നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സാന്ദ്രം - Part 3

Part 3
നീന വീണ്ടു കണ്ണു തുറന്നപ്പോൾ സാന്ദ്ര പോയിക്കഴിഞ്ഞിരുന്നു. അതേ മുറിയിൽ - അതേ ബെഡിൽ കിടക്കുകയാണ് അവളുടെ ശരീരം. ആ തൂവൽ കിടക്കയിൽ.
ഇപ്രാവശ്യം പശ്ചാത്തലത്തിൽ അവളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനം ഒഴുകി നടന്നിരുന്നു. “പുതു വെള്ളൈ മഴൈ...”
എന്തു ചെയ്യണമെന്നറിയാതെ അവൾ തന്റെ ശരീരത്തിനടുത്തിരുന്നു.
സന്തോഷമാണോ സങ്കടമാണോ ?
താൻ മരിച്ചിരിക്കുനു എന്നവൾക്കുറപ്പായിരുന്നു. പക്ഷേ എങ്ങനെ ?
ആദ്യം കണ്ട ആ മനോഹര തടാകം... ആ ബോട്ടിലിരുന്ന മനോഹര നിമിഷങ്ങൾ തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്നവൾ കൊതിച്ചു. പക്ഷേ അവിടെയും... റോബി കരയുകയായിരുന്നല്ലോ ?
ഇനി ഞാനെങ്ങനെ എന്റെ റോബിയെ കാണും ?
അപ്പോളതാ വാതിൽ വീണ്ടും തുറന്നു.
പപ്പ!!
അവൾ ആവേശത്തോടെ ചാടിയെണീറ്റു.
കേണൽ ചെറിയാൻ പതിയെ നടന്ന് ആ ബെഡിനരികിലെത്തി.
മിലിട്ടറി യൂണിഫോമിലാണദ്ദേഹം. മാറിലും തോളിലുമായി ധാരാളം പതക്കങ്ങൾ.
“മോളെ...” കാറ്റു പോലെ വിളിയൊച്ച.
“ജീവിച്ചിരുന്നപ്പോ ഒരിക്കലും പപ്പ തന്നെ ഇങ്ങനെ ഇത്ര സ്നേഹത്തോടെ വിളിച്ചിട്ടില്ലെന്നവളോർത്തു.
”ഒരിക്കൽ കൂടി നിന്നെ ഒന്നു കാണാനായി എന്തും നഷ്ടപ്പെടുത്താൻ ഞാനൊരുക്കമായിരുന്നു മോളൂ...” അയാൾ ഒരു വിതുംബലോടെ ബെഡിലേക്കിരുന്നു. “പക്ഷേ ഇങ്ങനല്ല. ഈ കിടപ്പല്ല എനിക്കു കാണേണ്ടത്... നീ തിരിച്ചു പോകൂ കുട്ടി. നിന്റെ സമയമായിട്ടില്ല...നമ്മൾ ഇനിയും കാണും. പക്ഷേ അത് ... അതിന്നു വേണ്ട നീനാ...“
അയാളുടെ കണ്ണിൽ നിന്നും ഒരു തുള്ളി ചുടു നീർ തൂവൽ കിടക്കയിൽ വീണു.
നീന മുഖം തിരിച്ചു.
അവൾക്ക് പപ്പയെ അങ്ങനെ കാണാൻ ഒരിക്കലും കഴിയുമായിരുന്നില്ല.
**** **** **** **** ****
രാവിലെ സ്റ്റേഷനിലെത്തിയ മാത്യൂസ്, കോമ്പൗണ്ടിൽ പാർക്കു ചെയ്തിരിക്കുന്ന മിലിട്ടറി ജീപ്പ് കണ്ട് അമ്പരന്നു.
തിടുക്കത്തിൽ അകത്തേക്ക് ചെന്നു അയാൾ.
ഓഫീസിൽ അക്ഷമനായി ഇരിക്കുകയാണ് ഒരു മിലിട്ടറി ഉദ്യോഗസ്ഥൻ. വേഷം കണ്ടാലറിയാം വളരെ ഉയർന്ന റാങ്കിലുള്ള ആരോ ആണ്.
അകത്തു കടന്നതും അറിയാതെ സല്യൂട്ട് ചെയ്തു പോയി മാത്യൂസ്.
“മിസ്റ്റർ മാത്യൂസ്. 11 മണിക്കാണോ താങ്കളുടെ ഒഫീഷ്യൽ ടൈം തുടങ്ങുന്നത് ?” കേണലിന്റെ സ്വരത്തിൽ ഈർഷ്യയുണ്ടായിരുന്നു. “ഏതാണ്ട് ഒരു മണിക്കൂറായി ഞാൻ വന്നിട്ട്. താങ്കളെ വിളിക്കണ്ട എന്നു ഞാൻ പറഞ്ഞു. ഇവിടത്തെ പംക്ച്വാലിറ്റി ഒന്നു നേരിട്ടു കാണാൻ വേണ്ടി മനപ്പൂർവ്വമാണ്.” ഹിന്ദിയും ഇംഗ്ലീഷും കൂട്ടിക്കലർത്തിയാണയാൾ സംസാരിച്ചു തുടങ്ങിയത്.
“സോറി സർ. ഞാൻ ഡ്യൂട്ടിയിൽ തന്നെയായിരുന്നു. ഒരു കേസന്വേഷണവുമായി രാവിലെ 6 മണിക്കിറങ്ങിയതാണ്. താങ്കളെ എനിക്ക് മനസ്സിലായില്ല.”
“ഓക്കെ - ഞാൻ ലുട്ടനെന്റ് കേണൽ അജയ്പാൽ സിങ്ങ്. ജമ്മുവിൽ നിന്നാണ്. ഇംഗ്ലീഷാണോ ഹിന്ദിയാണോ താങ്കൾ കംഫർട്ടബിൾ ?”
“ഇംഗ്ലീഷ് മതി സർ. ഹിന്ദി ഞാൻ അത്ര പോര...” മാത്യൂസ് പരുങ്ങി.
“ഇതെന്താ കേരളത്തിലാരും ഹിന്ദി സംസാരിക്കാത്തത് ? അത്ഭുതമാണ്. നമ്മുടെ രാഷ്ട്രഭാഷയല്ലേ ?”
മാത്യൂസ് മറുപടിയൊന്നും പറഞ്ഞില്ല.
“സോ... സമയം കളയുന്നില്ല. വന്ന കാര്യം പറയട്ടെ. മാത്യൂസ് ഇരിക്കൂ.” കേണൽ മാത്യൂസിന് സ്വന്തം ഇരിപ്പിടം ചൂണ്ടിക്കാട്ടി. “ഞാൻ ഒരു എന്ക്വയറി കമ്മീഷൻ അയച്ചിട്ട് വരുന്നതാണ്. തുടർച്ചയായ കുറച്ച് മരണങ്ങൾ. എല്ലാം ഹൈ റാങ്കിങ്ങ് ഓഫീസേഴ്സ്. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 5 പേരാണ് മരിച്ചിരിക്കുന്നത്...”
“സീരിയൽ കില്ലിങ്ങ് ?” മാത്യുവിന്റെ ചോദ്യത്തിൽ അല്ഭുതമുണ്ടായിരുന്നു.
“കില്ലിങ്ങ്...എന്നു പറയാനാവില്ല. ” കേണൽ ഒരു നിമിഷം ആലോചിച്ചു. “എല്ലാ മരണങ്ങളും സ്വഭാവികമായിരുന്നു. ഹാർട്ട് അറ്റാക്ക്, വാഹനാപകടം ... അങ്ങനെയൊക്കെ. പക്ഷേ ഇത്രയധികം ഓഫീസേഴ്സ് ഇത്ര ചുരുങ്ങിയ കാലത്തിനുള്ളിൽ മരണപ്പെട്ടതുകൊണ്ടുള്ള ഒരു ചെറിയ സംശയം. അത്രേയുള്ളൂ. ”
“ഓക്കെ സർ. ഞാനെന്തു ഹെല്പ്പാണു ചെയ്യേണ്ടത് ?”
“ഇവിടെ അടുത്ത് ഒരു കേണൽ ചെറിയാൻ ഇതു പോലെ ഈയടുത്ത് മരണപ്പെട്ടിരുന്നു. ”
“എനിക്കറിയാം സർ. ഹാർട്ട് അറ്റാക്ക് ആയി ...”
“ആഹാ... അദ്ദേഹത്തെ അറിയാമോ ? ”
“അത് സർ... കേണലിന്റെ മകളെ കല്യാണം കഴിക്കാൻ പോകുന്നത് എന്റെ അടുത്ത സുഹൃത്താണ്. മി. റോബിൻ. ഇന്നലെ കൂടി ഞാൻ അവരുടെ വീട്ടിൽ പോയിരുന്നു. അടുത്ത മാസം 15നാണു വിവാഹം ഫിക്സ് ചെയ്തിരിക്കുന്നത്.”
“നീനക്ക് കല്യാണ പ്രായമായോ !? ” കേണലിന്റെ മുഖത്ത് അത്ഭുത ഭാവം. “എന്തു പെട്ടെന്നാണ് കുട്ടികൾ വലുതാകുന്നത്. ല്ലേ ? ഞാൻ നന്നേ ചെറുപ്പത്തിൽ കണ്ടതാണാ കുട്ടിയെ.“
“കേണൽ മരിക്കുന്ന സമയത്ത് ഞാനുമുണ്ടായിരുന്നു സർ ഹോസ്പിറ്റലിൽ.” മാത്യു തുടർന്നു.
“ആഹാ... അതു പറയൂ. എന്താണുണ്ടായത് ?”
“കേണൽ ചെറിയാൻ തന്റെ ഓഫീസിൽ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണറിയാൻ കഴിഞ്ഞത്. എത്ര നേരം അവിടെ കിടന്നെന്നറിയില്ല. ഭാര്യ അന്വേഷിച്ചെത്തിയപ്പോഴേക്കും വൈകിപ്പോയിരുന്നു. ഹോസ്പിറ്റലിലെത്തിച്ചതിനു ശേഷമാണ് ഞാനും റോബിയും വിവരമറിയുന്നത്. ഉടനെ ഞങ്ങൾ അങ്ങോട്ട് തിരിച്ചു. ഞങ്ങൾ അവിടെയെത്തി ഏതാണ്ട് 15 മിനിട്ടിനുള്ളിൽ മരണം സംഭവിച്ചു.”
“കേസ് ഫയലൊന്നും...”
“ഇല്ല സർ. കേസാക്കിയില്ല. ഡോക്റ്റർ പറഞ്ഞു ഹാർട്ട് അറ്റാക്കാണെന്ന്. പിന്നെ പ്രായവും മറ്റും നോക്കിയപ്പോ ഞങ്ങൾക്കും പ്രത്യേകിച്ച് സംശയമൊന്നും തോന്നിയില്ല. പോസ്റ്റ്മോർട്ടവും ചെയ്തില്ല. ആർക്കും ഒരു പരാതിയുമില്ലാതെ...”
“ഉം..” കേണൽ വീണ്ടും ആലോചനയിലായി.
“എന്തായാലും, താങ്കൾ ഒരു ഫയൽ തുറക്കൂ. നമുക്ക് ഇതൊന്നു കൂടി അന്വേഷിക്കാം. വളരെ വൈകി. എനിക്കറിയാം. എന്നാലും, മാക്സിമം വിവരങ്ങൾ ശേഖരിക്കാം നമുക്ക്. കേണൽ ചെറിയാൻ അന്നു നാട്ടിൽ വന്നതിനു ശേഷം ആരൊക്കെയായിട്ടാണോ ബന്ധപ്പെട്ടിരിക്കുന്നത് അവരെയൊക്കെ ചോദ്യം ചെയ്യണം. എല്ലാം റെക്കോർഡ് ചെയ്ത് സ്കാൻ ചെയ്ത് എനിക്കയച്ചു തരണം.”
“ഓക്കേ സർ.”
“എന്റെ ജോലി കൂടി തന്റെ തലയിൽ വെച്ചു തന്ന് ഞാൻ തലയൂരുകയാണെന്നു വിചാരിക്കരുത്. എനിക്കിതു പോലെ ഇനി 5 കേസുകൾ കൂടി അന്വേഷിക്കാനുണ്ട്. അഞ്ചു സ്റ്റേറ്റുകളിൽ. ഒറ്റക്ക് എന്നെക്കൊണ്ടാവില്ല. അതുകൊണ്ടാണ് ലോക്കൽ പോലീസിനെ കൂടി സഹായത്തിന് വിളിക്കുന്നത്. മാത്രമല്ല, കൊലപാതകമാണെന്ന് തെളിയാതെ മിലിട്ടറി ഇതിൽ സീരിയസ് ആയി ഇടപെടില്ല. ഇത് തല്ക്കാലം ഒരു എക്സർസൈസ്. ഈ മരണങ്ങൾ തമ്മിൽ എന്തെങ്കിലും കോമൺ ആയിട്ടുണ്ടോ , എന്തെങ്കിലും ഒരു പറ്റേൺ ഉണ്ടോ എന്നറിയാനുള്ള ശ്രമം.“
”മനസ്സിലായി സർ. ആകെയൊരു പ്രശ്നമുള്ളത് നീനയുടെ കല്യാണമാണ്. അതിന്റെയിടക്ക് കേസന്വേഷണവുമായി ചെന്നാൽ...“
”അതൊക്കെ വളരെ തന്ത്രപരമായി കൈകാര്യം ചെയ്യണം. നമ്മളിപ്പൊ ആരെയും അറസ്റ്റ് ചെയ്യാനൊന്നുമല്ലല്ലോ പോകുന്നത്. ഏറ്റവും ഇമ്പോർട്ടന്റ് കാര്യമെന്താണെന്നു വെച്ചാൽ, യാതൊരു കാരണവശാലും മീഡിയാസ് അറിയരുത്. മനസ്സിലായിക്കാണുമല്ലോ.“
”മനസ്സിലായി സർ. ഇപ്പൊ സമയമുണ്ടെങ്കിൽ നമുക്ക് കേണലിന്റെ വീട്ടിലേക്കു പോയാലോ സർ ? അദ്ദേഹത്തിന്റെ ഭാര്യയുടെ ഒരു സ്റ്റെയ്റ്റ്മെന്റ് എടുക്കാം ഇപ്പൊത്തന്നെ.“
”സോറി മി. മാത്യൂസ്. എന്റെ ട്രെയിൻ ഒരു മണിക്കൂറിലാണ്. അതിനുള്ളിൽ എനിക്ക് ഓഫീസിൽ പോയി റിപ്പോർട്ട് ചെയ്ത്. ആ ജീപ്പ് തിരികെ കൊടുത്ത്... ഒത്തിരി പരിപാടികളുണ്ട്. എല്ലാം ഞാൻ മാത്യൂസിനെ ഏല്പ്പിക്കുകയാണ്. എനിക്ക് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് വേണം. “ അയാൾ എഴുന്നേറ്റ് ഹസ്തദാനത്തിനായി കൈ നീട്ടി.
**** **** **** **** ****
വൈകിട്ട് നാലുമണിയോടെ മാത്യൂസ് നീനയുടെ വീട്ടിലേക്കു തിരിച്ചു.
നീന പകൽ തിരക്കിലായിരിക്കുമെന്നയാൾക്കറിയാം. എം ബീ ഏ ചെയ്യുന്നുണ്ട് അവൾ.
മുറ്റത്ത് ജീപ്പ് നിർത്തി ഇറങ്ങിയ അയാൾ കണ്ടത് പുറത്തേക്കിറങ്ങി വരുന്ന ഒരു ചെറുപ്പക്കാരനെയാണ്.
നല്ല പരിചയമുള്ള മുഖം. മാത്യൂസ് അവനെ സൂക്ഷിച്ചു നോക്കി.
മുടിയൊക്കെ പറ്റെ വെട്ടി കണ്ണൊക്കെ ചുവന്ന് ഒരു ജയില്പ്പുള്ളിയെപ്പോലെ ഒരുത്തൻ. പോലീസ് ജീപ്പു കണ്ട് ഒന്നു പകച്ചോ അവൻ ?
“ഹലോ...” മാത്യൂസ് വിളിച്ചു. പക്ഷേ അയാൾ കേട്ട മട്ടില്ല. തിടുക്കത്തിൽ അവിടെയിരുന്ന ഒരു ബൈക്കിൽ കയറി പാഞ്ഞു പോയി.
നല്ല പരിചയം ആ മുഖം... മാത്യൂസ് ആകെ ചിന്താകുലനായി കോളിങ്ങ് ബെല്ലമർത്തി.
വാതിൽ തുറന്നത് നീന തന്നെയായിരുന്നു.
“സർ വരൂ... ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.”
“ഇപ്പൊ ഇവിടുന്നാ പോയതാരാ ?” കുശലപ്രശ്നങ്ങൾക്കൊന്നും നിന്നില്ല മാത്യൂസ്.
“അത് ബെന്നി. കോളേജിൽ എന്റെ സീനിയറാരുന്നു. ചുമ്മാ കാണാൻ വന്നതാ...”
“ബെന്നി!” ആ പേരു കേട്ടതും മാത്യൂസിന്റെ തലയിൽ ഒരു മിന്നൽ പോലെ. അയാൾ തിടുക്കത്തിൽ ഫോണെടുത്തു. വാട്സാപ്പിൽ പണ്ട് എസ് പീ അയച്ച ഒരു ഫോട്ടോ.
“നീന ഇതു കണ്ടൊ ?” അയാൾ ഫോൺ അവളുടെ കയ്യിൽ കൊടുത്തു. “ഇതല്ലേ ബെന്നി ?
”പിടികിട്ടാപ്പുള്ളിയോ ?“ അവൾ പൊട്ടിച്ചിരിച്ചു. ”ഇതൊക്കെ പഴയ കഥയല്ലേ സർ ? അവനിപ്പോ ആകെ മാറി. ജയിലീന്നെറങ്ങിയേപ്പിന്നെ പഴയ ഗുണ്ടാപ്പരിപാടിയൊക്കെ നിർത്തി. ഇപ്പൊ ടൗണിൽ സ്വന്തമായി ഒരു വർക്ക്ഷോപ്പൊക്കെയായി ജീവിക്കുവാ. യാതൊരലമ്പുമില്ല.“
”എന്തിനാ വന്നേ അവൻ ?“
അവൾ അകത്തേക്കു നടന്നു. ”കോളേജീ പഠിക്കുന്ന കാലത്ത് എന്നെ കുറേ ഉപദ്രവിച്ചിരുന്നു ഇവൻ. ഇവരുടെ ഒരു ഗ്യാങ്ങുണ്ടാരുന്നു. റാഗിങ്ങിന്റെ ആശാന്മാരായിരുന്നു. ഇപ്പൊ പാവം നടന്ന് എല്ലാരോടും മാപ്പു പറഞ്ഞോണ്ടിരിക്കുവാ. സാർ പേടിക്കുകയേ വേണ്ട. ബെന്നി പഴയ ആളല്ല ഇപ്പൊ.“
“നീന സൂക്ഷിക്കണം. പുറമേ നിന്നു കാണുന്ന പോലെയല്ല ആളുകൾ. എന്താ അവന്റെ ഉദ്ദേശമ്ന്നെനിക്ക് സംശയമുണ്ട്. കൊലപാതക കേസു വരെയുണ്ട് അവന്റെ പേരിൽ.”
നീന ദീർഘമായി ഒന്നു ശ്വസിച്ചു.
“ഓക്കേ- ഞാൻ വന്ന കാര്യം പറയാം.” അയാൾ കയ്യിലിരുന്ന ഫയൽ തുറന്നു.
**** **** **** **** ****
പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങുകയായിരുന്നു റോബി.
കേണലിന്റെ മരണമന്വേഷിക്കുന്ന കാര്യം സംസാരിക്കാൻ മാത്യൂസ് വിളിച്ചു വരുത്തിയതാണ്. കൂടുതൽ വഷളാക്കാതെ എല്ലാവരെയും കണ്ട് സ്റ്റെയ്റ്റ്മെന്റ്സ് എടുക്കണം.റോബിയോടും കൂടി ആലോചിച്ചിട്ട് ചെയ്യാമെന്നായിരുന്നു മാത്യൂസ് ചിന്തിച്ചത്.
സംസാരിച്ചിരുന്ന് നേരം വൈകി. ചെറുതായി മഴയും പെയ്യുന്നുണ്ട്.
“നാശം. ” റോബി റെയിൻ കോട്ടെടുത്തിട്ടു ബുള്ളറ്റ് സ്റ്റാർട്ടാക്കി.
കരണ്ടു പോയിരിക്കുന്നു. റോഡിലൊന്നും വെളിച്ചമില്ല. റോബി തന്റെ വീട്ടിലേക്കുള്ള ജങ്ങ്ഷനിലെത്തിയപ്പോളാണ് പോക്കറ്റിൽ മൊബൈൽ അടിച്ചത്.
“കോപ്പ്!” അയാൾ റോഡ് സൈഡിൽ വണ്ടി നിർത്തി മൊബൈലെടുക്കാനുള്ള അഭ്യാസം തുടങ്ങി. കോട്ടിനുള്ളിലായതുകൊണ്ട് വളരെ ബുദ്ധിമുട്ടി അയാൾ.
“ഹലോ...” പരിചയമില്ലാത്ത നംബറായിരുന്നു
“മി. റോബിയല്ലേ ?”
“അതേ.”
“ഒരു സ്ഥലക്കച്ചവടം സംസാരിക്കാനായിരുന്നു.”
“ആയ്ക്കോട്ടെ. ഞാൻ അല്പ്പം കഴിഞ്ഞ് തിരിച്ചു വിളിച്ചാൽ മതിയോ ?”
“മതി. പക്ഷേ ഇതു പറയൂ, താനിപ്പൊ ഒരു ബുള്ളെറ്റിലല്ലേ ഇരിക്കുന്നേ ?”
“അതേ...” റോബിക്കെന്തോ പന്തികേടു തോന്നി.
“ഓക്കേ ശരി. പിന്നീടു സംസാരിക്കാം.” അപ്പുറത്തു ഫോൺ കട്ടു ചെയ്തു.
റോബിക്കൊന്നും മനസ്സിലായില്ല. ആരായിരുന്നു അത് ? താൻ ബുള്ളറ്റിലാണെന്ന് എങ്ങനെ മനസ്സിലായി അയാൾക്ക് ?
റോബി തിരിഞ്ഞ് പുറകോട്ട് നോക്കി.
കണ്ണിൽ കുത്തുന്ന ഇരുട്ടാണ്. മഴ ഇപ്പോ കൂടുതൽ ശക്തിയാർജ്ജിച്ചിരിക്കുന്നു.
റോബി ചിന്താകുലനായി വീണ്ടും ബൈക്കു സ്റ്റാർട്ട് ചെയ്തു.
അടുത്ത നിമിഷം .
പുറകിൽ നിന്നും അതി വേഗത്തിൽ പാഞ്ഞെത്തിയ ഒരു ജീപ്പ് ആ ബുള്ളറ്റിനെ ഇടിച്ചു തെറിപ്പിച്ചു.
തുടരും)

Biju V and Alex J

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot