നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു മിഠായി കള്ളന്‍റെ കഥ....

ഒരു മിഠായി കള്ളന്‍റെ കഥ....
കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അന്നവന്‍ ഏഴാം ക്ളാസിലായിരുന്നു. ഒരു ദിവസം ഉച്ചഭക്ഷണത്തിന് സ്ക്കൂള്‍ വിട്ട നേരം പതിവുപോലെ ടൗണിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്ന് നേരം പോകുകയായിരുന്നു. കുറച്ചു ദിവസമായി അവന്‍റെ അവസ്ഥ ഇതുതന്നെ. അമ്മ മരിച്ചു പോയതിനു ശേഷം അടുക്കള ഭാരം ചുമക്കേണ്ടി വന്നു അവന്. അന്നൊക്കെ വിറക് വലിയൊരു പ്രശ്നമായിരുന്നു മഴക്കാലത്ത് നനഞ്ഞ വിറക് ഊതിയൂതി കണ്ണുകലങ്ങും എന്നല്ലാതെ തീയൊന്നു കത്തിപ്പിടിക്കുമ്പോഴേക്കും സ്ക്കൂളില്‍ പോകാന്‍ സമയം ആയിട്ടുണ്ടാവും. അതുകൊണ്ട് എല്ലാ ദിവസവും വൈകുന്നേരമാണ് ചോറുണ്ടാക്കുക ബാക്കി വരുന്നത് രാവിലെ കഴിച്ച് സ്ക്കൂളില്‍ പോകും...
ഒരുപാടു നെല്‍കൃഷിയൊക്കെ ഉള്ള തറവാടായിട്ടും അവന്‍ മിക്ക ദിവസങ്ങളിലും ഉച്ചപട്ടിണിയായി. സ്ക്കൂളില്‍ ഉച്ചകഞ്ഞി ആരംഭിച്ച വര്‍ഷം ആയിരുന്നു അത്.. ഒത്തിരി കൃഷിയൊക്കെ ഉള്ള വീട്ടിലെ കുട്ടികള്‍ ഉച്ചകഞ്ഞിക്ക് അര്‍ഹരല്ല എന്ന അറിയിപ്പ് വന്നതോടെ അവനതിന് പേരു കൊടുത്തില്ല.. അവന്‍ പൈസയില്ലാത്ത പൈസക്കാരന്‍ ആയിരുന്നല്ലോ...
അന്നും അവന്‍ ടൗണിലൂടെ നടന്നു 'നീലിമ' ഹോട്ടലില്‍ കയറി ഒരു ഗ്ളാസ് വെള്ളം വാങ്ങികുടിച്ചു. ദാഹം മാറിയെങ്കിലും കഠിനമായ വിശപ്പ് അവനെ തളര്‍ത്തി.. അവന്‍ സ്ക്കൂളിന്‍റെ പുറകു വശത്തുള്ള ഗ്രൗണ്ടിലേക്കു നടന്നു. അവിടെ മാവിന്‍റെ ചുവട്ടില്‍ തളര്‍ന്നിരുന്നു... അവന്‍റെ വലിയ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി... ഭക്ഷണം കഴിച്ച് കുട്ടികളെല്ലാം ഗ്രൗണ്ടിലേക്കു വരുന്നുണ്ടായിരുന്നു. അവന്‍ കണ്ണുതുടച്ച് ക്ളാസിലേക്ക് നടന്നു. പെട്ടന്നാണ് അവന് ഹംസാക്കാന്‍റെ മിഠായ് കട ഓര്‍മ്മ വന്നത് അവന്‍ അവിടെ എത്തുമ്പോള്‍ കടക്കു ചുറ്റും കുട്ടികള്‍ മിഠായ് വാങ്ങുന്നുണ്ടായിരുന്നു. ഭരണികളില്‍ നിറച്ചു വച്ചിരുന്ന വിവിധ തരം മിഠായികള്‍ നോക്കി അവന്‍ നെടുവീര്‍പ്പിട്ടു...
ഹംസാക്ക കുട്ടികള്‍ക്ക് മിഠായ് കൊടുക്കുന്ന തിരക്കിലായിരുന്നു. പെട്ടന്നാണ് അവനതു ചെയ്തത് കടലമിഠായ് ഭരണിക്കുള്ളില്‍ കയ്യിട്ട് 25 പൈസയുടെ ഒരു മിഠായ് എടുത്തതും അവന്‍റെ കയ്യില്‍ ഹംസാക്കാന്‍റെ പിടിവീണു..
ഞാന്‍... ഞാന്‍... ഒന്നും പറയാന്‍ കിട്ടാതെ അവന്‍ നിസ്സഹായതയോടെ അയാളെ നോക്കി കൈകൂപ്പി. അയാള്‍ അവന് രണ്ടു മിഠായ് കൂടി എടുത്തു കൊടുത്തു.. അവന്‍റെ പുറത്തു തട്ടി പൊയ്ക്കാളാന്‍ പറഞ്ഞു. കുറ്റബോധം കൊണ്ട് കുനിഞ്ഞ ശിരസുമായി അവന്‍ ക്ളാസിലേക്കു നടന്നു...
സെലീന ടീച്ചര്‍ വന്ന് അവനെ തട്ടി വിളിക്കുന്നതു വരെ അവന്‍ ഡസ്കില്‍ തലവച്ചു കിടന്നു. എന്തുപറ്റി ഇവനെന്ന ടീച്ചറുടെ ചോദ്യത്തിന് അടുത്തിരുന്ന കുട്ടിയാണ് മറുപടി പറഞ്ഞത്..
'' ഇവനൊന്നും കഴിച്ചിട്ടില്ല ടീച്ചര്‍''
''എല്ലാ ദിവസവും ഇവന്‍ ഉച്ചക്ക് ഒന്നും കഴിക്കില്ല ടീച്ചറേ''
കുട്ടികള്‍ക്കെല്ലാം പേടിസ്വപ്നമായ സെലീന ടീച്ചര്‍ അവന്‍റെ മുടിയില്‍ പതുക്കെ തലോടി
''എന്‍റെ കൂടെ വാ ആരുടെയെങ്കിലും ചോറ്റുപാത്രവും വാങ്ങിക്കോ.....''
അടുത്തുള്ള കുട്ടിയുടെ ചോറ്റുപാത്രവും വാങ്ങി അവന്‍ ടീച്ചറെ അനുഗമിച്ചു....
കുട്ടികളുടെ തിരക്കെല്ലാം കഴിഞ്ഞ് പാത്രങ്ങള്‍ കഴുകുകയായിരുന്നു കഞ്ഞി വെക്കുന്ന ആയ.. ബാക്കിയുള്ള കഞ്ഞിയില്‍ നിന്ന് കുറച്ചു കഞ്ഞിയും പയറും വാങ്ങിതന്ന് ഇനിയെന്നും ഇവന് ഭക്ഷണം കൊടുക്കണമെന്നും അവരോട് നിര്‍ദ്ദേശിച്ച് അവനെ സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി.
അവന്‍ ഉണ്ണുന്നതും നോക്കി ടീച്ചര്‍ അവന് കൂട്ടിരുന്നു. സെലീന ടീച്ചറുടെ കണ്ണുനിറയുന്നത് അവനറിയുന്നുണ്ടായിരുന്നു...
തിരിച്ചു ക്ളാസിലേക്കു നടക്കുമ്പോള്‍ ടീച്ചറുടെ കൈക്കുള്ളില്‍ അവന്‍റെ കൈകള്‍ ഭദ്രമായിരുന്നു......!!
ഉണ്ണികൃഷ്ണന്‍ തച്ചമ്പാറ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot