നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

***എലിമിനേഷൻ***

***എലിമിനേഷൻ***
രാവിലെ മുതൽ അന്നക്കൊച്ച് ആകെ വെപ്രാളത്തിലാണ്.... തീരെ പ്രതീക്ഷിക്കാത്ത നേരത്ത് വീട്ടുവേലക്കാരിയിൽ നിന്നും പിരിഞ്ഞുപോകൽ നോട്ടീസ് കിട്ടിയാൽ ആരാണ് വെപ്രാളപ്പെടാത്തത്...
രാവിലെ 7 മണി ആയിട്ടും പതിവ് ചായ കാണാതായപ്പോൾ ഒരു യുദ്ധത്തിനുള്ള പുറപ്പാടോടെയാണ് അന്നക്കൊച്ച് അടുക്കളയിലേക്ക് ചാടിത്തുള്ളി പോയത്...പക്ഷെ എന്തെങ്കിലും ഒന്ന് പറയാനുള്ള അവസരം പോലും കൊടുക്കാതെ....ദോശ ചുടുന്നതിനിടയിൽ സരള ആ ബോംബ് അങ്ങ് പൊട്ടിച്ചു....
ചേച്ചി ദേ..ഈ ബ്രെക്ഫാസ്റ്റ് ഉണ്ടാക്കി കഴിഞ്ഞാൽ എന്റെ ഇവിടുത്തെ പണി കഴിഞ്ഞു. പിന്നെ ഈ സരളയെ ഇങ്ങോട്ടേക്ക് പ്രതീക്ഷിക്കണ്ട കേട്ടോ..
യുദ്ധത്തിന് പോയ അന്നക്കൊച്ച് പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ഒന്നും മിണ്ടാതെ തിരിച്ചുപോന്നു....കാരണം സരള പിണങ്ങിപ്പോയാൽ തന്റെ കഞ്ഞികുടി മുട്ടുമെന്ന് അന്നക്കൊച്ചിനു നല്ലോണം അറിയാം...
ഇതിന്‌ മുൻപും പല തവണ അന്നക്കൊച്ചിന്റെയും കെട്ടിയോന്റെയും കഞ്ഞികുടി മുട്ടിച്ച് പിരിഞ്ഞു പോയിട്ടുണ്ട് സരള. അപ്പോഴൊക്കെ അന്നക്കൊച്ചിന്റെ അച്ചായൻ, എല്ലാവരും മാത്തുക്കുട്ടി എന്ന് വിളിക്കുന്ന മാത്തച്ചായൻ സരളപ്പെണ്ണിന്റെ വീട്ടിൽപോയി കരഞ്ഞും, കാലുപിടിച്ചും, ശമ്പളവും കിമ്പളവും വർദ്ധിപ്പിക്കാമെന്ന് സത്യം ചെയ്തും തിരികെ
കൊണ്ട് വന്നിട്ടുണ്ട് .
സ്വന്തം ഭാര്യയായ അന്നക്കൊച്ച് അങ്ങ് പിണങ്ങിപോയാലും മാത്തുക്കുട്ടി ഇതുപോലെ പുറകെ പോകില്ല പക്ഷെ അതുപോലെയാണോ ഒരു വീട്ടുജോലിക്കാരി.... ഇന്നത്തെ കാലത്ത് ഭാര്യമാരെ കിട്ടാൻ വലിയ പ്രയാസം ഒന്നുമില്ല എന്നാൽ പണി അറിയാവുന്ന ഒരു വേലക്കാരിയെ കിട്ടണമെങ്കിൽ ഭാഗ്യം തന്നെ വേണം. വലിയ കുഴപ്പം ഒന്നുമില്ലാതെ തട്ടീം മുട്ടീം പോകുവാരുന്നു അപ്പോളാണ് തീരെ പ്രതീക്ഷിക്കാതെ പിന്നെയും രാജി ഭീഷണി.
എപ്പോഴും പോലെ അല്ല ഇനി പോയാൽ ഇനിയൊരിക്കലും ഈവീട്ടിൽ കാലുകുത്തില്ലെന്നാണ് സരള പറയുന്നത്.
കഴിഞ്ഞ ദിവസം വളരെ കഷ്ടപ്പെട്ട് ചെതുമ്പലിനോടും മുള്ളിനോടും യുദ്ധം വെട്ടി അടുപ്പിൽ കയറ്റിയ മീൻകറിയിൽ ഇത്തിരി ഉപ്പ് ചേർക്കാൻ സരള പറഞ്ഞപ്പോൾ മുഖപുസ്തകത്തിൽ ചാറ്റ് ചെയ്യുന്ന തിരക്കിനിടയിൽ ഉപ്പിനു പകരം അന്നക്കൊച്ച് പഞ്ചസാര ഇട്ടുപോയി... അത് ഇത്ര വലിയ തെറ്റാണോ...? മാറ്റുവിൻ ചട്ടങ്ങളെ എന്നാണല്ലോ മഹാകവി എഴുത്തച്ചൻ പറഞ്ഞിട്ടുള്ളത്. ( ഇനി അങ്ങനെ അല്ലെങ്കിൽ എന്നെ ആരും പഞ്ഞിക്കിടേണ്ട...നമ്മുടെ അന്നക്കൊച്ചിനു അത്രയേ വിവരം ഉള്ളൂന്ന് കരുതിക്കോളുക). കാലാകാലങ്ങളായി ഉള്ള ഒരു അലിഖിത നിയമം ആണല്ലോ മീൻ കറിയിൽ ഉപ്പിടുക എന്നുള്ളത്..... ഒരു മാറ്റത്തിനുവേണ്ടി കുറച്ച് പഞ്ചസാര ഇട്ടാൽ എന്താ കുഴപ്പം സരളേ എന്ന് ചോദിച്ചതിന് ദഹിപ്പിക്കുന്ന ഒരു നോട്ടമേ അവൾ തന്നുള്ളൂ... അതോടെ അന്നക്കൊച്ച് ചോദ്യം നിർത്തി... ഹൂം മാറ്റം ഇഷ്ട്ടപ്പെടാത്ത വെറും കൺട്രി ഫെല്ലോസ്.... വെറുതെയല്ല ഈ നാട് വളരാത്തത്.
അവൾ പോയാൽ ഇവിടുത്തെ അടുക്കള പൂട്ടും എന്ന് നന്നായി അറിയുന്ന സരള ശരിക്കും മുതലെടുക്കുകയാണ്. ഇന്നത്തെ കാലത്ത് മറ്റൊരു വേലക്കാരിയെ ലഭിക്കാനുള്ള പ്രയാസം അവൾക്ക് നന്നായിട്ട് അറിയാം അതുകൊണ്ടാ അവൾ ഇത്ര നെഗളിക്കുന്നെ...അവൾ പോയാൽ പോകട്ടെ എന്ന് വയ്ക്കാമായിരുന്നു പക്ഷെ മേലനങ്ങി പണി ചെയുന്ന കാര്യം ഓർത്തപ്പോൾ തന്നെ അന്നക്കൊച്ചിനു കരച്ചിൽ വന്നു...
വരും‌ദിവസങ്ങളിൽ വേലക്കാരി ഇല്ലതാവുന്ന കാര്യം അന്നക്കൊച്ചിനു സഹിക്കാവുന്നതിലപ്പുറമാണ്. മുഖപുസ്തകത്തിലെ രണ്ടുമൂന്ന് സാഹിത്യ ഗ്രൂപ്പുകളുടെ അഡ്മിൻ ആയ തന്റെ തിരക്ക് അല്ലെങ്കിലും ഒരു വേലക്കാരിക്ക് മനസിലാകില്ലല്ലോ... എല്ലാവരുടെയും പോസ്റ്റുകൾ വായിക്കണം ലൈക് അടിക്കണം, കമന്റണം, കമന്റ് എന്നാ പറഞ്ഞാൽ ചുമ്മാ നൈസ്... ഗുഡ്... നല്ലെഴുത്ത് അങ്ങനെയൊന്നും പോരാ..കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വേണം. കമന്റ്‌ വായിച്ചിട്ട് പോസ്റ്റ്‌ ഇട്ട ആൾ " ങേ ഞാൻ ഇത്രയും വലിയ സംഭവം ആയിരുന്നോ".... എന്ന് ചിന്തിക്കണം...ഇതിന്റെ ഇടയിൽ മെംബേർസ് തമ്മിൽ ഉള്ള വഴക്കിന്‌ റഫറി ആകണം, ഇടക്കിടക്ക് ഇൻബോക്സിൽ വരുന്ന കോഴിക്കുഞ്ഞുങ്ങളെ നിലക്ക് നിർത്തണം. ഇതൊന്നും പോരാഞ്ഞ് വല്ലപ്പോഴും നിലവാരമുള്ള രണ്ടുമൂന്ന് സ്വന്തം സൃഷ്ടികളും പോസ്റ്റണം.... ചുമ്മാ അങ്ങ് പോസ്റ്റിയാ പോരാ, സംഭവം ഹിറ്റ് ആകണം. കുറഞ്ഞത് ഒരു പത്തുമുന്നൂറു ലൈക്‌സും കമന്റും ഒപ്പിക്കണം. പണ്ടൊക്കെ പോസ്റ്റ് ക്ലിക് ആകാൻ ഭയങ്കര പാടായിരുന്നു. കാര്യം ഡിജിറ്റൽ യുഗം ആണെങ്കിലും ഇപ്പോളും കൊടുക്കൽ വാങ്ങൽ സിസ്റ്റം ആണ് മുഖപുസ്തകത്തിൽ. പത്ത് അങ്ങോട്ട് കൊടുത്താലേ ഒരു അഞ്ച് ലൈക്സ് എങ്കിലും ഇങ്ങോട്ട് കിട്ടു. ഇപ്പോൾ പിന്നെ അഡ്മിൻ ആയതിന്റെ കുറച്ച് ആനുകൂല്യം ഉണ്ട് പോരാത്തതിന് ആളും പേരും നോക്കാതെ വന്ന എല്ലാ റിക്‌സ്റ്റും സ്വീകരിച്ചത് കൊണ്ട് കൈനിറയെ കൂട്ടുകാർ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ട്. അതിനാൽ ആ വകയിലും കുറെ ഏറെ ലൈക്സ് കിട്ടുന്നതിനാൽ കാര്യങ്ങൾ വല്യ കുഴപ്പം ഇല്ലാതെ പോകുന്നു. അങ്ങനെ അങ്ങനെ എന്തൊക്കെ കാര്യങ്ങൾ...
കല്യാണം കഴിഞ്ഞ സമയത്ത് ഒരു ദിവസം ചുറ്റാൻ പോയപ്പോൾ " MANGALORE" എന്നെഴുതിയ ചരക്ക് ലോറി പോകുന്നത് കണ്ടു "മാങ്ങാലോറി" എന്ന് വായിച്ച ഇവളെങ്ങനെ അഡ്മിൻ ആയി എന്ന് അത്ഭുതപ്പെടുന്ന മാത്തച്ചായന് ഇത് വല്ലതും അറിയണോ.... പലപ്പോഴും പുലർച്ചെ തുടങ്ങുന്ന തന്റെ അധ്വാനം പാതിരാത്രി ആയാലും കഴിയില്ല....ഇതൊന്നും പോരാതെ താൻ അഡ്മിൻ ആയിട്ടുള്ള ഗ്രൂപ്പുകളിൽ അടുത്ത ആഴ്ച മുതൽ കഥ കവിത മത്സരങ്ങൾ നടത്തുന്നുണ്ട്. അഡ്മിൻ ആയി പോയില്ലേ ഓരോ പോസ്റ്റും വായിച്ച് കീറിമുറിച്ച് വിശകലനം നടത്തണം അഭിപ്രായം പറയണം. ഇതിന്റെയൊക്കെ ഇടയിൽ ചാനലുകൾ മാറ്റി മാറ്റി കണ്ണുനീർ സീരിയലുകൾ കാണണം ചുമ്മാ കണ്ടു കണ്ണുനീർ വാർത്താൽ പോരാ... അതിലെ കൊച്ചമ്മമാരുടെ സാരിയും കമ്മലും മാലയും പൊട്ടും വളകളും അങ്ങിനെ എന്തിലൊക്കെ കണ്ണ് എത്തണം. ഇതിനെല്ലാം പുറമേ റിയാലിറ്റി ഷോകളും... ഇതെല്ലാം നോക്കി നടത്താൻ താൻ എത്ര വിഷമിക്കുന്നുണ്ട്... തന്നെ ആരും മനസ്സിലാകുന്നില്ലല്ലോ കർത്താവെ...
വച്ചു വിളമ്പുന്നതിനു കിട്ടുന്ന കമന്റ്സ് മാത്രം പരിചയമുള്ള ഇവൾക്കിതൊന്നും അറിയണ്ടല്ലോ.... അല്ലെങ്കിലും കഷ്ടപ്പെടുന്നവർക്ക് എന്നും അതിനാണല്ലോ വിധി... തന്റെ ദുഃഖം ആരും തിരിച്ചറിയുന്നില്ലല്ലോ എന്ന് ഓർത്തപ്പോൾ അന്നക്കൊച്ചിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
ഈ നേരത്ത് സരള കൂടി പോയാൽ ഞാൻ എന്ത് ചെയ്യും കർത്താവേ... ക്രൂശിൽ കിടക്കുന്ന കർത്താവിനെ നോക്കി ഒരു ഒന്നൊന്നര നെടുവീർപ്പിട്ടു കൊണ്ട് നിന്ന അന്നക്കൊച്ചിന്റെ മുൻപിലേക്ക് തന്റെ ബാഗും എടുത്ത്‌ കൊണ്ട് രണ്ടും കൽപ്പിച്ച് സരള ഇറങ്ങി വന്നു.
“ചേച്ചീ ഞാൻ പോകുവാ,,, എന്റെ സാധനങ്ങൾ
എല്ലാം എടുത്തിട്ടുണ്ട്”
“എന്റെ പൊന്നു സരളേ നീ ഒന്ന് സമാധാനിക്ക്... നീ ആ ബാഗൊക്കെ അവിടെ വെക്ക്,,, നീയിങ്ങനെ പോയാലെങ്ങനെയാ? നിനക്ക് ശമ്പളം കൂട്ടിത്തന്നാൽ പോരെ?”
“ഇല്ല ചേച്ചി എത്ര ശമ്പളം‌തന്നാലും ഇവിടെത്തെ പണിക്ക് നിൽക്കാൻ ഇനി എന്നെക്കൊണ്ട് വയ്യ... ഞാൻ പോകുവാ...
“അതെങ്ങനെ ശരിയാവും, നീ പോയാൽ ഇവിടുത്തെ കാര്യങ്ങൾ എല്ലാം എങ്ങനെയാ, ഇവിടെ ഭക്ഷണം വെക്കണ്ടെ? മാത്രമല്ല നീ പോയാൽ അച്ചായൻറെ കാര്യമൊക്കെ ആര്‌ നോക്കും?”
“അയ്യോ ചേച്ചി അത് പറയാൻ മറന്ന്പോയി...മാത്തച്ചായന്റെ കാര്യമോർത്ത് ഇനി ചേച്ചി ഒട്ടും വിഷമിക്കേണ്ട, ഇത്തവണ ഞാൻ ഒറ്റക്കല്ല പോകുന്നത് കൂടെ അച്ചായനെയും കൊണ്ടുപോകുന്നുണ്ട്. അദ്ദേഹത്തെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം...
തന്റെ ജീവിതമായ റിയാലിറ്റി ഷോയിൽ നിന്നും താൻ ഡെയിഞ്ചറസ് സോണിൽ ആണെന്നതിനുള്ള ഒരു നോട്ടിഫിക്കേഷൻ പോലും തരാതെ ഒരു ലൈഫ് ലൈനുള്ള ചാൻസ് പോലും ബാക്കി വയ്ക്കാതെ തന്റെ അച്ചായൻ തന്നെ എലിമിനേറ്റ് ചെയ്തു എന്ന സത്യം മനസ്സിലാക്കി അന്നക്കൊച്ച് ശ്വാസം പോലും വിടാൻ മറന്ന് നിൽക്കുമ്പോൾ അവൾക്ക് ഏറ്റവും സുപരിചിതമായ മുഖപുസ്തകത്തിലെ സ്മൈലികളിൽ ഒന്നും കാണാത്ത ഒരു വല്ലാത്ത ഭാവത്തിൽ അവളെ ഒന്നുനോക്കി ഒരു ചിരിയും ചിരിച്ച് അന്നക്കൊച്ചിന്റെ അച്ചായൻ സരളയുടെ കൈപിടിച്ച് ആ വീടിന്റെ പടികളിറങ്ങുമ്പോൾ അന്നക്കൊച്ചിന്റെ മൊബൈലിൽ അപ്പോളും
നോട്ടിഫിക്കേഷനുകൾ മണി മുഴക്കി കൊണ്ടിരുന്നു.
ദീപ്തി സുനിൽ
( ഒരു പഴയ രചന ആണ് കുറച്ച് മാറ്റങ്ങൾ വരുത്തി ഒന്ന് പൊടി തട്ടി എടുത്തു.)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot