ഒരു കഥാകാരിയും അവളുടെ കഥയും
==============================
==============================
വെളുപ്പാൻകാലത്തു ഉറക്കത്തിനും ഉണർവ്വിനും മദ്ധ്യേയുള്ള വരമ്പത്തൂടെ അങ്ങോട്ടോ ഇങ്ങോട്ടോ എന്നുള്ള അവസ്ഥയിൽ കിടക്കുമ്പോഴാണ് ഒരു കഥയ്ക്കുള്ള വിഷയം അവളുടെ മനസ്സിലേക്ക് ഓടിയെത്തിയത്. അപ്പോൾ തന്നെ കണ്ണുതുറന്നു എഴുതിത്തുടങ്ങണം എന്നുണ്ടായിരുന്നെങ്കിലും എണ്ണമറ്റ വീട്ടുജോലികൾ അവളെ മാടിവിളിച്ചു.
മുറ്റത്തെ കരിയിലകൾ അടിച്ചുവാരി പറമ്പിന്റെ ഒരു കോണിലേക്ക് കൂട്ടുന്ന നേരംകൊണ്ട് ചിന്തിച്ചു കൂട്ടിയ വരികൾ അവൾ മനസ്സിന്റെ ഒരു കോണിലേക്ക് കൂട്ടിവെച്ചു. എന്നിട്ടും കാറ്റത്ത് അനുസരണയില്ലാതെ പറന്നുപോയ കരിയിലകൾ പോൽ ചില നല്ല വരികളും എങ്ങോ പോയി.
കറിക്കു നുറുക്കും നേരം മനസ്സിലും ചില വാചകങ്ങൾ കൊത്തി നുറുക്കി വെച്ചു. കറിയൊന്നിളക്കിയപ്പോൾ കഷ്ണങ്ങൾ കൂടിക്കുഴഞ്ഞപോലെ അല്പ നേരം കഴിഞ്ഞപ്പോൾ മനസ്സിലെ വാക്കുകളും കൂടിക്കുഴഞ്ഞുപോയി.
നെല്ലുകുത്തരി വേവുംനേരം അവളുടെ മനസ്സിലും ചില ആശയങ്ങൾ വെന്തുപാകമായി. പക്ഷേ കണ്ണൊന്നു തെറ്റിയപ്പോൾ അടപ്പ് തട്ടിത്തെറിപ്പിച്ചു തിളച്ചുതൂവിയ ചോറിനൊപ്പം മുത്തുപോലത്തെ ചില വരികളും മനസ്സിന്റെ പുറത്തേക്ക് ചാടിപ്പോയി.
രണ്ടുവരി കുത്തിക്കുറിക്കാം എന്നുകരുതി ഇരുന്നപ്പോഴാണ് തൊട്ടിലിൽനിന്നും ഒരു വിളി. കുഞ്ഞിനു പാലൂട്ടും നേരം വീണ്ടും ആശയങ്ങൾ ഒരു കുന്നോളമായി. കുഞ്ഞിന്റെ പാൽച്ചിരി കണ്ടപ്പോൾ അതിലലിഞ്ഞു കുന്നൊരു ചെറു കൂനയായി.
വെയിലേറും മുൻപ് തുണികൾ അലക്കിപിഴിഞ്ഞു വിരിക്കുന്നതിനൊപ്പം ചില വരികളും അവൾ വെടിപ്പാക്കി മനസ്സിന്റെയുള്ളിൽ വിരിച്ചിട്ടു. തുണിയിൽ നിന്നും വെള്ളം വാർന്നുപോകുന്നതിനൊപ്പം വരികളിലെ വികരാർദ്രങ്ങളായ ചില വാക്കുകളും ഊർന്നു പോയി.
ഒടുവിൽ ഉച്ചമയക്കത്തെ ജയിച്ചു കഥാകാരി എഴുതാൻ തുടങ്ങി. പറന്നുപോവാത്ത വരികളും നുറുക്കു വാക്കുകളും കൂട്ടിച്ചേർത്തു..., അതിനിടയിൽ മുത്തുകൾ പോലത്തെ വരികൾ കൊരുത്തു...., ചെറു കൂനയിൽ നിന്നൊരുപിടി ആശയവും ചേർത്ത്..... മേമ്പൊടിയായി അൽപ്പം വികാരവിക്ഷോഭങ്ങളും ചേർത്ത്...., ഒരു കഥ രചിച്ചു.
ഒടുവിൽ പൂർത്തിയാക്കിയ ശേഷം ആ വരികളിലൂടെ മിഴികളോടിച്ചു ആ കഥയെ തഴുകവേ എവിടൊക്കെയോ എന്തോ അപൂർണ്ണതകൾ അവളറിഞ്ഞു. അപൂർണ്ണമെങ്കിലും തന്റെയുള്ളിൽനിന്നും ഉരുത്തിരിഞ്ഞ സൃഷ്ടിയിൽ അവൾ അഭിമാനം കൊണ്ടു. അവസാനമായി ഒന്നൂടെ കൺകളാൽ പുൽകിയശേഷം അവളാ സൃഷ്ടിയെ അനന്തതയിലേക്ക് പറത്തിവിട്ടു.
എന്നിട്ടു കഥാകാരി വീണ്ടും തൂലികയെടുത്തു അടുത്ത രചനയിലേക്ക് തിരിഞ്ഞു. അടർന്നും കൊഴിഞ്ഞും പോവുന്ന വരികളൊക്കെയും പെറുക്കിയെടുത്ത് അവളിപ്പോഴും എഴുതുകയാണ്.
✍ രേവതി എം ആർ
21-02-2018
21-02-2018
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക