നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഗുഡ് നൈറ്റ്‌

ഗുഡ് നൈറ്റ്‌
“ഞാന്‍ സ്വപ്നം കാണുകയാണോ ? “ കൈകള്‍ കൊണ്ട് മൂക്ക് അടച്ചുപിടിച്ച് ശ്വാസം വലിച്ചുകൊണ്ട് അയാള്‍ ആത്മഗതം നടത്തി.അയാളുടെ വിശ്വാസത്തെ ഉറപ്പിക്കാനെന്നോണം കൈയ്യിലെ വാച്ചിലേയ്ക്ക് നോക്കി. അതിലെ സൂചികള്‍ ചലിക്കാതേയും അക്കങ്ങള്‍ ചിതറികിടക്കുന്നതും കണ്ട് അയാള്‍ ഇപ്പോഴും സ്വപ്നത്തിലാണെന്ന് ഉറപ്പിച്ചു.
വലിയൊരു ഇറക്കത്തിനുശേഷം അയാള്‍ നടന്നെത്തിയത്‌ വയലുകള്‍ക്ക് മധ്യത്തിലൂടെ കടന്നുപോകുന്ന ഒരു ചെമ്മണ്‍പാതയിലേയ്ക്കാണ്.അയാളുടെ സങ്കല്പങ്ങളെ സാധുകരിക്കുന്ന പോലെയായിരുന്നു ആ വയലിന്‍റെ പച്ചപ്പും.പിന്നീട് അയാള്‍ തിരഞ്ഞത് തന്‍റെ വഴിയില്‍ നിത്യവും കാണാറുള്ള ആ ഒറ്റമൈനയെയാണ് .ഒരു പക്ഷേ ആ ഒറ്റമൈനയാണ് തന്‍റെ ഭാഗ്യകേട്‌ എന്നൊരു തോന്നല്‍ മനസ്സില്‍ ഉണ്ടായപ്പോള്‍ അയാളുടെ സങ്കല്പത്തിന്‍റെ ശക്തികൊണ്ട് ആ ഒറ്റമൈനയ്ക്ക് ഒരു കൂട്ടായി മറ്റൊരു മൈനയേയും അയാള്‍ ആ ചെമ്മണ്‍പാതയിലേക്ക് കൊണ്ടുവന്നു
“ഒറ്റപ്പെട്ടവന്‍റെ വേദന മറ്റൊരു ഒറ്റപ്പെട്ടവനെ അറിയൂ “ മൈനയുടെ ചിറകില്‍ പതിയെ തലോടികൊണ്ട് അയാള്‍ പറഞ്ഞു.അയാള്‍ വീണ്ടും ആ ചെമ്മണ്‍പാതയിലൂടെ മുന്നോട്ട് നടന്നു.ദിവാകരന്‍ ചേട്ടന്‍റെ മകന്‍ അരുണ്‍ എന്നത്തേയും പോലെ തോടിനോരത്തായി ഇരുന്നുകൊണ്ട് പാട്ടും പാടി മീന്‍ പിടിക്കുന്നുണ്ട് .അയാള്‍ അരുണിന്റെ സംഗീതത്തിന് ചെവി കൂര്‍പ്പിച്ചു
“പനിനീര് പെയ്യും നിലാവില്‍ പാരിജാതത്തിന് ചോട്ടില്‍ “ ദിവസങ്ങളായി കേള്‍ക്കുന്ന ഈ സംഗീതം വളരെ വിരസമായിരിക്കുന്നുവെന്ന് അയാള്‍ക്ക് തോന്നി.എന്തുകൊണ്ട് അരുണിന് ജാക്സനേയോ ബോബ് മാര്‍ലിയേയോ പാടിക്കൂടാ ? ..അല്ലെങ്കില്‍ സെലിന്‍ ഡിയോണ്‍ ? അയാള്‍ അരുണ്‍ പാടികൊണ്ടിരുന്ന പാട്ട് മാറ്റുവാന്‍ തീരുമാനിച്ചു
“എവെരി നൈറ്റ്‌ മൈ ഡ്രീംസ് ഐ സീ യു ..ഐ ഫീല്‍ യു “ അരുണ്‍ പെട്ടെന്ന് തന്നെ പാട്ട് മാറിയത് കണ്ട് അയാള്‍ സന്തോഷിച്ചു .അല്ലെങ്കിലും അതിരുകളില്ലാത്ത ഈ സന്തോഷം തന്നെയാണ് ഈ സ്വപ്ന ലോകത്തിന്‍റെ പ്രത്യേകതയുമെന്ന് അയാള്‍ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് . അയാള്‍ വീണ്ടും വീണ്ടും അരുണിന്റെ സംഗീതത്തിന് ചെവികൊടുത്തു .
“എവെരി നൈറ്റ്‌ മൈ ഡ്രീംസ് ഐ സീ യു ..ഐ ഫീല്‍ യു ..ശരിയാണ് എന്‍റെ ഓരോ സ്വപ്നങ്ങളിലും ഞാന്‍ കാണുന്നതും അനുഭവിക്കുന്നതും നിന്നെ തന്നെയാണ് “വളരെ ദുഃഖത്തോടെയാണ് അയാള്‍ അത് മനസ്സില്‍പറഞ്ഞത് .മുഖം മനസ്സിന്‍റെ കണ്ണാടിയാണെന്നപ്പോലെ ഉള്ളിലെ ദുഃഖം അയാളുടെ മുഖത്ത് വ്യക്തമായി പ്രകടമായി.അയാളുടെ നടത്തത്തിന്‍റെ വേഗത പെട്ടെന്ന് കൂടിയെങ്കിലും അയാളില്‍ പെട്ടെന്ന് കടന്നുകൂടിയ ചിന്ത ആ വേഗതയെ കുറയ്ക്കുന്നതായിരുന്നു.ഒരു പക്ഷേ അടുത്ത നിമിഷത്തില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണകള്‍ ആയിരിക്കണം അയാളുടെ നടത്തത്തിന്‍റെ വേഗതയെ കുറച്ചതും .കാരണം അയാള്‍ ഈ സ്വപ്നം കാണുവാന്‍ തുടങ്ങിയട്ട് മാസങ്ങളോളമായി മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അയാള്‍ തന്നെയാണ് ഈ സ്വപ്നത്തിന്‍റെ ശില്പിയും സംവിധായകനും .
അയാള്‍ വീണ്ടും മുന്നോട്ട് നടന്നു .അയാളുടെ മുന്നില്‍ നിന്നുവന്ന ചെത്തുകാരന്‍ സുബ്രന്‍ ഒരു അര്‍ത്ഥംവെച്ചുള്ള ചിരിയും ചിരിച്ച് സൈക്കിള്‍ ചവട്ടികൊണ്ട് പെട്ടെന്ന് കടന്നുപോയി
“അല്ല പുള്ളി എന്തിനാണ് ദിവസവും എന്‍റെ മുഖത്ത് നോക്കി ചിരിയ്ക്കുന്നത് ? അതും എന്തോ അര്‍ത്ഥംവെച്ചുള്ള ചിരി “ അയാള്‍ പിന്നിലേയ്ക്ക് നോക്കി ചെത്തുകാരന്‍ സുബ്രനേ നോക്കികൊണ്ട്‌ പിറുപിറുത്തു
“വേണ്ടാ ..സുബ്രന്‍ ഇനി എന്‍റെ സ്വപ്നത്തില്‍ വരണ്ട..അയാളുടെ വഷളന്‍ ചിരിയെ പറ്റി പൂജ പറയാത്തെ ദിവസങ്ങള്‍ ഇല്ല “അയാള്‍ അത് പറഞ്ഞുതീര്‍ത്തതും ചെത്തുകാരന്‍ സുബ്രന്‍ പെട്ടെന്ന് തന്നെ അവിടെനിന്ന് മാഞ്ഞുപോയി.അയാള്‍ മുന്നോട്ട് നടന്നു .പെട്ടെന്ന് അയാളുടെ കണ്ണില്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രം അകലെ നിന്ന് തെളിഞ്ഞപ്പോള്‍ യാന്ത്രികമായി അയാളുടെ കാലുകളുടെ വേഗത കുറയുന്നത് അയാള്‍ മനസ്സിലാക്കി.അയാള്‍ ആ ചെമ്മണ്‍പാതയുടെ മധ്യത്തിലായി ഒരു നിമിഷം നിന്നു
“പൂജ “ അയാളുടെ ചുണ്ടകള്‍ അങ്ങനെയാണ് ശബ്ദിച്ചത്.കലങ്ങിയ കണ്ണുകള്‍ കൈകള്‍ കൊണ്ട് തുടച്ച് അയാള്‍ മുന്നോട്ട് നടന്നു.ചെമ്മണ്‍പാത എത്തിച്ചേര്‍ന്നത് പഴക്കം കൊണ്ട് കൈവരികള്‍ ദ്രവിച്ച ഒരു ചെറിയൊരു പാലത്തിന്റെ മുകളിലേയ്ക്കാണ്‌.പാലത്തിന്‍റെ കൈവരിയില്‍ ഒന്നില്‍ പിടിച്ചുകൊണ്ട് ദൂരെ എങ്ങോട്ടോ നോക്കി നില്‍ക്കുന്ന ആ പെണ്‍കുട്ടിയുടെ അടുത്തേയ്ക്ക് അയാള്‍ നടന്നു. എന്നത്തേയും പോലെ അവളുടെ വേഷമായ വെളുത്ത ചുരിദാറും മുടിയില്‍ വെച്ചിരുന്ന ചുവന്ന റോസാപ്പൂവും കണ്ടപ്പോള്‍ അയാള്‍ എന്തോ ചിന്തിച്ചുകൊണ്ട്‌ ചിരിച്ചു.പലപ്പോഴുമായി അയാളുടെ ഇഷ്ടത്തിന് സ്വപ്നങ്ങളില്‍ മാറ്റം വരുത്തുമ്പോഴും ഒരിക്കല്‍ പോലും അയാള്‍ അവളുടെ വേഷത്തിലും അവള്‍ മുടിയില്‍ വെച്ചിരുന്ന റോസാപ്പൂവിലും മാറ്റം വരുത്തിയില്ല.സ്വപ്നമാണെങ്കില്‍ കൂടിയും അവള്‍ യാഥാര്‍ഥ്യമാവണം എന്നുള്ള തീവ്രമായ അയാളുടെ ആഗ്രഹമായിരുന്നു അതിനുള്ള കാരണം
“പൂജാ “ മുഖം തിരിഞ്ഞുനില്‍ക്കുന്ന ആ പെണ്‍കുട്ടിയെ നോക്കി അയാള്‍ പറഞ്ഞു
“ദര്‍ശന്‍ ..എത്രനേരമായി ഞാന്‍ കാത്തുനില്‍ക്കുന്നു ഇവിടെ “ അയാള്‍ക്ക് അറിയാമായിരുന്നു ഇവള്‍ ഇങ്ങനെയായിരിക്കും മറുപടി പറയുകയെന്ന്.അവള്‍ തിരിഞ്ഞ് ദര്‍ശനെ നോക്കികൊണ്ട്‌ പറഞ്ഞു
“ദര്‍ശന്‍ ..എത്രനേരമായി ഞാന്‍ കാത്തുനില്‍ക്കുന്നു ഇവിടെ “ അവളുടെ മറുപടി കേട്ടിട്ട് അയാളൊന്ന് ചിരിച്ചു.ഇനി അടുത്തതായി അവള്‍ പറയുന്നതും ചോദിക്കുന്നതും അതിന് അയാളുടെ ഉത്തരവും മറുചോദ്യങ്ങളും അയാള്‍ക്ക് വളരെ നന്നായി അറിയാമായിരുന്നു
“ഞാന്‍ വന്നില്ലേ..എന്താണ് കാണണമെന്ന് പറഞ്ഞത് ? “ അയാളൊരു ചോദ്യത്തോടെ ചോദിച്ചെങ്കിലും അതിനുള്ള ഉത്തരവും അറിയാമെന്നുള്ളത്‌ കൊണ്ട് ആ ചോദ്യം ചോദിക്കേണ്ടായിരുന്നുവെന്ന് പിന്നീട് അയാള്‍ക്ക് തോന്നി
“ ദര്‍ശന് എന്നോടുള്ള പ്രണയം സത്യമാണോ ? “
അയാളുടെ ചെവിയില്‍ അവളുടെ ചോദ്യം മൂന്നില്‍ കൂടുതല്‍ തവണ മുഴങ്ങി.അയാള്‍ ബെഡില്‍ നിന്ന് ചാടിയെണീറ്റു.പെട്ടെന്ന് തന്നെ കൈകള്‍ കൊണ്ട് മൂക്ക് പൊത്തിപ്പിടിച്ചു അയാള്‍ ശ്വസിക്കാന്‍ ശ്രമം നടത്തി.അയാള്‍ക്ക് ശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.അയാളുടെ ബെഡിന്‍റെ അരികത്തായി വെച്ചിരുന്ന ഡയറി അയാള്‍ കൈയ്യിലെടുത്ത് അന്നത്തെ തിയ്യതി എഴുതിയ ശേഷം അതിന് താഴെയായി പിന്നീട് മറന്നു പോകാതിരിക്കാന്‍ കണ്ട സ്വപ്നത്തെ പറ്റി അയാള്‍ വിശദമായി അതില്‍ എഴുതിച്ചേര്‍ത്തു
“ഞാന്‍ സ്വപ്നം കാണുകയാണോ ? “ ബാക്കി സ്വപ്നത്തിനായി അയാള്‍ വീണ്ടും ഉറങ്ങാന്‍ കിടന്നു
-------------------------
ഡോക്ടര്‍ പോള്‍ എന്നെഴുതിയിരിക്കുന്ന മുറിയുടെ മുന്നിലായി ഇട്ടിരിക്കുന്ന കസേരകളിലോന്നില്‍ അയാള്‍ ഇരിപ്പ് തുടങ്ങിയിട്ട് അല്പം നേരമായി .ഇടയ്ക്കിടയ്ക്കായി കൈയ്യിലെ വാച്ചിലെ സമയത്തിലേയ്ക്ക് നോക്കുന്ന അയാളുടെ മുഖത്ത് കാത്തിരിപ്പിന്‍റെ മുഷിപ്പ് നന്നായി പ്രകടമാവുന്നുണ്ട് .ന്യൂറോസയന്‍സിലും സൈക്കോളജിയിലും അഗാധമായ അറിവുള്ള ഡോക്ടര്‍ പോള്‍ അയാളുടെ വളരെ കുറച്ച് മിത്രങ്ങളില്‍ ഒരാളാണ്
“സോറി മാന്‍ ..വന്നിട്ട് ഒരുപാട് ആയില്ലേ “ പെട്ടെന്ന് അവിടെയ്ക്ക് വന്ന പോള്‍ അയാളുടെ തോളില്‍ത്തട്ടികൊണ്ട് പറഞ്ഞു
“വാ അകത്തേക്ക് ഇരിയ്ക്കാം “പോള്‍ അയാളെ പോളിന്‍റെ റൂമിലേയ്ക്ക് ക്ഷണിച്ചു.
“ദര്‍ശന്‍ ..തന്‍റെ സ്വപ്‌നങ്ങളൊക്കെ എങ്ങനെ പോകുന്നു ?“ പോള്‍ അയാളോട് ചോദിച്ചു.അയാള്‍ അയാളുടെ കൈയ്യില്‍ ഉണ്ടായിരുന്ന ഡയറി പോളിന് കൈമാറി.അതിലെ പേജുകളിലെ എഴുത്തുകള്‍ മറിച്ചുകൊണ്ട് പോള്‍ അവസാനം എഴുതി നിറുത്തിയ പേജ് നോക്കികൊണ്ട്‌ അയാളോട് ചോദിച്ചു
“ഇത്ര കാലമായി തന്‍റെ സ്വപ്നത്തില്‍ ഒരു പുരോഗതിയുമില്ലല്ലോ ..ഇതുവരെയായും നിങ്ങള്‍ ഒന്നിച്ചില്ലേ ? “ അയാള്‍ ഇല്ലെന്ന് തലയാട്ടി
“എന്താണ് ദര്‍ശന്‍ പ്രശ്നം ? നിങ്ങള്‍ക്ക് എന്തുകൊണ്ട് യാഥാര്‍ഥ്യത്തെ മറികടക്കാന്‍ ആവുന്നില്ല ? നൂറില്‍ തൊണ്ണൂറ്റിയൊമ്പത് ശതമാനം പേരും പരിശ്രമിച്ച് തോറ്റുപോയ ലൂസിഡ് ഡ്രീം.. സ്വപ്നലോകം എന്ന സ്വര്‍ഗ്ഗത്തെ വളരെ എളുപ്പത്തില്‍ വശത്താക്കിയ എന്തുകൊണ്ട് നിങ്ങള്‍ക്ക് യാഥാര്‍ഥ്യത്തെ സ്വപ്നംകൊണ്ട് മറിക്കടക്കാന്‍ ആവുന്നില്ല ? “ ഡയറി തിരിച്ച് അയാള്‍ക്ക് നല്‍കിക്കൊണ്ട് പോള്‍ അയാളോട് ചോദിച്ചു
“എന്തുകൊണ്ടെന്നാല്‍ നടന്നത് യാഥാര്‍ഥ്യമാണ്..പൂജ യാഥാര്‍ഥ്യമാണ് ..എന്‍റെ പ്രണയവും യാഥാര്‍ഥ്യമാണ് ..സ്വപ്നത്തെ മാറ്റി എഴുതിയപോലെ യാഥാര്‍ഥ്യത്തെ മാറ്റാന്‍ നമ്മുക്ക് ആവില്ലല്ലോ ..ഹേയ് നമ്മളിത് ഒരുപാട് തവണ സംസരിച്ചതല്ലേ പോള്‍ ..എനിയ്ക്ക് വേണ്ടത് സ്വപ്നത്തിലെങ്കിലും അവളും ഞാനും ഒരുമിക്കണം അതിനുള്ള സോലുഷനായിട്ടാണ് ഞാന്‍ ലൂസിഡ് ഡ്രീമിനെ കണ്ടതും പോളിന്‍റെ സഹായംകൊണ്ട് പഠിച്ചെടുത്തതും ..പക്ഷേ ഓരോ സ്വപ്നത്തിലും അവളോടുള്ള പ്രണയം സത്യമാണോ എന്ന് അവള്‍ ചോദിയ്ക്കുമ്പോള്‍.. സ്വപ്നമാണെന്ന് ഞാന്‍ അറിഞ്ഞട്ടും എനിയ്ക്ക് മറുപടി നല്കാന്‍ ആവുന്നില്ല പോള്‍ ..ആ നിമിഷം ഞാന്‍ ഉറക്കത്തില്‍ നിന്ന് ഉണരുന്നു “ ഡയറിയിലെ അവസാന പേജില്‍ നോക്കികൊണ്ട്‌ അയാള്‍ പറഞ്ഞു
“മം” പോള്‍ അയാളുടെ മറുപടിയ്ക്ക് ഒന്ന് മൂളി
“പോളിന് അറിയാമല്ലോ ..പൂജ എന്നെ വിട്ടുപോയ ആ ദിവസം ..ആ ദിവസം എന്റെ ശ്വാസം നിലയ്ക്കും വരെയും എനിയ്ക്ക് മറക്കാനാകില്ല..എന്‍റെ ഓര്‍മ്മകളില്‍ നിന്നൊരിക്കലും മാഞ്ഞുപോകാത്ത ആ ദിവസം എന്‍റെ സ്വപ്നങ്ങളില്‍ വീണ്ടും വീണ്ടും ഞാന്‍ റീ ക്രിയേറ്റ് ചെയ്യുന്നത് ഒരിക്കല്‍ നഷ്ടപ്പെട്ടവളെ സ്വപ്നത്തിലെങ്കിലും സ്വന്തമാക്കാനുള്ള സ്വാര്‍ത്ഥതയാണെന്ന് പറഞ്ഞാല്‍ അതില്‍ തെറ്റില്ലല്ലോ പോള്‍ ? “
“ദര്‍ശന്‍ നിങ്ങളുടെ പ്രശ്നം എന്തെന്ന് ഞാന്‍ മനസിലാക്കുന്നു .താന്‍ സ്വപ്നമാണ് കാണുന്നത് എന്നറിഞ്ഞുകൊണ്ട് സ്വപ്നം കാണുന്നതാണ് ലൂസിഡ് ഡ്രീമെന്ന് നമ്മള്‍ പറയുന്നത്..പക്ഷേ നിങ്ങളുടെ പ്രശ്നം എന്താന്ന് വെച്ചാല്‍ സ്വപ്നം ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ തുടങ്ങുന്ന സ്വപ്നം താങ്കള്‍ അവളെ ആ പാലത്തിന്റെ മുകളില്‍ കാണുന്നതുവരെ വളരെ നന്നായി തന്നെയാണ് പുരോഗമിക്കുന്നത് ..എന്നാല്‍ അവളെ കാണുന്ന നിമിഷം ..നിങ്ങളുടെ ഉപബോധമനസ്സ് മനസ്സിലാക്കുന്നു അവള്‍ സ്വപ്നം മാത്രമാണെന്നും അന്ന് നടന്നത് മറ്റൊന്നാണെന്നും ..യാഥാര്‍ത്ഥ്യവും സ്വപ്നവും തമ്മിലുള്ള സംഘര്‍ഷം അല്ലെങ്കില്‍ നിങ്ങളുടെ ബോധമനസ്സും ഉപബോധമനസ്സും തമ്മിലുള്ള സംഘര്‍ഷത്തില്‍ അവളൊരു സ്വപ്നമാണെന്ന് നിങ്ങള്‍ തിരിച്ചറിയുന്ന ആ നിമിഷമാണ് നിങ്ങള്‍ ഉറക്കത്തില്‍ നിന്ന് ഉണരുന്നത്..സ്വപ്നമാണെന്ന് അറിഞ്ഞുകൊണ്ട് നിങ്ങള്‍ക്ക് സ്വപ്നത്തെ നിയന്ത്രിക്കാന്‍ കഴിയാത്തത് അന്ന് നടന്നത് ,അതെന്ത് തന്നെയായാലും നിങ്ങളുടെ മനസ്സില്‍ അത്രയും ആഴത്തില്‍ പതിഞ്ഞത് കൊണ്ടാണ് “
“ശരിയാണ് പോള്‍ ..ആ ദിവസം നടന്നത് അത്ര എളുപ്പത്തില്‍ എനിയ്ക്ക് മറക്കാനാവില്ല പോള്‍ ..മനസ്സിന്‍റെ വേദന ഒരിക്കലും നുള്ളിയെടുക്കാന്‍ ആവില്ലല്ലോ പോള്‍ ..അതൊരു വേദനയായി എന്‍റെ ഒടുക്കം വരെയും എരിഞ്ഞുകൊണ്ടിരിക്കും “ കയ്യിലെ ഡയറി തന്‍റെ ബാഗിലേയ്ക്ക് വെച്ചുകൊണ്ട് അയാള്‍ പറഞ്ഞു
“പിന്നെയൊരു മാര്‍ഗ്ഗം ഉണ്ട് ദര്‍ശന്‍ ..കുറച്ചൂടെ ആഴത്തിലേയ്ക്ക് പോകണം ..ഉപബോധമനസ്സിനെ വിശ്വസിപ്പിക്കണം അവള്‍ സ്വപ്നം മാത്രമല്ല ..അവളാണ് യാഥാര്‍ത്ഥ്യമെന്ന് തോന്നിപ്പിക്കണം ..അതിന് ഡ്രീം ജേര്‍ണല്‍ മാത്രം പോര കുറച്ചൂടെ ആഴത്തിലേക്ക് പോകേണ്ടിവരും ..പെട്ടെന്ന് റിസള്‍ട്ട്‌ ഉണ്ടാക്കാന്‍ പറ്റിയെന്ന് വരില്ല എന്നിരുന്നാലും വളരെ കാര്യക്ഷമമായ ഒരു രീതിയാണ്‌ പറയാന്‍ പോകുന്നത് “
“പറയൂ പോള്‍ ‘ അയാളുടെ കണ്ണുകള്‍ ആകാംക്ഷകൊണ്ട് പുറത്തേയ്ക്ക് ചാടിയില്ലന്നെയുള്ളൂ
“പ്രായപൂര്‍ത്തിയായ ഒരാളുടെ ഉറക്കത്തിന് നാല് ഘട്ടങ്ങള്‍ ഉണ്ട് അതിലൊന്നാണ് REM(Rapid eye movement )സ്ലീപ്പ് ..നമ്മള്‍ സ്വപ്നം കാണുന്നത് ഈയൊരു ഘട്ടത്തില്‍ വെച്ചാണ്‌ ..ഉറക്കം ആരംഭിച്ച് തൊണ്ണൂര്‍ മിനിറ്റുകള്‍ കഴിയുമ്പോഴാണ് ആദ്യത്തെ REM സ്റ്റേജ് ആരംഭിക്കുന്നത് ..പക്ഷേ വളരെ കുറച്ചുനേരം മാത്രമേ ആ സമയം REM സ്ലീപ്പ് നമ്മുക്ക് സാധ്യമാവുന്നത് ..REM സൈക്കിളിന്റെ ദൈര്‍ഘ്യം കൂടുതലായി നമ്മുക്ക് ലഭിക്കുന്നത് ഉറങ്ങി കഴിഞ്ഞ് അഞ്ചോ ആറോ മണിക്കൂര്‍ കഴിഞ്ഞാണ് ..ലൂസിഡ് ഡ്രീമിന് വേണ്ടത് ആ REM സൈക്കിള്‍ ആണ് ..ദര്‍ശന്‍ ചെയ്യേണ്ടത് എന്താന്ന് വെച്ചാല്‍ ഉറങ്ങി ആറുമണിക്കൂര്‍ കഴിഞ്ഞ് ഉണരാന്‍ തക്കവണ്ണം അലാം സെറ്റ് ചെയ്യുക ..എഴുന്നേറ്റു കഴിഞ്ഞ് റിയാലിറ്റി ചെക്ക്‌ ചെയ്യുക ..മൂക്ക് അടച്ചുപിടിച്ച് ശ്വസിക്കാനോ അല്ലെങ്കില്‍ കൈയ്യിലെ വാച്ചിലെ സമയം നോക്കൂകയോ ചെയ്യുക ..സ്വപ്നം ആണെങ്കില്‍ മൂക്ക് അടച്ചുപിടിച്ച് ശ്വസിച്ചാല്‍ പോലും നമ്മുക്ക് ശ്വസിക്കാനാകും അതുപോലെ വാച്ചിലെ സൂചികള്‍ ഓരോ വട്ടം നോക്കുമ്പോഴും വ്യതസ്തമായി സമയം കാണിക്കും ..അലാം അടിച്ചു എഴുന്നേറ്റതിന് ശേഷം ഒരു മുപ്പത് മിനിറ്റ് നമ്മുക്ക് എന്താണ് സ്വപ്നം കാണേണ്ടത് എന്നതിനെക്കുറിച്ച് മാത്രം ചിന്തിക്കുക ..ഞാന്‍ എന്തായാലും ലൂസിഡ് ഡ്രീം കാണുമെന്ന് മനസ്സില്‍ ഉറപ്പിച്ച് ഉറങ്ങാന്‍ കിടക്കുക ..ദര്‍ശന്‍ വിചാരിച്ച കാര്യം സ്വപ്നത്തില്‍ ദര്‍ശന് കാണുവാനും അനുഭവിക്കാനും സാധ്യമാവും “
“മം ..ശ്രമിക്കാം പോള്‍ ..പറയാന്‍ വിട്ടു ഇന്ന് നാട്ടില്‍ പോവുകയാണ് ..മറ്റെന്നാള്‍ ഉത്സവമാണ് ..ഒരുപാടായി നാട്ടിലെ ഉത്സവം കൂടിയിട്ട് “
“ശരി ദര്‍ശന്‍ കാണാം ..അടുത്തവട്ടം നമ്മള്‍ കാണുബോള്‍ നിങ്ങള്‍ സ്വപ്നത്തില്‍ ഒരുമിക്കുമെന്ന് ഞാന്‍ വിശ്വസിച്ചോട്ടെ ? “
“ഞാനും അങ്ങനെയാണ് കരുതുന്നത് പോള്‍ “ അയാള്‍ ചിരിച്ചുകൊണ്ട് ഡോക്ടര്‍ പോളിനോട് യാത്ര പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി.ടൌണില്‍ നിന്ന് ബസ്സ്‌ പിടിച്ച് അയാള്‍ അയാളുടെ നാട്ടിലേയ്ക്ക് യാത്രയായി .മണിക്കൂറുകള്‍ക്ക് ശേഷം അയാള്‍ക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ്‌ എത്തി.സ്റ്റോപ്പില്‍ അയാളെ പരിചയം ഉണ്ടായിരുന്നവര്‍ പലരും അയാളെ കണ്ടു ചിരിച്ചു അയാളും അവര്‍ക്ക് ചിരി സമ്മാനിച്ചുകൊണ്ട് മുന്നോട്ട് നടന്നു .ദിവാകരന്‍ ചേട്ടന്‍റെ മകന്‍ അരുണ്‍ അയാളെ നോക്കി കൈകൊണ്ട് ഹായ് കാണിച്ചു.
“നീ ഇപ്പോ മീന്‍ പിടിക്കാന്‍ പോകാറില്ലേ ? “ അവന്‍റെ തോളില്‍ത്തട്ടി അയാള്‍ ചോദിച്ചു .അവന്‍ ഉണ്ടെന്ന് രീതിയില്‍ തലയാട്ടി
“ശരി കാണാം “ അയാള്‍ വീണ്ടും മുന്നോട്ട് നടന്നു.പെട്ടെന്ന് സൈക്കിളിന്റെ ബെല്‍ ശബ്ദംകേട്ടു പിന്നിലേയ്ക്ക് തിരിഞ്ഞുനോക്കി.ചെത്തുകാരന്‍ സുബ്രനായിരുന്നു അത്.പക്ഷേ സുബ്രന്‍ അയാളുടെ സ്വപ്നത്തിലെ പോലെ ചിരികാതെ അയാളുടെ മുന്നിലൂടെ അയാളെ ഒന്ന് നോക്കികൊണ്ട്‌ കടന്നുപോയി.അയാള്‍ വീണ്ടും മുന്നോട്ടു നടന്നു.വലിയൊരു ഇറക്കത്തിന് ശേഷം അയാള്‍ നടന്നെത്തിയത്‌ വയലുകള്‍ക്ക് മധ്യത്തിലൂടെ കടന്നുപോകുന്ന ഒരു ചെമ്മണ്‍പാതയിലേയ്ക്കാണ്.തന്‍റെ സ്വപ്നങ്ങളില്‍ ദിവസവും കാണാറുള്ള ആ ഒറ്റമൈനയെ അയാള്‍ തിരഞ്ഞെങ്കിലും അയാള്‍ക്ക് കാണാനായില്ല.നടന്ന് പാലത്തിന് അടുത്ത് എത്താറായപ്പോള്‍ ആ പാലത്തിന് മുകളില്‍ കൈവരിയില്‍ ഒന്നില്‍ പിടിച്ച് ദൂരേയ്ക്ക് നോക്കി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെ അയാള്‍ കണ്ടു
“പൂജാ ? “ അയാള്‍ പതിയെ മന്ത്രിച്ചു .അയാള്‍ അവളുടെ വേഷത്തിലേയ്ക്ക് നോക്കി .അയാളുടെ സ്വപ്നങ്ങളില്‍ അയാള്‍ കാണാറുള്ള അവളുടെ വെളുത്ത ചുരിദാറിനു പകരം ചുവന്ന നിറമുള്ള സാരിയായിരുന്നു അവള്‍ ഉടുത്തിരുന്നത്.അയാള്‍ അവളുടെ മുടിയിഴയിലെയ്ക്ക് നോക്കി പക്ഷെ അയാളുടെ സ്വപ്നങ്ങളില്‍ കാണാറുള്ള റോസാപ്പൂ അവളുടെ മുടിയിഴയില്‍ ഉണ്ടായിരുന്നില്ല.അവളുടെ തോളില്‍ത്തട്ടി അയാള്‍ അവളുടെ പേര് വിളിച്ചു
“പൂജ “ അയാളുടെ വിളികേട്ടു അവള്‍ തിരിഞ്ഞുനോക്കി.അവള്‍ ചിരിച്ചുകൊണ്ട് അയാളെ പെട്ടെന്ന് കെട്ടിപ്പിടിച്ചു .അയാള്‍ അവളില്‍ നിന്ന് അത് പ്രതീക്ഷിച്ചിരുന്നില്ല .അവള്‍ അയാള്‍ക്ക് നേരെ അയാളുടെ കൈനീട്ടി .അയാള്‍ അവളുടെ കൈയില്‍ പിടിച്ചു .അവര്‍ പതിയെ മുന്നോട്ട് നടക്കാന്‍ തുടങ്ങി .അയാള്‍ തന്‍റെ മറ്റേ കൈകൊണ്ട് മൂക്ക് അടച്ചുപിടിച്ച് ശ്വസിക്കാന്‍ നോക്കി.അയാള്‍ക്ക് ശ്വസിക്കാന്‍ പറ്റുന്നുണ്ടെന്നു മനസ്സിലായപ്പോള്‍ അയാള്‍ ചിരിച്ചുകൊണ്ട് അവളെ നോക്കി അവളുടെ കൈകള്‍ മുറുകെപ്പിടിച്ച്‌ മുന്നോട്ടു നടന്നു

Lijin

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot