ചെറു പ്രഭയിൽ കഴുകി വൃത്തിയാക്കിയ ആ നാഗപ്പത്തി വിളക്ക് ...
നിക്ക് സർപ്പങ്ങളെ പേടിയാ
മനസ്സിലേക്ക് കുഞ്ഞിമാളുവിന്റെ വാക്കുകൾ ഓടിയെത്തിയപ്പോൾ നിറക്ണ്ണുകളോടെ
കാവിലേക്കൊന്നു തിരിഞ്ഞു നോക്കി . ചിത്രകൂടങ്ങൾക്കരികിൽ എരിഞ്ഞു തീർന്ന എണ്ണത്തിരിയിൽ നിന്നും സർപ്പം പോലൊരു ധൂമപടലം അന്തരീക്ഷത്തിലേക്കുയരുന്നുണ്ടായിരുന്നു...
... മുരളിലാസിക...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot