നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭ്രാന്തികൾ ഉണ്ടാവുന്നത്..


ഭ്രാന്തികൾ ഉണ്ടാവുന്നത്..
•••••••••••••••••••••••••••••••••••°
നീലിമ ബെഡിൽ വിവസ്ത്രയായി കിടന്നു. അവളുടെ ശരീരത്തിലൂടെ അയാളുടെ കൈകൾ ഇഴഞ്ഞു നടന്നു. എന്തോ പരതുന്നതുപോലെ.. നീലിമയുടെ തൊണ്ടയിൽ ഒരു ഓക്കാനം വന്നു മുട്ടി. ദേഹമാകെ പുഴുവരിക്കുന്നത് പോലെ അവൾക്ക് തോന്നി. അല്പം മുൻപ് അയാളുടെ നാവിൽ നിന്നു പുറപ്പെട്ട അറപ്പും വെറുപ്പും ഉളവാക്കുന്ന അസഭ്യവാക്കുകൾ അവയുടെ ചെളിപുരണ്ട പാദങ്ങളാൽ മുഖത്തും കണ്ണിലും മൂക്കിലും നാവിലും എല്ലാം ചവിട്ടി നടക്കുന്നു. ചിലത് മുഖത്ത് നോക്കി പല്ലിളിക്കുന്നു. കഫത്തിന്റെ രുചി അവളുടെ വായിൽ നിറഞ്ഞു.ഒടുവിൽ എപ്പോഴോ അവളുടെ ബോധം മങ്ങി നിദ്രയിലാണ്ടുപോയി.
നീലിമ രാവിലേ നേരത്തെ ഉണർന്നു. മക്കൾക്ക്‌ സ്കൂളിൽ പോണം. ചോറും കറിയും ഉണ്ടാക്കണം. അവൾ അടുക്കളയിലേക്ക്‌ നീങ്ങി. തലേന്ന് ഒന്നും സംഭവിക്കാത്തത് പോലെ ഭർത്താവ് എഴുന്നേറ്റു വന്നു ചായ കുടിച്ചു പുറത്തേക്ക് പോവാൻ തയ്യാറെടുക്കുന്നു. നീലിമയുടെ ചുണ്ടിൽ ഒരു പുച്ഛചിരി തെളിഞ്ഞു. വൈകിട്ടത്തെ കലാപരിപാടികൾക്ക് ഊർജ്ജം കിട്ടണ്ടേ,
അവൾ മക്കളെ രണ്ടുപേരെയും എഴുന്നേൽപ്പിച്ചു കുളിപ്പിച്ചു ആഹാരം കൊടുത്തു. സ്കൂൾബസ്‌ ഇപ്പോൾ വരും. അവൾ പൊന്നുമക്കളുടെ മുഖത്തേക്ക് നോക്കി. പാവങ്ങൾ, അച്ഛന്റെയും അമ്മയുടെയും വഴക്കിനിടയിൽ പെട്ടു ഞെരുങ്ങുന്ന കുരുന്നുകൾ. അവർക്ക് രണ്ടുപേരെയും വേണം അച്ഛനെയും അമ്മയെയും. നീലിമ മക്കളുടെ തലയിൽ തലോടി. മക്കളെ കയറ്റിവിട്ടു തിരികെ വരുമ്പോൾ അയലത്തെ രാധാമണിചേച്ചി മുറ്റത്ത്‌ തുണി വിരിക്കുന്നു.
"നീലിമേ, നില്ലെടി വാ ഇത്തിരിനേരം ഇരുന്നിട്ട് പോവാം "
"ഇല്ല ചേച്ചി, പണിയുണ്ട്. നീലിമ മുന്നോട്ട് നടന്നു.
"ഇന്നലെയും ബഹളം കേട്ടല്ലോടി "രാധാമണി വേലിക്കലേക്ക് വന്നു. നീലിമ ഒന്ന് ചിരിച്ചിട്ട് മുന്നോട്ട് നടന്നു.
ആരാന്റമ്മക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല ചേല്, ആർക്കു വേണം ഈ സഹതാപം. ഇത്രയും നാളത്തെ ജീവിതത്തിൽ താൻ പഠിച്ച ഒരു കാര്യം ഇതാണ്. സ്വന്തം പ്രശ്നങ്ങൾ വിളിച്ചു പറഞ്ഞാൽ പുറമെ കാട്ടും സഹതാപം അകമേ പരമപുച്ഛവും. തനിക്ക് ഇതൊക്കെ ശീലമായിരിക്കുന്നു.തന്റെ പൊന്നുമക്കൾക്ക്‌ വേണ്ടി ഇതും ഇതിലപ്പുറവും താൻ സഹിച്ചിരിക്കുന്നു. ഇനിയും സഹിക്കും.
ആരുമില്ലാത്ത തനിക്ക് ഒരു ജീവിതം തന്നതിൻറെ പേരിൽ അല്ല താൻ രമേഷിനെ ചുമക്കുന്നത്. തനിക്ക് കിട്ടാതെ പോയ ബാല്യം, കൗമാരം അച്ഛന്റെ തണൽ അമ്മയുടെ സ്നേഹം എല്ലാം തന്റെ മക്കൾ അനുഭവിക്കണം. അങ്ങിനെ മക്കൾ ജയിച്ചു മുന്നേറണം. എത്തണം വിജയപാതയിൽ. എഴുതാനും വരക്കാനും പാടാനും കഴിവുണ്ടായിരുന്ന അവരുടെ അമ്മയെപ്പോലെ ആവരുത് അവർ. അതിനു വേണ്ടി നീചനായ വിഷയലമ്പടനായ രമേഷിനെ ആജീവനാന്തം താൻ സഹിക്കും. നീലിമയുടെ അണപ്പല്ലുകൾ ഞെരിഞ്ഞമർന്നു. അവൾ ജോലികളിൽ മുഴുകി.
സ്വന്തം തെറ്റുകൾ മറയ്ക്കാൻ അയാൾ ഓരോ ദിവസവും തന്നെ വ്യഭിചാരിണി ആക്കുന്നു. നിരവധി പുരുഷൻമാരുടെ കൂടെ ഒരേ ദിനം ശയിക്കുന്നവൾ ആക്കുന്നു. ചിലപ്പോൾ ഒരു അടിമയെപ്പോലെ മർദ്ദിക്കുന്നു. നാഭിയിൽ തൊഴിക്കുന്നു. മുഖം അമ്മിക്കല്ലെടുത്തു ഇടിച്ചു വികൃതമാക്കുന്നു. കേട്ടാൽ അറയ്ക്കുന്ന പദങ്ങളാൽ അഭിഷേകം ചെയ്യുന്നു. ഒടുവിൽ ആ വൃത്തികെട്ട ശരീരം കൊണ്ട് തന്റെ ശരീരത്തെ മൂടുന്നു.
അയാൾ എന്തറിഞ്ഞു ?തന്റെ മനസിന്റെ ആജ്ഞാശക്തിയെ കരുത്തിനെ ഇന്നേവരെ തകർക്കാൻ അയാൾക്ക് കഴിഞ്ഞുവോ ?നീലിമ ചിരിച്ചു. അഗ്നിയിൽ കുരുത്തവൾ ആണ് താൻ. ഹൃദയം വെങ്കലം ഉരുക്കിയൊഴിച്ച ശില പോലെ ഉറച്ചു നിൽക്കും. പൊരുതും.
എങ്കിലും ചില നേരങ്ങളിൽ വെറുമൊരു പെണ്ണായിപ്പോകും. നെഞ്ചുതകർന്നു കരഞ്ഞുപോകും. ഉള്ളിൽ ഒരു ഭ്രാന്ത്‌ നുരയും. അയാളോടുള്ള വെറുപ്പ് വർദ്ധിച്ചു വർദ്ധിച്ചു കണ്ണിലൂടെയും മൂക്കിലൂടെയും ചെവിയിലൂടെയും വായിലൂടെയും പൊട്ടിയൊഴുകും. ഒരു ഉന്മാദിനിയെപ്പോലെ അയാളുടെ മുഖത്ത് നോക്കി ആർത്തു ചിരിക്കാൻ തോന്നും. അയാളുടെ രക്തം കുടിക്കണമെന്ന് തോന്നും നീലിമക്ക് ഭയം തോന്നി. താൻ ഒരു ഭ്രാന്തി ആവുകയാണോ ?
അവൾ വീടിന്റെ പുറകിലെ വരാന്തയിൽ ചെന്നിരുന്നു. ചില നേരങ്ങളിൽ മനസ്സ് നേരെ നിൽക്കുന്നില്ല. കാലിലൂടെ ഒരു പെരുപ്പ് കയറുന്നത് പോലെ അവൾക്ക് തോന്നി. എത്രയോ സ്ത്രീകളുമായി ബന്ധം പുലർത്തുന്നു രമേഷ്, താൻ എത്രവട്ടം കണ്ടുപിടിച്ചിരിക്കുന്നു. അന്ന് തൊട്ട് മനസ്സ് വെറുത്തു തുടങ്ങിയതാണ്. പക്ഷേ തന്നെ നാട്ടിലെ പ്രധാനവേശ്യ ആക്കുമ്പോൾ മാത്രമാണ് താൻ പ്രതികരിക്കുക. നീലിമക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. ഭ്രാന്തിൻ അണുക്കൾ സിരകളിൽ നുരയാൻ തുടങ്ങിയാൽ അവൾ വേഗം വേറെ എന്തെങ്കിലും ജോലികളിൽ മുഴുകും. അതുമല്ലെങ്കിൽ പഴയ നല്ല ഓർമ്മകൾ,, കോളേജ്, സുഹൃത്തുക്കൾ അങ്ങിനെയങ്ങിനെ....
വൈകുന്നേരമായി, കുട്ടികൾ സ്കൂളിൽ നിന്നു വന്നു രാത്രി എട്ടുമണി ആയതോടെ രമേഷും എത്തി. പതിവുപോലെ മദ്യപിച്ചു മദോന്മത്തനായി ആണ് വരവ്. കലാപരിപാടികൾ തുടങ്ങാൻ സമയമായി.പഠിച്ചുകൊണ്ടിരുന്ന കുട്ടികളെ വിളിച്ചു അവൾ വേഗം ചോറ് കൊടുത്തു.
" ഇനി നാളെ പഠിക്കാട്ടോ "അവൾ പറഞ്ഞു. "ഉറങ്ങിക്കോ "അവൾ കുട്ടികളെ ബെഡിൽ കിടത്തി. ഉറങ്ങട്ടെ. അച്ഛന്റെ വൃത്തികേടുകൾ കാണാതിരിക്കട്ടെ. അവൾ ഹാളിലേക്ക് വന്നു അവളെ കണ്ടതും രമേഷ് തുടങ്ങി.
" എവിടെയാടി, ഇന്ന് നീ മറ്റവനെ ഒളിപ്പിച്ചേക്കുന്നേ ? ങേ ?
ഇന്നു ബെഡ്ഷീറ്റിനു എന്താടി ഇത്ര ചുളുക്കം ?ഇന്ന് ഏതാവനടി ഇവിടെ കിടന്നേ ?"
നീലിമ ക്രുദ്ധയായി അയാളെ നോക്കി. ഞരമ്പിലൂടെ വെറുപ്പിന്റെ കൃമികൾ പായാൻ തുടങ്ങി. അവൾ മൗനം പാലിക്കാൻ ശ്രമിച്ചു. ഇങ്ങിനെ എത്ര നാൾ ? ദൈവമേ ! ശക്തി തരണേ അവൾ പ്രാർത്ഥിച്ചു.
"ഇന്നലെ ഞാൻ നിന്റെ അടുത്തു വന്നപ്പോൾ വല്ലാത്ത സിഗരറ്റിന്റെ മണമായിരുന്നു. ആര്ടി ഇന്നലെ വന്നത് ?"രമേഷിന്റെ ചോദ്യം കേട്ട് നീലിമയ്ക്കു ഛർദ്ദിക്കാൻ വന്നു. അയാൾ വന്ന് അവളെ കടന്നു പിടിച്ചു. ഓഹ് ഇന്ന് മർദ്ദനമില്ല, അതായിരുന്നു ഇതിലും ഭേദം, കാണുന്ന ഏതു സ്ത്രീകളെയും അനുഭവിച്ചു തിരിച്ചെത്തുന്ന ഇയാളെ തനിക്ക് അറപ്പാണ്, വെറുപ്പാണ്. അയാൾ അവളെ പിടിച്ചു വലിച്ചു അടുത്ത മുറിയിലേക്ക് കൊണ്ടുപോയി.
അവളുടെ വസ്ത്രങ്ങൾ ഓരോന്നായി അയാൾ അഴിച്ചു മണം പിടിക്കാൻ തുടങ്ങി. ഒരു നായയെപ്പോലെ. അപ്പോൾ അയാൾക്ക് ഒരു പേ പിടിച്ച നായുടെ മുഖമാണെന്നു നീലിമക്ക് തോന്നി. കടവായിലൂടെ ഒലിക്കുന്ന കൊഴുത്ത ഉമിനീർ... ശബ്ദം നായുടെ മുരൾച്ച പോലെ... നീലിമയുടെ ഞരമ്പുകൾ വീർക്കാൻ തുടങ്ങി. ഒരുവേള ഭ്രാന്തിൻ പുഴുക്കൾ നുരച്ച്‌ അവ പൊട്ടുമെന്ന് അവൾക്ക് തോന്നി. അയാൾ അവളുടെ ചുണ്ടിൽ മണത്തു.
" മുറുക്കാന്റെ മണം, ആരാടി മുറുക്കുന്നവൻ വന്നത് ?തേങ്ങയിടുന്ന ഗോവിന്ദനാ ?അവനല്ലേ ഇവിടെ മുറുക്കുന്നവൻ "
നീലിമയുടെ കർണ്ണങ്ങൾ പൊള്ളി. രമേഷ് മാറിടത്തിലേക്ക് നീങ്ങി.
"മ്മ്മം... ഇതു ബീഡിയുടെ മണം തന്നെ "അയാൾ മുരണ്ടു. പിന്നെയും പിന്നെയും താഴോട്ട് താഴോട്ട് അയാൾ മണങ്ങൾ തിരയവേ, നീലിമ നഗ്നയായി കിടന്നു പൊട്ടിപ്പൊട്ടിച്ചിരിക്കാൻ തുടങ്ങി. അയാൾ അമ്പരന്നു. അവൾ ചാടിയെഴുന്നേറ്റ് അലറി
"അതേടാ, നൂറു പേര് വന്നു ഇവിടെ ഇന്ന്. ഇനിയും വരും കാണണോ നിനക്ക് ?അവൾ മുടിയിൽ പിടിച്ചു വീണ്ടും അലറി. എന്നിട്ട് പുറത്തേക്ക് കുതിച്ചു. അയാൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് നീലിമ കതകു തുറന്നു പുറത്തു വഴിയിലേക്ക് ഇറങ്ങി. പരിപൂർണ്ണ നഗ്നയായി നിന്നവൾ അലറി
"വരൂ ആർക്കാ വേണ്ടത് ?ഞാൻ വേശ്യ ആർക്കു വേണേലും വരാം എപ്പോ വേണേലും വരാം വാ വരൂന്നേ "
അവൾ ഉന്മാദിനിയായി ഓടി വഴിയിലൂടെ അട്ടഹസിച്ചുകൊണ്ട്, പിന്നെ തേങ്ങിക്കരഞ്ഞുകൊണ്ട്, പിന്നെയും അലറിക്കൊണ്ട്.... രാത്രിയുടെ നിശ്ശബ്ദതയിൽ അവളുടെ ശബ്ദം നിരത്തിലെങ്ങും മാറ്റൊലിക്കൊണ്ടു.
അഞ്ജലി മേരി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot