നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നാടോടികൾ

നാടോടികൾ
***********
വെയിൽ മൂത്തു തുടങ്ങിയിട്ടും ഒട്ടും തന്നെ ക്ഷീണമില്ലാതെ ആ കൈവണ്ടി ഉരുണ്ടു നീങ്ങികൊണ്ടിരുന്നു. കാലിലെ കൊലുസ്സിനോടൊപ്പം തന്നെ ഇരുകൈകളിലെയും കുപ്പിവളകളും കൂട്ടിയുരസി പ്രത്യേക ശബ്ദത്തിൽ താളമിട്ടു. വെയിൽ ഏറിവരികയാണ്. വിയർപ്പുതുള്ളികൾ ഇടയ്ക്കിടെ മുത്ത് കൊഴിച്ചുകൊണ്ട് അവളുടെ കുപ്പിവളകളെ ഈറനണിയിച്ചു. ചീകിമിനുക്കി തിളങ്ങിയ ചെമ്പൻ മുടിയെ മന്ദമാരുതൻ അലക്ഷ്യമായി തട്ടിനീക്കി. ഉടഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾക്കും പഴകിയ പത്രത്താളുകൾക്കും തുരുമ്പിച്ച തകരപാട്ടയ്ക്കുമെല്ലാമിടയിൽ ഒരു കൊച്ചു സുന്ദരി..മല്ലി.. അത് അവളുടെ കുഞ്ഞാണ്. 3 വയസ്സ് പ്രായംകാണും. പാറിപ്പറന്ന ചെറിയ മുടികൾ നെറുകയിൽ കൂട്ടി ചേർത്തു കെട്ടിവച്ചിരിക്കുന്നു. കീറി മുഷിഞ്ഞ ഉടുപ്പുമിട്ട് ചുറ്റും മാറിമറിയുന്ന കാഴ്ചകളെ നിഷ്കളങ്കതയോടെ നോക്കികൊണ്ടിരിക്കുകയാണവൾ. എങ്കിലും കുതിരപ്പുറത്ത് കുതിച്ചു പായുന്ന ഒരു രാജകുമാരിയെപ്പോലെയാണ് ആ വണ്ടിയിൽ ഇരിക്കുന്നത്.
വിശപ്പിനേയും ദാഹത്തെയും ചുട്ടുപൊള്ളുന്ന വെയിലിനെയും വകവയ്ക്കാതെ രണ്ടു ജീവനെയും വഹിച്ചുകൊണ്ട് ആ കൈവണ്ടി ചക്രങ്ങൾ മുൻപോട്ടു നീങ്ങിക്കൊണ്ടിരുന്നു. തെല്ലിട കഴിഞ്ഞപ്പോഴേക്കും ആൾതാമസമുള്ള സ്ഥലത്തേക്ക് അവർ എത്തിച്ചേർന്നു.
കൈവണ്ടി വഴിയോരത്ത് നിർത്തിയിട്ടിട്ട് തൊട്ടടുത്തു കണ്ട വീടിന്റെ ഗേറ്റിനു നേരെ നടന്നു.
അമ്മാ..പളേ കുപ്പീ..പാട്ടാ..പ്ലാസ്റ്റിക് പാത്രങ്ങൾ..പളയയാതവത ഇറുക്കാ.. കൊടുക്കറുതുക്ക്...
തമിഴ് കലർന്ന മലയാളത്തിൽ അവൾ വിളിച്ചു കൂവി. വലിയ ഉച്ചത്തിൽ കുരച്ചുകൊണ്ട് അവർക്ക് നേരെ പാഞ്ഞടുത്ത അൾസേഷൻ നായയെ കണ്ട് അവർ ജീവനും കൊണ്ട് തിരിഞ്ഞോടി.
മല്ലി ചിരിച്ചുകൊണ്ട് അമ്മയെ നോക്കി.
"ഭയപെടാതിങ്ക്അമ്മാ.."
തെല്ല് ദേഷ്യത്തോടെ ചെമ്പകം അവളുടെ തലയ്ക്കൊരു കൊട്ട് കൊടുത്തു.
സമയം ഉച്ചയോടടുത്തപ്പോഴേക്കും മല്ലി ചിണുങ്ങാൻ തുടങ്ങി.
“അമ്മാ..പശികിത്..”
“വാ മൂടടി..കൊഞ്ചനേരത്തുക്കപ്പുറം സാപ്പിടാം.”
അമ്മാ..പളേ കുപ്പീ..പാട്ടാ.. പ്ലാസ്റ്റിക് പാത്രങ്ങൾ..പളയയാതവത ഇറുക്കാ.. കൊടുക്കറുതുക്ക്..!
അടുത്ത വീട് ലക്ഷ്യമാക്കി അവർ നടന്നു.
“നേരം വെളുക്കുമ്പോഴേക്കും ഓരോന്ന് കേറി വന്നോളും. കണ്ണീ കണ്ടതൊക്കെ കട്ടോണ്ട് പോകേം ചെയ്യും.”
ഗൃഹനാഥ പിറുപിറുത്തു.
“അമ്മാ..കൊളന്തക്ക് ഇത്തിരി കഞ്ചിവെള്ളം..”
“കഞ്ഞീം ഇല്ല കാടീം ഇല്ലാ..പോ പോ..”
ഗൃഹനാഥ ദേഷ്യത്തോടെ അവരെ ആട്ടിപ്പായിച്ചു.
ശരിയാണ്. കൂടെയുള്ളവരിൽ ഏറിയപങ്കും കട്ടും മോഷ്ടിച്ചും വിറ്റും പെറുക്കിയും ജീവിക്കുന്നു. മാനം വിറ്റു ജീവിക്കുന്നവരും ഉണ്ട്. അവൾ ഓർത്തു.
തല്ലുകൊണ്ടാലും പഠിക്കാത്തവർ. തനിക്ക് മുഖ്യം മല്ലിയാണ്. പിന്നെ വിശപ്പും. നാളത്തെ കുറിച്ചു ഇതുവരെ ചിന്തിച്ചിട്ടില്ല. ഇന്നാണെങ്കിൽ ചിന്തിക്കാൻ പോലും സമയം ഇല്ലാതെ അനുനിമിഷവും കടന്നുപോകുന്നു. കിടക്കാൻ ഒരിടമില്ല. ആകെ സന്തോഷം തരുന്നത് ഇവളുടെ കുസൃതിയും പൊട്ടിചിരിയുമാണ്. തന്നെപ്പോലെ അവൾക്കും പഠിക്കാൻപോകാൻ കഴിയില്ല.
മല്ലിയുടെ ചിണുങ്ങലാണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത്.
രണ്ടും കൽപ്പിച്ചു അടുത്ത വീട്ടിലേക്ക് കേറിചെന്നു.
സാറേ.. പളേ കുപ്പീ..പാട്ടാ.. പ്ലാസ്റ്റിക് പാത്രങ്ങൾ.. പളയയാതവത ഇറുക്കാത.. കൊടുക്കറുതുക്ക്..!
ഒന്നുമില്ല..പൊയ്ക്കോ! പെട്ടന്നായിരുന്നു അയ്യാളുടെ മറുപടി.
നല്ല വില കൊടുപ്പേൻ സാറെ....
"ഇല്ലെന്നു പറഞ്ഞില്ലേ..."!
"കൊളന്തക്ക് കൊഞ്ചം കഞ്ചി..!. ഒന്നുമേ സാപ്പിട്ടിലേ.."
മനസ്സലിഞ്ഞെന്ന് തോന്നുന്നു.
അയാൾ മല്ലിയെ നോക്കി
വിങ്ങിപൊട്ടിക്കൊണ്ട് അവളും..
അപ്പുറത്തേക്ക് പോന്നോളൂ
"ഇങ്കെ ആരുമില്ലേയ് "
ആ ചോദ്യം അയ്യാൾ കേട്ടതായി ഭാവിക്കാതെ അകത്തേക്ക് കയറി വക്കുപൊട്ടി ചളങ്ങിയ രണ്ടു പാത്രത്തിൽ കഞ്ഞിയുമായി തിരിച്ചു വന്നു.
"കഴിക്ക്..."
ദൈവം മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോലെ അവൾക്ക് തോന്നി
"റൊമ്പ നൻറിയുണ്ട് സാറെ...."
"ഇത്..നിൻറെ കുട്ടിയാണോ?"
"ആമാ സാർ...എന്നുടെ കൊളന്തയ്
“സിലാവാങ്ക കൊളന്തയെ പോക്കറ് ഇറുപ്പാങ്കാളാ..അനാൽ എൻ കൊളന്തയെ എങ്കുമേ നാൻ വിടമാട്ടേൻ.. ഏവർക്കും എൻ കൊളന്തയെ ഉൻ കൊളന്തയെന്ന് കേപ്പാങ്കളാ. സിലവാങ്ക ഓടിപ്പാങ്കലാ..സിലാവങ്ക തിട്ടും. പോലിസിക്കും ഭയമായിറുക്ക്”.
അവളുടെ സംസാരം ചെവികൊടുക്കാതെ അയ്യാൾ മല്ലിയുടെ നേരെ തിരിഞ്ഞു.
“എന്താ നിൻറെ പേര്…?”
മല്ലി..!
“അമ്മയുടെ പേരോ?”
“സെമ്പകം”
“ആഹാ..രണ്ടുപേരുടെയും നല്ല പേരാണല്ലോ. സുന്ദരിക്കുട്ടി ..”!
“മല്ലി, മാമന് നീയൊരു പാട്ടുപാടി താരോ..”
“സൊല്ലികൂടാത്” അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി
“നല്ല കുട്ടിയല്ലേ” അയ്യാൾ ചോദ്യം ആവർത്തിച്ചു.
“പാട്ട് പാടടി..” മുറുക്കി തുപ്പികൊണ്ട് ചെമ്പകം ആക്രോശിച്ചു.
അവ്യക്തമായ വരികളോടെ അല്ലി ഒരു തമിഴ് സിനിമാ പാട്ട് പാടി.
“മാമൻ മോൾക്ക് ഇതിൻറെ ഒറിജിനൽ വീഡിയോ കാണിച്ചുത്തരട്ടെ”
അവൾ നിഷ്കളങ്കതയോടെ അയ്യാളുടെ മുഖത്തേക്ക് നോക്കി.
“വാ..”അയ്യാൾ അവളെയും കൂട്ടി അകത്തേക്ക് പോയി.
ചെമ്പകത്തിന് അവളെ അകത്തേക്ക് കൊണ്ടുപോയതത്ര രസിച്ചില്ല. കഞ്ഞികുടിക്കുന്നതിനിടയിൽ ഇടയ്ക്കിടയ്ക്ക് അവൾ അസ്വസ്ഥതയോടെ അകത്തേക്ക് എത്തി നോക്കികൊണ്ടിരുന്നു.
മല്ലി സ്ക്രീനിലൂടെ തെളിയുന്ന പാട്ടിനോടൊപ്പം ചുവടുകൾ വയ്ക്കുന്നത് കണ്ടു.
ആ വീട്ടിൽ ആരും ഉള്ളതായി തോന്നുന്നില്ല. അയ്യാളെ അടുത്തൊന്നും കാണാനുമില്ല. അവൾ ഇത്രയേറെ അടുത്തൊന്നും സന്തോഷിച്ചു കണ്ടിട്ടേയില്ല. വയറിനൊപ്പം അവളുടെ മനസ്സും നിറഞ്ഞു.
റൊമ്പ നല്ലവൻ.. അവൾ മനസ്സിൽ മന്ത്രിച്ചു.
പിന്നിൽ ഒരു അനക്കം പോലെ തോന്നി. തിരിഞ്ഞു നോക്കി. തോന്നലല്ല.. അയാൾ..!
മുഖത്ത് ഒരു പ്രത്യേക ഭാവത്തോടെ... ആ കണ്ണുകളിലെ പ്രകാശം അവൾ തിരിച്ചറിഞ്ഞു. പതുക്കെ പിന്നിലേക്ക് വലിയാൻ ശ്രമിച്ചപ്പോഴേക്കും ബലിഷ്ഠമായ കരങ്ങൾ അവളെ ബന്ധിച്ചിരിന്നു.
സർവശക്തിയുമെടുത്ത് തെറിപറഞ്ഞുകൊണ്ടവൾ കുതറി മാറി.
ക്രോധത്തോടെ ആക്രോശിച്ച് ആട്ടിതുപ്പി..
“അമ്മാ..അമ്മാ..” സാരിയിൽ വലിച്ചുതൂങ്ങി മല്ലി കരഞ്ഞു കൊണ്ടിരുന്നു.
ക്ണിം..ക്ണിം..!
ആരോ കോളിംഗ് ബെൽ അടിച്ചു.
പുറത്ത് പോ..അയ്യാൾ അവളെയും കുഞ്ഞിനെയും വലിച്ച് പുറത്തേക്കിറക്കാൻ നോക്കി.
ഞെട്ടൽ മാറാതെ തപ്പിപ്പിടിച്ച് ഓടിച്ചെന്ന് വാതിൽ തുറന്നു.
“ബാലേട്ടാ..ന്താ ഇവിടൊരു ശബ്ദം കേട്ടത്..!”
അയ്യാളുടെ ഭാര്യ സുമിയാണ്.
“അത് ഒരു നാടോടി സ്ത്രീയും കുട്ടിയും”
“അകത്തോ..!എവിടെയാ..പോയോ..?”
“ഏയ്..നീ ഈ വാർത്തയൊന്നും കേൾക്കാറില്ലേ.. അവരുടെ കൂടെയുള്ള കുട്ടി എവിടെന്നോ തട്ടി കൊണ്ടുവന്നതാ.. ഇത്തിരി വെള്ളം ചോദിച്ചു. സംശയം തോന്നിയപ്പോ ഞാൻ ഇവിടെ നിർത്തി. പോലീസിനെ അറിയിക്കണം..!”
സുമിയുടെ കണ്ണുകൾ തുറിച്ചു.
“ശാരദേച്ചി..ശാരദേച്ചി..!ഓടി വായോ..”
“ബാലേട്ടാ..വേഗം വാതിൽ കുറ്റിയിട്..അവരെ രക്ഷപെടാൻ അനുവദിക്കരുത്”
“അമ്മാ..നീങ്ക മാപ്പിളൈ പൊയ്സൊല്ലത്..ഇത് എന്നുടെ കൊളന്തയ്. തപ്പ് സൊല്ലിക്കൂടത്.. കടവുൾ സാഷി.”
ശാരദേച്ചി ഓടിയെത്തി..
പിന്നീട് ആരൊക്കെയോ ഓടി കൂടി.. ഞൊടിക്കിടയിൽ മുറ്റവും വീടും നിറയെ ആളുകളായി. അവിടന്നവിടെന്നായി പലപല
ചോദ്യങ്ങൾ ഉയർന്നുവന്നു.
ഉത്തരത്തിന് കാത്തുനിൽക്കാതെ ചൂലുകൊണ്ടും ചെരുപ്പുകൊണ്ടുമുള്ള അടികൾ... താഴെ വീണുപോയ അവളെ ആരോ മുടിയിൽ ചുറ്റിപിടിച്ച് വലിച്ചിഴച്ചു. കരഞ്ഞുകൊണ്ട് തൊഴുകയ്യോടെ എണീക്കാൻ ശ്രമിച്ചപ്പോൾ അപ്രതീക്ഷിതമായി അടിവയറ്റിൽ ചവിട്ടേറ്റു ചെമ്പകം പിന്നോട്ട് മറിഞ്ഞു. അവൾക്ക് ബോധം നഷ്ടപ്പെട്ടു.
"അമ്മാ..അമ്മാ..കണ്ണു തൊറാ.."
മല്ലി, ചെമ്പകത്തിനെ കുലുക്കികൊണ്ട് അലറി കരഞ്ഞു.
വലിയ വലിയ ശബ്ദങ്ങൾ നിലച്ചു പിറുപിറുപ്പായി മാറി. ഉയർന്നു കേൾക്കുന്നത് മല്ലിയുടെ നിലക്കാത്ത കരച്ചിൽ മാത്രം.
"ആ കുട്ടിയുടെ കരച്ചിൽ കേട്ടോ..ഇതവരുടെ കുട്ടി തന്നെയാവുമെന്നേയ്.."
"ആ ..എനിക്കും തോന്നി"
"ഞാൻ പറഞ്ഞില്ലെന്നേയുള്ളു. വെളുത്തതായാലും ആ കുട്ടി അവരുടെ പകർപ്പ് തന്നെയാ"
"പാട്ടപെറുക്കിക്ക് എന്തെങ്കിലും പറ്റിയാൽ നമ്മള് തൂങ്ങുംട്ടാ"
വലിയ വലിയ ശബ്ദങ്ങൾ നിലച്ച് മഴതോർന്ന പോലെയായി. കൂടിനിന്നവരുടെ അടക്കം പറച്ചിൽ മാത്രമായി.
"ആരെങ്കിലും കുറച്ചു വെള്ളമെടുത്തോണ്ട് വന്നേ "
അവിടവിടെന്നായി ചില ശബ്ദങ്ങൾ ഉയർന്നു.
ആരോ കുറച്ചു വെള്ളമെടുത്ത് അവളുടെ മുഖത്ത് തളിച്ചു.
"എഴുന്നേൽക്കടി..!"
ദേഹമാകസകലം വേദന. അനങ്ങാൻ പറ്റുന്നില്ല. ആരെക്കെയോ ചേർന്നവളെ പിടിച്ചെഴുന്നേൽപ്പിച്ചിരുത്തി .
അവൾ കരയുന്ന മല്ലിയെ നോക്കി. പിന്നെ കൂടി നിൽക്കുന്ന ജനക്കൂട്ടത്തെയും.
ആർക്കുവേണ്ടിയാണ് താൻ ഈ ശിക്ഷ ഏറ്റു വാങ്ങിയതെന്നോർത്തു. തന്നെപോലെവരുന്നവർ തട്ടിയെടുത്ത കുരുന്നുകളുടെ വീട്ടുകാരുടെ വേദനയോളം വരില്ലയിത്.
"ഈ പരിസരത്ത് കണ്ടുപോകരുതിനി.." ആരോ വിളിച്ചു പറഞ്ഞു.
പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു.
വീഴാൻ പോയി. കാലുറയ്ക്കുമെന്ന് തോന്നിയപ്പോൾ മല്ലിയുടെ കൈ പിടിച്ചു പുറത്തേക്ക് വേച്ചു വേച്ചു നടന്നു.
വഴിയിൽ അപ്പോഴും ആ കൈവണ്ടി അവരെ കാത്തുകിടക്കുന്നുണ്ടായിരുന്നു.
പിന്നീട് ആ കുഞ്ഞുകരങ്ങളും കൂടി കൈവണ്ടിക്ക് ജീവൻ കൊടുക്കാൻ കൂടിചേർന്നു...
ഷൈജ എം.എസ്സ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot