നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കോട്ടക്കൽ സെന്റ്‌ തെരെസാസ് കോളേജിലേക്ക് ഒരു ബ്ലും... ഭാഗം 6 ആന്റണി ആൻഡ് മീ


ആന്റണിയും ഞാനും ആർട്ടസ് ലീഡേഴ്‌സ് ആയി കോളേജിൽ വിലസുന്ന കാലം.ഞങ്ങളുടെ മനസ്സിൽ ഒരു അതിമോഹം ഉടലെടുത്തു.ഇത്തവണത്തെ ആർട്സ് ഡേ കലക്കി പൊരിക്കുക.ഓവർ ആൾ ട്രോഫി ബികോം ഫസ്റ്റ് ഇയർകാർ കയ്യടക്കി വെക്കുക.! ആഹാ...എന്തു മനോഹരമായ... സ്വപ്നം!!
ആ സ്വപ്നം പൂവണിയിക്കാനായി ആദ്യം തന്നെ എല്ലാ
പ്രോഗ്രാംസിനും പങ്കെടുക്കാനുള്ള ആൾക്കാരെ തപ്പി ഇറങ്ങി. പ്രോഗ്രാംസിന് പേര് എങ്ങാൻ എഴുതിയാൽ കൊട്ടേഷൻ ടീമിനെ വിട്ട് അടിപ്പിക്കുമെന്ന് ക്ലാസ്സിലെ പിള്ളേരുടെ ഭീഷണി.!.
ഒരുവിധം കണ്ണും കടാക്ഷവും കാണിച്ച്‌ കയ്യും കാലും പിടിച്ച് ആർട്സ് ഡേ യുദ്ധത്തിനായി അണികളെ സജ്ജമാക്കി നിർത്തി.
പാട്ടിനും ഡാന്സിനു മൊക്കെ അതിൽ എക്സ്‌പെർട്ട് ആയ അന്റണിയുടെയും ജെൻസി കൊച്ചപ്പന്റെയും പേരെഴുതി. ആർക്കും വേണ്ടാത്ത കുറെ മോണോ ആകറ്റും ഫാൻസി ഡ്രെസ്സും മിമിക്രിയുമൊക്കെയുണ്ട്.അതിന്റെയൊക്കെ നേരെ ഒരു പേരിന് എന്റെ പേരും എഴുതി വെച്ചു.
ഗ്രൂപ്പ് ഡാന്സിനും ആൺകുട്ടികളുടെ ഒപ്പനക്കും പിള്ളേരെ ഒരു വടം വലി നടത്തി പിടിച്ചു നിർത്തി .
തിരുവാതിരക്കാണ് പ്രശനം മുഴുവൻ.ബഹു ജനം പല വിധം.ഒരാൾ ഉലക്കയെങ്കിൽ ഒരാൾ ഉരൽ!. ഏകദേശം തുല്യ പൊക്കമുള്ളവരെയൊക്കെ പയ്യെ പൊക്കി. പൊക്കകൂടുതൽ കാരണം എന്നെ തിരുവാതിരക്കൊന്നും കൊള്ളുല്ലാ... വേണേൽ വല്ല നിലവിളക്കായി വെക്കാം എന്നു മാത്രം!.
പിള്ളേരെ കിട്ടിയതു കൊണ്ട് മാത്രം തിരുവാതിരയുടെ സങ്കീർണ്ണതകൾ തീരുന്നില്ല.പാട്ട് പാടാൻ ആള് വേണം. തിരുവാതിരക്ക് കളിക്കാത്തവരായി ഞാനും ഷീബയും ആണ് ഉള്ളത്.ഞങ്ങൾ രണ്ടും അയൽക്കാരെ പേടിച്ചിട്ട് ബാത്റൂമിൽ പോലും പാടാറില്ല.എന്നോടാണെങ്കിൽ ആത്മാർത്ഥ സുഹൃത്തുക്കൾ പറഞ്ഞിരിക്കുന്നത് പാടാൻ പോയിട്ട് നീ പാട്ട് പറയുക പോലും ചെയ്യരുത്! ...അത് പാട്ടുകാർക്ക്‌ അപമാനമത്രെ!.
പ്രോഗ്രാം കോർഡിനേറ്ററായ ജോസ് മാഷോട് കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ പാട്ട് പാടാൻ വേണ്ടി മാത്രം വേറെ ഏതെങ്കിലും ക്ലാസ്സിൽ നിന്നും ആരെയെങ്കിലും വിളിച്ചുകൊള്ളുവാൻ ഉള്ള അനുവാദം കിട്ടി.
മതി..അത്രേം മതി.!
ഞങ്ങളുടെ അയൽവാസിയും സന്തത സഹചാരിയും ജൂനിയറുമായ കോകിലം ഷാലിയെ ഞങ്ങൾ ആ ദൗത്യം അങ്ങട് ഏൽപ്പിച്ചു.
അങ്ങനെ കട്ട പ്രാക്‌ടിസ് തുടങ്ങി.ഒരു സൈഡിൽ ഒപ്പന മറ്റേ സൈഡിൽ തിരുവാതിര.അതിനിടക്ക് ഗ്രൂപ്പ് ഡാൻസ്.
പക്ഷെ ഒപ്പനയുടെ പാട്ട് പാടാമെന്നേറ്റിരുന്ന നമ്മടെ ഗായകൻ ആന്റണിക്ക് ജീസസ് യൂത്ത് സെമിനാർ! അവൻ പരിപാടിയുടെ തലേ ദിവസമേ എത്തുകയുള്ളൂ.കേട്ടപ്പോൾ കലി കേറിയെങ്കിലും ലളിത ഗാനത്തിന് സ്ഥിരം സമ്മാനം വാങ്ങി കൊണ്ടു വരുന്ന അവനോട് ആ കലിപ്പൊന്നും ഞങ്ങൾ കാണിച്ചില്ല...പോയ്‌ വരു മകനെ എന്നാശീർവാദം കൊടുത്ത് ഞങ്ങളവനെ യാത്രയാക്കി.
അങ്ങനെ ഒപ്പനയുടെ പ്രാക്‌റ്റീസിനൊക്കെ "സംകൃത പമഗിരി തങ്ക തരികിടത്തിമി "..പാടാൻ ഞാൻ നിയുക്തയായി. ഡെസ്കിൽ കയറിയിരുന്ന് താളം പിടിച്ച്‌ ചട പടാന്ന് ആൺ പിള്ളേരെ കൊണ്ട് ഒപ്പന കളിപ്പിക്കുകയും, സ്വന്തമായി "യാമി യാമി പാടി കളിക്കുന്ന തിരുവാതിര ടീമിന്റെ സ്റ്റെപ്പ് തെറ്റാതെ നോക്കുകയും ചെയ്തു കൊണ്ടിരുന്നു.
അങ്ങനെ ആർട്‌സ് ഡേ ഇങ്ങോടിയെത്തി.തിരുവാതിരക്കായി പ്രമിത, നിഷ, ജിഷ, ജെസ്സി, മഞ്ജു, ശ്രീജ തുടങ്ങിയവർ അണിഞൊരുങ്ങി. ഈ മഹിളാ മണികൾ ഒക്കെയും ആദ്യമായിട്ടാണ് സെറ്റു മുണ്ട് ഉടുക്കുന്നത്. മുടിയൊക്കെ പൊക്കി വട കെട്ടി മുല്ല പൂ ഒക്കെ വെച്ച് കാശുമാലയും തോടയുമൊക്കെയിട്ടു വന്നപ്പോൾ ഒക്കെത്തിനേം കാണാൻ തെക്കേലെ കോത ചോത്തിയുടെ പോലെ തന്നെ!!
ഒപ്പനയുടെ മണവാളൻ മിന്റോ ആയിരുന്നു പിന്നെ വിൻസ്, ഷാൻ, ജൈജു,ജോജി,ടോറസ് തുടങ്ങിയവർ വെള്ള ഷർട്ടും മുണ്ടുമൊക്കെയുടുത്ത് തലയിലൊരു തൊപ്പിയൊക്കെ ഫിറ്റ് ചെയ്ത് നല്ല മൊഞ്ചന്മാരായിങ്ങെത്തി.
തിരുവാതിരക്ക് നേരമായപ്പോഴേക്കും ഞാൻ നമ്മടെ കോകിലത്തെ തേടി പിടിച്ചു കൊണ്ട് വന്നു.അപ്പൊ കോകിലം പറയാ..
"എനിക്ക് സ്റ്റേജിൽ തന്നെ കയറാൻ പേടിയാ... ഒരു ധൈര്യത്തിന് നീ കൂടെ നിക്കോന്ന്!"
"ധൈര്യം അല്ലെ.!!
അത്‌ മുല്ല പെരിയാർ ഡാമിലെ വെള്ളം പോലെ എന്റെല് ഇഷ്ട്ടം പോലെയുണ്ട്.നീ ഒട്ടും പേടിക്കണ്ട ഞാൻ കൂടെ വരാം. "
ഷാലിക്ക്‌ സമാധാനമായി. അങ്ങനെ ഞങ്ങൾ എല്ലാവരും സ്റ്റേജിന്റെ പുറകിൽ ഞങ്ങളുടെ നമ്പർ വിളിക്കുന്നതോർത്ത് കാത്തു നിൽക്കുകയാണ്. അപ്പോൾ സെക്കന്റ് ഇയറിലെ ഒരുത്തൻ വന്നു ചോദിക്കാ...
"എങ്ങനെയാ കുരവയിടുക?.
തിരുവാതിരക്ക് മുൻപായി കുരവ ഇടണമത്രെ!
"ആ ഏർപ്പാട് നിനക്കറിയോടി?"
ഞാൻ ഷാലിയോട് ചോദിച്ചു
"ഇല്ല" ഷാലി പകച്ചു കൊണ്ടു പറഞ്ഞു.
"എടി..രണ്ടു തരത്തിൽ കുരവയിടാം ഒന്നല്ലെങ്കിൽ നമ്മൾ കൂവി കൊണ്ട് ചുണ്ടിൽ കൈ അടിക്കുക. അല്ലെങ്കിൽ വായിൽ വിരലിട്ടിളക്കി കൊണ്ട് കൂവുക. നിങ്ങൾ എങ്ങനെയാ ഇടാ? അവൻ ചോദിച്ചു.
ഞങ്ങൾ അങ്ങോട്ടു മിങ്ങോട്ടും വാ പൊളിച്ചു നോക്കി താടിക്ക് കൈ കൊടുത്തു പറഞ്ഞു..
"ആ...ഞങ്ങൾക്ക് അറിഞ്ഞൂടാ!!"
അതിനിടയിൽ ഞങ്ങളുടെ നമ്പർ വിളിച്ചു. മഹിളാ മണികൾ ഒക്കെയും ചാടി സ്റ്റേജിൽ കേറി. ഷാലിയുടെ അടുത്തേക്ക് മൈക്ക് ഞാൻ നീക്കി വെച്ചു. കർട്ടൻ പൊന്തി.
ഞാൻ പറഞ്ഞു...
"കുരവ..കുരവ"
അവൾ എന്നെ കണ്ണു മിഴിച്ചു നോക്കി. കുരക്കാനുള്ള ഭാവം ഒന്നും അവളിൽ കാണാഞ്ഞതിനാൽ ഞാൻ തന്നെ അസ്സലായിട്ട് ഒരു കുരവയിട്ടു.
"കൂകൂകൂ............"
(വെപ്രാളം കൊണ്ട് വായിൽ ഇട്ടിളക്കാമെന്നു വെച്ച വിരൽ ഇളക്കിയില്ല !! കുറുക്കന്റെ പോലെയൊരു നീട്ടി കൂവൽ മാത്രം എന്റെ തൊണ്ടയിൽ നിന്നും അപ്പോൾ പുറത്തു വന്നു.!! )
"കൂകൂകൂ....യ്"
ഇത്തവണ കൂവിയത് ഓഡിയൻസ് ആയിരുന്നു.
പ്രമിത സ്റ്റേജിൽ നിന്നും ഞങ്ങളെ നോക്കി കണ്ണുരുട്ടി.
"പാട് പാട്..."
ഷാലി പാടി തുടങ്ങി...
പക്ഷെ നമ്മടെ മഹിളാ മണികൾ കളിക്കുന്നില്ല!! ഇതെന്താ
ഇവറ്റകൾ കളിക്കാത്തെ!! ഞാൻ അവരെ നോക്കി കണ്ണുരുട്ടി കാണിച്ചു.
ഇല്ല...അവർ അനങ്ങുന്നില്ല.
ഇതെന്തു മറിമായം!!
ഞാൻ കാതു കൂർപ്പിച്ചു.. ങേ!!!! ഒന്നും കേൾക്കുന്നില്ല!!.
ഞാൻ ഷാലിയുടെ മുഖത്തേക്ക് നോക്കി.
എന്റീശ്വരാ!!...
അവളുടെ ചുണ്ടുകൾ മാത്രമേ അനങ്ങുന്നുള്ളൂ...പാട്ടൊന്നും പുറത്തേക്ക് വരുന്നില്ല!!!
ഞാൻ അവളുടെ കൈ പിടിച്ചു കുലുക്കി.അവളുടെ കൈ അധിക നേരം പിടിച്ചാൽ ടൈറ്റാനിക്കിലെ ജാക്ക് മഞ്ഞു വെള്ളത്തിൽ വീണ് മരവിച്ചു മരിച്ച പോലെ ഞാനും പരലോകം പൂകുമോയെന്നു ഞാൻ പേടിച്ചു.
ഭൂകമ്പത്തിൽ വിറക്കുന്ന കെട്ടിടങ്ങളെ പോലെ... ഓഡിയൻസിന്റെ കൂവലിൽ കിടന്നു വിറക്കുന്ന അവളുടെ കയ്യിൽ നിന്നും ഞാൻ ആ പാട്ടിന്റെ പേപ്പർ തട്ടിപ്പറിച്ചു മേടിച്ചു.അതിലെ അക്ഷരങ്ങൾ എന്റെ നാവിനെ നോക്കി കൊഞ്ഞനം കുത്തി. 'നിനക്കിതൊന്നും വഴങ്ങൂല്ല മോളേ..' എന്നെന്നെ വെല്ലു വിളിച്ചു....!!
"എന്റെ മലയാറ്റൂർ മുത്തപ്പാ....എന്നെ കാത്തോളീന്നും പറഞ്ഞ് ഞാൻ "യാമി യാമി ഭൈമി കാമിതം...." അങ്ങാടാ പാടി... 'സംകൃത പമഗിരിയുടെ' സ്പീഡ് മനസ്സിൽ നിറയെ ഉണ്ടായിരുന്നത് കൊണ്ട് പാട്ട് പാടി തീർക്കാൻ വല്യ ബുദ്ധിമുട്ട് ഒന്നും ഉണ്ടായിരുന്നില്ല. പാട്ട് കഴിഞ്ഞ്‌ ഞാൻ നോക്കുമ്പോളുണ്ട് സ്റ്റേജിൽ അവർ പിന്നെയും നിന്ന് കളിക്കുന്നു.!!
ന്റെ പാട്ടെ കഴിഞ്ഞിട്ടുള്ളൂ...അവരുടെ ആട്ടം കഴിഞ്ഞിട്ടില്ലയത്രെ!!കിതച്ചും വിയർത്തും അവർ ആ ആട്ടം അങ്ങട് പൂർത്തിയാക്കി.
കർട്ടൻ താണപ്പോൾ മഞ്ജുവും ജിഷയും കൂടി എന്തൊക്കെയോ ഓടി നടന്ന് തപ്പിപറക്കി കൂട്ടുന്നു.
അഴിഞ്ഞു പോയ തിരുപ്പനോ, വടയോ, തെറിച്ചു പോയ തോടയോ മാലയോ അങ്ങനെ ഏതാണ്ടൊക്കെ!!
കൂത്തും കഴിഞ്ഞ് ഉഗ്ര രൂപിയായി എന്റെ മുൻപിൽ കിതച്ചു നിന്നു വിറക്കുന്ന പ്രമിതയുടെ കണ്ണിൽ ഞാൻ കണ്ടു....രവി സർ അനൗൺ ചെയ്തേക്കാവുന്ന തിരുവാതിരക്കളിയുടെ ആ റിസൾട്ട്!!
തിരുവാതിരക്കളിയുടെ ആലസ്യം മാറും മുൻപേ ഒപ്പനക്കാർ സ്റ്റേജിൽ കയറി.മിന്റോയെ നാണം കുണുക്കി നാണം കുണുക്കി ഒപ്പനക്കാർ സ്റ്റേജിന്റെ ഒത്ത നടുവിൽ കൊണ്ടെത്തിച്ചു.ഇനിയുള്ള ചട പടാന്നുള്ള കൈ കൊട്ട് കാണാൻ ഞങ്ങൾ എല്ലാം ഓഡിയൻസിന്റെ ഇടയിൽ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
മുൻപിൽ നിൽക്കുന്ന വിൻസ് സ്ലോ മോഷണിൽ ഒരു കൊട്ട് അകത്തോട്ട്... അപ്പോൾ ജൈജു അതിലും സ്ലോവായി ഒരെണ്ണം പുറത്തോട്ട്!....ഷാൻ ആണെങ്കിൽ തിരിഞ്ഞു നോക്കിയാണ് കൊട്ട് മുഴുവൻ !!
ചെമ്മീൻ ചട്ടിയിൽ കിടന്നു തുള്ളുന്ന മാതിരി തുള്ളി കളിച്ചോണ്ടിരുന്ന ഇവന്മാർക്കൊക്കെ ഇത് എന്തു പറ്റി!! ഞാൻ ചെവി വട്ടം പിടിച്ചു നോക്കി.
ആന്റണി പാടുകയാണ്...
പക്ഷെ പാടുന്നത് ഒപ്പനപ്പാട്ട് ആയിട്ടല്ല!! നല്ല ലളിതഗാനം റ്റ്യുണിൽ ഓട കുഴൽ ഊതിയൊക്കെ പാടില്ലേ ദത് പോലെ!! കൃഷ്ണൻ അങ്ങനെ അനങ്ങാതെ നിന്ന് പുല്ലാങ്കുഴൽ ഊതുകയാണ്...കൃഷ്ണനെ നോക്കി ഒപ്പന ഒച്ചുകൾ മന്ദം മന്ദം ഇഴയുകയാണ്..
കൈക്ക് വേദനിച്ചാലോ എന്ന മട്ടിലാണ് അവന്മാർ കൈ കൊട്ടുന്നത്.
നാണം വന്നു ചുമക്കേണ്ട മിന്റോയുടെ മുഖം ശോകം വന്നു മൂടി.തലയിളക്കി മൂട് കുലുക്കി ചാടി മറിഞ്ഞു കളിച്ചോണ്ടിരുന്ന വിൻസോക്കെ ആന്റണിയെ നോക്കി തലയാട്ടുകയാണ്. 'ഇവിടെ നിന്ന് ഒന്ന് ഇറങ്ങിക്കോട്ടെ ടാ...നിനക്ക് ഞാൻ തരാം എന്ന മട്ടിൽ'
ഒപ്പനയുടെ കൈ കൊട്ട് സ്റ്റേജിൽ ഞങ്ങൾ കെട്ടില്ലെങ്കിലും കർട്ടൻ താഴ്ത്തിയപ്പോൾ അത് ഏതാണ്ട് ആന്റണി നിന്ന് പാടിയിടത്ത് നിന്നും കേൾക്കുകയുണ്ടായി.
അങ്ങനെ എന്റെയും അന്റണിയുടെയും ആ സ്വപ്നം സാക്ഷാത്കരിച്ചു.
ആർട്‌സ് ഡേ ഞങ്ങൾ 'കലക്കി'...പിള്ളേർ ഞങ്ങളെ 'പൊരിച്ചു' !!

By: Lipi Jestin

2 comments:

  1. Super....arts day memory kalakki.othiri chirichu...congrats....

    ReplyDelete
  2. This comment has been removed by the author.

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot