Slider

കടലും ഭർത്താവും പിന്നെ കുട്ടിയും

0
കടലും ഭർത്താവും പിന്നെ കുട്ടിയും
============================
ബീച്ച് ഹോസ്പിറ്റലിൽ പ്രസവിക്കാനായി അഡ്മിറ്റ് ആയ അമ്മ ഒരു നാലുമണി സന്ദർശനസമയത്തു അച്ഛനെ സോപ്പിട്ട് കടൽത്തീരത്തേക്കു പോയപ്പോഴാണ് കുട്ടി ആദ്യമായി കടലിരമ്പം കേൾക്കുന്നത്. തിരകൾ പാദങ്ങളെ ചുംബിച്ചപ്പോൾ അമ്മയോടൊപ്പം കുട്ടിയും കുളിർകൊണ്ടു. ആ തണുത്ത ഉപ്പുകാറ്റേറ്റ് അമ്മയുടെ രോമകൂപങ്ങൾ ഉണർന്നപ്പോൾ കുട്ടിയും ഉഷാറായി. എന്താ ഇത്.. എനിക്കിപ്പോൾ കാണണം. കുട്ടി പുറത്തേക്കുള്ള വാതിൽ അന്വേഷിച്ചു തുടങ്ങി. അതിന്റെ ഫലമായുണ്ടായ വേദനയും കടിച്ചമർത്തി ഇടിഞ്ഞുതുടങ്ങിയ വയറും താങ്ങി അമ്മ ആശുപത്രിയിലേക്ക് തിരിച്ചുപിടിച്ചു.
കുട്ടിക്കാകെ പരവേശം ആയിരുന്നു. പുറത്തേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. കുറച്ചു നേരത്തെ പരാക്രമത്തിനു ശേഷം കുട്ടി പുറത്തെത്തി. ആകെപ്പാടെ ബഹളവും തിരക്കും.., പിന്നെ കണ്ണിൽ കുത്തുന്ന വെളിച്ചവും. നേരത്തേ കേട്ട ഇരമ്പം മാത്രം കേൾക്കുന്നില്ല. കുട്ടി ഒരു കരച്ചിൽ..!
കുട്ടിയും അമ്മയും മൂന്നു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം വീട്ടിൽ പോയി. കുട്ടി പല പല ആളുകളുടെ ശബ്‌ദം കേട്ടു... കിളികളുടെ കരച്ചിൽ കേട്ടു... വാഹങ്ങളുടെ ഇരമ്പൽ കേട്ടു... പക്ഷേ അമ്മയുടെ വയറ്റിൽവെച്ചു തന്നെ മോഹിപ്പിച്ച കടലിരമ്പം മാത്രം കേട്ടില്ല. കുഞ്ഞോളങ്ങൾ തത്തിക്കളിക്കുന്ന കായലും താണ്ടി.., തലയെടുപ്പോടെ നിൽക്കുന്ന കേരവൃക്ഷങ്ങളും താണ്ടി.., പച്ചവിരിച്ച വയലുകളും താണ്ടി വന്ന കാറ്റിനും കുട്ടിയുടെ രോമകൂപങ്ങൾ ഉണർത്താൻ സാധിച്ചില്ല. കുട്ടി തന്നെ മോഹിപ്പിച്ച വസ്തുവിനായി കാത്തിരിപ്പ്‌ തുടർന്നു.
അങ്ങനെ നാൽപ്പത്തഞ്ചാം ദിനം കുട്ടിയും അമ്മയും വീണ്ടും ആശുപത്രിയിലേക്ക്. കുട്ടിക്കൊരസ്സൽ കുത്തിവെയ്പ്പൊക്കെ കിട്ടിക്കഴിഞ്ഞപ്പോൾ കരയുന്ന കുട്ടിയേയുംകൊണ്ട് അമ്മയും അച്ഛനും നടക്കാൻ തുടങ്ങി. കുറച്ചു നടന്നുകഴിഞ്ഞപ്പോൾ കുട്ടി കരച്ചിൽ നിർത്തി. കുട്ടിയെ മോഹിപ്പിച്ച കടലിരമ്പം.! പൊതിഞ്ഞുപിടിച്ച ടൗവലിന്റെ പുറത്തേക്ക് നീണ്ടുനിന്ന കാലിൽ ഉപ്പുകാറ്റേറ്റപ്പോൾ കുട്ടിക്ക് രോമാഞ്ചം.. അമ്മയുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കിടന്ന കുട്ടിയെ അൽപ്പം ചെരിച്ചു കടലിനു നേരെ നോക്കി അമ്മ പറഞ്ഞു "വാവേ നോക്കിയേ... ദേ കടൽ...."
കടൽ ! കുട്ടി ചുണ്ടുകൾ വിടർത്തി ഒന്നു ചിരിക്കാൻ ശ്രമിച്ചു. കുട്ടിയുടെ കാഴ്ച്ചയുറയ്ക്കാത്ത കണ്ണുകളിൽ അവ്യക്തമായി ഒരു ചിത്രം പതിഞ്ഞു. കുട്ടി തന്റെ ആദ്യ പ്രണയം കണ്ടെത്തി.....കുട്ടിക്ക് പ്രണയം, അത് കടലിനോടാണ്..!
കുട്ടി വളരുന്നതിനോടൊപ്പം കടലിനോടുള്ള പ്രണയവും കൂടിക്കൂടി വന്നു. എന്ത് ഔട്ടിങിന് പോയാലും കുട്ടിക്ക് കടൽത്തീരത്തും പോവണം. കുട്ടി മാതാപിതാക്കളുടെ കൂടെ കടല് കാണാൻ പോയി, കൂട്ടുകാരുടെ കൂടെ പോയി, പിന്നെ കാമുകന്റെ ഒപ്പവും പോയി. കമിതാക്കൾക്കെന്നും കടലൊരു ഹരമാണല്ലോ. ഓരോ തവണ കാണും തോറും കുട്ടിക്ക് കടലിനോടുള്ള പ്രണയം വർധിച്ചതേയൊള്ളു.
കല്യാണം കഴിഞ്ഞു കാമുകനിൽനിന്നും ഭർത്താവായപ്പോഴാണ് ഈ കടൽ സ്നേഹം കൊണ്ട് കുട്ടിയുടെ കുട്ടൻ ശരിക്കും വലഞ്ഞത്. ഹണിമൂണിന് പോയപ്പോൾ കടൽത്തീരം, ആൽബം ഔട്ട്ഡോർ ഷൂട്ടിംഗിനു കടൽത്തീരം, ഒരു അവധിദിവസം കിട്ടിയാൽ കടൽത്തീരം... സിനിമക്കു പോയാലോ എന്നു ഭർത്താവ് ചോദിക്കുമ്പോൾ ബീച്ചിൽ പോവാം എന്നു കുട്ടി.
ഒടുവിൽ സഹികെട്ട് ഒരു ദിവസം ഭർത്താവ് ചോദിച്ചു "നിനക്ക് എന്നെയാണോ അതോ കടലിനെ ആണോ ഇഷ്ട്ടം...? ഇന്നെനിക്ക് രണ്ടിലൊന്നറിയണം."
കുട്ടി നിന്നു വിയർത്തു. ആരെ തഴയും..? ഒരുവശത്ത് ഒത്തിരി പ്രണയിക്കുന്ന ഭർത്താവ്.. മറുഭാഗത്ത് പ്രണയം എന്തെന്ന് അറിയുന്നതിനും മുൻപേ, അമ്മയുടെ വയറിനുള്ളിൽവെച്ചേ സ്നേഹിച്ചു തുടങ്ങിയ കടൽ...
ഒടുവിൽ കുട്ടി കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം ഭർത്താവിന്റെ കണ്ണിലേക്ക് നോക്കി പറഞ്ഞു...
"കടലിനോളം ഞാൻ നിന്നെ പ്രണയിക്കുന്നു പ്രിയനേ..."
വാൽക്കഷ്ണം: ലവരിപ്പോഴും കടൽത്തീരത്തു പോവാറുണ്ടെന്നാണ് എന്റെ ഒരു അറിവ്...
രേവതി എം ആർ
27/02/2018
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo