നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കോട്ടക്കൽ സെന്റ്‌ തെരെസാസ് കോളേജിലേക്ക് ഒരു ബ്ലും... ഭാഗം 10

കോട്ടക്കൽ സെന്റ്‌ തെരെസാസ് കോളേജിലേക്ക് ഒരു ബ്ലും...
ഭാഗം 10
ഒരു സുന്ദരമായ യാത്ര!
********************
അതിരാവിലെ എട്ടുമണിക്ക് എണീറ്റ് പല്ലു തേപ്പും കഴിഞ്ഞ് വല്ലതും വാരി തിന്ന് ഒരു കാക്കകുളിയും പാസ്സാക്കി മുടി രണ്ടു ചീകു ചീകി കുതിരവാല് പോലെ പൊക്കി കെട്ടി നെറ്റത്തൊരു കറുത്ത കുഞ്ഞി പൊട്ടും തൊട്ട് ഡ്രെസ്സിന് മ്യാച് പ്ളാസ്റ്റിക് കമ്മലും മാലയുമിട്ട് കയ്യിൽ കറുത്തൊരു ചരടും കെട്ടിയാൽ ...എന്റെ കോളേജിലേക്കുള്ള യാത്രയാകൽ ഫിനിഷിങ് പോയിന്റിൽ എത്തും.!.തലേ ദിവസം കൊണ്ട് വെച്ച സ്ഥലത്ത് നിന്നും ഒരു അനക്കം പോലും പറ്റാത്ത ആ നീല ഫയലും, ചോറ് മാത്രം വെക്കാൻ ഉപയോഗിക്കുന്ന നീളൻ ബാഗും കൂടി എടുത്തണിഞ്ഞാൽ കോളേജിലേക്കുള്ള
ഡ്രെസ്സ് കോഡ് പൂർണ്ണമായി.
ഇങ്ങനെയുള്ള എന്റെ സുന്ദരമായ കോളജ് യാത്രക്ക്‌ ഒരു വിഘ്‌നം നേരിട്ടത് എന്റെ അപ്പനും അമ്മയും ഒരാഴ്ചത്തെ ഒരു യാത്ര പോയപ്പോഴാണ്. അതും ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോൾ.യാത്ര മറ്റെങ്ങോട്ടും ആയിരുന്നില്ല. ഒരു ചിന്ന ആശുപത്രി വാസം.!
അന്നാളിലാണ് തുറന്ന വാതിൽ നയം ഉള്ള എന്റെ ആ വീട് ആദ്യമായി അടഞ്ഞ്‌ കാണപ്പെട്ടത്.!
അന്നാണ് വീടിനു ചുറ്റുമുള്ള മരങ്ങൾ വിളിക്കാതെ വരുന്ന കാറ്റു മാമ്മന്റെയൊപ്പം ഇളകി കളിച്ച്‌ അതിന്റെ കുഞ്ഞനിലകൾ പോത്തോ... ന്ന് താഴെ വീഴുന്ന കാഴ്ച ഞാൻ കണ്ട് നിന്നത്!
അന്നാണ് ഇളയ കുട്ടിയായ ഞാൻ കുടിക്കുന്ന വെള്ളത്തിന്റെ പത്തിരട്ടി വെള്ളം അമ്മയുടെ ചെടി കുട്ടികൾ മോന്തുന്നത് നോക്കി നിന്നത്.!
തിളച്ച എണ്ണയിൽ കടുകിട്ടാൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്നും,
ഉള്ളിയെയും വെളുത്തുള്ളിയെയും തൊട്ടുരുമ്മി നിന്നില്ലെങ്കിൽ അവറ്റകൾ കോപാകുലയായി കത്തി കയറുമെന്നും, കുക്കറിന്റെ നീട്ടി വിളി കേട്ടില്ലെങ്കിൽ അത് പൊട്ടി തെറിക്കുമെന്നും ഞാൻ അനുഭവിച്ചറിഞ്ഞത്.!
പറമ്പിലെ കാന്താരി മുളക് വിചാരിച്ച പോലത്തെ സ്വഭാവക്കാരി അല്ലെന്നും, ചേനക്ക് എന്റെ തനി സ്വഭാവമാണെന്നും , പാവയ്ക്ക അത്ര പാവം അല്ലെന്നും ഞാൻ ഒരു നീറ്റലോടെ തിരിച്ചറിഞ്ഞു !
സവാള എന്നെ കരയിച്ചപ്പോഴും,
ചൂടൻ ചട്ടികൾ എന്നെ തൊട്ടുരുമ്മിയപ്പോഴും,
കരിപിടിച്ച പാത്രങ്ങൾ എന്നോട് ബലം പിടിച്ചപ്പോഴും
ഞാൻ മറ്റൊരു ലോകം പൂകുകയായിരുന്നു!
അലക്കിയാലെ വിരിക്കാൻ പറ്റുകയുള്ളൂവെന്നും വിരിച്ചാലെ ഉണക്കാൻ പറ്റുകയുള്ളൂവെന്നും ഉണങ്ങിയാലെ തുണി ഉടുക്കാൻ പറ്റുകയുള്ളുവെന്നുമുള്ള നഗ്ന സത്യങ്ങൾ ഞാൻ തിരിച്ചറിഞ്ഞു.!
ആശുപത്രി വാസം കഴിഞ്ഞ്‌ അപ്പനും അമ്മയും തിരികെ എത്തിയപ്പോഴാണ് ഞാൻ ഒരു സുന്ദരമായ യാത്രക്കുള്ള ഒരുക്കങ്ങൾക്ക് സാക്ഷിയായി മനസ്സു മരവിച്ചു നിന്നത്.!അത് മറ്റാരുടെയും അല്ല....സ്വന്തം അപ്പന്റെ തന്നെ!
അപ്പന്റെ ശ്വാസകോശത്തെ കാർന്നു തിന്നു കൊണ്ടിരുന്ന ട്യൂമറിനെ തിരിച്ചറിയാൻ ഒട്ടേറെ വൈകിയിരുന്നു.
ഇനിയുള്ള ജീവൻ ഈശ്വരന്റെ കൈകളിലാണെന്നും ഇനിയുള്ള ജീവിതം വീട്ടിൽ മതിയെന്നും ഡോക്ടർമാർ വിധി എഴുതി.
ശ്വാസം എടുക്കാൻ അപ്പന് ബുദ്ധിമുട്ട് ഉണ്ടായിരുന്നു വെങ്കിലും ശ്വാസം പോകുന്നതിനു മുൻപ് തന്നെ തന്റെ കൂടെ ജീവിച്ചിരുന്ന എല്ലാവരെയും ഒന്നു കൂടി കാണണം എന്ന ആഗ്രഹം അപ്പൻ അവസാനത്തെ ആഗ്രഹം പോലെ അവതരിപ്പിച്ചു.
അതൊരു ഡിസംബർ മാസമായിരുന്നു.സുഹൃത്തുക്കളെയും ബന്ധു ജനങ്ങളെയും നാട്ടുകാരെയും ഒക്കെ അപ്പന്റെ ഇഷ്ട്ട പ്രകാരം വിളിച്ചു വരുത്തി.
എല്ലാവരെയും കണ്ടും കേട്ടും അപ്പന്റെ മനസ്സിന് തൃപ്തിയായി.
അതിൽ അപ്പൻ സ്നേഹിച്ചിരുന്നവരും, വെറുത്തിരുന്നവരും ഒക്കെയുണ്ടായിരുന്നു.
വരുന്നവർ എല്ലാവരും തന്നെ ക്രിസ്തുമസ്‌ കേക്ക് കൊണ്ടു വരുന്നതിനാൽ അത് ചീത്തയാക്കാതെ മറ്റുള്ള വീടുകളിലേക്ക് കൊണ്ടു കൊടുക്കുന്ന പണി അമ്മ എന്നെയേല്പിച്ചു.
അതോടു കൂടി
'പ്ലം കേക്ക് 'എന്റെ ശത്രുക്കളുടെ ലിസ്റ്റിൽ കയറി പറ്റി.
മക്കളെയും മരു മക്കളെയും പേരാക്കിടാങ്ങളെയും അപ്പൻ മതി മറന്നു സ്നേഹിച്ചു.ഞാൻ ഒഴികെ ബാക്കി അഞ്ചു ചേച്ചിമാരും അന്ന് വിവാഹിതർ ആയിരുന്നു.
അപ്പന്റെ സ്വർഗീയ യാത്രക്കുള്ള മുന്നൊരുക്കങ്ങൾ അപ്പൻ തന്നെ സ്വന്തം ഹൃദയത്തിൽ നടത്തുകയായിരുന്നു.
"നമ്മൾ തമ്മിൽ ഇനിയെന്തെങ്കിലും ദേഷ്യം പറഞ്ഞു തീർക്കാനുണ്ടോ" എന്ന്‌ അപ്പൻ അമ്മയോട് ചോദിച്ചത്രേ!
ഉണ്ടെങ്കിൽ തന്നെ ഇങ്ങനെ ചോദിക്കുന്ന ഒരാളോട് ഇനി എന്തു ദേഷ്യം ഉണ്ടാകാനാണ് അല്ലേ!!
നാം സ്നേഹിക്കുന്നവരുടെ രോഗത്തിലും മരണത്തിലും നമ്മൾ മനുഷ്യർ എത്ര നിസ്സഹായരാണ്!! .ഒരു നിമിഷം പോലും അവരുടെ വേദന ഏറ്റെടുത്ത് അവർക്ക് അതിൽ നിന്നും മോചനം നൽകാൻ നമുക്കാർക്കും സാധിക്കുകയില്ലല്ലോ!!
ഡോക്ടർമാർ വിധി എഴുതിയ ഒരു മാസം കഴിഞ്ഞിരിക്കെ, അപ്പന്റെ ആത്മ ബലം കൊണ്ടുമാത്രം അപ്പൻ ജീവിച്ചിരിക്കെ, ഒരു ദിവസം അപ്പൻ എന്നെ വിളിച്ചു പറഞ്ഞു...
"നീ പോയി തെക്കേലെ
വല്യച്ഛനെ വിളിച്ചു കൊണ്ടു വാ...അപ്പന് എക്കിൾ വരുന്നുണ്ട്. അതിനുള്ള ഒരു പച്ച മരുന്ന് ആൾക്കറിയാം. വേഗം വരാൻ പറ!"
ഞാൻ ഓടി പോയി നന്നേ പ്രായം ഉള്ള ആ വല്യച്ഛനെയും കൂട്ടി കൊണ്ടു വന്നു.
അവർ തമ്മിൽ എന്തോ സംസാരിക്കുന്നുണ്ടായിരുന്നു.വല്യച്ഛനെ വീട്ടിൽ കൊണ്ടു ചെന്നാക്കി തിരികെ എത്തിയപ്പോഴാണ് 'അമ്മ എന്നോട് അത് പറഞ്ഞത്...
"പണ്ട് കുറെ വർഷങ്ങൾക്കു മുൻപ് പറമ്പിന്റെ അതിർത്തിയുടെ കാര്യം പറഞ്ഞ് നേരിയ ഒരു നീരസം...വളരെ നേരിയത് അപ്പനായിട്ട് ഉണ്ടായിരുന്നു. ആ പറമ്പും വിറ്റു... അതിൽ ഒരു വീടും വെച്ചു.... പക്ഷെ ഇപ്പോൾ അപ്പൻ അതോർത്ത് എല്ലാം പറഞ്ഞു തീർത്തതാണ് "!!
എനിക്ക് ശെരിക്കും അത്ഭുതവും അഭിമാനവും തോന്നിയ നിമിഷങ്ങൾ ആയിരുന്നു അത്.ആ വെല്യച്ഛൻ ആ കാര്യം ഓർക്കുന്ന പോലും ഉണ്ടായിരുന്നില്ല.
പക്ഷെ മാപ്പ്‌ ചോദിക്കാൻ ഉള്ളവരോട് ഒക്കെ മാപ്പ്‌ ചോദിച്ച്‌ ,കൊടുക്കാൻ ഉള്ളവർക്കൊക്കെ മാപ്പ് കൊടുത്ത് ഒരു യാത്രക്കുള്ള മുന്നൊരുക്കം.!!
ഇതിൽ പരം ഒരു ശാന്തവും സമാധാനവും നിറഞ്ഞ ഒരു യാത്ര ഈ ലോകത്തിൽ ആർക്കാണ് ചെയ്യുവാൻ സാധിക്കുക.!
ഹൃദയ ഭാരങ്ങൾ ഇല്ലാത്ത, പാപകറകൾ ഇല്ലാത്ത, സ്നേഹം കൊണ്ട് മാത്രം നിറഞ്ഞ ഒരു മനസ്സുമായുള്ള ഒരു സ്വർഗീയ യാത്ര! ആ യാത്രയെക്കാൾ സുന്ദരമായി ഏതു യാത്രയുണ്ട് ഈ ലോകത്തിൽ അല്ലെ !!
ജനുവരി പതിനേഴാം തിയതി അപ്പൻ ആ യാത്ര പോയപ്പോൾ കണ്ണീരോടെ ഞങ്ങൾ ആ സുന്ദരമായ യാത്രയെ ആദരം കൊണ്ട് പൊതിഞ്ഞു....

Lipi

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot