നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

#കാർത്തു

ഭൂമിയുടെ വറുതി മാറ്റി ആകാശം പെയ്തിറങ്ങിയ ഇടവപ്പാതിയിലെ ആദ്യ മഴ. അന്തരീക്ഷത്തിലെങ്ങും നനഞ്ഞ പുതുമണ്ണിന്റെ ഗന്ധം.
കുറച്ചുനേരത്തെങ്കിലും സ്വതന്ത്രമായിചിറകുവിരിച്ചു പറന്ന് പിന്നെയീ മണ്ണിൽ തളർന്ന് വീണ് മരിക്കാനായി മാത്രം മൺപുറ്റുകളിൽ നിന്നും പറന്നുയരുന്ന ഈയാംപാറ്റകൾ.
ചെളിയിൽ പുതഞ്ഞ് ഒരു വേനൽക്കാലം മുഴുവൻ ജീവൻ പിടിച്ചുനിർത്തിയ മീനുകൾ പുതുമഴയിൽ പെയ്തൊഴുകിയ നീർച്ചാലുകളിൽ നീന്തിത്തുടിച്ചു. വയലോരത്തെ വാകമരങ്ങളിൽ നിന്ന് ചുവന്ന പൂക്കൾ ഉതിർന്നുവീണ് മണ്ണിൽ ചുവന്ന പരവതാനി വിരിച്ചു.
മേൽക്കൂരയിലെ സുഷിരങ്ങളിൽ നിന്നും മുഖത്തേക്കിറ്റു വീഴുന്ന മഴത്തുള്ളികൾ. കണ്ണുനീരിനൊപ്പം ആ മഴത്തുള്ളികളും ചാണകം മെഴുകിയ തറയിലേക്ക് ഇറ്റു വീഴുമ്പോൾ കാർത്തുവിന്റെ മനസ്സിൽ നാല് വർഷം മുമ്പ് ഇതുപോലെ പെയ്ത ഒരു ഇടവപ്പാതി മഴയായിരുന്നു.
അന്ന് അവൾക്ക് ഒരു തുണയുണ്ടായിരുന്നു, മുരുകൻ.
തോട്ടിൽ തിമിർത്തു മറിയുന്ന മീനുകളെ ഒറ്റാലിൽ പിടിച്ച് , കാറ്റിൽ കൊഴിഞ്ഞു വീണ നാട്ടുമാമ്പഴങ്ങൾ പങ്കിട്ട് തിന്ന്, പാടവരമ്പത്തെ വാകമരച്ചോട്ടിൽ ചുവന്ന പൂക്കളെ മെത്തയാക്കി കറുത്ത നാഗങ്ങളെപ്പോലെ ഇണചേർന്ന്, അവർ ആ പുതുമഴയെ ആവോളം ആസ്വദിച്ചു.
അതവരുടെ മധുവിധു നാളുകൾ ആയിരുന്നു. കാരിരുമ്പിനെ തോൽപ്പിക്കുന്ന കരുത്തുള്ള മുരുകനും കരിങ്കല്ലിൽ കൊത്തിയ ശിൽപം പോലഴകുള്ള കാർത്തുവും.
വയലിനക്കരെ കുന്നിൻ മുകളിലേക്ക് മുരുകൻ നടന്നു മറഞ്ഞിട്ട് മൂന്നാണ്ടുകൾ കഴിഞ്ഞു. മലമുകളിലെ കാട്ടിൽ ഒളിവിൽ കഴിയുന്ന സാറുമ്മാർക്ക് അരിയും മുളകും ചുമന്ന് മലകയറിപ്പോയ മുരുകൻ പിന്നെ തിരികെ വന്നില്ല.
നരി പിടിച്ചെന്നും അതല്ല കാട്ടിൽ വഴിതെറ്റി വേറെയേതോ നാട്ടിലെത്തിപ്പെട്ട് അവിടെത്തന്നെ പൊറുതിയാക്കിയെന്നും മറ്റും നാട്ടുവർത്തമാനം.
പലതവണ കാർത്തു തനിച്ചാ കാട്ടിനുള്ളിൽ എത്താവുന്ന ദൂരമെല്ലാം തേടി നടന്നു. അവളുടെ അടിവയറ്റിൽ ഒരു കുഞ്ഞു ജീവൻ തുടിപ്പറിയിച്ചിരുന്നു, ആ സന്തോഷം പങ്കു വെയ്ക്കുവാനുള്ള ത്വരയിൽ മുരുകനെ തേടി ഒരുപാടലഞ്ഞു .
ഒരിക്കൽ പാറയിൽ വഴുതി വീണ് വെറും ചോരയും നീരുമായി ആ കുഞ്ഞു തുടിപ്പും അവസാനിച്ചു. പക്ഷെ കാർത്തുവിന്റെ മനസ്സിൽ ഒരു ചെറിയ പ്രതീക്ഷയുണ്ട്, ഒരിക്കൽ ആ കാടിറങ്ങി മുരുകൻ വരുമെന്ന്.
പുറത്തുനിന്ന് കേട്ട ഒരു മുരടനക്കം അവളെ ഓർമ്മകളിൽ നിന്നുണർത്തി. തിടുക്കത്തിൽ എഴുന്നേറ്റ് ഇറയിൽ നിന്ന് കൊയ്ത്തരിവാളെടുത്ത് പിന്നിലൊളിപ്പിച്ചു. വാതിൽ മറയിലൂടെത്തിനോക്കി. ചാറൽമഴയിൽ തലയിൽ ഓലക്കുട ചൂടി ചുണ്ടിൽ എരിയുന്ന ബീഡിയുമായ് സുപ്രൻ. അവളെ കണ്ടപ്പോൾ ഈർക്കിലിൽ കോർത്ത പിടയ്ക്കുന്ന ആറ്റുമീനുകളെ കുടിലിന്റെ ഇറയത്തു വെച്ചിട്ട് അവൻ തിരിഞ്ഞു നടന്നു. അന്ന് കാട്ടിൽ ഗർഭമലസ്സി രക്തത്തിൽ കുളിച്ചു കിടന്ന കാർത്തുവിനെ എടുത്തു കൊണ്ട് വന്ന് കുടിലിലാക്കിയതും വയറ്റാട്ടിയെ കൂട്ടികൊണ്ടുവന്ന് ജീവൻ രക്ഷിക്കാനുള്ള മരുന്നും കഷായവും ഏർപ്പാടാക്കിയതും സുപ്രനാണ്. അവൻ ജന്മനാ ഊമയാണ്. അവന് കാർത്തുവിനെ ഇഷ്ടമാണ്. പക്ഷെ അവനറിയാം കാർത്തു മുരുകനെ മാത്രം പ്രതീക്ഷിച്ചു കഴിയുകയാണെന്ന്.
ചിലപ്പോഴൊക്കെ അവനിങ്ങനെ അവളുടെ കുടിലിനു മുമ്പിലെത്തും, അവൾക്കായി കാണിക്ക പോലെന്തെങ്കിലും കൈയ്യിലുണ്ടാകും. അത് ആ ഇറയത്ത് വെച്ചിട്ട് തിരികെ നടക്കുംമുമ്പ് അവൻ പ്രതീക്ഷയോടെ കാർത്തുവിന്റെ മുഖത്തേക്ക് നോക്കും. ഒരു ചെറു പുഞ്ചിരി അവളുടെ മുഖത്തു വിരിഞ്ഞു കാണാനുള്ള അതിയായ ആഗ്രഹത്തോടെ.
അവന്റെ ഈ വരവും പോക്കും നാട്ടിലെ പലരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അവരിൽ പലരും അവളെ ഉപദേശിച്ചു " എത്രകാലമാ ഈ ഒളിച്ചുകളി ഇനിയിപ്പോ മുരുകൻ വരാനൊന്നും പോണില്ല, ആ സുപ്രൻറെ കൂടെ പൊറുതി തുടങ്ങുന്നതാ നിനക്ക് നല്ലത് " കാർത്തു അതൊന്നും ചെവിക്കൊണ്ടില്ല.
അവൾ ചിലപ്പോഴൊക്കെ സുപ്രനോട് ദേഷ്യപ്പെടാറുണ്ട്. പക്ഷെ അവളുടെ മുഖത്തേക്ക് വെറുതെ കുറച്ചു നേരം നോക്കി നിന്നിട്ട് അവൻ നടന്നകലും. അവന് അധികമൊന്നും വേണ്ട കാർത്തുവിന്റെ ഒരു പുഞ്ചിരി മാത്രം മതി. ആ ഒരു പ്രതീക്ഷയിലാണ് അവന്റ ജീവിതം.
ഒരു ദിവസം അങ്ങാടിയിൽ പോയിട്ട് തിരികെ വരുമ്പോൾ കാർത്തു കണ്ടു കുറേ ആളുകൾ കൊടികളും പിടിച്ച് എന്തൊക്കെയോ ഉറക്കെ വിളിച്ച് പറഞ്ഞു കൊണ്ട് സന്തോഷത്തോടെ പോകുന്നത്. ആരോ പറഞ്ഞുകേട്ടു നാട്ടിലെ പ്രമാണിമാരുടെ നിലങ്ങളെല്ലാം പിടിച്ചെടുത്ത് പാവപ്പെട്ട കൃഷിക്കാർക്ക് വീതം വെച്ച് കൊടുക്കുമെന്ന്. അങ്ങ് മലമുകളിൽ ഒളിവിൽ താമസിച്ചിരുന്ന സാറുമ്മാരാണ് ആണ് ഇനി നാട് ഭരിക്കാൻ പോകുന്നതെന്നും. പല സ്ഥലമുടമകളും തങ്ങളുടെ കുടികിടപ്പുകാരെ എത്രയും വേഗം ഒഴിവാക്കാൻ തുടങ്ങി. കാര്യശേഷി ഉള്ളവർ പിടിച്ചു നിന്നു. പക്ഷെ തമ്പ്രാന്റെ ശിങ്കിടികൾ തകർത്തെറിഞ്ഞ കുടിലിനു മുമ്പിൽ നിന്ന് കരയാൻ മാത്രമേ കാർത്തുവിനേപ്പോലെ ദുർബലരായ ചിലർക്ക് കഴിഞ്ഞൊള്ളൂ.
കുടിൽ തകർക്കാൻ വന്നവരിൽ ചിലർ അവളുടെ ശരീര വടിവുകൾ കണ്ണുകൾ കൊണ്ട് ആർത്തിയോടെ കൊത്തിപ്പറിക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. നാല് ചുവരിന്റെ മറവിൽ ഒളിക്കാൻ അവളിലെ സ്ത്രീത്വം വെമ്പി.
കോരിച്ചൊരിയുന്ന മഴയിൽ കരഞ്ഞു തളർന്നു നിന്ന കാർത്തുവിനെ ഓലക്കുടയിനടിയിലേക്ക് ചേർത്ത് പിടിച്ചു സുപ്രൻ അവന്റെ കുടിയിലേക്ക് നടന്നു. വേറൊരു വഴിയുമില്ലാത്തതിനാൽ കാർത്തു അവനെ അനുഗമിച്ചു. വയലിനക്കരെ ആ കുന്നിൻ മുകളിൽ നിന്ന് ഏതോ കാട്ടുപക്ഷി അനിഷ്ടത്തോടെ ചിലച്ചു കൊണ്ട് പറന്നകന്നു.
പുലരി വന്നതും വെയിലുദിച്ചതും അറിയാതെ സുപ്രന്റെ കുടിലിലെ ഇരുളിൽ അവന്റെ ബലിഷ്ഠമായ കൈകൾക്കുള്ളിൽ തളർന്നുറങ്ങിയ കാർത്തു തന്റെ പുതിയ ജീവിതത്തിലേക്ക് മെല്ലെ ഉണർന്നു.
ഒരു ജന്മസാഫല്യത്തിന്റെ ലഹരിയിൽ തളർന്നുറങ്ങുന്ന സുപ്രന്റെ ആലിഗനത്തിൽ നിന്നും സ്വതന്ത്രയായി കുടിലിന്റെ വാതിൽ തുറന്നു..
വയലിനക്കരെ തന്റെ കുടിലിരുന്നിരുന്നിടത്ത്, ഒരാൾക്കൂട്ടം. അവൾ അവിടേക്ക് ഓടി. ആളുകളെ വകഞ്ഞുമാറ്റി.
തകർന്ന കുടിലിന്റെ തറയിൽ , മുരുകൻ കിടന്നുറങ്ങുന്നു. ഒരാന്തലോടെ അവളവന്റെ മാറിലേക്ക് വീണു.
തണുത്തുറഞ്ഞ ആ ശരീരത്തിലെ കരിനീല നിറത്തിന് കാരണക്കാരനായ സർപ്പം വയലിറമ്പിലെ കുറ്റിക്കാട്ടിൽ നിന്നും പതിയെ ഇഴഞ്ഞു നീങ്ങി.
.
ആൾക്കൂട്ടത്തിൽ ആരോ അടക്കം പറഞ്ഞു.
"ഇന്നലെ സന്ധ്യയ്ക്ക് കവലയിൽ വെച്ച് കണ്ടായിരുന്നു, മല മുകളിൽ നിന്നും പോലീസ് പിടിച്ചോണ്ട് പോയി ജയിലിൽ ഇട്ടിരിക്കുകയായിരുന്നത്രെ. പാവം ഒരുപാട് സന്തോഷത്തോടെയാ ഇങ്ങോട്ട് പോരുന്നത് കണ്ടേ".

Saji M

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot