നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അയാൾ.......


അയാൾ........
ടൗണിലെ ഏക സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ കസ്റ്റമർ റിലേഷൻ ഓഫീസർ ആയി ജോലി കിട്ടിയിട്ട് രണ്ടാഴ്ച്ച ആകുന്നെ ഉള്ളൂ..
വീട് കുറച്ചു ദൂരെ ആയത് കൊണ്ട് ആഴ്ചാവസാനം ആണ് യാത്ര.
പണം അടയ്ക്കാൻ കഴിയാത്ത പാവങ്ങളും, ഏതെങ്കിലും സ്റ്റാഫിന്റെ പരാതിയും ആയി വരുന്ന രോഗിയുടെ ബന്ധുക്കളും ഒക്കെ ആയി ദിവസവും തിരക്കാണ്..
വെള്ളിയാഴ്ച്ച മാനേജരോട് പ്രത്യേകം അനുവാദം വാങ്ങി നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ ആണ് അയാൾ ഓടി കിതച്ചു മുന്നിൽ വന്നു നിന്നത്..പോകാൻ നേരം , യാത്ര വൈകിപ്പിക്കാൻ വന്ന ആളോട് തോന്നിയ എല്ല മുഷിപ്പും വെച്ച് ചോദിച്ചു, എന്താ കാര്യം ?
ചോദിക്കുന്നതിനൊപ്പം, അയാളെ മൊത്തത്തിൽ ഒന്ന് നോക്കി, ലുക്ക് കണ്ടിട്ട് പാവപ്പെട്ട ഏതോ രോഗിയുടെ ബന്ധു തന്നെ, മുഷിഞ്ഞ, വിയർപ്പു പൊടിഞ്ഞ ഷർട്ടും, വെള്ള എന്ന് പറയാം എങ്കിലും പുക പിടിച്ച പോലത്തെ ഒരു മുണ്ടും...
ചേട്ടാ, വേഗം കാര്യം പറ, എനിക്ക് പോണം.. എന്റെ വാക്കിന് മറുപടി ആയി അയാൾ എനിക്ക് രോഹിണി മാഡത്തെ കാണണം എന്ന് പറഞ്ഞു..
രോഹിണിക്ക് പകരം ജോലിക്ക് വന്ന ആൾ ആണ് ഞാൻ, എന്താണ് കാര്യം എന്ന് പറയൂ..ഹോസ്പിറ്റൽ ചാർജ് കേസ് ആണെങ്കിൽ തിങ്കളാഴ്ച്ച ഒരു അപേക്ഷ തരൂ, പരാതി ആണെങ്കിൽ പരാതി പെട്ടിയിൽ ഇട്ടേക്കൂ, ഞാൻ പോട്ടെ..
സാറേ, എനിക്ക് പരാതി ഒന്നും ഇല്ല, സാർ ഈ പൈസ ഇപ്പൊ ഇവിടെ പണം അടയ്ക്കാൻ ഏറ്റവും ബുദ്ധിമുട്ട് ഉള്ള ആളുടെ പേരിൽ അടച്ചാൽ മതി എന്നും പറഞ്ഞു കുറെ ചുളുങ്ങിയ നോട്ടുകൾ എന്റെ കയ്യിൽ ഏൽപ്പിച്ചു കടന്നു കളഞ്ഞു..
പണം അപ്പോൾ തന്നെ തീരെ നിവൃത്തി ഇല്ലാതെ പണം അടക്കാൻ കാലാവധി ചോദിച്ച ഒരു രോഗിയുടെ പേരിൽ അടച്ചിട്ടു ഞാൻ വീട്ടിലേക്കുള്ള ബസ് പിടിച്ചു..
ഇന്നിപ്പോൾ എട്ട് മാസം ആയി ഇവിടെ ജോലിക്ക് കയറിയിട്ട്, എല്ലാ ആഴ്ചയും അയാൾ മുടങ്ങാതെ പണവും ആയി വരും..വേഷത്തിന് വലിയ മാറ്റം ഒന്നും ഇല്ല..ചിലപ്പോൾ ആയിരങ്ങൾ, ചിലപ്പോൾ പതിനായിരം, ചിലപ്പോ നൂറുകൾ ആയി അയാൾ മിക്കപ്പോഴും ഓടി അണച്ച് വന്നു പണം ഏൽപ്പിച്ചു പോകും..ആ പണം കൊണ്ട്, കുറെ പാവങ്ങളുടെ ചികിത്സ മുടങ്ങാതെ നടക്കുകയും ചെയ്തു..
പേര് ചോദിച്ചാൽ പറയില്ല, ഹോസ്പിറ്റലിൽ ആർക്കും അയാളെ അറിയില്ല..
വല്ലാത്ത കൗതുകം തോന്നി , ഈ മനുഷ്യനെ കുറിച്ച് അന്വേഷിക്കാൻ ഇറങ്ങി തിരിച്ചു.. ആദ്യം രോഹിണി മാഡത്തെ വിളിച്ചു ചോദിച്ചു...അവർക്കും ഇയാൾ കൊണ്ട് വരുന്ന പണത്തെ കുറിച്ചല്ലാതെ മറ്റൊന്നും അറിയില്ല..
കാത്തിരുന്ന ഒരു വെള്ളിയാഴ്ച്ച അയാൾ വീണ്ടും എത്തി..ഇത്തവണ എന്നത്തേതിലും കൂടുതൽ പണം ഉണ്ടായിരുന്നു കൈവശം... എന്തെങ്കിലും ചോദിക്കും മുൻപേ അയാൾ ഓടി ആൾക്കൂട്ടത്തിൽ മറഞ്ഞു.. എങ്കിലും അയാൾ ന്റെ കണ്ണിൽ നിന്നും മായും മുൻപേ ,ഞാൻ അയാളുടെ പിന്നാലെ വെച്ച് പിടിച്ചു..
കുറെ നേരം ആയി നടക്കുന്നു ആളുടെ പിന്നാലെ..തിരക്കേറിയ ടൗൺ ഭാഗം ഒക്കെ കഴിഞ്ഞു ഇപ്പൊ പഴയ കുറെ കെട്ടിടങ്ങൾ നിറഞ്ഞ ഭാഗത്തെ ഇടിഞ്ഞു പൊളിഞ്ഞ ഒരു ലോഡ്ജിലേക്ക് അയാൾ കയറിപ്പോയി.. അവിടെ കണ്ട ഒന്ന് രണ്ടു പേരോട് ഇയാളെ അറിയുമോ എന്ന് ചോദിച്ചുവെങ്കിലും നിരാശ തന്നെ മറുപടി..
ആകാംക്ഷ അടക്കാൻ കഴിയാത്ത കൊണ്ട്, ലോഡ്ജിലേക്ക് കയറി ചെന്നു..ലോഡ്ജിലെ റിസപ്‌ഷൻ, അങ്ങനെ ഒന്നും പറയാൻ ഇല്ല ,ഒരു മേശയും പഴയൊരു ഇരുമ്പ് കസേരയും, അതിനേക്കാൾ പഴയ ഒരു മനുഷ്യനും ഉണ്ടവിടെ..
ഇപ്പോൾ മുകളിലേക്ക് കയറിപ്പോയില്ലേ, അയാളുടെ പേരെന്താ, ആൾക്കെന്താ ജോലി, വീട് എവിടെയാ, അയാളുടെ അഡ്രസ് ഉണ്ടോ ഇവിടെ, എന്നുള്ള എന്റെ നിർത്താതെ ഉള്ള ചോദ്യത്തിന് അയാൾ ഈ ചോദ്യങ്ങൾ സ്ഥിരം കേട്ട് പഴകിയ പോലെ ഒരു പത്രത്തിന്റെ മുറിച്ച ഭാഗം എടുത്തു തന്നിട്ട് , പഴയ ഭാവം തുടർന്നു...
അതിൽ ഒരു നാല് വയസ്സുകാരി പെൺകുട്ടിയും കൂടെ ആ കുട്ടിയുടെ അമ്മയും ഇയാളും അടങ്ങുന്ന ചിത്രം..വാർത്തയിൽ പണം അടയ്ക്കാൻ ഇല്ലാതെ ഹാർട്ട് ഓപ്പറേഷൻ വൈകിയതിനാൽമരണമടഞ്ഞ പിഞ്ചുബാലികയുടെയും അധ്യാപക കുടുംബത്തിന്റെയും നോവുണർത്തുന്ന കഥ..
ഇത്രേ എനിക്ക് അറിയൂ സാറെ, കൃത്യമായി വാടക തരും, ഉച്ചവരെ എവിടെയോ ട്യൂഷൻ എടുക്കുന്നുണ്ട്, വൈകുന്നേരം ഇതുപോലെ വരും , രാത്രി മിക്കവാറും ഉണ്ടാകില്ല
ശ്ശെടാ, ഇത് കൊള്ളാലോ..സ്വന്തം ജീവിതത്തിൽ സംഭവിച്ചത് മറ്റാർക്കും സംഭവിക്കാതെ ഇരിക്കാൻ കഷ്ടപ്പെടുന്ന ആ പാവം മനുഷ്യനോട് എന്തെന്നില്ലാത്ത ബഹുമാനവും ആയി അയാൾ തിരിച്ചിറങ്ങും മുൻപ് ഞാൻ അവിടെ നിന്നും പോന്നു...
അന്നെന്തോ കിടന്നിട്ട് ഉറക്കം വന്നില്ല.. എത്രയോ പേർ ഓരോ ദിവസവും കരഞ്ഞും കാലു പിടിച്ചും തന്റെ മുന്നിൽ വരുന്നു... ഒരിക്കൽ പോലും പ്രൊഫഷണലി അല്ലാതെ ഒരു മനുഷ്യൻ ആയി അവരെ കണ്ടിട്ടില്ല..അപേക്ഷ വാങ്ങിക്കും, ആരെങ്കിലും ഒക്കെ ചാരിറ്റി ആയി നൽകുന്ന തുക അതിൽ ഏറ്റവും അർഹരായവർക്ക് നൽകും,..ഒരിക്കൽ പോലും ഫീസ് ഇല്ലാത്ത , കുറഞ്ഞ നഷ്ടം ഹോസ്പിറ്റലില് താൻ വരുത്തിയില്ല...സ്ഥാപനത്തോട് ആത്മാർത്ഥത കൂടിയപ്പോൾ എവിടെ ഒക്കെയോ സമൂഹത്തോടുള്ള ആത്മാർത്ഥത കുറഞ്ഞു തനിക്ക്.. ഇല്ലെങ്കിൽ ഒരു തവണ എങ്കിലും , തന്റെ കൈയിൽ നിന്നും ഒരു രൂപ എങ്കിലും ഒരു രോഗിക്ക് താൻ നല്കില്ലായിരുന്നോ..
അടുത്ത തവണ അയാളെ കാണുമ്പൊൾ ഒന്ന് ആശ്ലേഷിക്കണം എന്ന തീരുമാനത്തിൽ ഓരോ ദിവസവും അയാളെ കാത്തിരുന്നു..
എന്നാൽ ഇത്തവണ അയാൾ വന്നില്ല..പകരം വീട്ടിലെ അഡ്ഡ്രസ്സിൽ ആരോ ഒരാൾ വന്നിട്ട് ഒരു തുണി സഞ്ചി നിറയെ ചുളുങ്ങിക്കൂടിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നൂറിന്റെയും ഒക്കെ നോട്ടുകൾ അമ്മയെ ഏൽപ്പിച്ചു കൂടെ ഒരു കുറിപ്പും..' എന്നത്തേയും പോലെ ഏറ്റവും അർഹരായവർക്ക് നൽകുക'..ഭയന്ന അമ്മ കാര്യം അറിയാൻ വിളിച്ചത് കൊണ്ട് വേഗം വീട്ടിലേക്ക് പോയി.. ഇത്തവണ പതിവിൽ നിന്നും അധികം പണം ഉണ്ടായിരുന്നു...അയാൾ തന്നെ ആകും എന്നതിന് സംശയം ഇല്ല...എന്നത്തേയും പോലെ, അയാളുടെ വേഷം പോലെ ചുളുങ്ങിയ നോട്ടുകൾ, നിവർത്തി എണ്ണി നോക്കി, രണ്ടു ലക്ഷം രൂപ..
മനസ്സിൽ നിറഞ്ഞ വലിയ സംശയം, ഉള്ളിൽ ഉണർന്ന ഒരാളെ സഹായിക്കുക എന്ന നന്മയിൽ മറഞ്ഞു പോയി.. ഇത്തവണ ആ തുക രണ്ടുമൂന്ന് പേർക്ക് ഉപകാരം ആയി..
എങ്കിലും അയാൾ എവിടെ... ജോലിത്തിരക്കിനടയിൽ എപ്പോളോ മുന്നിൽ കിടന്ന പത്രം മറിച്ചപ്പോൾ ഉള്ളിലെ പേജിൽ വര്ഷങ്ങളായി പല നാട്ടിലെ ആരാധനാലയങ്ങളിലെ ഭണ്ഡാരക്കുറ്റി പൊളിച്ചു മോഷണം നടത്തിയ മുൻ അധ്യാപകൻ പിടിയിൽ എന്ന വാർത്ത.. ആ പത്രത്തിന്റെ അടിയിൽ അപ്പോളും അയാൾ ഏൽപ്പിച്ച ചുളുങ്ങിയ നോട്ടിൽ ബാക്കി കുറച്ചു കൂടി ഏതോ പാവം രോഗിയെ കാത്ത് ഇരിപ്പുണ്ടായിരുന്നു...
സജ്‌ന നിഷാദ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot