Slider

പ്രതീക്ഷ

0

പ്രതീക്ഷ
"നിനക്കിങ്ങനെ കെട്ടിയൊരുങ്ങി നടക്കാതെ
അമ്മയുടെ കൂടെ റബ്ബർ ചുവടു ചെത്താനോ, കള പറിക്കാനോ കൂടിക്കൂടെ ദേവൂ.വൈകിട്ട് അരി മേടിക്കാനുള്ള കാശ്ശെങ്കിലും കിട്ടില്ലേ.
ശാന്തേടത്തിയുടെ പതിവ്പല്ലവി കേട്ടിട്ടാണ് പറമ്പിൽ പണിയെടുക്കുന്ന അമ്മയുടെ കയ്യിൽ നിന്നും വണ്ടിക്കൂലി മേടിച്ചു ഞാൻ പി എസ് സി
ക്ലാസ്സിലേക്ക് പോകുന്നത്.
അമ്മയുടെ കയ്യിൽ നിന്നും മേടിക്കുന്ന പത്തു രൂപ കൊണ്ട് ബസ്സിന്‌ പോയി വരാൻ സാധിക്കില്ലെന്നറിയാമായിട്ടും രണ്ടു രൂപ കൂട്ടി ഇടാനില്ലാത്തതിനാൽ നാലുകിലോമീറ്റർ നടന്നു ബസ് കയറി പോവുമ്പോഴും സർക്കാർ ജോലി എന്റെ സ്വപ്നമായിരുന്നു.
എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന മാർക്കോടെ പാസ്സായെങ്കിലും ആ സമയത്തുള്ള അച്ഛന്റെ മരണം മൂലം ഒറ്റയ്ക്കായി പോയ എന്നെ പ്ലസ്‌ ടു വരെ പഠിപ്പിക്കാനേ അമ്മയ്ക്ക് സാധിച്ചുള്ളൂ.
ബാങ്കിൽ പണയത്തിലുള്ള ആധാരം തിരിച്ചെടുക്കാൻ വരുമാനത്തിന്റെ ഏറിയ പങ്കും മാസാമാസം അടയ്‌ക്കേണ്ടി വരുന്ന അമ്മയോട് കോളേജ് പഠനം എന്ന ആഗ്രഹം പറയാതെ ഞാൻ ഉള്ളിലൊതുക്കി.
മുന്നിലെ ഇരുട്ടിലേക്ക് നോക്കിനിന്ന എനിക്ക് പഴയ ഗുരുനാഥന്റെ കണ്ടുമുട്ടലും ഉപദേശവുമാണ് പി എസ് സി എന്ന വെളിച്ചത്തിലേക്ക് എന്നെ നയിച്ചത്.
ക്ലാസ്സ്‌ വിട്ടു നടന്നു വീട്ടിലെത്തുന്ന എന്നെയും കാത്തു നാലു ട്യൂഷൻ കുട്ടികൾ അവിടെ ഉണ്ടാവും.
ചാണകം മെഴുകിയ ചെറുവരാന്തയിൽ പായ വിരിച്ചു മൂന്നു പേര് ഇരിക്കുമ്പോൾ നാലാമൻ വാതിൽപടിയിൽ ഉണ്ടാവും.
അച്ഛൻ സ്ഥിരമായി ഇരിക്കാറുണ്ടായിരുന്ന ആകെയുള്ള ഒരു കസേരയിൽ ഇരുന്നു ഞാൻ കുട്ടികൾക്ക് കണക്കു പറഞ്ഞു കൊടുക്കുമ്പോൾ അദൃശ്യമായൊരു അച്ഛന്റെ സുരക്ഷിതത്വം എനിക്ക് അവിടെ നിന്നും കിട്ടുമായിരുന്നു.
കുട്ടികൾക്ക് കണക്കു ചെയ്യാൻ കൊടുത്തിട്ട് പി എസ് സി ബുക്കിലൂടെ കണ്ണോടിച്ചു ഉത്തരങ്ങൾ ആവർത്തിക്കുമ്പോഴും സർക്കാർ ജോലി നേടാനുള്ള ആവേശമായിരുന്നു
ട്യൂഷൻ പഠിക്കുന്ന കുട്ടികളുടെ കയ്യിൽ നിന്നും ഫിസൊന്നും കിട്ടാതെ വന്നപ്പോഴും അറിവ് പകർന്നു കൊടുക്കുന്ന കൈ പണം ആഗ്രഹിക്കരുതെന്ന് ഗുരുനാഥൻ പഠിപ്പിച്ചതോർത്തു ഞാൻ.
പി എസ് സി ക്ലാസ്സിൽ ഫിസ് രണ്ടു മാസം കുടിശ്ശിക ആയപ്പോൾ എനിക്കു മാത്രം ഇളവ് ചെയ്തു തന്ന അദ്ധ്യാപകന്റെ നന്മ ഞാൻ എന്റെ കുട്ടികളോട് കാണിച്ച നന്മയുടെ തിരിച്ചു വരവായിരുന്നു.
വീടിനുള്ളിലെ പണിയെല്ലാം ചെയ്തു തീർത്തു നാമവും ജപിച്ചു രാത്രി 12 മണി വരെ പഠിച്ചു വെളുപ്പിന് നാലുമണിക്ക് എഴുന്നേൽക്കുമ്പോഴും
മനസ്സിൽ സർക്കാർ ജോലിയോട് അടങ്ങാത്ത ആഗ്രഹമായിരുന്നു.
പാൽ മേടിച്ചു കൊണ്ടിരുന്ന വീട്ടിലെ കുടിശിക തീർക്കാതെ ആ വഴിക്ക് വരേണ്ടെന്ന് പറഞ്ഞു കട്ടൻ ചായയിലേക്കു മാറുമ്പോഴും വലതു കാലിലെ ചെരുപ്പിന്റെ വാർ പൊട്ടിയിട്ടു കെട്ടുകമ്പിക്ക് ചുറ്റി കെട്ടി നടക്കുമ്പോഴും അതു മാറിയിടാൻ പത്തു രൂപ അമ്മയോട് ചോദിക്കാതിരിക്കുമ്പോഴും മനസ്സിൽ സർക്കാർ ജോലി മാത്രമായിരുന്നു.
അതു പക്ഷെ അഹങ്കരിക്കാനോ ഉയർന്ന പദവി അലങ്കരിക്കാനോ ഉള്ള മോഹം കൊണ്ടായിരുന്നില്ല, ഒരു നേരമെങ്കിലും അമ്മയെ വീട്ടിൽ ഇരുത്തി ഞാൻ അധ്വാനിച്ച പണം കൊണ്ട് ആഹാരം കൊടുക്കാനും പണയം വച്ച ആധാരം തിരിച്ചെടുക്കാനും പ്ലസ്‌ ടു വരെ മാത്രം പഠിച്ച എനിക്ക് മറ്റു വഴി അറിയില്ലായിരുന്നു.
ബസ്സിൽ കയറുമ്പോൾ കൈ ഉയർത്തി കമ്പിയിൽ പിടിച്ചു നിൽക്കാൻ കണ്ടക്ടർ പറയുമ്പോഴും ഒരു ചെറു ചിരി വരുത്തി സീറ്റുകമ്പിയിൽ അള്ളിപ്പിടിച്ചു നിൽക്കുമായിരുന്നു ഞാൻ.
മൂന്നു തവണ തുന്നിയിട്ടും പൊട്ടിപോയ ചുരിദാറിന്റെ വലതു കക്ഷം കീറിയത് മറ്റുള്ളവർ കാണാതിരിക്കാനാണ് താനീ പെടാപാട് പെടുന്നതെന്ന് പാവം കണ്ടക്റ്റർക്ക് അറിയില്ലല്ലോ ! പക്ഷെ അപ്പോഴും സർക്കാർ ജോലിയെന്ന സ്വപ്നത്തെ ഞാൻ കൈവിട്ടില്ല.
കറണ്ടു പലപ്പോഴും ഇല്ലാതെ വരുന്ന സമയത്തും
മണ്ണെണ്ണവിളക്കും മെഴുകുതിരിയും മാറ്റി മാറ്റി തെളിച്ചു വച്ചു പാതിരാത്രികളിൽ പഠിക്കുമ്പോൾ എബ്രഹാം ലിങ്കണും ചരിത്രകാരന്മാരും കൂടുതൽ വ്യക്തമായി മനസ്സിലേക്ക് വരുന്നതുപോലെ തോന്നുമായിരുന്നു.
വീടിനടുത്തുള്ള തോട്ടത്തിൽ മരംമുറിക്കാൻ വന്ന ഒരു ചേട്ടൻ വെള്ളം മേടിച്ചു കുടിച്ചു കയ്യിൽ കേറി പിടിച്ചപ്പോൾ ഓടി റൂമിൽ കയറി ഞാൻ കുറ്റിയിട്
അമ്മ വരുന്നത് വരെ പേടിച്ചിരുന്നപ്പോഴും
കൂട്ടിനു എന്റെ പുസ്തകം മാത്രമേ ഉണ്ടായിരുന്നുള്ളു.
പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് കയ്യിൽ കിട്ടിയ എനിക്കു അടുത്ത ജില്ലയിലാണ് പരീക്ഷാസെന്റർ എന്നറിഞ്ഞ അമ്മ 500രൂപ മുൻ‌കൂർ വായ്പ മേടിച്ചിട്ടുണ്ടെന്നു പറയുമ്പോൾ അത് പതിന്മടങ്ങായി തിരിച്ചു കൊടുക്കാൻ ഈ ജോലി എനിക്ക് തരണേ എന്നായിരുന്നു ദൈവങ്ങളോട് എന്റെ പ്രാർത്ഥന.
പരീക്ഷയുടെ തലേദിവസം തറവാട്ടിൽ നിന്നെത്തിയ ബന്ധുക്കാരൻ പയ്യൻ പുസ്തകത്തിനാണെന്ന് പറഞ്ഞു എന്റെ കയ്യിൽ കയറി പിടിക്കുമ്പോൾ അതു കാമത്തിനാണെന്നു തിരിച്ചറിഞ്ഞ ഞാൻ ഏതോ ശക്തിയുടെ ബലത്തിൽ അവനെ ആട്ടിപ്പായിക്കുമ്പോഴും സർക്കാർ ജോലി എന്ന സ്വപ്നത്തിനോട് തോറ്റു കൊടുക്കാൻ ഞാൻ തയാറായിരുന്നില്ല.
പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ ലിസ്റ്റിലെ ആദ്യത്തെ 500 റാങ്കിൽ ഞാനുണ്ടെന്ന് അറിഞ്ഞപ്പോൾ ആദ്യമായി പടുകുഴിയിൽ വീണവൾക്ക് പിടിവള്ളി കിട്ടിയതുപോലെ ഞാനൊന്നു ആശ്വസിച്ചു.
പക്ഷെ, സർക്കാർ നിയമനങ്ങൾക്കും ഒഴിവു സീറ്റുകൾക്കും ഇനിയും ഒരുപാട് കാത്തിരിക്കണമെന്നും മനസ്സിലാക്കിയ ഞാൻ ഒരു ഹോസ്പിറ്റലിൽ റിസെപ്ഷനിസ്റ് ആയിട്ട് ജോലിക്ക് കയറുമ്പോഴും സർക്കാർ ജോലി എന്ന സ്വപ്നത്തെ മുറുകെ പിടിച്ചിരുന്നു.
ഒരു പരീക്ഷയുടെ ലിസ്റ്റിൽ ഉള്ളത് കൊണ്ടു മാത്രം ജോലി ആശ്രയിച്ചിരിക്കരുത് എന്നറിവുള്ളവർ പറഞ്ഞു തന്നപ്പോൾ നൈറ്റ്‌ ഷിഫ്റ്റിലേക്ക് ജോലി ഇരന്നു മേടിച്ചു പകൽ വീണ്ടും പഴയ പി സ് സി ക്ലാസ്സിലേക്ക് പോകുമ്പോൾ മനസ്സിൽ ജോലി കിട്ടിയേ തീരൂ എന്ന വാശിയായിരുന്നു.
ആർജവത്തോടെ വീണ്ടും പഠിച്ചു രണ്ടു പരീക്ഷ കൂടി എഴുതി ലിസ്റ്റിൽ പേര് വന്നപ്പോഴും ആദ്യ പരീക്ഷയുടെ നിയമനശൂപാർശ്ശ എന്നിൽ നിന്നും അകൽച്ച പാലിച്ചു നിന്നു.
കൂടെ എഴുതിയവരുടെ ഉപദേശപ്രെകാരം ഒഴിവു സീറ്റ് നിയമനം നടക്കുന്നില്ലെന്ന് പ്രേമുഖ രാഷ്ട്രിയ നേതാക്കളെ കാണുകയും കലക്ടറേറ്റിൽ മാർച്ചിനും ധർണ്ണയ്ക്കും കൂട്ടിരിയ്ക്കുമ്പോഴും ഒരേയൊരു മോഹമേ ഉണ്ടായിരുന്നുള്ളൂ
സർക്കാർ ജോലി.
എല്ലാ കാത്തിരിപ്പിനുമൊടുവിൽ ഈശ്വരൻ എന്നെ അനുഗ്രഹിച്ചത് മൂന്നു രൂപത്തിലായിരുന്നു.
അമ്മയെയും കൂട്ടി ലാസ്റ്റ് ഗ്രേഡ് അസിസ്റ്റന്റ് ആയി ജോലിയ്ക്കു പ്രേവേശിച്ച എനിക്ക് ഒരാഴ്ചയ്ക്ക് ശേഷം അതേ ഓഫീസിൽ ld ക്ലാർക്ക് ആയി നിയമനം ലഭിച്ചു.
അപ്പോൾ അമ്മയുടെ ചെവിയിൽ ഞാൻ പറഞ്ഞു. ഒരാളുടെ ആഗ്രഹത്തിന് ആത് മാർത്ഥതയും അധ്വാനവും ഉണ്ടെങ്കിൽ ഈശ്വരൻ അവരെ കൈവിടില്ല.
ഈ സമയത്തു വീടിന്റെ വരാന്തയിൽ ഒരു കവറുമായി പോസ്റ്റ്‌ മാന് വന്നു. ആ കവറിൽ ksrtc കണ്ടക്റ്റർ നിയമനം എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
(കാർത്തിക് )
. .നന്ദി,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo