എന്റെ തെറ്റ്
---------------------
---------------------
"എന്റെ തെറ്റ്. അതാണ് ഞാൻ തീരുമാനിച്ചത്. എന്റെ മാത്രം തെറ്റ്." അശ്വതി ഇത് പറയുമ്പോൾ അവളുടെ കണ്ണുകൾ ദൂരെ ഏതോ ഒരു ബിന്ദുവിൽ തറഞ്ഞു നിന്നിരുന്നത് ഞാൻ ശ്രദ്ധിച്ചു. അവളുടെ കണ്ണുകൾ തോർന്നു കണ്ട അപൂർവ നിമിഷങ്ങളിൽ ഒന്ന്. "ആ തെറ്റിന്റെ ശിക്ഷ ആണ് ഞാൻ സ്വയം വിധിച്ചു നടപ്പാക്കുന്നത്." എനിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.
അവളുടെ തെറ്റിന്റെ ആഴം അളക്കാൻ ഒരിക്കൽ ഞാൻ അവളുടെ ഭൂതകാലത്തിന്റെയും വർത്തമാനകാലത്തിന്റെയും ഇടയിലുള്ള ഇരുണ്ട ഇടനാഴിയിലൂടെ പുറകോട്ട് നടന്നു നോക്കി. അവളുടെ വാക്കുകളുടെ അർത്ഥം പൊഴിക്കുന്ന നേരിയ വെളിച്ചം കൊണ്ട് എനിക്ക് ആ ഇടനാഴിയുടെ വളവുകളും തിരിവുകളും ശരിയായി കാണാൻ സാധിച്ചിരുന്നില്ല. എന്തിലൊക്കെയോ തട്ടി വീഴുമെന്നു തോന്നിയപ്പോൾ ഇടക്കൊക്കെ ഞാൻ ആ ഭിത്തിയിൽ പിടിച്ചു അല്പനേരം നിന്നു. വഴുക്കൽ. അവളുടെ കണ്ണുനീര് വീണ് ഭിത്തികളിലാകെ വഴുക്കലായിരുന്നു. നടന്ന് ഒടുവിൽ ഞാൻ അവളുടെ സ്വപ്നങ്ങൾ തളിരിട്ട തുറസ്സായ പുൽത്തകിടിയിൽ എത്തിച്ചേർന്നു.
ഇന്ന് ഞാൻ അതിനെ പുൽത്തകിടി എന്ന് പറഞ്ഞുകൂടാ. ആകെ വരണ്ടുണങ്ങിയിരുന്നു. വർഷങ്ങളായി ജലം ലഭിക്കാത്ത നിലം പോലെ വിണ്ടുകീറിയതായി കാണപ്പെട്ടു. പണ്ടെന്നോ ആ നിലത്തിന് മാലചാർത്തി ഒഴുകിയിരുന്ന അരുവിയുടെ അസ്ഥികൂടം കണ്ടപ്പോൾ, അവളുടെ കവിളിലൂടെ ചാല് കീറി ഒഴുകിയിരുന്നത് ഇന്നലെകളുടെ ഈ അരുവിയിലെ ശുദ്ധമായ ജലമാണോ എന്നെനിക്ക് സംശയം തോന്നാതിരുന്നില്ല. പക്ഷേ അങ്ങനെയെങ്കിൽ ആ ഉറവ ഇന്നും വറ്റുമായിരുന്നില്ലല്ലോ. അവളുടെ വാക്കുകൾ എന്നെ പിന്തുടർന്ന് ആ ഇടനാഴിയിലൂടെ എന്നെത്തേടി വരുന്നത് അറിഞ്ഞു ഞാൻ അല്പനേരം അവിടെ കാത്തുനിന്നു. അവക്ക് മുൻപേ നടന്നെത്തിയതിൽ അല്പം അതിശയവും. മുഴുവനും കേൾക്കും മുൻപേ നിർവ്വചനം ചേർക്കുക എന്നത് അല്ലെങ്കിലും പണ്ടേ ഉള്ള സ്വഭാവം ആണല്ലോ.
ഓർമ്മകൾ. അവൾ ഞാനുമായി അവ പങ്കുവച്ചപ്പോളാണ് ഞാൻ ഈ യാത്ര തുടങ്ങിയത്. കിലുക്കാംപെട്ടി പോലെ ഒരു പെൺകുട്ടി. കളിയും ചിരിയും മാത്രമായി നടന്ന കാലങ്ങൾ. കലാലയത്തിൽ എത്തും വരെ അവളുടെ ഭൂതകാലം അങ്ങനെ ഒക്കെ ആയിരുന്നു. ഗ്രാമത്തിലെ എല്ലാ വിശുദ്ധിയും ആവാഹിച്ച പ്രകൃതം. അവിടെ അവൾ അവനെ കണ്ടുമുട്ടി. വിനീത്. പുറകെ നടന്ന നൂറു പേരേക്കാൾ അവളെ ആകർഷിച്ചത് ഇടഞ്ഞു നിന്ന ആ ഒറ്റക്കൊമ്പൻ ആയിരുന്നു. തന്റെ സൗന്ദര്യമോ വ്യക്തിത്വമോ ഒന്നും തന്നെ ഒരു കുലുക്കവും സൃഷ്ടിക്കാത്ത പുരുഷന്മാർ അല്ലെങ്കിലും പെൺകുട്ടികൾക്ക് ഒരു കടങ്കഥ ആണല്ലോ. അങ്ങനെ ആണ് അവൾ അവനിലേക്ക് അടുത്തത്.
ഒരു കൊടുങ്കാറ്റിന്റെ തുടക്കം. കോളിളക്കം സൃഷ്‌ടിച്ച പ്രണയം. കാണുന്നവർക്കൊക്കെ അസൂയ തോന്നുന്ന ഇണക്കിളികൾ. അതായിരുന്നു അവർ. അവളെ ആഗ്രഹിക്കാത്ത ആൺകുട്ടികളോ അവനെ ആഗ്രഹിക്കാത്ത പെൺകുട്ടികളോ അവിടെ വളരെ വിരളമായിരുന്നു. തുള്ളിത്തെറിച്ചു നടന്നിരുന്ന അവളെ അവന്റെ ഇരുമ്പു മുഷ്ടി നിയന്ത്രിച്ചു നിർത്തി. പക്വതയുടെ ആദ്യ പാഠങ്ങൾ അവൾ പഠിച്ചതും അങ്ങനെയാണ്. അവളുടെ വസ്ത്രധാരണത്തിൽ പോലും അവന്റെ ഇഷ്ടങ്ങൾ നിഴലിക്കാൻ തുടങ്ങി. ഉഗ്രകോപിയായ അവനെ ഭയന്ന് അവൾ മറ്റു പുരുഷന്മാരോട് സംസാരിക്കുന്നത് തന്നെ നിർത്തി. അതിലവൾക്ക് ഒട്ടും നഷ്ടബോധം തോന്നിയില്ല താനും. അവനായിരുന്നു അവളുടെ ലോകം. അവൻ വരച്ച ലക്ഷ്മണരേഖക്കപ്പുറത്തേക്ക് ഉള്ള ലോകം അവൾ പിന്നീട് കണ്ടത് അവന്റെ കണ്ണുകളിൽ കൂടി മാത്രമായിരുന്നു. അവൻ പറയുന്ന ശരികളെ അംഗീകരിക്കാനും അവൻ പറയുന്ന തെറ്റുകളെ വെറുക്കാനും അവൾ പഠിച്ചു. ആ കലാലയത്തിന്റെ ഇടനാഴികൾ അവന്റെ ഉറച്ച കാൽവയ്പുകളിൽ പ്രകമ്പനം കൊള്ളുന്നത് കണ്ട് അവൾ രോമാഞ്ചം കൊണ്ടു.
പ്രണയം. കടലിനോളം ആഴവും വജ്രത്തോളം കാഠിന്യവും മഞ്ഞിനോളം തണുപ്പും പനിനീർപ്പൂക്കളോളം സുഗന്ധവുമുള്ള വികാരം. അവളിൽ അവൻ ആഴ്നിറങ്ങുകയായിരുന്നു. ആദ്യം കുളിർതെന്നലായും പിന്നെ കൊടുങ്കാറ്റായും അവൻ അവളുടെ ലോകത്ത് നിറഞ്ഞാടി. അവനിൽ നിന്നും അകന്ന് നിൽക്കുന്ന നിമിഷങ്ങളിൽ അവൾ കരയിൽ പിടിച്ചിട്ട മീൻകണക്കെ പിടഞ്ഞു. ഓരോ ദിവസവും കോളേജ് വിട്ട് വീട്ടിലെത്തുമ്പോൾ മുതൽ അടുത്ത ദിവസം തിരിച്ചെത്തുന്ന നിമിഷം വരെ അവൾ ഓരോ യുഗം കണക്കെ തള്ളി നീക്കി. ഓരോ രാത്രികളിലും അവനോട് സംസാരിച്ചു ഫോൺ വക്കുമ്പോൾ മുതൽ അടുത്ത ദിവസം തമ്മിൽ കാണും വരെ ഉള്ള സമയം അവൾ അവനിൽ നിന്നും അകലെ ആയിരുന്നില്ല. അവന്റെ അസാന്നിധ്യത്തിന് പരിഹാരം കണ്ടെത്താൻ അവൾ കണ്ടെത്തിയ മാർഗ്ഗം അവളുടെ തലയിണയിൽ അവനെ ആവാഹിക്കുക എന്നതായിരുന്നു. പറയാനുള്ളതൊക്കെയും അതിനോട് പറഞ്ഞും അതിനോട് ചിരിച്ചും കളിച്ചും പിണങ്ങിയും ഇണങ്ങിയും അവൾ രാത്രികൾ തള്ളി നീക്കി.
ഒരു ജോലി അവന് അത്യാവശ്യമായിരുന്നു. അവനത് ലഭിക്കുന്നതിന് അവനു മുൻപ് അവൾ വ്രതം നോൽക്കാൻ തുടങ്ങി. പത്രങ്ങളിലും മറ്റും വരുന്ന പരസ്യങ്ങൾ കണ്ട് അവനെ അറിയിക്കുകയും അവനു വേഗം ജോലി ലഭിക്കാനായി അവൾ നോമ്പ് നോൽക്കുകയും ചെയ്തു. തന്റെ അച്ഛനിൽ നിന്നും മറ്റൊരാവശ്യം പറഞ്ഞു വാങ്ങിയ പണം അവന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്നത് അവൾ കൃതാർഥയായി നോക്കിക്കണ്ടു..അവന്റെ പൈലറ്റ് ട്രെയിനിങ് ഫീസിന്റെ ആദ്യ ഗഡു അടക്കാനായി അതാണുപയോഗിച്ചത്. ജോലിക്കായി അവൾ കൊച്ചിയിലെ ഒരു ബാങ്കിലേക്കും അവൻ ട്രെയിനിങ്ങിനായി ബോംബെ നഗരത്തിലേക്കും പോയി. ദൂരം കൂടുന്നത് പ്രണയത്തിന്റെ തീവ്രത കൂട്ടുകയായിരുന്നു . എന്നും മണിക്കൂറുകളോളം ഫോണിൽ സംസാരിച്ച ശേഷം അവൻ ഫോൺ വെക്കുമ്പോൾ അവൾ അവൻ പറഞ്ഞ ട്രെയിനിങ് വിശേഷങ്ങൾ ഓർത്തു അവൻ ഉറങ്ങുന്ന മുറിയും അവന്റെ പരിശീലന കേന്ദ്രവും ഫോൺ വച്ച ശേഷമുള്ള അവന്റെ ഓരോ ചലനവും സ്വപ്നം കണ്ടുറങ്ങി. അവൾക്ക് അറിയാത്തതായി അവനിൽ ഒന്നുമുണ്ടായിരുന്നില്ലെന്ന് തോന്നി. തന്നെ സ്വപ്നം കണ്ടുറങ്ങുന്ന വിനീതിനെ അവൾ മനസ്സിൽ സങ്കല്പിക്കുമ്പോൾ മറുവശത്ത് അവൾ അറിയാത്തതായി ചിലതുണ്ടായിരുന്നു. അവളോട് സംസാരിച്ച ശേഷം ഫോൺ വച്ച വിനീത് അടുത്ത ആൾക്കായി പറഞ്ഞു വച്ച സമയം തുടങ്ങുകയായിരുന്നു. തന്നോട് പറഞ്ഞ മധുര വാക്കുകളും തന്നോട് പങ്കുവച്ച സ്വപ്നങ്ങളും അവൻ മറ്റോരോ പെണ്ണിനോടും പറഞ്ഞു പറഞ്ഞു പഴകിയ വീൺവാക്കുകൾ ആണെന്നറിയാതെ അവൾ സ്വപ്നങ്ങളുടെ തേരിലേറി ഉറങ്ങുമ്പോൾ അവൻ ഇപ്പോൾ താൻ സംസാരിച്ച ഓരോ പെണ്ണിന്റെയും ബുദ്ധിശൂന്യത ഓർത്തു പുഞ്ചിരിച്ചു. സുഹൃത്തുക്കളോട് തന്റെ അനേകം ആരാധികമാരെ പറ്റി പറഞ്ഞു ഊറ്റം കൊണ്ടു.
അറിയുകയായിരുന്നില്ല അവൾ തനിയെ. സുഹൃത്തുക്കൾ അറിയിക്കുകയായിരുന്നു. അവളുടെ സങ്കല്പ സുന്ദര മൂഢസ്വർഗ്ഗത്തെ... കാല്പനിക മഴവിൽ മുകുളങ്ങളെ ഉടച്ചു കളയാൻ... ആദ്യം അവൾ വിശ്വസിച്ചില്ല. ഇത്രയും വർഷമായി താൻ അറിയുന്ന അവനു അങ്ങനെ ഒരു മുഖമോ? പിന്നീട് പലതും അവൾ കൂട്ടിവായിക്കാൻ തുടങ്ങി. അവന്റെ മൊബൈലിൽ വരുന്ന ചില സന്ദേശങ്ങൾ. അതിനവൻ തനിക്ക് നൽകിയ വിശദീകരണങ്ങൾ.. അവന്റെ അസഹനീയമായ സംശയ രോഗം. തന്റെ മൊബൈലിൽ ഉള്ള പരിശോധന.. ഇതൊക്കെ താൻ ചെയ്യുന്ന തെറ്റ് അവളും ചെയ്യുന്നുണ്ടാകുമോ എന്ന സംശയത്തിന്റെ ഭാഗമായിരുന്നെന്ന് മനസ്സിലാക്കിയപ്പോൾ അവൾ തകർന്നു. ഇത്രയും കാലം കണ്ട സ്വപ്നങ്ങളിലെ നിറങ്ങൾ തന്റെ സങ്കൽപ്പങ്ങൾ മാത്രമായിരുന്നെന്ന് അറിഞ്ഞ നിമിഷം അവൾ ഉരുകി ഇല്ലാതെയായി. അവനുമായി മറ്റു സ്ത്രീകൾ നടത്തുന്ന സംഭാഷണങ്ങളുടെ നിറം കൂടി വ്യക്‌തമായതോടെ അവൾ ഒരു തീരുമാനമെടുത്തു.
ആദി ശങ്കരാചാര്യ മഠത്തിൽ വച്ചാണ് ഞാൻ അവളെ കാണുന്നത്. അവളുടെ പഴയ കാല ചിത്രങ്ങൾ കാട്ടിയപ്പോൾ ഇത് അവൾ തന്നെ ആണോ എന്ന് എനിക്ക് അതിശയം തോന്നി. ചിരിക്കുമ്പോൾ നുണക്കുഴി തെളിഞ്ഞ കവിളുകൾ ഉള്ള.. കണ്ണുകളിൽ നക്ഷത്രങ്ങൾ ഒളിപ്പിച്ച ഒരു പെൺകുട്ടിയുടെ ചിത്രം. അതെങ്ങനെ ഈ സന്യാസിനി ആകും? ആ കൊച്ചു പെൺകുട്ടിയുടെ മുഖത്ത് കാണുന്ന സന്തോഷത്തിന്റെ നിഴൽ പോലും ഒരിക്കൽ ഈ കാരിരുമ്പിന്റെ കാഠിന്യം ഉള്ള മുഖപേശികളിൽ വിരിയുന്നതായി സങ്കല്പിക്കാൻ കഴിയുമായിരുന്നില്ല.. എന്തിനാണ് നീ ഇങ്ങനെ സ്വയം ശിക്ഷിക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു അവൾ എനിക്ക് തന്നത്. കാലം തനിക്ക് പലപ്പോഴായി തന്ന സൂചനകളെ കാണാതെ പോയതിന്.. കണ്ടിട്ടും അറിയാതെ പോയതിന് അവൾ തനിക്ക് തന്നെ വിധിച്ച ശിക്ഷ ആയിരുന്നു അതെന്ന്..
"അപ്പോൾ അവൻ? " ഞാൻ ചോദിച്ചു.. "സുഖമായി കഴിയുന്നു.. ഒരിക്കൽ കണ്ടിരുന്നു. അന്ന് അവൻ അവളോട് ചോദിച്ചു. "ഞാനല്ലല്ലോ നിന്നെ ഉപേക്ഷിച്ചു പോയത്? നീയല്ലേ? നീ തെറ്റ് ചെയ്തതിന്റെ ശിക്ഷ അല്ലെ നിന്റെ ജീവിതം? നിന്റെ അഹങ്കാരത്തിന്റെ ശിക്ഷ. ഞാൻ കാണാൻ അൽപം സുന്ദരൻ ആയതുകൊണ്ട് അനേകം സ്ത്രീകൾ എന്നെ തേടി വന്നു. എനിക്ക് ആരോടും പറ്റില്ലെന്ന് പറയാൻ കഴിഞ്ഞില്ല. പക്ഷെ നീ ഒരു പെണ്ണായിരുന്നു. വെറും പെണ്ണ്. നീ ഒക്കെ അറിഞ്ഞപ്പോൾ ആ ജീവിതം ഉപേക്ഷിച്ചു പോയി.. തെറ്റ് നിന്റേതല്ലേ? ഞാൻ നിന്നെ സ്നേഹിച്ചിരുന്നില്ലേ? നിനക്ക് ഒക്കെ അഡ്ജസ്റ്റ് ചെയ്യാമായിരുന്നതല്ലേ ഉള്ളു? "
"എന്റെ തെറ്റ്.. അല്ലേ? ശരിയല്ലേ?" അവൾ ചോദിച്ചു. ഞാൻ മൗനമായി നിന്നപ്പോൾ ഒരു ദീർഘനിശ്വാസത്തോടെ അവൾ പറഞ്ഞു. "ഇനിയും ഒരു ജന്മം ഉണ്ടെങ്കിൽ ഞാൻ ആ തെറ്റ് വീണ്ടും വീണ്ടും ചെയ്യും. തല ഉയർത്തിപ്പിടിച്ചു ഞാൻ ആ ജീവിതത്തിൽ നിന്നും നടന്നകലും. കാരണം അങ്ങനെ ഒരുവനൊപ്പം ഞാൻ ജീവിച്ചാൽ ഞാൻ പിന്നീടൊരിക്കലും അവനെ വിശ്വസിക്കില്ല. അവനെന്നോട് പറയുന്നതിൽ എത്രത്തോളം സത്യമുണ്ടാകും എന്ന് ഞാൻ ഓരോ തവണയും സ്വയം ചോദിക്കും. അവന്റെ ജീവിതത്തിലെ കാണാപ്പുറങ്ങളിൽ ഉള്ള മറ്റു സ്ത്രീകളെ സങ്കല്പിച്ചു നീറി നീറി ദഹിക്കും. അവനൊരിക്കലും എന്റേതാകാൻ കഴിയില്ല. ആരുടേതും. അവൻ സഞ്ചാരിയാണ്. അവനു മടുക്കുമ്പോൾ അവൻ ഓരോ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പോകാതിരിക്കാനാകില്ല. ഓരോ തവണയും അവനെന്നോട് വീണ്ടും വീണ്ടും പറയും. എനിക്കവരോട് കഴിയില്ലെന്ന് പറയാനായില്ലെന്ന്. ഞാൻ അവന് അനേകം സ്ത്രീകളിൽ ഒരാൾ മാത്രമാണ്. അതെ. അതുകൊണ്ട് ഞാൻ ഉപേക്ഷിച്ചു പോരുകയായിരുന്നു. അവൻ പറഞ്ഞതുപോലെ അത് എന്റെ തെറ്റല്ലേ?"
ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്ന അരയാലിന്റെ ചെറിയ തണലിൽ ഒരു കാറ്റ് വട്ടം ചുറ്റി. പതിയെ എഴുന്നേറ്റ അവളുടെ തലയിലെ കാവി വസ്ത്രം ഊർന്ന് താഴേക്ക് വീണപ്പോൾ വെയിൽ അവളുടെ മുണ്ഡനം ചെയ്ത ശിരസ്സിനു ചുറ്റും ഒരു പ്രകാശ വലയം തീർക്കുന്നതായി തോന്നി. എന്റെ കാവി വസ്ത്രത്തിനു അവളുടേതിലും നിറം കുറവാണെന്ന് തോന്നിക്കും വിധം അവൾ ആ മഞ്ഞ വെയിലിൽ മറ്റൊരു പ്രകാശ സ്രോതസ്സ് പോലെ നിശ്ചലമായി ഒരു നിമിഷം നിന്നു. ധ്യാനത്തിന് സമയമായി. വരൂ.
മുൻപേ നടന്ന അവളെ അനുഗമിക്കാനൊരുങ്ങുമ്പോൾ അവൾ മറന്ന് അരയാൽ ചുവട്ടിൽ വച്ച കീർത്തന പുസ്‌തകം ഞാൻ കയ്യിലെടുത്തു. അതുമായി ഒരടി വച്ചപ്പോൾ അതിൽ നിന്നും എന്തോ ഒന്ന് പുറത്തേക്ക് വീണു. ഒരു ഫോട്ടോ. ആ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ. ഇത്.. ഇതാണോ?..... ഇവനാണോ നിന്നെയും? ദൂരത്തേക്ക് നടന്നകലുന്ന അവളെ ഞാൻ നോക്കി. എൻറെ നിറഞ്ഞ കണ്ണുകളിൽ ദൂരത്ത് മറയുന്ന കാവി വസ്ത്രം വായുവിൽക്കൂടി ഒഴുകുന്നതായി തോന്നിച്ചു.. അടുത്ത കാറ്റിൽ ആ ഫോട്ടോ എന്റെ വിരലുകൾക്കിടയിൽ നിന്നും ഊർന്നു പോയി. തിരിഞ്ഞു നോക്കാതെ ഞാനും അവളെ അനുഗമിച്ചു..
swapna
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക